ഇസ്‌ലാമിക ചരിത്രത്തിലെ തെറ്റുധാരണകള്‍

ഉസ്മാന്‍ رضى الله عنه മുതല്‍ കര്‍ബല സംഭവം വരെയുള്ള കാലത്തിനിയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ധാരാളം തെറ്റുധാരണകള്‍ സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ നടത്തുന്ന മദ്‌റസകളിലെ ഇസ്‌ലാമിക ചരിത്ര പാഠപുസ്തകങ്ങളിലും അറബിക്കോളേജുകളിലും ആര്‍ട്‌സ് കോളേജുകളിലുമൊക്കെ പഠിപ്പിക്കുന്ന ചരിത്ര പുസ്തകങ്ങളിലുമെല്ലാം ഈ തെറ്റുധാരണകള്‍ അറിയാതെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ചുരുക്കി വിവരിക്കാം.

‘ഉസ്മാന്‍ رضى الله عنه സ്വജനപക്ഷപാതം കാണിച്ചു’ എന്ന് പഠിപ്പിക്കപ്പെടുന്നു! ഒരു വിദ്യാര്‍ഥിയെ ഇസ്‌ലാമിന്റെ ശത്രുവാക്കണമെങ്കില്‍ അവനെ ബി.എ ഇസ്‌ലാമിക്ക് ഹിസ്റ്ററിക്ക് ചേര്‍ത്താല്‍ മതി എന്ന് പറയാറുണ്ട്. (കാരണം: ഉസ്മാന്‍ رضى الله عنه വിന്റെ ഘാതകന്മാരെ അലി رضى الله عنه വോ മറ്റ് സ്വഹാബികളോ തടഞ്ഞില്ല, ആഇശ رضى الله عنها അലി رضى الله عنه വിന്നെതിരില്‍ യുദ്ധത്തിന് പുറപ്പെട്ടു, ആഇശ رضى الله عنها അലി رضى الله عنه വിന്റെ ഖിലാഫത്ത് അംഗീകരിച്ചില്ല, മുആവിയ رضى الله عنه അലി رضى الله عنه വിന് ബൈഅത്ത് ചെയ്തില്ല എന്ന് മാത്രമല്ല സ്വിഫീനില്‍ വെച്ച് അലി رضى الله عنه വിന്നെതിരില്‍ യുദ്ധത്തിന് പുറപ്പെട്ടു, അംറുബ്‌നുല്‍ആസ്വ് رضى الله عنه മുആവിയ رضى الله عنه വിന്റെ ഖിലാഫത്തിന് വേണ്ടി കൊടുംചതി നടത്തി, ഹസന്‍ رضى الله عنه വിന് വിഷം കൊടുത്തത് അദ്ദേഹത്തിന്റെ ഭാര്യയാണ്, യസീദ് ദുഷ്ടനാണ് എന്ന് മാത്രമല്ല ഹുസൈന്‍ رضى الله عنه വിനെ കര്‍ബലയില്‍ വെച്ച് വധിക്കാന്‍ യസീദ് നിര്‍ദേശം നല്‍കി… എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ അവര്‍ക്ക് പഠിക്കേണ്ടി വരുന്നുണ്ട്). ഈ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാം.

യഥാര്‍ഥ്യമെന്ത്?

ഉസ്മാന്‍ رضى الله عنه വിന്റെ കാലത്ത് സ്വന്തം കുടുംബമായ ബനൂ ഉമയ്യയില്‍ നിന്ന് അഞ്ച് പേര്‍ മാത്രമാണ് ഗവര്‍ണര്‍മാരായത്. മാത്രമല്ല അദ്ദേഹത്തിന്റെ മരണ സമയത്ത് മൂന്ന് പേര്‍ മാത്രമാണ് ബനൂഉമയ്യയില്‍ നിന്നുണ്ടായിരുന്നത്. നബി ﷺ യുടെ കാലത്തും ബനൂഉമയ്യയില്‍ നിന്ന് അഞ്ച് പേര്‍ ഗവര്‍ണര്‍മാരായി ഉണ്ടായിരുന്നു.

ഉസ്മാന്‍ رضى الله عنه പലരെയും വധിക്കാനും മര്‍ദിക്കാനും കത്തെഴുതി എന്നതും തെറ്റായ വിവരമാണ്. ഈ കത്തുകളെല്ലാം വ്യാജമായി അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടാക്കിയവയാണ്. യമനില്‍ ജനിച്ച ഒരു കപട ജൂതനാണ് അബ്ദുല്ലാഹിബ്‌നു സബഅ്. മുസ്‌ലിംകള്‍ക്കിടയില്‍ പക്ഷപാതിത്വവും കലാപവും ഉണ്ടാക്കുവാന്‍ അയാള്‍ അനേകം കള്ളക്കഥകള്‍ പടച്ചുണ്ടാക്കുകയും അലി رضى الله عنه അല്ലാഹുവാണ് എന്നും തന്റെ ശേഷം അലിതന്നെയാണ് ഖലീഫയാകേണ്ടത് എന്ന് നബി ﷺ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെന്നും അയാള്‍ വാദിച്ചു. അനേകം അനുയായികളെ സംഘടിപ്പിച്ചു. പ്രവാചക സന്തതി പരമ്പരയില്‍പെട്ട അഹ്‌ലുബൈതില്‍ പെട്ടവര്‍ക്കു മാത്രമെ ഖിലാഫത്തിന് അര്‍ഹതയുള്ളൂ എന്നും വാദിച്ചു. ഇയാളാണ് ശീഅഃ വിഭാഗത്തിന്റെ സ്ഥാപകന്‍. അയാളുടെ പേരില്‍ അറിയപ്പെടുന്ന ശിയാക്കളാണ് സബഇയാക്കള്‍. പ്രവാചക കുടുംബത്തെ സ്‌നേഹിക്കുക എന്ന് പേരില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കലാപമുണ്ടാക്കലായിരുന്നു അയാളുടെ ലക്ഷ്യം.

അബൂമിഖ്‌നഫ് എന്ന കൊടുംന്നുണയന്‍

ഇയാളുടെ യഥാര്‍ഥ പേര് ലൂത്വ്ബ്‌നുയഹ്‌യ എന്നാണ്. നബി ﷺ യുടെ വിയോഗം മുതല്‍ യസീദിന്റെ കാലം വരെയുള്ള സംഭവങ്ങളില്‍ 600ല്‍ പരം നുണകള്‍ ഇയാള്‍ പടച്ചുണ്ടാക്കിയിട്ടുണ്ട്.

വിശ്വസ്തരിലേക്ക് ചേര്‍ത്ത് വ്യാജം ഉണ്ടാക്കുന്ന അബൂമിഖ്‌നഫിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളേണ്ടതാണ് എന്ന് ഹദീഥ് പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.

ഉസ്മാന്‍ رضى الله عنه വിനെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ മദീനയില്‍ ഏതാനും സ്വഹാബികളേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല സംഭവങ്ങള്‍ ഇത്രത്തോളം എത്തുമെന്ന് അവര്‍ കരുതിയില്ല. ഉസ്മാന്‍ رضى الله عنه വിനെതിരില്‍ ഉപരോധം നടത്തുകയും കലാപത്തിന്നൊരുങ്ങുകയും ചെയ്തവരില്‍ ഒറ്റ മുഹാജിറും അന്‍സ്വാരിയും ഉണ്ടായിരുന്നില്ല. ജബല എന്ന ദുഷ്ടനാണ് അദ്ദേഹത്തെ കൊന്നത്.

ജമല്‍ യുദ്ധം

ആഇശ رضى الله عنها യുദ്ധത്തിന് പുറപ്പെട്ടത് അലി رضى الله عنه വിനെതിരായിട്ടല്ല. ഉസ്മാന്‍ رضى الله عنه വിന്റെ കൊലയാളികള്‍ക്കെതിരായിട്ടാണ്. അതിനാണ് ബസ്വറയിലേക്ക് പുറപ്പെട്ടത്. അലി رضى الله عنه വിനോട് യുദ്ധം ചെയ്യലാണ് ആഇശ رضى الله عنها യുടെ ഉദ്ദേശമെങ്കില്‍ പോകേണ്ടത് മദീനയിലേക്കാണ്. മാത്രമല്ല ത്വല്‍ഹത്ത് رضى الله عنه, സുബൈര്‍ رضى الله عنه പോലുള്ള സ്വഹാബികളോട് ആഇശ رضى الله عنها പറഞ്ഞത് അലി رضى الله عنه വിന് ബൈഅത്ത് ചെയ്യാനാണ് എന്ന് അഹ്‌നഫ്ബ്‌നുഖൈസ് رضى الله عنه റിപ്പോര്‍ട്ട് ചെയ്യുന്നു. അലി رضى الله عنه വിന്റെയും ആഇശ رضى الله عنها യുടെയും പക്ഷക്കാര്‍ ഒത്തുതീര്‍പിലെത്തി രാത്രി ശാന്തമായി കിടന്നുറങ്ങി. അന്ന് രാത്രി അബ്ദുല്ലാഹിബ്‌നു സബഇന്റെ നേതൃത്വത്തില്‍ ഇരുവിഭാഗമായി വേര്‍തിരിഞ്ഞ് യുദ്ധനാടകം നടത്തി. കരാര്‍ ഉണ്ടാക്കിയിട്ടും ലംഘിച്ചത് മറുപക്ഷമാണ് എന്ന് ആഇശ رضى الله عنها യും അലി رضى الله عنه വും തെറ്റുധരിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടി. അതാണ് ജമല്‍ യുദ്ധം. ഇരുഭാഗത്തും ചേരാതെ നിന്ന അനേകം സ്വഹാബികളുണ്ട്.

ഇത് സബഇയ്യാക്കളുടെ വഞ്ചനയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇരുവിഭാഗത്തെയും തടയാന്‍ ഇരുനേതാക്കളും ഒരുങ്ങിയെങ്കിലും അണികള്‍ അതറിയാതെ യുദ്ധം ചെയ്തു. ആഇശ رضى الله عنها യെ അലി رضى الله عنه  സുരക്ഷിത സ്ഥാനത്തെത്തിച്ചു. ജമല്‍ യുദ്ധം അവസാനിച്ചു.

സ്വിഫീന്‍ യുദ്ധം

ഉസ്മാന്‍ رضى الله عنه വിന്റെ ഘാതകരെ വധിക്കണമെന്ന് മുആവിയ رضى الله عنه ആവശ്യപ്പെട്ടു. ഖിലാഫത്ത് ഉറച്ച നിലയിലെത്താതെ ശക്തരായ ഒരു സംഘത്തോട് യുദ്ധം ചെയ്യുന്നതും ശിക്ഷിക്കുന്നതും വലിയ നാശം മുസ്‌ലിം സമൂഹത്തിന് വരുത്തിവെക്കുമെന്നും അതിനാല്‍ അല്‍പം നീട്ടിവെക്കണമെന്നും അലി رضى الله عنه ആവശ്യപ്പെട്ടു. ഇതായിരുന്നു അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം. അല്ലാതെ തനിക്കാണ് ഖിലാഫത്തിന് അര്‍ഹത എന്ന് മുആവിയ رضى الله عنه വാദിച്ചിട്ടില്ല. അബൂമൂസല്‍ ഖുലാനിയില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു റിപ്പോര്‍ട്ടില്‍ മുആവിയ رضى الله عنه പറയുന്നു: ‘അലി رضى الله عنه വാണ് ഖിലാഫത്തിന് ഏറ്റവും അര്‍ഹന്‍. അദ്ദേഹമാണ് ഏറ്റവും ഉല്‍കൃഷ്ടന്‍. ഞാന്‍ ഉസ്മാന്‍ رضى الله عنه വിന്റെ പിതൃവ്യപുത്രനാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഘാതകര്‍ക്കെതിരില്‍ ഉടന്‍ പ്രതികാരനടപടി എടുക്കണമെന്നത് മാത്രമാണ് എന്റെ ആവശ്യം.’

തഹ്കീമിന്റെ യാഥാര്‍ഥ്യം

അബൂമിഖ്‌നഫ് എന്ന കള്ളനാണ് തഹ്കീമിനെപ്പറ്റിയുള്ള കള്ളക്കഥ പ്രചരിപ്പിച്ചത്. അത് ഇപ്രകാരമാണ്: സ്വിഫീനില്‍ യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ സ്വഹാബിയായ അംറുബ്‌നുല്‍ ആസ്വ് رضى الله عنه മുസ്ഹഫ് ഉയര്‍ത്തിപ്പിടിച്ച് ‘ഇതിലേക്ക് വരൂ’ എന്ന് പറഞ്ഞു. അങ്ങനെ അലി رضى الله عنه വിന്റെ പ്രതിനിധിയായ അബൂമൂസല്‍ അശ്അരി رضى الله عنه മുന്‍ ഒത്തുതീര്‍പ്പ് നിബന്ധനയനുസരിച്ച് തന്റെ നേതാവായ അലി رضى الله عنه വിനെ ഖിലാഫത്ത് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. ഉടന്‍ മുആവിയയുടെ പ്രതിനിധിയായ അംറുബ്‌നുല്‍ ആസ്വ് رضى الله عنه മുന്‍കൂര്‍ ഉണ്ടാക്കിയ ധാരണ ലംഘിച്ച് മുആവിയയെ ഖിലാഫത്ത് സ്ഥാനത്ത് നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തേണ്ടതിന് പകരം മുആവിയയെ ഖലീഫയായി പ്രഖ്യാപിച്ചുകൊണ്ട് ഒരു കൊടുംവഞ്ചനനടത്തി. വീണ്ടും യുദ്ധം നടന്നു. ഇതാണ് കഥ.

എന്നാല്‍ യഥാര്‍ഥം എന്താണ്? അലി رضى الله عنه ഖലീഫയാവുകയും മുആവിയ رضى الله عنه ശാമില്‍ അദ്ദേഹത്തിന്റെ കീഴില്‍ ഗവര്‍ണറായിരിക്കുകയും ചെയ്യുക എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നില്ല. ഖിലാഫത്ത് ഉറച്ച നിലയിലാവുന്നതിന് മുമ്പ് ഉസ്മാന്‍ رضى الله عنه വിന്റെ കൊലയാളികള്‍ക്കെതിരില്‍ യുദ്ധത്തിനൊരുങ്ങരുത് എന്ന കല്‍പനലംഘിച്ച മുആവിയ رضى الله عنه വിനോടും സൈന്യത്തോടും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി, ഖലീഫ എന്ന നിലയില്‍ അലി رضى الله عنه നടത്തിയ യുദ്ധമാണ് സ്വീഫീന്‍. അല്ലാതെ ഖിലാഫത്ത് വാദത്തിന്റെ പേരിലായിരുന്നില്ല സ്വിഫീന്‍ യുദ്ധം. അതില്‍ പങ്കെടുത്ത സ്വഹാബികളെല്ലാം അതില്‍ പിന്നീട് ഖേദിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ആഇശ رضى الله عنها യും മുആവിയ رضى الله عنهയും അലി رضى الله عنه വിന്റെ ഖിലാഫത്തിന്നെതിരില്‍ യുദ്ധത്തിനൊരുങ്ങിയവരാണ് എന്നതും അധികാരത്തിന് വേണ്ടി അംറുബ്‌നുല്‍ ആസ്വ് رضى الله عنه കൊടുംചതി നടത്തി എന്നതുമൊക്കെ അബൂമിഖ്‌നഫ് എന്നവഞ്ചകന്‍ പടച്ചുവിട്ട റിപ്പോര്‍ട്ടുകളാണ്.

ഹുസൈന്‍ رضى الله عنه വിനെ കൊല്ലുവാന്‍ യസീദ് കല്‍പിച്ചിരുന്നുവോ?

ഹുസൈന്‍ رضى الله عنه കര്‍ബലയില്‍ കൊല്ലപ്പെട്ടതറിഞ്ഞ് ഖലീഫ യസീദ്ബ്‌നു മുആവിയ അങ്ങേയറ്റം ദുഃഖിച്ചു കരഞ്ഞു. ഹുസൈന്‍ رضى الله عنهവിന്റെ തലയറുത്ത് യസീദിന്റെയടുക്കലേക്ക് കൊടുത്തയച്ചു എന്നത് കള്ളക്കഥയാണ്.

ഹുസൈന്‍ رضى الله عنهവിനെയോ അഹ്‌ലുബൈതുകാരെയോ കൊല്ലാന്‍ യസീദ് കല്‍പിച്ചിട്ടില്ല. അദ്ദേഹത്തിന് ഖിലാഫത്ത് കിട്ടുന്നത് തടയണമെന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇമാം ദഹബി പറഞ്ഞ നിലപാടാണ് ഇതില്‍ കരണീയം- നാം യസീദിനെ ചീത്തപറയുന്നുമില്ല-സ്‌നേഹിക്കുന്നുമില്ല.

ഹുസൈന്‍ رضى الله عنهവിനെ കൊന്നത് സിനാനുബ്‌നു അനസുന്നൗഖഈ, ശംറുബ്‌നുദീല്‍ ജൗശന്‍ എന്നിവരാണ്. യസീദിന്റെ ഗവര്‍ണറായ ഉബൈദുല്ലാഹിബ്‌നു സിയാദാണ് അതിന് നിര്‍ദേശം നല്‍കിയത്. യസീദിന്റെ കല്‍പനയോ സമ്മതമോ ഇല്ലാതെയാണ് ഇത് ചെയ്തത്.

ഹസന്‍ رضى الله عنه വിനെ കൊന്നത് അദ്ദേഹത്തിന്റെ ഭാര്യയാണോ?

ഖലീഫ മുആവിയ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും അതിന്ന് വേണ്ടിയാണ് ഹസന്‍ رضى الله عنه വിനെ അദ്ദേഹത്തിന്റെ ഭാര്യ ജദ്അത്ത് ബിന്‍ത് അശ്അസ് അദ്ദേഹത്തെ കൊല്ലാനായി ഭക്ഷണത്തിലൂടെ വിഷം നല്‍കിയത് എന്നുമാണ് പ്രചരിക്കപ്പെട്ട കഥ. പക്ഷേ, ആ റിപ്പോര്‍ട്ട് ഒട്ടും ആധികാരികമല്ല എന്ന് ഇമാം ദഹബി താരീഖുല്‍ ഇസ്‌ലാം പേജ് 40ലും, ഇബ്‌നുകഥീര്‍ അല്‍ബിദായതുവന്നിഹായ 8/44ലും പറയുന്നു.

ആരാണ് നിങ്ങള്‍ക്ക് വിഷംതന്നത് എന്ന് സഹോദരനായ ഹുസൈന്‍ رضى الله عنه ചോദിച്ചപ്പോള്‍ ഹസന്‍ رضى الله عنه പറഞ്ഞു: ‘എന്തിനാണ് അത് ചോദിക്കുന്നത്? അവരെ വധിക്കാനാണോ? എങ്കില്‍ ഞാന്‍ പറയില്ല. ഞാന്‍ വിചാരിക്കുന്ന എന്റെ കൂട്ടാളിയാണ് അത് ചെയ്തത് എങ്കില്‍ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അല്ലെങ്കില്‍ ഞാന്‍ കാരണം ഒരു നിരപരാധി വധിക്കപ്പെടാല്‍ പാടില്ല’ (അത്ത്വബക്വാതുല്‍ കുബ്‌റാ: 335). മുആവിയ رضى الله عنهവിന്റെ കാലത്താണ് ഇത്‌സംഭവിച്ചത്.

യദീസ് ദുഷ്ടനായിരുന്നുവോ?

‘യസീദ് കുടിയനും നമസ്‌കാരം ഉപേക്ഷിക്കുന്നവനുമാണ്. അതിനാല്‍ യസീദ് ഖലീഫയാകാന്‍ പറ്റുകയില്ല’ എന്ന് അബ്ദുല്ലാഹിബ്‌നു മുത്വീഉം കൂട്ടരും മുഹമ്മദുല്‍ ഹനഫിയ്യയോട് പറഞ്ഞു. (മുഹമ്മദുല്‍ ഹനഫിയ്യ ഖലീഫ അലി رضى الله عنه വിന്റെ മകനും ഹസന്‍, ഹുസൈന്‍ എന്നിവരുടെ സഹോദരനുമാണ്). അപ്പോള്‍ അദ്ദേഹം അതൊന്നും അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ പറഞ്ഞതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തെ നമസ്‌കാരം നിലനിര്‍ത്തുന്നവനും നന്മക്ക് പ്രേരിപ്പിക്കുന്നവനും മതവിജ്ഞാനം അന്വേഷിക്കുന്നവനും നബിചര്യയെ പിന്തുടരുന്നവനുമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു.’ അദ്ദേഹം കുടിയനാണെന്ന് വീണ്ടും അവര്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ മുഹമ്മദുല്‍ ഹനഫിയ്യ പറഞ്ഞു: ‘അദ്ദേഹം കുടിക്കുന്നത് നിങ്ങള്‍കണ്ടുവോ? എങ്കില്‍ നിങ്ങളും അദ്ദേഹത്തിന്റെ കൂടെ കുടിച്ചിട്ടുണ്ടാവും. കണ്ടിട്ടില്ലെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ പറയാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്?’ (അല്‍ബിദായതുവന്നിഹായ: 8/236).

യസീദ് പരിചയസമ്പന്നനും പ്രഗത്ഭനുമായിരുന്നു. പക്ഷേ, മകനെ ഖലീഫയാക്കുന്ന കാര്യത്തില്‍ ശൂറാ അഥവാ കൂടിയാലോചന നടത്തിയില്ല. യസീദിന്റെ ഭരണത്തില്‍ ഇത്തരത്തിലുള്ള ചില പാളിച്ചകള്‍ ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്.

തെറ്റുധാരണകള്‍ പ്രചരിക്കാനുള്ള കാരണങ്ങള്‍:

അബ്ബാസിയ്യ കാലഘട്ടത്തില്‍ ഉമവിയ്യാക്കള്‍ക്കെതിരില്‍ ശക്തമായ നിലപാടായിരുന്നു ഭരണാധികാരികള്‍ എടുത്തിരുന്നത്. മാത്രമല്ല ശിയാക്കള്‍ക്ക് സ്വാധിനമുള്ള പ്രദേശങ്ങളില്‍ അവര്‍ ഉമവിയാക്കള്‍ക്കെതിരായി ധാരാളം കള്ളക്കഥകള്‍ പടച്ചുണ്ടാക്കി പ്രചരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പില്‍ക്കാല ചരിത്രഗ്രന്ഥങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അബ്ബാസ് മഹ്മൂദുല്‍ അക്കാദ്, ഡോ.ത്വാഹാ ഹുസൈന്‍, ക്രിസ്ത്യാനിയായ ജോര്‍ജ് സൈദാന്‍ തുടങ്ങിയവരുടെ കൃതികളെയും ഇത്തരം കഥകള്‍ സ്വാധീനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആകര്‍ഷകമായി വായിക്കാന്‍ പറ്റിയ ഒരു സാഹിത്യകൃതി എന്നതിന് മാത്രമാണ് അവരുടെ രചനകൾ മുന്‍തൂക്കം കൊടുത്തത്. ആധികാരികമായിരുന്നില്ല അവരുടെ കൃതികള്‍. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയ, വ്യാജ റിപ്പോര്‍ട്ടുകള്‍ ചേര്‍ത്ത കൃതികളുടെ കര്‍ത്താക്കളില്‍ താഴെ എഴുതിയവര്‍ കൂടി ഉള്‍പ്പെടുന്നു.

അബുല്‍ ഫറജുല്‍ ഇസ്വ്ഫഹാനി (അല്‍അഗാനി), ഇബ്‌നു അബ്ദുറബ്ബ് (ഇക്വ്ദുല്‍ ഫരീദ്), ഇബ്‌നു ക്വുതൈബ് (അല്‍ഇമാമത്തുവസ്സിയാസ), അല്‍മസ്ഊദി (മുറൂജുദ്ദഹബ്), അബ്ദുല്‍ ഹമീദുല്‍ മുഅ്തസിലി (ശറഹുനഹ്ജുല്‍ബലാഗ), യഅ്ക്വൂബി (താരീഖുല്‍ യഅ്ഖൂബി).

നമുക്ക് അവലംബിക്കാവുന്നവ ഇമാം ജരീറുത്ത്വബ്‌രി, ഇബ്‌നുകഥീര്‍, ഇമാം ദഹബി എന്നിവരുടെ കൃതികളാണ്.

നബിമാര്‍ പാപസുരക്ഷിതര്‍ അഥവാ മഅ്‌സ്വൂമുകളാണ്. എന്തെങ്കിലും പാളിച്ച അവരില്‍ പറ്റിയാല്‍ അല്ലാഹു തിരുത്തും. സ്വഹാബിമാര്‍ നബിമാരെ പോലെയല്ല. എന്നാല്‍ അവരുടെ ഏകാഭിപ്രായം – ഇജ്മാഅ് – ഒരിക്കലും തെറ്റാവുകയില്ല. ക്വുര്‍ആന്‍ സൂറത്തുല്‍ ഫത്ഹ് 29-ാംവചനത്തിലും സൂറത്തുല്‍ മുജാദില 22-ാം വചനത്തിലും സ്വഹാബിമാരുടെ ഉന്നത പദവി എടുത്തുപറയുന്നുണ്ട്.

قَالَ النَّبِيُّ صلى الله عليه وسلم: لاَ تَسُبُّوا أَصْحَابِي، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ ‏

നബി ﷺ പറഞ്ഞു: എന്റെ സ്വഹാബിമാരെ നിങ്ങള്‍ പഴിപറയരുത്. തീര്‍ച്ചയായും നിങ്ങള്‍ ഉഹ്ദ് മലയേക്കാളും സ്വര്‍ണം ദാനം ചെയ്താലും അവരുടെ മുദ്ദോ, അതിന്റെ പകുതിയോ എത്തുകയില്ല. (ബുഖാരി, മുസ്‌ലിം).

സ്വഹാബികള്‍ക്കും താബിഉകള്‍ക്കും അല്ലാഹു അവരുടെ ത്യാഗവും ഈമാനും പരിഗണിച്ച് പാപങ്ങള്‍ പൊറുത്ത് കൊടുത്ത് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ പാപഭാരം പേറി നാം നരകത്തില്‍ പോകേണ്ടിവരുമെന്ന് ഭയപ്പെടുക. അടിസ്ഥാനമില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഒരിക്കലും പിന്തുടരരുതെന്ന് ക്വുര്‍ആന്‍ നമുക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുമുണ്ട്.

 

ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *