ഖുർആനിലെ കഥകൾ : ഒരു പഠനം

ഖുർആൻ മനുഷ്യന് ഇഹപര ജീവിത വിജയത്തിൻ്റെ വഴികാട്ടിയായ, തീർത്തും മതപരവും പ്രബോധനപരവുമായ ഒരു ദൈവിക ഗ്രന്ഥമാണ്. ഈ ലക്ഷ്യം മനുഷ്യ ബുദ്ധിക്കും മനസ്സിനും തീർത്തും ലഭ്യമാകുവാൻ ഉതകുന്ന വൈവിധ്യമാർന്ന ആഖ്യാന ശൈലികളാണ് ഖുർആനിൽ അല്ലാഹു സ്വീകരിച്ചിരിക്കുത്. അതിൽ പ്രമുഖമായ ഒരു ശൈലിയാണ് കഥകൾ. ദൈവിക മാർഗദർശനത്തിൻ്റെ വെളിച്ചം മനുഷ്യ ഹൃദയങ്ങൾക്ക് പ്രാപ്യമാക്കുന്നതിലും അവ ഓർമകളിലും കർമങ്ങളിലും സജീവമായി നിലനിർത്തുതിലും മനുഷ്യപ്രകൃതി ഇഷ്ടപ്പെടുന്ന വൈജ്ഞാനിക മേഖലകളിൽ ഒന്നാണ് കഥകൾ എന്നത് കൊണ്ടുതന്നെ ഖുർആനിലെ കഥകൾക്ക് ലക്ഷ്യവും പ്രാധാന്യവും ഏറെയാണ്.

ഖുർആൻ കഥകൾ കൊണ്ടുദ്ദേശിക്കുന്നത്, ഖുര്‍ആനിൻ്റെ രണ്ട് ചട്ടകൾക്കുള്ളിൽ അടങ്ങിയ വചനങ്ങളിലൂടെ അല്ലാഹു മുഹമ്മദ് നബി ﷺ യെ അറിയിച്ചതും, സൻമാർഗവും ഗുണപാഠവും ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ വിവരിച്ചതുമായ കഴിഞ്ഞകാല സംഭവങ്ങളെ കുറിച്ചുള്ള വൃത്താന്തമാണ്. അത് പ്രവാചകന്മാരും അവരുടെ സമൂഹങ്ങളുമായോ, മുൻസമൂഹങ്ങളിലെ വ്യക്തികളുമായോ കൂട്ടായ്‌മകളുമായോ ബന്ധപ്പെട്ടതായിരിക്കും. ഖുർആൻ കഥകളുടെ ഈ വിവക്ഷ പലപ്പോഴും മനുഷ്യാവിഷ്‌കാര കഥകളുടെ പരിധിയിലും പരിമിതിയിലും നിലനിൽക്കുന്ന അളവുകോലുകൾ കൊണ്ട് നിരൂപണ വിധേയമാക്കുവാൻ സാധ്യമല്ല. കാരണം ഈ കഥനം ദൈവികമാണെന്നതു തന്നെ.

ഖുര്‍ആനിലെ കഥകൾ കേവലം ചില സംഭവങ്ങളുടെ വർത്തമാന വിവരണമല്ല, മറിച്ച് അതിലെ മുലലക്ഷ്യമായ മാർഗദർശനം, സംസ്‌കരണം, പ്രബോധനം തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള മാർഗമാണ്. മനുഷ്യ മനസ്സുകളിൽ ആഴമേറിയ മാറ്റത്തിൻ്റെ ആന്തോളനങ്ങൾ സൃഷ്ടിക്കുന്നവയാണ് ഖുർആനിലെ കഥകൾ. നന്മ-തിന്മകൾക്കിടയിലുള്ള സംഘട്ടനത്തിൻ്റെ ശക്തി അത് വ്യക്തമാക്കുന്നു. പ്രപഞ്ചത്തിന്റെ സത്യത്തെ അറിയാൻ അവ മനസ്സിനെ പ്രചോദിപ്പിക്കുന്നു. വിമലീകൃതമായ വിശ്വാസത്തിലേക്ക് ഹൃദയത്തെ നയിക്കുന്നു. ക്ഷണികമായ ദുൻയാവിൻ്റെ പളപളപ്പിൽ വഞ്ചിതരാകാതെ നിത്യവാസത്തിന്റെ അനശ്വര ലോകത്തിന് വേണ്ടി പണിയെടുക്കാൻ ബുദ്ധിയുള്ള മനുഷ്യർക്ക് വെളിച്ചം കാണിക്കുന്നു.

അല്ലാഹുവിൻ്റെ വിധി നീതിപൂർണമാണെന്നും അവൻ്റെ കാരുണ്യം കുറ്റമറ്റതാണെന്നും അവൻ്റെ നിയമാവലികൾ യുക്തിപൂർണമാണെന്നും അവ ഭൂതത്തിലോ, വർത്തമാനത്തിലോ, ഭാവിയിലോ മാറ്റങ്ങൾക്ക് വിധേയമല്ലെന്നുമുള്ള ശക്തമായ താക്കീതാണ് ഖുര്‍ആൻ കഥകൾ നൽകുന്നത്. സ്രഷ്ടാവിനെ ധിക്കരിച്ച് ശാഠ്യം കാണിക്കുന്നവൻ അവൻ്റെ ശിക്ഷകൾക്ക് അർഹനാണെന്നും നേരെ ചൊവ്വെ ചിന്തിച്ചും പഠിച്ചും അവന് സമർപ്പിതനായവന് ഇഹപര ജീവിതത്തിൽ സമാധാനവും സൗഭാഗ്യവും നേടാവുന്നതാണെന്നുമുള്ള സത്യം പല സംഭവകഥകളുടെ പുനരാവിഷ്‌കാരണത്തിലൂടെ അല്ലാഹു മനുഷ്യന് കാണിച്ച് കൊടുക്കുകയാണ്. ഖുർആൻ കഥകൾ തനി സത്യങ്ങളുടെ വിവരണങ്ങളാണ്. ഊഹങ്ങളോ ഭാവനകളോ അതിനെ വികൃതമാക്കുന്നില്ല. യാഥാർഥ്യങ്ങളുടെ ഇഷ്ടികക്കല്ലുകളാൽ പടുത്തുയർത്തപ്പെട്ട ആശയങ്ങളുടെ എടുപ്പുകളാണവ. ഉദാഹരണത്തിന് ഇബ്റാഹീം നബി عليه السلام യുടെ കഥകൾ നോക്കുക. അറബികളുടെ പിതാവ്, അവരുടെ അഭിമാനം… അതാണ് ഇബ്റാഹീം നബി عليه السلام. മുശ്‌രിക്കുകൾ ഞങ്ങൾ ഇബ്റാഹീമിൻ്റെ യും മകൻ ഇസ്മ‌ാഈലിൻ്റെയും മതത്തിലാണെന്ന് വാദിക്കുന്നവരായിരുന്നു. ഖുർആൻ ഇബാഹീം عليه السلام യുടെ ജീവിത ഏടുകൾ തുറന്ന് വെക്കുമ്പോൾ ദശാബ്ദങ്ങൾക്കപ്പുറത്ത് നിന്ന് തങ്ങളുടെ പൂർവപിതാവ് തൻ്റെ സന്താന പരമ്പരകളെ അഭിസംബോധന ചെയ്യുന്ന പോലെ അവർക്ക് അനുഭവപ്പെട്ടിരിക്കും.

لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌. (ഖു൪ആന്‍:12/111)

ഖുർആൻ കഥകളുടെ ഇനങ്ങൾ

1. പ്രവാചകൻമാരുടെ കഥകൾ: സ്വജനതയിൽ അവർ നടത്തിയ പ്രബോധനം, അവരുടെ കൈകളാൽ അല്ലാഹു നടത്തിയ അത്ഭുതങ്ങൾ, പ്രവാചകൻമാരോടുള്ള സത്യനിഷേധികളുടെ നിലപാടുകൾ, പ്രബോധനത്തിൻ്റെ വൈജ്ഞാനിക ഘട്ടങ്ങളും പുരോഗതിയും, വിശ്വാസികളുടെയും അവിശ്വാസികളുടെയും പര്യവസാനങ്ങൾ തുടങ്ങിയവ. ഉദാ:- നൂഹ് നബി عليه السلام യുടെയും ഇബ്‌റാഹീം عليه السلام യുടെയും കഥകൾ.

