സുന്നത്തു നമസ്കാരങ്ങൾ വിരോധിക്കപെട്ട ചില സമയങ്ങളുണ്ട്. എന്നാൽ അവയിൽ ചിലത് ഈ വിരോധത്തിൽനിന്ന് ഒഴിവാണ്. വിരോധിക്കപ്പെട്ട സമയങ്ങൾ അഞ്ചാണ്.
ഒന്ന്) സ്വുബ്ഹി നമസ്കാരം മുതൽ സൂര്യനുദിക്കുന്നതുവരെ.
قال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لاَ صَلاَةَ بَعْدَ صَلاَةِ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ
തിരുനബിﷺ പറഞ്ഞു: ഫജ്ർ നമസ്കാരശേഷം സൂര്യോദയംവരെ യാതൊരു നമസ്കാരവുമില്ല. (ബുഖാരി, മുസ്ലിം)
രണ്ട്) സൂര്യോദയം മുതൽ ദൃഷ്ടിയുടെ കാഴ്ചയിൽ സൂര്യൻ ഒരു കുന്തത്തോളം ഉയരുന്നതുവരെ. ഏകദേശം ഒരു മീറ്റർ തോതാണ് അത്. പതിനഞ്ച് അല്ലെങ്കിൽ ഇരുപതു മിനുട്ട് സമയം അതിനു കണക്കാക്കപ്പെടും. സൂര്യൻ അതിന്റെ ഉദയത്തിനുശേഷം ഒരു കുന്തത്തോളം ഉയർന്നാൽ നിരോധിത സമയം അവസാനിച്ചു.
അംറ് ഇബ്നു അബസ رضى الله عنه വോടു തിരുനബിﷺ പറഞ്ഞു:
صَلِّ صَلاَةَ الصُّبْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ …
താങ്കൾ സ്വുബ്ഹി നമസ്കരിക്കുക. പിന്നെ നമസ്കാരം സൂര്യൻ ഉദിക്കുന്നതുവരേക്കും മതിയാക്കുക. (മുസ്ലിം)
താഴെ കൊടുക്കുന്ന, ഉക്വ്ബ رضى الله عنه വിൽ നിന്നുള്ള ഹദീസിലും ഇപ്രകാരമുണ്ട്.
മൂന്ന്) സൂര്യൻ ഉച്ചിയിൽ നിലകൊണ്ടു പടിഞ്ഞാറു ഭാഗത്തേക്ക് തെറ്റുകയും ദ്വുഹ്റിന്റെ സമയമാവുകയും ചെയ്യുമ്പോൾ.
عَنْ عُقْبَةَ بْنِ عَامِرٍ،، قَالَ ثَلاَثُ سَاعَاتٍ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَنْهَانَا أَنْ نُصَلِّيَ فِيهِنَّ أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ .
ഉക്വ്ബത്ത് ഇബ്നുആമിര് رضى الله عنه വിൽ നിന്ന് നിവേദനം: മൂന്നു സമയങ്ങൾ, അവയിൽ നമസ്കരിക്കുന്നതും ഞങ്ങളിൽ മരണപ്പെട്ടവരെ മറമാടുന്നതും അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളോട് വിരോധിച്ചിരുന്നു. സൂര്യൻ ഉദിച്ചുയരുന്ന വേളയിലും സൂര്യൻ ആകാശമധ്യത്തിലായി തെറ്റുന്നതുവരെയും സൂര്യൻ അസ്തമിക്കുവാൻ തുടങ്ങി അസ്തമിക്കുന്നതുവരെയും. (മുസ്ലിം:831)
നാല്) അസ്വ്ർ നമസ്കാരം മുതൽ സൂര്യാസ്തമയം വരെ.
قال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ :لا صلاة بعد الفجر حتى تطلع الشمس، ولا صلاة بعد صلاة العصر حتى تغيب الشمس
നബിﷺ പറഞ്ഞു: ഫജ്റിനു ശേഷം സൂര്യൻ ഉദിക്കുന്നതുവരെ യാതൊരു നമസ്കാരവുമില്ല. അസ്വ്ർ നമസ്കാരത്തിനുശേഷം സൂര്യൻ അസ്തമിക്കുന്നതുവരെയും യാതൊരു നമസ്കാരവുമില്ല. (ബുഖാരി, മുസ്ലിം)
അഞ്ച്) സൂര്യൻ അസ്തമിക്കുവാൻ തുടങ്ങി അതു മറയുന്നതുവരെ. മുകളിൽ നൽകിയ ഹദീസിൽ ഈ വിഷയത്തിന്റെ തെളിവ് നാം കണ്ടു.
നമസ്കാരം വിരോധിക്കപ്പെട്ട ഈ അഞ്ചു സമയങ്ങൾ മൂന്നു സമയങ്ങളിൽ പരിമിതപ്പെടുന്നു.
1.ഫജ്ർ നമസ്കാരശേഷം സൂര്യൻ ഉദിച്ച് ഒരു കുന്തത്തോളം ഉയരുന്നതുവരെയും,
2.സൂര്യൻ ആകാശമധ്യത്തിലായി അതു തെറ്റുന്നതുവരെയും,
3.അസ്വ്ർ നമസ്കാരത്തിനുശേഷം സൂര്യന്റെ അസ്തമയം പൂർണമാകുന്നതുവരെയും.
ഈ സമയങ്ങളിൽ നമസ്കാരം വിരോധിച്ചതിലെ യുക്തി തിരുനബിﷺ വിവരിച്ചുതന്നിട്ടുണ്ട്. സൂര്യൻ ഉദിക്കുന്ന വേളയിലും അസ്തമിക്കുന്ന വേളയിലും അവിശ്വാസികൾ സൂര്യനെ ആരാധിക്കുന്നു. അതിനാൽ ആ സമയങ്ങളിലുള്ള മുസ്ലിമിന്റെ നമസ്കാരത്തിലൂടെ അവരോട് സാദൃശ്യപ്പെടലുണ്ടാകുന്നു.
അംറ് ഇബ്നു അബസ رضى الله عنه വിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
فإنها -أي الشمس- تطلع حين تطلع بين قرني شيطان، وحينئذ يسجد لها الكفار … فإنها تغرب حين تغرب بين قرني شيطان، وحينئذ يسجد لها الكفار
നിശ്ചയം, സൂര്യൻ ഉദിക്കുമ്പോൾ ശെയ്ത്വാന്റെ രണ്ട് കൊമ്പുകൾക്കിടയിൽ അത് ഉദിക്കുന്നു. അന്നേരം അവിശ്വാസികൾ അതിനു സുജൂദ് ചെയ്യുന്നു. അത് അസ്തമിക്കുമ്പോൾ ശെയ്ത്വാന്റെ രണ്ട് കൊമ്പുകൾക്കിടയിൽ അത് അസ്തമിക്കുന്നു. അന്നേരം അവിശ്വാസികൾ അതിനു സുജൂദ് ചെയ്യുന്നു. (മുസ്ലിം:832)
ഇതു സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമായ സമയങ്ങളുടെ വിഷയത്തിലാണ്. എന്നാൽ സൂര്യൻ ആകാശമധ്യത്തിലാകുന്ന സമയം നമസ്കാരം വിരോധിക്കപെട്ടതിലെ യുക്തി മുൻചൊന്ന ഹദീസിൽ തന്നെ തിരുനബിﷺ വ്യക്തമാക്കിയിട്ടുണ്ട്. തിരുനബി പറഞ്ഞു:
فإن حينئذٍ تُسْجَرُ جهنم
നിശ്ചയം, അന്നേരം നരകം ആളി കത്തിക്കപ്പെടും. ( المصدر السابق.)
അതിനാൽ ഈ സമയങ്ങളിൽ സുന്നത്തു നമസ്കാരങ്ങൾ അനുവദനീയമല്ല; ത്വവാഫിന്റെ രണ്ടു റക്അത്തുകൾ പോലെ തെളിവുകൾ പ്രത്യേകമാക്കിയ നമസ്കാരങ്ങളല്ലാതെ. ത്വവാഫിന്റെ നമസ്കാരത്തെ കുറിച്ച് നബിﷺ പറഞ്ഞു:
يا بني عبد مناف لا تمنعوا أحداً طاف بهذا البيت وصلَّى فيه، أية ساعة شاء، من ليل أو نهار
അബ്ദുമനാഫിന്റെ മക്കളേ, രാവിലും പകലിലും ഏതു സമയത്തായാലും ഈ കഅ്ബയെ ത്വവാഫ് ചെയ്യുകയും അതിൽ നമസ്കരിക്കുകയും ചെയ്യുന്ന യാതൊരാളെയും നിങ്ങൾ തടുക്കരുത്. (അബൂദാവൂദ്, തിര്മിദി …)
ഇപ്രകാരമാണ് ഫജ്റിന്റെ സുന്നത്ത് സ്വുബ്ഹി നമസ്കാരശേഷം ക്വദ്വാഅ് വീട്ടുന്നതും അസ്വ്ർ നമസ്കാരശേഷം ദ്വുഹ്റിന്റെ സുന്നത്തു ക്വദ്വാഅ് വീട്ടുന്നതും; വിശിഷ്യാ ദ്വുഹ്റിനെ അസ്വ്റിലേക്കു ജംഅ് ചെയ്തു നമസ്കരിക്കുമ്പോൾ.
ജനാസ നമസ്കാരം, തഹിയ്യത്തുൽമസ്ജിദ്, ഗ്രഹണനമസ്കാരം പോലുള്ള, കാരണമുള്ള നമസ്കാരങ്ങൾ നിർവഹിക്കലും ഇപ്രകാരമാണ്. ഇതുപോലെ തന്നെയാണ് ഈ സമയങ്ങളിൽ നഷ്ടപ്പെട്ട നിർബന്ധ നമസ്കാരങ്ങൾ ക്വദ്വാഅ് വീട്ടലും. തിരുനബിﷺ പറഞ്ഞു:
من نام عن صلاة أو نسيها فليصلها إذا ذكرها
വല്ലവനും ഏതെങ്കിലും നമസ്കാരത്തെത്തൊട്ട് ഉറങ്ങി, അല്ലെങ്കിൽ അതു മറന്നു, എങ്കിൽ അവൻ അതിനെ ഓർക്കുമ്പോൾ നമസ്കരിക്കട്ടെ. (മുസ്ലിം)
കാരണം, നിർബന്ധ നമസ്കാരങ്ങൾ നിർവഹിച്ചുവീട്ടൽ നിർബന്ധമായ കടമാണ്. അതിനാൽ മനുഷ്യൻ എപ്പോഴാണോ ഓർക്കുന്നത് അപ്പോൾ അവ നിർവഹിക്കപ്പെടണം.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com