1.വഹ്‌യ് (ദിവ്യസന്ദേശം)
അല്ലാഹു പ്രവാചകന്മാർക്ക് അറിയിച്ചുകൊടുക്കുന്ന ശറഇയ്യായ (മതപരമായ) കാര്യങ്ങളാണ് ‘വഹ്‌യ്.’ ശറഇയ്യായ അറിയിപ്പുകൾ അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർക്ക് മാത്രമേ ഉണ്ടാകൂ. ഇത് പ്രവാചകന്മാരുടെ മാത്രം പ്രത്യേകതയാണ്. എന്നാൽ ‘മൂസാ നബി عليه السلام യുടെ മാതാവിന് നാം വഹ്‌യ് നൽകി’യെന്നും ‘തേനീച്ചക്ക് നാം വഹ്‌യ് നൽകി’യെന്നും അല്ലാഹു പറയുന്നതായി നമുക്ക് ഖുർആനിൽ കാണാം. ഇവിടെയെല്ലാം ‘വഹ്‌യ്’ എന്ന പ്രയോഗം ‘തോന്നിപ്പിക്കുക’ എന്ന അർഥത്തിലാണെന്നും പ്രവാചകന്മാർക്ക് അല്ലാഹു നൽകുന്ന ‘വഹ്‌യ്’ അല്ല ഇവിടെ ഉദ്ദേശ്യമെന്നും നാം മനസ്സിലാക്കണം.
പ്രവാചകന്മാരല്ലാത്തവർ ആരെങ്കിലും തനിക്ക് വഹ്‌യ് ലഭിക്കുന്നുണ്ടെന്ന് പറയുന്നത് അല്ലാഹുവിങ്കൽ നിന്ന് ഭയങ്കരമായ ശിക്ഷ ലഭിക്കുന്നതാണ്. ഖുർആൻ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَٰتِهِۦ تَسْتَكْبِرُونَ
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട് ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.) (ഖുർആൻ:6/93)
ഞാൻ നബിയാണെന്നും എനിക്ക് വഹ്‌യ് കിട്ടുന്നുണ്ടെന്നും വാദിച്ചവരുണ്ട്. ഇങ്ങനെ നബിയായി വാദിക്കുന്നവർ കള്ളന്മാരാണെന്നും ഇത്തരം കള്ളന്മാർ പിൽക്കാലത്ത് വരുമെന്നും നബി ﷺ തന്നെ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
മുഹമ്മദ് നബി ﷺ യെ കുറിച്ച് അല്ലാഹു പറയുന്നു:
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)
അല്ലാഹുവിങ്കൽ നിന്നും ലഭിക്കുന്ന ബോധനത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കലും പ്രവർത്തിക്കലുമെല്ലാം നബിമാരാണ്. ഇങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെന്ന് വാദിക്കുകയാണെങ്കിൽ അവൻ യഥാർഥത്തിൽ തനിക്ക് പ്രവാചകത്വമുണ്ടെന്നാണ് വാദിക്കുന്നത്. അതുപോലെ തന്നെ നബിമാരല്ലാത്ത ഒരാളെക്കുറിച്ച് ഇപ്രകാരം ഒരാൾ വിശ്വസിച്ചാൽ അവനിൽ പ്രവാചകത്വ പദവി അവൻ ചാർത്തുകയാണ് ചെയ്യുന്നത്. ഇതെല്ലാം സത്യനിഷേധമാണ്.
പ്രവാചകന്മാർക്ക് വഹ്‌യ് നൽകുന്നത് ഉണർച്ചയിൽ മാത്രമല്ല; ഉറക്കത്തിൽ സ്വപ്‌നത്തിലൂടെയും നൽകും. അവർ കാണുന്ന സ്വപ്നം മുഴുവനും സത്യസന്ധമായി പുലരുന്നതായിരുന്നു. നബിമാർക്ക് സ്വപ്നത്തിലൂടെ വഹ്‌യ് നൽകിയതിന് ഉദാഹരണമാണ് ഇബ്റാഹീം عليه السلام യും ഇസ്‌മാഈൽ عليه السلام യും തമ്മിൽ നടന്ന സംസാരം:
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ﴿١٠٢﴾فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ ﴿١٠٣﴾ وَنَادَيْنَاهُ أَن يَا إِبْرَاهِيمُ ﴿١٠٤﴾ قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٠٥﴾
എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നിന്റെ അഭിപ്രായം എന്താണ്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം:നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ ഇബ്റാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. (ഖു൪ആന്‍ : 37/102-105)
ഇബ്റാഹീം عليه السلام താൻ കണ്ട സ്വപ്‌നം അതേപടി പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. കാരണം അത് വഹ്‌യ് ആണ്. ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പ്രവാചകന്മാരല്ലാത്തവരുടെ സ്വപ്നം നടപ്പിൽ വരുത്താൻ തുനിയരുത്. കാരണം പ്രവാചകന്മാരല്ലാത്തവരുടെ സ്വപ്നത്തിൽ പൈശാചികമായതുമുണ്ടാകും. ജോത്സ്യനെയും മറ്റും സമീപിച്ച് അവരിൽ നിന്ന് ലഭിക്കുന്ന പൈശാചിക ബോധനത്താൽ മക്കളെ കൊല്ലുകയും മറ്റും ചെയ്‌ത വാർത്തകൾ നാം കേൾക്കാറുണ്ട്. ഇത്തരം സംഭവങ്ങളെ ഖുർആനിലെ സംഭവങ്ങളുമായി കൂട്ടിക്കെട്ടി ചിത്രീകരിക്കന്നവരെയും കാണാം. ഇസ്‌ലാമിക വിശ്വാസങ്ങളുടെയും പ്രമാണങ്ങളുടെയും മൗലികതയിലുള്ള അജ്ഞതയാണ് ഇതിന് കാരണം.
2. ഉറക്കം
സാധാരണ ഗതിയിൽ നാം ഉറങ്ങുമ്പോൾ ഉണർച്ചയിൽ ആലോചിക്കുന്നത് പോലെ ആലോചിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ലല്ലോ. വുദൂഅ് നഷ്ടപ്പെടുന്ന കാര്യങ്ങളിൽ നാം എണ്ണിപ്പഠിച്ചതാണ് സ്വബോധമില്ലാത്ത ഉറക്കം. ഉറങ്ങിയാൽ നമ്മുടെ ബോധം തന്നെ നഷ്ടപ്പെടുന്നത് പോലെയാണ്. എന്നാൽ നബിമാരുടെ ഉറക്കം സാധാരണ ഗതിയിൽ കണ്ണ് ഉറങ്ങിയാലും ഹൃദയം ഉറങ്ങാത്ത അവസ്ഥയിലായിരിക്കും. സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം:
وَالنَّبِيُّ صلى الله عليه وسلم نَائِمَةٌ عَيْنَاهُ وَلاَ يَنَامُ قَلْبُهُ وَكَذَلِكَ الأَنْبِيَاءُ تَنَامُ أَعْيُنُهُمْ وَلاَ تَنَامُ قُلُوبُهُمْ،
നബി ﷺ യുടെ കണ്ണ് ഉറങ്ങുകയും ഹൃദയം ഉറങ്ങാതിരിക്കുകയും ചെയ്യും. നബിമാർ അപ്രകാരമാകുന്നു. അവരുടെ കണ്ണുകൾ ഉറങ്ങുകയും അവരുടെ ഹൃദയം ഉറങ്ങാതിരിക്കുകയും ചെയ്യും. (ബുഖാരി:3570)
ഇത് അനസ് رَضِيَ اللَّهُ عَنْهُ നബി ﷺ യെ കുറിച്ച് പറയുന്നതാണ്.
നബി ﷺ തന്നെ പറയുന്നത് കാണുക:
إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي
എന്റെ കണ്ണ് ഉറങ്ങും, എന്റെ ഹൃദയം ഉറങ്ങില്ല. (ബുഖാരി:2013)
ഇത് മുഹമ്മദ് നബി ﷺ യുടെ മാത്രം പ്രത്യേകതയല്ല; എല്ലാ പ്രവാചകന്മാർക്കുമുള്ള പ്രത്യേകതയാണ്.
3.മരണം സമയം തെരഞ്ഞടുക്കൽ
അല്ലാഹു അവന്റെ സൃഷ്ടികൾക്കെല്ലാം ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യന്റെ അവധിയെത്തിയാൽ അവൻ മരിക്കുന്നു. ആ മരണം എപ്പോഴെന്നോ എവിടെ വെച്ചെന്നോ അല്ലാഹുവിന് മാത്രമെ അറിയൂ. നിശ്ചയിക്കപ്പെട്ട സമയമായാൽ മരണം വന്നെത്തും ; അനുവാദം ചോദിക്കാതെ തന്നെ. എന്നാൽ പ്രവാചകന്മാർക്ക് അല്ലാഹു മറ്റു മനുഷ്യരിൽ നിന്ന് ഒരു പ്രത്യേകത നൽകിയിട്ടുണ്ട്. മരണ സമയത്ത് അവരോട് ചോദിക്കും. അവർക്ക് അന്നേരം ഇപ്പോൾ മരിക്കണോ വേണ്ടയോയെന്ന് തെരഞ്ഞെടുക്കാം.
عَنْ عَائِشَةَ، قَالَتْ كُنْتُ أَسْمَعُ أَنَّهُ لَنْ يَمُوتَ نَبِيٌّ حَتَّى يُخَيَّرَ بَيْنَ الدُّنْيَا وَالآخِرَةِ – قَالَتْ – فَسَمِعْتُ النَّبِيَّ صلى الله عليه وسلم فِي مَرَضِهِ الَّذِي مَاتَ فِيهِ وَأَخَذَتْهُ بُحَّةٌ يَقُولُ { مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا} قَالَتْ فَظَنَنْتُهُ خُيِّرَ حِينَئِذٍ .
ആയിശ رضى الله عنها പറഞ്ഞു: ഐഹിക ലോകവും പാരത്രിക ലോകവും തെരഞ്ഞെടുക്കുവാൻ അവസരം നൽകപ്പെടാത്ത ഒരു പ്രവാചകനും മരണപ്പെട്ടിട്ടില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. പ്രവാചകൻ മരണപ്പെട്ട രോഗത്തിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. അവിടുത്തെ ശബ്ദത്തിന് ഒരു പരുപരുപ്പ് തുടങ്ങിയിരുന്നു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാർ, സത്യസന്ധന്മാർ, രക്തസാക്ഷികൾ, സജ്ജനങ്ങൾ എന്നിവരോടൊപ്പം (എന്നെ ചേർക്കേണമേ). അവർ എത്ര നല്ല കൂട്ടുകാർ.’ അപ്പോൾ ഞാൻ (ആയിശ) ധരിച്ചു; അന്ന് നബി ﷺ ക്ക് തെരഞ്ഞെടുക്കാൻ അവസരം നൽകപ്പെട്ടിരിക്കുന്നു (എന്ന്) (മുസ്‌ലിം:2444)
4.മരണപ്പെട്ട സ്ഥലത്ത് തന്നെ ക്വബ്റടക്കൽ
പ്രാവാചകന്മാരുടെ പ്രത്യേകതകളിൽ പെട്ടതാണ്, അവർ എവിടെയാണോ മരണപ്പെട്ടത് അവിടെ തന്നെ അവരെ മറവുചെയ്യുകയും വേണം എന്നത്. നബി ﷺ വഫാത്തായപ്പോൾ എവിടെ മറവു ചെയ്യണം എന്നത് സ്വഹാബിമാർക്കിടയിൽ ചർച്ചയുണ്ടായി. ഈ സമയത്ത് ‘നബിമാർ എവിടെയാണോ മരണപ്പെട്ടത്, അവിടെത്തന്നെ അവർ മറവുചെയ്യപ്പെടണം’ എന്ന നബി വചനം പറയപ്പെട്ടപ്പോൾ എല്ലാവരും അതിൽ യോജിക്കുകയും ആഇശയുടെ ഹുജ്‌റ (മുറി)യിൽ മറവു ചെയ്യുകയും ചെയ്‌തു. നബി ﷺ യുടെ ക്വബ്റ് ആർക്കും കാണാനാകാത്ത വിധത്തിൽ ശക്തമായ മതിൽ കെട്ടുകൾക്കുള്ളിൽ വരാനുള്ള കാരണം ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഒരു ഹദീസ് കാണുക:
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ “ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ” . قَالَتْ فَلَوْلاَ ذَاكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا .
ആയിശ رضى الله عنها യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു: നബി ﷺ മരണപ്പെട്ട രോഗത്തിലായിരിക്കെ അവിടുന്ന് പറഞ്ഞു: ‘ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിച്ചിരിക്കുന്നു, അവർ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റുകളെ ആരാധനാലയമാക്കി’. ആയിശ رضى الله عنها പറഞ്ഞു: അതില്ലായിരുന്നെങ്കിൽ അവിടത്തെ ക്വബ്ർ വെളിവാക്കപ്പെടുമായിരുന്നു. അതു കൂടാതെ അത് (ക്വബ്റ്) ആരാധനാലയമാക്കപ്പെടുമെന്ന് അവിടുന്ന് ഭയപ്പെടുകയും ചെയ്‌തു. (മുസ്‌ലിം:529)
ഈ ഹദീഥിനെ വിശദീകരിക്കുമ്പോൾ ഇമാം നവവി رَحِمَهُ اللَّهُ പറഞ്ഞു: “പണ്ഡിതന്മാർ പറഞ്ഞു: നിശ്ചയമായും നബി ﷺ അവിടുത്തെ ക്വബ്റും മറ്റുള്ളവരുടെ ക്വബ്‌റും ആരാധനാലയമാക്കുന്നതിനെ വിലക്കിയത് അതിനോടുള്ള (ക്വബ്റിനോടുള്ള) ആദരവ് അമിതമാകുമെന്നും അതു മുഖേന (ആളുകൾ) കുഴപ്പത്തിലാകുമെന്നും ഭയപ്പെട്ടതിനാലാണ്. അങ്ങനെ ചിലപ്പോൾ കഴിഞ്ഞുപോയ സമുദായങ്ങളിൽ സംഭവിച്ചതുപോലെ കുഫ്റിലേക്ക് അത് എത്തുകയും ചെയ്യും. മുസ്‌ലിംകൾ അധികരിച്ചപ്പോൾ റസൂൽ ﷺ യുടെ പള്ളി വിപുലീകരിക്കുന്നതിന് സ്വഹാബിമാർക്കും താബിഉകൾക്കും ആവശ്യമായപ്പോൾ വിശ്വാസികളുടെ ഉമ്മമാരുടെ വീടുകളും അതിൽ (മ സ്‌ജിദുന്നബവിയിൽ) ഉൾപ്പെടുമാറ് അതിൻ്റെ വിപുലീകരണം നീട്ടി. ആഇശ رضى الله عنها യുടെ മുറിയും – നബി ﷺ യെയും അവിടുത്തെ രണ്ട് കൂട്ടുകാരായ അബൂബക്കർ, ഉമർ رضى الله عنهما എന്നിവരെയും മറവു ചെയ്‌തിട്ടുള്ള സ്ഥലം – അതിൽ പെട്ടതാണ്. (ക്വബ്റുകൾ) പള്ളിയിൽ പ്രകടമാകാതിരിക്കാനും പൊതുജനങ്ങൾ അതിലേക്ക് തിരിഞ്ഞു നമസ്ക്‌കരിക്കാതിരിക്കാനും ഒരു ജാഗ്രത ലഭിക്കാനും അവർ (സ്വഹാബികളും താബിഉകളും) ക്വബ്റിനു ചുറ്റും ഉയർന്നു നിൽക്കുന്ന ഒരു മതിൽ കെട്ടി. പിന്നീട് അവർ ക്വബ്റിൻ്റെ വടക്കുവശത്തുള്ള രണ്ടു മൂലയിൽ നിന്ന് രണ്ട് ചുമരുകൾ നിർമിച്ചു. അങ്ങനെ ഒരാൾക്കും ക്വബ്റിനെ മുന്നിട്ട് നിൽക്കാൻ സാധിക്കാത്തവിധം അവ (ചുമരുകൾ) രണ്ടും ചേർത്തു (പണിതു). ഇതുകൊണ്ടാണ് ഹദീഥിൽ (ഇപ്രകാരം) പറഞ്ഞത്: ‘അതില്ലായിരുന്നെങ്കിൽ (പൊതുജനങ്ങൾ അതിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുന്നതിനെ തൊട്ട് പേടിയില്ലായിരുന്നെങ്കിൽ) അവിടുത്തെ ക്വബ്റ് വെളിവാക്കപ്പെടുമായിരുന്നു. അതിനു പുറമെ (ക്വബ്റിനെ) ആരാധനാലയമായി സ്വീകരിക്കുന്നതിനെ തൊട്ടുള്ള ഭയവും അതിനു കാരണമാണ്. (ശറഹ് മുസ്ലിം)
5.പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല
عَنْ أَوْسِ بْنِ أَوْسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِ الصَّعْقَةُ فَأَكْثِرُوا عَلَىَّ مِنَ الصَّلاَةِ فِيهِ فَإِنَّ صَلاَتَكُمْ مَعْرُوضَةٌ عَلَىَّ ” . قَالَ قَالُوا يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلاَتُنَا عَلَيْكَ وَقَدْ أَرِمْتَ يَقُولُونَ بَلِيتَ . فَقَالَ ” إِنَّ اللَّهَ عَزَّ وَجَلَّ حَرَّمَ عَلَى الأَرْضِ أَجْسَادَ الأَنْبِيَاءِ ” .
ഔസ് ബ്നു ഔസ് رضى الله عنه വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു : തീർച്ചയായും നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായത് വെള്ളിയാഴ്‌ചയാകുന്നു. ആ ദിവസത്തിലാണ് ആദം സൃഷ്ടിക്കപ്പെട്ടത്. (അദ്ദേഹത്തിൻ്റെ ആത്മാവ്) പിടിക്കപ്പെട്ടതും ആ ദിവസത്തിലാകുന്നു. ആ ദിവസത്തിലാണ് കാഹളത്തിൽ ഊതൽ. ആ ദിവസത്തിലാകുന്നു (എല്ലാവരും) ബോധരഹിതരാവൽ. അതുകൊണ്ട് അന്ന് നിങ്ങൾ എൻ്റെമേൽ സ്വലാത്ത് വർധിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദർശിപ്പിക്കപ്പെടുന്നുണ്ട്.” അനുചരന്മാർ ചോദിച്ചു: “പ്രവാചകരേ! ശരീരം ദ്രവിച്ച് മണ്ണായിക്കഴിഞ്ഞാൽ, ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് താങ്കൾക്ക് എങ്ങനെയാണ് പ്രദർശിപ്പിക്കപ്പെടുക?” നബി ﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു പ്രവാചകന്മാരുടെ ശരീരങ്ങൾ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു” (അബൂദാവൂദ്:1047 – സ്വഹീഹ് അൽബാനി)
6.ഖബ്റുകളിൽ ജീവിച്ചിരിക്കുന്നു
عن أنس – رضي الله عنه – عن النبي -صلى الله عليه وسلم- قال: الأنبياء – صلوات الله عليهم – أحياء في قبورهم يُصلُّون.
അനസ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :പ്രവാചകന്മാർ അവരുടെ ക്വബ്റുകളിൽ ജീവിച്ചിരിക്കുന്നവരാണ്. (السلسلة الصحيحة: 2/187، ح 621).
ഈ ജീവിതം ഒരിക്കലും ഭൗതികജീവിതം പോലെയുള്ള ജീവിതമല്ല. തികച്ചും ബർസഖിയായതും ഈ ലോകവുമായി ഒരു ബന്ധവുമില്ലാത്തതുമാണ്.
ശൈഖ് നാസ്വിറുദ്ദീനുൽ അൽബാനി رَحِمَهُ اللَّهُ പറയുന്നു: നീ അറിയുക. പ്രവാചകന്മാർക്കുണ്ടെന്ന് ഈ ഹദീഥ് സ്ഥിരപ്പെടുത്തിയിട്ടുള്ള ജീവിതം നിശ്ചയമായും ബർസഖിയായ ജീവിതമാകുന്നു. ഐഹിക ജീവിതത്തിലെ ഒന്നും ഇല്ല. അതിനാൽ നമുക്കിടയിൽ അറിയപ്പെട്ട യാതൊന്നുകൊണ്ടും സാദൃശ്യപ്പെടുത്താതെ എങ്ങനെയെന്ന് അതിന് ഉദാഹരണം പറയാതെ അതിൽ വിശ്വസിക്കൽ നിർബന്ധമാണ്. ഇത്തരം കാര്യങ്ങളിൽ ഹദീഥിൽ വന്നതുപോലെ വിശ്വസിക്കലാണ് വിശ്വാസികൾ സ്വീകരിക്കേണ്ട നിർബന്ധമായ സമീപനം. (അല്ലാതെ) നബി ക്വബ്റിൽ തിന്നുകയും കുടിക്കുകയും അവിടുത്തെ ഭാര്യമാരുമായി ഇണചേരുകയും ചെയ്യുന്നെന്ന് പറഞ്ഞ് നബിയുടെ ക്വബ്റിലെ ജീവിതം സാക്ഷാൽ ഐഹിക ജീവിതം പോലെയാണെന്ന് വാദിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ച ബിദഇകളെ പോലെ ക്വിയാസുകൊണ്ടോ അഭിപ്രായങ്ങൾകൊണ്ടോ ഒന്നും അതിലേക്ക് കൂട്ടാതെ (ഹദീഥിൽ വന്നതുപോലെ വിശ്വസിക്കണം). നിശ്ചയമായും ഇത് ബർസഖിയായ ജീവിതമാണ്. അതിന്റെ യാഥാർഥ്യത്തെ കുറിച്ച് അല്ലാഹുവിനല്ലാതെ അറിയുകയില്ല.
7.ഉത്തരം കിട്ടുന്ന പ്രാർഥനകൾ
എല്ലാ പ്രവാചകന്മാർക്കും അല്ലാഹു ഉത്തരം നൽകുമെന്ന് ഉറപ്പു നൽകിയ ഒരു പ്രാർഥനയുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لأُمَّتِي يَوْمَ الْقِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لاَ يُشْرِكُ بِاللَّهِ شَيْئًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. എല്ലാവരും ആ പ്രാർത്ഥന ദുനിയാവിൽ വെച്ച് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്റെ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനു വേണ്ടി ശുപാർശക്ക് മാറ്റി വെച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമുദായത്തിലെ ശിർക്ക് ചെയ്യാത്തവർക്ക് അത് ലഭിക്കുന്നതുമാണ്. (മുസ്‌ലിം: 199)
ഈ ഹദീഥിൽ നിന്ന് നബി ﷺ ക്ക് നമ്മോടുള്ള കാരുണ്യമെത്രയുണ്ടെന്ന് മനസ്സിലാക്കാം. ഈ സമുദായത്തിലെ എല്ലാവരും ഹാജരാകുന്ന മഹ്ശറഃ. ആ സന്ദർഭത്തിലേക്ക് തനിക്ക് ഉത്തരം ലഭിക്കുമെന്ന് ഉറപ്പുള്ള പ്രാർഥന അവിടുന്ന് നമുക്കായി നീട്ടിവെച്ചിരിക്കുന്നു! ജീവിതകാലത്ത് പല പ്രശ്നങ്ങളുമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ നമുക്കായി അവിടുന്ന് മാറ്റി വെച്ചു.
8.പ്രവാചകന്മാർ സമ്പത്ത് അനന്തരമാക്കി പോകില്ല
അല്ലാഹു പ്രവാചകന്മാരെ ജനങ്ങൾക്ക് മാർഗദർശനം നൽകാൻ വേണ്ടിയാണ് അയച്ചത്. പ്രവാചകന്മാർ ജനങ്ങളിൽ നിന്ന് വല്ലതും ആഗ്രഹിച്ചിരുന്നില്ല. തങ്ങൾക്കോ തങ്ങളുടെ കുടുംബത്തിനോ സമ്പാദിച്ചുകൂട്ടാനും അവർ ആഗ്രഹിച്ചിരുന്നുമില്ല. അവരുടെ സമ്പത്ത് അവരുടെ കാലശേഷം അനന്തരമായി പിൻതലമുറക്കാർക്ക് നിഷിദ്ധമാക്കപ്പെടുകപോലും ഉണ്ടായി.
إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا إِنَّمَا وَرَّثُوا الْعِلْمَ
തീർച്ചയായും പ്രവാചകന്മാർ ദിർഹമോ ദീനാറോ അനന്തരമാക്കുന്നില്ല. നിശ്ചയമായും അവർ അനന്തരമാക്കി പോകുന്നത് അറിവാണ്. (തിര്‍മിദി)
പ്രവാചകന്മാർ തങ്ങൾക്ക് വേണ്ടി സമ്പാദിക്കാനായി വന്നവരായിരുന്നെന്നോ അല്ലെങ്കിൽ തങ്ങളുടെ പിൻതലമുറക്ക് വേണ്ടി ഒന്നും ഉപയോഗിക്കാതെ മരണപ്പെട്ടുപോയവരാണെന്നോ പറയുന്നതിൽ നിന്ന് അല്ലാഹു അവരെ സംരക്ഷിച്ചു.
9.പ്രവാചകന്മാരെല്ലാം പുരുഷന്‍മാരാണ്
وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۖ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
നിനക്ക് മുമ്പ് പുരുഷന്‍മാരെ (ആളുകളെ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക. (ഖു൪ആന്‍:21/7)
10.എല്ലാ പ്രവാചകന്മാരുടെയും മതം ഒന്ന്
അല്ലാഹു വ്യത്യസ്‌ത സമുദായങ്ങളിലേക്കായി അനേകം നബിമാരെ അയച്ചിട്ടുണ്ട്. എല്ലാ പ്രവാചകന്മാരും ജനങ്ങളെ പഠിപ്പിച്ചത് ഒരേ കാര്യമായിരുന്നു. തൗഹീദ്, ശിർക്ക്, പരലോകം, നമസ്ക്‌കാരം, നോമ്പ്.. തുടങ്ങിയ കാര്യങ്ങളെല്ലാം അവർ പഠിപ്പിച്ചിരുന്നു. എന്നാൽ അനുഷ്ഠാന കാര്യങ്ങളായ നമസ്കാരം, നോമ്പ് തുടങ്ങിയവയിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും വിശ്വാസ കാര്യങ്ങളിൽ മാറ്റമുണ്ടായിരുന്നില്ല. മുൻകാലത്തുള്ളവരുടെ നോമ്പ് നമ്മുടെ നോമ്പ് പോലെയായിരുന്നില്ല. അപ്രകാരം നമസ്ക്കാരവും. ഖുർആൻ പറയുന്നത് കാണുക:
وَأَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (ഖു൪ആന്‍:5/48)
www.kanzululoom.com