وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ مُّهِينٌ
യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്. (ഖു൪ആന്‍:31/6)
وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن يَشْتَرِي വാങ്ങുന്ന ചിലർ لَهْوَ الْحَدِيثِ വിനോദവാർത്തയെ, അനാവശ്യവർത്തമാനം, لِيُضِلَّ അവൻ പിഴപ്പിക്കുവാൻവേണ്ടി عَن سَبِيلِ اللَّـهِ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്നു بِغَيْرِ عِلْمٍ യാതൊരറിവുമില്ലാതെ وَيَتَّخِذَهَا അതിനെ ആക്കുവാനും هُزُوًا പരിഹാസം, പരിഹാസ്യം أُولَـٰئِكَ അക്കൂട്ടർ لَهُمْ അവർക്കുണ്ട് عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യകരമായ, അപമാനപ്പെടുത്തുന്ന
അതായത്: {ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്} അവൻ എല്ലാം നഷ്ടപ്പെട്ടവനും ഒഴിവാക്കപ്പെട്ടവനുമാണ്.
{വിനോദ വാർത്തകൾ} ഹൃദയത്തെ അശ്രദ്ധമാക്കുന്ന സംസാരങ്ങൾ, ഉദാത്തമായ കാര്യങ്ങളെ തടസ്സപ്പെടുത്തുന്നത്. എല്ലാ നിഷിദ്ധ സംസാരങ്ങളും അനാവശ്യങ്ങളും അസത്യങ്ങളും അർഥമില്ലാത്ത സംസാരങ്ങളുമെല്ലാം ഇതിൽപെടും. അവിശ്വാസത്തിനും അധർമത്തിനും അനുസരണക്കേടിനും പ്രചോദനം നൽകുന്ന സംസാരങ്ങളും ഇതിൽപെടുത്താം. സത്യത്തെ ഖണ്ഡിക്കാൻ അസത്യവാദങ്ങളുമായി വന്ന് മറുപടി പറയുന്നവരും ഈ ഗണത്തിൽ തന്നെ. ഏഷണി, പരദൂഷണം, അസഭ്യം, അനാവശ്യ പാട്ടുകളും സംഗീതങ്ങളും ദീനിനോ ദുൻയാവിനോ ഉപകാരം ചെയ്യാത്ത സംസാരങ്ങളുമെല്ലാം വിനോദവർത്തമാനങ്ങളാണ്.
ഇത്തരം ആളുകൾ {വിനോദ വർത്തമാനങ്ങളെ വിലയ്ക്ക് വാങ്ങുന്നു} ശരിയായ മാർഗദർശനങ്ങൾക്ക് പകരം.
{തെറ്റിച്ചുകളയാൻ} ജനങ്ങളെ. {യാതൊരറിവും കൂടാതെ, ദൈവമാർഗത്തിൽനിന്ന്} അതായത്: തന്റെ പ്രവർത്തനത്തിലൂടെ സ്വയം വഴിതെറ്റുകയും മറ്റുള്ളവരെ വഴികേടിലാക്കുകയും ചെയ്യുന്നു. വഴികേടിൽനിന്നാണ് വഴിതെറ്റിക്കൽ ഉണ്ടാകുന്നത്. ഈ വർത്തമാനത്തിലൂടെയുള്ള വഴിപിഴപ്പിക്കൽ എന്നത് ഉപകാരപ്രദമായ വർത്തമാനങ്ങളിൽനിന്ന് തടയലാണ്. അതുപോലെ നല്ല പ്രവർത്തനങ്ങളിൽനിന്നും വ്യക്തമായ സത്യത്തിൽനിന്നും ശരിയായ മാർഗത്തിൽനിന്നും തടയൽ. വിനോദ വർത്തമാനമെന്നത് സത്യത്തെയും സന്മാർഗത്തെയും ബാധിക്കുന്നതാണ്. അതായത് അല്ലാഹുവിന്റെ വചനങ്ങളിൽ വന്നതായ സന്മാർഗത്തെ.
{അതിനെ പരിഹാസ്യമാക്കിത്തീർക്കാനും} അതിനെയും അത് കൊണ്ടുവന്നവനെയും പരിഹസിക്കുന്നു. അസത്യത്തെ പ്രോത്സാഹിപ്പിച്ചു സംസാരിക്കുക, സത്യത്തെ ആക്ഷേപിക്കുക, അതിന്റെ വക്താക്കളെ പരിഹസിക്കുക – ഇതെല്ലാം ഉണ്ടായാൽ അവൻ അറിവില്ലാതെ പിഴപ്പിക്കുന്നവനും വഹ്‌യിൽ വഞ്ചന കാണിക്കുന്നവനുമാകുന്നു. പിഴച്ചുപോകുന്നവന് അത് വേർതിരിച്ച് മനസ്സിലാകുന്നില്ല. യാഥാർഥ്യം അറിയുന്നുമില്ല.
{അവർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്} വഴിപിഴച്ചതിനും അല്ലാഹുവിന്റെ വചനങ്ങളെ പരിഹസിച്ചതിനും വ്യക്തമായ സത്യത്തെ കളവാക്കിയതിനും.
അതാണ് അല്ലാഹു പറഞ്ഞത്:
وَإِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ
അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച് കൊണ്ട് തിരിഞ്ഞുകളയുന്നതാണ്. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്‍റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:31/7)
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com