നല്ല മനസ്സും നല്ല മനുഷ്യനും

മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമാണ് ഹൃദയം. ശരീരത്തിന്റെ നേതാവാണ് ഹൃദയം എന്നും പറയാം. മനുഷ്യന്റെ നിലനില്‍പിനാവശ്യമായ രക്തത്തിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നതും ഹൃദയത്തിലൂടെയാണ്. ഹൃദയത്തിന്റെ ചലനം നമ്മുടെ ഇച്ഛയനുസരിച്ചല്ല. മനുഷ്യന് അതില്‍ ഒരു പങ്കും ഇല്ല. ആത്മീയമായി പറഞ്ഞാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഉറവിടമാണ് ഹൃദയം.

ഹൃദയത്തിന് വ്യത്യസ്ഥ അവസ്ഥകളുണ്ട്. ചിലപ്പോള്‍ ലോലമാകുന്നു. ചിലപ്പോള്‍ കാഠിന്യമുള്ളതാകുന്നു. വിശ്വസിക്കുന്നു, നിഷേധിക്കുന്നു. അലസമാകുന്നു, ഊര്‍ജ്വസ്വലതയുള്ളതാകുന്നു. അഥവാ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

ഇബ്‌നുമസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: തീര്‍ച്ചയായും ഹൃദയങ്ങള്‍ക്ക് ഒരു മുന്നിടലും പിന്തിരിയലുമുണ്ട്. അതിനാല്‍ അത് മുന്നിടുമ്പോള്‍ നിങ്ങള്‍ അതിനെ സ്വീകരിക്കുക. പിന്തിരിയുമ്പോള്‍ അതിനെ വിട്ടേക്കുക. ഹൃദയങ്ങള്‍ക്ക് നിങ്ങള്‍ ആശ്വാസം നല്‍കണം. കാരണം അതു വെറുത്താല്‍ അന്ധനായി മാറും. (ഇബ്‌നു മുഫ്‌ലീഹുല്‍ ഹസലി)

ഇരുമ്പിന് ക്ലാവ് പിടിക്കുന്നതുപോലുള്ള അവസ്ഥ ഹൃദയത്തിനുമുണ്ട്. ദൈവസ്മരണയും ക്വുര്‍ആന്‍ പാരായണവുമാണ് അതിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗം. ഇരുമ്പ് ഉപയോഗിക്കാതെ വെച്ചാല്‍ അതിന് ക്ലാവ് പിടിക്കും. അങ്ങനെ അതു നശിക്കും. ഹൃദയവും ഉപയോഗശൂന്യമാക്കി വെച്ചാല്‍ അജ്ഞത അതിനെ അതിജയിക്കുകയും അത് നശിക്കുകയും ചെയ്യും. മനുഷ്യന്‍ നന്നാകുന്നതും കേടുവരുന്നതും ഹൃദയത്തിന്റെ അവസ്ഥയനുസരിച്ചാണ്. അതുകൊണ്ട് ഹൃദയത്തെ നന്നാക്കാനുള്ള ശ്രമവും അധ്വാനവും എപ്പോഴും ആവശ്യമാണ്.  ഈ മാനദണ്ഡത്തിലാണ് താഴെ പറയുന്ന ഹദീസ് പരാമര്‍ശിക്കുന്നത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ‏.‏ أَلاَ وَهِيَ الْقَلْبُ

നബി ﷺ പറഞ്ഞു: അറിയുക, ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ചീത്തയായി. അറിയു, അത് ഹൃദയമാണ്. (ബുഖാരി:52)

ശിര്‍ക്ക്, കാപട്യം, സ്വയം പെരുമ, അഹങ്കാരം, അസൂയ തുടങ്ങി എല്ലാ തിന്മകളില്‍ നിന്നും ഹൃദയം ശുദ്ധമാക്കേണ്ടതുണ്ട്. ഇങ്ങനെ ശുദ്ധമായ ഹൃദയത്തിനാണ് ‘അല്‍ക്വല്‍ബുസ്സലീം’ എന്നു പറയുന്നത്. ഇഹത്തിലും പരത്തിലും ഇത്തരം ഹൃദയമുള്ളവര്‍ക്കേ രക്ഷപ്പെടാനും വിജയിക്കാനും സാധിക്കുകയുള്ളൂ.

ഹൃദയത്തിന്റെ ശുദ്ധി അതിന്റെ ഉടമസ്ഥന് ഉപയോഗം നല്‍കും. സ്‌നേഹം, സാഹോദര്യം തുടങ്ങി എല്ലാ ഗുണങ്ങളും നല്‍കും. അപ്പോള്‍, നബി ﷺ  പറഞ്ഞതുപോലെ അങ്ങനെയുള്ളവര്‍ ‘പരസ്പരം ശക്തി നല്‍കുന്ന കെട്ടിടം’ പോലെയാകും. ഹൃദയത്തിന്റെ രോഗം അതിന്റെ ഉടമക്കും സമൂഹത്തിനും ദോഷം ചെയ്യും. ഹൃദയം ശരീരത്തിന് എപ്രകാരമാണോ അതുപോലെയാണ് ഒരു വ്യക്തി സമൂഹത്തിന്. വ്യക്തികള്‍ നന്നായാല്‍ സമൂഹം നന്നാകും. വ്യക്തികള്‍ കേടുവന്നാല്‍ സമൂഹം ദുഷിക്കും.

അല്ലാഹുവിനെ അറിയാനുള്ള വഴികള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അതിന്റെയും അടിസ്ഥാനം ഹൃദയമാണ്. കര്‍മങ്ങള്‍ നിയ്യത്ത് (ഉദ്ദേശം) അനുസരിച്ചാണ്. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്. ‘തക്വ് വ (സൂക്ഷ്മത) ഇവിടെയാണെന്ന്’ എന്ന് പറഞ്ഞ് നബി ﷺ ഹൃദയത്തിലേക്കാണ് ചൂണ്ടിയത്. ശരീരത്തിലെ മറ്റു അവയവങ്ങള്‍ ഹൃദയത്തിന്റെ കീഴിലാണ്.

‘മാറ്റിമറിക്കുക’ എന്നാണ് ‘ക്വലബ’ എന്ന പദയത്തിന്റെ അര്‍ഥം. അതില്‍ നിന്നാണ് ‘ക്വല്‍ബ്’ (ഹൃദയം) ഉണ്ടായത്. മനുഷ്യനിലുണ്ടാകുന്ന വൈകാരികതകളും ഹൃദയത്തിലാണ്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

ഈമാന്‍ (വിശ്വാസം) ഹൃദയത്തിലാണ്:

وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ

അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു… (ഖു൪ആന്‍:49/7)

مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنُّۢ بِٱلْإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ

വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും. (ഖു൪ആന്‍:16/106)

ശാന്തി ഹൃദയത്തിലാണ്:

ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ

അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (ഖു൪ആന്‍:13/28)

സമാധാനം ഹൃദയത്തിലാണ്:

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًا مَّعَ إِيمَٰنِهِمْ ۗ

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്, അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി…(ഖു൪ആന്‍:48/4)

ഭയം ഹൃദയത്തിലാണ്:

ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ

അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വം തരണം ചെയ്യുന്നവരും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നവരും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍. (ഖു൪ആന്‍:22/35)

കീഴൊതുങ്ങലിന്റെ ബന്ധം ഹൃദയവുമായിട്ടാണ്

وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ

വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്‌പെടുവാനുമാണ് (അത് ഇടയാക്കുക.)… (ഖു൪ആന്‍:22/54)

ഹൃദയം ലോലമാകും:

ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. (ഖുർആൻ:39/23)

ഖുശൂഅ് (ഭയഭക്തി) ഹൃദയത്തില്‍ നിന്നാണ്:

أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ

സത്യവിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? (ഖു൪ആന്‍:57/16)

ശുദ്ധീകരണം ഹൃദയത്തിലാണ് വേണ്ടത്:

قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ

(നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും,നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍:3/154)

أُو۟لَٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ

…. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:5/41)

‘ക്വല്‍ബ്’ എന്ന പദം രണ്ട് അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

1. നെഞ്ചിന്റെ ഇടതു വശത്തു സ്ഥാപിക്കപ്പെട്ട മാംസപിണ്ഡം.

2. മനുഷ്യന്റെ ആത്മീയ വശം. അല്ലാഹുവിന്റെ അത്ഭുതകരമായ പ്രവര്‍ത്തനം. മനുഷ്യനെ മനുഷ്യനാക്കുന്നത് ഈ ആത്മീയ വശമാണ്. അതാണ് നമ്മുടെ ചര്‍ച്ചാവിഷയം. അറബിയില്‍ പല പദങ്ങളും ഹൃദയത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്.

وَمَا تُخْفِى صُدُورُهُمْ أَكْبَرُ

അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. (ഖു൪ആന്‍:3/118)

ഇവിടെ ‘സ്വദ്ര്‍’ എന്ന പദമാണ് വന്നിട്ടുള്ളത്. ‘നഫ്‌സ്’ എന്നും പറയാറുണ്ട്.

وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ

നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. (ഖു൪ആന്‍:2/235)

ഇവിടെ ‘നഫ്‌സ്’ എന്ന പ്രയോഗമാണ് വന്നിട്ടുള്ളത്. അറബികള്‍ റൂഹിന്റെ (ആത്മാവ്) സ്ഥാനത്ത് നഫ്‌സ് എന്നും നഫ്‌സിന്റെ സ്ഥാനത്ത് റൂഹ് എന്നും പറയാറുണ്ട്.

കര്‍മങ്ങളുടെ അടിസ്ഥാനം ഹൃദയമാണെന്ന് പറഞ്ഞല്ലോ. അതിനാല്‍ തന്നെ ആക്ഷേപവും പുകഴ്‌വാക്കും ഹൃദയത്തിന് നേരെയാണ് ചെല്ലാറുള്ളത്.

ഹൃദയം കഠിനമാകും, ലോലമാകും, സുരക്ഷിതമാകും, രോഗിയാകും, ഹൃദയം നശിക്കും. ഈ അവസ്ഥകള്‍ക്കനുസരിച്ച് ശരീരത്തിന്റെ അവയവങ്ങളും പ്രവര്‍ത്തിക്കും.

 

ഫദ്‌ലുല്‍ ഹഖ് ഉമരി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *