സംഘടിത നമസ്‌കാരം

പള്ളികളിൽ ജമാഅത്തായുള്ള (സംഘടിതമായുള്ള) നമസ്‌കാരം ഇസ്‌ലാമിക ചിഹ്നങ്ങളിൽ മഹനീയമാകുന്നു. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങൾ പള്ളിയിൽവച്ച് നിർവഹിക്കൽ അതിമഹത്തായ പുണ്യകർമമാണെന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു. നിർണിത സമയങ്ങളിൽ സമ്മേളിക്കുകയെന്നത് ഈ സമുദായത്തിന് അല്ലാഹു നിയമമാക്കിയിരിക്കുന്നു. അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ, ജുമുഅ നമസ്‌കാരം, പെരുന്നാൾ നമസ്‌കാരം, ഗ്രഹണ നമസ്‌കാരം എന്നിവ അതിൽപെട്ടതാണ്. സമ്മേളനങ്ങളിൽ ഏറ്റവും മഹത്തരമായതും അതിപ്രധാനമായതും അറഫയിൽ സമ്മേളിക്കലാണ്. വിശ്വാസങ്ങളിലും ആരാധനകളിലും മതചിഹ്നങ്ങളിലും ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിലേക്കാണ് അത് വിരൽചൂണ്ടുന്നത്. മുസ്‌ലിംകളുടെ നന്മകൾക്കുവേണ്ടി കൂടിയാണ് ഇസ്‌ലാമിൽ ഇത്തരം മഹത്തായ സമ്മേളനങ്ങൾ നിയമമാക്കിയത്. മുസ്‌ലിംകൾ വ്യത്യസ്ത കക്ഷികളും ഗോത്രങ്ങളുമായിരിക്കെത്തന്നെ അവർക്കിടയിൽ പരസ്പരബന്ധം ചാർത്തുക, അന്യോന്യം അവസ്ഥകൾ അന്വേഷിക്കുക പോലുള്ള, സമുദായത്തിനു ബാധകമാകുന്ന നന്മകളെല്ലാം അതിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞു:

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ‎

ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. (ഖു൪ആന്‍ :49/13)

സംഘടിതനമസ്‌കാരത്തിന്റെ മഹത്ത്വം

സംഘടിതമായുള്ള നമസ്‌കാരത്തിനു തിരുനബിﷺ പ്രോത്സാഹനമേകുകയും അതിന്റെ ശ്രേഷ്ഠതയും മഹത്തായ പ്രതിഫലവും വ്യക്തമാക്കുകയും ചെയ്തു.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : صلاة الجماعة أفضل من صلاة الفذ -يعني الفرد- بسبع وعشرين درجة

നബിﷺ പറഞ്ഞു: ജമാഅത്തായുള്ള നമസ്‌കാരം ഒറ്റക്കു നമസ്‌കരിക്കുന്നതിനെക്കാൾ 27 ദറജ ശ്രേഷ്ഠമാണ്. (ബുഖാരി,മുസ്ലിം)

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം:

قَالَ رَسُولُ اللَّهِ صلى الله عليه وسلم : صلاة الرجل في الجماعة تضعَّف على صلاته في بيته وفي سوقه خمساً وعشرين ضعفاً؛ وذلك أنه إذا توضأ فأحسن الوضوء، ثم خرج إلى المسجد، لا يخرجه إلا الصلاة، لم يَخْطُ خطوة إلا رفعت له بها درجة، وحط عنه بها خطيئة، فإذا صلى لم تزل الملائكة تصلي عليه، ما دام في مصلاه …

നബിﷺ പറഞ്ഞു: ഒരു വ്യക്തി അയാളുടെ വീട്ടിലും അങ്ങാടിയിലും നമസ്‌കരിക്കുന്നതിനെക്കാൾ ജമാഅത്തായുള്ള അയാളുടെ നമസ്‌കാരം 25 ഇരട്ടിയായി വർധിപ്പിക്കപ്പെടും. അയാൾ വുദൂഅ് ചെയ്യുകയും അത് നന്നാക്കുകയും ശേഷം നമസ്‌കാത്തിനായി അയാൾ പള്ളിയിലേക്കു പുറപ്പെടുകയും ചെയ്തു; നമസ്‌കാരമല്ലാതെ മറ്റൊരുദ്ദേശ്യവും അയാൾക്കില്ല. അയാൾക്ക് ഒരു പദവി ഉയർത്തപ്പെടാതെയും അയാളിൽനിന്ന് ഒരു തെറ്റ് മായ്ക്കപ്പെടാതെയും അയാൾ ഒരു കാലടിയും വെക്കുന്നില്ല. അയാൾ നമസ്‌കരിച്ചാൽ അയാളുടെ മുസ്വല്ലയിൽ അയാൾ കഴിയുന്ന സമയമത്രയും മലക്കുകൾ അയാൾക്കു കാരുണ്യത്തിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കും ….

ജമാഅത്തുനമസ്‌കാരത്തിന്റെ വിധി

നിർബന്ധമായ അഞ്ച് നേരത്തെ നമസ്‌കാരങ്ങൾ ജമാഅത്തായി നിർവഹിക്കൽ വാജിബ് (നിർബന്ധം) ആകുന്നു. അവ ജമാഅത്തായി നമസ്‌കരിക്കൽ വാജിബാണെന്നത് ക്വുർആനും സുന്നത്തും വിളിച്ചറിയിക്കുന്നു. വിശുദ്ധക്വുർആനിൽ അല്ലാഹു പറഞ്ഞു:

وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌ مِّنْهُم مَّعَكَ

(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവർക്ക് നേതൃത്വം നൽകിക്കൊണ്ടു നമസ്‌കാരം നിർവഹിക്കുകയുമാണെങ്കിൽ അവരിൽ ഒരു വിഭാഗം നിന്റെ കൂടെ നിൽക്കട്ടെ. (ഖു൪ആന്‍ :49/42)

ഈ കൽപന നിർബന്ധത്തിനാകുന്നു. (യുദ്ധസന്ദർഭം പോലുള്ള) ഭയമുള്ള വേളയിൽ പോലും ജമാഅത്തായിട്ടാണ് നമസ്‌കരിക്കേണ്ടതെങ്കിൽ നിർഭയത്വമുള്ളപ്പോൾ ജമാഅത്തായി നമസ്‌കാരം നിർവഹിക്കൽ തീർത്തും ന്യായമാണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أثقل الصلاة على المنافقين صلاة العشاء وصلاة الفجر، ولو يعلمون ما فيهما لأتوهما، ولو حبواً، ولقد هممت أن آمر بالصلاة فتقام ثم آمر رجلاً يصلي بالناس، ثم أنطلق معي برجال معهم حزم من حطب إلى قوم لا يشهدون الصلاة فأحرق عليهم بيوتهم بالنار

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  കപടവിശ്വാസികൾക്ക് ഏറ്റവും ഭാരിച്ച നമസ്‌കാരം ഇശാഅ് നമസ്‌കാരവും ഫജ്ർ നമസ്‌കാരവുമാണ്. അവ രണ്ടിലുമുള്ളത് (പ്രതിഫലം) അവർ അറിഞ്ഞിരുന്നുവെങ്കിൽ ഇഴഞ്ഞുകൊണ്ടെങ്കി ലും അവർ അതിലേക്ക് വന്നെത്തുമായിരുന്നു. നിശ്ചയം, ഇക്വാമത്ത് വിളിക്കപ്പെട്ടു നമസ്‌കരിക്കുവാനും ജനങ്ങൾക്ക് ഇമാമുനിന്ന് നമസ്‌കരിക്കുവാൻ ഒരാളോടു കൽപിക്കുവാനും വിറകുകെട്ടുകളുള്ള ആളുകളെ എന്റെ കൂടെകൂട്ടി നമസ്‌കാരത്തിനു ഹാജറാകാത്ത ആളുകളിലേക്കു പോകുവാനും അവരെ ഉൾപ്പെടുത്തി അവരുടെ വീടുകൾ തീകൊണ്ട് കരിക്കുവാനും ഞാൻ വിചാരിച്ചു. (ബുഖാരി,മുസ്ലിം)

ഈ ഹദീസു പ്രകാരം നമസ്‌കാരം ജമാഅത്തായി നിർവഹിക്കൽ നിർബന്ധമാണെന്ന് അറിയിക്കുന്ന വിഷയങ്ങൾ:

ഒന്ന്: ജമാഅത്തിൽനിന്നു പിന്തുന്നവരെ നിഫാക്വു(കാപട്യം)കൊണ്ട് നബിﷺ വിശേഷിപ്പിച്ചു. സുന്നത്തിൽനിന്ന് പിന്തുന്നവൻ മുനാഫിക്വായി ഗണിക്കപ്പെടുകയില്ല. അതിനാൽതന്നെ ഒരു വാജിബിൽ നിന്നാണ് അവർ പിന്തിയതെന്ന് ഇത് അറിയിക്കുന്നു.

രണ്ട്: ജമാഅത്തിൽനിന്ന് അവർ പിന്തിയതിൽ തിരുനബിﷺ അവരെ ശിക്ഷിക്കുവാൻ ഭാവിച്ചു. ഒരു വാജിബ് ഒഴിവാക്കിയാൽ മാത്രമാണ് ശിക്ഷയുണ്ടാവുക. അല്ലാഹുവല്ലാതെ തീ കൊണ്ട് ശിക്ഷിക്കുകയില്ലെന്നതു മാത്രമാണ് പ്രസ്തുത ശിക്ഷ നടപ്പിലാക്കുതിനു തിരുനബിക്കു തടസ്സമായത്. വീടുകളിലുള്ള ജമാഅത്തു നമസ്‌കാരം നിർബന്ധമില്ലാത്ത സ്ത്രീകളും കുട്ടികളുമാണ് അതിൽനിന്ന് തിരുമേനിയെ തടഞ്ഞത് എന്നും പറയപ്പെട്ടിട്ടുണ്ട്.

കാഴ്ചയില്ലാത്ത ഒരു വ്യക്തി; അയാളെ കൂട്ടിക്കൊണ്ടുവരാൻ ആളുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ വീട്ടിൽ നമസ്‌കരിക്കുവാൻ തിരുനബിയോട് അനുവാദം ചോദിച്ചു. അപ്പോൾ അദ്ദേഹത്തിനു തിരുമേനി ഇളവുനൽകി. അദ്ദേഹം തിരിച്ചുപോയപ്പോൾ നബിﷺ അദ്ദേഹത്തെ വിളിച്ചുകൊണ്ടു ചോദിച്ചു:

(أتسمع النداء؟). قال: نعم. قال: (أجب لا أجد لك رخصة)

“നമസ്‌കാരത്തിനുള്ള ബാങ്കുവിളി താങ്കൾ കേൾക്കുന്നുണ്ടോ?’’ അദ്ദേഹം പറഞ്ഞു: “അതെ.’’ തിരുമേനിﷺ പറഞ്ഞു: “എങ്കിൽ താങ്കൾ ഉത്തരമേകണം (നമസ്‌കാരത്തിന്റെ ജമാഅത്തിൽ പങ്കെടുക്കണം).’’ (മുസ്ലിം)

من سمع النداء فلم يجب، فلا صلاة له إلا من عذر

നബിﷺ പറഞ്ഞു: വല്ലവനും ബാങ്കുവിളി കേൾക്കുകയും എന്നിട്ട് അതിന് ഉത്തരമേകുകയും ചെയ്തില്ലെങ്കിൽ (ജമാഅത്തു നമസ്‌കാരത്തിൽ പങ്കെടുത്തില്ലെങ്കിൽ) അയാൾക്ക് നമസ്‌കാരമില്ല; ഒഴിവുകഴിവ് ഉണ്ടായാലല്ലാതെ. (അബൂദാവൂദ്, ഇബ്നുമാജ, ഹാകിം)

قال ابن مسعود – رضي الله عنه -: لقد رأيتنا وما يتخلف عنها إلا منافق معلوم النفاق

ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: കാപട്യം അറിയപ്പെട്ട മുനാഫിക്വ് അല്ലാതെ ജമാഅത്തു നമസ്‌കാരത്തിൽനിന്ന് പിന്തുന്നതായി ഞങ്ങൾ കണ്ടിരുന്നില്ല. (മുസ്ലിം)

നമസ്‌കാരം ജമാഅത്തായി നിർവഹിക്കൽ പുരുഷന്മാർക്ക് വാജിബാകുന്നു. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും വാജിബല്ല. മറയും സുരക്ഷിതത്വവും കുഴപ്പങ്ങളിൽനിന്നുള്ള നിർഭയത്വവും ഉണ്ടായാൽ സ്ത്രീകൾക്കു പള്ളിയിൽ ജമാഅത്തിന് ഹാജരാവുന്നതിൽ യാതൊരു തടസ്സവുമില്ല. ഭാര്യ പള്ളിയിലേക്ക് അനുവാദം ചോദിച്ചാൽ അവളെ തടയുവാൻ ഭർത്താവിനു പാടുള്ളതല്ല.

ജമാഅത്തായി നമസ്‌കരിക്കൽ ആർക്കാണോ നിർബന്ധം അവർ പള്ളിയിൽ നമസ്‌കരിക്കണം എന്നതാണ് സ്വഹീഹായ അഭിപ്രായം. വല്ലവനും യാതൊരു ഒഴിവുകഴിവുമില്ലാതെ ജമാഅത്ത് ഉപേക്ഷിക്കുകയും ഒറ്റക്ക് നമസ്‌കരിക്കുകയും ചെയ്താൽ അവന്റെ നമസ്‌കാരം സ്വഹീഹാകും. എന്നാൽ വാജിബ് ഉപേക്ഷിച്ചതിൽ (ജമാഅത്ത് ഉപേക്ഷിച്ചതിൽ) അവൻ കുറ്റക്കാരനാകും.

നമസ്‌കാരം ജമാഅത്തിനൊപ്പം വീണ്ടും നിർവഹിക്കൽ

നമസ്‌കരിച്ച ഒരു വ്യക്തി പള്ളിയിൽ പ്രവേശിച്ചാൽ താൻ ആദ്യം നിർവഹിച്ചതു ജമാഅത്തിനോടൊപ്പം വീണ്ടും നമസ്‌കരിക്കൽ അയാൾക്കു നിർബന്ധമില്ല. അയാൾക്ക് അത് സുന്നത്തു മാത്രമാണ്. ആദ്യം നിർവഹിച്ചത് ഫർദും രണ്ടാമത്തെത് സുന്നത്തുമായിരിക്കും.

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كيف أنت إذا كان عليك أمراء يؤخرون الصلاة عن وقتها أو يميتون الصلاة عن وقتها. قلت فما تأمرني؟ قال: صَلّ الصلاة لوقتها، فإن أدركتها معهم فصلّ؛ فإنها لك نافلة.

അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:“നമസ്‌കാരം അതിന്റെ സമയത്തെത്തൊട്ട് പിന്തിപ്പിക്കുകയോ അല്ലെങ്കിൽ നമസ്‌കാരത്തെ പിന്തിപ്പിച്ച് അതിന്റെ ചൈതന്യം കെടുത്തുകയോ ചെയ്യുന്ന ഉമറാക്കൾ താങ്കളുടെ മേലാധികാരികളായി ഉണ്ടായിരിക്കെ താങ്കളുടെ നിലപാട് എന്തായിരിക്കും?’’ ഞാൻ ചോദിച്ചു: “അവിടുന്ന് എന്താണ് എന്നോടു കൽപിക്കുന്നത്?’’ തിരുമേനി പറഞ്ഞു: “താങ്കൾ നമസ്‌കാരം അതിന്റെ സമയത്ത് നിർവഹിക്കുക. അതിൽപിന്നെ അവരോടൊപ്പം (ഉമറാക്കളോടൊപ്പം) നമസ്‌കാരം ലഭിച്ചാൽ അപ്പോഴും നമസ്‌കരിക്കുക. അപ്പോൾ താങ്കൾക്ക് അതു സുന്നത്താണ്.’’ (മുസ്ലിം)

പള്ളിയിൽ ജമാഅത്തു നമസ്‌കാരത്തിൽനിന്ന് മാറിനിന്ന രണ്ടുപേരോട് തിരുനബിﷺ പറഞ്ഞു:

إذا صليتما في رحالكما، ثم أتيتما مسجد جماعة فَصَلِّيَا معهم، فإنها لكما نافلة

നിങ്ങൾ നിങ്ങളുടെ നാട്ടിൽ നമസ്‌കരിക്കുകയും ശേഷം ജമാഅത്തുനമസ്‌കാരമുള്ള പള്ളിയിൽ വരികയുമായാൽ നിങ്ങൾ അവരോടൊപ്പം നമസ്‌കരിക്കുക. അപ്പോൾ അതു നിങ്ങൾക്ക് സുന്നത്താണ്. (അബൂദാവൂദ്, തിര്‍മിദി, നസാഇ)

ജമാഅത്ത് സംഘടിതമാകുവാനുള്ള ആൾബലം

ജമാഅത്തിന്റെ ഏറ്റവും കുറഞ്ഞ എണ്ണം രണ്ടുപേരാകുന്നു എന്നതിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.

عن مالك بن الحويرث قال رسول الله صلى الله عليه وسلم: إذا حضرت الصلاة فأذِّنا، ثم أقيما، وليؤمكما أكبركما

മാലിക് ഇബ്‌നുൽഹുവയ്‌രസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്‌കാര സമയമായാൽ നിങ്ങൾ ബാങ്കു വിളിക്കുകയും ശേഷം ഇക്വാമത്ത് വിളിക്കുകയും ചെയ്യുക. രണ്ടുപേരിൽ മുതിർന്നവൻ നിങ്ങളിൽ ഇമാമു നിൽക്കട്ടെ. (ബുഖാരി,മുസ്ലിം)

ജമാഅത്തു ലഭിക്കുവാൻ

“നമസ്‌കാരത്തിൽനിന്ന് ഒരു റക്അത്തു ലഭിച്ചാൽ ജമാഅത്തു ലഭിക്കുന്നതാണ്. സംശയമില്ലാത്ത വിധം ഒരാൾക്ക് റുകൂഅ് ലഭിച്ചാൽ അവന്നു റക്അത്തു ലഭിച്ചു. അവൻ സമാധാനപ്പെടുകയും നമസ്‌കാരം തുടർത്തുകയും ചെയ്യട്ടെ.’’

അബൂഹുറയ്‌റ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

إذا جئتم إلى الصلاة ونحن سجود فاسجدوا، ولا تعدوها شيئاً ومن أدرك ركعة فقد أدرك الصلاة

ഞങ്ങൾ സുജൂദിലായിരിക്കെ നിങ്ങൾ നമസ്‌കാരത്തിലേക്കു വന്നാൽ ഉടൻ നിങ്ങൾ സുജൂദ് ചെയ്യുക. നിങ്ങൾ അത് ഒരു റക്അത്തായി എണ്ണരുത്. വല്ലവനും ഒരു റക്അത്തു ലഭിച്ചാൽ അവനു നമസ്‌കാരം ലഭിച്ചു. (അബൂദാവൂദ്, ഇബ്നുമാജ)

ജമാഅത്ത് ഉപേക്ഷിക്കുന്നതിന് ഒഴിവുകഴിവുള്ളവർ

ഒരു മുസ്‌ലിമിനു താഴെ കൊടുക്കുന്ന അവസ്ഥകളിൽ ജമാഅത്ത് ഉപേക്ഷിക്കുവാൻ ഇളവുണ്ട്:

1. ജമാഅത്തിനു പള്ളിയിലേക്കു പോയാൽ നന്നായി പ്രയാസപ്പെടേണ്ടിവരുന്ന രോഗി. അല്ലാഹു പറഞ്ഞു:

لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ ۗ

അന്ധന്റെ മേൽ കുറ്റമില്ല. മുടന്തന്റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല… (ഖു൪ആന്‍ :48/17)

തിരുനബിﷺ രോഗിയായപ്പോൾ പള്ളിയിൽ നമസ്‌കരിക്കുന്നതിൽനിന്ന് പിന്തുകയുണ്ടായി. തിരുമേനി പറഞ്ഞു:

(مروا أبا بكر فليصل بالناس

ജനങ്ങൾക്ക് (ഇമാമായി) നമസ്‌കരി ക്കുവാൻ അബൂബക്‌റിനോടു കൽപിക്കൂ. (ബുഖാരി, മുസ്ലിം)

عبد الله بن مسعود – رضي الله عنه -: ولقد رأيتنا وما يتخلف عنها إلا منافق قد علم نفاقه، أو مريض

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: തീർച്ചയായും കാപട്യം അറിയപ്പെട്ട മുനാഫിക്വോ അല്ലെങ്കിൽ രോഗിയോ അല്ലാതെ ജമാഅത്തു നമസ്‌കാരത്തിൽനിന്ന് പിന്തുമായിരുന്നില്ല എന്നതായിരുന്നു ഞങ്ങളുടെ അഭിപ്രായം. (മുസ്ലിം)

ഇതുപോലെയാണ് രോഗം വരുമെന്നു ഭയക്കുന്നവനും; കാരണം അവനും രോഗിയുടെ ആശയത്തിലാണ്.

2. മൂത്രവിസർജനത്തിനോ മലവിസർജ്ജനത്തിനോ മുട്ടുള്ളവനും ഭക്ഷണത്തിന് ആവശ്യക്കാരനായിരിക്കെ, അതിനു സമീപത്ത് ഉള്ളവനും. ആഇശ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

لا صلاة بحضرة طعام، ولا وهو يدافع الأخبثين

ഭക്ഷണം ഹാജറായിരിക്കെയും മലമൂത്ര വിസർജനത്തിനു മുട്ടുള്ളവനായിരിക്കെയും നമസ്‌കാരമില്ല. (മുസ്ലിം)

3. ഒരാൾ തനിക്കു നഷ്ടപ്പെട്ടത് (ലഭിക്കുവാൻ) കാത്തിരിക്കുന്നു. അല്ലെങ്കിൽ തന്റെ സമ്പത്തോ ഭക്ഷണമോ നഷ്ടപ്പെടുമെന്ന് ഭയക്കുന്നു. അതുമല്ലെങ്കിൽ തന്നിൽ ഒരു ഉപദ്രവത്തെ ഭയക്കുന്നു.

ഇബ്‌നുഅബ്ബാസി(റ)ൽനിന്ന് ഇപ്രകാരം നിവേദനമുണ്ട്: “വല്ലവനും മുഅദ്ദിൻ ബാങ്കുവിളിക്കുന്നതു കേൾക്കുകയും അതിനെ തുടർന്നു (പള്ളിയിൽപോകാതെ അവൻ നമസ്‌കരിക്കുകയും) അതിന് ഒരു ഒഴിവുകഴിവ് അവനു തടസ്സമാവാതിരിക്കുകയുമായാൽ അവൻ നമസ്‌കരിച്ച നമസ്‌കാരം അവനിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല.’’ അവർ ചോദിച്ചു: “എന്താണ് ഒഴിവുകഴിവ്?’’ തിരുമേനിﷺ പറഞ്ഞു: “ഭയം അല്ലെങ്കിൽ രോഗം.’’ സ്വന്തത്തിലും സമ്പത്തിലും കുടുംബത്തിലും മക്കളിലും ഭയമുള്ളവരെല്ലാം ഇതുപോലെയാണ്. അവനു ജമാഅത്ത് ഉപേക്ഷിക്കുവാൻ ഒഴിവുകഴിവുണ്ട്; കാരണം ഭയം ഒഴിവുകഴിവാണ്.

4. മഴ, ചെളി, ഐസ്, മഞ്ഞുകട്ട എന്നിവ കാരണത്താലുള്ള ഉപദ്രവമുണ്ടാകൽ അല്ലെങ്കിൽ ഇരുട്ടുള്ള രാത്രിയിൽ ശക്തമായ ശീതക്കാറ്റുണ്ടാവൽ.

ഇബ്‌നുഉമറി(റ)ൽ നിന്നു നിവേദനം: “മഴയുള്ള തണുത്ത രാത്രിയായാൽ തിരുമേനി മുഅദ്ദിനിനോട് (ബാങ്കുവിളി ക്കുശേഷം) ഇപ്രകാരം പറയുവാൻ കൽപിക്കും: “നിങ്ങൾ താമസസ്ഥലത്ത് നമസ്‌കരിക്കുക.’’

5. ഇമാം നമസ്‌കാരം ദീർഘിപ്പിക്കുന്നതിൽ പ്രയാസമുണ്ടാകൽ. കാരണം ഒരു വ്യക്തി മുആദിനോ ടൊപ്പം നമസ്‌കരിച്ചു. മുആദ് നമസ്‌കാരം ദീർഘിപ്പിച്ചപ്പോൾ അയാൾ മാറിനിന്ന് തനിച്ചു നമസ്‌കരിച്ചു. വിവരം തിരുനബിയെ ഉണർത്തിയപ്പോൾ തിരുമേനി അയാളെ എതിർക്കുകയുണ്ടായില്ല.

6. യാത്രയിൽ കൂട്ടുകാർ നഷ്ടപ്പെടുമെന്നു ഭയക്കൽ. ജമാഅത്ത് കാത്തിരിക്കുകയോ അല്ലെങ്കിൽ അതിൽ പ്രവേശിക്കുകയോ ചെയ്താൽ തന്റെ കൂട്ടുകാർ നഷ്ടപ്പെടുമെന്നോ അപ്രത്യക്ഷനാകുമെന്നോ ഉള്ള ഭയത്താൽ മനസ്സ് വ്യാപൃതമാകുന്നതിനാലാണ് അത്.

7. താൻ ഹാജറില്ലാതിരിക്കെ തന്റെ ബന്ധു മരണപ്പെടുമെന്നു ഭയക്കൽ. ബന്ധു മരണാസന്നനാവുകയും കലിമത്തുശ്ശഹാദ ചൊല്ലിക്കൊടുക്കുവാനും മറ്റും താൻ അടുത്തുണ്ടാകുവാൻ ഇഷ്ടപ്പെടുന്നതുപോലെ. അതു കാരണത്താൽ ജമാഅത്ത് ഉപേക്ഷിക്കുവാൻ ഒഴിവുകഴിവുണ്ട്.

8. കടം വാങ്ങിയവനു കടം വീട്ടുവാൻ കഴിവില്ലാതിരിക്കെ കടക്കാരൻ വിടാതെ കൂടിയാൽ. കടക്കാരൻ കടം തിരിച്ചു ചോദിക്കുന്നതിനാലും വിടാതെ ഒപ്പം കൂടുന്നതിനാലും ഉപദ്രവമേൽക്കു മെന്നതിനാൽ കടം വാങ്ങിയവനു ജമാഅത്ത് ഉപേക്ഷിക്കാവുന്നതാണ്.

ഒരു പള്ളിയിൽ ജമാഅത്ത് ആവർത്തിക്കൽ

റാതിബായ ഇമാമിനോടൊപ്പം (നമസ്‌കാര നേതൃത്വത്തിനു നിയമിതനായ ഇമാം) പള്ളിയിലെ ജമാഅത്തിൽ സംബന്ധിക്കുന്നതിൽനിന്ന് ചിലർ പിന്തുകയും അവർക്ക് നമസ്‌കാരം നഷ്ടപ്പെടുകയുമായാൽ അതേ പള്ളിയിൽ രണ്ടാമത് ജമാഅത്തായി അവർ നമസ്‌കരി ക്കൽ സ്വഹീഹാകും. ഈ തിരുമൊഴി അറിയിക്കുന്ന പൊതുതാൽപര്യം അതാണ്:

“ഒരു വ്യക്തി മറ്റൊരു വ്യക്തിയോടൊന്നിച്ചു നമസ്‌കരിക്കലാണ് അയാൾ തനിച്ചു നമസ്‌കരിക്കുന്നതിനെക്കൾ ഉത്തമമായത്…’’

ജമാഅത്തായുള്ള നമസ്‌കാരം അവസാനിച്ചശേഷം പള്ളിയിലേക്കു വന്ന വ്യക്തിക്കുവേണ്ടി തിരുനബിﷺ പറഞ്ഞു: “ആരാണ് ഇയാൾക്കു പുണ്യം ചെയ്തു നമസ്‌കരിക്കുക?’’ ആളുകളിൽ ഒരു വ്യക്തി എഴുന്നേൽക്കുകയും അയാളോടൊപ്പം നമസ്‌കരിക്കുകയും ചെയ്തു.

അങ്ങാടിയിലുള്ള പള്ളി, വഴിയിലുള്ള പള്ളി പോലുള്ളതിലും ഇതുപോലെയാണ്. അവയിൽ ജമാഅത്ത് വീണ്ടും സംഘടിപ്പിക്കപ്പെടുന്നതിൽ കുഴപ്പമില്ല; വിശിഷ്യാ നിയമിതനായ ഇമാമ് ഇല്ലാതിരിക്കുകയും അങ്ങാടിയിലുള്ള വരും വഴി നടത്തക്കാരും കയറിയിറങ്ങിക്കൊ ണ്ടിരിക്കുകയും ചെയ്യുന്ന പള്ളിയാണെങ്കിൽ.

എന്നാൽ നിത്യവും തുടർച്ചയുമായി രണ്ടോ അതിൽ കൂടുതലോ ജമാഅത്തു നിർവഹിക്കപ്പെടുന്ന പള്ളിയാവുകയും ജനങ്ങൾ അതൊരു സമ്പ്രദായമാക്കുകയുമായാൽ ഒന്നിലധികം ജമാഅത്ത് അനുവദ നീയമല്ല. തിരുനബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് അപ്രകാരം അറിയപ്പെടാത്തതിനാലും മുസ്‌ലിം ഐക്യം ശിഥിലമാകുമെന്നതിനാലും നിയമിതനായ ഇമാമിനോടൊപ്പം മാതൃകാ ജമാഅത്തിൽ സംബന്ധിക്കുന്നതിനെ തൊട്ട് അലസതയിലേക്കും അവധാനതയിലേക്കുമുള്ള ക്ഷണമാണത് എന്നതിനാലുമാണ് അത് അനുവദനീയമല്ലാതാകുന്നത്. ചിലപ്പോൾ നമസ്‌കാരം അതിന്റെ ആദ്യ സമയത്തെ തൊട്ട് പിന്തിപ്പിക്കുവാൻ അതു പ്രചോദനവുമാവുകയും ചെയ്‌തേക്കും.

ഇക്വാമത്ത് വിളിക്കപ്പെട്ടാൽ

മുഅദ്ദിൻ ഫർദ് നമസ്‌കാരത്തിന് ഇക്വാമത്തു വിളിച്ചാൽ സുന്നത്തു നമസ്‌കാരം തുടങ്ങൽ ഒരാൾക്കും അനുവദനീയമല്ല. കാരണം ഒരു സംഘം നിർവഹിക്കുന്ന നിർബന്ധനമസ്‌കാരത്തെ തൊട്ട് ഒറ്റക്കു നിർവഹിക്കുന്ന സുന്നത്തു നമസ്‌കാരത്താൽ അയാൾ വ്യാപൃതനാകുന്നു. തിരുനബിﷺ പറഞ്ഞു: “നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടാൽ (ഇക്വാമത്തു വിളിക്കപ്പെട്ട ആ) നിർബന്ധ നമസ്‌കാരരമല്ലാതെ യാതൊരു നമസ്‌കാരവുമില്ല.’’

സ്വുബ്ഹി നമസ്‌കാരത്തിനു മുഅദ്ദിൻ ഇക്വാമത്തു വിളിക്കവെ നമസ്‌കരിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയെ അല്ലാഹുവിന്റെ റസൂൽﷺ കണ്ടു. അപ്പോൾ തിരുമേനി അദ്ദേഹത്തോട് പറഞ്ഞു: “നീ സ്വുബ്ഹി നാലു റക്അത്ത് നമസ്‌കരിക്കുകയോ?’’

എന്നാൽ സുന്നത്തു നമസ്‌കരിക്കുന്നവൻ തന്റെ നമസ്‌കാരം തുടങ്ങിയതിൽ പിന്നെയാണ് മുഅദ്ദിൻ ഇക്വാമത്തുവിളി തുടങ്ങിയതെങ്കിൽ തക്ബീറത്തുൽ ഇഹ്‌റാമിന്റെ മഹത്ത്വം ലഭിക്കുവാനും ഫർദ് നമസ്‌കാരത്തിൽ പെട്ടെന്നു പ്രവേശിക്കുവാനും അയാൾ അതു ലഘൂകരിച്ച് പൂർത്തിയാക്കട്ടെ.

അയാൾ ഒന്നാമത്തെ റക്അത്തിലാണെങ്കിൽ നമസ്‌കാരം മുറിക്കലും രണ്ടാമത്തെ റക്അത്തിലാണെങ്കിൽ ലഘുവായി അതു പൂർത്തയാക്കി ജമാഅത്തിനോടു ചേരലുമാണ് അയാൾക്ക് ഏറ്റവും ശ്രേഷ്ഠമായത്.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

www.kanzululoom.com

ജമാഅത്ത് നമസ്കാരം : പ്രാധാന്യവും ശ്രേഷ്ടതകളും

Leave a Reply

Your email address will not be published. Required fields are marked *