ചെയ്തതില്‍ സന്തോഷിക്കുകയും ചെയ്തിട്ടില്ലാത്തതിൽ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട്

لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ

തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്‌. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌. (ഖു൪ആന്‍ :3/188)

വിശദീകരണം

സന്ദര്‍ഭം നോക്കുമ്പോള്‍ ഈ വചനത്തില്‍ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വേദക്കാരായ ആളുകളാണെന്ന് തോന്നാമെങ്കിലും, അതിലെ വാക്കുകള്‍ നോക്കുമ്പോള്‍ സത്യവിശ്വാസികളെന്നോ, അവിശ്വാസികളെന്നോ, കപടവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാതരം ആളുകളെയും ഉള്‍പ്പെടുത്തുന്നതാണ് ആ വചനമെന്നും കാണാവുന്നതാണ്. പ്രവര്‍ത്തിച്ചതിനെപ്പറ്റി സന്തോഷം കൊള്ളുകയും, പ്രവര്‍ത്തിക്കാത്തതിനെപ്പറ്റി സ്തുതിക്കപ്പെടേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരെന്ന് അല്ലാഹു വിശേഷിപ്പിച്ച കൂട്ടര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉദ്ധരിച്ചശേഷം ഇമാം റാസീ رحمه الله പറയുകയാണ്: ‘അറിയുക, എല്ലാവരും തന്നെയാണ് ഉദ്ദേശ്യമെന്ന് വെക്കുന്നതാണ് കൂടുതല്‍ ന്യായമായത്. കാരണം, മേല്‍പറഞ്ഞ അഭിപ്രായങ്ങളെല്ലാം ഒരേ കാര്യത്തിലാണ് കേന്ദ്രീകൃതമാകുന്നത്. മനുഷ്യര്‍ വേണ്ടാത്ത കാര്യങ്ങള്‍ ചെയ്ത് അതില്‍ സന്തോഷം കൊള്ളുകയും, പിന്നീട് താന്‍ നേരായ വഴിയിലും അല്ലാഹുവിന്‍റെ വഴിപാടിലും നിലകൊള്ളുന്നവനാണെന്ന് മറ്റുള്ളവര്‍ തന്നെ വിശേഷിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.’ റാസീ رحمه الله ഉദ്ധരിച്ച അഭിപ്രായങ്ങള്‍ക്ക് ആസ്പദമായ ഏതാനും രിവായത്തുകള്‍ ഉദ്ധരിച്ചശേഷം, ഇമാം ഇബ്‌നു കഥീര്‍ رحمه الله പറയുന്നു: ‘ഇതൊന്നും തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം, ഈ വചനം ഇതിലെല്ലാം പൊതുവായിട്ടുള്ളതാകുന്നു. ചുരുക്കിപറഞ്ഞാല്‍, കൊള്ളരുതാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുക, അല്ലെങ്കില്‍ വേണ്ടപ്പെട്ട കാര്യം ചെയ്തശേഷം അതില്‍ ദുരഭിമാനം കൊള്ളുക, പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്നിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ സല്‍പേര്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും, അതിന് ശ്രമം നടത്തുകയും ചെയ്യുക. ഈ സ്വഭാവം ആരിലെല്ലാം ഉണ്ടോ അവര്‍ക്കെല്ലാം ബാധകമാണ് 188-ാം വചനം. അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ- ആമീന്‍. (അമാനി തഫ്സീര്‍)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّ رِجَالاً مِنَ الْمُنَافِقِينَ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم كَانَ إِذَا خَرَجَ رَسُولُ اللَّهِ صلى الله عليه وسلم إِلَى الْغَزْوِ تَخَلَّفُوا عَنْهُ، وَفَرِحُوا بِمَقْعَدِهِمْ خِلاَفَ رَسُولِ اللَّهِ صلى الله عليه وسلم فَإِذَا قَدِمَ رَسُولُ اللَّهِ صلى الله عليه وسلم اعْتَذَرُوا إِلَيْهِ وَحَلَفُوا، وَأَحَبُّوا أَنْ يُحْمَدُوا بِمَا لَمْ يَفْعَلُوا، فَنَزَلَتْ ‏{‏لاَ يَحْسِبَنَّ الَّذِينَ يَفْرَحُونَ‏}‏ الآيَةَ‏.‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ കാലത്ത് ചില കപടവിശ്വാസികൾ, റസൂൽ ﷺ യുദ്ധത്തിനു പുറപ്പെട്ടാൽ യുദ്ധത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറും. റസൂൽ ﷺ യുദ്ധത്തിന് പോയ ശേഷം വീട്ടിലിരിക്കുന്നതിൽ അത്തരക്കാർ സന്തുഷ്‌ടരായി. റസൂൽ ﷺ യുദ്ധം കഴിഞ്ഞ് മടങ്ങിവന്നാൽ നബി ﷺ യുടെ അടുത്ത് വന്ന് ഓരോ കാരണം പറഞ്ഞും സത്യംചെയ്‌തും അവർ കുറ്റമുക്തരാകാൻ ശ്രമിക്കും. അവർ ചെയ്തിട്ടില്ലാത്ത കാര്യങ്ങളിൽ പ്രശംസിക്കപ്പെടാൻ അവർ ആഗ്രഹിക്കുകയും ചെയ്യും. അപ്പോൾ ഈ വചനമിറങ്ങി: {സ്വന്തം ചെയ്തികളിൽ ആഹ്ലാദിക്കുകയും, തങ്ങൾ പ്രവർത്തിച്ചിട്ടില്ലാത്ത കാര്യങ്ങളുടെ പേരിൽ പ്രശംസിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ ശിക്ഷാമുക്തരാണെന്ന് നീ വിചാരിക്കേണ്ടതില്ല. 3/188} (ബുഖാരി:4567)

عن ابن عباس رضي الله عنهما وقد قيل له: لَئِنْ كَانَ كُلُّ امْرِئٍ فَرِحَ بِمَا أُوتِيَ، وَأَحَبَّ أَنْ يُحْمَدَ بِمَا لَمْ يَفْعَلْ، مُعَذَّبًا، لَنُعَذَّبَنَّ أَجْمَعُونَ‏.‏ فَقَالَ ابْنُ عَبَّاسٍ وَمَا لَكُمْ وَلِهَذِهِ إِنَّمَا دَعَا النَّبِيُّ صلى الله عليه وسلم يَهُودَ فَسَأَلَهُمْ عَنْ شَىْءٍ، فَكَتَمُوهُ إِيَّاهُ، وَأَخْبَرُوهُ بِغَيْرِهِ، فَأَرَوْهُ أَنْ قَدِ اسْتَحْمَدُوا إِلَيْهِ بِمَا أَخْبَرُوهُ عَنْهُ فِيمَا سَأَلَهُمْ، وَفَرِحُوا بِمَا أُوتُوا مِنْ كِتْمَانِهِمْ،

ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  സ്വന്തം പ്രവർത്തനങ്ങളിൽ സന്തുഷ്ടരാവുകയും, ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ പ്രശംസിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെങ്കിൽ നമ്മളെല്ലാം ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്ന് ഇബ്നു‌ അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് ആരോ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ഈ വചനവും നിങ്ങളും തമ്മിലെന്താണ് ബന്ധം? നബി ﷺ ജൂതന്മാരെ വിളിച്ച് ഒരു കാര്യം അന്വേഷിച്ചു. എന്നാൽ അവരത് മറച്ചുവെച്ച് മറ്റെന്തോ അവർ നബി ﷺ യോട് പറഞ്ഞു. അങ്ങനെ നബി ﷺ അവരോട് ചോദിച്ചതിന് അവർ മറുപടി പറഞ്ഞുവെന്ന് വരുത്തി അതിൻ്റെ പേരിൽ പ്രശംസിക്കപ്പെടാൻ അവർ ആഗ്രഹിച്ചു. വസ്തുത മറച്ചുവെക്കാൻ കഴിഞ്ഞതിൽ അവര്‍ സന്തുഷ്ടരാവുകയും ചെയ്തു. (ബുഖാരി:4568)

 

www.kanzululoom.com

 

Similar Posts

ആകാശ ഭൂമികളുടെ അധികാരം

വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം

Read Now >

പ്രതിസന്ധികൾക്ക് പിന്നിൽ

Read Now >

നരകം : ഗൗരവമുള്ള വിഷയം

Read Now >

സ്വര്‍ഗ പൂന്തോട്ടത്തില്‍ ആനന്ദ ജീവിതം

Read Now >

മനുഷ്യന്റെ സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും കാര്യം

Read Now >