ഖുർആൻ കൊണ്ടോ മറ്റോ ഏലസ്സ് തയ്യാറാക്കുന്നതിൻ്റെ വിധി എന്താണ് ?
എല്ലുകൾ, ത്വൽസമാത്തുകൾ, ഉറുക്ക്, കവടി, ചെന്നായ രോമം, തുടങ്ങിയ ഏലസ്സുകൾ കൊടിയ തിന്മയും നിഷിദ്ധവുമാകുന്നു. അവ കെട്ടുകയെന്നത് ആർക്കും അനുവദനീയമല്ല. നബി പറഞ്ഞു:
من تعلق تميمة فلا أتم الله له، ومن تعلق ودعة فلا ودع الله له
ആരെങ്കിലും ഒരു ഏലസ്സ് കെട്ടിയാൽ അല്ലാഹു അവന് പൂർത്തീകരിച്ച് കൊടുക്കാതിരിക്കട്ടെ. ആരെങ്കിലും ‘വദഅത്’ (രക്ഷ) കെട്ടിയാൽ അവന് അല്ലാഹു സമാധാനവും രക്ഷയും നൽകാതിരിക്കട്ടെ. (അഹ്മദ്, ഹാകിം)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്:
من تعلق تميمة فقد أشرك
ആരെങ്കിലും ഏലസ്സ് കെട്ടിയാൽ തീർച്ചായും അവൻ ശിർക്ക് ചെയ്തു. (സ്വഹീഹ് അൽബാനി)
എന്നാൽ ബന്ധിക്കപ്പെടുന്നത് വിശുദ്ധ ഖുർആനോ അറിയപ്പെട്ട ദുആകളോ ആണെങ്കിൽ പണ്ഡിതന്മാർക്കിടയിൽ അതിൽ അഭിപ്രായവ്യത്യാസമുണ്ട്. ചില പൂർവ്വികർ ഇത് കെട്ടുന്നത് അനുവദനീയമാക്കി. ഖുർആൻ എഴുതികെട്ടുന്നത് ഖുർആൻ ഓതി രോഗിയുടെ മേൽ ഊതുന്നതുപോലെയാണ് അവർ ആക്കിയത്.
ഇത് അനുവദനീയമല്ലെന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇബ്‌നു മസ്ഊദ് , ഹുദൈഫഃ رضي الله عنهما തുടങ്ങിയ പൂർവ്വീകരിൽ നിന്നെല്ലാം ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശിർക്കിലേക്കുള്ള കവാടം അടക്കുവാനും അതിൻ്റെ അടിവേരറുക്കുവാനുമാണ് അവർ, എഴുതിയത് ഖുർആനായാലും കെട്ടിബന്ധിക്കൽ അനുവദനീയമല്ല എന്നു പറഞ്ഞത്. ഏലസ്സുകളെ എതിർത്തുള്ള പ്രമാണവചനങ്ങളെ മൊത്തത്തിൽ മുഖവിലക്കെടുത്തുകൊണ്ട് അവർ പറഞ്ഞു: “ഏലസ്സുകളെ തടഞ്ഞുള്ള ഹദീഥുകൾ പൊതുവിലാണ് വിഷയം കൈകാര്യം ചെയ്‌തിരിക്കുന്നത്; അതിൽ ഒന്നും ഒഴിവാക്കിപ്പറഞ്ഞിട്ടില്ല. അതിനാൽ തന്നെ, എഴുതിക്കെട്ടുന്നതൊന്നും അനുവദനീയമല്ല. തെളിവിൻ്റെ ബലം അതിനാണെന്നതിനാൽ എല്ലാം തടുക്കൽ നിർബന്ധമാണ്. ഖുർആനും ദുആകളും എഴുതിക്കെട്ടുന്നത് അനുവദിച്ചാൽ അതോടെ നിഷിദ്ധങ്ങളിലേക്കുള്ള കവാടം മലർക്കെത്തുറക്കലായി. ഓരോരുത്തരും തോന്നിയതെല്ലാം കെട്ടിത്തൂക്കുകയുമായി. ഏലസ്സുകളെ എതിർക്കുമ്പോൾപോലും ഇത് ഖുർആനാണ് നല്ല ദുആഉകളാണ് എന്നായിരിക്കും പറയപ്പെടുക.
ഖുർആൻ എഴുതിയത് കെട്ടിബന്ധിക്കൽ അനുവദനീയമല്ല എന്നു പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അഥവാ, ഖുർആൻ എഴുതിക്കെട്ടിയാൽ അതുവഹിച്ച് കക്കൂസിലും മലമൂത്രവിസർജ്ജന സ്ഥലങ്ങളിലും പ്രവേശിച്ചേക്കും. അല്ലാഹുവിന്റെ വചനങ്ങൾ പരിശുദ്ധമാണെന്നതും അവ വഹിച്ച് മലമൂത്രവിസർജ്ജന സ്ഥലങ്ങളിൽ പ്രവേശിക്കരുതെന്നതും മതത്തിൽ അറിയപ്പെട്ടകാര്യമാണ്. (മജ്‌മൂഅ് ഫതാവാ വർറസാഇൽ, ഇബ്‌നു ബാസ്, 1:47)
കുട്ടികളുടേയും മറ്റും ശരീരാവയവങ്ങളിൽ ഖുർആനും ശറഇയായ ദുആകളും എഴുതി കെട്ടുന്നതിൻ്റെ വിധിയെന്താണ്?
ശരീരാവയവങ്ങളിൽ ഖുർആനും ശറഇയായ ദുആകളും എഴുതി കെട്ടുകയെന്നത് അനുവദനീയമല്ല എന്നതാണ് ശരിയായ പണ്ഡിതാഭിപ്രായം. അത് അനുവദനീയമല്ലെന്നതിന് വിവിധ കാരണങ്ങളുണ്ട്:
ഒന്ന്: ഖുർആനും ശറഇയായ ദുആകളും എഴുതി കെട്ടുന്നത് അനുവദിക്കുന്ന തെളിവുകളൊന്നുമില്ല. എഴുതിക്കെട്ടുവാൻ പാടില്ല എന്നതാണ് അടിസ്ഥാനം. കാരണം, ഏലസ്സ് കെട്ടുന്നതിനെ വിരോധിച്ചുള്ള വിധികൾ ബന്ധിക്കുന്നതിനെ പൊതുവിലാണ് കൈകാര്യം ചെയ്യുന്നത്.
ഉക്ബത്ത് ഇബ്നു നാഫിഅ് رضي الله عنه ൽനിന്നും നിവേദനം: നബി പറഞ്ഞു:
من تعلق تميمة فلا أتم الله له
ആരെങ്കിലും ഒരു ഏലസ്സ് കെട്ടിയാൽ അല്ലാഹു അവന് പൂർത്തീകരിച്ച് കൊടുക്കാതിരിക്കട്ടെ. (അഹ്മദ്, ഹാകിം)
ഈ വിഷയത്തിൽ ഇതു പോലുള്ള വേറേയും ഹദീഥുകളുണ്ട്.
രണ്ട്: ഖുർആനും ശറഇയായ ദുആകളും എഴുതി കെട്ടുന്നത് അനുവദിച്ചാൽ, അത് ശിർക്കും ഹറാമും കലർന്ന ഏലസ്സ് കെട്ടുവാൻ കവാടം തുറക്കലായി.
മൂന്ന്: ഖുർആനും ശറഇയായ ദുആകളും എഴുതി കെട്ടുന്നത് അനുവദിക്കൽ വിശുദ്ധ ഖുർആനിനെ അവമതിക്കുവാനും അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് അതുമായി കയറുവാൻ വഴിയൊരുക്കലുമാണ്. ചിലപ്പോൾ കുട്ടികളിലായിരിക്കും ഇത് കെട്ടുന്നത്; അവരാകട്ടെ നജസിൽനിന്ന് എപ്പോഴും ശുദ്ധിയിലുമായിക്കൊള്ളണമെന്നില്ല. ഗൗരവത്തിൽ കണക്കിലെടുക്കേണ്ട വേറേയും വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ട്.
രോഗികളെ ക്യുർആനും ശറഇയായ ദുആകളും ഓതി മന്ത്രിച്ചാൽ മതി. അതിലാണ് ധന്യത. അവ കെട്ടിത്തൂക്കേണ്ട യാതൊരു ആവശ്യവുമില്ല. അല്ലാഹുവിന് മാത്രമാകുന്നു സർവ്വസ്തുതിയും. (അൽമുൻതക്വാമിൻ ഫതാവൽഫൗസാൻ, 15:1)
അനുവദനീയമായ മന്ത്രങ്ങൾ എഴുതിക്കെട്ടാമോ?
വിശുദ്ധ ഖുർആനും അനുവദനീയമായ ദുആകളും ഓാതി രോഗികളുടെമേൽ മന്ത്രിക്കാം. നബി, സ്വഹാബികൾക്കു വേണ്ടി മന്ത്രിച്ചത് സ്ഥിരപ്പെട്ടുവന്നിരിക്കുന്നു. അവയിൽ ചിലത് കാണുക:
رَبُّنَا اللَّهُ الَّذِي فِي السَّمَاءِ تَقَدَّسَ اسْمُكَ أَمْرُكَ فِي السَّمَاءِ وَالأَرْضِ كَمَا رَحْمَتُكَ فِي السَّمَاءِ فَاجْعَلْ رَحْمَتَكَ فِي الأَرْضِ اغْفِرْ لَنَا حُوبَنَا وَخَطَايَانَا أَنْتَ رَبُّ الطَّيِّبِينَ أَنْزِلْ رَحْمَةً مِنْ رَحْمَتِكَ وَشِفَاءً مِنْ شِفَائِكَ عَلَى هَذَا الْوَجَعِ فَيَبْرَأُ
ആകാശത്തിലുള്ള ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിൻ്റെ നാമം വിശുദ്ധമാകുന്നു. നിൻ്റെ കാര്യവും കൽപനയും ആകാശത്തിലും ഭൂമിയിലുമാകുന്നു. നിൻ്റെ കാരുണ്യം ആകാശത്തിലെന്ന പോലെ നീ നിൻ്റെ കാരുണ്യം ഭൂമിയിലുമേകേണമേ. നീ ഞങ്ങൾക്ക് ഞങ്ങളുടെ തെറ്റുകളും കുറ്റങ്ങളും പൊറുക്കേണമേ. നീ പുണ്യവാന്മാരുടെ രക്ഷിതാവാണല്ലോ. ഈ വേദനക്ക് നീ നിൻന്റെ കാരുണ്യവും ശിഫയും ഇറക്കേണമേ. (അഹ്മദ്, അബൂദാവൂദ്)
بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ
നിനക്ക് ഉപദ്രവമുണ്ടാക്കുന്ന എല്ലാ വസ്തുക്കളിൽനിന്നും, എല്ലാം മനുഷ്യരുടേയും, കണ്ണുകളുടേയും, അസൂയാലുക്കളുടേയും തിന്മങ്ങളിൽനിന്നും അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കൾക്ക് മന്ത്രിക്കുന്നു. അല്ലാഹു താങ്കൾക്ക് ശിഫ നൽകട്ടേ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കൾക്ക് മന്ത്രിക്കുന്നു. (മുസ്‌ലിം)
രോഗിയുടെ ശരീരത്തിൽ വേദനയുള്ള സ്ഥലത്ത് കൈ വെച്ച് ചൊല്ലേണ്ടതും അവയിലുണ്ട്. ‘ബിസ്‌മില്ലാഹ്’ എന്ന് മൂന്നു തവണ ചൊല്ലി ആ ദുആ ഇപ്രകാരമാണ് പറയേണ്ടത്:
أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
“ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയും ഭയന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിൻ്റെ കെടുതിയിൽനിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാൻ അഭയം തേടുന്നു” എന്ന് ഏഴുതവണ പറയുക.
എന്നാൽ ആയത്തുകളും ദിക്റുകളും എഴുതിക്കെട്ടുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചിലർ അത് അനുവദിച്ചിട്ടുണ്ട്. മറ്റു ചിലർ അത് വിരോധിച്ചിട്ടുമുണ്ട്. അനുവദനീയമല്ല എന്ന അഭിപ്രായമാണ് ശരിയോട് ഏറ്റവും അടുത്തത്. കാരണം, എഴുതിക്കെട്ടൽ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടുവന്നിട്ടില്ല. രോഗിയുടെമേൽ ഓതി ഊതുക എന്നതാണ് നബി ﷺയിൽ നിന്ന് സ്ഥിരപ്പെട്ടുവന്നത്. കാരണമായി അല്ലാഹു നിശ്ചയിക്കാത്ത ഒരു കാരണത്തെ സ്ഥാപിക്കുന്നു എന്നതിനാൽ വല്ലവനും, മതകൽപനയില്ലാതെ ഒരു കാര്യത്തെ മറ്റൊന്നിന് കാരണമാക്കിയാൽ പ്രസ്തുത പ്രവൃത്തി ഒരുതരം ശിർക്കായാണ് എണ്ണപ്പെടുക. (മജ്‌മൂഅ് ഫതാവാ വർറസാഇൽ, ഇബ്‌നു ഉഥൈമീൻ, 1:62)
www.kanzululoom.com