ശവ്വാലില്‍ ആറ് നോമ്പ്

റമദാനിലെ നിര്‍ബന്ധ നോമ്പിന് ശേഷം ശവ്വാലില്‍ ആറ് നോമ്പ് അനുഷ്ഠിക്കുന്നത് സുന്നത്താണ്.

عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

അബൂ അയ്യൂബല്‍ അന്‍സാരിയില്‍‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്. ( മുസ്‌ലിം: 1164 – മുസ്നദ് അഹ്മദ് : 23580 – തിര്‍മിദി: 759 – നസാഇ: 2862 – ഇബ്നു മാജ: 1716 )

“വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്” എന്ന പ്രയോഗത്തെ പണ്ഢിതൻമാര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇമാം അസ്സ്വൻആനി رحمه الله പറഞ്ഞു: ഒരു നന്മ പത്തിരട്ടി നന്മകൾക്ക് തുല്യമാണ്. അപ്പോൾ റമദാൻ മാസം പത്ത് മാസങ്ങൾക്കു തുല്യം. ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് രണ്ടു മാസങ്ങള്‍ക്കു തുല്യവും. ഇതാണ് ഒരു വർഷത്തെ നോമ്പുമായി സാദൃശ്യപ്പെടുത്താനുള്ള കാരണം. (السبل ٥٨٢/١)

ഈ നോമ്പ് പെരുന്നാൾ ദിവസത്തിന്റെ പിറ്റേ ദിവസം മുതൽ തുടർച്ചയായി അനുഷ്ഠിക്കലാണ് ശ്രേഷ്ടകരം. അതിന് കഴിയാത്തവ൪ ശവ്വാല്‍ മാസത്തിലെ ഏതെങ്കിലും ദിവസങ്ങളില്‍ തുടർച്ചയായോ അല്ലാതെയോ അനുഷ്ഠിച്ചാല്‍ മതി.

ഇമാം നവവി(റഹി) പറഞ്ഞു: ഹദീസിന്റെ പ്രയോഗം ശവ്വാല്‍ മാസത്തില്‍നിന്ന് ആറു ദിവസം എന്നാണ്. തുടര്‍ച്ചയായി തന്നെ വേണമെന്ന് ആ പ്രയോഗം കുറിക്കുന്നില്ല. ശവ്വാലില്‍ ആയിരിക്കണമെന്നേ ഉള്ളൂ. (ശറഹുല്‍ മുഹദ്ദബ് : 6/379).

ശവ്വാല്‍ മാസം കഴിയുന്നതോടെ ഈ നോമ്പിന്റെ സാധുത അവസാനിക്കും. എന്തെങ്കിലും കാരണങ്ങളാല്‍ ശവ്വാലില്‍ ഈ നോമ്പ് അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ മറ്റ് മാസങ്ങളില്‍ ഇത് അനുഷ്ഠിക്കേണ്ടതില്ല.

റമദാനിലെ നോമ്പ് നോറ്റു വീട്ടുന്നതിന് മുന്‍പ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കാമോ ?

റമദാനില്‍ ഉപേക്ഷിച്ച നിര്‍ബന്ധ നോമ്പ് നോറ്റ് വീട്ടുന്നതിന് മുമ്പ് ശവ്വാലിലെ സുന്നത്ത് നോമ്പ് അനുഷ്ഠിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിപക്ഷം പണ്ഡിതരും പറയുന്നത് റമദാനിലെ നോമ്പ് വീട്ടിയതിന് ശേഷമേ ശവ്വാലിലെ സുന്നത്ത് നോമ്പനുഷ്ഠിക്കേണ്ടതുള്ളൂ എന്നാണ്. കാരണം, റമദാനിലേത് നിര്‍ബന്ധ നോമ്പും ശവ്വാലിലേത് ഐഛികവുമാണ്. മാത്രവുമല്ല, “റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍” എന്നാണ് ഹദീസിലുള്ളത്. അപ്പോള്‍ ഒരാള്‍ റമദാനിലെ നോമ്പ് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ ആറു നോമ്പുകള്‍ നോല്‍ക്കുക എന്നതാണ് അത് അര്‍ത്ഥമാക്കുന്നത്.

ശവ്വാലിലെ 6 നോമ്പിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ? തുടർച്ചയായിട്ടാണോ അതോ അല്ലാതെയാണോ അവ നോൽക്കേണ്ടത്?

ശൈഖ് ഉസൈമീൻ رحمه الله പറയുന്നു:

نعم، هناك أفضلية لصيام ستة أيام من شهر شوال، كما جاء في حديث رسول الله –صلى الله عليه وسلم-:”من صام رمضان ثم أتبعه بست من شوال كان كصيام الدهر” رواه مسلم في كتاب الصيام بشرح النووي (8/56)، يعني: صيام سنة كاملة. وينبغي أن يتنبه الإنسان إلى أن هذه الفضيلة لا تتحقق إلا إذا انتهى رمضان كله، ولهذا إذا كان على الإنسان قضاء من رمضان صامه أولاً ثم صام ستاً من شوال، وإن صام الأيام الستة من شوال ولم يقض ما عليه من رمضان فلا يحصل هذا الثواب سواء قلنا بصحة صوم التطوع قبل القضاء أم لم نقل، وذلك لأن النبي –صلى الله عليه وسلم- قال:”من صام رمضان ثم أتبعه…” والذي عليه قضاء من رمضان يقال صام بعض رمضان ولا يقال صام رمضان، ويجوز أن تكون متفرقة أو متتابعة، لكن التتابع أفضل؛ لما فيه من المبادرة إلى الخير وعدم الوقوع في التسويف الذي قد يؤدي إلى عدم الصيام.

അതെ, ശവ്വാലിൽ നിന്ന് ആറ് ദിവസങ്ങളിലെ നോമ്പുകൾക്ക് ശ്രേഷ്ടത ഉണ്ട്. റസൂൽ ﷺ യിൽ  നിന്ന് ഹദീസ് വന്നത് പോലെ ‘ആരാണോ റമളാനിനെ തുടർന്ന് ശവ്വാലിൽ നിന്ന് ആറെണ്ണം (അഥവാ ആറ് നോമ്പ്) എടുക്കുന്നത് അവൻ ഒരു വർഷം നോമ്പ് എടുത്തവനെ പോലെയാണ്.’

റമളാൻ മുഴുവൻ തീർന്നിട്ടല്ലാതെ ഈ ആറ് നോമ്പ് ശരിയാവുകയില്ല എന്നത് ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട്‍ റമളാനിലെ ഖളാഅ്‌ ഉണ്ടെങ്കിൽ അത് ആദ്യം നോൽക്കട്ടെ, പിന്നെ ശവ്വാലിലെ ആറും.

ഇനി ഒരാൾ ഖളാഅ്‌ വീട്ടാതെ ശവ്വാലിലെ ആറ് നോമ്പെടുത്താൽ അവന് ഈ പ്രതിഫലം ലഭിക്കുകയില്ല. ഖളാഇന് മുമ്പുള്ള സുന്നത്തു നോമ്പിന്റെ സ്വീകാര്യതയെ കുറിച്ച് നാം സംസാരിച്ചാലും ഇല്ലെങ്കിലും. അതാണ് നബി ﷺ  “ആരാണോ റമളാനിനെ തുടർന്ന് എടുത്തത്” എന്ന് പറഞ്ഞത്. റമളാനിൽ നിന്ന് കുറച്ച് നോമ്പെടുത്താൽ “റമളാനിലെ കുറച്ചെടുത്താൽ” എന്നാണ് പറയുക, റമളാൻ എടുത്തു എന്നു പറയുകയില്ല.

തുടർച്ചയായും അല്ലാതെയും ആറു നോമ്പെടുക്കൽ അനുവദനീയമാണ്. എങ്കിലും തുടർച്ചയാണ് ഉത്തമം. പെട്ടെന്നാകുന്നതിൽ വൈകിപ്പിച്ചു കൊണ്ട് നോമ്പ് എടുക്കാതിരിക്കുക എന്ന അവസ്ഥയില്ല എന്നതുള്ളത് കൊണ്ട്.(فتاوى ابن عثيمين –رحمه الله- كتاب الدعوة (1/52-53)

റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടുക എന്ന നിയ്യത്തോടുകൂടി ശവ്വാലിലെ ആറുനോമ്പ് എടുക്കാൻ പറ്റുമോ? അങ്ങനെയാണെങ്കിൽ, രണ്ട് നോമ്പിന്റെയും പ്രതിഫലം കിട്ടുമോ?

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:

نعم تبدأ بالقضاء ثم تصوم الست إذا أردت، الست نافلة فإذا قضت في شوال ما عليها ثم صامت الست في شوال فهذا خير عظيم، وأما أن تصوم الست بنية القضاء والست فلا يظهر لنا أنه يحصل لها بذلك أجر الست، فالست تحتاج إلى نية خاصة في أيام مخصوصة

റമദാനിലെ നോമ്പുകൾ നോറ്റുവീട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം, ഉദ്ദേശിക്കുന്നുവെങ്കിൽ ശവ്വാലിലെ നോമ്പെടുക്കാവുന്നതാണ്. റമദാനിൽ നോറ്റുവീട്ടാനുള്ള നോമ്പുകൾ പൂർത്തിയാക്കുകയും, എന്നിട്ട് ശവ്വാലിലെ ആറുനോമ്പ് എടുക്കുകയും ചെയ്താൽ അത് വലിയ നന്മയാണ്. ഇനിയൊരാൾ, “റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടുകയും ശവ്വാലിലെ ആറുനോമ്പ് എടുക്കുകയും ചെയ്യുന്നു” എന്ന നിയ്യത്തോടെ നോമ്പനുഷ്ഠിച്ചാൽ, അവന് ശവ്വാലിലെ ആറുനോമ്പിന്റെ പ്രതിഫലം ലഭിക്കുകയില്ല എന്നാണ് മനസ്സിലാകുന്നത്. കാരണം, ശവ്വാലിലെ ആറു നോമ്പുകൾ വേറെ ദിവസങ്ങളിൽ വേറെത്തന്നെ നിയ്യത്തോടെ അനുഷ്ഠിക്കേണ്ടവയാണ്. (നൂറുൻ അലദ്ദർബ്)

ശൈഖ് സുലൈമാൻ റുഹൈലി (ഹഫിള്വഹുല്ലാഹ്) പറയുന്നു: ‘റമദാനിൽ നിന്ന് നോറ്റ് വീട്ടാനുളള നോമ്പും ശവ്വാലിലെ ആറുനോമ്പും ഒരുമിച്ചെടുക്കുന്നു’ എന്ന നിയ്യത്തോടെ ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ, അത് നോറ്റുവീട്ടാനുള്ള നോമ്പായിട്ടാണ് പരിഗണിക്കുക; ശവ്വാലിലെ നോമ്പായിട്ടല്ല. (https://youtu.be/rB3OS9eeM9s)

ശവ്വാലില്‍ ആറ് നോമ്പ് അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യവും ശ്രേഷ്ടതകളും പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്. റമളാനിലെ നോമ്പിലെ കുറവുകൾക്ക് പരിഹാരം, റമളാനിലെ നോമ്പിന്റെ സ്വീകാര്യതയുടെ അടയാളം എന്നിവയൊക്കെ പണ്ഢിതൻമാർ വിശദീകരിച്ചിട്ടുള്ളതാണ്.

قال الإمام ابن الجوزي – رحمه الله  – : يَا مَن وَفَّى رَمَضَانَ عَلَى أَحسَنِ حَالٍ ؛ لا تتغيّر بَعدَهُ فِي شـَوَّالٍ .

ഇമാം ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: റമളാൻ ഏറ്റവും നല്ല അവസ്ഥയിൽ പൂർത്തീകരിച്ചവനെ.. ശേഷം ശവ്വാലിൽ നിൻ്റെ അവസ്ഥ മാറിപോകരുത്. التبصرة (١١٤/٢).

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *