നന്ദിയുള്ള അടിമയാണോ നാം…

അല്ലാഹു മനുഷ്യ൪ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണമറ്റതാണ്. അവ എണ്ണി തിട്ടപ്പെടുത്താനാവില്ല. മനുഷ്യ൪ ആവശ്യപ്പെട്ടതും അല്ലാത്തതുമായ ധാരാളം അനുഗ്രഹങ്ങളാണ്‌ അല്ലാഹു അവ൪ക്ക് നല്‍കിയിട്ടുള്ളത്. പ്രത്യക്ഷമായും അല്ലാതെയും അവ നിരന്തരും മനുഷ്യ൪ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.

وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ

അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് എണ്ണി തിട്ടപ്പെടുത്താനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ. (ഖു൪ആന്‍:16/18)

അല്ലാഹു മനുഷ്യ൪ക്ക് നല്‍കിയിട്ടുള്ള അനുഗ്രങ്ങള്‍ക്ക് നന്ദി ചെയ്യണമെന്ന് അവന്‍ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നുണ്ട്.

لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ

അതിന്റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?(ഖു൪ആന്‍ :36/35)

وَلَهُمْ فِيهَا مَنَٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ

അവര്‍ക്ക് അവയില്‍ (കന്നുകാലികളില്‍) പല പ്രയോജനങ്ങളുമുണ്ട്‌. (പുറമെ) പാനീയങ്ങളും. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ? (ഖു൪ആന്‍ :36/73)

എല്ലാതരം കൃഷിവിഭവങ്ങളും മനുഷ്യന്റെ പ്രയത്നഫലങ്ങളാണെങ്കിലും, അവ മുളക്കുന്നതും, വളരുന്നതും, വിളയുന്നതുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്. അതുകൊണ്ട് ഓരോന്നിലും മനുഷ്യന്‍ അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കേണ്ടതുണ്ട്. അതേപോലെ അല്ലാഹു സൃഷ്ടിച്ച കന്നുകാലികളുടെ ഉടമസ്ഥത മനുഷ്യനാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്‍ അവയെ വാഹനത്തിനും, ഭക്ഷണത്തിനും, കൃഷിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍നിന്നു പാല്‍, തോല്‍, മാംസം, രോമം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം മനുഷ്യന്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതുണ്ടെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. ഇവിടെ കൃഷിയുടെയും കന്നുകാലികളുടെയും കാര്യം മാത്രം അല്ലാഹു ഉദാഹരണത്തിന് ചൂണ്ടികാട്ടിയതാണ്. ചുരുക്കത്തില്‍ ഇന്ന് മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹത്തിനും അല്ലാഹുവിനോട് നന്ദി കാണിക്കണമെന്ന൪ത്ഥം.

സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഹിദായത്ത്. അതുകൊണ്ടുതന്നെ മുന്‍കഴിഞ്ഞുപോയ നബിമാരോടും മുഹമ്മദ് നബി ﷺ യോടും സത്യവിശ്വാസികളോടും അല്ലാഹു നന്ദിയുള്ളവരാകാന്‍ കല്‍പ്പിക്കുന്നുണ്ട്.

قَالَ يَٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِى وَبِكَلَٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّٰكِرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ, മൂസാ, എന്റെ സന്ദേശങ്ങള്‍കൊണ്ടും, എന്റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. (ഖു൪ആന്‍ :7/144)

بَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّٰكِرِينَ

അല്ല, (മുഹമ്മദ് നബിയേ) അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. (ഖു൪ആന്‍ :39/66)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍ :2/172)

فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌. (ഖു൪ആന്‍ :2/152)

ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ

…ദാവൂദ് കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വ്വം പ്രവര്‍ത്തിക്കുക. തികഞ്ഞ നന്ദിയുള്ളവര്‍ എന്റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ. (ഖു൪ആന്‍ :34/13)

{തികഞ്ഞ നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ അപൂർവമത്രെ} അതായത്, അല്ലാഹു തന്റെ അനുഗ്രഹങ്ങളിൽനിന്ന് തങ്ങളെ അനുഗ്രഹിച്ചതിനോടും തങ്ങളിൽനിന്ന് ദോഷം തടഞ്ഞതിനും അവരിൽ അധികപേരും അല്ലാഹുവിനോട് നന്ദിയുള്ളവരല്ല. ആ നിലയ്ക്ക് നന്ദി ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. നന്ദി എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കലാണ്. അത് സ്വീകരിക്കുമ്പോൾ അതിലേക്കുള്ള ആവശ്യം പ്രകടിപ്പിക്കുന്നു. അല്ലാഹുവിനെ കൂടുതൽ അനുസരിക്കുകയും തെറ്റുകളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന് നന്ദിചെയ്യുക എന്ന് പറഞ്ഞാല്‍ എന്താണെന്നും എങ്ങനെയാണ് നന്ദികാണിക്കേണ്ടതെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

1.ഹൃദയം കൊണ്ട്‌ നന്ദി കാണിക്കല്‍

ഞാന്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് എന്റെ റബ്ബ് ചെയ്തു തന്ന അനുഗ്രഹമാണെന്ന് മനസ്സിലാക്കി റബ്ബിനോട് അടങ്ങാത്ത സ്‌നേഹം വെച്ചു പുലര്‍ത്തുകയെന്നതാണ് ഹൃദയം കൊണ്ട് നന്ദികാണിക്കല്‍.

2.നാവ് കൊണ്ട്‌ നന്ദി കാണിക്കല്‍

അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോള്‍ നാവ് കൊണ്ട്‌ അനുഗ്രഹത്തെ എടുത്തുപറയാനും, അനുഗ്രഹ ദാതാവിനെ സ്തുതിക്കാനും കഴിയണം.

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക. (ഖു൪ആന്‍ :93/11)

3.അവയവം കൊണ്ട് നന്ദികാണിക്കുക

ജീവിത്തിലുടനീളം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കലാണ് അവയവം കൊണ്ട് നന്ദികാണിക്കുക എന്നുള്ളത്. അതേപോലെ അല്ലാഹു തൃപ്തിപ്പെടുന്ന മാർഗ്ഗത്തിൽ ആ അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുകയും വിനിയോഗിക്കുകയും ചെയ്യുക. അപ്രകാരം തന്നെ അല്ലാഹു നമ്മോട് നമസ്കാരം പോലെയുള്ള ധാരാളം ഇബാദത്തുകള്‍ നി൪വ്വഹിക്കാന്‍ കല്‍പ്പിച്ചിട്ടുണ്ട്. അവയെല്ലാം വീഴ്ച വരുത്താതെ കൃത്യമായി നി൪വ്വഹിക്കുകയും ചെയ്യുക.

ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ

…ദാവൂദ് കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വ്വം പ്രവര്‍ത്തിക്കുക. തികഞ്ഞ നന്ദിയുള്ളവര്‍ എന്റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ. (ഖു൪ആന്‍ :34/13)

ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവില്‍നിന്ന് തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍! അത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നന്ദികാണിക്കുന്നതിലൂടെയാണ്. ആ നന്ദിപ്രകടനം മൂന്ന് സുപ്രധാന കാര്യങ്ങളിലാണ് നിലകൊള്ളുന്നത്.

1. മനസ്സ് കൊണ്ട് ആ അനുഗ്രഹത്തെ തിരിച്ചറിയല്‍.

2. നാവ് കൊണ്ട് അതിനെക്കുറിച്ച് സംസാരിക്കല്‍.

3. നല്‍കിയ അനുഗ്രഹ ദാതാവിന്‍റെ തൃപ്തിയില്‍ അവ വിനിയോഗിക്കല്‍.

ഈ മൂന്ന് കാര്യങ്ങള്‍ ഒരാള്‍ ചെയ്താല്‍ അയാള്‍ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു എന്നു പറയാം; ആ നന്ദിപ്രകടനത്തില്‍ വീഴ്ച വന്നിട്ടുണ്ട് എങ്കില്‍കൂടി. (അല്‍ വാബിലുസ്സ്വയ്യിബ്)

قال الشيخ ابن عثيمين رحمه الله:شكر النعمة لها ثلاثة أركان :١- الإعتراف بها في القلب ٢ – الثناء على الله باللسان ٣- العمل بالجوارح بما يرضي المنعم فمن كان عنده شعور في داخل نفسه أنه هو السبب لمهارته وجودته وحذقه فهذا لم يشكر النعمة.

ശൈഖ് ഇബ്നു ഉഥൈമീൻ (റഹി ) പറഞ്ഞു:അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതിന് മൂന്നു ഘടകങ്ങൾ ഉണ്ടായിരിക്കണം:

1-അനുഗ്രഹം (അല്ലാഹു നൽകിയതാണെന്ന്) ഹൃദയം കൊണ്ട് അംഗീകരിക്കുക.

2-നാവിലൂടെ അനുഗ്രത്തിന്റെ പേരിൽ അല്ലാഹുവിനെ വാഴ്ത്തുക.

3-അനുഗ്രഹദാതാവായ അല്ലാഹുവിനെ തൃപ്തിപെടുത്തുന്ന കർമ്മൾ ചെയ്യുക.

ആർക്കെങ്കിലും തന്റെ കഴിവും, മിടുക്കും, ബുദ്ധിസാമർത്ഥ്യവും കൊണ്ടാണ് അനുഗ്രം കിട്ടിയതെന്ന് മനസ്സിന്റെയുള്ളിൽ തോന്നലുണ്ടായാൽ അവൻ അല്ലാഹുവിന് നന്ദികാണിച്ചവനായിട്ടില്ല. [അൽ ഖൗലുൽ മുഫീദ് 42/2]

ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയെന്നത് അവന്റെ അടിമയുടെ നാവുകൊണ്ട് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ നന്ദിപൂര്‍വം എടുത്ത് പറയുകയും ചെയ്യലാണ്. അവന്റെ ഹൃദയം കൊണ്ട് നന്ദികാണിക്കുക എന്നത് അവന്‍ അതിന് സാക്ഷിയാവുകയും അതായത് അനുഭവിക്കുകയും അതിയായ ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ്. അവന്റെ അവയവം കൊണ്ട് നന്ദികാണിക്കുക എന്നത് അവന്‍ (സത്യത്തില്‍) ഉറച്ച് നില്‍ക്കുകയും (അല്ലാഹുവിനെ) അനുസരിക്കുകയും ചെയ്യുക എന്നതാണ്. (മദാഹിബുസ്സാബിക്വീന്‍)

قال عكرمة رحمه الله : ليس أحد إلا وهو يفرح ويحزن، ولكن اجعلوا الفرح شكرا والحزن صبر

ഇക്രിമ (റഹി) പറഞ്ഞു:സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ സന്തോഷത്തെ നിങ്ങൾ (അല്ലാഹുവിനുള്ള) നന്ദിയും, ദുഃഖത്തെ അവനു വേണ്ടിയുള്ള ക്ഷമയുമാക്കി തീർക്കുക”. (തഫ്സീർ ഇബ്നു കഥീർ, 8/28)

ഏതൊരു കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും മുഹമ്മദ് നബി ﷺ യില്‍ നമുക്ക് ഉത്തമമായ മാതൃകയുണ്ട്. അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളെ ഓര്‍ത്ത് റബ്ബിനോട് അടങ്ങാത്ത സ്‌നേഹം വെച്ചു പുലര്‍ത്തി അദ്ദേഹം ഹൃദയം കൊണ്ട് നന്ദികാണിക്കുമായിരുന്നു. അതേപോലെ അവിടുന്ന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ എടുത്ത് പറയുമായിരുന്നു. തന്റെ അവയവങ്ങള്‍ കൊണ്ട് എങ്ങനെയൊക്കെ നന്ദി കാണിക്കാന്‍ പറ്റുമോ അതെല്ലാം അവിടുന്ന് ചെയ്തിരുന്നു. തന്റെ കാലുകളില്‍ നീര് വരുമാറ്‌ രാത്രി നിന്നുകൊണ്ട്‌ അവിടുന്ന് നമസ്‌ക്കരിക്കാറുണ്ടായിരുന്നു. അതിനെ കുറിച്ച്‌ ചോദിച്ചാല്‍ ‘ഞാന്‍ നന്ദിയുള്ള ഒരടിമയാവേണ്ടേ’ എന്ന് പറയുമായിരുന്നു.

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا صَلَّى قَامَ حَتَّى تَفَطَّرَ رِجْلاَهُ قَالَتْ عَائِشَةُ يَا رَسُولَ اللَّهِ أَتَصْنَعُ هَذَا وَقَدْ غُفِرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ فَقَالَ ‏ “‏ يَا عَائِشَةُ أَفَلاَ أَكُونُ عَبْدًا شَكُورًا ‏”‏ ‏.‏

ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ രാത്രികാലങ്ങളില്‍ അദ്ദേഹത്തിന്‍റെ കാലുകളില്‍ നീര് കെട്ടിനില്‍ക്കുമാറ് സുദീര്‍ഘമായി നമസ്കരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘പ്രവാചകരേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത്?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?. (മുസ്ലിം 2820).

നമുക്ക് അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിരിക്കുന്നു എന്ന ബോധമാണ് നമ്മില്‍ ആദ്യമായി ഉണ്ടാവേണ്ടത്. അത് എന്റെ നാഥനില്‍ നിന്ന് മാത്രമാണെന്ന ബോധം ഉണ്ടാകുമ്പോഴാണ് നന്ദികാണിക്കാന്‍ മനുഷ്യന് സാധിക്കുന്നത്. ആ ബോധം നഷ്ടപ്പെടുകയും എല്ലാം തന്റെ അധ്വാനഫലമാണെന്ന മിഥ്യാധാരണ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ നന്ദികേട് കാണിക്കുന്നത്.

ഇബ്നുതൈമിയ്യ (റഹി) പറഞ്ഞു: അല്ലാഹുവില്‍ നിന്നും നിരന്തരം അനുഗ്രഹങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു അടിയാന്‍ അല്ലാഹുവിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടിരിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ അവന്‍ പാപിയായി എണ്ണപ്പെടും. അപ്പോള്‍ അവന്‍ പാപമോചനം തേടണം. അവന്‍ എപ്പോഴും ഒരനുഗ്രഹത്തില്‍ നിന്നും മറ്റൊരനുഗ്രഹത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ നിരന്തരം പാപമോചനം തേടല്‍ അവന് അനിവാര്യമാണ്. (മജ്മൂഅ് ഫതാവാ : 10/88

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചാല്‍ ആ അനുഗ്രഹങ്ങള്‍ നിലനിര്‍ത്തി കിട്ടുകയും വ൪ദ്ധിക്കുകയും ചെയ്യുന്നതാണ്. അപ്രകാരം തന്നെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിച്ചാല്‍ അവന്‍ ശിക്ഷിക്കുന്നതുമാണ്.

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചാല്‍ നന്ദി കാണിച്ചതിന്റെ പ്രതിഫലം ലഭിക്കും. അതിന് പുറമേ അനുഗ്രഹങ്ങൾ വര്‍ദ്ധിപ്പിച്ച് കിട്ടുകയും ചെയ്യും.

فَإِنَّكُمْ إِذَا شَكَرْتُمُوهُ زَادَكُمْ مِنْ نِعَمِهِ وَأَثَابَكُمْ عَلَى شُكْرِكُمْ أَجْرًا جَزِيلًا.

അല്ലാഹുവിന് നിങ്ങൾ നന്ദി കാണിക്കുന്നപക്ഷം അവന്റെ അനുഗ്രഹങ്ങളെ നിങ്ങൾക്ക് വർധിപ്പിച്ചുതരികയും നന്ദി ചെയ്തതിന് മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി – സൂറ:ജാഥിയ-12)

وَسَيَجْزِى ٱللَّهُ ٱلشَّٰكِرِينَ

നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. (ഖു൪ആന്‍ :3/144)

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ). (ഖു൪ആന്‍ :14/7)

إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ

നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. തന്റെ ദാസന്‍മാര്‍ നന്ദികേട് കാണിക്കുന്നത് അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്‌. (ഖു൪ആന്‍ :39/7)

നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമെന്നും നന്ദികേട് കാണിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുമെന്നുമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ചുരുക്കത്തില്‍ അല്ലാഹുവിനോട് ഒരാള്‍ നന്ദി കാണിക്കുന്നതിന്റെ ഗുണം ആ വ്യക്തിക്ക് തന്നെയാണ്. അല്ലാതെ ഒരാള്‍ നന്ദി കാണിക്കുന്നതുകൊണ്ട് അല്ലാഹുവിന്റെ പ്രതാപം വ൪ദ്ധിക്കുകയോ ഒരാള്‍ നന്ദികേട് കാണിക്കുന്നതുകൊണ്ട് അല്ലാഹുവിന്റെ പ്രതാപം കുറയുകയോ ചെയ്യുന്നതല്ല.

فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ

….വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു. (ഖു൪ആന്‍ :27/40)

وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ

മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, (നിങ്ങള്‍ അറിയുക) തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ്. (ഖു൪ആന്‍ :14/8)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : مَا أَنْعَمَ اللَّهُ عَلَى عَبْدٍ نِعْمَةً فَقَالَ الْحَمْدُ لِلَّهِ ‏.‏ إِلاَّ كَانَ الَّذِي أَعْطَاهُ أَفْضَلَ مِمَّا أَخَذَ ‏

അനസി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അൽഹംദുലില്ലാഹ്‌ എന്ന് പറയുക വഴി ഒരു ദാസൻ ആ അനുഗ്രഹങ്ങളേക്കാൾ വലിയ നന്മയാണ് നേടിയെടുക്കുന്നത്. (ഇബ്നുമാജ 3805)

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിന് പകരം നന്ദികേട് കാണിക്കുന്നവരെ അല്ലാഹു ശിക്ഷിച്ച സംഭവം വിശുദ്ധ ഖു൪ആനില്‍‌ കാണാം.

لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ. فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ. ذَٰلِكَ جَزَيْنَٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَٰزِىٓ إِلَّا ٱلْكَفُورَ

തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്‌. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? (ഖു൪ആന്‍:34/15-17)

وَضَرَبَ ٱللَّهُ مَثَلًا قَرْيَةً كَانَتْ ءَامِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ

അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം വിശപ്പിന്റേയും ഭയത്തിന്റേയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി. (ഖു൪ആന്‍:16/112)

മഹാന്മാരായ പ്രവാചകന്മാ൪ വളരെയധികം നന്ദിയുള്ളവരായിരുന്നുവെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്.

إِنَّهُۥ كَانَ عَبْدًا شَكُورًا

തീര്‍ച്ചയായും അദ്ദേഹം (നൂഹ്‌) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു.(ഖു൪ആന്‍:17/3)

شَاكِرًا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം (ഇബ്റാഹീം). അദ്ദേഹത്തെ അവന്‍ (അല്ലാഹു) തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.(ഖു൪ആന്‍:16/121)

നബി ﷺ രാത്രിയില്‍ വളരെ ദീര്‍ഘിച്ചു നമസ്‌കരിക്കുന്നതിനെ സംബന്ധിച്ച് ആഇശ(റ) ചോദിച്ചപ്പോള്‍ ‘ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ’ എന്നാണ് അവിടുന്ന് പ്രതിവചിച്ചത്.

‘അല്ലാഹുവോട്‌ നന്ദി കാണിക്കാതിരിക്കുക’ എന്നുള്ളത് വന്‍പാപമായി പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത്. ഇമാം ദഹബിയുടെ(റഹി) അല്‍കബാഇറില്‍ എഴുപതാമത്തെ വന്‍പാപം ‘അല്ലാഹുവോട്‌ നന്ദി കാണിക്കാതിരിക്കലാണ് ‘ എന്നതാണ്. മനുഷ്യ൪ അല്ലാഹുവിനോട് നന്ദികാണിക്കുന്നത് തടയാനാണ് എല്ലായ്പ്പോഴും പിശാച് പരിശ്രമിക്കുന്നത്.

ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ

പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍ :7/17)

إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ

തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല. (ഖു൪ആന്‍ :2/243)

إِنَّ ٱلْإِنسَٰنَ لِرَبِّهِۦ لَكَنُودٌ

തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. (ഖു൪ആന്‍ :100/6)

قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? (ഖു൪ആന്‍ :80/17)

وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ

തികഞ്ഞ നന്ദിയുള്ളവര്‍ എന്റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ. (ഖു൪ആന്‍ :34/13)

قال رسول الله صلى الله عليه وسلم : قلب شاكر ولسان ذاكر وزوجة صالحة تعينك على أمر دنياك ودينك خير ما اكتنز الناس

നബി ﷺ പറഞ്ഞു: നന്ദി കാണിക്കുന്ന ഒരു ഹൃദയവും , ദിൿറു ചൊല്ലുന്ന ഒരു നാവും , ദുനിയാവിന്റെയും ദീനിന്റെയും കാര്യത്തിൽ നിന്നെ സഹായിക്കുന്ന ഒരു നല്ല ഭാര്യയുമാണു ജനങ്ങളുടമപ്പെടുത്തിയതിനേക്കാളൊക്കെ നല്ലത്‌ . (സ്വഹീഹ് ജാമിഅ് :4409)

ഒരു ദിക്റ്

നബി ﷺ അരുളി :ആരെങ്കിലും രാവിലെ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് ആ പകലില്‍ അല്ലാഹുവോട്‌ കാണിക്കുന്ന നന്ദിയുടെ കുറവ്‌ ഇത് നികത്തുന്നതാണ്. ആരെങ്കിലും വൈകീട്ട് ഇത് ചൊല്ലിയാല്‍ അയാള്‍ക്ക് ആ രാത്രിയില്‍ അല്ലാഹുവോട്‌ കാണിക്കുന്ന നന്ദിയുടെ കുറവും ഇത് നികത്തുന്നതാണ്. (സ്വഹീഹ് ഇബ്നുഹിബ്ബാന്‍ :2361)

اللّهُـمَّ ما أَصْبَـَحَ بي مِـنْ نِعْـمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك ، فَمِـنْكَ وَحْـدَكَ لا شريكَ لَـك ، فَلَـكَ الْحَمْـدُ وَلَـكَ الشُّكْـر

അല്ലാഹുമ്മ മാ അസ്ബഹ ബീ മിന്‍ നിഅ്മത്തിന്‍ അവ് ബിഅഹദിന്‍ മിന്‍ ഖല്‍കിക ഫമിന്‍ക, വഹ്ദക ലാശരീക്കലക, ഫലകല്‍ ഹംദു വലക ശ്ശുക്൪

അല്ലാഹുവേ, എനിക്കോ നിന്റെ ഏതെങ്കിലും സൃഷ്ടിക്കോ രാവിലെയായപ്പോള്‍ ലഭിച്ചിട്ടുള്ള ഏതൊരു അനുഗ്രഹവും നിന്നില്‍ നിന്നാണ്. നിന്നില്‍ നിന്നു മാത്രമാണ്. (ഞങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതിലും നീ മാത്രം ആരാധനക്കര്‍ഹനാകുന്നതിലുമെല്ലാം) നിന്റെ കൂടെ യാതൊരു പങ്കുകാരുമില്ല. അതുകൊണ്ട് എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്.

രാവിലത്തെ ദിക്റില്‍ اللّهُـمَّ ما أَصْبَـَحَ بي (അല്ലാഹുമ്മ മാ അസ്ബഹ ബീ – അല്ലാഹുവേ രാവിലെയായപ്പോള്‍ എനിക്ക് ലഭിച്ചിട്ടുള്ളത്) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ اللّهُـمَّ مَا أمْسَى بِي (അല്ലാഹുമ്മ മാ അംസാ ബീ – അല്ലാഹുവേ വൈകുന്നേരമായപ്പോള്‍ എനിക്ക് ലഭിച്ചിട്ടുള്ളത്) എന്നാക്കി ചൊല്ലണം..

اللّهُـمَّ مَا أمْسَى بِي مِـنْ نِعْـمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك ، فَمِـنْكَ وَحْـدَكَ لا شريكَ لَـك ، فَلَـكَ الْحَمْـدُ وَلَـكَ الشُّكْـر

അല്ലാഹുവേ, എനിക്കോ നിന്റെ ഏതെങ്കിലും സൃഷ്ടിക്കോ വൈകുന്നേരമായപ്പോള്‍ ലഭിച്ചിട്ടുള്ള ഏതൊരു അനുഗ്രഹവും നിന്നില്‍ നിന്നാണ്. നിന്നില്‍ നിന്നു മാത്രമാണ്. (ഞങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതിലും നീ മാത്രം ആരാധനക്കര്‍ഹനാകുന്നതിലുമെല്ലാം) നിന്റെ കൂടെ യാതൊരു പങ്കുകാരുമില്ല. അതുകൊണ്ട് എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്.

ഒരു പ്രാ൪ത്ഥന

عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَخَذَ بِيَدِهِ ، وَقَالَ : يَا مُعَاذُ ، وَاللَّهِ إِنِّي لَأُحِبُّكَ ، وَاللَّهِ إِنِّي لَأُحِبُّكَ ، فَقَالَ : أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ تَقُولُ : اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ

മുആദ് ബിന്‍ ജബലില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരുദിവസം നബി ﷺ എന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു: മുആദ്, അല്ലാഹുവാണെ സത്യം, നിശ്ചയം, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. അല്ലാഹുവാണെ സത്യം, നിശ്ചയം, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. ശേഷം അവിടുന്ന് പറഞ്ഞു: അല്ലയോ മുആദ്, ഞാന്‍ നിന്നോട് ഉപദേശിക്കുന്നു: എല്ലാ നമസ്‌കാരാനന്തരവും നീ പ്രാര്‍ത്ഥിക്കണം : اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ ‘അല്ലാഹുവേ, നിന്നെ കുറിച്ചോര്‍ക്കാനും നിനക്ക് നന്ദി ചെയ്യാനും നിന്നെ ഉത്തമമായി ആരാധിക്കാനും എന്നെ നീ സഹായിക്കേണമേ.’ (സുനനുഅബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശംഷിപ്പിച്ചു)

ശുക്റിന്റെ സുജൂദ്

ഒരു സത്യവിശ്വാസിക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൈവരുമ്പോള്‍ ശുക്റിന്റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്.

عن أبي بكرة رضي الله عنه : أن النبي صلى الله عليه وسلم كان إذا أتاه أمر يسره وبشر به خر ساجدا شكرا لله تعالى .

അബീബക്കറില്‍ (റ) നിന്നും നിവേദനം: നബി ﷺ അദ്ദേഹത്തിന് സന്തോഷമുള്ള വല്ല വാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്‌താല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു . ( അഹ്മദ് – അബൂ ദാവൂദ് – ഇബ്നു മാജ – തിര്‍മിദി – അല്‍ബാനി ഹസനായി വിശേഷിപ്പിച്ചു)

സാധാരണ നമസ്കാരത്തിലോ അല്ലാതെയോ നിര്‍വഹിക്കപ്പെടുന്ന സുജൂദുകളെപ്പോലെതന്നെയാണ് ശുക്റിന്റെ സുജൂദിന്റെ രൂപവും. ശുക്റിന്റെ സുജൂദിന് വേണ്ടി വുളുഅ് നി൪വ്വഹിക്കാവുന്നതാണ്. എന്നാല്‍ അത് സ്വീകാര്യയോഗ്യമാവാന്‍ വുളുഅ് ഒരു നിബന്ധനയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. അതുപോലെ തക്ബീര്‍ കെട്ടലും , സലാം വീട്ടലും ശുക്റിന്റെ സുജൂദില്‍ ഇല്ല. നേരിട്ട് സുജൂദിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതില്‍ നിന്ന് നേരിട്ട് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. ഒരൊറ്റ സുജൂദ് ആണ് ശുക്റിന്റെ സുജൂദ്. ശുക്റിന്റെ സുജൂദില്‍ വെച്ച് അല്ലാഹുവിനെ ധാരാളമായി സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യാം. ശുക്റിന്‍റെ സുജൂദിന്‍റെ ഉദ്ദേശ്യവും അതു തന്നെയാണ്.

 

 

kanzululoom.com

One Response

  1. മാഷാ അല്ലാഹ്. ഒരുപാട് നന്ദി . അള്ളാഹു തആല ബറക്കത്ത ചെയ്യട്ടെ. ആമീൻ

Leave a Reply

Your email address will not be published. Required fields are marked *