ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് പരിശുദ്ധ ഹജ്ജ് ക൪മ്മം. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മാണ് അറഫയിലെ നിര്‍ത്തം. ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും സുപ്രധാനമായ ഒരു റുക്നാണ് ഇത്. ഈ ക൪മ്മം നി൪വ്വഹിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതാണ് അറഫാ ദിനം എന്നറിയപ്പെടുന്നത്.
അറഫാ ദിനത്തിന്റെ ശ്രേഷ്ഠതകള്‍
അറഫാ ദിനത്തിന്റെ മഹത്വങ്ങളും ശ്രേഷ്ഠതകളും വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ധാരാളം കാണാവുന്നതാണ്.
وَالْيَوْمِ الْمَوْعُودِ وَشَاهِدٍ وَمَشْهُودٍ
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ് സത്യം. സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം. (ഖു൪ആന്‍:85/2-2)
ഈ ആയത്തിലെ مشهود എന്നത് അറഫാദിനത്തെ കുറിച്ചാണെന്ന് നബി ﷺ വിശദീകരിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ وَالْيَوْمُ الْمَشْهُودُ يَوْمُ عَرَفَةَ وَالشَّاهِدُ يَوْمُ الْجُمُعَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘വാഗ്ദാനം ചെയ്യപ്പെട്ട ദിവസം’ എന്നത് ‘ഖിയാമത്ത് നാള്‍’ ആണ്. ‘സാക്ഷ്യം വഹിക്കപ്പെടുന്നത്’ എന്നത് അറഫാദിനവും, ‘സാക്ഷി’ എന്നത് ‘ജുമുഅ’ ദിവസവുമാണ് …… (തിര്‍മിദി: 3339 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
‘ഇഹലോകത്തിലെ ദിനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിനങ്ങളാണെന്നും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശ്രേഷ്ടകരവും അല്ലാഹുവിന് അതിയായി ഇഷ്ടമുള്ളതും ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലെ സല്‍ക൪മ്മങ്ങളാണെന്നും നബി ﷺ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അനുഷ്ഠിക്കുന്ന സല്‍ക൪മ്മങ്ങളേക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ സംശുദ്ധവും പ്രതിഫലാ൪ഹവുമായ മറ്റൊരു ക൪മ്മവുമില്ല. (അവലംബം: സ്വഹീഹ് ജാമിഅ് :1133 – ബുഖാരി :969 – അബൂദാവൂദ് :2438 – സ്വഹീഹുത്ത൪ഗീബ്:1148)
ഏറെ ശ്രേഷ്ടകരമായ ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളില്‍ പെട്ടതാണ് അറഫാ ദിനം. അഥവാ ദുല്‍ഹജ്ജ് ഒമ്പതിനാണ് അറഫാ ദിനം.
അല്ലാഹുവിന്റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണ് അറഫാദിനം.
عَنْ عُمَرَ بْنِ الْخَطَّابِ، أَنَّ رَجُلاً، مِنَ الْيَهُودِ قَالَ لَهُ يَا أَمِيرَ الْمُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لاَتَّخَذْنَا ذَلِكَ الْيَوْمَ عِيدًا. قَالَ أَىُّ آيَةٍ قَالَ . قَالَ عُمَرُ قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ
ഉമറു ബ്നുല്‍ ഖത്താബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ജൂതന്മാരില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷദിവസമാക്കുമായിരുന്നു’. അദ്ദേഹം ചോദിച്ചു: ‘ഏത് ആയത്താണത് ?’. അയാള്‍ പറഞ്ഞു: ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു എന്ന ആയത്താണത്.’ അപ്പോള്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അതേത് ദിവസമാണെന്നും എവിടെ വച്ചാണ് അത് നബി ﷺ ക്ക് ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം അദ്ദേഹം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്.’ (ബുഖാരി:45)
അറഫാദിനം പാപമോചനത്തിന്റേയും, നരകമോചനത്തിന്റേയും ദിനമാണ്. അന്നേദിവസം നരകത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസവുമാണ്.
قَالَتْ عَائِشَةُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ
ആയിശ رضى الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത്? എന്ന് പറയുകയും ചെയ്യും’.(മുസ്‌ലിം: 1348)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إن الله تعالى يباهي ملائكته عشية عرفة بأهل عرفة يقول : انظروا إلى عبادي أتوني شعثا غبرا
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറഫയില്‍ സമ്മേളിച്ചവരെ കുറിച്ച് അല്ലാഹു വൈകുന്നേരം അഭിമാനത്തോടെ മലക്കുകളോട് പറയും : പൊടിപുരണ്ട ശരീരവും ജടപിടിച്ച തലയുമായി എന്റെ ദാസന്‍മാ൪ എന്റെ വിളിക്കുത്തരം നല്‍കി വന്നിരിക്കുന്നത് നോക്കൂ. (സ്വഹീഹുല്‍ ജാമിഅ് :1868)
അറഫയില്‍ ഒരുമിച്ച് കൂടുന്നവരെ അല്ലാഹു പ്രശംസിച്ച് പറയുകയും, അവരെന്താണോ ഉദ്ദേശിക്കുന്നത് അതവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുമെന്ന൪ത്ഥം. അതേപോലെ പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസവുമാണ് അറഫാ ദിനം.
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ
അംറ് ബ്നു ശുഐബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ് (തിര്‍മിദി: 3585 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
كَانَ أَكْثَرُ دُعَاءِ رَسُولِ اللَّهِﷺ يَوْمَ عَرَفَةَ…
അറഫാ ദിവസം നബി ﷺ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ച പ്രാർത്ഥനയായിരുന്നു ഇത്:
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്റെ പക്കലാണ് എല്ലാ നന്മയും ഉള്ളത്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്! [رواه أحمد: 6961، وحسّنه شعيب الأرناؤوط في تخريج زاد المعاد: 2/219]
ഇവിടെ നബി ﷺ യുടെ ദുആ എന്നുപറഞ്ഞ് ഒരു ദിക്ർ ആണല്ലോ പറഞ്ഞത് എന്ന് ചോദിച്ചേക്കാം. ഇതിനുള്ള മറുപടി ഇമാം ത്വീബി رحمه الله വിശദീകരിക്കുന്നുണ്ട്; അല്ലാഹുവിനെ വാഴ്ത്തുന്നതിലും നമ്മുടെ തേട്ടങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് കാര്യം.
ഇമാം നവവി رحمه الله പറയുന്നു: പ്രാർത്ഥനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ, വർഷത്തിലെ ദിവസമാണിത്. അതിനാൽ ദിക്റിനും പ്രാർത്ഥനക്കും ഖുർആൻ പാരായണത്തിനും പരിശ്രമിക്കണം. സ്വന്തത്തിനും മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും ഗുരുനാഥന്മാർക്കും മുഴുവൻ മുസ്ലീങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം.[كتاب الأذكار للنووي- ٣٣٣]
അറഫാദിനം മുസ്‌ലിംകളുടെ പെരുന്നാളായിട്ടാണ് നബി ﷺ വിശേഷിപ്പിച്ചിട്ടുള്ളത്.
نُ بْنُ أَبِي شَيْبَةَ، حَدَّثَنَا وَكِيعٌ، عَنْ مُوسَى بْنِ عُلَىٍّ، – وَالإِخْبَارُ فِي حَدِيثِ وَهْبٍ – قَالَ سَمِعْتُ أَبِي أَنَّهُ، سَمِعَ عُقْبَةَ بْنَ عَامِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يَوْمُ عَرَفَةَ وَيَوْمُ النَّحْرِ وَأَيَّامُ التَّشْرِيقِ عِيدُنَا أَهْلَ الإِسْلاَمِ وَهِيَ أَيَّامُ أَكْلٍ وَشُرْبٍ ” .
നബി ﷺ പറഞ്ഞു: അറഫാദിനവും, ബലിപെരുന്നാള്‍ ദിനവും, അയ്യാമുത്തശ്രീഖിന്റെ ദിനങ്ങളും നമ്മള്‍ മുസ്‌ലിംകളുടെ പെരുന്നാളാണ്. അവ തിന്നുവാനും കുടിക്കുവാനുമുള്ള ദിനമാണ്. (അബൂദാവൂദ് : 2419 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
എന്നാല്‍ ഹാജിമാരല്ലാത്തവര്‍ക്ക് അറഫയുടെ ദിനം നോമ്പെടുക്കലാണ് സുന്നത്ത്.
അറഫാദിനത്തിലെ നോമ്പ്
നബി ﷺ പറഞ്ഞതായി അബു ഖതാദ رضي الله عنه നിവേദനം ചെയ്യുന്നു:
صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ، وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ
അറഫാ ദിവസത്തിലെ നോമ്പിന്റെ പ്രതിഫലമായി കഴിഞ്ഞ ഒരു വർഷത്തെ തിന്മകളും വരാനിരിക്കുന്ന ഒരു വർഷത്തെയും തിന്മകളും അല്ലാഹു പൊറുത്തു നൽകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ആശുറാ ദിനത്തിലെ നോമ്പിന്റെ പ്രതിഫലമായി കഴിഞ്ഞ ഒരു വർഷത്തെ തിന്മകൾ അല്ലാഹു പൊറുത്തു നൽകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. (മുസ്ലിം)
ഇബ്നു ഹജർ അസ്ഖലാനി رحمه الله പറഞ്ഞു: ഈ ഹദീസിൽ നിന്ന് വ്യക്തമാകുന്നത് അറഫാ നോമ്പ് ആശുറാ നോമ്പിനേക്കാൾ മഹത്തരമാണെന്നാണ്. അതിന് പിന്നിലെ കാരണമായി പറയപ്പെട്ടത്, ആശൂറാ നോമ്പ് മൂസ عليه السلام യിലേക്കും, അറഫാ നോമ്പ് മുഹമ്മദ് നബി ﷺ യിലേക്കും ചേർത്തപ്പെട്ടത് കൊണ്ടാണ് എന്നതാണ്. അത് കൊണ്ടാണ് അറഫാ നോമ്പ് കൂടുതൽ മഹത്തരമായത്. (ഫത്ഹുൽ ബാരി)
അറഫ ദിനത്തിലെ നോമ്പ് കൊണ്ട് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. വരാനിരിക്കുന്ന വ൪ഷത്തെ പാപങ്ങൾ പൊറുക്കപ്പെടുക എന്നത്, ആ വർഷത്തിൽ പാപങ്ങൾ ഒഴിവാക്കാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ അല്ലെങ്കിൽ വല്ല പാപവും സംഭവിച്ചു പോയാൽ തൗബ ചെയ്യാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ ആണെന്നാണ്.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു: കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വ്യക്തമാണ്. കാരണം; അത് നിലവിൽ സംഭവിച്ചു കഴിഞ്ഞതായ പാപങ്ങളാണ്. എന്നാൽ, വരാനിരിക്കുന്ന പാപങ്ങൾ പൊറുക്കപ്പെടും എന്നത് സംഭവിക്കാത്ത പാപങ്ങളെ കുറിച്ചായത് കൊണ്ട് ആ കാര്യത്തിൽ ചില അവ്യക്തതകൾ തോന്നിയേക്കാം. എങ്ങനെയാണ് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത പാപങ്ങൾ പൊറുക്കപ്പെടുന്നത്? അതിനെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞതായി കാണാം: ‘വരാനിരിക്കുന്ന പാപങ്ങൾ പൊറുക്കപ്പെടുക എന്നാൽ; ഒന്നല്ലെങ്കിൽ, വരാനിരിക്കുന്ന ഒരു വർഷം അയാൾക്ക് പാപങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള തൗഫീഖ് ലഭിക്കും, അതല്ലെങ്കിൽ, വല്ല പാപങ്ങളും അയാളിൽ നിന്നും സംഭവിച്ചുപോയാൽ തന്നെ തൗബ ചെയ്യാനുള്ള അവസരം ആ വ്യക്തിക്ക് ലഭിക്കുന്നതായിരിക്കും. അതാണ് വരാനിരിക്കുന്ന ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും എന്നതിന്റെ അർത്ഥം. (تسهيل اﻹلمام: ٢٤١/٣)
പാപങ്ങൾ പൊറുക്കപ്പെടുക എന്നത് ചെറുപാപങ്ങൾക്ക് മാത്രം പ്രത്യേകമാക്കപ്പെട്ടതാണ്. വൻപാപങ്ങളാകട്ടെ തൗബ ചെയ്തു മടങ്ങിയാലല്ലാതെ പൊറുക്കപ്പെടുകയില്ല.
ഏത് ദിവസമാണ് അറഫാ നോമ്പ് അനുഷ്ഠിക്കേണ്ടത്
ദുല്‍ഹജ്ജ് ഒമ്പതിനാണ് അറഫാദിനം. അന്നേ ദിവസമാണ് ഹാജിമാരല്ലാത്തവ൪ നോമ്പ് അനുഷ്ഠിക്കേണ്ടത്.
നമ്മുടെ നാട്ടിലെയും സൗദ്യ അറേബ്യയിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ഏത് ദിവസമാണ് അറഫാ നോമ്പ് അനുഷ്ഠിക്കേണ്ടതെന്ന കാര്യത്തില്‍ ആളുകള്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഇവിടെ ഒന്നാമതായി മനസ്സിലാക്കേണ്ടത്, മക്കയില്‍ മാസപ്പിറവി കാണുന്നതിനനുസരിച്ച് ലോകം മുഴുവനും മാസപ്പിറവി കണക്കാക്കണമെന്ന് നബി ﷺ പഠിപ്പിച്ചിട്ടില്ല. മാത്രമല്ല, മാസപ്പിറവിയുടെ കാര്യത്തില്‍ ഓരോ പ്രദേശത്തുകാര്‍ക്കും അവരുടേതായ നിര്‍ണയസ്ഥാനങ്ങളാണ് പരിഗണിക്കേണ്ടതെന്നാണ് സ്വഹാബത്ത് മനസ്സിലാക്കിയിട്ടുള്ളത്.
عَنْ كُرَيْبٍ، أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ، بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ فَسَأَلَنِي عَبْدُ اللَّهِ بْنُ عَبَّاسٍ – رضى الله عنهما – ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ فَقُلْتُ رَأَيْنَاهُ لَيْلَةَ الْجُمُعَةِ . فَقَالَ أَنْتَ رَأَيْتَهُ فَقُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ . فَقَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ . فَقُلْتُ أَوَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ فَقَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم . وَشَكَّ يَحْيَى بْنُ يَحْيَى فِي نَكْتَفِي أَوْ تَكْتَفِي .
കുറൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉമ്മുല്‍ ഫദ്ല്‍ ബിന്‍തുല്‍ ഹാരിസ് رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ ശാമില്‍ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാന്‍ ശാമിലെത്തി അവരെന്നെ ഏല്‍പിച്ച കാര്യം നിര്‍വഹിച്ചു. ഞാന്‍ ശാമിലായിരിക്കെ റമളാന്‍ മാസം കണ്ടു. വെള്ളിയാഴ്ച രാവിനാണ് ഞാന്‍ മാസം കണ്ടത്. ശേഷം റമളാന്‍ മാസത്തിന്റെ അവസാനത്തില്‍ ഞാന്‍ മദീനയിലേക്ക് തിരിച്ചുവന്നു. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ എന്നോട് കാര്യങ്ങള്‍ തിരക്കി. മാസപ്പിറവിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങളെപ്പോഴാണ് മാസം കണ്ടത് ? ഞാന്‍ പറഞ്ഞു: ഞങ്ങള്‍ വെള്ളിയാഴ്ച രാവിനാണ് മാസം കണ്ടത്. അദ്ദേഹം ചോദിച്ചു: നീ നേരിട്ട് കണ്ടുവോ? ഞാന്‍ പറഞ്ഞു: അതെ, മറ്റാളുകളും കണ്ടിട്ടുണ്ട്. അവരൊക്കെ നോമ്പെടുത്തു. മുആവിയ رَضِيَ اللَّهُ عَنْهُ വും മാസം കണ്ടത് പ്രകാരം നോമ്പ് എടുത്തു. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: പക്ഷെ ഞങ്ങള്‍ ശനിയാഴ്ച രാവിനാണ് കണ്ടത്. അതുകൊണ്ട് ഞങ്ങള്‍ മാസം കണ്ടാല്‍ (പെരുന്നാള്‍ ആഘോഷിക്കും), ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും.അപ്പോള്‍ ഞാന്‍ ചോദിച്ചു: അപ്പോള്‍ മുആവിയ رَضِيَ اللَّهُ عَنْهُ മാസം കണ്ടതും നോമ്പ് നോല്‍ക്കാന്‍ ആരംഭിച്ചതും നിങ്ങള്‍ക്കും ബാധകമല്ലേ? നിങ്ങള്‍ക്കതിനെ ആസ്പദമാക്കിയാല്‍ പോരേ? ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ല. ഇപ്രകാരമാണ് റസൂല്‍ ﷺ ഞങ്ങളോട് കല്പിച്ചിട്ടുള്ളത്. (മുസ്‌ലിം : 1087)
മുആവിയ رَضِيَ اللَّهُ عَنْهُ ശാമില്‍ വെള്ളിയാഴ്ച രാവിനാണ് മാസപ്പിറവി കണ്ടത്. മദീനയില്‍ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ കണ്ടതാകട്ടെ, ശനിയാഴ്ച രാവിനും. മുആവിയയും കൂടെയുള്ളവരും ശാമില്‍ നേരത്തെ മാസം കണ്ടതിനാല്‍ ഒരു ദിവസം മുന്നേ നോമ്പ് ആരംഭിച്ചു. ഇബ്നു അബ്ബാസും കൂടെയുള്ളവരും നോമ്പ് അനുഷ്ഠിച്ച് തുടങ്ങിയത് ഒരു ദിവസം കഴിഞ്ഞും. എന്നാല്‍ ശാമില്‍ ഒരു ദിവസം നേരത്തെ മാസം കണ്ട വിവരം അദ്ദേഹത്തിന് കിട്ടിയിട്ടും അദ്ദേഹം നോമ്പ് 29ല്‍ അവസാനിപ്പിച്ചില്ല. മാസം കാണുകയാണെങ്കില്‍ പെരുന്നാളാകും, ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും എന്നാണദ്ദേഹം പറഞ്ഞത്. മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ ശാമിലെ കാഴ്ച മദീനയില്‍ ബാധകമല്ലെന്നും മദീനയില്‍ മാസപ്പിറവി ദ൪ശിക്കണമെന്നും അപ്രകാരമാണ് റസൂല്‍ ﷺ ഞങ്ങളോട് കല്പിച്ചിട്ടുള്ളതാണെന്നുമാണ് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞത്.
ഈ ഹദീസിന് ഇമാം നവവി رحمه الله നൽകിയ തലവാചകം ഇങ്ങനെയാണ് :
باب بيان أن لكل بلد رؤيتهم وأنهم إذا رأوا الهلال ببلد لا يثبت حكمه لما بعد عنهم
‘ഓരോ നാട്ടിലും അവരുടെ ചന്ദ്രദർശനമാണ് പരിഗണനീയം, ഒരു നാട്ടിൽ ചന്ദ്രപ്പിറ കണ്ടാൽ അവരിൽനിന്ന് വിദൂരത്തുള്ളവർക്ക് അത് ബാധകമായിരിക്കുകയില്ല’ എന്ന് വിവരിക്കുന്ന അദ്ധ്യായം.
ആയതിനാൽ ഓരോ നാട്ടുകാരും അവരുടെ മാസപ്പിറവിയെ മാനദണ്ഡമാക്കുക എന്നതാണ് കൂടുതൽ സൂക്ഷ്മത.
أن الأرجح قول من قال: إن لكل بلد رؤيته وعليهم أن يرجعوا إلى علمائهم في ذلك عملاً بما رواه مسلم في صحيحه من حديث كريب عن ابن عباس
ഓരോ നാട്ടുകാരും അവരുടെ ചന്ദ്രപ്പിറവി അടിസ്ഥാനമാക്കുക എന്നതാണ് ഏറ്റവും സ്വീകാര്യമായ അഭിപ്രായം. അവർ ആ വിഷയത്തിൽ അന്നാട്ടിലെ പണ്ഡിതന്മാരിലേക്കാണ് മടങ്ങേണ്ടത്. ഇമാം മുസ്ലിം رحمه الله കുറൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ. (ശൈഖ് ഇബ്നു ബാസ് – മജ്മൂഉൽ ഫതാവാ:15/109)
ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉസൈമീൻ رحمه الله പറഞ്ഞു:
وهذا القول هو القول الراجح، وهو الذي تدل عليه الأدلة
ഇതാണ് കൂടുതൽ സ്വീകാര്യമായ വാദം. തെളിവുകൾ അറിയിക്കുന്നതും അക്കാര്യം തന്നെയാണ്. (ശറഹുൽ മുംതിഅ്:6/310)
മക്കയെ അടിസ്ഥാനമാക്കി മാസാരംഭം നിർണയിക്കുക എന്നതിന് പ്രമാണങ്ങളുടെ പിൻബലമില്ല.
قال ابن باز رحمه الله : فأما قول من قال: إنه ينبغي أن يكون المعتبر رؤية هلال مكة خاصة، فلا أصل له ولا دليل عليه، ويلزم منه أن لا يجب الصوم على من ثبتت رؤية الهلال عندهم من سكان جهات أخرى إذا لم ير الهلال بمكة .
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: മക്കയെ അടിസ്ഥാനമാക്കി ചന്ദ്രപ്പിറ കണക്കാക്കണമെന്ന വാദത്തിന് യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ല. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ, അവർ മാസം കണ്ടാൽ പോലും മക്കയിൽ മാസം കണ്ടില്ലെങ്കിൽ അവർ നോമ്പ് എടുക്കരുത് എന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്.
ഇന്ത്യയിൽ 2.30 മണിക്കൂർ മുമ്പ് മാസം കണ്ടാൽ, അത് ഉറപ്പിക്കണമെങ്കിൽ 2.30 മണിക്കൂർ കാത്തിരിക്കണം അതായത് മക്കയിലും കാണണം എന്ന് പറയുന്നതിലെ അസാംഗത്യം എല്ലാവർക്കും ഗ്രഹിക്കാവുന്നതാണ്.
ചുരുക്കത്തിൽ ലോകത്ത് എവിടെയെങ്കിലും ഹിലാൽ ദൃശ്യമായാൽ അതിൻറെ അടിസ്ഥാനത്തിൽ ലോകത്ത് എല്ലായിടത്തും മാസാരംഭം കണക്കാക്കുക എന്നതിനേക്കാൾ, ഓരോ നാട്ടുകാരും അവരുടെ ഹിലാലിനെ പരിഗണിക്കുക എന്നതാണ് പ്രാമാണികമായി കൂടുതൽ ശരിയായിട്ടുള്ളത്. ഓരോ പ്രദേശത്തും മാസപ്പിറവി കാണണമെന്ന് പറയുമ്പോള്‍ ഓരോ ചെറിയ നാട്ടിലും മാസപ്പിറവി പ്രത്യേകം കാണണമെന്നല്ല ഉദ്ദേശ്യം. ഒരു രാജ്യമോ ഒരു ഭൂപ്രദേശമോ ഭൂമിശാസ്ത്രപരമായി ഒരു പ്രവിശ്യയായിട്ടുള്ള പ്രദേശങ്ങളൊക്കെ ആകാം.
ഓരോ പ്രദേശങ്ങളിലേയും മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും. സൗദ്യ അറേബ്യയില്‍ മാസപ്പിറവി കണ്ടതനുസരിച്ച് ദുല്‍ഹജ്ജ് ഒന്ന് ഞായറാഴ്ചയാണെങ്കില്‍ അറഫാദിനം (ദുല്‍ഹജ്ജ് ഒമ്പത്) തിങ്കളാഴ്ചയായിരിക്കും. ഇന്ത്യയില്‍ മാസപ്പിറവി കണ്ടതനുസരിച്ച് ദുല്‍ഹജ്ജ് ഒന്ന് തിങ്കളാഴ്ചയാണെങ്കില്‍ അറഫാദിനം (ദുല്‍ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയായിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ അറഫാദിനം എന്നാണോ അന്നാണ് നോമ്പ് പിടിക്കേണ്ടതാണെന്നാണ് പ്രബലാഭിപ്രായം. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ ഇത്രയും കാലത്തിനിടയില്‍ ഒരിക്കല്‍പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ലെന്നുള്ളത് ചേ൪ത്ത് മനസ്സിലാക്കേണ്ടതാണ്.
അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിനത്തിലാണോ ലോക മുസ്ലിംകള്‍ നോമ്പ് അനുഷ്ഠിക്കേണ്ടത്?
അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിനമാണ് അറഫാദിനമെന്നും അവരോടുള്ള ഐക്യദാ൪ഢ്യമായി അന്നേദിവസം തന്നെയാണ് നോമ്പ് അനുഷ്ഠിക്കേണ്ടതെന്നും ചില൪ പറയാറുണ്ട്. സൗദ്യ അറേബ്യയിലും നമ്മുടെ നാട്ടിലും മാസപ്പിറവി വ്യത്യാസപ്പെട്ട് വരാമെന്ന് നാം മനസ്സിലാക്കി. അറഫയില്‍ ഹാജിമാര്‍ സംഗമിക്കുന്ന ദിനത്തില്‍ നമുക്ക് ദുല്‍ഹജ്ജ് എട്ടേ ആയിട്ടുള്ളൂവെങ്കില്‍ അത് കുഴപ്പമില്ലെന്നും ഇവ൪ പറയുന്നു. ഇത് ബുദ്ധിപരമായ അഭിപ്രായമാണ്.
ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പെടുക്കേണ്ടതെന്ന് പറയുകയാണെങ്കിൽ ഇസ്ലാം പ്രായോഗികമല്ലെന്നും പറയേണ്ടിവരും.معاذ الله. കാരണം സൗദ്യ അറേബ്യയിൽ അറഫാ ദിനം എന്നാണെന്ന് മുൻകൂട്ടി മറ്റ് രാജ്യക്കാർക്ക് അറിയാൻ കഴിയുന്നത് ഈ ആധുനിക നൂറ്റാണ്ടിൽ മാത്രമാണ്. കഴിഞ്ഞ 14 നൂറ്റാണ്ടിലെ ചരിത്രം പരിശോധിച്ചാൽ മറ്റ് രാജ്യക്കാർക്ക് ഇന്നത്തെപ്പോലെ ആധുനിക മീഡിയകളൊന്നുമില്ലാതിരുന്ന കാലത്ത് അറഫാ ദിനം എന്നാണെന്ന് അറിയാൻ കഴിയുമായിരുന്നില്ല. പിന്നെ അവരെങ്ങനെ അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിനം നോമ്പ് അനുഷ്ഠിക്കും. ദുൽഹജ്ജ് 9 നാണ് നോമ്പ് എടുക്കേണ്ടതെന്ന് പറയുകയാണെങ്കിൽ ഏതുകാലത്തും ഏതു രാജ്യക്കാർക്കും നോമ്പ് അനുഷ്ഠിക്കാം. കാരണം മാസപ്പിറവി കാഴ്ചയുടെ അടിസ്ഥാനത്തിലാണല്ലോ തിട്ടപ്പെടുത്തുന്നത്. അറിയുക: ഇസ്ലാം പ്രായോഗിക മതമാണ്.
അറഫാദിനത്തില്‍ ഹാജിമാരോടുള്ള ഐക്യദാ൪ഢ്യമായിട്ടാണ് അന്നേദിവസം നോമ്പ് അനുഷ്ഠിക്കേണ്ടതെങ്കില്‍ അതും പ്രായോഗികമല്ല. കാരണം അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന സമയത്ത് ചില നാടുകളില്‍ രാത്രി ആയിരിക്കും. അപ്പോള്‍ അവര്‍ക്ക് നോമ്പ് തന്നെ ഉണ്ടാവുകയില്ല. അവിടെ നേരം പുലരുമ്പോഴേക്കും അറഫാ സംഗമം കഴിഞ്ഞിട്ടുണ്ടായിരിക്കും. അവർക്കെങ്ങനെ ഐക്യദാർഢ്യം നടത്താൻ കഴിയും?
ഹദീസിൽ അറഫ ദിനത്തിലെ നോമ്പ് എന്നല്ലേ വന്നിട്ടുള്ളത്. അതുകൊണ്ട് ദുൽഹിജ്ജ 9 നോക്കാതെ അറഫ ദിനം നോക്കി നോമ്പ് അനുഷ്ഠിക്കുകയല്ലേ വേണ്ടത്?
صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ
നബി ﷺ പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു………. (മുസ്‌ലിം: 1162)
അറഫാ ദിനം എന്നാണെന്ന് മനസ്സിലാക്കി അന്നേദിവസം നോമ്പെടുക്കണമെന്ന് ഈ ഹദീസിൽ പരാമർശിച്ചിട്ടില്ല. ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ അങ്ങനെ ചെയ്യണമെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുമില്ല. ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന ദിവസങ്ങൾക്ക് ഓരോ പേര് നിശ്ചയിച്ചിട്ടുണ്ട്. ദുൽഹിജ്ജ 8 യൗമുത്തർവിയ്യ, ദുൽഹിജ്ജ 9 യൗമുഅറഫാ, ദുൽഹിജ്ജ 10 യൗമുന്നഹ്ർ എന്നിങ്ങനെ. ഹദീസിൽ യൗമുഅറഫാ എന്നാണുള്ളത്. ദുൽഹിജ്ജ 9 ആണ് അതുകൊണ്ടുദ്ദേശ്യം.
അതിനാല്‍ തന്നെ സൗദ്യ അറേബ്യയിലും നമ്മുടെ നാട്ടിലും മാസപ്പിറവി വ്യത്യാസപ്പെട്ടു വന്നാല്‍ നമ്മുടെ ദുല്‍ഹിജ്ജ ഒന്‍പത് ആണ് നോമ്പിന് പരിഗണിക്കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം.
ചോദ്യം : മാസപ്പിറവി വ്യത്യസ്ഥമായി വരികവഴി വ്യത്യസ്ഥ സ്ഥലങ്ങളിലെ അറഫാ ദിനത്തിന്റെ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ചാണോ അതല്ല ഹറമിലെ മാസപ്പിറവി അനുസരിച്ചാണോ ഞങ്ങള്‍ അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത് ?
ഉത്തരം : ഏറ്റവും ശരിയായ അഭിപ്രായം ഓരോ പ്രദേശങ്ങളിലേയും മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും എന്നുള്ളതാണ്. ഉദാ: മക്കയില്‍ മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക. മക്കയില്‍ മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുന്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോള്‍ അറഫയില്‍ ഹാജിമാ൪ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും. പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ നിഷിദ്ധവുമാണ്. ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം നബി ﷺ പറഞ്ഞു: إذا رأيتموه فصوموا وإذا رأيتموه فأفطروا – നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.
തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നമസ്കാര സമയം) നിര്‍ണയിക്കാറ്. ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും. (മജ്മൂഉല്‍ ഫത്വാവാ:20 – ഇബ്നു ഉസൈമീന്‍ رحمه الله
സൗദ്യ അറേബ്യയിലും നമ്മുടെ നാട്ടിലും മാസപ്പിറവി വ്യത്യാസപ്പെട്ടു വന്നാല്‍ അറഫാ സംഗമത്തിന്റെ അന്ന് നോമ്പ് എടുക്കാന്‍ പാടില്ലെന്ന് പറയാന്‍ പാടില്ല. കാരണം ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലെ സല്‍ക൪മ്മങ്ങള്‍ക്ക് പ്രത്യേകം ശ്രേഷ്ടതയുണ്ട്. ആ അ൪ത്ഥത്തില്‍ ദുല്‍ഹജ്ജ് ഒന്ന് മുതല്‍ ഒമ്പത് വരെ ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാവുന്നതാണ്. അറഫാ നോമ്പ് ദുല്‍ഹജ്ജ് ഒമ്പതിന് എടുക്കുകയാണ് വേണ്ടതെന്ന്മാത്രം.
kanzululoom.com