നമസ്കാരത്തിൽ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലും ഭക്തിയും

നബി ﷺ നമസ്‌ക്കരിക്കുമ്പോൾ തല കുനിക്കുകയും തറയിലേക്ക് (സുജൂദിന്റെ ഭാഗത്തേക്ക്) തന്റെ നോട്ടത്തെ ഉടക്കിനിർത്തുകയും ചെയ്യും.

അവിടുന്ന് കഅ്ബയിൽ പ്രവേശിച്ചപ്പോൾ അതിൽ നിന്നും പുറത്ത് വരുന്നത് വരെ തന്റെ നോട്ടം സുജൂദിന്റെ സ്ഥാനത്ത് നിന്നും പിൻവലിച്ചിരുന്നില്ല.

ഈ രണ്ട് ഹദീഥുകളും തെളിയിക്കുന്നത്, നമസ്ക്‌കാരത്തിൽ നോട്ടം സുജൂദിന്റെ സ്ഥാനത്ത് തന്നെ ഉടക്കി നിർത്തുന്നതാണ് സുന്നത്ത് എന്നാണ്. ചില നമസ്കാരക്കാർ ചെയ്യുന്നത് പോലെ നമസ്‌കാരത്തിൽ കണ്ണുകൾ രണ്ടും ചിമ്മുന്നത് യഥാർത്ഥ ഭക്തിയല്ല. ചര്യകളിൽ ഏറ്റവും നല്ല ചര്യ മുഹമ്മദ് നബി ﷺ യുടെ ചര്യയത്രെ.

قَالَ رَسُولُ اللَّهِ صلى الله عليه وسلم: لا ينبغي أن يكون في البيت شيء يَشغل المصلي

നബി ﷺ പറഞ്ഞു: നമസ്ക്‌കരിച്ചുകൊണ്ടിരിക്കുന്നവന്റെ ശ്രദ്ധതിരിച്ച് കളയുന്ന ഒന്നും ഖിബ്‌ല (അൽബൈത്) യുടെ ഭാഗത്ത് ഉണ്ടായിരിക്കാവതല്ല. (അബൂദാവൂദ്, അഹ്മദ്)

ആകാശത്തിലേക്ക് (ഉപരിഭാഗത്തേക്ക്) കണ്ണുകൾ ഉയർത്തുന്നത് അവിടുന്ന് നിരോധിച്ചിരുന്നു.

വളരെ ഗൗരവത്തോട് കൂടിത്തന്നെയാണ് അവിടുന്ന് ഇത് നിരോധിച്ചത്. എത്രത്തോളമെന്നാൽ അവിടുന്ന് പറയുകയുണ്ടായി :

لينتهِيَنَّ أقوام يرفعون أبصارهم إلى السماء في الصلاة؛ أو لا ترجع إليهم

നമസ്കാരത്തിൽ ജനങ്ങൾ ആകാശത്തേക്ക് കണ്ണുയർത്തുന്നത് അവസാനിപ്പിക്കുക തന്നെ വേണം. അതല്ലെങ്കിൽ, അവരുടെ കാഴ്‌ച അവരിലേക്ക് തിരിച്ചെത്തുകയില്ല.

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

أو لتخطفن أبصارهم

അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുന്നതാണ്. (ബുഖാരി)

മറ്റൊരു ഹദീഥിൽ ഇപ്രകാരമുണ്ട്:

فإذا صليتم؛ فلا تلتفتوا؛ فإن الله يَنْصُبُ وجهه لوجه عبده في صلاته؛ ما لم يلتفت

അതിനാൽ നിങ്ങൾ നമസ്‌കരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കരുത്, കാരണം അല്ലാഹു അവന്റെ അടിമ നമസ്‌കാരത്തിൽ മറ്റെവിടെയെങ്കിലും നോക്കാതിരിക്കുമ്പോൾ അവന്റെ മുഖം അടിമയുടെ മേൽ ഉറപ്പിച്ച് നിർത്തും. (തിര്‍മിദി, ഹാകിം)

അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞു നോക്കുന്നതിനെ കുറിച്ച് അവിടുന്ന് വീണ്ടും പറഞ്ഞു:

اختلاس يختلسه الشيطان من صلاة العبد

അടിമയുടെ നമസ്‌കാരത്തിൽ നിന്നും പിശാച് റാഞ്ചിയെടുക്കുന്നതാണ് അത്. (ബുഖാരി, അബൂദാവൂദ്)

قَالَ رَسُولُ اللَّهِ صلى الله عليه وسلم: لا يزال الله مقبلاً على العبد في صلاته؛ ما لم يلتفت، فإذا صرف وجهه؛ انصرف عنه

നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ അടിമയുടെ നേരെ അയാളുടെ നമസ്‌കാരത്തിന്റെ സമയത്ത് മുന്നിട്ട് നോക്കിക്കൊണ്ടേയിരിക്കും – അയാൾ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കിയില്ലെങ്കിൽ – അയാൾ തന്റെ മുഖം തിരിച്ചുകളഞ്ഞാലോ, അല്ലാഹുവും അയാളിൽ നിന്ന് തിരിഞ്ഞുകളയും. (അബൂദാവൂദ്)

അവിടുന്ന്  മൂന്ന് കാര്യങ്ങൾ വിരോധിച്ചു. കോഴി കൊത്തുന്നത് പോലെ കൊത്തുന്ന നമസ്ക്‌കാരം, നായ ഇരിക്കുന്നത് പോലെ ചമം പടിഞ്ഞിരിക്കുന്നത്, കുറുക്കൻ നോക്കുന്നത് പോലെ അങ്ങുമിങ്ങും തിരിഞ്ഞുനോക്കുന്നത്.

നബി ﷺ പറയുമായിരുന്നു:

صل صلاة مُوَدِّعٍ كأنك تراه، فإن كنت لا تراه؛ فإنه يراك

ഈ ലോകത്തോട് യാത്ര പറഞ്ഞു പിരിയുന്ന ഒരാളുടെ നമസ്കാരം പോലെ നീ നമസ്കരിക്കുക. അതായത് നീ അല്ലാഹുവിനെ കാണുന്ന രൂപത്തിൽ നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു.

ما من امرئ مسلم تحضره صلاة مكتوبة، فيحسن وضوءها، وخشوعها، وركوعها؛ إلا كانت كفارة لما قبلها من الذنوب؛ ما لم يُؤْتِ كبيرةً، وذلك الدهرَ كلَّه

ഒരാൾക്ക് നിർബന്ധ നമസ്കാരത്തിന് സമയമായി. അപ്പോൾ അയാൾ നന്നായി വുദു ചെയ്യുകയും, ഭക്തിയും റുകുളം നന്നായി നിർവ്വഹിക്കുകയും ചെയ്‌താൽ അവന്റെ കഴിഞ്ഞുപോയ ചെറുപാപങ്ങൾക്ക് അത് പ്രായശ്ചിത്തമായി തീരുന്നതാണ്; അവൻ വൻപാപങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിൽ. ഈ പ്രതിഫലം എല്ലാ കാലത്തും ഉണ്ടായിരിക്കും. (മുസ്ലിം)

അവിടുന്ന് വരകളും പുളളികളുമുള്ള ഒരു ഖമീസ് (രോമത്തിന്റെ വസ്ത്രം) വിരിച്ച് അതിൽ നമസ്ക്‌കരിക്കുകയും ആ പുള്ളികളിലേക്ക് നോക്കുകയും ചെയ്‌തു. അങ്ങനെ (നമസ്‌കാരം) കഴിഞ്ഞ ശേഷം അവിടുന്ന് പറഞ്ഞു:

اذهبوا بخميصتي هذه إلى أبي جهم، وائتوني بأَنْبِجانِيَّة أبي جهم؛ فإنها ألهتني آنفاً عن صلاتي

നിങ്ങൾ ഈ ഖമീസ് കൊണ്ടു പോയി അബൂജഹ്‌മിന് കൊടുത്തിട്ട് അദ്ദേഹത്തിന്റെ ‘അൻബിജാനിയ’ എനിക്ക് വാങ്ങിക്കൊണ്ടുവരിക. കാരണം അത് ഇപ്പോൾ എന്റെ നമസ്ക‌ാരത്തിൽനിന്നും എന്റെ ശ്രദ്ധതിരിച്ചുകളഞ്ഞു.

വേറൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

فإني نظرت إلى عَلَمِها في الصلاة، فكاد يفتِنُني

ഞാൻ നമസ്‌കാരത്തിൽ അതിന്റെ പുളളികളിലേക്ക് നോക്കിപ്പോവുകയും അത് എന്നെ കുഴപ്പത്തിൽ അകപ്പെടുത്താറാവുകയും ചെയ്തു. (ബുഖാരി, മുസ്ലിം)

ആയിശാ رضي الله عنها ക്ക് തന്റെ അറ (സഹ്‌വ) യുടെ നേർക്ക് വിരിച്ച ചിത്രപ്പണികളുള്ള ഒരു വിരിയുണ്ടായിരുന്നു. നബി ﷺ അതിന് നേരെ തിരിഞ്ഞ് നമസ്ക്‌കരിക്കാറുണ്ടായിരുന്നു. അങ്ങനെ (ഒരിക്കൽ) അവിടുന്ന്  പറഞ്ഞു:

أخِّريه عني؛ [فإنه لا تزال تصاويره تعرِض لي في صلاتي]

എന്റെ മുമ്പിൽ നിന്നും അത് മാറ്റുക. [അതിലെ ചിത്രങ്ങൾ നമസ്‌കാരത്തിൽ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു] (ബുഖാരി, മുസ്ലിം, അബൂഅവാന)

قَالَ رَسُولُ اللَّهِ صلى الله عليه وسلم: لا صلاة بحضرة طعام، ولا وهو يدافعه الأخبثان

നബി ﷺ പറഞ്ഞു: ഭക്ഷണം വിളമ്പിക്കഴിഞ്ഞാൽ നമസ്ക‌ാരമില്ല. അത് പോലെതന്നെ രണ്ട് മ്ലേച്ഛ വസ്‌തുക്കൾ വന്നു മുട്ടുമ്പോഴും. (ബുഖാരി, മുസ്ലിം)

[ഇവിടെ രണ്ട് മ്ലേച്ഛവസ്‌തുക്കൾ വന്നുമുട്ടുക എന്നത് കൊണ്ടുളള ഉദ്ദേശം മലവിസർജ്ജനത്തിനോ മൂത്രവിസർജ്ജനത്തിനോ തോന്നുക എന്നതാണ് – വിവര്‍ത്തകൻ]

 

ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്കാരം) എന്ന ഗ്രന്ഥത്തിൽ നിന്നും

വിവര്‍ത്തനം : മുഹമ്മദ് സിയാദ്

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *