ഹദീഥ് നിഷേധം കടന്നുവന്ന വഴികള്‍

ഡോ. മുഹമ്മദ് അശ്‌റഫ് മൗലവി, മദീന

സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് പ്രമാണങ്ങള്‍ എതിരാവുമ്പോഴാണ് പലപ്പോഴും അതിനെ തെറ്റായി ഗ്രഹിക്കുവാനോ നിഷേധിക്കുവാനോ ആളുകള്‍ ധൃഷ്ടരാവുന്നത്. ഹദീഥ് നിഷേധത്തിന്റെയും നാരായവേര് കുടികൊള്ളുന്നത് ഇതില്‍ തന്നെയാണ്. ഹദീഥ് നിഷേധത്തിന്റെ ചരിത്രവും വര്‍ത്തമാനകാല അവസ്ഥയും വിശദീകരിക്കുന്ന കനപ്പെട്ട രചന.

ഹദീഥുകളെ നിഷേധിക്കുന്ന ഒരു വിഭാഗം ഈയിടെയായി ലോകത്തിലാകമാനം സജീവമായി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സംഘമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. അവരെക്കുറിച്ചും അങ്ങനെയുള്ള ഒരു ചിന്താഗതി എപ്പോള്‍ മുതലാണ് ഉടലെടുത്തത് എന്നതിനെക്കുറിച്ചുമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. മുഹമ്മദ് നബി ﷺ യിലൂടെ അന്ത്യദിനം വരേക്കുമുള്ള ജനങ്ങള്‍ക്കുള്ള മതമായിട്ടാണ് പരിശുദ്ധ ഇസ്‌ലാമിനെ നിശ്ചയിച്ചിട്ടുള്ളത്. അന്തിമദൂതനായി മുഹമ്മദ് നബി ﷺ യെയും അല്ലാഹു നിശ്ചയിച്ചു. മതത്തിന്റെ എല്ലാ കാര്യങ്ങളും വഹ്‌യിലൂടെ നബി ﷺ ക്ക് അല്ലാഹു അറിയിച്ച് കൊടുക്കുകയും ചെയ്തു. പ്രവാചകന്‍ ﷺ യുടെ ഹജ്ജത്തുല്‍ വദാഇല്‍ അല്ലാഹു ഈ മതം പൂര്‍ണമായിട്ടുണ്ടെന്ന്ന്നു പ്രഖ്യാപിക്കുകയും ചെയ്തു. അല്ലാഹു പറയുന്നത് കാണുക:

ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍ : 5/3)

ആ സന്ദര്‍ഭം വരേക്കും റസൂല്‍ ﷺ ക്വുര്‍ആന്‍ പഠിപ്പിച്ച ശൈലിയില്‍ കാഴ്ചവെച്ച ഏതെല്ലാം കാര്യങ്ങളുണ്ടോ അവയാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആന്‍ സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്തുന്നാസ് വരെ പരിശോധിച്ചാല്‍ റസൂല്‍ ﷺ യെ അനുസരിക്കേണ്ടതിന്റെയും പിന്തുടരേണ്ടതിന്റെയും ആവശ്യകത ദശക്കണക്കിന് ആയത്തുകളിലൂടെ അല്ലാഹു അറിയിക്കുന്നതായി കാണാം. എല്ലാ നിലക്കും റസൂല്‍ ﷺ യെ പിന്തുടര്‍ന്ന് ജീവിക്കാന്‍ അല്ലാഹു കല്‍പിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ അത് പോലെതന്നെ സ്വീകരിച്ച അദ്ദേഹത്തിന്റെ അനുയായികളെക്കുറിച്ചും അല്ലാഹു അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ (സ്വഹാബികള്‍) സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ(സ്വഹാബികളെ) പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :48/29)

ഈ സ്വഹാബികള്‍ പ്രവാചകന്‍ ﷺ യെ കണിശമായി പിന്തുടര്‍ന്നുകൊണ്ട് ജീവിക്കുകയും അത് മൂലം അല്ലാഹു അവരെ ഉത്തമ സമൂഹമായി തെരഞ്ഞെടുക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (ഖുർആൻ:3/110)

അന്ത്യദൂതരുടെ കൂടെയുള്ള വിശുദ്ധ ക്വുര്‍ആന്‍ അതുപോലെ തന്നെ ജനങ്ങളിലേക്കെത്തിച്ച് കൊടുക്കാന്‍ അല്ലാഹു അവരെ തെരഞ്ഞെടുത്തു. അവരത് കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. അവര്‍ക്ക് പ്രവാചകന്‍ ﷺ കൊണ്ട് വന്ന ഏതൊരു കാര്യത്തിലും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അവരാരും ക്വുര്‍ആന്‍ മാത്രം മതി, പ്രവാചകന്‍ ﷺ യുടെ വിശദീകരണം വേണ്ട എന്ന് പറഞ്ഞതുമില്ല. അവരാരും ഇങ്ങനെ പറഞ്ഞ ഒരു റിപ്പോര്‍ട്ടെങ്കിലും നമുക്ക് കാണാന്‍ സാധിക്കില്ല. അവര്‍ ക്വുര്‍ആന്‍ പഠിക്കേണ്ട വിധത്തില്‍ പഠിച്ചപ്പോള്‍ അവര്‍ക്ക് മനസ്സിലായത്, വിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണം മനസ്സിലാക്കേത് റസൂല്‍ ﷺ യിലൂടെയാണ് എന്നാണ്. അതാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ അറിയിക്കുന്നത് കാണുക:

وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും. (ഖു൪ആന്‍: 16/44)

ഈ സൂക്തത്തില്‍ പറഞ്ഞ ‘ബയാന്‍’ (വിവരണം) പ്രവാചകന്‍ ﷺ യുടെ വിശദീകരണമായ ഹദീഥാണെന്ന് സ്വഹാബത്ത് മനസ്സിലാക്കി. ഇങ്ങനെ ക്വുര്‍ആനും ഹദീഥും കൃത്യമായി സ്വീകരിച്ചാണ് ഒന്നാം നൂറ്റാണ്ടിലെ ആളുകള്‍ ജീവിച്ചത്. ഇവരെ പിന്‍പറ്റി ജീവിക്കാന്‍ അല്ലാഹു നമ്മോട് പറയുന്നു:

ﻭَٱﻟﺴَّٰﺒِﻘُﻮﻥَ ٱﻷَْﻭَّﻟُﻮﻥَ ﻣِﻦَ ٱﻟْﻤُﻬَٰﺠِﺮِﻳﻦَ ﻭَٱﻷَْﻧﺼَﺎﺭِ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَٰﻦٍ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﺗَﺤْﺘَﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ

മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം. (ഖു൪ആന്‍:9/100)

ഈ സൂക്തത്തില്‍ ആദ്യം സ്വഹാബത്തിനെക്കുറിച്ചും ശേഷം അവരെ പിന്‍പറ്റിയ താബിഉകളെക്കുറിച്ചുമാണ് അല്ലാഹു വിവരിക്കുന്നത്. സ്വഹാബത്തിന് പ്രവാചകന്‍ ﷺ യുടെ ഹദീഥുകളില്‍ സംശയമുണ്ടായിരുന്നില്ല എന്ന് നമുക്ക് മനസ്സിലായി. അത് പോലെ തന്നെയാണ് താബിഉകളുടെ സ്ഥിതിയും. അവരും റസൂല്‍ ﷺ യുടെ ഹദീഥുകളെ സ്വീകരിക്കുന്നവരും ആദരിക്കുന്നവരുമായിരുന്നു. ക്വുര്‍ആന്‍ മാത്രം മതി എന്ന വാദം അവര്‍ക്കുമുണ്ടായിരുന്നില്ല. അവരെക്കുറിച്ചാണ് ഈ ആയത്തില്‍ ‘സുകൃതം ചെയ്ത് കൊണ്ട് അവരെ പിന്തുടര്‍ന്നവര്‍’ എന്ന് അല്ലാഹു വിശേഷിപ്പിച്ചത്. ഇന്ത്യയിലും മറ്റും പില്‍ക്കാലത്ത് ഉടലെടുത്ത ഹദീഥ് നിഷേധം അല്ലാഹു എടുത്ത് പറഞ്ഞ ഈ ഉത്തമരായ സ്വഹാബികളില്‍ ഉണ്ടായിരുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളുടെ ക്രമീകരണങ്ങള്‍ നടത്തിയത് പോലും പ്രവാചകന്‍ ﷺയില്‍ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഈ സ്വഹാബിമാരാണ്. ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായം വെക്കണമെന്നൊന്നും വിശുദ്ധ ക്വുര്‍ആനില്‍ ഇല്ല.

ഹദീഥ് നിഷേധം

ശിയാക്കളും ഖവാരിജുകളും മുഅ്തസിലികളും

പില്‍ക്കാലത്ത് ഇസ്‌ലാമില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ഉടലെടുത്തപ്പോഴാണ് ഇത്തരം ചിന്തകള്‍ കടന്നുവരാന്‍ തുടങ്ങിയത്. ശിയാക്കള്‍ അലി رضى الله عنه വിനാണ് ഇമാമത്ത് നല്‍കേണ്ടത് എന്ന വാദവുമായി പുറപ്പെട്ട കാലഘട്ടത്തില്‍ അവരുടെ ആ തത്ത്വം അംഗീകരിക്കാത്ത സ്വഹാബികളോട് അവര്‍ക്ക് വെറുപ്പ് വന്നത് കാരണത്താല്‍ ആ സ്വഹാബിമാരുടെ ഹദീഥ് വേണ്ട എന്ന് വെച്ചതല്ലാതെ ഹദീഥുകള്‍ മൊത്തത്തില്‍ വേണ്ട എന്ന് അവര്‍ പറഞ്ഞിട്ടില്ല. അവര്‍ അംഗീകരിക്കുന്ന സ്വഹാബികളുടെ ഹദീഥുകള്‍ അവര്‍ തള്ളിയിട്ടില്ല. കൂടാതെ അവര്‍, അവര്‍ ഇഷ്ടപ്പെടുന്ന ഇമാമുകളുടെ പേരില്‍ കള്ള ഹദീഥുകള്‍ ഉണ്ടാക്കുകയും ചെയ്തു.

ഖവാരിജുകളുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അവരും ഹദീഥുകളെ മൊത്തത്തില്‍ തള്ളിയിരുന്നില്ല. അവടെ തത്ത്വങ്ങള്‍ അംഗീകരിക്കാത്ത സ്വഹാബികളുടെ ഹദീഥ് വേണ്ട എന്നാണവര്‍ തീരുമാനിച്ചത്. അവര്‍ അംഗീകരിക്കുന്നവരുടെ ഹദീഥുകള്‍ അവര്‍ സ്വീകരിച്ചു.

മുഅ്തസിലികളും ഹദീഥ് നിഷേധവും

മുഅ്തസിലികള്‍ എന്ന പിഴച്ച വിഭാഗത്തിന്റെ രോഗമാണ് ഇന്ത്യയിലും വിശിഷ്യാ നമ്മുടെ കേരളത്തിലും മംഗലാപുരത്തുമെല്ലാം കാണുന്നത്. ബുദ്ധിപൂജകന്മാരാണ് മുഅ്തസിലുകള്‍. ബുദ്ധിക്ക് യോജിക്കുന്നത് എടുക്കാം എന്നും അല്ലാത്ത ഹദീഥുകള്‍ തള്ളാം എന്നും പറയുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ ഉടലെടുത്തപ്പോള്‍ അവര്‍ക്ക് ഹദീഥിനോട് വിരോധവും നിഷേധവും വന്നു. ഇമാം ശാഫിഈ رحمَهُ اللهُ യുടെ കാലഘട്ടത്തില്‍ മുഅ്തസിലുകളില്‍ പെട്ട ഒരു വ്യക്തി ഇമാം ശാഫിഈയുമായി ചര്‍ച്ച നടത്തുകയും അതില്‍ ഇമാം ശാഫിഈ رحمَهُ اللهُ വിജയിക്കുകയും ചെയ്തുവത്രെ. ഈ ചര്‍ച്ച അതോട് കൂടി തീര്‍ന്നു. ഈ ചിന്താഗതി തന്നെ നാമാവശേഷമായി. ഇന്ന് ഈ വാദമുള്ളവര്‍ നമ്മുടെ നാടുകളില്‍ ഉള്ളതായി യഥേഷ്ടം നമുക്ക് കാണാവുന്നതാണ്.

പിന്നീട് ഉണ്ടായ വാദം ക്വുര്‍ആന്‍ മാത്രം മതി, ഹദീഥിന്റെ ആവശ്യമേ ഇല്ല എന്നതാണ്. ഈ തത്വത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറ്റിയും, അത് നമ്മുടെ നാടുകളില്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

പിഴച്ച ചിന്തകള്‍ ഇന്ത്യയില്‍

ആധുനിക കാലത്ത് ഹദീഥ് നിഷേധത്തിന്റെ തുടക്കം ഏകദേശം ക്രി. 20 ാം നൂറ്റാണ്ടിലാണ്. ക്രി. 1900 ന് ശേഷം പുതിയ ആശയങ്ങളുമായി ഓരോ വ്യക്തികള്‍ ഇന്ത്യന്‍ മേഖലകളില്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി അവരില്‍ പെട്ട ഒരാളാണ്. പലതും അയാള്‍ വാദിച്ചിട്ടുണ്ട്. ആദ്യം മഹ്ദിയാണെന്ന് വാദിച്ചു. പിന്നെ ഈസയാണെന്നും നിഴല്‍ നബിയാണെന്നും വാദിക്കുകയുണ്ടായി. അയാളുടെ പുസ്തകങ്ങള്‍ വായിച്ചാല്‍ അയാള്‍ ഒരു മാനസിക രോഗിയാണോ എന്ന സംശയം ഉണ്ടാവും. എന്നാല്‍ അയാള്‍ ബ്രിട്ടീഷുകാരുടെ ചാരനായി, അവര്‍ക്ക് പിന്തുണ നല്‍കി ജീവിച്ച ആളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു മിര്‍സാ ഗുലാം. ഇസ്‌ലാമിന്റെ പല അടിസ്ഥാന തത്ത്വങ്ങളെയും ഇയാളും പിന്തുണക്കുന്ന ആളുകളും നിഷേധിക്കുകയും, മറ്റൊരു മതമായി അത് രൂപപ്പെടുകയും ചെയ്യുകയാണുണ്ടായത്.

ഗുലാം നബി അബ്ദുല്ല ജുഗ്ഡാലവി

അതേ കാലഘട്ടത്തില്‍ തന്നെ ഗുലാം നബി അബ്ദുല്ല ജുഗ്ഡാലവി എന്ന വ്യക്തിയും രംഗത്ത് വന്നു. അയാള്‍ മുഴുവന്‍ ഹദീഥുകളും തള്ളണമെന്ന് പറഞ്ഞാണ് രംഗപ്രവേശനം ചെയ്തത്. ആ വ്യക്തി യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തിന് അടിസ്ഥാനമാക്കിയത് അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനായി അറിയപ്പെടുന്ന സര്‍സയ്യിദ് അഹ്മദ്ഖാന്റെ ചിന്താഗതികളായിരുന്നു. ഇവരിലൂടെയൊക്കെയാണ് ഹദീഥ് നിഷേധത്തിന്റെ വേരുകള്‍ ഇന്ത്യയില്‍ വ്യാപിച്ചത്.

മുഹമ്മദ് അഹ്മദ് രിദാ ബറേല്‍വി

ഏകദേശം അതേ കാലഘട്ടത്തിലെ തന്നെ മറ്റൊരു വ്യക്തിയാണ് മുഹമ്മദ് അഹ്മദ് രിദാ ബറേല്‍വി. ഇയാളുടെ വാദം മുഹമ്മദ് നബി ﷺ മനുഷ്യനല്ല എന്നായിരുന്നു. മുഹമ്മദ് നബി ﷺ മരിച്ചിട്ടില്ലെന്നും നബിയോട് വിളിച്ച് പ്രാര്‍ഥിച്ചാല്‍ ആവശ്യമുള്ള സ്ഥലത്തേക്ക് അദ്ദേഹം വരുമെന്നുമൊക്കെയായിരുന്നു. അത് പോലെ തന്നെ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും കയ്യാളാന്‍ റസൂല്‍ ﷺ യുടെ അടുക്കല്‍ കഴിവുണ്ടെന്നും അയാള്‍ വാദിച്ചു. ഈ മൂന്ന് ആളുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടീഷുകാരായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി കാര്യം നേടാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ മാര്‍ഗങ്ങളായിരുന്നു ഇവയെല്ലാം. എന്നാല്‍ ഇതിനെയൊക്കെ എതിര്‍ക്കാന്‍ സനാഉല്ലാ അമൃതസരിയെ പോലെയുള്ള പല പണ്ഡിതന്‍മാരും രംഗത്തിറങ്ങുകയുണ്ടായി. ഈ വാദങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കാനും മിര്‍സാഗുലാമിനെ പോലെയുള്ളവരോട് മുബാഹല വരെ നടത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രി.1948 ലാണ് സനാഉല്ലാ അമൃതസരി വഫാത്താകുന്നത്. മിര്‍സാ ഗുലാമുമായുള്ള മുബാഹലയില്‍ ‘അസത്യത്തിന്റെ ഉടമ ആദ്യം നശിക്കട്ടെ’ എന്ന് ഡല്‍ഹിയില്‍ വെച്ച് മിര്‍സാ ഗുലാം ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. അങ്ങനെ ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും അയാള്‍ മരിക്കുകയും, സനാഉല്ലാ അമൃതസരി നാല്‍പത് വര്‍ഷത്താളം പിന്നെയും ജീവിക്കുകയും ചെയ്തു.

ഓറിയന്റലിസ്റ്റുകള്‍

ഹദീഥ് നിഷേധം എന്ന ചിന്താഗതി ഇന്ത്യയില്‍ വന്നതിന്റെ മുഖ്യ കാരണം ബ്രിട്ടീഷ് ചാരന്‍മാരുടെ പ്രവര്‍ത്തനമാണ്. ഓറിയന്റലിസ്റ്റുകളും ഹദീഥ് നിഷേധം ഇന്ത്യയില്‍ വളരാന്‍ കാരണമായിട്ടുണ്ട്. റോമന്‍, ബ്രിട്ടീഷ്, യൂറോപ്യന്‍ നാടുകളില്‍ നിന്ന് ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി കിഴക്കന്‍ നാടുകളിലേക്ക് അവര്‍ പണ്ഡിതന്‍മാരെ അയക്കുകയും അവര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ക്വുര്‍ആനും ഹദീഥുകളും പഠിക്കുകയും പിഴച്ച ആശയങ്ങളുമായി ഗ്രന്ഥങ്ങള്‍ ഇറക്കുകയും ലോകവ്യാപകമായി അവരുടെ ചിന്താഗതികളും ആശയങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. ഈജിപ്തില്‍ സുന്നത്തിനെ നിഷേധിക്കുന്ന ഇത്തരക്കാര്‍ വന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ അവിടെ അന്‍സ്വാറുസ്സുന്ന എന്ന സംഘടന രൂപീകൃതമായി. ഇന്നും തൗഹീദീ പ്രബോധനവുമായി അവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇസ്‌ലാം വിരുദ്ധരായ പാശ്ചാത്യരുടെ പ്രവര്‍ത്തനങ്ങള്‍ അറേബ്യന്‍ നാടുകളില്‍ ഫലം കണ്ടില്ല. കാരണം, അവര്‍ക്കറിയാം റസൂല്‍ ﷺ കൊണ്ടുവന്ന എല്ലാം സ്വീകരിക്കാന്‍ വിശുദ്ധ ക്വുര്‍ആനില്‍ കല്‍പനയുണ്ടെന്ന്. അല്ലാഹു പറയുന്നത് കാണുക:

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ

നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (ഖു൪ആന്‍:59/7)

ഈ വചനത്തില്‍ പറഞ്ഞ, ‘റസൂല്‍ ﷺ ക്ക് നല്‍കപ്പെട്ട കാര്യം’ ക്വുര്‍ആന്‍ മാത്രമല്ല; അതോടൊപ്പം അതിന്റെ വിശദീകരണമായ ഹദീഥുകളും ഉള്‍പ്പെടുമെന്ന് അവര്‍ മനസ്സിലാക്കി. അത് പോലെ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നതും അവര്‍ക്കറിയാം. ഇതുമായി ബന്ധപ്പെട്ട ചില ആയത്തുകള്‍ കാണുക:

قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ

പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. (ഖുർആൻ:3/32)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (ഖുർആൻ:4/59)

‏ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ ‎

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്‌. (ഖുർആൻ:8/20)

قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ

നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്‌. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്‌. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു. (ഖുർആൻ:24/54)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَٰلَكُمْ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക. (ഖുർആൻ:47/33)

ഈ ആയത്തുകളിലെല്ലാം അല്ലാഹുവിനെയും അവന്റെ റസൂൽ ﷺ യെയും അനുസരിക്കാന്‍ അല്ലാഹു കല്‍പിക്കുന്നത് നാം കണ്ടു. റസൂൽ ﷺ യെ അനുസരിച്ചവര്‍ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു. റസൂൽ ﷺ യെ അനുസരിക്കുന്ന ആളുകളെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَٰكَ عَلَيْهِمْ حَفِيظًا

(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല. (ഖു൪ആന്‍:4/80)

അല്ലാഹുവിനെയും റസൂല്‍ ﷺ യെയും അനുസരിക്കുന്നവരുടെ മഹത്വം

ഇങ്ങനെ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ക്ക് മഹത്തായ പ്രതിഫലവും അതില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയും അല്ലാഹു നല്‍കുമെന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം. (ഖു൪ആന്‍:4/13)

وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا

ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍! (ഖു൪ആന്‍:4/69)

ഹദീഥ് നിഷേധികളുടെ വ്യതിയാനങ്ങൾ

റസൂൽ ﷺയോട് എതിരാകുന്നവരെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! (ഖുര്‍ആൻ:4/115)

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖുര്‍ആൻ:4/65)

ഈ ആശയമുള്ള നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിലുള്ളപ്പോൾ ഹദീഥ് നിഷേധം എന്ന പിഴച്ച ചിന്ത പലർക്കും ഉൾക്കൊള്ളാനായില്ല. പിന്നെ മുഹമ്മദ് അബ്ദു, റശീദ് രിദ എന്നിവരെ പോലുള്ള ആളുകൾ അവരുടെ ഗ്രന്ഥങ്ങളിലൂടെയും മറ്റും ഈ കാര്യം പ്രചരിപ്പിക്കാൻ ശ്രമിച്ചതാണ് കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ചത്. ഇന്ത്യയിൽ ഇതിന് വേരോട്ടമുണ്ടായി. ഭിന്നിപ്പിച്ച് കാര്യം നേടിയെടുക്കുക എന്ന പാശ്ചാത്യരുടെ തത്ത്വം മുമ്പിൽ വെച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ പ്രമുഖരായ പല മുസ്ല‌ിം ചിന്തകരിലൂടെയും പ്രചാരണം നടത്തിയത്. ഇത്തരക്കാർ ബ്രിട്ടീഷ് സർക്കാർ നിലനിൽക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപെട്ടു. ആളുകൾ ജിഹാദിൽ ഏർപെടാതിരിക്കൻ വേണ്ടി പലതും പ്രചരിപ്പിച്ചു. മിർസയും ജുഗ്‌ഡാലവിയും ശക്തമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ജുഗ്‌ഡാലവി 14 ഗ്രന്ഥങ്ങൾ ഈ വിഷയകമായി എഴുതി. അവയൊക്കെ മിർസാ ഗുലാമിന്റെ ലൈബ്രറിയിലാണ് ഇന്ന് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ലാഹോറിൽ (അന്ന് ഇന്ത്യയിലാണ് ലാഹോർ ഉള്ളത്) ആ കാലഘട്ടത്തിൽ ജീവിച്ച അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഇശാഅത്തുസ്സുന്ന എന്ന പേരിൽ ഇറക്കിയ പത്രത്തിൽ ഹദീഥ് നിഷേധികളായ ഈ കൂട്ടർ, ഖാദിയാനികളെ പോലെ കാഫിറുകളാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഹദീഥിനെ നിഷേധിക്കുക എന്നത് ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്ത് പോകുന്ന വിഷയമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. സർസയ്യിദ് അഹ്‌മദ് ഖാൻ, ചിറാഗ് അലി, അബ്ദുല്ലാ ജുഗ്‌ഡാലവി, അഹ്മദുദ്ദീൻ അമൃ തസരി, അഹ്‌മദ് ബർവേസ് എന്നിവരൊക്കെ കാഫിറുകളാണെന്നാണ് അന്നത്തെ മുഫ്‌തികൾ ഫത്വ നൽകിയിരുന്നത്.

ഇവരുടെ നമസ്ക്‌കാര രൂപം

അബ്ദുല്ലാ ജുഗ്‌ഡാലവിയുടെ നമസ്കാര രൂപം അയാളുടെ പുസ്‌തകത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം:

أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا

സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്‌) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.  നിയോഗിച്ചേക്കാം. (ഖുർആൻ :17/78)

ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് നേരം തന്നെ നമസ്കരിക്കണം എന്ന് അയാൾ സമ്മതിച്ചു. നമസ്കാരത്തിന്റെ റക്‌അത്ത് രണ്ടാവാം, മൂന്നാവാം, നാലാവാം എന്നൊക്കെ അയാൾ വാദിക്കുകയും ചെയ്‌തു. അതിനുള്ള തെളിവായി ഉദ്ധരിച്ച വചനം കാണുക. അല്ലാഹു പറയുന്നു:

ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുർആൻ :35/1)

തക്ബീറത്തുൽ ഇഹ്റാമിൻ്റെ രൂപം: തക്ബീറത്തുൽ ഇഹ്റാമിനും ഖുർആനിൽ നിന്ന് തന്നെ തെളിവ് കണ്ടെത്തിയത് കാണുക:

إِنَّ ٱللَّهَ كَانَ عَلِيًّا كَبِيرًا (തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു – 4/34) എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇത് പറഞ്ഞാണ് ഇഹ്റാമിൽ പോകേണ്ടത്, ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞ് കൊണ്ടല്ല എന്ന് അദ്ദേഹം പറയുന്നു!

സുജൂദിന്റെ രൂപം: റുകൂഅ് കഴിഞ്ഞാൽ പിന്നെ ഇഅ്തിദാൽ ഇല്ല. കാരണം അതൊന്നും ഖുർആനിൽ പറഞ്ഞിട്ടില്ല. റുകൂഇന് ശേഷം അവിടന്ന് ഒരു ചാട്ടമാണ് വേണ്ടതത്രെ! പിന്നെ സലാം വീട്ടലുമില്ല. സുജൂദിൽ നിന്ന് തന്നെ എണീറ്റ് പോകലാണ്. ഇതൊക്കെയാണ് ഇത്തരക്കാരുടെ നമസ്‌കാരത്തിന്റെ അവസ്ഥ.

മുഹമ്മദ് റമദാനും നമസ്‌കാരവും

മുഹമ്മദ് റമദാൻ എന്നയാൾ മറ്റൊരു രൂപത്തിലാണ് നമസ്‌കാരത്തെ മനസ്സിലാക്കിയത്. അയാളുടെ അടുക്കൽ നമസ്ക‌ാരം മൂന്ന് വഖ്‌ത് മാത്രമായിരുന്നു. അസ്‌റും, മഗ്‌രിബും ‘അഹ്ലു‌ൽ അഹ്‌വാഅ്’ (ഇച്ഛയനുസരിച്ച് നടക്കുന്നവർ) കൊണ്ട് വന്നതാണെന്നാണ് ഇയാൾ പറയുന്നത്. എല്ലാ റക്‌അത്തിലും ഒരു സുജൂദ് മതി എന്നാണ് ഇയാളുടെ വാദം. സുജൂദ് അവസാനിച്ചാൽ എഴുന്നേറ്റ് പോവുകയും ചെയ്യാമത്രെ. ജുഗ്‌ഡാലവിയുടെ നമസ്‌കാര രൂപത്തിലെ ചില കാര്യങ്ങളോട് (ഇഅ്തിദാൽ ഇല്ലാതെ റുകൂഇൽ നിന്ന് സുജൂദിലേക്ക് ചാടുന്നത്) ഇദ്ദേഹം യോജിക്കുന്നുണ്ട്.

ലാഹോരീ ഹദീഥ് നിഷേധികളും നമസ്കാരവും

അവരുടെ നമസ്ക്‌കാരം തുടങ്ങുന്നത് പ്രവാചകൻ ﷺ പഠിപ്പിച്ച പ്രാരംഭ പ്രാർഥന കൊണ്ടല്ല. റസൂൽ ﷺ മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ പ്രാർഥിച്ചതായി ഖുർആൻ വ്യാഖ്യാതാക്കൾ സൂചിപ്പിച്ച വചനമായ رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ (എന്റെ രക്ഷിതാവേ, സത്യത്തിൻ്റെ പ്രവേശന മാർഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കേണമേ -17/80 )എന്ന് പറഞ്ഞ് കൊണ്ടാണ് തുടങ്ങേണ്ടത് എന്നാണ് അവരുടെ വാദം. അതോടൊപ്പം അവർ റുകൂഇൽ മൂന്ന് ആയത്തും സുജൂദിൽ അഞ്ച് ആയത്തും ഓതാറുണ്ടായിരുന്നു.

സയ്യിദ് റഫീഉം നമസ്‌കാരവും

നമസ്കാരം നാല് നേരമേ ഉള്ളു എന്ന് അയാൾ പറഞ്ഞു. ഹദീഥ് നിഷേധികളിൽ നമസ്കാരത്തിന് പലർക്കും പല വക്ത്താണ്. അവയുടെ പേരുകൾ: 1) തഹജ്ജുദ് നമസ്കാരം. 2) ഫജ്ർ നമസ്‌കാരം, 3) ദുഹ്‌ർ നമസ്‌കാ രം. 4) സായാഹ്ന നമസ്‌കാരം. ഇങ്ങനെ നാല് വക്ത്തുകൾ. ഇതിൽ തഹജ്ജുദും ഫജ്‌റും നമസ്‌കരിക്കുമ്പോൾ കിഴക്ക് ഭാഗത്തേക്കും, ദുഹ്റും സായാഹ്ന നമസ്‌കാരവും പടിഞ്ഞാറ് ഭാഗത്തേക്കും തിരിഞ്ഞാണ് നമസ്‌കരിക്കേണ്ടത് എന്നാണ് അയാൾ പറയുന്നത്. ഇതിന് കാരണം പറയുന്നത് ഖുർആനിൽ അല്ലാഹു കിഴക്കും പടിഞ്ഞാറുമൊക്കെ അല്ലാഹുവിന്റെതാണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ്.

ഇത്തരം പ്രഹസനങ്ങളും മതത്തെ കളിയാക്കലുമൊക്കെയാണ് ഹദീഥ് നിഷേധത്തിൻ്റെ ഫലമായി ഇന്ത്യൻ മേഖലകളിൽ ഉണ്ടായത്. അറബികൾക്കിടയിൽ കാര്യമായ സ്വാധീനം ഈ നിഷേധങ്ങൾക്കും പരിഹാസങ്ങൾക്കും ഉണ്ടായില്ല എന്ന് നാം മനസ്സിലാക്കി. എന്നാൽ ഇന്ത്യയിൽ ഇന്നും ഇത് പ്രചരിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. റസൂൽ ﷺ പോയ വഴിയിലൂടെ പോകാത്തപ്പോഴുള്ള കുഴപ്പങ്ങളാണ് ഇത്തരം വഴികേടുകൾക്ക് കാരണം. വിശുദ്ധ ഖുർആനിൽ അല്ലാഹു റസൂൽ ﷺ യോട് പറഞ്ഞത് കാണുക:

وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിക്കുവാന്‍ വേണ്ടിയും. (ഖു൪ആന്‍: 16/44)

ഈ വിവരണം പ്രവാചകൻ ﷺ യിൽ നിന്ന് മനസ്സിലാക്കാത്തതിനാൽ ഉണ്ടാകുന്ന അപകടങ്ങളാണിത്. ഈ വചനത്തിൽ വിശുദ്ധ ഖുർആനിനെയും അതിൻ്റെ വിശദീകരണമായ തിരുസുന്നത്തിനെയും വേർതിരിച്ച് പറഞ്ഞത് സുവ്യക്തമാണ്. മറ്റൊരു സ്ഥലത്ത് അല്ലാഹു പറഞ്ഞത് കാണുക:

ثُمَّ إِنَّ عَلَيْنَا بَيَانَهُ

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (ഖു൪ആന്‍: 75/19)

വിശുദ്ധ ഖുർആനിനെ വിവരിക്കാൻ അല്ലാഹു ഏറ്റെടുത്ത ആ ബാധ്യതയാണ് മുകളിൽ സൂചിപ്പിച്ച ആയത്തിലൂടെ അല്ലാഹു വ്യക്തമാക്കിയത്. അഥവാ അത് വിശദീകരിക്കാൻ റസൂൽ ﷺ യെ തെരഞ്ഞെടുത്തു എന്നർഥം. അപ്പോൾ അല്ലാഹുവിനോടും റസൂലിനോടും എതിരിടാനാവരുത് ഒരു മുസ്‌ലിം ശ്രദ്ധിക്കേണ്ടത്.

ഇവരുണ്ടാക്കുന്ന സംശയങ്ങൾ

ഇവർ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന സംശയങ്ങൾ നമുക്ക് ചർച്ച ചെയ്യാം. അല്ലാഹു പറയുന്നു:

مَّا فَرَّطْنَا فِى ٱلْكِتَٰبِ مِن شَىْءٍ ۚ

ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. (ഖു൪ആന്‍: 6/38)

ഇതിൽ പറയപ്പെട്ട ‘കിതാബ്’ ‘ലൗഹുൽ മഹ്ഫൂദ്’ ആണെന്നാണ് ഭൂരിഭാഗം വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഇമാം ശൗകാനി رحمَهُ اللهُ യെ പോലുള്ള ചില പണ്ഡിതർ അത് വിശുദ്ധ ഖുർആനാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും ഖുർആനിൽ തന്നെ ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് ഹദീഥ് എന്നാണ് അവർ ചോദിക്കുന്നത്. അറിവില്ലാത്തവർക്ക് പെട്ടെന്ന് ഇത് ശരിയാണെന്ന് തോന്നാം. എന്നാൽ അറിവില്ലാത്തവർ അറിവില്ലായ്‌മയിൽ കൂടി പോകാതെ അല്ലാഹു പറഞ്ഞത് പോലെ അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാഹു പറയുന്നത് കാണുക:

فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക. (ഖു൪ആന്‍: 16/43)

അല്ലാതെ മതത്തിൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങളും ആരാധനാരീതികളുമുണ്ടാക്കാൻ നമുക്ക് അധികാരമില്ല. അല്ലാഹുവും റസൂൽ ﷺ യും പഠിപ്പിച്ച വിധം മാത്രം കാര്യങ്ങൾ ചെയ്യേണ്ടവരാണ് നമ്മൾ.

ഈ സൂക്തത്തിൻ്റെ വിവരണത്തിൽ അമാനി മൗലവി എഴുതുന്നു: ‘ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്‌ച -അഥവാ പോരായ്‌മ- വരുത്തിയിട്ടില്ല’ എന്നു പറഞ്ഞതിലെ ‘ഗ്രന്ഥം’ കൊണ്ടുദ്ദേശ്യം ക്വുര്‍ആന്‍ ആയിരിക്കുവാനും, സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ ചെറുതും വലുതുമായ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന اللوح المحفوظ (ലൗഹുല്‍മഹ്‌ഫൂദ്വ്‌) ആയിരിക്കുവാനും സാധ്യതയുണ്ട്‌. ഒന്നാമത്തേതനുസരിച്ച്‌ ആ വാക്യത്തിന്റെ സാരം, നിങ്ങള്‍ക്കു വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തെളിവുകളുമെല്ലാം വേണ്ടതുപോലെ ക്വുര്‍ആനില്‍ നാം അടക്കം ചെയ്‌തിട്ടുണ്ടെന്നും, രണ്ടാമത്തേതനുസരിച്ച്‌ ഓരോ വസ്‌തുവിനും സമുദായത്തിനും വേണ്ടതു എന്തെല്ലാമാണ്‌, അവ എങ്ങിനെയെല്ലാം ആയിരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആ രേഖയില്‍ വ്യവസ്ഥ ചെയ്‌തുവെച്ചിട്ടുണ്ടെന്നും ആയിരിക്കുന്നതാണ്‌. الله أعلم (അമാനി തഫ്സീര്‍)

സകാത്തും വിശുദ്ധ ഖുർആനും

സ്വർണത്തിത്തിനും വെള്ളിക്കുമെല്ലാം സകാത്ത് നൽകണമെന്നും, സകാത്തിൻ്റെ അവകാശികൾ എട്ട് വിഭാഗമാണെന്നും അല്ലാഹു ഖുർആനിലൂടെ അറിയിക്കുന്നുണ്ട്. സകാത്ത് കൊടുക്കത്തവർക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പും ക്വുര്‍ആനിൽ കാണാം. അല്ലാഹു പറയുന്നത് കാണുക:

وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ

സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാ-തിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ (നരക) ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/34)

സകാത്തിൻ്റെ അവകാശികളെക്കുറിച്ച് അല്ലാഹു പറയുന്നു:

إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. (ഖു൪ആന്‍:9/60)

സകാത്ത് നൽകണമെന്നും അതിന്റെ അവകാശികൾ ഈ ആയത്തിൽ സൂചിപ്പിച്ചവരാണെന്നും നമുക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ എങ്ങനെ ചെലവഴിക്കണമെന്നും എപ്പോഴാണ് ചെലവഴിക്കേണ്ടതെന്നും എത്ര കൊടുക്കണമെന്നും വിശുദ്ധ ക്വുര്‍ആനിൽ വിവരിക്കപ്പെട്ടിട്ടില്ല. അവ മനസ്സിലാക്കണമെങ്കിൽ പ്രവാചകൻ ﷺ യുടെ വിശദീകരണം അനിവാര്യമാണ്. അതിന് വേണ്ടിയാണ് പ്രവാചകൻ യെ അല്ലാഹു നിയോഗിച്ചത് തന്നെ. വിശുദ്ധ ഖുർആനിൽ എല്ലാ കാര്യങ്ങളും മൊത്തമായി വിവരിക്കുകയും അതിൻ്റെ വിവരണം നൽകാൻ പ്രവാചകൻ ﷺ യെ അല്ലാഹു ഏൽപിക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. ആ വിവരണമാകട്ടെ അല്ലാഹു അറിയിച്ച് കൊടുക്കുന്നത് പ്രകാരവുമാണ്. ഇത് നമ്മൾ മനസ്സിലാക്കണം.

നമസ്ക്‌കാരവും വിശുദ്ധ ക്വുര്‍ആനും

നമസ്കാരത്തിൻ്റെ അഞ്ച് സമയങ്ങളെക്കുറിച്ച് അല്ലാഹു വിശുദ്ധ ക്വുർആനിൽ പറഞ്ഞിട്ടില്ല എന്ന് ചിലർ സംശയമുണ്ടാക്കാറുണ്ട്. നേരത്തെ ഉദ്ധരിച്ച 17/78 സൂക്തം നോക്കുക. ഈ സൂക്തത്തിൽ നിന്ന് തന്നെ അഞ്ച് നമസ്‌കാരങ്ങളെക്കുറിച്ച് അല്ലാഹു അറിയിക്കുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കൂടാതെ റസൂൽ ﷺ അവ വിവരിച്ച് തന്നിട്ടുമുണ്ട്. അതിനും പുറമെ അസ്‌ർ നമസ്‌കാരത്തെക്കുറിച്ച് അല്ലാഹു പ്രത്യേകം പറയുന്നതും കാണുക:

ﺣَٰﻔِﻈُﻮا۟ ﻋَﻠَﻰ ٱﻟﺼَّﻠَﻮَٰﺕِ ﻭَٱﻟﺼَّﻠَﻮٰﺓِ ٱﻟْﻮُﺳْﻄَﻰٰ ﻭَﻗُﻮﻣُﻮا۟ ﻟِﻠَّﻪِ ﻗَٰﻨِﺘِﻴﻦَ

പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖു൪ആന്‍ :2/ 238)

ഇതിൽ പറഞ്ഞ ‘സ്വലാത്തുൽ വുസ്‌ത്വാ’ അസ‌ർ നമസ്കാരമാണെന്നാണ് ഭൂരിഭാഗം വ്യാഖ്യാതാക്കളും പറയുന്നത്. നമസ്‌കാരത്തിൻ്റെ സമയത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നവർക്ക് ഓരോ നമസ്‌കാരത്തിലും റക്അത്തുകൾ നിശ്ചയിക്കാൻ ആരാണ് പഠിപ്പിച്ചത്? അത് ക്വുര്‍ആനിൽ പറഞ്ഞിട്ടുണ്ടോ? ഓരോ നമസ്കാരത്തിലും പ്രത്യേക എണ്ണം റക്‌അത്തുകൾ പഠിപ്പിച്ചതാരാണ്? റസൂൽ ﷺ യാണ് ഇവ നമുക്ക് പഠിപ്പിച്ച് തന്നത്. അത് കൊണ്ട് ആ റസൂലിനെ പിൻപറ്റുക എന്നതല്ലാതെ സ്വന്തം ബുദ്ധികൊണ്ട് രൂപപ്പെടുത്തുന്ന ആരാധനകൾ ചെയ്യാനല്ല അല്ലാഹു പറഞ്ഞത് എന്ന് മനസ്സിലാക്കണം. അല്ലാഹു വിശദീകരണം പറഞ്ഞിട്ടില്ല എന്ന് വാദിച്ച് ഇത്തരം കാര്യങ്ങൾ ഇവർ ഉപേക്ഷിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. തനിക്ക് തോന്നിയത് എടുക്കാനും ഇഷ്ടമില്ലാത്തത് തള്ളാനുമല്ല മുസ്‌ലിം ശ്രമിക്കേണ്ടത്. അത് പോലെ തന്നെ യാത്രയിലാണെങ്കിൽ നാല് റക്‌അത്തുള്ള നമസ്കാരം രണ്ട് റക്‌അത്തായി ചുരുക്കി നമസ്ക്‌കരിക്കേണ്ട രൂപം ക്വുർആനിൽ വിവരിച്ചിട്ടില്ല. ചുരുക്കി നമസ്കരിക്കാം എന്ന് മാത്രമാണ് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുള്ളത്:

وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ

നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍:4/101)

റസൂൽ ﷺ യാണ് ഏത് രൂപത്തിലാണ് ചുരുക്കി നമസ്കരിക്കേണ്ടത് എന്ന് നമ്മെ പഠിപ്പിച്ചത്. ഹദീഥ് നിഷേധികൾ ഇത് എങ്ങനെയായിരിക്കും നമസ്‌കരിക്കുക? ക്വുര്‍ആനിൽ റക്‌അത്തുകളുടെ എണ്ണം പഠിപ്പിച്ചിട്ടില്ല. അത് കൊണ്ട് ഒരു റക്‌അത്ത് മാത്രം നമസ്‌കരികരിച്ചാൽ മതി എന്ന് വാദിക്കുന്ന ഇവർ എങ്ങനെയാണ് ചുരുക്കി നമസ്ക്‌കരിക്കുക? ആർത്തവമുള്ളവരുമായി ബന്ധപ്പെടാൻ പാടില്ലെന്ന് ക്വുര്‍ആൻ പഠിപ്പിച്ചതാണ്. എന്നാൽ ആർത്തവം, പ്രസവ രക്തം തുടങ്ങിയവയുള്ള സ്ത്രീകൾ നമസ്‌കരിക്കരുതെന്ന് വിശുദ്ധ ക്വുര്‍ആനിൽ കാണാൻ സാധ്യമല്ല. അപ്പോൾ ക്വുര്‍ആൻ മാത്രം മതി എന്ന് വാദിക്കുന്ന ഇവരുടെ സ്ത്രീകൾ ഇത്തരം വേളകളിലും നമസ്‌കരിക്കേണ്ടി വരും.

മോഷണത്തിന്റെ ശിക്ഷയെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءَۢ بِمَا كَسَبَا نَكَٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ

മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:5/38)

കട്ടവന്റെ കൈ വെട്ടണമെന്നാണ് അല്ലാഹു അറിയിക്കുന്നത്. ഈ വചനത്തിലെ ‘കൈകൾ’ എന്ന പദത്തിന് ‘ശക്തി’ എന്ന അർഥം നൽകുകയും, കള്ളൻമാരെ ഇല്ലാതാക്കാൻ ഗവണ്മെൻ്റ് ശക്തി പ്രയോഗിക്കണം എന്നാക്കുകയും ചെയ്‌തു ഹദീഥ് നിഷേധികൾ. കാരണം കൈകൾ എന്ന് അർഥം പറഞ്ഞാൽ പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരം കണ്ടെത്താൻ കഴിയില്ല. കൈ വെട്ടുകയാണെങ്കിൽ തന്നെ എവിടെയാണ് വെട്ടേത്? കൈപടമാണോ, അതോ കൈമുട്ടാണോ വെട്ടേണ്ടത്? എത്ര കട്ടാലാണ് വെട്ടേണ്ടത്? എപ്പോൾ വെട്ടണം? ഇതൊക്കെ ഹദീഥുകളാണ് വിശദീകരിക്കുന്നത്. അല്ലാഹു പറഞ്ഞ രൂപത്തിൽ റസൂൽ ﷺ യെ അനുസരിച്ച് കൊണ്ട് ജീവിച്ചാൽ ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാവില്ല. അല്ലെങ്കിൽ അല്ലാഹു പറഞ്ഞതിൽ വീഴ്‌ചയുണ്ട് എന്ന് പറയേണ്ടി വരും. എന്നാൽ അല്ലാഹു പറയുന്നത് കാണുക:

ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ ﺩِﻳﻨًﺎ ۚ

…. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. ……(ഖു൪ആന്‍ :5/3)

മതം പരിപൂർണമായിട്ടുണ്ട്. അത് ക്വുര്‍ആനും തിരുസുന്നത്തും അനുസരിച്ചെങ്കിൽ മാത്രമെ നമുക്ക് യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളൂ. അതാണ് സ്വഹാബികളിൽ നമ്മൾ കണ്ടത്. അവർക്ക് ക്വുര്‍ആൻ മാത്രം മതി എന്നും ഹദീഥ് വേണ്ട എന്നുമുള്ള ചിന്ത ഉണ്ടായിട്ടേ ഇല്ല. മുകളിൽ സൂചിപ്പിച്ച പ്രശ്‌നങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അല്ലാഹു ഖുർആനിൽ പല കാര്യങ്ങളും പൊതുവായി പരാമർശിക്കുകയാണ് ചെയ്‌തിട്ടുള്ളത് എന്നാണ്. ഇങ്ങനെ മൊത്തത്തിൽ കാര്യങ്ങൾ പറയുമ്പോഴെല്ലാം അല്ലാഹു ആവർത്തിച്ച് ഉണർത്തുന്ന ഒരു കാര്യമാണ് നിങ്ങൾ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിക്കുകയും റസൂൽ ﷺ പഠിപ്പിച്ച കാര്യങ്ങൾ സ്വീകരിക്കുകയും വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യണമെന്നത്. ഇത് മറക്കുമ്പോഴും അതിനെ നിഷേധിക്കുമ്പോഴും അപകടങ്ങളിൽ കുടുങ്ങുമെന്നത് യാഥാർഥ്യമാണ്. അല്ലാഹു പറയുന്നത് കാണുക:

مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَٰكَ عَلَيْهِمْ حَفِيظًا

(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല. (ഖു൪ആന്‍ :4/80)

ഇതിൽ നിന്ന് റസൂൽയെ അനുസരിക്കണം എന്നുള്ള കാര്യം സുവ്യക്തമാണ്. ഖുർആനിൽ പറഞ്ഞ കാര്യങ്ങളിൽ മാത്രം റസൂൽ ﷺ യെ അനുസരിച്ചാൽ മതി എന്ന് ഇതിൽ നിന്ന് കിട്ടില്ല. റസൂൽ ﷺ നമ്മെ അറിയിക്കുന്ന എല്ലാ കാര്യങ്ങളിലും ഈ അനുസരണം നമ്മിൽ ഉണ്ടായിരിക്കണം. അല്ലാഹു നമ്മെ അറിയിക്കുന്ന മറ്റൊരു കാര്യം ശ്രദ്ധിക്കുക:

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍ :33/21)

മതത്തിൻ്റെ എല്ലാ വിഷയങ്ങളിലും ഈ മാതൃക വിശ്വാസികൾക്ക് ഉണ്ടെന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു മാതൃകയാക്കണമെന്ന് പറഞ്ഞ ഈ മാതൃകയാണ് ഹദീഥ് നിഷേധികൾ ഇല്ലാതാക്കുന്നത്. ഈ സമുദായത്തിൻ്റെ ഇമാം ആണ് റസൂൽ ﷺ അദ്ദേഹം എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും നാം അതിനെ പിന്തുടരണം. കാരണം റസൂൽ ﷺ വഹ്‌യിൻ്റെ അടിസ്ഥാനത്തിലാണ് സംസാരിക്കാറുള്ളത്. അല്ലാഹു പറയുന്നു:

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.(ഖു൪ആന്‍:53/3-4)

ഹദീസ് നിഷേധത്തിലെ അപകടം

നബി ﷺ യുടെ മക്കാ ജീവിതവും ഹദീഥുകളും

നബി ﷺ യുടെ മക്കാജീവിത കാലഘട്ടം എടുത്താൽ അതിലെ പല കാര്യങ്ങളും വിശുദ്ധ ഖുർആനിൽ കാണാൻ സാധിക്കില്ല. ആ കാലത്തുണ്ടായ പല സംഭവങ്ങളും വിശുദ്ധ ഖുർആനിൽ വിശദീകരിക്കപ്പെട്ടിട്ടില്ല. ഖുർആൻ മാത്രമെ അംഗീകരിക്കു എന്ന് പറയുന്നവർക്ക് അത്തരം കാര്യങ്ങൾ അറിയാൻ സാധിക്കില്ല. ഹിജ്റ സന്ദർഭത്തെക്കുറിച്ചും ഹിജ്റയുടെ വേളയിൽ റസൂൽ ﷺ യുടെ കൂടെയുള്ള കൂട്ടുകാരനെക്കുറിച്ചും വിശുദ്ധ ഖുർആൻ അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:9/40)

ഹിജ്റയുടെ കൂടുതൽ കാര്യങ്ങളും വിശദീകരിക്കപ്പെട്ടത് ഹദീഥിലാണ്. ഈ വചനത്തിൽ പറഞ്ഞ നബി ﷺ യുടെ കൂട്ടുകാരൻ ആരാണ്? ഹദീഥ് വേണ്ട എന്ന് പറഞ്ഞാൽ എങ്ങനെയാണ് അത് മനസ്സിലാക്കാൻ സാധിക്കുക?

ഹദീഥിനെയും അല്ലാഹു സംരക്ഷിക്കും

വിശുദ്ധ ക്വുര്‍ആനെ അല്ലാഹു സംരക്ഷിക്കുന്നതോടൊപ്പം പ്രവാചകൻ ﷺ യുടെ ഹദീഥുകളെയും അല്ലാഹു സംരക്ഷിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിന് ശേഷം ഓരോ കാലഘട്ടങ്ങളിൽ ഹദീഥുകളെ തള്ളാനും കള്ള ഹദീഥുകൾ ഉണ്ടാക്കാനും ആളുകൾ ശ്രമിച്ചിച്ചിട്ടുണ്ട്. എന്നാൽ അല്ലാഹു ഏറ്റെടുത്തത് കൊണ്ട് തന്നെ അങ്ങനെയുള്ളവരിൽ നിന്ന് അവൻ ഹദീഥുകളെ സംരക്ഷിച്ചിട്ടുണ്ട്. അങ്ങനെയാണ് സ്വഹീഹായ ഹദീഥ്, ഹസനായ ഹദീഥ്, ദുർബലമായ ഹദീഥ് എന്നിങ്ങനെയൊക്കെ ഹദീഥുകൾ വേർതിരിക്കപ്പെട്ടത്. പ്രവാചകൻ ﷺ യുടെ മുഴുവൻ ഹദീഥുകളും കൃത്യമായി ക്രോഡീകരിക്കപ്പെട്ടിട്ടുമുണ്ട്. മഹാരഥൻമാരായ ഇമാമുമാരിലൂടെ അല്ലാഹു ഈ കാര്യം നിറവേറ്റി എന്നത് നമുക്ക് ചരിത്രം പരിശോധിച്ചാൽ മനിസ്സിലാക്കാൻ കഴിയുന്ന യാഥാർഥ്യമാണ്.

ഖുർആൻ അല്ലാഹുവിൻ്റെ കലാമാണ്

ക്വുര്‍ആൻ അല്ലാഹുവിൻ്റെ കലാം ആണെന്ന് നമ്മെ അറിയിക്കുന്നത് റസൂൽ ﷺ ആണ്. ജിബ്‌രീൽ ഇത് നമ്മുടെ കൈകളിൽ നേരിട്ട് എത്തിച്ച് തന്നിട്ടില്ലല്ലോ. മുഹമ്മദ് നബി ﷺ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണെന്ന് വിശുദ്ധ ഖുർആനിൽ കാണാൻ സാധ്യമല്ല. റസൂൽ ﷺ മക്കയിലാണ് ജനിച്ചതെന്നും ഖുർആനിൽ പറഞ്ഞിട്ടില്ല. പിന്നെ അതൊക്കെ ഹദീഥിനെ നിഷേധിക്കുന്നവർ എങ്ങനെ മനസ്സിലാക്കും? അതൊക്കെ ഹദീഥുകളിലൂടെ റസൂൽ ﷺ പഠിപ്പിക്കുന്ന കാര്യങ്ങളാണ്. ഞാൻ നബിയാണെന്ന് റസൂൽ ﷺ പറയുന്നുണ്ട്. അത് മക്കയിലെ ഇന്ന ആളാണെന്ന് ഖുർആൻ മാത്രം മതി എന്ന് വാദിക്കുന്നവർക്ക് എങ്ങനെ മനസ്സിലക്കാൻ സാധിക്കും? അത് പോലെ മുഹമ്മദ് ﷺ അല്ലാഹുവിൻറെ ദൂതനാണെന്ന് വിശുദ്ധ ഖുർആൻ അറിയിക്കുന്നുണ്ട്. ആ മുഹമ്മദ് ഇന്ന വ്യക്തി യാണെന്ന് പഠിപ്പിക്കുന്നതും ഹദീഥുകൾ തന്നെയാണ്.

ഹദീഥ് നിഷേധികൾ കാഫിറുകളെന്ന് ഖുർആൻ

അല്ലാഹുവോടൊപ്പം റസൂൽ ﷺ യെ അനുസരിക്കാത്ത ആളുകൾ കാഫിറുകളാണെന്ന് അല്ലാഹു അറിയിക്കുന്നു:

قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ

പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. (ഖുർആൻ:3/32)

ഈ വചനത്തിൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാൻ കൽപിക്കുന്നതോടൊപ്പം, അത് ശ്രദ്ധിക്കാതെ പിന്തിരിഞ്ഞ് കളയുന്നവരായ ‘കാഫിറുകളെ’ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന് അറിയിക്കുന്നത് ശ്രദ്ധിക്കുക. അത് കൊണ്ട് ഹദീഥുകളെ നിഷേധിച്ച് കൊണ്ട് കുഫ്റിൽ അകപ്പെടുന്നതിനെ നാം സൂക്ഷിക്കുക. ഈമാൻ ലഭിച്ചതിന് ശേഷം സത്യനിഷേധത്തിലേക്ക് മടങ്ങുന്ന ഹദീഥ് നിഷേധികളെ പോലുള്ളവരെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

 إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَٰٓئِكَ هُمُ ٱلضَّآلُّونَ

വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍. (ഖുർആൻ:3/90)

അറിവില്ലായ്‌മ മൂലം ഹദീഥ് നിഷേധത്തിൽ അകപ്പെട്ടവർ, കാര്യം മനസ്സിലായതിന് ശേഷവും അതിൽ തന്നെ ഉറച്ച് നിന്നാലുള്ള അപകടങ്ങൾ ഈ ആയത്തിന്റെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാവുന്നതാണ്. ഹദീഥ് നിഷേധത്തിൻ്റെ അപകടം മനസ്സിലായാൽ ഉടൻ തന്നെ അതിൽ നിന്ന് പിൻമാറിയില്ലെങ്കിൽ വഴിപിഴച്ചവരായി അവർ മാറുന്നതാണ്. ഇത്തരം അപകടങ്ങളിൽ അറിവില്ലായ്‌മമൂലം അകപ്പെടാതെ അറിവുള്ളവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണം എന്ന് പറഞ്ഞത് അതിൻ്റെ ഗൗരവം കൊണ്ടാണ് എന്ന് തിരിച്ചറിയണം. അല്ലാഹു പറയുന്നത് കാണുക:

إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّٰصِرِينَ

അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (ഖുര്‍ആൻ:3/91)

ഹദീഥുകളിൽ ദുർബലമായവയും ഇല്ലേ?

ഇവർ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന മറ്റൊരു സംശയമാണ് ഹദീഥുകളിൽ ബലഹീനമായവയും ഉണ്ടല്ലോ എന്നത്. ഇങ്ങനെ ചോദിക്കുന്നവരോട് പറയാനുള്ളത് അവർ ആദ്യം ഹദീഥ് നിഷേധം അവസാനിപ്പിച്ച് തൗബ ചെയ്ത‌്‌ മടങ്ങണമെന്നാണ്.

വിശുദ്ധ ക്വുര്‍ആനെ അല്ലാഹു സംരക്ഷിക്കുമെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ

തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. (ഖു൪ആന്‍:15/9)

ഖുർആനിനെ സംരക്ഷിക്കുമെന്ന് പറഞ്ഞ റബ്ബ് ഹദീഥുകളെയും സംരക്ഷിക്കുമെന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ അറിയിക്കുന്നുണ്ട്:

ثُمَّ إِنَّ عَلَيْنَا بَيَانَهُۥ

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (ഖു൪ആന്‍:75/19)

വിശുദ്ധ ഖുർആൻ വിവരിച്ച് തരലും അല്ലാഹുവിൻ്റെ ബാധ്യതയാണെന്ന് ഇവിടെ അറിയിയിക്കുന്നു. അതിൻ്റെ വിശദീകരണമായ ഹദീഥുകളെയും അവൻ സംരക്ഷിച്ച് കൊണ്ടേയിരിക്കുമെന്നർത്ഥം.

ഹദീഥിനെ അംഗീകരിക്കുന്നതോടൊപ്പം അതിൽ ചിലതിനെ നിഷേധിക്കുന്ന രോഗമാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിന് കാരണമായി പറയുന്നത് ഹദീഥിൽ ബുദ്ധിക്ക് യോജിക്കാത്തവയും ഉണ്ടന്നതാണ്. നബി ﷺ ക്ക് സിഹ്ർ ബാധിച്ചതിനെ വിവരിക്കുന്ന സ്വഹീഹായ ഹദീഥ് പോലെയുള്ളവ ബുദ്ധിക്ക് അംഗീകരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞാണ് അവരത് തള്ളുന്നത്. മതത്തിന്റെ കാര്യങ്ങൾ നമ്മെ പഠിപ്പിക്കാനും റസൂൽ ﷺ പച്ചയായ മനുഷ്യനാണെന്നും ദിവ്യത്വമില്ല എന്നും മനസ്സിലാക്കിത്തരാൻ വേണ്ടിയും അല്ലാഹു റസൂൽ ﷺ ക്ക് മാരണം തട്ടിച്ചു. ആ സന്ദർഭത്തിൽ രിസാലത്തിന്റെ ഒരു തത്ത്വവും മറക്കുകയോ, അത് എത്തിച്ച് കൊടുക്കുന്നതിൽ വീഴ്‌ച വരികയോ ചെയ്തിട്ടില്ല. തന്റെ ഭാര്യയെ സമീപിച്ചോ ഇല്ലേ എന്ന ഒരു സംശയം മാത്രമാണ് അത് മുഖേന റസൂൽ ﷺ ക്ക് ഉണ്ടായത്. മുശ്‌രിക്കുകൾ പറയുന്നത് പോലെയുള്ള മാരണം റസൂൽ ﷺ ക്ക് ബാധിച്ചിട്ടില്ല. അവരുടെ അടുക്കൽ അറിയപ്പെട്ട മാരണം ബുദ്ധിയില്ലാത്ത, കളവ് പറയുന്ന അവസ്ഥയിലുള്ളതാണ്. അങ്ങനെയുള്ള മാരണം റസൂൽ ﷺ ക്ക് ബാധിച്ചിട്ടുന്ന് ഹദീഥിലും ഇല്ല. മാരണത്തിൽ നിന്ന് രക്ഷപ്പെടേണ്ട രീതി അല്ലാഹു ഇതിലൂടെ പഠിപ്പിച്ചു. ഇതിൽ ബുദ്ധിക്ക് യോജിക്കാത്തതായി ഒന്നുമില്ല. മാരണവുമായി ബന്ധപ്പെട്ട് ഒരു സ്വഹാബിക്കും സംശയമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കാണാൻ സാധ്യവുമല്ല. മറവിയുടെ സുജൂദ് റസൂൽ ﷺ ക്ക് പഠിപ്പിച്ച് കൊടുക്കാൻ വേണ്ടി അല്ലാഹു നമസ്‌കാരത്തിൽ റസൂൽ ﷺ ക്ക് മറവി നൽകി. ഈ സംഭവം ഹദീഥിൽ കാണാം:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ‏.‏ أَنَّ رَسُولَ اللَّهِ صلى الله عليه وسلم انْصَرَفَ مِنِ اثْنَتَيْنِ فَقَالَ لَهُ ذُو الْيَدَيْنِ أَقُصِرَتِ الصَّلاَةُ أَمْ نَسِيتَ يَا رَسُولَ اللَّهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَصَدَقَ ذُو الْيَدَيْنِ ‏”‏‏.‏ فَقَالَ النَّاسُ نَعَمْ‏.‏ فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَصَلَّى اثْنَتَيْنِ أُخْرَيَيْنِ ثُمَّ سَلَّمَ ثُمَّ كَبَّرَ فَسَجَدَ مِثْلَ سُجُودِهِ أَوْ أَطْوَلَ ثُمَّ رَفَعَ‏.‏

അബുഹുറയ്റ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ (നമസ്ക്‌കാരത്തിൽ) രണ്ട് റക്അത്തിന് ശേഷം വിരമിച്ചു. അപ്പോൾ റസൂൽ ﷺ യോട് ദുൽയദൈൻ ചോദിച്ചു: ‘അല്ലയോ അല്ലാഹുവിൻ്റെ ദൂതരേ, നമസ്‌കാരം ചുരുക്കപ്പെട്ടോ, അതല്ല താങ്കൾ മറന്നോ..?’ അപ്പോൾ റസുൽ ﷺ ചോദിച്ചു: ‘ദുൽയദൈൻ സത്യമാണോ പറഞ്ഞത്?’ അപ്പോൾ ജനങ്ങൾ (സ്വഹാബികൾ) പറഞ്ഞു: ‘അതെ.’ അപ്പോൾ റസുൽ ﷺ എഴുന്നേറ്റ് വേറെ രണ്ട് റക്അത്ത് നമസ്ക്‌കരിച്ചു സലാം വീട്ടി. പിന്നെ തക്ബീർ ചൊല്ലി (നമസ്‌കാരത്തിലെ) സുജൂദ് പോലെയുള്ള അല്ലെങ്കിൽ അതിനെക്കാൾ ദീർഘിച്ച സുജൂദ് ചെയ്തു‌. (മറവിയുടെ സുജൂദിൻ്റെ ഒരു രൂപമാണിത്). (ബുഖാരി:1228)

അല്ലാഹുവിന് മറവിയുടെ സുജൂദ് പഠിപ്പിക്കാൻ ഇങ്ങനെ മറവി സംഭവിപ്പിക്കാതെ തന്നെ ചെയ്യാമായിരുന്നു. എന്നിട്ടും ഈ രൂപത്തിലാണ് അല്ലാഹു ഇത്‌ ചെയ്‌തത്‌. അപ്പോൾ ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന് പറഞ്ഞ് ഓരോന്നോരോന്നായി നിഷേധിച്ച് അവസാനം ഹദീഥുകൾ തന്നെ വേണ്ട എന്ന് വാദിക്കലാവും ഇത്തരം നിഷേധികൾ ചെയ്യുക. മുഴുവൻ ഹദീഥുകളും തള്ളുന്ന അവസ്ഥയായിരിക്കും അവർക്കുണ്ടാവുക. ഇത്തരക്കാരെ വിശ്വാസികൾ നന്നായി സൂക്ഷിക്കണം. മതം പഠിപ്പിച്ച എല്ലാ കാര്യങ്ങളും സംശയമില്ലാതെ സ്വീകരിക്കേണ്ട വരാണ് വിശ്വാസികൾ. സ്വീകാര്യമായ, സ്ഥിരീകരിക്കപ്പെട്ട ഹദീഥുകൾ ബുദ്ധിക്ക് യോജിച്ചാലും ഇല്ലെങ്കിലും സ്വീകരിക്കണമെന്നതാണ് സലഫുസ്സ്വാലിഹുകൾ പറഞ്ഞത്. അത് പോലെ തന്നെ നമ്മൾ അവ സ്വീകരിക്കാൻ തയ്യാറാവുക.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *