മതവിധിയും തെളിവുകളും
പുരുഷന്മാർക്ക് ഫർദു ഐൻ (വ്യക്തിപരമായി നിർബന്ധം) ആകുന്നു ജമുഅ. അല്ലാഹു പറഞ്ഞു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക…. (ഖുർആൻ:65/9)
തിരുനബിﷺ പറഞ്ഞു:
رواح الجمعة واجب على كل محتلم
പ്രായപൂർത്തിയായ ഓരോരുത്തനും ജുമുഅക്കു പോകൽ നിർബന്ധമാണ്. (നസാഇ)
لينتهين أقوام عن وَدْعهم الجمعات، أو ليختمن الله على قلوبهم، ثم ليكونن من الغافلين
ജുമുഅകൾ ഉപേക്ഷിക്കുന്നതിൽനിന്ന് ആളുകൾ വിരമിച്ചുകൊള്ളട്ടെ. അതില്ലെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കുകയും പിന്നീട് അവർ അശ്രദ്ധരാവുകയും ചെയ്യുന്നതാണ്. (മുസ്ലിം)
قال النووي رحمه الله: فيه أن الجمعة فرض عين
ഇമാം നവവി رحمه الله പറഞ്ഞു: ഇതിൽ ജുമുഅ ‘ഫർദു ഐൻ’ (വ്യക്തിപരമായി നിർബന്ധം) ആകുന്നു എന്നുണ്ട്. [شرح النووي على مسلم: (٦/ ١٥٢).]
തുടർന്നു പരാമർശിക്കുന്ന ഹദീസിലും ജുമുഅ നിർബന്ധമെന്നുണ്ട്; അത് ഇപ്രകാരമാണ്:
الجمعة حق واجب على كل مسلم …
ജുമുഅ ഓരോ മുസ്‌ലിമിനും നിർബന്ധ ബാധ്യതയാണ്.
ജുമുഅ ആർക്കാണ് നിർബന്ധമാവുക?
സ്വതന്ത്രനായ, പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള, ജുമുഅക്കെത്തുവാൻ കഴിവുള്ള, നാട്ടിൽ താമസി ക്കുന്ന ഓരോ മുസ്‌ലിം പുരുഷനും ജുമുഅ നിർബന്ധമാകുന്നു. അടിമ, സ്ത്രീ, കുട്ടി, ഭ്രാന്തൻ, രോഗി, യാത്രക്കാരൻ എന്നിവരുടെ മേൽ ജുമുഅ നിർബന്ധമില്ല. തിരുനബിﷺ പറഞ്ഞു:
الجمعة حق واجب على كل مسلم في جماعة، إلا أربعة عبد مملوك أو امرأة أو صبي أو مريض
ജുമുഅ ജമാഅത്തായി (സംഘടിതമായി) നിർവഹിക്കൽ ഓരോ മുസ്‌ലിമിനും നിർബന്ധ ബാധ്യതയാണ്, നാല് വിഭാഗത്തിനൊഴിച്ച്; അടിമ, സ്ത്രീ, കുട്ടി, രോഗി എന്നിവരാണവർ. (അബൂദാവൂദ്)
എന്നാൽ യാത്രക്കാരനു ജുമുഅ നിർബന്ധമില്ല. കാരണം തിരുനബിﷺ തന്റെ യാത്രകളിൽ ജുമുഅ നമസ്‌കരിക്കുമായിരുന്നില്ല. തന്റെ ഹജ്ജിൽ അറഫയുടെ ദിനം വെള്ളിയാഴ്ചയോട് ഒത്തുവന്നു. എന്നിട്ടും തിരുനബി ﷺ വെള്ളിയാഴ്ച ദ്വുഹ്‌റു നമസ്‌കരിക്കുകയും അസ്വ‌്‌ർ അതിന്റെകൂടെ ജംആക്കുകയുമാണ് ചെയ്തത്. എന്നാൽ ജുമുഅ നിർവഹിക്കപ്പെടുന്ന ഒരു നാട്ടിൽ ചെന്നിറങ്ങുന്ന ഒരു യാത്രക്കാരന് ഏറ്റവും ശ്രേഷ്ഠമായത് മുസ്‌ലിംകളോടൊപ്പം ജുമുഅ നമസ്‌രിക്കലാണ്. അടിമ, സ്ത്രീ, കുട്ടി, രോഗി, യാത്രക്കാരൻ എന്നിവർ ജുമുഅയിൽ സംബന്ധിച്ചാൽ അത് അവരിൽനിന്ന് സാധുവാകും. ദ്വുഹ്ർ നമസ്‌കാരത്തെ തൊട്ട് അവർക്കതു മതിയാകുന്നതുമാണ്.
ജുമുഅയുടെ സമയം
ജുമുഅയുടെ സമയം ദ്വുഹ്‌റിന്റെ സമയമാകുന്നു; സൂര്യൻ ആകാശമധ്യത്തിൽനിന്നു തെറ്റിയതു മുതൽ ഒരു വസ്തുവിന്റ നിഴൽ അതിന്റെ നീളത്തോളമാകുന്നതുവരെ.
أنس بن مالك – رضي الله عنه – أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – كان يصلي الجمعة حين تميل الشمس
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നു നിവേദനം: സൂര്യൻ ആകാശമധ്യത്തിൽനിന്നു തെറ്റുന്ന വേളയിൽ നബിﷺ ജുമുഅ നമസ്‌കരിക്കുമായിരുന്നു.
ഇതാണ് സ്വഹാബത്തിൽനിന്ന് അവരുടെ പ്രവൃത്തിയായി നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. ആയതിനാൽ ജുമുഅയിൽനിന്ന് അതിന്റെ സമയം തീരുന്നതിനു മുമ്പ് വല്ലവനും ഒരു റക്അത്തു ലഭിച്ചാൽ അവനു ജുമുഅ ലഭിച്ചിരിക്കുന്നു. ഒരു റക്അത്ത് ജുമുഅയിൽനിന്നു ലഭിച്ചിട്ടില്ലെങ്കിൽ അവൻ ദ്വുഹ്ർ നമസ്‌കരിക്കട്ടെ. തിരുനബിﷺ പറഞ്ഞു:
من أدرك ركعة من الصلاة فقد أدرك الصلاة
വല്ലവന്നും നമസ്‌കാരത്തിൽനിന്ന് ഒരു റക്അത്ത് ലഭിച്ചാൽ അവന് ആ നമസ്‌കാരം ലഭിച്ചിരിക്കുന്നു.
ജുമുഅ ഖുത്വുബ
ജുമുഅയുടെ റുക്‌നുകളിൽ ഒരു റുക്‌നാണ് ഖുത്വുബ. അതില്ലാതെ ജുമുഅ സ്വഹീഹാവുകയില്ല. തിരുനബിﷺ അതു നിത്യമാക്കുകയും ഒരിക്കലും ഒഴിവാക്കാതിരിക്കുകയും ചെയ്തതിനാലാണത്. രണ്ടു ഖുത്വുബകളാണ്. ജുമുഅ നമസ്‌കാരം സാധുവാകുവാൻ ഖുത്വുബകൾ ജുമുഅ നമസ്‌കാരത്തെ മുൻ കടക്കണമെന്നത് നിബന്ധനയാകുന്നു.
ഖുത്വുബയുടെ സുന്നത്തുകൾ
മുസ്‌ലിംകൾക്ക് ഇഹപര നന്മകളുണ്ടാകുന്ന വിഷയങ്ങളിൽ അവർക്കുവേണ്ടി ദുആചെയ്യൽ സുന്നത്താണ്. അതോടൊപ്പം മുസ്‌ലിം ഭരണാധികാരികൾക്കു നന്മക്കും തൗഫീക്വിനും വേണ്ടി ദുആ ചെയ്യണം. കാരണം നബിﷺ വെള്ളിയാഴ്ച ദിവസം ഖുത്വുബ നിർവഹിച്ചാൽ ദുആ ചെയ്യുകയും വിരൽ ചൂണ്ടുകയും ജനങ്ങൾ ആമീൻ നിർവഹിക്കുകയും ചെയ്തിരുന്നു. ഖുത്വുബകളും നമസ്‌കാരവും ഒരു വ്യക്തി ഏറ്റെടുക്കലും കഴിവിനനുസരിച്ച് ഖുത്വുബയിൽ ശബ്ദമുയർത്തലും നിന്നുകൊണ്ടു ഖുത്വുബ നിർവഹിക്കലും സുന്നത്താണ്. അല്ലാഹു പറഞ്ഞു:
وَتَرَكُوكَ قَآئِمًا
അവർ നിന്ന നിൽപിൽ താങ്കളെ വിട്ടേക്കുകയും ചെയ്യുന്നതാണ്. (ഖുർആൻ 65: 11)
قال جابر ابن سمرة – رضي الله عنه -: كان رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يخطب قائماً ثم يجلس ثم يقوم فيخطب، فمن حدثك أنه يخطب جالساً فقد كذب
ജാബിർ ഇബ്‌നു സമുറ رَضِيَ اللَّهُ عَنْهُ പറയുന്നു: നിശ്ചയം, അല്ലാഹുവിന്റെ തിരുദൂതർ നിന്നുകൊണ്ട് ഖുത്വുബ പറയുകയും പിന്നീട് ഇരിക്കുകയും ചെയ്യുമായിരുന്നു. ശേഷം എഴുന്നേൽക്കുകയും നിന്നുകൊണ്ടു ഖുത്വുബ നിർവഹിക്കുകയും ചെയ്യുമായിരുന്നു. അതിനാൽ, വല്ലവനും താങ്കളോട് തിരുമേനി ഇരുന്നുകൊണ്ട് ഖുത്വുബ നിർവഹിച്ചിരുന്നു എന്നു പറഞ്ഞാൽ അവൻ കളവു പറഞ്ഞിരിക്കുന്നു. (മുസ്ലിം)
ഒരു മിമ്പറിലോ അല്ലെങ്കിൽ ഒരു ഉയർന്ന സ്ഥലത്തോ വെച്ചു നിർവഹിക്കലും സുന്നത്താണ്. കാരണം തിരുമേനിﷺ തന്റെ മിമ്പറിൽ വെച്ചായിരുന്നു ഖുത്വുബ നിർവഹിച്ചിരുന്നത്. അത് ഉയരമുള്ളതായിരുന്നു. അതാകുന്നു അറിയിപ്പും ഉപദേശവും കൂടുതൽ ഹൃദയസ്പൃക്കാക്കുന്നത്.
രണ്ടു ഖുത്വുബകൾക്കിടയിൽ കുറച്ചുസമയം ഇരിക്കലും സുന്നത്താകുന്നു.
ابن عمر رضي الله عنهما: (كان النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يخطب خطبتين وهو قائم يفصل بينهما بجلوس
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു: തിരുനബിﷺ നിന്നുകൊണ്ട് രണ്ടു ഖുത്വുബകൾ നിർവഹിക്കുമായിരുന്നു. ഇരുത്തംകൊണ്ട് അവയ്ക്കിടയിൽ വെർപ്പെടുത്തുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്ലിം)
രണ്ടു ഖുത്വുബകളും ചുരുക്കലും രണ്ടാമത്തെത് ആദ്യത്തേതിനെക്കാൾ ചുരുക്കലും സുന്നത്താകുന്നു. നബിﷺ പറഞ്ഞതായി അമ്മാര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്നു നിവേദനം:
إن طول صلاة الرجل وقصر خطبته مَئِنَّةٌ من فقهه، فأطيلوا الصلاة، واقصروا الخطبة
നിശ്ചയം, ഒരു വ്യക്തിയുടെ നമസ്‌കാരത്തിന്റെ ദൈർഘ്യവും ഖുത്വുബ ചുരുക്കി അവതരിപ്പിക്കലും അയാളുടെ വിജ്ഞാനത്തിന്റെ ലക്ഷണമാണ്. അതിനാൽ നിങ്ങൾ നമസ്‌കാരം ദീർഘിപ്പിക്കുക; ഖുത്വുബ ചുരുക്കുക.
ഖത്വീബ് മഅ്മൂമുകളെ അഭിമുഖീകരിച്ചാൽ അവരോടു സലാം പറയൽ സുന്നത്താണ്.
قال جابر رضي الله عنه :كان رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – إذا صعد المنبر سلم
ജാബിർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതർ മിമ്പറിൽ കയറിയാൽ സലാം പറയുമായിരുന്നു.
മുഅദ്ദിൻ ബാങ്കുവിളിയിൽനിന്നു വിരമിക്കുന്നതുവരെ ഖത്വീബ് മിമ്പറിൽ ഇരിക്കൽ സുന്നത്താണ്.
ابن عمر رضي الله عنهما: كان النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يجلس إذا صعد المنبر حتى يفرغ المؤذن ثم يقوم فيخطب
ഇബ്‌നുഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബിﷺ മിമ്പറിൽ കയറിയാൽ മുഅദ്ദിൻ ബാങ്കുവിളിയിൽനിന്നു വിരമിക്കുന്നതുവരെ ഇരിക്കുമായിരുന്നു. ശേഷം തിരുമേനി എഴുന്നേൽക്കുകയും ഖുത്വുബ പറയുകയും ചെയ്യും.
ജുമുഅയിൽ ഹറാമാകുന്ന കാര്യങ്ങൾ
ഇമാം ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ സംസാരം ഹറാമാകുന്നു. തിരുനബിﷺ പറഞ്ഞു:
من تكلم يوم الجمعة والإمام يخطب فهو كالحمار يحمل أسفاراً …
വെള്ളിയാഴ്ച ഇമാം ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ വല്ലവനും സംസാരിച്ചാൽ അവൻ ഗ്രന്ഥത്താളുകൾ ചുമക്കുന്ന കഴുതയെ പോലെയാണ്. (അഹ്മദ്)
നബിﷺ പറഞ്ഞു:
إذا قلت لصاحبك أنصت والإمام يخطب فقد لَغَوت
ഇമാം ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ വല്ലവനും തന്റെ കൂട്ടുകാരനോട് നീ മിണ്ടാതിരിക്കൂ എന്നു പറഞ്ഞാൽ അവൻ ലഗ്‌വാക്കി, അഥവാ തള്ളപ്പെടേണ്ടതും നിരർഥകവുമായ സംസാരം നടത്തി. (ബുഖാരി, മുസ്ലിം)
ഖുത്വുബക്കിടയിൽ ജനങ്ങളുടെ ചുമലുകൾ കവച്ചുവെച്ച് നടക്കുന്നത് തെറ്റാകുന്നു. ചുമലുകൾ കവച്ചുവെച്ചു നടക്കുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ തിരുമേനിﷺ പറഞ്ഞു:
اجلس فقد آذيت
ഇരിക്കൂ. തീർച്ചയായും താങ്കൾ ദ്രോഹം ചെയ്തിരിക്കുന്നു… (അബൂദാവൂദ്, നസാഇ, ഹാകിം)
അപ്പോൾ, ആ പ്രവൃത്തിയിൽ നമസ്‌കരിക്കുന്നവർക്ക് ദ്രോഹവും ഖുത്വുബ കേൾക്കുന്നതിൽനിന്ന് അവരുടെ ശ്രദ്ധതെറ്റിക്കലുമാണുള്ളത്.
എന്നാൽ ഇമാമിനു തന്റെ സ്ഥലത്തേക്ക് എത്തുവാൻ ആളുകളുടെ ചുമലുകളെ കവച്ചുവെച്ച് നടന്നാലല്ലാതെ സാധിക്കുകയില്ലെങ്കിൽ അതിൽ ഇമാമിനു യാതൊരു കുഴപ്പവുമില്ല. ഖുത്വുബക്കിടയിൽ രണ്ടാളുകൾക്കിടയിൽ വേർപ്പെടുത്തി വിടവുണ്ടാക്കുന്നത് വെറുക്കപ്പെട്ടതാണ്. തിരുനബിﷺ പറഞ്ഞു:
من اغتسل يوم الجمعة … ثم راح فلم يفرق بين اثنين فصلَّى ما كتب له … غُفر له ما بينه وبين الجمعة الأخرى
വല്ലവനും വെള്ളിയാഴ്ച കുളിക്കുകയും…(പള്ളിയിൽ) പോവുകയും രണ്ടാളുകൾക്കിടയിൽ വേർപ്പെടുത്തി ഇടമുണ്ടാക്കാതെ തനിക്കു വിധിച്ചത് അയാൾ നമസ്‌കരിക്കുകയും… ചെയ്താൽ അതിനും അടുത്ത ജുമുഅക്കുമിടയിലുള്ള (ചെറുപാപങ്ങൾ) അയാൾക്കു പൊറുക്കപ്പെടും. (ബുഖാരി)
ജുമുഅ ലഭിക്കുവാൻ
ഇമാമിനോടൊപ്പം ഒരു റക്അത്തു ലഭിക്കൽകൊണ്ട് ജുമുഅ ലഭിക്കും. തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നു നിവേദനം:
من أدرك من الجمعة ركعة فقد أدرك الصلاة
വല്ലവന്നും ജുമുഅയിൽനിന്ന് ഒരു റക്അത്തു ലഭിച്ചാൽ അവനു (ജുമുഅ) നമസ്‌കാരം ലഭിച്ചു. (ബുഖാരി)
റക്അത്തിനെക്കാൾ കുറവാണ് ഇമാമിനോടൊപ്പം ലഭിച്ചതെങ്കിൽ അവൻ ദ്വുഹ്‌റു നമസ്‌കരിക്കട്ടെ.
ജുമുഅയുടെ സുന്നത്തുനമസ്‌കാരം
ജുമുഅ നമസ്‌കാരത്തിനു മുമ്പ് സുന്നത്തു നമസ്‌കാരമില്ല. എന്നാൽ ജുമുഅക്കു സമയമാകുന്നതിനു മുമ്പ് വല്ലവനും മുത്വ്‌ലക്വായ നാഫിലത്ത് (നിരുപാധികമായ സുന്നത്ത്) നമസ്‌കരിച്ചാൽ അതിൽ കുഴപ്പമില്ല; ഈ വിഷയത്തിൽ തിരുനബിﷺ താൽപര്യം ജനിപ്പിച്ചതിനാൽ. സൽമാൻ رَضِيَ اللَّهُ عَنْهُ വിൽനിന്നുള്ള ഹദീസിൽ വന്നതുപോലെ. തിരുനബിﷺ പറഞ്ഞു:
من اغتسل يوم الجمعة … ثم راح فلم يفرق بين اثنين فصلى ما كتب له
വല്ലവനും വെള്ളിയാഴ്ച കുളിക്കുകയും… (പള്ളിയിൽ) പോവുകയും രണ്ടാളുകൾക്കിടയിൽ വേർപ്പെടുത്തി ഇടമുണ്ടാക്കാതെ തനിക്കു വിധിച്ചത് അയാൾ നമസ്‌കരിക്കുകയും ചെയ്താൽ…
സ്വഹാബികൾ നമസ്‌കരിച്ചിരുന്നതിനാലും നാഫിലത്തു നമസ്‌കാരങ്ങൾക്കു മഹത്ത്വമുള്ളതിനാലുമാണ് അതിൽ കുഴപ്പമില്ലെന്നു പറഞ്ഞത്. അത് ഉപേക്ഷിച്ചാൽ എതിർക്കപ്പെടാവതല്ല. കാരണം റാതിബത്തായ സുന്നത്ത് ജുമുഅക്കു ശേഷമാകുന്നു. രണ്ടോ നാലോ ആറോ റക്അത്തുകൾ നമസ്‌കരിച്ചുകൊണ്ടാകുന്നു അത്. തിരുനബിﷺയുടെ കൽപനയും പ്രവൃത്തിയും ഈ വിഷയത്തിലുണ്ട്.
كان يصلي بعد الجمعة ركعتين
അല്ലാഹുവിന്റെ റസൂൽ ﷺ ജുമുഅക്കുശേഷം രണ്ടു റക്അത്ത് നമസ്‌കരിക്കുമായിരുന്നു. (ബുഖാരി, മുസ്ലിം)
തിരുമേനി പറഞ്ഞു:
إذا صلى أحدكم الجمعة فليصل بعدها أربع ركعات
നിങ്ങളിലൊരാൾ ജുമുഅ നമസ്‌കരിച്ചാൽ അതിനുശേഷം അയാൾ നാലു റക്അത്തുകൾ നമസ്‌കരിക്കട്ടെ. (മുസ്ലിം)
മറ്റൊരു നിവേദനം:
من كان منكم مصلياً، بعد الجمعة فليصل أربعاً
നിങ്ങളിൽ വല്ലവനും ജുമുഅക്കു ശേഷം നമസ്‌കരിക്കുന്നവനാണെങ്കിൽ അവൻ നാലു റക്അത്തുകൾ നമസ്‌കരിക്കട്ടെ. (മുസ്ലിം)
എന്നാൽ ആറു റക്അത്തുകളെ കുറിച്ച് ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്നുള്ള ഹദീസിലാണ് വന്നിട്ടുള്ളത്. അദ്ദേഹം മക്കയിലാവുകയും ജുമുഅ നമസ്‌കരിക്കുകയും ചെയ്താൽ മുന്നോട്ടുനിന്ന് രണ്ടു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. പിന്നെയും മുന്നോട്ടുനിന്ന് നാലു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. അദ്ദേഹം മദീനയിലായാൽ ജുമുഅ നമസ്‌കരിക്കുകയും ശേഷം തന്റെ വീട്ടിലേക്കു മടങ്ങി രണ്ടു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. പള്ളിയിൽ അദ്ദേഹം നമസ്‌കരിക്കില്ല. അതിനാൽ അദ്ദേഹം ചോദിക്കപ്പെടുകയും അല്ലാഹുവിന്റെ തിരുദൂതർ ഇപ്രകാരം ചെയ്യുമായിരുന്നുവെന്ന് പ്രതികരിക്കുകയുമുണ്ടായി.
ജുമുഅക്കു ശേഷമുള്ള സുന്നത്തു നമസ്‌കാരം ചുരുങ്ങിയത് 2 റക്അത്തുകളാണെന്നും കൂടിയത് 6 റക്അത്തുകളാണെന്നും ഇതിൽനിന്ന് വ്യക്തമായി. ജുമുഅക്കുശേഷമുള്ള ഈ സുന്നത്ത് പള്ളിയിലാണ് നമസ്‌കരിക്കുന്നതെങ്കിൽ 4 റക്അത്തും വീട്ടിലാണെങ്കിൽ 2 റക്അത്തുമാണ് നമസ്‌കരിക്കേണ്ടതെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആകയാൽ പ്രസ്തുത നമസ്‌കാരം വ്യത്യസ്ത അവസ്ഥകളിലായിരിക്കും.
ജുമുഅ നമസ്‌കാരത്തിന്റെ രൂപം
ജുമുഅ നമസ്‌കാരം രണ്ടു റക്അത്തുകളാകുന്നു. അവയിൽ പാരായണം കൊണ്ട് ശബ്ദമുയർത്തണം. കാരണം തിരുനബിﷺ അപ്രകാരം ചെയ്യുമായിരുന്നു. തിരുനബിയുടെ പ്രവൃത്തി അവിടുത്തെ സുന്നത്താകുന്നു. അതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ഫാതിഹക്കുശേഷം സൂറത്തുൽ ജുമുഅയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ മുനാഫിക്വീനും, അല്ലെങ്കിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്‌ലയും രണ്ടാമത്തേതിൽ സൂറത്തുൽഗാശിയയും ഓതൽ സുന്നത്താകുന്നു. കാരണം തിരുനബിﷺ അപ്രകാരം പാരായണം ചെയ്തിട്ടുണ്ട്.
ജുമുഅയുടെ സുന്നത്തുകൾ
1. മഹത്തായ പ്രതിഫലം നേടുന്നതിനായി ജുമുഅക്കു നേരത്തെ പുറപ്പെടൽ സുന്നത്താകുന്നു. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ അല്ലാഹുവിന്റെ തിരുദൂതർﷺ പറഞ്ഞതായി ഇപ്രകാരമുണ്ട്:
من اغتسل يوم الجمعة غسل الجنابة، ثم راح في الساعة الأولى، فكأنما قَرَّب بدنة، ومن راح في الساعة الثانية فكأنما قَرَّب بقرة، ومن راح في الساعة الثالثة فكأنما قَرَّب كبشاً أقرن، ومن راح في الساعة الرابعة فكأنما قَرَّب دجاجة، ومن راح في الساعة الخامسة فكأنما قَرَّب بيضة، فإذا خرج الإمام حضرت الملائكة، يستمعون الذكر
വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പ്രകാരം കുളിക്കുകയും ശേഷം ആദ്യസമയത്തു തന്നെ ജുമുഅക്കു പോവുകയുമായാൽ അവൻ ഒരു ഒട്ടകത്തെ ബലി നൽകിയതുപോലെയാണ്. രണ്ടാമത്തെ സമയം ജുമുഅക്കു പോയാൽ അവൻ ഒരു പശുവിനെ ബലിനൽകിയതു പോലെയാണ്. മൂന്നാമത്തെ സമയം പോയാൽ അവൻ ഒരു കൊമ്പുള്ള മുട്ടനാടിനെ ബലിനൽകിയതു പോലെയാണ്. നാലാമത്തെ സമയം പോയാൽ അവൻ ഒരു കോഴിയെ ബലി നൽകിയതുപോലെയാണ്. അഞ്ചാമത്തെ സമയം പോയാൽ അവൻ ഒരു കോഴിമുട്ട സമർപ്പിച്ചതുപോലെയാണ്. ഖുത്വുബ നിർവഹിക്കുവാൻ വേണ്ടി ഇമാം പുറപ്പെട്ടാൽ ഉൽബോധനം കേൾക്കുന്നവരായി മലക്കുകൾ ഹാജരാകും. (ബുഖാരി, മുസ്ലിം)
തിരുനബിﷺ വീണ്ടും പറഞ്ഞു:
من غَسَّلَ يوم الجمعة واغتسل، وبَكَّر وابتكر، كان له بكل خطوة يخطوها أجر سنة صيامها وقيامها
വല്ലവനും വെള്ളിയാഴ്ച ദിനം കുളിക്കുകയും കഴുകുകയും നേരത്തെ പുറപ്പെടുകയും (ഇമാമിനോട്) അടുക്കുകയും ശ്രദ്ധിച്ചു കേൾക്കുകയും മൗനം ദീക്ഷിക്കുകയും ചെയ്താൽ അവൻ വെക്കുന്നതായ ഓരോ കാലടിക്കും ഒരു വർഷത്തെ നോമ്പിന്റെയും നമസ്‌കാരത്തിന്റെയും പ്രതിഫലമുണ്ടായിരിക്കും. [ رواه الترمذي برقم (٤٩٦) وحسنه، وحسَّنه أيضاً: المنذري (الترغيب والترهيب ١/ ٢٤٧).]
2. വെള്ളിയാഴ്ച കുളിക്കുന്നത് സുന്നത്താകുന്നു. മുമ്പ് ഉണർത്തിയ, അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
من اغتسل يوم الجمعة غسل الجنابة …
വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കുന്നതുപ്രകാരം കുളിക്കുകയും…
വെള്ളിയാഴ്ച കുളിക്കുവാൻ അമിതതാൽപര്യം കാണിക്കൽ അനിവാര്യമാകുന്നു; വിശിഷ്യാ നീരസമുളവാക്കുന്ന വാസനയുള്ളവർ.
3. സുഗന്ധമുപയോഗിക്കലും വൃത്തിയാക്കലും നഖങ്ങൾ വെട്ടലും തുടങ്ങി ശരീരത്തിൽനിന്ന് അനിവാര്യമായും നീക്കിക്കളയേണ്ടവ നീക്കലും സുന്നത്താണ്.
കുളിച്ചു ശുദ്ധിവരുത്തുന്നതിനെക്കാൾ കൂടുതലായുള്ള ഒരു കാര്യമാണ് തനള്ള്വുഫ് (വൃത്തിയാക്കൽ). രോമങ്ങൾ നീക്കുക, നഖം വെട്ടുക പോലുള്ള, ഇസ്‌ലാം കൽപിച്ച ചര്യകളിലൂടെ നീരസമുളവാക്കുന്ന വാസനയും അതിന്റെ കാരണങ്ങളും ഇല്ലാതാക്കലാണ് തനള്ള്വുഫ്. അതിനാൽ ഗുഹ്യരോമവും കക്ഷ രോമവും നീക്കലും നഖംവെട്ടലും മീശ ചെറുതാക്കലും സുഗന്ധമുപയോഗിക്കലും വെള്ളിയാഴ്ച കുളിയോടൊപ്പം സുന്നത്താക്കപ്പെടും. സൽമാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
لا يغتسل رجل يوم الجمعة، ويتطهر ما استطاع من طهر، ويدهن من دهنه، أو يمس من طيب بيته …
ഒരു വ്യക്തിയും വെള്ളിയാഴ്ച കുളിക്കുകയും സാധ്യമാകുന്നത്ര ശുദ്ധിവരുത്തുകയും എണ്ണപുരട്ടുകയും തന്റെ വീട്ടിലെ സുഗന്ധമുപയോഗിക്കുകയും ചെയ്യുന്നില്ല… (ബുഖാരി)
قال ابن حجر: “من طهر: المراد به المبالغة في التنظيف، ويؤخذ من عطفه على الغسل … أن المراد به التنظيف بأخذ الشارب والظفر والعانة”
ഇബ്‌നുഹജർ പറഞ്ഞു: ‘ഹദീസിൽ ‘മിൻത്വുഹ്‌രിൻ’ എന്നു വന്നതിലെ ഉദ്ദേശ്യം നന്നായി വൃത്തിയാക്കുകയെന്നാണ്. ഗുസ്‌ലിലേക്ക് (കുളി) അതിനെ ചേർത്തു പറഞ്ഞിരിക്കുന്നു എന്നതിൽനിന്നും നന്നായി വെടിപ്പാവുക എന്ന ആശയം സ്വീകരിക്ക പ്പെടും. മീശയും നഖവും ഗുഹ്യരോമങ്ങളുമെടുത്ത് വെടിപ്പാക്കുകയെന്നതാണ് അതിനാൽ ഉദ്ദേശിക്കപ്പെടുന്നത്.
4. വസ്ത്രങ്ങളിൽ ഏറ്റവും മുന്തിയതു ധരിക്കൽ സുന്നത്താക്കപ്പെടും. അബ്ദുല്ലാഹ് ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ നിവേദനം:
أن عمر بن الخطاب رأى حلة سيراء عند باب المسجد، فقال: يا رسول الله لو اشتريت هذه، فلبستها يوم الجمعة، وللوفد إذا قدموا عليك
നിശ്ചയം ഉമർ ഇബ്‌നുൽഖത്ത്വാബ് رَضِيَ اللَّهُ عَنْهُ പള്ളി വാതിലിൽ ഒരു പട്ടുവസ്ത്രം കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, നിങ്ങൾ ഇതു വാങ്ങിയിരുന്നുവെങ്കിൽ വെള്ളിയാഴ്ചയും നിവേദകസംഘങ്ങൾ വരുമ്പോൾ അവർക്കുവേണ്ടിയും ധരിക്കാമായിരുന്നു.’
വെള്ളിയാഴ്ച ഏറ്റവും നല്ല വസ്ത്രം ധരിക്കുവാൻ ഇമാം ബുഖാരി ഇതുകൊണ്ട് തെളിവുപിടിച്ചു. അദ്ദേഹം പറഞ്ഞു: ‘താൻ കണ്ടെത്തുന്നതിൽ ഏറ്റവും നല്ലത് ധരിക്കണമെന്നറിയിക്കുന്ന അധ്യായം.’ (باب: يلبس أحسن ما يجد)
قال الحافظ ابن حجر: ووجه الاستدلال به: من جهة تقريره – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – لعمر على أصل التجمل للجمعة
ഇബ്‌നുഹജർ പറഞ്ഞു: ‘ജുമുഅക്കായി ചമഞ്ഞൊരുങ്ങലാണ് അടിസ്ഥാനമെന്നത് ഉമറി(റ)നു അംഗീകരിച്ചുകൊടുത്തതിലാണ് ഈ ഹദീസു കൊണ്ടു നല്ലവസ്ത്രം ധരിക്കുവാൻ തെളിവുപിടിച്ചത്.
قال النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ما على أحدكم لو اشترى ثوبين ليوم الجمعة سوى ثوبي مِهْنَتِه
തിരുനബിﷺ പറഞ്ഞു: തന്റെ ജോലിക്കുള്ള വസ്ത്രങ്ങളല്ലാത്ത രണ്ടു വസ്ത്രങ്ങൾ വെള്ളിയാഴ്ചക്കുവേണ്ടി വാങ്ങുവാൻ നിങ്ങളിലൊരാൾക്ക് എന്തുണ്ട് തടസ്സം? (അബൂദാവൂദ്, ഇബ്നുമാജ)
5. വെള്ളിയാഴ്ച രാവിലും പകലിലും തിരുനബിയുടെമേൽ സ്വലാത്തു ചൊല്ലുന്നതു വർധിപ്പിക്കുന്നതു സുന്നത്താക്കപ്പെടും. തിരുനബിﷺ പറഞ്ഞു:
أكثروا من الصلاة عليَّ يوم الجمعة
വെള്ളിയാഴ്ച ദിനം നിങ്ങൾ എന്റെമേൽ സ്വലാത്തിനെ വർധിപ്പിക്കുക. (അബൂദാവൂദ്, ഇബ്നുമാജ,, നസാഇ)
6. വെള്ളിയാഴ്ചദിവസം സ്വുബ്ഹി നമസ്‌കാരത്തിൽ സൂറത്തുസ്സജദയും സൂറത്തുൽഇൻസാനും പാരായണം ചെയ്യുന്നത് സുന്നത്താക്കപ്പെടും. കാരണം തിരുനബിﷺ അതു പതിവാക്കിയിരുന്നു. വെള്ളിയാഴ്ച പകലിൽ സൂറത്തുൽ കഹ്ഫു പാരായണം ചെയ്യലും സുന്നത്താണ്. തിരുനബിﷺ പറഞ്ഞു:
من قرأ سورة الكهف يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء به يوم القيامة، وغُفر له ما بين الجمعتين
ആരെങ്കിലും വെള്ളിയാഴ്ച സൂറത്തുൽകഹ്ഫ് പാരായണം ചെയ്താൽ അവന്റെ കാൽപാദത്തിനടിയിൽനിന്ന് ഒരു പ്രകാശം ആകാശ സീമയിലേക്കു വെട്ടം പരത്തുകയും അത് അവനു അന്ത്യനാൾവരേക്കും പ്രകാശമാവുകയും ചെയ്യും. രണ്ടു ജുമുഅകൾക്കിടയിലുള്ള അവന്റെ (ചെറുപാപങ്ങൾ) അവനു പൊറുക്കപ്പെടുകയും ചെയ്യും. (ഹാകിം)
7. വെള്ളിയാഴ്ച പള്ളിയിൽ പ്രവേശിക്കുന്നവൻ രണ്ടു റക്അത്തുകൾ നമസ്‌കരിക്കുന്നതുവരെ ഇരിക്കരുത്. അതു സുന്നത്താണ്. കാരണം തിരുനബിﷺ അതിന് കൽപിക്കുമായിരുന്നു. ഇമാം ഖുത്വുബ പറയുകയാണെങ്കിൽ അവ ചുരുക്കിയാണ് നമസ്‌കരിക്കേണ്ടത്.
8. ദുആ വർധിപ്പിക്കലും ദുആ ചെയ്താൽ ഉത്തരം നൽകപ്പെടുന്ന സമയം തെരക്കലും സുന്നത്താക്കപ്പെടും. തിരുനബി പറഞ്ഞു:
إن في الجمعة لساعة لا يوافقها عبد مسلم وهو قائم يصلي، يسأل الله شيئاً، إلا أعطاه إياه
നിശ്ചയം വെള്ളിയാഴ്ച ഒരു സമയമുണ്ട്; നമസ്‌കരിച്ചു നിൽക്കുന്നവനായ ഒരു മുസ്‌ലിം അല്ലാഹുവോട് വല്ലതും തേടുന്നത് ആ സമയത്തോടു യോജിച്ചുവന്നാൽ അല്ലാഹു അവന്ന് അതു നൽകുകതന്നെ ചെയ്യും. (ബുഖാരി, മുസ്ലിം)
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com