നബി ﷺ യുടെ പോറ്റുപുത്രനും, അവിടുത്തെ മൗലയുമായ സൈദ് ബ്നു ഹാരിഥഃ رضي الله عنه, ഖുറൈശീ ഗോത്രത്തില്‍ അസദ് കുടുംബത്തില്‍ പെട്ട ജഹ്ശിന്‍റെ മകളും, നബി ﷺ യുടെ അമ്മായിയുടെ മകളും കൂടിയായ സൈനബാ رضي الله عنها യെ വിവാഹം ചെയ്തിരുന്നു. ഇത് ഹിജ്രക്കു മുമ്പാണ്. താന്‍ കുലീനകുടുംബത്തില്‍ ജനിച്ചവളാണെന്ന നിലക്കു ആദ്യം ഈ വിവാഹത്തില്‍ സൈനബ് رضي الله عنها അൽപം അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. എങ്കിലും നബി ﷺ യുടെ ഇഷ്ടവും, വംശപരമായ ഉച്ചനീചത്വത്തിനു ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന വസ്തുതയും മുന്‍നിറുത്തിക്കൊണ്ട് അവര്‍ അതിനു അനുവദിക്കുകയാണുണ്ടായത്. ക്രമേണ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. ഇക്കാരണത്താല്‍ സൈദ് رضي الله عنه അവര്‍ക്കു വിവാഹമോചനം നല്‍കുവാന്‍ തീരുമാനിച്ചു. ഈ വിവാഹമോചനം നടക്കുവാന്‍ പോകുന്നുവെന്നും, ഇദ്ദഃ കാലം കഴിഞ്ഞശേഷം സൈനബ് رضي الله عنها നബി ﷺ യുടെ ഭാര്യയാകാന്‍ പോകുന്നുവെന്നും നബി ﷺ ക്കു വഹ്‌യു ലഭിച്ചിരുന്നു. പോറ്റുമക്കളെ യഥാര്‍ത്ഥ മക്കളായി ഗണിച്ചിരുന്ന അന്നത്തെ ചുറ്റുപാടില്‍, മുഹമ്മദ് സ്വന്തം മകന്റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തിനും, ഇസ്ലാമിനെതിരായ കുപ്രചാരങ്ങള്‍ക്കും ഇതു കാരണമായേക്കുമെന്നു നബി ﷺ ക്കു തോന്നി. അങ്ങനെ, സൈദു رضي الله عنه തന്‍റെ തീരുമാനം നബി ﷺ യെ അറിയിച്ചപ്പോള്‍ അവിടുന്നു അതിനെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. (ഖുർആൻ:33/37)
അല്ലാഹു ഈ വചനം അവതരിപ്പിച്ചത് വിശ്വാസികൾക്ക് ഒരു പൊതുനിയമം നിർദേശിക്കാനാണ്. യഥാർഥ പുത്രൻമാരുടെ നിയമവും ദത്തുപുത്രൻമാരുടെ നിയമവും ഒന്നല്ല. അതിനാൽ ദത്തുപുത്രന്മാരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നതിന് വിരോധമില്ല. ഇത് സാധാരണയായി നടക്കുന്നതാണ്. എന്തെങ്കിലും പ്രത്യേക സംഭവങ്ങളില്ലാതെ ആ നിയമം ഇല്ലാതുകുന്നില്ല. ഈ നിയമം പ്രവാചകന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തന്നെ നടപ്പിലാക്കാൻ അല്ലാഹു ഉദ്ദേശിച്ചു. അല്ലാഹു ഒരു കാര്യം ഉദ്ദേശിക്കുമ്പോൾ അതിനുള്ള കാരണവും അവൻ നിശ്ചയിക്കുന്നു. (തഫ്സീറുസ്സഅ്ദി)
‘അല്ലാഹുവും നീയും അനുഗ്രഹം ചെയ്തുകൊടുത്തവന്‍’ എന്നു പറഞ്ഞതു സൈദു ബ്നു ഹാരിഥഃ رضي الله عنه യെ ക്കുറിച്ചാകുന്നു. ഇസ്ലാമിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുകപോലെയുള്ള കണക്കറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്തിട്ടുണ്ടല്ലോ. നബി ﷺ യാണെങ്കില്‍, അദ്ദേഹത്തെ വാത്സല്യപൂര്‍വ്വം വളര്‍ത്തുകയും, അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുയും ചെയ്തു.
സൈദ് رضي الله عنه തന്‍റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം നടത്തുന്നതിനെപ്പറ്റി നബി ﷺ യോട് ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി ﷺ. അപ്പോഴായിരുന്നു അദ്ദേഹത്തോടു ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും സൈദ് رضي الله عنه വിനോട് നബി ﷺ പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ് رضي الله عنه ഭാര്യയെ വേര്‍പ്പെടുത്തുകത്തന്നെ ചെയ്യുമെന്നും, അനന്തരം സൈനബ رضي الله عنها യെ നബി ﷺ വിവാഹം ചെയ്‌വാനിരിക്കുന്നുവെന്നും നബി ﷺ ക്കു അറിവു ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദു رضي الله عنه നോടു നബി ﷺ ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാന്‍ സാധാരണമട്ടില്‍ ഉപദേശിക്കുകയാണ് ചെയ്തത്. ‘
വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച് താങ്കളോട് കൂടിയാലോചിക്കാൻ വന്നപ്പോൾ അദ്ദേഹത്തെ ഉപദേശിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. {നിന്റെ ഭാര്യയെ നീ നിന്റെ അടുത്തുതന്നെ നിർത്തിപ്പോരുക} അവളെ നീ വിവാഹമോചനം ചെയ്യേണ്ടതില്ല. നിങ്ങളോടുള്ള അവളുടെ മനോഭാവത്തിൽ ക്ഷമയോടെയിരിക്കുക. അല്ലാഹുവിനെ ഭയപ്പെടുന്നത് ക്ഷമയോടെയായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും കൽപിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)
തുടര്‍ന്നുള്ള രണ്ടു വാക്യങ്ങള്‍, ‘അല്ലാഹു വെളിവാക്കാന്‍പോകുന്ന കാര്യം നീ മനസ്സില്‍ മറച്ചുവെക്കുന്നു’ എന്നും, ‘പേടിക്കുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ അല്ലാഹുവാണെന്നിരിക്കെ നീ ജനങ്ങളെ പേടിക്കുന്നു’ എന്നും അല്ലാഹു നബി ﷺ യോടു പറഞ്ഞതുമാകുന്നു. ‘വെളിവാക്കുവാന്‍പോകുന്ന കാര്യം’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, സൈനബ رضي الله عنها യെ സൈദു رضي الله عنه വിവാഹമോചനം ചെയ്‌വാന്‍ പോകുന്നതും, പിന്നീടു നബി ﷺ സൈനബ رضي الله عنها യെ വിവാഹം ചെയ്യുമെന്നുള്ളതുമാണ്. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നടപ്പിലാക്കിക്കൊള്ളുമെന്നും നബി ﷺ കരുതി. യഥാര്‍ത്ഥവും സത്യവും തുറന്നു പറയുന്നതില്‍ ആരെയും ശങ്കിക്കേണ്ടതില്ല, അതില്‍ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് നബി ﷺ യെ ഓര്‍മ്മിപ്പിക്കുകയാണ്.
‘സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചുകഴിഞ്ഞ്’ (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഭാര്യയുമായി യോജിച്ചുപോകുകയില്ലെന്ന് കണ്ട് അവരെ വിവാഹ മോചനം ചെയ്തു എന്നത്രെ. ഇതു അറബിഭാഷയിലെ ഒരു പ്രത്യേക പ്രയോഗമാണ്. സൈനബ رضي الله عنها യെ വിവാഹമോചനം നടത്തുകയല്ലാതെ നിവൃത്തിയില്ലെന്ന് സൈദ് رضي الله عنه ന് ബോധ്യം വരുകയും, അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തു.
{സൈദ് അവളിൽ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോൾ} അദ്ദേഹത്തിന്റെ മനസ്സ് അവളിൽനിന്ന് മുക്തമാവുകയും താൽപര്യം നഷ്ടപ്പെടുകയും വേർപിരിയുകയും ചെയ്തപ്പോൾ. (തഫ്സീറുസ്സഅ്ദി)
അനന്തരം ഇദ്ദഃ കാലം കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശമനുസരിച്ചു നബി ﷺ അവരെ വിവാഹം കഴിക്കയും ഉണ്ടായി. ഈ വിവാഹം നബി ﷺ യുടെ ആഗ്രഹമോ ആവശ്യമോ അനുസരിച്ച് ഉത്ഭവിച്ചതായിരുന്നില്ല. പോറ്റുമക്കള്‍ക്ക് യഥാര്‍ത്ഥ മക്കളുടെ സ്ഥാനം കല്‍പിക്കുന്നതിനാല്‍ അവരുടെ ഭാര്യമാരാകുന്ന സ്ത്രീകളെ ഒരിക്കലും പോറ്റുപിതാക്കള്‍ക്കു വിവാഹം ചെയ്‌വാന്‍ പാടില്ലെന്നാണ് ജാഹിലിയ്യാ നിയമം. ഈ സമ്പ്രദായം തുടച്ചുനീക്കി തല്‍സ്ഥാനത്തു ഇസ്‌ലാമികനിയമം പ്രാവര്‍ത്തികമാക്കി കാണിക്കുവാന്‍ വേണ്ടി അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം നബി ﷺ ചെയ്തതായിരുന്നു ആ വിവാഹം. അതുകൊണ്ടാണ് സൈദു അവളില്‍നിന്നു ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്കു ഭാര്യയായിത്തന്നു (فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا) എന്നു അല്ലാഹു പറഞ്ഞത്.
{അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു}നാം അത് ചെയ്തതിന്റെ പിന്നിൽ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് {അവരെ വിവാഹം കഴിക്കുന്ന കാര്യത്തിൽ സത്യവിശ്വാസികൾക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാൻ വേണ്ടിയത്രെ അത്} മുമ്പ് താങ്കളിലേക്ക് ചേർത്തു പറഞ്ഞിരുന്ന സൈദ്ബ്‌നു ഹാരിസയുടെ ഭാര്യയെ താങ്കൾ വിവാഹം കഴിക്കുന്നത് അവർ കണ്ടാൽ വിശ്വാസികൾക്ക് ഈ വിഷയത്തിൽ ഭാവിയിൽ പ്രയാസമുണ്ടായില്ല. ഈ വചനം പൊതുവായ ആശയമുള്ളതാണ്. അദ്ദേഹം ഒഴിവാക്കുന്നതിന് മുമ്പ് വിവാഹം കഴിക്കൽ അനുവദനീയമല്ല. അതുകൊണ്ടാണ് അത് നിബന്ധനയായി പറഞ്ഞത്: {അവരുടെ ഭാര്യമാരിൽനിന്ന് ആവശ്യം നിറവേറ്റി കഴിഞ്ഞശേഷം}. {അല്ലാഹുവിന്റെ കൽപന പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു} അത് നടപ്പിലാകും. അതിനൊരു പ്രയാസവും തടസ്സവും ഇല്ല. (തഫ്സീറുസ്സഅ്ദി)
قالت عائشة رضي الله عنها: وَلَوْ كَانَ مُحَمَّدٌ صلى الله عليه وسلم كَاتِمًا شَيْئًا مِمَّا أُنْزِلَ عَلَيْهِ لَكَتَمَ هَذِهِ الآيَةَ { وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَنْ تَخْشَاهُ}
ആയിശ رضي الله عنها പറയുന്നു: ‘മുഹമ്മദു നബി അല്ലാഹുവിന്‍റെ കിതാബില്‍ നിന്നും വല്ലതും (ജനങ്ങളെ അറിയിക്കാതെ) മറച്ചുവെക്കുമായിരുന്നുവെങ്കില്‍ ഈ ആയത്തു മറച്ചു വെക്കേണ്ടതായിരുന്നു: {നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു} (മുസ്ലിം:177)
ഈ സംഭവം ധാരാളം ഗുണപാഠങ്ങൾ നൽകുന്നുണ്ട്. ശൈഖ് നാസിര്‍ അസ്സഅദി رحمه الله തന്റെ തഫ്സീറിൽ ഈ സംഭവത്തിലെ 10 ഗുണപാഠങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
1) അല്ലാഹു സൈദ്ബ്‌നു ഹാരിസ رضي الله عنه വിനെ രണ്ട് കാര്യങ്ങളിൽ പുകഴ്ത്തി. ഒന്ന്: അല്ലാഹു ക്വുർആനിൽ അദ്ദേഹത്തെ പേരെടുത്തു പറഞ്ഞു. മറ്റൊരു സ്വഹാബിയെയും പരാമർശിച്ചിട്ടില്ല. രണ്ട്: അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം നൽകി എന്ന് പറയുന്നു. അത് ഇസ്‌ലാമും ഈമാനുമാണ്. ഇതിൽനിന്ന് അദ്ദേഹം മുസ്‌ലിമും മുഅ്മിനുമാണെന്ന് അല്ലാഹുവിൽ നിന്നുള്ള സാക്ഷിത്വം. ബാഹ്യമായും ആന്തരികമായും അദ്ദേഹം ഒരു വിശ്വാസിയായിരുന്നു എന്നതിന്റെ സാക്ഷ്യം. അനുഗ്രഹം എന്ന് പ്രത്യേകം പറയുമ്പോൾ ഇതുതന്നെയാണ് ഉദ്ദേശ്യം.
2) മോചിപ്പിക്കപ്പെട്ടവൻ തന്നെ മോചിപ്പിച്ചവനോട് കടപ്പെട്ടിരിക്കുന്നു.
3) ദത്തുപുത്രന്റെ ഭാര്യയെ വിവാഹം കഴിക്കൽ അനുവദനീയമാണ്.
4) വാക്കാലുള്ള അധ്യാപനത്തെക്കാൾ കൂടുതൽ ഫലപ്രദമാണ് പ്രായോഗികമായ പഠിപ്പിക്കൽ; പ്രത്യേകിച്ച് വാക്കുകൾ കൂടിയുണ്ടെങ്കിൽ അത് വെളിച്ചത്തിനു മേൽ വെളിച്ചമാണ്.
5) റസൂൽﷺ തനിക്ക് കിട്ടിയ സന്ദേശങ്ങളെല്ലാം കൃത്യമായി എത്തിച്ചു. ഒന്നും ഒഴിവാക്കിയില്ല. അദ്ദേഹത്തിന് ശാസന ഉണ്ടായ വിഷയം പോലും അറിയിച്ചു. ഇതിൽനിന്ന് മനസ്സിലാകുന്നത് അദ്ദേഹം അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്നാണ്. തനിക്ക് വെളുപ്പെടുത്തിയതല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്നെ മഹത്ത്വവത്കരിക്കാൻ ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കുന്നു.
6) ഉപദേശം ചോദിക്കപ്പെടുന്നയാൾ വിശ്വസ്തമായ ഒരു സ്ഥാനത്താണ്. അതിനാൽ ഏതെങ്കിലും കാര്യത്തിൽ തന്നോട് ഉപദേശം തേടിയാൽ തേടിയവൻ ഏറ്റവും ഗുണകരമായതാണ് നിർദേശിക്കേണ്ടത്. തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ഉപദേശം തേടുന്ന വ്യക്തിയുടെ താല്പര്യങ്ങൾക്ക് അവൻ മുൻഗണന നൽകണം; സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമാണെങ്കിലും.
7) തന്റെ ഭാര്യയെ വിവാഹ മോചനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്ന വ്യക്തിക്കുള്ള ഉപദേശത്തിൽ കഴിയുന്നിടത്തോളം അവളെ നിലനിർത്തണമെന്നാണ് ഉപദേശിക്കേണ്ടത്. കാരണം അതാണ് വേർപിരിയലിനെക്കാൾ നല്ലത്.
8) ആളുകളെ ഭയപ്പെടുന്നതിനെക്കാൾ അല്ലാഹുവിനെ ഭയപ്പെടുന്നതിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. കാരണം അതാണ് ഏറ്റവും ഉചിതവും നല്ലതും.
9) വിശ്വാസികളുടെ മാതാവായ സൈനബ് رضي الله عنها യുടെ മഹത്ത്വം മനസ്സിലാക്കുന്നു. കാരണം യാതൊരു വിവാഹന്വേഷണമോ സാക്ഷിയോ ഇല്ലാതെ അല്ലാഹു അവരുമായുള്ള തന്റെ പ്രവാചകന്റെ വിവാഹം നിശ്ചയിച്ചു. അതിനാൽ ഇക്കാര്യം അവർ മറ്റു ഭാര്യമാരോട് പറഞ്ഞ് അഭിമാനിക്കാറുണ്ടായിരുന്നു:
زوجكن أهاليكن، وزوجني اللّه من فوق سبع سماوات.
നിങ്ങളെ നിങ്ങളുടെ വീട്ടുകാരാണ് വിവാഹം കഴിപ്പിച്ചത്, എന്നെ ഏഴാനാകാശത്തിന്റെ മുകളിൽ നിന്ന് അല്ലാഹുവും.
10) ഒരു സ്ത്രീക്ക് ഭർത്താവുണ്ടെങ്കിൽ അദ്ദേഹവുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതു വരെ അവളെ വിവാഹം കഴിക്കാനോ ആസൂത്രണം ചെയ്യാനോ പാടില്ല. ഇദ്ദ അവസാനിക്കുന്നതുവരെ വിവാഹമോചന നടപടികൾ പൂർത്തിയാകില്ല. കാരണം ഇദ്ദ അവസാനിക്കുന്നതുവരെ അവൾ വിവാഹിത തന്നെയാണ്. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com