സൂറ:റൂം 20-27 ആയത്തുകളിലൂടെ ….
അല്ലാഹുവിന്റെ ഏകത്വം, മഹത്ത്വം, കഴിവിന്റെ ശക്തി, സൃഷ്ടിപ്പിന്റെ സൗന്ദര്യം, കാരുണ്യത്തിന്റെ വിശാലത തുടങ്ങിയ ദൃഷ്ടാന്തങ്ങളുടെ ഒരു പട്ടിക തുടങ്ങുകയാണിവിടെ.
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ
നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുർആൻ:30/20)
{നിങ്ങളെ അവൻ മണ്ണിൽനിന്നും സൃഷ്ടിച്ചു} ഇത് മനുഷ്യരാശിയുടെ ഉത്ഭവത്തെ സൂചിപ്പിക്കുന്നു. അതായത് ആദം عليه السلام യിൽ നിന്നുള്ള പരമ്പരയെ.
{എന്നിട്ട് നിങ്ങളിതാ വ്യാപിക്കുന്ന മനുഷ്യ വർഗമായിരിക്കുന്നു} ഒരൊറ്റ അടിത്തറയിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചു. എന്നിട്ട് ഭൂഖണ്ഡങ്ങളിലാകെ നിങ്ങളെ വ്യാപിപ്പിച്ചു. ഒരു പദാർഥത്തിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചു. ഭൂമിയിലാകെ വ്യാപിപ്പിച്ചു എന്നതിൽ വലിയ ദൃഷ്ടാന്തമുണ്ട്. അവൻ യഥാർഥ രക്ഷിതാവും സ്തുത്യർഹനായ അധികാരിയും സ്‌നേഹനിധിയായ കാരുണ്യവാനും ആണെന്നതിന്; അവൻ നിങ്ങളെ മരണശേഷം തിരിച്ചുകൊണ്ടുവരുമെന്നതിനും.
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:30/21)
{അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ} അവന്റെ കരുണയിലേക്കും അടിമകളോടുള്ള അവന്റെ കരുതലിലേക്കും വിരൽ ചൂണ്ടുന്ന അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്. {നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും} നിങ്ങളോട് ഇണങ്ങുകയും നിങ്ങൾ അവനോട് ഇണങ്ങുകയും ചെയ്യുന്ന ഇണകളായി നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾ പരസ്പരം പൊരുത്തപ്പെടുന്നു. {നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും നിങ്ങൾ സമാധാനപൂർവം ഒത്തുചേരേണ്ടതിനായി} വിവാഹത്തോടെ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുന്ന കാരണങ്ങൾ ഉണ്ടാവുന്നു. അങ്ങനെ ഒരു പുരുഷൻ തന്റെ ഭാര്യയിൽ ശാരീരികമായ ആനന്ദം കണ്ടെത്തുകയും അതിലൂടെ ജനിക്കുന്ന സന്താനങ്ങളെ വളർത്തി അവരെ ഉപകാരപ്പെടുത്തുകയും സമാധാനജീവിതം നയിക്കുകയും ചെയ്യുന്നു. ഇണകൾക്കിടയിൽ കണ്ടെത്തുന്ന സ്‌നേഹവും കാരുണ്യവും സാധാരണ രണ്ടുപേർക്കിടയിൽ കാണുക സാധ്യമല്ല. {തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്} തങ്ങളുടെ ചിന്തകളെ ഉപയോഗിക്കുകയും ദൃഷ്ടാന്തങ്ങളെ ചിന്തിച്ച് പഠിക്കുകയും ഓരോന്നിനെയും പരസ്പരം ബന്ധപ്പെടുത്തി ചിന്തിക്കുകയും ചെയ്യുന്നവർക്ക്.
وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّلْعَٰلِمِينَ
ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:30/22)
അറിവുള്ളവർ പാഠങ്ങൾ ഉൾക്കൊള്ളുകയും ദൃഷ്ടാന്തങ്ങളെ വിശകലനം ചെയ്ത് പഠിക്കുകയും ചെയ്യുന്ന ഇത്തരം ദൃഷ്ടാന്തങ്ങൾ ഒട്ടനവധിയാണ്. ആകാശഭൂമികളുടെയും അവയിലുള്ള എല്ലാറ്റിന്റെയും സൃഷ്ടിപ്പ് അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്. അത് അല്ലാഹുവിന്റെ അധികാരത്തിന്റെ മഹത്ത്വത്തെയും അവന്റെ ശക്തിയുടെ പൂർണതയെയും സൂചിപ്പിക്കുന്നു. കാരണം അവനാണ് ഈ മഹത്തായ സൃഷ്ടികളെ ഉണ്ടാക്കിയത്. അതവന്റെ പൂർണമായ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. കാരണം അതിന്റെ സൃഷ്ടിപ്പ് അന്യൂനമാണ്. അവന്റെ അറിവാകട്ടെ വിശാലവും. കാരണം അവന്റെ സൃഷ്ടിയെക്കുറിച്ച് അവനെന്തായാലും അറിയാതിരിക്കില്ലല്ലോ.
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
സൃഷ്ടിച്ചുണ്ടാക്കിയവൻ എല്ലാം അറിയുകയില്ലേ. (ഖുർആൻ:67/14)
അവന്റെ കാരുണ്യത്തിന്റെയും കൃപയുടെയും വിശാലതയിലേക്ക് കൂടി അത് വിരൽ ചൂണ്ടുന്നു. കാരണം അവന്റെ സൃഷ്ടിയിൽ വലിയ പ്രയോജനങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ ചില പ്രത്യേകതകളും വ്യതിരിക്തതകളും അവന്റെ സൃഷ്ടിപ്പിൽ കാണുന്നതിനാൽ അവനുദ്ദേശിക്കുന്നത് തെരഞ്ഞെടുക്കുന്നവനാണവൻ എന്നു മനസ്സിലാക്കാം. ഏകനാക്കാനും ആരാധിക്കപ്പെടാനും അർഹനായ ഏകൻ. കാരണം സൃഷ്ടിപ്പിൽ അവൻ ഏകനാണ്. അപ്പോൾ ആരാധനയിലും ഏകനാവൽ നിർബന്ധം.
യുക്തിപരമായ ഈ തെളിവുകളിലേക്കെല്ലാം അല്ലാഹു നമ്മുടെ ശ്രദ്ധ തിരിക്കുകയും അവയെക്കുറിച്ച് ചിന്തിക്കാനും അതിൽനിന്ന് പാഠങ്ങൾ പഠിക്കാനും അവൻ നിർദേശിക്കുകയും ചെയ്യുന്നു. {നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും} ഇതിലും ദൃഷ്ടാന്തമുണ്ട്. നിങ്ങൾ ധാരാളം ആളുകൾ ഉണ്ടായിട്ടും ഉത്ഭവം ഒരു സ്ഥലത്തുനിന്നായിട്ടും ഒരുപോലെയുള്ള രണ്ട് സ്വരങ്ങളോ എല്ലാ വിധത്തിലും സാമ്യമുള്ള രണ്ട് നിറങ്ങളോ നിങ്ങൾ കണ്ടെത്തുകയില്ല. മറിച്ച് അവ തമ്മിൽ വ്യത്യാസങ്ങളുണ്ടാവും. അങ്ങനെ നിങ്ങൾക്ക് അവയെ തിരിച്ചറിയാനാകും. {തീർച്ചയായും അതിൽ അറിവുള്ളവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്} ഇത് അവന്റെ കഴിവിന്റെ പൂർണതയെ കുറിക്കുന്നു. അവന്റെ ഇഷ്ടം നടക്കുമെന്നും അവന്റെ ദാസന്മാരോടുള്ള അവന്റെ കരുതലിന്റെയും കാരുണ്യത്തിന്റെയും അവസ്ഥയും മനസ്സിലാക്കിത്തരുന്നു. കാര്യങ്ങൾ പരസ്പരം സാമ്യമുള്ളതാകുമ്പോൾ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അത് ആളുകളുടെ ഉദ്ദേശ്യങ്ങളും താൽപര്യങ്ങളും നഷ്ടപ്പെടുത്തും.
وَمِنْ ءَايَٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَسْمَعُونَ
രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:30/23)
ദൃഷ്ടാന്തങ്ങളും ആശയങ്ങളും ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രൂപത്തിൽ കേൾക്കുന്നു. ഇതും അല്ലാഹുവിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും തെളിവാണ്.
وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
അവന്റെ കാരുണ്യത്താൽ അവൻ നിങ്ങൾക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നു. അതിൽ രാത്രിയിൽ നിങ്ങൾ വിശ്രമിക്കാനും പകൽ സമയത്ത് അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ തേടാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടി. (ഖുർആൻ:28/73)
ഇത് അവന്റെ സമ്പൂർണ യുക്തിയെക്കുറിക്കുന്നു. വിശ്രമിക്കാനും മതപരവും ലൗകികവുമായ നന്മകൾ ചെയ്യുന്നതിനും ചിലപ്പോഴൊക്കെ സമയം ലഭിക്കണമെന്നത് മനുഷ്യന്റെ പ്രകൃതിയിൽപെട്ടതാണ്. ഇതുണ്ടാവണമെങ്കിൽ രാത്രിയും പകലും മാറിമാറി വരണം. ഇതെല്ലാം ചെയ്തു തരുന്നവൻ ആരാധനക്കർഹനായ ഏകനാണ്.
وَمِنْ ءَايَٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ
ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:30/24)
നിങ്ങൾക്ക് മഴ വർഷിപ്പിച്ചുതരുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. അതിലൂടെ നാടും മനുഷ്യനും ജീവസ്സുറ്റതാകുന്നു. മഴ വരുന്നതിന് മുമ്പ് ഭയവും പ്രതീക്ഷയും ഉളവാക്കുന്ന ഇടിയും മിന്നലും മുന്നോടിയായി അവർക്ക് കാണിച്ചുകൊടുക്കുന്നു.
{തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്} അവന്റെ ദയ, കാരുണ്യം, അറിവിന്റെ വിശാലത, അന്യൂനത, മഹത്തായ യുക്തി എല്ലാം ഇതിലുണ്ട്. അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു; നിർജീവമായ ഭൂമിയെ പുനർജീവിപ്പിക്കുന്നത് പോലെ. {ചിന്തിക്കുന്ന ജനതക്ക്} കേൾക്കുന്നതും കാണുന്നതും ചിന്തിക്കാവുന്ന ബുദ്ധി അവർക്കുണ്ട്; അതിൽനിന്ന് തെളിവ് കണ്ടെത്തുന്നവർക്ക്.
وَمِنْ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ
അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. പിന്നെ, ഭൂമിയില്‍ നിന്ന് നിങ്ങളെ അവന്‍ ഒരു വിളി വിളിച്ചാല്‍ നിങ്ങളതാ പുറത്ത് വരുന്നു. (ഖുർആൻ:30/25)
ആകാശവും ഭൂമിയും അവന്റെ കൽപനയാൽ ഉറച്ചു സ്ഥാപിതമായി നിൽക്കുന്നു. അവ ഇളകുന്നില്ല. ആകാശം ഭൂമിയിൽ പതിക്കുന്നില്ല. ആകാശഭൂമികളെ ഇളകാതെ പിടിച്ചു നിർത്തുന്നു എന്നത് അവന്റെ മഹത്തായ ശക്തിയിൽ പെട്ടതാണ്. അതിനാൽ ഭൂമിയിൽനിന്ന് പുറത്ത് വരാൻ അവൻ അവരെ വിളിച്ചാൽ അവർ വരും.
لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ
തീർച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. (ഖുർആൻ:40/57)
وَلَهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَٰنِتُونَ
ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്‍റെ അധീനത്തിലത്രെ. എല്ലാവരും അവന്ന് കീഴടങ്ങുന്നവരാകുന്നു. (ഖുർആൻ:30/26)
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം അവന്റെ സൃഷ്ടികളും അടിമകളുമാണ്. അവനോട് തർക്കിക്കാനോ എതിർക്കാനോ സഹായിക്കാനോ ആരുമില്ലാതെ അവൻ അവരെ നിയന്ത്രിക്കുന്നു. അവരെല്ലാം അവന്റെ മഹത്ത്വത്തിന് കീഴൊതുങ്ങുന്നു. അവന്റെ പൂർണതക്ക് അവർ വിധേയരുമാണ്.
وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ. (ഖുർആൻ:30/27)
{അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു} അതായത് മരണശേഷം തിരിച്ചുകൊണ്ടുവരുന്നവൻ. {അത് അവന് കൂടുതൽ എളുപ്പമുള്ളതാകുന്നു} ആദ്യ സൃഷ്ടിപ്പിനെക്കാൾ. ഇത് മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതാണ്. നിങ്ങൾ അംഗീകരിക്കുന്ന ആദ്യ സൃഷ്ടിപ്പിന് അവന് കഴിയുമെങ്കിൽ തിരിച്ചുകൊണ്ടുവരിക എന്നത് അതിനെക്കാൾ എത്രയോ എളുപ്പമായതാണ്.
മനസ്സുകൾക്ക് പാഠമുൾക്കൊള്ളാനും വിശ്വാസികൾക്ക് ഉൽബോധനമായും സന്മാർഗം പ്രാപിച്ചവർക്ക് ഉൾക്കാഴ്ച വർധിപ്പിക്കാനും ഉപകരിക്കുന്ന ഈ മഹത്തായ ദൃഷ്ടാന്തങ്ങൾ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ഇപ്പോൾ സുപ്രധാനമായ മറ്റൊരു വിഷയത്തിലേക്ക് പ്രവേശിക്കുന്നു.
{ആകാശങ്ങളിലും ഭൂമിയിലും ഉന്നതമായ അവസ്ഥയുള്ളത് അവനാകുന്നു} ഇത് പൂർണതയുടെ എല്ലാ ഗുണങ്ങളെയും സൂചിപ്പിക്കുന്നു. അവന്റെ അടിമകളെ സംബന്ധിച്ചിടത്തോളം അവനോടുള്ള പൂർണ സ്‌നേഹവും ആത്മാർഥതയും ഹൃദയങ്ങളിലെ സമ്പൂർണ വിധേയത്വവും ആരാധനയും സ്മരണയുമെല്ലാം ഏറ്റവും ഉയർന്ന തലത്തിലാണ്. അതിനാൽ പണ്ഡിതന്മാർ അല്ലാഹുവിന്റെ ഗുണങ്ങളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ഉത്തമമായ (ക്വിയാസ്) തലത്തെ അവർ പരിഗണിക്കുന്നു. അതിനാൽ അവർ പറയുന്നു: “സൃഷ്ടികളിൽ ഏത് ഗുണം എത്ര കൂടുതലായി കണ്ടാലും ആ ഗുണത്തെ സൃഷ്ടിച്ചവനാണ് അതിന് ഏറ്റവും അർഹൻ. അതിൽ മറ്റാർക്കും പങ്കുചേരാനാവില്ല.“
സൃഷ്ടികളിൽ കാണുന്ന എല്ലാ ന്യൂനതകളിൽനിന്നും അവൻ പരിശുദ്ധനാണ്. {അവൻ പ്രതാപിയും യുക്തിമാനുമത്രെ} പൂർണമായ പ്രതാപവും വിശാലമായ യുക്തിയും അവനുള്ളതാണ്. അവൻ അവന്റെ പ്രതാപത്തിൽ സർവ സൃഷ്ടികളെയും ഉണ്ടാക്കി. അവന്റെ യുക്തി അവൻ ഉണ്ടാക്കിയതിനെ അന്യൂനമാക്കി. അവനുണ്ടാക്കിയ നിയമങ്ങളെ മനോഹരവുമാക്കി.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com