غَيْبْ (ഗയ്ബ്) എന്ന വാക്കിന് ‘അദൃശ്യം അഥവാ മറഞ്ഞകാര്യം’ എന്നാണ് വാക്കര്‍ത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞതൊക്കെ ഭാഷാര്‍ത്ഥപ്രകാരം ‘ഗയ്ബാ’കുന്നു. ഭര്‍ത്താക്കളുടെ അഭാവത്തില്‍ അനിഷ്ടങ്ങളൊന്നും പ്രവര്‍ത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി حَافِظَاتٌ لِلْغَيْبِ എന്ന് (4:34ല്‍) പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. ‘ഗയ്ബി’ല്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്‍റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗം, നരകം, ക്വബ്‌റിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ, ആന്തരേന്ദ്രിയങ്ങള്‍വഴിയോ, അല്ലെങ്കില്‍ ബൂദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ടു മാത്രം അറിയുവാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/3 ന്റെ വിശദീകരണം)
വിശുദ്ധ ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുന്ന മുത്തഖികളുടെ ലക്ഷണമായി അല്ലാഹു പറയുന്നു:
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ
അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. (ഖു൪ആന്‍:2/3)
നമ്മിൽ നിന്ന് മറഞ്ഞു നിൽക്കുന്ന – പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്ത -, അല്ലാഹുവും അവൻ്റെ റസൂലും അറിയിച്ചു തന്ന എല്ലാ കാര്യങ്ങളും ഗയ്ബിൽ ഉൾപ്പെടും. അന്ത്യനാളിനെ കുറിച്ചുള്ള വിവരണങ്ങൾ ഉദാഹരണം. (തഫ്സീർ മുഖ്തസ്വർ)
കഴിഞ്ഞതും വരാനിരിക്കുന്നതുമായ, അല്ലാഹു അറിയിച്ചുതന്ന അദൃശ്യകാര്യങ്ങളിലും അന്ത്യനാളിലെ അവസ്ഥകളെ സംബന്ധിച്ചും അല്ലാഹുവിന്റെ വിശേഷങ്ങളെ സംബന്ധിച്ചും അവയുടെ രൂപത്തെ സംബന്ധിച്ച് അല്ലാഹു അറിയിച്ചുതന്നതിലും വിശ്വസിക്കലും ഗൈബിൽ (അദൃശ്യ കാര്യങ്ങളിൽ) വിശ്വസിക്കുന്നതിൽ ഉൾപ്പെടുന്നു. അതിനാൽതന്നെ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ രൂപം ഗ്രഹിക്കാനാവില്ലെങ്കിലും വിശ്വാസികൾ അവയിൽ വിശ്വസിക്കും. (തഫ്‌സീറുസ്സഅദി).
മുത്തക്വികളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ഒന്നാമത്തെ ലക്ഷണം ‘ഗയ്ബി’ല്‍ വിശ്വസിക്കലാണെന്ന് അല്ലാഹു പറഞ്ഞത് വളരെ ശ്രദ്ധേയമാകുന്നു. നേരില്‍ കണ്ടതും കേട്ടതും മാത്രമേ വിശ്വസിക്കൂ എന്നോ, ബുദ്ധി കൊണ്ടു ചിന്തിച്ചും ഗവേഷണം നടത്തിയും കണ്ടു പിടിക്കുന്നതിനപ്പുറം മറ്റൊന്നും ഉണ്ടാകുവാനില്ലെന്നോ ഉറപ്പിച്ചുവെക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ മുഖേനയോ, വേദഗ്രന്ഥങ്ങള്‍ മുഖേനയോ മാര്‍ഗദര്‍ശനം ലഭിക്കുവാന്‍ പോകുന്നില്ല. ഇങ്ങനെയുള്ളവരെക്കുറിച്ചാണ് മതനിഷേധികള്‍, നിര്‍മതവാദികള്‍ എന്നും മറ്റും പറയുന്നത്. എല്ലാം തങ്ങള്‍ക്കറിയാമെന്ന അഹംഭാവവും, മര്‍ക്കടമുഷ്ടിയും ഇവരുടെ സ്വഭാവമായിരിക്കും. തങ്ങള്‍ പുരോഗമനാശയക്കാരാണ്, അദൃശ്യത്തില്‍ വിശ്വസിക്കുന്നത് കേവലം പഴഞ്ചനും അപരിഷ്‌കൃതവുമാണ് എന്നൊക്കെയായിരിക്കും ഇവരുടെ ജല്‍പനം. എന്നിരിക്കെ, ഇവരോട് പരലോകം, പുനരുത്ഥാനം, സ്വര്‍ഗനരകം മുതലായ മറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഉപദേശിച്ചിട്ട് ഫലമില്ലല്ലോ. അതാണ് ക്വുര്‍ആന്റെ മാര്‍ഗദര്‍ശനം ഇവര്‍ക്ക് പ്രയോജനപ്പെടാതിരിക്കുവാന്‍ കാരണം.
‘ഗയ്ബി’നെ (അദൃശ്യകാര്യത്തെ) സാക്ഷാല്‍ ‘ഗയ്ബ്’ എന്നും ആപേക്ഷികമായ ‘ഗയ്ബ്’ എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ ‘ഗയ്ബാ’കുന്നു. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ ‘ഗയ്ബി’ലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍പെട്ട ‘ഗയ്ബാ’ണ്. ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും ‘ഗയ്ബി’ല്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി:
(1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശവാഹനം മുതലായ യന്ത്രസാമ്ര ഗികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍.
(2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍.
(3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍.
ഇവയൊന്നും ‘ഗയ്ബി’ല്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ ‘ഗയ്ബ്’ എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം. (അമാനി തഫ്സീ൪)
www.kanzululoom.com