മനുഷ്യന് അല്ലാഹു നൽകിയ സവിശേഷമായ ഒരു അനുഗ്രഹമാണ് ബുദ്ധിശക്തി. അതിന്റെ ശരിയായ വിനിയോഗം പല നന്മകളും നമുക്ക് സമ്മാനിക്കും. എന്നാൽ അതിനെ ദൈവിക മാർഗദർശനങ്ങളെ കവച്ചുവയ്ക്കാൻ പറ്റിയ, ഒരിക്കലും അബദ്ധങ്ങൾ സംഭവിക്കാത്ത, കുറ്റമറ്റ സ്രോതസ്സായി കാണുവാൻ സാധിക്കുകയില്ല. കാരണം മനുഷ്യന് കിട്ടുന്ന അറിവുകളുടെ പരിമിതികളും കുറവുകളും അനുസരിച്ച് അവൻ കോലപ്പെടുത്തുന്ന ചിന്തകളും ആശയങ്ങളും അബദ്ധങ്ങൾ നിറഞ്ഞതായിരിക്കും. അതിന് എത്രയോ ഉദാഹരണങ്ങൾ ഭൗതിക ലോകത്ത് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്. ഇന്നലെവരെയും വലിയ സത്യവും ആധികാരിക തത്ത്വങ്ങളുമായി സ്ഥിരീകരിച്ചുപോന്ന പലതും പിന്നീടുള്ള പഠന ഗവേഷണങ്ങളിലൂടെ ബോധ്യപ്പെട്ട യാഥാർഥ്യങ്ങൾക്ക് എതിരാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അവയുടെ സ്ഥാനം ചവറ്റുകൊട്ടയായി മാറിയിട്ടുണ്ട്. എന്നാൽ ചിലയാളുകളുടെ സംസാരവൈഭവം, യുക്തിചിന്ത പോലുള്ളവ കണ്ട് അതിൽ ആകൃഷ്ടരായി മതത്തെയും മതത്തിന്റെ അധ്യാപനങ്ങളെയും കൈയൊഴിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്ന ചിലരെ നാം കാണാറുണ്ട്. സത്യത്തിൽ പിശാചിന്റെ ചതിക്കുഴിയിൽ പെട്ടുപോയതാണ് അവർ എന്നുള്ള വസ്തുത അവർ പോലും തിരിച്ചറിയാതെ പോകുന്നു. തത്ത്വശാസ്ത്രത്തിന്റെ ആളുകളെ പിശാച് പിഴപ്പിച്ചത് അവരുടെതായ ചില യുക്തിചിന്തകളും ന്യായങ്ങളും വെച്ചാണ്. ബുദ്ധിക്ക് അമിത പ്രാധാന്യം നൽകി ദൈവിക വെളിപാടുകളെയും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും കയ്യൊഴിച്ച് അവർ അഹങ്കാരത്തോടെ മുന്നേറിയപ്പോൾ ഏറ്റവും വലിയ അപകടത്തിലാണ് അവർ ചെന്നു പതിച്ചത്.
ബുദ്ധിക്ക് അപ്രമാദിത്വം കൽപിച്ച്, ബുദ്ധിജീവികളായി അറിയപ്പെട്ട ചിലരുടെ വാക്കുകളുടെ പിന്നാലെയാണ് മറ്റൊരു വിഭാഗം ആളുകൾ പോയത്. അവർ പറയുന്നതാണ് ആത്യന്തികമായ ശരി എന്ന രീതിയിലേക്ക് പിശാച് അവരെ കൊണ്ടുചെന്നെത്തിച്ചു. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്ത്വശാസ്ത്രജ്ഞരെ മാതൃകകളായി സ്വീകരിച്ച് അവർക്ക് അപ്രമാദിത്വം കൽപിച്ച് മതപ്രമാണങ്ങളെ അവഹേളിക്കുന്നവർ ഈ പറയപ്പെട്ട തത്ത്വജ്ഞാനികളുടെ ഇടയിൽ തന്നെയുള്ള ആശയപരമായ വൈരുധ്യങ്ങളെ സംബന്ധിച്ചും തർക്കങ്ങളെ സംബന്ധിച്ചും മറന്നുപോകുന്നു എന്നത് ഏറെ ചിന്തനീയമാണ്.
ദൈവവിശ്വാസത്തിന്റെ കാര്യത്തിൽതന്നെ ഇവർ പരസ്പരം അഭിപ്രായ വ്യത്യാസങ്ങൾ വെച്ചുപുലർത്തുന്നുണ്ട്. ബുദ്ധിയുടെയും ചിന്തകളുടെയും പരിമിതികളാണ് ഇത് അറിയിക്കുന്നത്. മനുഷ്യനെയും മനുഷ്യബുദ്ധിയെയും സൃഷ്ടിച്ച സർവജ്ഞനും സർവശക്തനുമായ അല്ലാഹുവിന്റെ വെളിപാടുകളിലേക്ക് (വഹ്യ്) മടങ്ങലാണ് അവിടെയെല്ലാം കരണീയമായിട്ടുള്ളത്. പരിശുദ്ധ ക്വുർആൻ ആവർത്തിച്ചു പറഞ്ഞതും ദൈവികമായ ഈ മാർഗനിർദേശങ്ങളെ പിൻപറ്റുവാനാണ്.
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖു൪ആന്‍:2/38)
ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ
നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത് വളരെ കുറച്ചുമാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍:7/3)
ദൈവിക മാർഗനിർദേശങ്ങളെ വിട്ട് പൂർവപിതാക്കന്മാരെ പിൻപറ്റുകയും ദേഹേച്ഛകളെ അനുഗമിക്കുകയും ചെയ്ത ആളുകളെ അതിശക്തമായി ക്വുർആൻ ആക്ഷേപിക്കുന്നത് കാണാം:
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ
അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരുമായിരുന്നെങ്കിൽ പോലും (അവരെ പിൻപറ്റുകയാണോ?) (ഖു൪ആന്‍:2/170)
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ
അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?) (ഖു൪ആന്‍ :31/21)
ദൈവിക മാർഗനിർദേശങ്ങൾ കയ്യൊഴിച്ച്, ബുദ്ധിപൂജകരായി ജീവിച്ച പലരും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അസ്വസ്ഥരും വിഷാദരുമായിരുന്നു എന്നതാണ് ചരിത്രം പറഞ്ഞുതരുന്ന വസ്തുത. തത്ത്വശാസ്ത്രങ്ങളുടെ പിന്നാലെ പോയ പലരും അത് തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം ഫഖ്റുദ്ദീൻ റാസി رَحِمَهُ اللَّهُ തന്റെ അവസാന കാലഘട്ടത്തിൽ രചിച്ച ‘അക്വ്സാമുല്ലദ്ദാത്’ എന്ന എന്ന ഗ്രന്ഥത്തിൽ ഇത്തരം ചില സംഗതികൾ വിശദമാക്കിയിട്ടുള്ളതായി പണ്ഡിതന്മാർ ഉദ്ധരിക്കുന്നത് കാണാം. അദ്ധേഹം തന്റെ മരണത്തിന് കേവലം രണ്ടുവർഷം മുമ്പ് രചിച്ച ഈ ലഘു കൃതിയെ ഒട്ടനവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ആശയത്തെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
“ബുദ്ധിയുടെയും ചിന്തയുടെയും മാത്രം പിന്നാലെയുള്ള പ്രയാണം ഒടുവിൽ ആകെ അസ്വസ്ഥതയും കെട്ടിക്കുടുക്കും മാത്രമാണ് സമ്മാനിച്ചത്. ലോകത്ത് അതിന്റെ പിന്നാലെ സഞ്ചരിച്ച ഭൂരിപക്ഷവും വഴിതെറ്റി പോയിട്ടുണ്ട്. നമുക്ക് നമ്മുടെ ആത്മീയമായ തേട്ടങ്ങൾക്കും മാനസികമായ അന്വേഷണങ്ങൾക്കും സ്വസ്ഥതയും സമാധാനവും സമ്മാനിക്കാൻ അത്തരം പ്രയാണങ്ങളിലൂടെ ഒന്നും സാധിച്ചിട്ടില്ല. വളരെ ദീർഘമായ പഠന ഗവേഷണങ്ങളിലൂടെ ആകെ നേടാൻ കഴിഞ്ഞത് പലരും പറഞ്ഞു പോയ അവരുടെയൊക്കെ കുറെ വാക്കുകൾ സമാഹരിക്കാൻ സാധിച്ചു എന്നത് മാത്രമാണ്. മറ്റൊന്നും നമുക്ക് ആയുസ്സിലെ സുദീർഘമായ ആ സഞ്ചാരത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.’’
ബുദ്ധിയുടെ ശരിയായ അവസ്ഥയും നിലവാരവും മനസ്സിലാക്കാൻ സാധിക്കാതെപോയ ചിലർ തങ്ങളുടെ ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ ചിലതിലൊക്കെ മതത്തിന്റെ അധ്യാപനങ്ങളും മറ്റു ചിലതിൽ തങ്ങളുടെ തത്ത്വചിന്തകളും യുക്തിന്യായങ്ങളും വേറെ ചിലതിൽ അവർക്ക് തോന്നിയ പൗരോഹിത്യ രീതികളും ദേഹേച്ഛകളുമൊക്കെ കൂട്ടിക്കലർത്തിയുള്ള പ്രയാണത്തിലായിരുന്നു എന്ന് കാണാം. അവിടെയാണ് ദീനിൽ അടിയുറച്ചു നിൽക്കുവാനുള്ള പ്രാർഥനകളുടെ പ്രസക്തി ബോധ്യപ്പെടുന്നത്. നബിﷺ ധാരാളമായി നടത്തിയിരുന്ന പ്രാർഥനകളിൽ ഒന്ന് ഇതായിരുന്നു:
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ, എന്റെ ഹൃദയത്തെ നിന്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തേണമേ
സത്യവിശ്വാസികളുടെ പ്രാർഥനയായി ക്വുർആൻ പരിചയപ്പെടുത്തിയ ഒന്ന് ഇങ്ങനെയാണ്:
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു. (ഖുർആൻ:3/8)
ശമീർ മദീനി
www.kanzululoom.com