2. അപൂർവ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥകൾ: ജാലൂത്ത്, ത്വാലൂത്ത്, ആദം عليه السلام യുടെ രണ്ട് മക്കൾ, ഗുഹാ നിവാസികൾ, ദുൽഖർനൈൻ, ക്വാറൂൻ, സബത്തിൻ്റെ ആളുകൾ, മറ്‌യം, കിടങ്ങിൻ്റെ ആളുകൾ, ആനക്കലഹം… തുടങ്ങി സംഭവങ്ങളും അവയി ലെ പ്രധാന കഥാപാത്രങ്ങളും ഇതിവൃത്തമായ കഥകൾ.

3. നബി നബി ﷺ യുടെ കാലത്ത് ഉണ്ടായ സംഭവങ്ങൾ വിവരിക്കുന്നതോ, സൂചിപ്പിക്കുന്നതോ ആയ കഥാ വിവരണങ്ങൾ: ഉദാ:-. ബദ്ർ, ഉഹ്ദ്, ഹുനൈൻ, തബൂക്ക് യദ്ധങ്ങളൾ, ഹിജ്റ, ഇസ്റാഅ്…

ഖുർആൻ കഥകളുടെ പ്രത്യേകതകൾ

ഖുർആൻ നൽകുന്ന കഥാവിവരണങ്ങൾ കേവല മനുഷ്യ നൈസർഗികതയുടെ തലത്തിലുള്ള ഒരു സാഹിത്യ സൃഷ്ടിയല്ല. അവ മനുഷ്യപരിചിതമായ കഥാവിഷ്‌കാരങ്ങളിൽ നിന്ന് തീർത്തും വ്യതിരിക്തമാണ്. അവയുടെ പ്രത്യേകതകൾ എന്താണെന്നു നോക്കാം:

1. ഖുർആനിലെ സർവ കഥാവിവരണങ്ങളും വാചികമായും ആശയപരമായും പരിപൂർണ സത്യമാണ്. അല്ലാഹു പറഞ്ഞു:

إِنَّ هَٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ

തീര്‍ച്ചയായും ഇത് യഥാര്‍ത്ഥമായ സംഭവ വിവരണമാകുന്നു. (ഖു൪ആന്‍:3/62)

2. അവ ഏറ്റവും സുന്ദരവും വാചികചടുലതയും ആഖ്യാനസന്തുലിതത്വവുമുള്ളവയാണ്.

نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ٱلْقَصَصِ بِمَآ أَوْحَيْنَآ إِلَيْكَ هَٰذَا ٱلْقُرْءَانَ وَإِن كُنتَ مِن قَبْلِهِۦ لَمِنَ ٱلْغَٰفِلِينَ

നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു. (ഖു൪ആന്‍:12/3)

3. മനുഷ്യ മനസ്സിനെ സംസ്‌കരിക്കുവാൻ ഏറ്റവും ഉപകാരപ്രദമാണ്  ഖുർആനിലെ കഥകൾ.

لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌. (ഖു൪ആന്‍:12/111)

4. കഥകളുടെ സമഗ്രത: ഖുർആൻ കഥകൾ അഭിസംബോധനം ചെയ്യുന്നത് മനസ്സിനെയും ബുദ്ധിയെയും ഒരു പോലെയാണ്; പ്രവാചകന്മാരും അവരുടെ സമുദായങ്ങളും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളിൽ ദൃശ്യമാകുന്നത് പോലെ, അത് തർക്ക സംഭാഷണമായാലും ഉപദേശങ്ങളുടെ രീതിയിലായാലും സമമാണ്.

ഫിർഔൻ കുടുംബത്തിലെ വിശ്വാസിയായ ഒരു മനുഷ്യൻ ഫിർഔനിനോടും അവൻ്റെ ജനതയോടും മൂസാനബി عليه السلام യുടെ വിഷയത്തിൽ നടത്തുന്ന ചർച്ചയിൽ തെളിഞ്ഞു നിൽക്കുന്നത് ബുദ്ധിയെയും മനസ്സിനെയും കോർത്തിണക്കുന്ന കാര്യമാണ്.

 وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ ‎﴿٢٨﴾‏ يَٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ ‎﴿٢٩﴾‏

ഫിര്‍ഔന്‍റെ ആള്‍ക്കാരില്‍പ്പെട്ട – തന്‍റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന – ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്‌. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്‍റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്‌. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. എന്‍റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്‌? ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്‌. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല. (ഖു൪ആന്‍:40/28-29)

5. ഖുർആൻ കഥകളെ ഉപയോഗിച്ചത് ഒരു അദ്ധ്യാപന മാർഗമെന്ന നിലക്കാണ്. പ്രവാചകന്മാരുടെ ജീവിത ഏടുകൾ നിവർത്തിവെച്ച്, ദൈവിക സന്ദേശങ്ങളുടെ വാഹകരായി അവരെ അവതരിപ്പിക്കുമ്പോൾ തന്നെ പച്ചയായ മാനുഷിക സാഹചര്യങ്ങളിൽ അവർ എങ്ങനെ ഈ ആദർശത്തിൻ്റെ വെളിച്ചത്തിൽ സമർപ്പിതരായ ദാസന്മാരായി ജീവിച്ചുവെന്നു നമ്മുക്ക് തെര്യപ്പെടുത്തി തരുന്നു. എന്നിട്ട് നമ്മോടു അല്ലാഹു പറയുന്നു അവർ മാതൃകകളാണ്.

‏ أُو۟لَٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَٰلَمِينَ

അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്‌. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:6/90)

إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ

തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു ഉമ്മത്ത് (സമുദായം) തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (ഖു൪ആന്‍:16/120)

നന്മയുടെ അദ്ധ്യാപകൻ, സർവനന്മകളും ആവാഹിച്ച മാതൃകാപുരുഷൻ, ദൈവദാസന്മാരുടെ ഒരു വലിയ സംഘത്തിൻ്റെ സ്ഥാനത്ത് മതിയായവൻ എന്നൊക്കെയാണ് ‘ഉമ്മത്തി’ൻ്റെ വിവക്ഷ.

6. ചോദ്യം ചെയ്യപ്പെടാത്ത സംഭവ്യത: ഖുർആൻ അവതരിപ്പിക്കുന്ന കഥകൾ എല്ലാം അതിൻ്റെ പൂർണാർഥത്തിൽ കഥാപാത്രങ്ങളും, കഥകളുടെ ഭൂമികയും ഭാവനകളും സങ്കൽപങ്ങളും തൊട്ടുതീണ്ടാത്ത യാഥാർഥ്യങ്ങളാണ്. അസംഭവ്യതകൾ എവിടെയുമില്ല. സ്വാഭാവിക ജീവിതത്തിൻ്റെ ഭൂമികയിൽ നിന്നുള്ള മാനുഷിക ചിത്രങ്ങളാണ് ഖുർആൻ കഥകളായി അവതരിപ്പിക്കുത്. ഉദാഹരണമായി മൂസാ നബി عليه السلام യും ശുഐബ് നബി عليه السلام യുടെ കുടുംബവുമായുള്ള ബന്ധത്തിൻ്റെ ഇതിവൃത്തം തന്നെ പരിശോധിക്കുക. കാലികൾക്ക് വെള്ളം കുടിപ്പിക്കുന്ന സ്ഥലത്തു വെച്ച് രണ്ടു പെൺകുട്ടികൾക്ക് സഹായകനാകുന്നതും അവരുടെ പിതാവ് അതിന് പ്രതിഫലം നൽകുന്നതിന് വേണ്ടി വിളിപ്പിക്കുന്നതുമടക്കമുള്ള സംഭവങ്ങൾ. പച്ചയായ ജീവിത സാഹചര്യങ്ങളെ ആവിഷ്കരിച്ചെടുത്തിരിക്കുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും തഥൈവ. പ്രവാചക കഥാപാത്രങ്ങളാകുമ്പോൾ വ്യക്തിത്വത്തിൻ്റെ രണ്ട് വശം അനാവരണം ചെയ്യുന്നു.

1) പ്രവാചകനെന്ന നിലക്ക് പ്രത്യേകമായ ദൈവിക സംരക്ഷണവും സഹായവും ലഭ്യമാകുന്ന വ്യക്തിത്വം.

2) സാധാരണ ഏതൊരു മനുഷ്യ ജീവിത സാഹചര്യത്തിലും സത്യസന്ധതയും ഔന്നത്യവും പുലർത്തി ധാർമിക ജീവിതത്തിൻ്റെ ഉന്നതങ്ങളിൽ നിലകൊള്ളുന്ന വ്യക്തിത്വം.

ഉദാ:- മൂസാനബി عليه السلام യോട് ഫിർഔനിന്റെ അടുത്ത്  ചെന്ന് പ്രബോധനം നടത്തുവാൻ കൽപിക്കു രംഗം വിശദീകരിക്കുന്ന വചനത്തിൽ കാണുന്ന രീതി.

وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّٰلِمِينَ ‎﴿١٠﴾‏ قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ ‎﴿١١﴾‏ قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ ‎﴿١٢﴾‏ وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَٰرُونَ ‎﴿١٣﴾‏ وَلَهُمْ عَلَىَّ ذَنۢبٌ فَأَخَافُ أَن يَقْتُلُونِ ‎﴿١٤﴾‏ قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ ‎﴿١٥﴾‏ فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَٰلَمِينَ ‎﴿١٦﴾‏ أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ ‎﴿١٧﴾‏

നിന്‍റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക. അതായത്‌, ഫിര്‍ഔന്‍റെ ജനതയുടെ അടുക്കലേക്ക് അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക). അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും എന്‍റെ നാവിന് ഒഴുക്കുണ്ടാവുകയില്ല അതിനാല്‍ ‍ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ. അവര്‍ക്ക് എന്‍റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട് അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട് നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌. (ഖു൪ആന്‍:26/10-17)

ഇവിടെ ഫിർഔനിൻ്റെ ക്രൂരതയെ കുറിച്ചറിയുന്ന, മുമ്പ് സംഭവിച്ച അബദ്ധത്തിൻ്റെ പ്രതികാര നടപടിയിലുള്ള ഭയമുള്ള വ്യക്തിത്വം, സഹായവും സഹപ്രവർത്തകനെയും ആവശ്യപ്പെടുന്നു. എന്നാൽ ദൗത്യനിർവഹണത്തിനു ദൈവിക സംരക്ഷണവും സഹായവും ലഭ്യമാകുന്ന പ്രവാചക വ്യക്തിത്വം അതിനോട് ചേർന്ന് നിൽക്കുന്നു. ഇത് പാഠങ്ങളും മാതൃകയുമല്ലാതെ മറ്റൊന്നും വായനക്കാരനു സമ്മാനിക്കുന്നില്ല.

ഖുർആൻ കഥകളിലെ ഗുണപാഠങ്ങൾ

1) വിശ്വാസ മൂല്യങ്ങൾ.

ഖുർആൻ മുഖേന സംഭവിക്കേണ്ട സമൂഹസൃഷ്ടി വിശ്വാസത്തിലധിഷ്ഠിതമാണ്. ആയതിനാൽ ഖുർആൻ കഥകളുടെ മൂല്യങ്ങളിൽ മുഴച്ച് നിൽക്കുത് വിശ്വാസത്തിന്റെ പ്രാധാന്യവും ആവശ്യകതയുമാണ്. നൂഹ്‌നബി عليه السلام യും മകനും ഇതിവൃത്തമാകുന്ന കഥാരംഗത്ത് പിതാവ് – പുത്രൻ ബന്ധം വിശ്വാസത്തിന്റെ അഭാവത്തിൽ അപ്രസക്തമാകുന്നത് കാണാം.

2) നീതി ബോധം.

ഇസ്‌ലാം വളർത്തുന്ന സമൂഹത്തിന്റെ മാറ്റമില്ലാത്ത മൂല്യങ്ങളിലൊന്നാണു നീതി. ശത്രുവും മിത്രവും വിശ്വാസിയും അവിശ്വാസിയും നേട്ടവും കോട്ടവും ഈ രംഗത്ത് വേർതിരിക്കപ്പെടാവതല്ല. ഖുർആനിലെ കഥകളിൽ ഈ മൂല്യം ഊട്ടിയുറപ്പിക്കുന്നുണ്ട്. ഉദാഹരണം ദാവുദ് നബി عليه السلام യുടെ ചരിത്രം:

وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ ‎﴿٢١﴾‏ إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ‎﴿٢٢﴾‏ إِنَّ هَٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ ‎﴿٢٣﴾‏ قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ ۩ ‎﴿٢٤﴾

വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ? അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു. അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു. (ഖു൪ആന്‍:38/21-24)

3) അറിവിൻ്റെ പ്രാധാന്യം

അറിവ് മനുഷ്യ പ്രകൃതിയിൽ ഊട്ടപ്പെട്ട ഘടകമായാണ് ഖുർആൻ നമ്മെ അറിയിക്കുന്നത്. അത് നേടുന്നതിലൂടെയാണ് മനുഷ്യൻ വ്യതിരിക്തനാവുന്നതെന്ന പാഠം ഈ സംഭവ വിവരണങ്ങളിലൂടെ ഖുർആൻ ബോധ്യപെടുത്തുന്നുണ്ട്. ഉദാ:- ആദം عليه السلام യെ കുറിച്ച് സൂറഃ അൽബക്വറ യിലുള്ള പരാമർശങ്ങൾ (31-43). മൂസാനബി عليه السلام യുടെ അറിവ് തേടിയുള്ള യാത്രയുടെ വിവരണവും (അൽ കഹ്ഫ്: 56-70) ഇതിലേക്കാണ് നമ്മെ നയിക്കുന്നത്. കൂടാതെ ബൽകീസിൻ്റെ സിംഹാസനവുമായി ബന്ധപ്പെട്ട വിവരണത്തിലും ദാവൂദ് നബി عليه السلام യുടെയും സുലൈമാൻ നബി عليه السلام യുടെയും പ്രത്യേകതകളിലും അറിവിനെ പ്രത്യേകം ഓർമപ്പെടുത്തുത് കാണാം.

ചുരുക്കത്തിൽ, ഖുർആനിൻ്റെ അവതരണ ലക്ഷ്യം സാക്ഷാൽകൃതമാക്കുന്നതിൽ കഥാഖ്യാനങ്ങളെ അല്ലാഹു ഉൾക്കൊള്ളിച്ചിരിക്കുന്നു. അതിനാൽ ഖുർആൻ പഠനം പൂർണാർഥത്തിൽ സാധൂകരിക്കപ്പെടണമെങ്കിൽ ഖുർആനിലെ കഥകളെ ശ്രദ്ധയോടെ പഠനത്തിനും വിശകലനത്തിനും വിധേയമാക്കുകയും അവ നൽ കുന്ന ചൈതന്യം വിശ്വാസത്തെയും കർമത്തെയും സ്വഭാവത്തെയും കൂടുതൽ തെളിമയാർന്നതാക്കി തീർക്കുകയും ചെയ്യേണ്ടതുണ്ട്.

ഖുർആൻ കഥകളുടെ ഉപയോഗങ്ങളും ഉപകാരങ്ങളും

ഖുർആനിലെ കഥകൾ മനുഷ്യനിർമിത കഥകളെപ്പോലെ കേവലം ചെറുകഥകളോ, നോവലുകളോ അല്ല. അവ മുൻകാലങ്ങളിലേക്കുള്ള എത്തിനോട്ടവും സ്രഷ്‌ടാവിന് സമർപ്പിച്ചവന് സൗഖ്യവും ധിക്കരിച്ചവന് ശിക്ഷയുമുണ്ടെന്ന യാഥാർഥ്യത്തെ ബോധ്യപ്പെടുത്തലുമാണ്. ഈ അർഥത്തിൽ ധാരാളം പ്രയോജനങ്ങൾ ഈകഥകളിലൂടെ ഖുർആൻ ലക്ഷ്യമാക്കുന്നുണ്ട്. അവയിൽ ചിലത് കാണുക:

1. സർവ പ്രവാചകൻമാരുടെയും പ്രബോധനത്തിൻ്റെ മൂലബിന്ദു തൗഹീദായിരുന്നു എന്ന് വ്യക്തമാക്കൽ.

وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدُونِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

2. റസൂൽ ﷺ യുടെയും അദ്ദേഹത്തിന്റെ സമുദായത്തിൻ്റെയും ഹൃദയങ്ങളെ ദീനിൽ ഉറപ്പിച്ച് നിർത്തുക. സത്യത്തിൻ്റെ ആളുകളെ അല്ലാഹു സഹായിക്കുമെന്നും അസത്യത്തിൻ്റെ വക്താക്കൾക്ക് ഒടുക്കം നാശമാണുമുള്ള ബോധം ദൃഢപ്പെടുത്തൽ.

وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَ ۚ وَجَآءَكَ فِى هَٰذِهِ ٱلْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ

ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് നിന്‍റെ മനസ്സിന് സൈ്ഥര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥ വിവരവും, സത്യവിശ്വാസികള്‍ക്ക് വേണ്ട സദുപദേശവും, ഉല്‍ബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്‌. (ഖു൪ആന്‍:11/120)

3. മുൻ പ്രവാചകൻമാരെ സത്യപ്പെടുത്തലും അവരുടെ സ്‌മരണ ജീവിപ്പിക്കലും അവരുടെ കർമ ഫലങ്ങളെ നിലനിർത്തലും.

4. മുൻകാല സംഭവങ്ങളിലൂടെയും പ്രവാചക വർത്തമാനങ്ങളിലൂടെയും മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്റെയും പ്രബോധനത്തിൻ്റെയും സത്യസന്ധത വെളിപ്പെടുത്തൽ.

5. മുൻവേദങ്ങളുടെ അനുയായികൾ മറച്ച് വെച്ച സത്യത്തെ വ്യക്തമാക്കൽ, അവരുടെ കൈകളാൽ നടന്ന തിരുത്തലുകളെ പുറത്തുകൊണ്ട് വരുമാറുള്ള തെളിവുകൾ സ്ഥാപിക്കൽ. ഉദാ:-

كُلُّ ٱلطَّعَامِ كَانَ حِلًّا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ ۗ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَٰدِقِينَ

എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൌറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ് നബി) തന്‍റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക. (ഖു൪ആന്‍:3/93)

6.കഥകളിലുള്ളതെല്ലാം യുക്തിപൂർണമെന്ന് വ്യക്തമാക്കൽ:

وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ ‎﴿٤﴾‏ حِكْمَةُۢ بَٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ ‎﴿٥﴾

(ദൈവ നിഷേധത്തില്‍ നിന്ന്‌) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്‌. അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല. (ഖു൪ആന്‍:54/4-5)

7. ചിന്തയും, ഗുണപാഠങ്ങളും നൽകുക.

لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌. (ഖു൪ആന്‍:12/111)

8. നബി ﷺ യുടെ പ്രവാചകത്വം ഉറപ്പിക്കുക. മുൻസമൂഹങ്ങളുടെ വർത്തമാനങ്ങളുടെ കൃത്യത അല്ലാഹുവിനല്ലാതെ അറിയുകയില്ല.

تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ ۖ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَٰذَا ۖ فَٱصْبِرْ ۖ إِنَّ ٱلْعَٰقِبَةَ لِلْمُتَّقِينَ

(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (ഖു൪ആന്‍:11/49)

أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍ

നൂഹിന്‍റെ ജനത, ആദ്‌, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം (കൃത്യമായി) അറിയാവുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നുകിട്ടിയില്ലേ? നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക് മടക്കിക്കൊണ്ട്‌, നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് എന്ന് പറയുകയാണ് ചെയ്തത്‌. (ഖു൪ആന്‍:14/9)

ചില സംഭവങ്ങളും ചരിത്ര കഥനങ്ങളും ആവർത്തിതമായി ഖുർആനിൽ വന്നതായി കാണാം. ഈ ആവർത്തനങ്ങൾ പാഴ്‌വേലയോ അപ്രതീക്ഷിതമോ അല്ല. മറിച്ച് കൃത്യമായ ലക്ഷ്യത്തോട് കൂടിയുള്ളതാണ്. ഓരോ സ്ഥലത്തും ആവർത്തിതമെന്ന് തോന്നും. പക്ഷേ, അവിടെ ഒന്നുകിൽ മുമ്പ് പറഞ്ഞിട്ടില്ലാത്ത വല്ലതും കൂടുതലുണ്ടാകും. അല്ലെങ്കിൽ മറ്റ് വാക്യങ്ങളിലൂടെയാവും അവതരണം. ഒരിടത്ത് ഊന്നൽ നൽകിയതിനാവില്ല മറ്റൊരിടത്ത് ഊന്നൽ നൽകുന്നത്. ഇതാവട്ടെ ആഖ്യാനത്തിൻ്റെ സൗന്ദര്യവും ഖുര്‍ആനിന്റെ ദൈവികതയും വെളിപ്പെടുത്തുകയും മനുഷ്യന്റെ അശക്തിയും ദുർബലതയും ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു.

 

അശ്റഫ് ഏകരൂൽ

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *