നന്ദികെട്ട മനുഷ്യര്‍ക്ക് നരകമുണ്ട്

സൂറ: മുര്‍സലാത്ത് 20-40 ആയത്തുകളിലൂടെ ….

മനുഷ്യരെ അഭിസംബോധന ചെയ്ത് അല്ലാഹു പറയുന്നു:

أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ

നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? (ഖുർആൻ:77/20)

മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയില്‍ നിന്ന് വരുന്ന അങ്ങേയറ്റും നിസ്സാരമായ ഒരു ദ്രാവകത്തില്‍ നിന്ന്.

فَجَعَلْنَٰهُ فِى قَرَارٍ مَّكِينٍ

എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു. (ഖുർആൻ:77/21)

അതാണ് ഗര്‍ഭപാത്രം. അതിലത് തങ്ങുകയും വളരുകയും ചെയ്തു.

إِلَىٰ قَدَرٍ مَّعْلُومٍ ‎﴿٢٢﴾‏ فَقَدَرْنَا فَنِعْمَ ٱلْقَٰدِرُونَ ‎﴿٢٣﴾

നിശ്ചിതമായ ഒരു അവധി (ഒരു നിര്‍ണിത സമയം) വരെ.  അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍! (ഖുർആൻ:77/22-23)

ആ ഇരുട്ടുകളില്‍ ഗര്‍ഭസ്ഥശിശുവിനെ അല്ലാഹു നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്തു. ബീജത്തില്‍ നിന്നും അതിനെ ഭ്രൂണമാക്കി മാറ്റി. പിന്നീട് അതിനെ മാംസപിണ്ഡമാക്കി. തുടര്‍ന്ന് അല്ലാഹു അതിന് ശരീരവും ആത്മാവും നല്‍കി. അവരില്‍ അതിന് മുമ്പ് മരിച്ചുപോകുന്നവരും ഉണ്ട്. ഇപ്രകാരം നിര്‍ണ്ണയിച്ച അല്ലാഹു പരിശുദ്ധനാണ്.  അവന്റെ നിര്‍ണയം അവന്റെ യുക്തിജ്ഞാനത്തില്‍ നിന്നുള്ളതാണ്. അത് സ്തുത്യര്‍ഹവുമാണ്.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (ഖുർആൻ:77/24)

അടുത്ത അനുഗ്രഹം ഓര്‍മ്മിപ്പിക്കുന്നു:

أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا ‎﴿٢٥﴾‏ أَحْيَآءً وَأَمْوَٰتًا ‎﴿٢٦﴾

ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. (ഖുർആൻ:77/25-26)

നമ്മുടെ ജീവിതത്തിന് സൗകര്യപ്പെടുന്ന രൂപത്തില്‍ ഭൂമിയെ കീഴ്‌പ്പെടുത്തി തന്നതിലൂടെ അല്ലാഹു നമുക്ക് കരുണയും അനുഗ്രഹവും ചെയ്തു. ഭൂമിയെ നമ്മെ ഉള്‍ക്കൊള്ളുന്നതാക്കി. ജീവിച്ചിരിക്കുന്നവരെ വീടുകളിലും മരിച്ചവരെ ക്വബ്‌റുകളിലും. വീടുകളും കൊട്ടാരങ്ങളും അല്ലാഹു അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളാണ്. ക്വബ്‌റുകളും അങ്ങനെ തന്നെ. അത് അവര്‍ക്കുള്ള കാരുണ്യമാണ്. ശരീരങ്ങള്‍ വന്യമൃഗങ്ങള്‍ക്കും മറ്റും ലഭിക്കാതിരിക്കാനുള്ള സംരക്ഷണം കൂടിയാണത്.

മാത്രമല്ല, ഭൂമിയിലുള്ളവരെ കൊണ്ട് ഭൂമി ചാഞ്ഞുപോകാതിരിക്കാന്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ ഉണ്ടാക്കി.

وَجَعَلْنَا فِيهَا رَوَٰسِىَ شَٰمِخَٰتٍ وَأَسْقَيْنَٰكُم مَّآءً فُرَاتًا ‎

അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു. (ഖുർആൻ:77/27)

ഉയര്‍ന്നു നില്‍ക്കുന്ന, ഉറച്ചുനില്‍ക്കുന്ന, അതായത് നീണ്ടതും വിശാലവുമായ പര്‍വതങ്ങളെ കൊണ്ട് ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തി.

തെളിഞ്ഞതും രുചികരവുമായതുമായ വെള്ളം കുടിക്കാന്‍ നൽകുകയും ചെയ്തു. അല്ലാഹു പറഞ്ഞതുപോലെ:

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ ‎﴿٦٨﴾‏ ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ ‎﴿٦٩﴾‏ لَوْ نَشَآءُ جَعَلْنَٰهُ أُجَاجًا فَلَوْلَا تَشْكُرُونَ ‎﴿٧٠﴾

ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍നിന്ന് ഇറക്കിയത്? അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?. (ഖുർആൻ:56/68-70)

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (ഖുർആൻ:77/28)

അല്ലാഹു അവര്‍ക്ക് മാത്രമായും പ്രത്യേകമായും നല്‍കിയ അനുഗ്രഹങ്ങളെ അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. നിഷേധികള്‍ക്കും കുറ്റവാളികള്‍ക്കും തയ്യാറാക്കിയ ശിക്ഷയാണിത്. ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവരോട് പറയപ്പെടും:

ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ

(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക. (ഖുർആൻ:77/29)

പിന്നീട് അല്ലാഹു തന്നെ ഇത് വിശദീകരിക്കുന്നു.

ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ ‎﴿٣٠﴾‏ لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ ‎﴿٣١﴾

മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക. അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല. (ഖുർആൻ:77/30-31)

മൂന്ന് ശാഖകളായി വേറിട്ടു നില്‍ക്കുന്ന നരകത്തീയിന്റെ തണലിലേക്ക്. ആ തീക്കഷ്ണങ്ങള്‍ അവനെ കൈകാര്യം ചെയ്യും. അത് മാറിമാറി വരും. അവനില്‍ കേന്ദ്രീകരിക്കും. ആ തണലിൽല്‍ ആശ്വാസമോ സമാധാനമോ ഇല്ല. തീ ജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല. ആ ജ്വാല അവനെ വലത്തു നിന്നും ഇടത്തു നിന്നും എല്ലാ ഭാഗങ്ങളില്‍ നിന്നും വലയം ചെയ്യും. അല്ലാഹു പറഞ്ഞതുപോലെ:

 لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَٰعِبَادِ فَٱتَّقُونِ

അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തിയ്യിന്‍റെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍. (ഖുർആൻ:39/16)

لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِى ٱلظَّٰلِمِينَ

അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്‌. (ഖുർആൻ:7/41)

തുടര്‍ന്ന് പറയുന്നത് നരകത്തിലെ തീപ്പൊരിയുടെ വലുപ്പത്തെക്കുറിച്ചാണ്. അത് നശിച്ച കാഴ്ചയും മോശവും ഭീകരവുമാണ്.

إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ ‎﴿٣٢﴾‏ كَأَنَّهُۥ جِمَٰلَتٌ صُفْرٌ ‎﴿٣٣﴾

തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും. അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും. (ഖുർആൻ:77/32-33)

നരകമാകട്ടെ, വന്‍കെട്ടിടങ്ങള്‍ പോലെയുള്ള വമ്പിച്ച തീപ്പൊരികള്‍ പറപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവയുടെ ആധിക്യവും, വലുപ്പവും വര്‍ണ്ണവും നോക്കുമ്പോള്‍ മഞ്ഞ വര്‍ണ്ണത്തിലുള്ള ഒട്ടകക്കൂട്ടങ്ങള്‍ ചിന്നിച്ചിതറുകയാണെന്നു തോന്നും. അത്രയും വന്‍തോതിലായിരിക്കും ആ തീപ്പൊരികള്‍. (അമാനി തഫ്സീര്‍)

മഞ്ഞയിലേക്ക് മാറിയ കറുപ്പുനിറം. നരകം ഇരുണ്ടതാണെന്ന് ഇതു മനസ്സിലാക്കിത്തരുന്നു. അതിന്റെ ജ്വാലയും തീപ്പൊരിയും തീക്കട്ടയുമെല്ലാം കറുപ്പ് തന്നെ. കാഴ്ചയില്‍ ഏറെ വെറുപ്പുണ്ടാക്കുന്നത്. ചൂട് കഠിനമായത്. (തഫ്സീറുസ്സഅ്ദി)

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (ഖുർആൻ:77/34)

സത്യനിഷേധികള്‍ക്ക് ഈ വമ്പിച്ച ദിനം അതികഠിനമായിരിക്കും. അല്ലാഹു പറയുന്നു:

هَٰذَا يَوْمُ لَا يَنطِقُونَ ‎﴿٣٥﴾‏ وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ ‎﴿٣٦﴾

അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌. അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല. (ഖുർആൻ:77/35-36)

ശക്തമായ ഭയത്താലും ഭീതിയാലും അവര്‍ സംസാരിക്കുകയില്ല. എത്ര തന്നെ ഒഴികഴിവ് ബോധിപ്പിച്ചാലും അവരുടെ ഒഴികഴിവ് സ്വീകരിക്കപ്പെടുകയില്ല. അല്ലാഹു പറഞ്ഞതുപോലെ:

فَيَوْمَئِذٍ لَّا يَنفَعُ ٱلَّذِينَ ظَلَمُوا۟ مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ

എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല. (ഖുർആൻ:30/57)

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (ഖുർആൻ:77/37)

അന്നവരോട് പറയപ്പെടും:

هَٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَٰكُمْ وَٱلْأَوَّلِينَ

തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. (ഖുർആൻ:77/38)

നിങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സൃഷ്ടികള്‍ക്കിടയില്‍ വിധി പറയാന്‍.

‎فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ

ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക. (ഖുർആൻ:77/39)

എന്റെ ആധിപത്യത്തില്‍ നിന്ന് പുറത്തുകടക്കാനോ എന്റ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനോ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക. നിങ്ങള്‍ക്ക് അധികാരമോ കഴിവോ ഇല്ലെന്നര്‍ഥം. അല്ലാഹു പറഞ്ഞതുപോലെ:

يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَٰنٍ

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നപക്ഷം നിങ്ങള്‍ കടന്നുപോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നുപോകുകയില്ല. (ഖു൪ആന്‍: 55/33)

ആ ദിനം അക്രമികളുടെ സൂത്രങ്ങള്‍ നിഷ്ഫലമാകും. തന്ത്രങ്ങളും സൂത്രങ്ങളും പാഴായിപ്പോകും. അല്ലാഹുവിന്റെ ശിക്ഷക്ക് അവര്‍ കീഴ്‌പ്പെടും. അവരുടെ കളവും കളവാക്കലും അവര്‍ക്ക് ബോധ്യമാകും.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (ഖുർആൻ:77/40)

 

അവലംബം: തഫ്സീറുസ്സഅ്ദി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *