യഥാര്‍ത്ഥ നമസ്കാരവും അതിന്റെ ഫലങ്ങളും

വിശുദ്ധ ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുന്ന മുത്തഖികളുടെ ലക്ഷണമായി അല്ലാഹു പറയുന്നു:

وَيُقِيمُونَ ٱلصَّلَوٰةَ

പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാണവര്‍. (ഖു൪ആന്‍:2/3)

അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂര്‍ത്തിയാക്കിക്കൊണ്ട് സമയം തെറ്റാതെ നിര്‍വ്വഹിക്കുക എന്നത്രെ നമസ്‌കാരം നിലനിറുത്തല്‍ കൊണ്ടുദ്ദേശ്യം. (അമാനി തഫ്സീര്‍)

നിസ്കാരം നിലനിർത്തുന്നവരുമാണ് അവർ; അല്ലാഹു നിശ്ചയിച്ച രൂപത്തിൽ – നിസ്കാരത്തിൻ്റെ ശർത്വുകളും (നിബന്ധനകൾ, വുദൂഅ് പോലെ), റുക്നുകളും (സ്തംഭങ്ങൾ; റുകൂഉം സുജൂദും പോലെ), വാജിബുകളും (റുകൂഇലെയും സുജൂദിലെയും നിർബന്ധ ദിക്റുകൾ പോലെ), സുന്നത്തുകളും (പ്രാരംഭപ്രാർത്ഥന പോലെ) പാലിച്ചു കൊണ്ടാണ് അവർ നിസ്കരിക്കുന്നത്. (തഫ്സീർ മുഖ്തസ്വർ)

لم يقل: يفعلون الصلاة, أو يأتون بالصلاة, لأنه لا يكفي فيها مجرد الإتيان بصورتها الظاهرة. فإقامة الصلاة, إقامتها ظاهرا, بإتمام أركانها, وواجباتها, وشروطها. وإقامتها باطنا بإقامة روحها, وهو حضور القلب فيها, وتدبر ما يقوله ويفعله منها، فهذه الصلاة هي التي قال الله فيها: {إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ} وهي التي يترتب عليها الثواب.

നമസ്കാരം പ്രവർത്തിക്കുകയും ചെയ്തവർ എന്നൊ (يفعلون الصلاة), നമസ്കരിക്കാൻ വരുന്നവർ എന്നൊ (يأتون بالصلاة) അല്ലാഹു പറഞ്ഞില്ല. കാരണം, നമസ്കാരം അതിന്റെ ബാഹ്യമായ രൂപത്തിൽ വെറുതെ ചെയ്താൽ മാത്രം പോര. മറിച്ച്, നമസ്കാരം മുറപ്രകരം നിർവഹിക്കുക എന്നാൽ, അതിന്റെ ‘അർകാനു’കളും ,’വാജിബാതു’കളും,’ശുറൂതു’കളും പൂർണമായ രീതിയിൽ നിർവഹിക്കലാണ്. പരോക്ഷമായി അതിന്റെ അന്തസത്ത ഉൾകൊണ്ട് കൊണ്ടും, ഹൃദയ സാന്നിദ്ധ്യത്തോടു കൂടിയും, പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ചിന്തിച്ചുകൊണ്ടും നിർവഹിക്കലാണ്. ഇങ്ങനെയുള്ള നമസ്കാരത്തെ കുറിച്ചാണ് അല്ലാഹു പറഞ്ഞത്:

إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ

തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.  (ഖു൪ആന്‍ :29/45)

ഇതാണ് പ്രതിഫലാർഹമായ നമസ്കാരം. (തഫ്സീറുസ്സഅ്ദി)

ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ

(നബിയേ) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. (ഖു൪ആന്‍ :29/45)

നമസ്കാരത്തിന് മനോഹരമായ ഫലങ്ങളുണ്ട്.

إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ

തീർച്ചയായും നമസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധകർമ്മത്തിൽനിന്നും തടയുന്നു.

ഒരാൾ ചെയ്യാൻ ആഗ്രഹിക്കുന്നതും മോശമായതും ഗുരുതരവുമായ തെറ്റുകളാണ് ‘ഫഹ്ശാഅ്.’ മനുഷ്യന്റെ ബുദ്ധിക്കും ശുദ്ധപ്രകൃതിക്കും അംഗീകരിക്കാനാവാത്തതാണ് ‘മുൻകർ.’ നമസ്‌കാരം ഒരാളെ അശ്ലീലതയിൽനിന്നും തിൻമയിൽനിന്നും അകറ്റി നിർത്താനുള്ള വഴി; അയാൾ നമസ്‌കരിക്കുമ്പോൾ അതിന്റെ പ്രധാന ഭാഗങ്ങളും വ്യവസ്ഥകളും ഭക്തിയും പാലിക്കണം എന്നതാണ്. ശരിയായ ഭക്തിയോടെ നമസ്‌കാരം നിർവഹിക്കുമ്പോൾ അത് അവന്റെ ഹൃദയത്തെ പ്രകാശിപ്പിക്കുകയും ശുദ്ധീകരിക്കുകയും അവനിൽ വിശ്വാസം വർധിപ്പിക്കുകയും നൻമ ചെയ്യാനുള്ള ആഗ്രഹം ശക്തിപ്പെടുകയും ചെയ്യും. തിൻമക്കുള്ള ആഗ്രഹം കുറയും. പതിവായി നമസ്‌കരിക്കുകയും ശരിയായ രീതിയിൽ നമസ്‌കരിക്കുന്നതിൽ കണിശത കാണിക്കുകയും ചെയ്യുമ്പോൾ അനിവാര്യമായും അത് അശ്ലീലതയിൽനിന്നും തിൻമയിൽ നിന്നും അകറ്റിനിർത്തുന്നു. നമസ്‌കാരത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിൽ ഒന്നാണിത്.

നമസ്‌കാരത്തിന്റെ മറ്റൊരു ലക്ഷ്യം ഇതിനെക്കാളും വലുതാണ്. നമസ്‌കാരത്തിൽ ഹൃദയത്തിലും വാക്കിലും അല്ലാഹുവിനെ സ്മരിക്കുക എന്നതാണത്.

അല്ലാഹു മനുഷ്യരാശിയെ സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി മാത്രമാണ്. ഒരാൾക്ക് ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മഹത്തായ ആരാധന നമസ്‌കാരമാണ്. കാരണം അതിൽ എല്ലാ അവയവങ്ങളും ആരാധനയിൽ പങ്കെടുക്കുന്നു. അത് മറ്റ് ആരാധനകളിൽ ഇല്ല.

وَلَذِكْرُ اللَّهِ أَكْبَرُ ۗ

അല്ലാഹുവിനെ ഓർമിക്കുക എന്നത് മഹത്തായ കാര്യം തന്നെയാകുന്നു. (തഫ്സീറുസ്സഅ്ദി)

قال الشيخ ربيع المدخلي حفظه الله: فإذا رأيت من يأتي الفحشاء والمنكر، فإما انه لا يصلي، وإما أن في صلاته خللا

ശൈഖ് റബീഅ് അൽ മദ്ഖലി حفظه الله പറഞ്ഞു :ആരെങ്കിലും നീചവൃത്തിയും നിഷിദ്ധമായതും ചെയ്യുന്നതായി നീ കണ്ടാൽ, (അറിയുക) ഒന്നുകിൽ അവൻ നമസ്കരിക്കാത്തവനായിരിക്കും, അല്ലെങ്കിൽ അവന്റെ നമസ്കാരത്തിൽ വല്ല പിഴവും ഉണ്ടായിരിക്കും തീർച്ച. (നഫ്ഹാതുൽ ഹുദാ വൽ ഈമാൻ : 157)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *