മലയാള ഭാഷയില്‍ പുറത്തിറങ്ങിയ ഏറ്റവും ആധികാരികമായ ഖുര്‍ആന്‍ വ്യാഖ്യാനമാണ് ‘മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം.’ കെ.എം മൗലവിയുടെ നേതൃത്വത്തില്‍ 1960 സെപ്റ്റംബര്‍ ഏഴിന് തുടക്കം കുറിക്കുകയും നീണ്ട 17 വര്‍ഷങ്ങളെടുത്ത് അമാനി മൗലവിയാല്‍ 1977 സെപ്റ്റംബര്‍ ഏഴിന് പൂര്‍ത്തിയാക്കുകയും ചെയ്ത ബൃഹത്തായ ഖുര്‍ആന്‍ വിവരണമാണത്. പി.കെ മൂസ മൗലവി, എ.അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവര്‍ ഒരുമിച്ചാണ് വിവരണത്തിന്റെ രചന ആരംഭിച്ചതെങ്കിലും അതുപൂര്ത്തിയാക്കുമ്പോള് അമാനി മൗലവി മാത്രമാണ് അവശേഷിച്ചിരുന്നത്.
സിഹ്റുമായി ബന്ധപ്പെട്ട വിഷയം അമാനി തഫ്സീറില്‍ പരിശോധിച്ചാല്‍ സിഹ്റിന് യാഥാ൪ത്ഥ്യമുണ്ടെന്ന കാര്യമാണ് വിശദീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ നിഷേധിക്കുന്നവ൪ ഈ അടുത്ത കാലത്തായി തങ്ങളുടെ വാദമാണ് അമാനി തഫ്സീറിലുള്ളതെന്ന് പ്രചരിപ്പിക്കാറുണ്ട്. അമാനി തഫ്സീ൪, സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ അംഗീകരിക്കുകയാണോ നിഷേധിക്കുകയാണോ എന്ന് പരിശോധിക്കുന്നതിനായി സിഹ്റുമായി ബന്ധപ്പെട്ട വിഷയത്തിലെ ആയത്തും അമാനി തഫ്സീറിലെ വിശദീകരണവും താഴെ ചേ൪ക്കുന്നു.
അമാനി തഫ്സീ൪ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ നിഷേധിക്കുകയാണെന്ന് പറയുന്നവ൪ അതിന് തെളിവായി പറയുന്നത് വിശുദ്ധ ഖു൪ആന്‍ : 4/51 ന്റെ വിശദീകരണമാണ്.
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيلًا
വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) ക്കണ്ടില്ലേ? – അവര്‍ ‘ജിബ്ത്തി’ലും, ‘ത്വാഗൂത്തി’ലും [ക്ഷുദ്രമായതിലും ദുര്‍മൂര്‍ത്തിയിലും] വിശ്വസിക്കുന്നു! അവിശ്വാസികളെക്കുറിച്ച് അവര്‍ പറയുകയും ചെയ്യുന്നു: ‘ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്’ എന്ന്! (ഖു൪ആന്‍ : 4/51)
ഒരു നന്മയുമില്ലാത്ത മിഥ്യയായത്, ഒന്നിനും കൊള്ളാത്തത്, ദുഷ്ടമായത്, ക്ഷുദ്രം എന്നൊക്കെ അര്‍ഥം നല്കാവുന്ന പദമാണ് جِبَتْ (ജിബ്ത്ത്). സിഹ്ര്(ആഭിചാരം), ആഭിചാരി, പ്രശ്നം നോക്കല്‍, പ്രശ്നക്കാരന്‍, വിഗ്രഹം ആദിയായ അടിസ്ഥാനരഹിതങ്ങളായ പലതിനും ‘ജിബ്ത്ത്’ എന്ന് പറയപ്പെടാറുണ്ട്. ശകുനം നോക്കലും, പ്രശ്നം വെക്കലും, പക്ഷി ലക്ഷണവും ജിബ്ത്തില്‍ പെട്ടതാണ്’ എന്ന് ഒരു ഹദീഥിലും വന്നിരിക്കുന്നു. (അ.) طَّاغُوت (ത്വാഗൂത്ത്) എന്ന വാക്കിന്റെ അര്‍ഥങ്ങളെപ്പറ്റി അല്‍ബക്വറ ഃ 256 ന്റെ വ്യാഖ്യാനത്തില്‍ മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അനുസരണക്കേടില്‍ അതിര് കവിഞ്ഞ എല്ലാ ധിക്കാരികള്‍ക്കും, പിശാചുക്കള്‍ക്കും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കള്‍ക്കും ആ വാക്ക് ഉപയോഗിക്കാറുണ്ടെന്ന് അവിടെ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു. (അമാനി തഫ്സീ൪)
ഖു൪ആന്‍ : 4/51 ന്റെ വിശദീകരണത്തില്‍ സിഹ്റിനെ കുറിച്ച് അടിസ്ഥാനരഹിതങ്ങളായ എന്ന പദം ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ചാണ് ‘അമാനി തഫ്സീ൪ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ നിഷേധിക്കുകയാണെന്ന് പറയുന്നവ൪’ തെളിവായി പറഞ്ഞിട്ടുള്ളത്. സിഹ്റിനെ കുറിച്ച് അടിസ്ഥാനരഹിതങ്ങളായ എന്ന പദം ഉപയോഗിച്ചതുകൊണ്ടുമാത്രം അമാനി തഫ്സീ൪ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ നിഷേധിച്ചുവെന്ന് പറയാന്‍ പറ്റുമോ? ഇവിടെയോ മറ്റെവിടെയെങ്കിലോ സിഹ്റിന്റെ യാഥാ൪ത്ഥ്യമില്ലെന്ന് സൂചിപ്പിച്ചിരുന്നുവെങ്കില്‍ ഇവരുടെ വാദം അംഗീകരിക്കാമായിരുന്നു. അമാനി തഫ്സീ൪ അപ്രകാരം പറഞ്ഞിട്ടില്ലെന്നുമാത്രമല്ല മറ്റ് ആയത്തുകളുടെ വിശദീകരണത്തില്‍ സിഹ്റിന്റെ യാഥാ൪ത്ഥ്യമില്ലെന്ന് പറയുന്നവരെ ആക്ഷേപിച്ചിട്ടുമുണ്ട്.
സൂറത്തുല്‍ ഫലഖിലെ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ എന്ന ആയത്തിന്റെ വിശദീകരണമായി അമാനി തഫ്സീറില്‍ ഇപ്രകാരം കാണാം:
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ (കെട്ടുകളില്‍ മന്ത്രിച്ച് ഊതുന്നവരുടെ കെടുതലില്‍ നിന്നും) മന്ത്രവാദം നടത്തുന്നവരും, ‘സിഹ്ര് ‘ (മാരണം , ജാലവിദ്യ മുതലായവ ) നടത്തുന്നവരുമാണ് കെട്ടുകളില്‍ ഊതുന്നവരെക്കൊണ്ട് ഉദ്ദേശ്യം . نَفَث (നഫ്ഥ്) എന്ന മൂല പദത്തില്‍ നിന്നുള്ളതാണ് نَفَثَات എന്ന വാക്ക്, അല്‍പ്പം തുപ്പുനീര് തെറിപ്പിച്ചുകൊണ്ടുള്ള ഊത്തിന്നാണ് അത് ഉപയോഗിക്കാറുള്ളത്. ഇത് മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതില്‍ ഊതലും അത്തരക്കാര്‍ ചെയ്യുന്നു . അത് കൊണ്ടാണ് മിക്ക മുഫസ്സിറുകളും – മുന്‍ഗാമികള്‍ വിശേഷിച്ചും – അങ്ങനെ വിവക്ഷ നല്കുവാന് കാരണം . മന്ത്രക്കാരും ‘സിഹ്റു’ കാരും വരുത്തിത്തീര്‍ക്കുന്ന വിനകള്‍ ഭയങ്കരവും, ദുര്ഗ്രാഹ്യവുമായിരിക്കുമെന്നതു കൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്.
‘കെട്ടുകളില്‍ ഊതുന്നവര്‍’ എന്ന് പറഞ്ഞതിന്റെ താല്പര്യം പുരുഷന്മാരുടെ മനോദ്രഢതയെ ഏതെങ്കിലും തരത്തിലുള്ള മയക്കുപ്രയോഗങ്ങള്‍ വഴി മാറ്റി മറിക്കുന്ന സ്ത്രീകളാണെന്നും, ഒരു അഭിപ്രായമുണ്ട്. അബുമുസ്ലിമിന്റേതായ ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ഇമാം റാസി(റ) ഇങ്ങനെ പറഞ്ഞിരിക്കുന്നു : ‘ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികഭാഗവും പറഞ്ഞതിനു എതിരില്ലായിരുന്നുവെങ്കില് ഇതൊരു നല്ല അഭിപ്രായം തന്നെയായിരുന്നു . نَفَثَات എന്ന പദം സ്ത്രീലിംഗ രൂപത്തിലുള്ളതാകക്കൊണ്ടായിരിക്കും അതിന് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഈ വിവക്ഷ അബുമുസ്ലിം നല്‍കിയത്. അല്ലാഹുവിനറിയാം. വാസ്തവത്തില്‍, സ്ത്രീലിംഗരൂപത്തിലുള്ള ആ പദം കൊണ്ട് വിശേഷിപ്പിക്കപ്പെടുന്നത് വ്യാകരണ നിയമപ്രകാരം യഥാര്‍ത്ഥ സ്ത്രീകള്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. ഊത്തുകാരായ ആത്മാക്കള്‍ എന്നോ, ദേഹങ്ങള്‍ എന്നോ, വിഭാഗക്കാര്‍ എന്നോ ( النفوس او الجماعات و نخوها ) കല്പ്പിച്ചാല് ധാരാളം മതിയാകും . ഇതാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സ്വീകരിച്ചിട്ടുള്ളതും. കെട്ടുകളില്‍ ഊതുക എന്നത് കൊണ്ടുദ്ദേശ്യം എന്തായിരുന്നാലും ശരി, ആ പ്രവൃത്തി നടത്തുന്ന എല്ലാവരും – പുരുഷനോ സ്ത്രീയോ ആവട്ടെ – അതില്‍ ഉള്പ്പെടുന്നുവെന്നുവെക്കുന്നതാണ് ന്യായവും യുക്തവും.
ഏഷണിപ്രവര്ത്തനങ്ങള് നടത്തുന്ന ആളുകളാണ് കെട്ടുകളില്‍ ഊതുന്നവരെ കൊണ്ട് വിവക്ഷ എന്നുവേറെയും ഒരഭിപ്രായമുണ്ട് . ഇത് പിന്‍ഗാമികളായ ചില വ്യാഖ്യാതാക്കള്‍ സ്വീകരിച്ചതാണ്. പുരുഷന്മാരെ മയക്കി വശീകരിക്കുന്ന സ്ത്രീകളും, ഏഷണിക്കാരും വരുത്തിത്തീര്‍ക്കുന്ന ആപത്തുകള്‍ വമ്പിച്ചതും അല്ലാഹുവിനോട് ശരണം തേടപ്പേടേണ്ടതുമാണെന്നതില് സംശയമില്ല. പക്ഷേ, അല്ലാഹു ഉപയോഗിച്ച വാക്കിന്റെ ശരിയായ അര്‍ത്ഥം നോക്കുമ്പോള്‍ ഭൂരിപക്ഷം മുഫസ്സിറുകളും യോജിക്കുന്ന ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരിയായിത്തോന്നുന്നത്. മുജാഹിദ്, ഇക്രിമഃ, ഹസന്, ഖത്താദഃ, ളഹ്-ഹാക്ക് (റ) മുതലായവര്‍ സ്വീകരിച്ചിട്ടുള്ളതും അത് തന്നെ. ഒടുവിലത്തെ രണ്ടഭിപ്രായങ്ങളും ആ വാക്ക് ഒരു അലങ്കാരപ്രയോഗമാണെന്നുളള അടിസ്ഥാനത്തിലാണ്. സാക്ഷാല്‍ അര്‍ത്ഥം കല്‍പ്പിക്കുന്നതിന് തടസ്സമില്ലാത്തപ്പോള്‍ അലങ്കാരാര്‍ത്ഥം സ്വീകരിക്കുന്നതിനു ന്യായീകരണമില്ല.
സിഹ്റുകാരെക്കൊണ്ടും മന്ത്രവാദക്കാരെ ക്കൊണ്ടുമുണ്ടാകുന്ന ദോഷങ്ങളും, അവര്‍ നടത്തുന്ന പൈശാചിക പ്രവര്‍ത്തനങ്ങളും അധികം വിസ്തരിച്ചു പറയേണ്ടതില്ല. രോഗം മാറ്റുവാന്‍, ഭാഗ്യം സിദ്ധിക്കുവാന്‍, അന്യനു ആപത്തു നേരിടുവാന്‍, തമ്മില്‍ പിണക്കമുണ്ടാക്കുവാന്‍ – അങ്ങനെ പലതിന്റെ പേരിലും – ഹോമം, ജപം, മുട്ടറുക്കല്‍, ഉറുക്ക്, മന്ത്രം, ജോത്സ്യം എന്നിങ്ങനെ പലതും നടത്തി, അവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു . ‘അസ്മാഇന്റെ പണിക്കാര് ‘,’ത്വല്സമാത്തുകാര്’ എന്നിങ്ങനെയുള്ള അറബിപ്പേരുകളില്‍ അറിയപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നവര്‍ തന്നെ. ഇവര്‍ തങ്ങളുടെ മന്ത്രതന്ത്രങ്ങളില്‍ ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ മുതലായവയും കൂട്ടിക്കലര്‍ത്തുന്നതു കൊണ്ട് ഇതില്‍ നിന്നു ഒഴിവാകുന്നതല്ല. വേണമെങ്കില്‍, ഈ സൂറത്തു തന്നെയും ഓതിക്കൊണ്ട് കെട്ടുകളില്‍ മന്ത്രിക്കുന്നു. അവരുടെ കെടുതലില്‍ നിന്നുതന്നെ – അവരറിയാതെ – അവര്‍ അല്ലാഹുവില്‍ ശരണം തേടിയെന്നുവന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന അതെ രൂപത്തില്‍ തന്നെ അവര്‍ക്ക് പോലും അജ്ഞാതമായ ഏതോ ചില പേരുകള്‍ വിളിച്ചു പ്രാര്‍ത്ഥിക്കലും , അര്‍ത്ഥം ഗ്രാഹ്യമല്ലാത്ത വാക്കുകള്‍ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്ലിം നാമധാരികളായ അവിശ്വാസികള്‍ തങ്ങളുടെ പൂജാകര്‍മ്മങ്ങളില്‍ ചിലപ്പോള്‍ സൂറത്തു യാസീന്‍ പോലെയുള്ള ഖുര്‍ആന്റെ ഭാഗങ്ങളും തൗഹീദിന്റെ കലിമയും മറ്റും ഉരുവിട്ടെന്നും വരും. പാമരന്മാരെ വഞ്ചിക്കുവാന്‍ വേണ്ടി പിശാച് ആസൂത്രണം ചെയ്യുന്ന അതിസമര്‍ത്ഥമായ പകിട്ടു വിദ്യകളത്രെ ഇതെല്ലാം.
ചുരുക്കിപ്പറഞ്ഞാല്‍ , അല്ലാഹുവും അവന്റെ റസൂലും നിര്‍ദേശിച്ചും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്രതന്ത്രങ്ങളും തെറ്റായതും, അവ മൂലം ഏര്‍പ്പെടാവുന്ന കെടുതികള്‍ വളരെ വമ്പിച്ചതുമാകുന്നു. ഇസ്ലാമില്‍ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാണ് എന്നിങ്ങനെയുള്ള ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം . ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ. താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നും മറ്റും മന്ത്രത്തെ സംബന്ധിച്ചു ഇസ്ലാമിലെ യഥാര്‍ത്ഥ വിധി എന്തെന്നു മനസ്സിലാക്കാവുന്നതാകുന്നു.
സിഹ്റിനു യാഥാര്‍ത്ഥ്യമില്ല , ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര് എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്തസിലഃ വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനും നബിവചനങ്ങള്‍ക്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് ‘ കെട്ടുകളില്‍ ഊതുന്നവര്‍ ‘ (النَّفَّاثَاتِ فِي الْعُقَدِ ) എന്നതിന്റെ വിവക്ഷ എഷണിക്കാരാണെന്നും, പുരുഷന്മാരെ മയക്കുന്ന സ്ത്രീകളാണെന്നും മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനങ്ങള്‍ വാസ്തവത്തില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിനെ പറ്റി ഇവിടെ കൂടുതല്‍ സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മര്‍ഹും അല്ലാമാ സയ്യിദ് ഖുത്ത്ബിന്റെ ഒരു പ്രസ്താവന കൊണ്ട് തല്ക്കാലം മതിയാക്കാം അതിങ്ങനെ സംഗ്രഹിക്കവുന്നതാണ്.
‘കെട്ടുകളില്‍ ഊതുന്നവര്‍’എന്ന് വെച്ചാല്‍ , ബാഹ്യേന്ദ്രിയങ്ങളെയും, ആന്തരേന്ദ്രിയങ്ങളെയും കബളിപ്പിക്കുക വഴി ഉപദ്രവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഹ്റുകാരാകുന്നു . വല്ല നൂലിലോ ഉറുമാലിലോ കെട്ടിട്ടുകൊണ്ട് അവര്‍ അതില്‍ ഊതുന്നതാണ്. വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ര്. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്റിന്റെ കര്‍ത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തില്‍ അത് കബളിപ്പിച്ചേക്കും . ഇതാണ് മൂസാ (അ) നബിയുടെ കഥയില്‍ ഖുര്‍ആന്‍ വിവരിച്ച സിഹ്ര്. സിഹ്റുക്കാരുടെ കയറുകളും വടികളും അവരുടെ സിഹ്ര് നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിക്കപ്പെട്ടിരുന്നുവെന്നും, അതിനാല്‍ അദ്ദേഹത്തിനു മനസ്സില്‍ ഭയം തോന്നിയിരുന്നുവെന്നും, ‘ഭയപ്പെടേണ്ടതില്ല – താന്‍ തന്നെയാണ് ഉന്നതന്’ എന്നു അല്ലാഹു പറഞ്ഞുവെന്നും സൂറത്തു ത്വാഹായില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, അവരുടെ കയറും വടിയുമൊന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസാ (അ) നബിക്കും ജനങ്ങള്‍ക്കും അങ്ങനെ തോന്നുകയാണുണ്ടായത് എന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്ഥൈര്യം നല്കിയതോടുകൂടി ഭയം നീങ്ങി . പിന്നീട് യഥാര്‍ത്ഥം തുറന്നുകാണുകയും ചെയ്തു. ഇതാണ് സിഹ്റിന്റെ സ്വഭാവ പ്രകൃതി. ഇതു നാം സമ്മതിച്ചു സീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ര് മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും, സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന് ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതല്‍ തന്നെയാണിത്.സിഹ്റിനെ സംബന്ധിച്ചിടത്തോളം നമുക്ക് ഈ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുക.( في ظلال القرأن)
വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര് കൊണ്ടു സാദ്ധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യുവാന്‍ സിഹ്ര് കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം . ജനങ്ങള്‍ക്കിടയില്‍ പിണക്കും വഴക്കും ഉണ്ടാക്കുക , ചില മനുഷ്യപ്പിശാച്ചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അത് കൊണ്ടുണ്ടായിത്തീരുന്നു.ഇന്ദ്രജാലം, ആഭിജാരം, മായവിദ്യ, ജാലം, കണ്കെട്ടു, ചെപ്പിടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്റിന്റെ ഇനങ്ങളില്‍ പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ലു സ്വര്‍ണമാക്കി മാറ്റുക പോലെയുള്ള കഴിവുകള്‍ സിഹ്റിനുണ്ടെന്ന ധാരണ തികച്ചും മൌഢ്യവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷേ, അതുകൊണ്ട് സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല. നേരെമറിച്ച് സിഹ്റിന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെടുന്നതിലൊന്നും തന്നെ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന ധാരണയും ശരിയല്ല . ഇതാണ് വാസ്തവം. (അമാനി തഫ്സീ൪ സൂറ: അല്‍ ഫലഖ് ആയത്ത് 4 ന്റെ വിശദീകരണം)
സൂറ: അല്‍ ഫലഖ് ആയത്ത് 4 ന്റെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാകുന്ന കാര്യങ്ങള്‍
1.’കെട്ടുകളില്‍ ഊതുന്നവര്‍’ എന്നാല്‍ നൂലിലും മറ്റും കെട്ടുകളുണ്ടാക്കി അതില്‍ ഊതുന്ന മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരാകുന്നു.
2. ‘കെട്ടുകളില്‍ ഊതുന്നവര്‍’ എന്നാല്‍ പുരുഷന്മാരുടെ മനോദ്രഢതയെ ഏതെങ്കിലും തരത്തിലുള്ള മയക്കുപ്രയോഗങ്ങള്‍ വഴി മാറ്റി മറിക്കുന്ന സ്ത്രീകളാണെന്ന അഭിപ്രായം ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികഭാഗവും പറഞ്ഞതിനു എതിരാണ്.
3.’കെട്ടുകളില്‍ ഊതുന്നവര്‍’ എന്നാല്‍ ഏഷണിപ്രവര്ത്തനങ്ങള് നടത്തുന്ന ആളുകളാണെന്ന അഭിപ്രായം പിന്‍ഗാമികളായ ചില വ്യാഖ്യാതാക്കള്‍ സ്വീകരിച്ചതാണ്.
4.ഭൂരിപക്ഷം മുഫസ്സിറുകളും യോജിക്കുന്ന ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരിയായിത്തോന്നുന്നത്.
5.സിഹ്റിനു യാഥാര്‍ത്ഥ്യമോ ഫലമോ ഇല്ലെന്ന വാദം മുഅ്തസലി വിഭാഗത്തില്‍ നിന്നും ഉല്‍ഭവിച്ചതാണ്.
6.മനുഷ്യന്റെ മനസ്സിലും, കാഴ്ച്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യുവാന്‍ സിഹ്റിന് കഴിയും.
7.സിഹ്റിന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെടുന്നതിലൊന്നും തന്നെ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന ധാരണ ശരിയല്ല.
ഖു൪ആന്‍ : 4/51 ന്റെ വിശദീകരണത്തില്‍ സിഹ്റിനെ കുറിച്ച് അടിസ്ഥാനരഹിതങ്ങളായ എന്ന പദം ഉപയോഗിച്ചതില്‍ കടിച്ചുതൂങ്ങി നില്ക്കുന്നവ൪ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ എന്ന ആയത്തിന്റെ വിശദീകരണം കാണുന്നില്ലേ?
സിഹ്റുമായി ബന്ധപ്പെട്ട് അമാനി തഫ്സീറിലെ ഖു൪ആന്‍ : 2/102 ന്റെ പരിഭാഷയും വിശദീകരണവും കാണുക.
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ
സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് ‘സിഹ്ര്’ [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) ‘ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്’ എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില് നിന്നും പഠിച്ചിരുന്നു. (വാസ്തവത്തില്‍) , അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര് വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)! (ഖു൪ആന്‍ : 2/102)
ഇസ്റാഈല്യര്‍ തങ്ങളുടെ വേദഗ്രന്ഥത്തിന്റെ അദ്ധ്യാപനങ്ങളെ പുറം തള്ളിക്കളഞ്ഞ വിവരം കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. അവരുടെ മറ്റൊരു ദുഷ്ചെയ്തിയാണ് ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത് . സിഹ്ര് അഥവാ ക്ഷുദ്രകല അഭ്യസിക്കലും, പ്രവര്‍ത്തിക്കലും, പ്രചരിപ്പിക്കലും, അതിന് മതത്തിന്റെ പരിവേഷം നല്‍കലും അവരുടെ പതിവായിരുന്നു. പല കൃതികളും ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങിനെയുള്ള കൃതികളെല്ലാം ശേഖരിച്ചു സുലൈമാന്‍ നബി (അ) ഭൂമിക്കടിയില്‍ കുഴിച്ചിട്ടുവെന്നും, അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പിശാചുക്കള്‍ അവയെപ്പറ്റി മനുഷ്യര്‍ക്ക് അറിവ് കൊടുത്തുവെന്നും, ജനങ്ങള്‍ അവ കണ്ടെടുത്തു അവ ഉപയോഗപ്പെടുത്തി വന്നുവെന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നു. ഏതായാലും സുലൈമാന്‍ (അ)ന്റെ രാജവാഴ്ച നടന്ന കാലത്ത് ജിന്നുകള്‍, പറവകള്‍ മുതലായവയെ കീഴ്പ്പെടുത്തുക തുടങ്ങി മറ്റാര്‍ക്കും സിദ്ധിക്കാത്ത പല കഴിവുകളും അദ്ദേഹത്തിന് സിദ്ധിച്ചിരുന്നുവല്ലോ. ഇതൊക്കെ സിഹ്ര് മൂലമാണെന്ന് അവര്‍ ജനമദ്ധ്യെ പ്രചരിപ്പിച്ചു. അങ്ങിനെ സിഹ്റിന് പ്രചുരപ്രചാരണം സിദ്ധിച്ചു. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ പരമാര്ശിക്കുന്നത്. സിഹ്റിന്റെ പാരമ്പര്യം നിലനിറുത്തിപ്പോന്ന യഹൂദികള്‍ സുലൈമാന്‍ (അ)നെ ആഭിചാര വിദഗ്ധനായ ഒരു രാജാവായി ഗണിച്ചു വരുന്നു. അതിനൊരു ഖണ്ഡനം കൂടിയാണ് ഈ വചനം.
تلاوة (ഓതുക, പാരായണം ചെയ്യുക) എന്ന വാക്ക് വേദഗ്രന്ഥങ്ങളെപ്പോലെ വന്ദിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ വായനയിലാണ് സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. സിഹ്റിന് ഒരു മത വിജ്ഞാനത്തിന്റെ ഛായകൂടി അവര്‍ നല്‍കിയിരുന്നത് കൊണ്ടാണ് مَاتَتْلوُالشَّيَاطِين (പിശാചുക്കള്‍ ഓതിക്കൊടുത്തിരുന്നത് ) എന്ന് സിഹ്റിന്റെ വായനയെപ്പറ്റി പ്രസ്താവിച്ചതെന്ന് ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പിശാചുക്കള്‍ കൊണ്ട് ഇവിടെ ഉദ്ദേശ്യം ജിന്ന് വര്‍ഗത്തില്‍ പെട്ടവരും, മനുഷ്യവര്‍ഗത്തില്‍ പെട്ടവരുമായ രണ്ട് തരം പിശാചുക്കളുമാണെന്നാണ് മനസ്സിലാകുന്നത്. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ എല്ലാ നബിമാര്‍ക്കും നാം ശത്രുക്കളാക്കിയിട്ടുണ്ട് وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ…. എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കണ്കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര് ( السِّحْر) കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര് എന്നു പറയാം. സിഹ്റിന്റെ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാന്മാരും വിവരിച്ചു കാണാം. ചുരുക്കത്തില്‍ മന്ത്രതന്ത്രങ്ങള്‍, ജപഹോമാദികള്‍, ഉറുക്കുനറുക്കുകള്‍, അക്കക്കളങ്ങള്‍, രക്ഷാതകിടുകള്‍, കയ്യൊതുക്കം, മെസ്മരിസം, ഹിപ്നോട്ടിസം, മയക്കുവിദ്യകള്‍ ആദിയായവയെല്ലാം സിഹ്റിന്റെ ഇനങ്ങളത്രെ. ‘ഇസ്മിന്റെ പണി’, ‘ത്വല്‍സമാത്ത്’ മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങിനെത്തന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവന്, ദേവി, പിശാച്, മരണമടഞ്ഞവര്‍, നക്ഷത്രഗ്രഹങ്ങള്‍ ആദിയായ ഏതില്‍ നിന്നെങ്കിലുമുള്ള സഹായാര്‍ത്ഥനകളും ചില പ്രത്യേക തരത്തിലുള്ള കര്‍മമുറകളും അടങ്ങിയിരിക്കും. ചിലപ്പോള്‍, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ ആപത്തുകളില്‍ നിന്ന് രക്ഷനേടുക, ശത്രുക്കള്‍ക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക, വന്‍കാര്യങ്ങള്‍ സാധിക്കുക, ആളുകളെ തമ്മില്‍ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അല്‍ഭുത കൃത്യങ്ങള്‍ കാണിക്കുക മുതലായവയാണ് സിഹ്റിന്റെ ലക്ഷ്യങ്ങള്‍. മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും, തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങള്‍ പ്രകടമാകുന്നതുമായിരിക്കും.
മേല്‍ വിവരിച്ചതില്‍ നിന്ന് സിഹ്ര് പലതരത്തിലുണ്ടെന്നും, ഗൗരവത്തിലും ലാഘവത്തിലും എല്ലാം ഒരു പോലെയല്ലെന്നും മനസ്സിലാക്കാമല്ലോ. മൊത്തത്തില്‍ എല്ലാം കുറ്റകരവും വെറുക്കപ്പെട്ടതും തന്നെയാണെങ്കിലും എല്ലാതരം സിഹ്റും യഥാര്‍ത്ഥത്തില്‍ ശിര്‍ക്കും കുഫ്റുമാകുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ സിഹ്റും കുഫ്റാണെന്ന് ചിലര്‍ പറഞ്ഞുകാണാമെങ്കിലും സിഹ്റിന്റെ അര്‍ത്ഥവ്യാപ്തിയും അതിലെ തരാതരങ്ങളും ഗൗനിക്കാതെയുള്ള ഒരഭിപ്രായമാണത്. ഏതായാലും സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും യോജിക്കാത്തതും അവിശ്വാസത്തിനും, അവിശ്വാസികള്‍ക്കും മാത്രം യോജിക്കുന്നതുമാണ് സിഹ്റിന്റെ എല്ലാ ഇനങ്ങളുമെന്നതില്‍ സംശയമില്ല. كُفْر (കുഫ്ര്)എന്ന ശീര്‍ഷകത്തില്‍ ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയ ഒരു വസ്തുത ഇവിടെ അറിയുന്നത് ഉപകാരമായിരിക്കും. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: ‘പ്രശംസിക്കപ്പെട്ട എല്ലാ (നല്ല) കാര്യങ്ങളും, ഈമാനില്‍ (സത്യവിശ്വാസത്തില്‍) ഉള്‍പ്പെടുത്തപ്പെട്ടതാകകൊണ്ട് ആക്ഷേപിക്കപ്പെട്ട എല്ലാ (ചീത്ത) കാര്യങ്ങളും കുഫ്റില്‍ (അവിശ്വാസത്തില്‍) ഉള്‍പ്പെടുന്നതായും ഗണിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സിഹ്റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ (ഇവിടെ) ‘സുലൈമാന്‍ അവിശ്വസിച്ചിട്ടില്ല, എങ്കിലും സിഹ്ര് പഠിപ്പിച്ചുംകൊണ്ട് പിശാചുക്കള്‍ അവിശ്വസിച്ചിരിക്കുന്നു’ എന്നും ഹജ്ജിന്റെ നിര്‍ബന്ധത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആരെങ്കിലും അവിശ്വസിച്ചാല്‍ അല്ലാഹു ലോകരുടെ ആശ്രയം വേണ്ടാത്തവനാണ് (3:97) എന്നുമൊക്കെ (ക്വുര്‍ആനില്‍) പറഞ്ഞിരിക്കുന്നത്.’
സുലൈമാന്‍ നബി(അ)യുടെ ജ്ഞാനം, അദ്വിതീയവും അതിവിദഗ്ധവുമായ രാജവാഴ്ച, ഭരണപരവും കലാപരവുമായ അഭിവൃദ്ധി ആദിയായവയെപ്പറ്റി വേദക്കാര്‍ പുകഴ്ത്തിപ്പറയുക പതിവാണ്. അവരുടെ ഗ്രന്ഥങ്ങളില്‍ അതുസംബന്ധമായ അനേകം പ്രസ്താവനകളും കാണാം. അതേ സമയത്ത് അദ്ദേഹത്തെ അവര്‍ ഒരു പ്രവാചകനായ രാജാവായിട്ടല്ല ഗണിക്കുന്നത്. കേവലം അക്രമിയും, ധൂര്‍ത്തനും, സ്വേച്ഛാധിപതിയുമായ ഒരു രാജാവായിട്ടേ ഗണിക്കുന്നുള്ളൂ. വിഗ്രഹാരാധന പോലും അദ്ദേഹത്തിന്റെ പേരില്‍ അവര്‍ ചുമത്തിക്കാണാം. വേദ പുസ്തക നിഘണ്ടുവില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചെഴുതിയ ചില വാക്യങ്ങളില്‍ നിന്നുതന്നെ ഈ വാസ്തവം മനസ്സിലാക്കാവുന്നതാണ്. അതിലെ ചില വാചകങ്ങള്‍ നോക്കുക :
(1) ഇവന് (ശലോമോന്) ഇതര ജനങ്ങളാല്‍ എത്രത്തോളം പ്രശംസനീയനായിത്തീര്‍ന്നുവോ അത്രത്തോളം സ്വജനങ്ങളെ നാശഗര്‍ത്തത്തിലേക്ക് വലിച്ചുകൊണ്ടുപോയി എന്ന് പറയാവുന്നതാണ്. എങ്കിലും ഇവന്റെ കാലത്ത് യഹോവയുടെ ആരാധനക്ക് വളരെ പ്രസിദ്ധിയുണ്ടായി.
(2) ഇവന് (ശലോമോന്) ഉത്തമമായ യഹോവാ വന്ദന സ്ഥാപിക്കുന്നതിനും, യിസ്റായേല്‍ രാജ്യത്തെ വിസ്തൃതമാക്കുന്നതിനും ഇതര ജനങ്ങള്‍ക്കും യിസ്റായേല്‍ ജനതക്കുമിടയില്‍ സഖ്യമുണ്ടാക്കുന്നതിനും ആദ്യമായി ശ്രമിച്ചു. എന്നാല്‍, ഇവന് താമസിപ്പിച്ചിരുന്ന അനേകം ഭാര്യമാരുടെ പ്രേരണക്ക് വശംവദനായി അന്യദേവന്മാരെ ആരാധിക്കയാലും വ്യര്‍ത്ഥാഢംബരങ്ങള്‍ക്കായി അനവധി ദ്രവ്യം ദുര്‍വ്യയം ചെയ്കയാലും തന്റെ രാജ്യത്തില്‍ താന്‍ ഉണ്ടാക്കിയ അഭിവൃദ്ധിയെല്ലാം നഷ്ടമാക്കി. തനിക്കുണ്ടായിരുന്ന ജ്ഞാനത്താല്‍ തന്നെത്താന്‍ നിയന്ത്രിച്ചു നടത്തുന്നതിന് പ്രാപ്തിയില്ലാതെ സ്വാര്‍ത്ഥ തല്പരതയും, അഹംഭാവവും നിമിത്തം തനിക്ക് മുമ്പുണ്ടായിരുന്ന മഹിമയെല്ലാം അവന് ക്ഷയിപ്പിച്ചു. (വേദ പുസ്തക നിഘു പേജ് 509) അതേ പുസ്തകത്തില്‍ തന്നെ യിസ്റായേലിന്റെ ചരിത്രത്തിന്നാധാരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ഇങ്ങിനെയും പറഞ്ഞിരിക്കുന്നു: ഇവയെല്ലാം ഒത്തുനോക്കിയാല്‍ ശാലോമോന്റെ മരണപര്യന്തമുള്ള ചരിത്രത്തിലെ ചില ഭാഗങ്ങളില്‍ കുറേശ്ശെ സംശയങ്ങള്‍ ഉള്ളതായി തോന്നാം. (വേദ പുസ്തക നിഘണ്ടു പേജ് 372)
സുലൈമാന്‍ നബി (അ)യെപ്പറ്റി വേദക്കാര്‍ ഗണിച്ചുവരുന്നതെങ്ങിനെയാണെന്ന് ഈ വരികളില്‍ നിന്ന് വ്യക്തമാണല്ലോ. ഇതെല്ലാം കാരണമായിട്ടാണ് സുലൈമാന്‍ സിഹ്ര് ചെയ്തിട്ടില്ല എന്നോ മറ്റോ പറയാതെ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا (സുലൈമാന്‍ അവിശ്വസിച്ചിട്ടില്ല ; എങ്കിലും പിശാചുക്കളത്രെ അവിശ്വസിച്ചത്) എന്ന് അല്ലാഹു പറയുന്നതും. എല്ലാ ദുര്മാര്ഗത്തിന്റെയും ദുഷ്ടതകളുടെയും മൂര്‍ത്തികളാണല്ലോ പിശാചുക്കള്‍. ജിന്ന് പിശാചുക്കള്‍ അവരാല്‍ കഴിയുന്ന മാര്‍ഗങ്ങളും മനുഷ്യപിശാചുക്കള്‍ അവരാല്‍ കഴിയുന്ന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി മനുഷ്യര്‍ക്ക് സിഹ്റിന്റെ വിദ്യകള്‍ പഠിപ്പിച്ചും പ്രചരിപ്പിച്ചും കൊണ്ടിരുന്നതിനെപ്പറ്റിയാണ് يُعَلِّمُونَ النَّاسَ السِّحْرَ (അവര്‍ ജനങ്ങള്‍ക്ക് സിഹ്ര് പഠിപ്പിച്ചിരുന്നു) എന്ന് പറഞ്ഞത്. അടുത്ത വാക്യത്തില്‍ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ (ബാബിലോണില്‍ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവയുടെ ചുരുക്കം ഇതാണ് :
(1) وَمَاأنُزِلَ എന്ന വാക്കിന് ഇറക്കപ്പെട്ടതും എന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അര്‍ത്ഥം കല്പിച്ചിരിക്കുന്നത് .വാചകഘടനയുടെ സ്വാഭാവികമായ നില നോക്കുമ്പോഴും അതാണ് മുന്‍ഗണന അര്‍ഹിക്കുന്നത് . ഇതനുസരിച്ച് ഈ വാക്ക് അതിന്റെ നേരെ മുമ്പുള്ള يُعَلِّمُونَ النَّاسَ السِّحْرَ (അവര്‍ മനുഷ്യര്‍ക്ക് സിഹ്ര് പഠിപ്പിച്ചിരുന്നു) എന്ന വാക്യത്തോട്ചേര്‍ന്നതായിരിക്കും. അപ്പോള്‍, പിശാചുക്കള്‍ സിഹ്റും അതിന് പുറമെ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും പഠിപ്പിച്ചിരുന്നു എന്നായിരിക്കും അര്‍ത്ഥം. അല്ലെങ്കില്‍ اتَّبَعُوا مَا تَتْلُو الشَّيَاطِينُ (പിശാചുക്കള്‍ ഓതിക്കൊടുത്തതിനെ അവര്‍ പിന്‍പറ്റി) എന്നവാക്യത്തോട് ചേര്‍ന്നതുമാവാം. ഇതാണ് പലരും സ്വീകരിച്ചു കാണുന്നത്. അപ്പോള്‍,പിശാചുക്കള്‍ ഓതിക്കൊടുത്തിരുന്നതിന് പുറമെ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും യഹൂദികള്‍ പിന്‍പറ്റി- പ്രയോഗിച്ചു വന്നു-എന്നായിരിക്കും അര്‍ത്ഥം.
(2) وَمَاأنُزِلَ എന്ന വാക്കിന് ‘ഇറക്കപ്പെട്ടിട്ടുമില്ല’ എന്നും ചില വ്യാഖ്യാതാക്കള്‍അര്‍ത്ഥം കല്പിച്ചിരിക്കുന്നു. مَا (മാ) എന്ന പദത്തിന് ഇല്ല എന്ന് നിഷേധത്തി( نفى )ന്റെഅര്ത്ഥമുണ്ടെങ്കിലും, വാചകത്തിന്റെ ഘടനാപരമായ സ്വഭാവം, ആ മലക്കുകളെപ്പറ്റിതുടര്‍ന്ന് പറയുന്ന പ്രസ്താവനകള്‍ മുതലായവ നോക്കുമ്പോള്‍ ഈ അഭിപ്രായംകേവലം ദുര്‍ബ്ബലമായ ഒരു അഭിപ്രായമായിട്ടാണ് തോന്നുന്നത്. ദൈര്‍ഘ്യം ഭയന്ന്കൂടുതല് വിശദീകരിക്കുന്നില്ല. ഒന്നാമത്തെ അഭിപ്രായ പ്രകാരം മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും എന്ന് അര്‍ത്ഥമാകുമ്പോള്‍ മലക്കുകള്‍ക്ക് സിഹ്റിന്റെ വകുപ്പില്‍ പെട്ടകാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടുവെന്നും അവര്‍ ജനങ്ങള്‍ക്ക് സിഹ്ര് പഠിപ്പിച്ചുവെന്നും വരുമല്ലോ. ഇതില്‍ നിന്നുളവാകുന്ന സംശയങ്ങളാണ് വാസ്തവത്തില്‍ മലക്കുകള്‍ക്ക് ഇറക്കപ്പെട്ടിട്ടില്ല എന്ന രണ്ടാമത്തെ അര്‍ത്ഥം കല്‍പിക്കപ്പെടുവാന്‍ കാരണമായിരിക്കുന്നത്. ഈ സംശയങ്ങള്‍ക്കുള്ള മറുപടി താഴെ വരുന്ന വിവരണങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. إِن شَاءَ اللَّهُ
مَلَكَيْنِ (മലകൈനി) എന്ന് പറഞ്ഞത് രണ്ട് യഥാര്‍ത്ഥ മലക്കുകളെഉദ്ദേശിച്ചു തന്നെയാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. മലക്കുകളെപ്പോലെ ശുദ്ധന്മാരായ-ശുദ്ധന്മാരും നല്ലവരുമെന്ന് കരുതപ്പെടുന്ന – രണ്ട് മനുഷ്യന്മാര് എന്നാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട് مَلِكَيْنِ (മലികൈനി) എന്നും ആ വാക്ക് വായിക്കപ്പെട്ടിട്ടുണ്ട് താനും. രാജാക്കള്‍ എന്നായിരിക്കും അപ്പോള്‍ അതിനര്‍ത്ഥം. യഥാര്‍ത്ഥ മലക്കുകള്‍ തന്നെഎന്നുള്ളതാണ് കൂടുതല്‍ ബലപ്പെട്ട അഭിപ്രായം. മലക്കുകള്‍ മനുഷ്യരൂപത്തില്‍പ്രത്യക്ഷപ്പെടുകയും, ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് അസാധാരണമാണെങ്കിലും അതില്‍ അസാംഗത്യമായി ഒന്നുമില്ല.ഉദ്ദേശിച്ചതുപോലെയുള്ള രൂപത്തില്‍ പ്രത്യക്ഷപ്പെടുവാന്‍ കഴിവുള്ളവരാണ് മലക്കുകള്‍. തുടര്‍ന്നു പറയുന്നതുപോലെ ഒരു പരീക്ഷണമായിരുന്നു അതെന്നുകൂടി വരുമ്പോള്‍,അതൊട്ടും വിദൂരമല്ല താനും. ഇബ്റാഹീം നബി (അ) യുടെ അടുക്കല്‍ അതിഥികളുടെ രൂപത്തിലും, ലൂത്വ് നബി(അ)യുടെ അടുക്കല്‍ സുന്ദരന്മാരായ യുവാക്കളുടെ രൂപത്തിലും, മര്‍യം(അ)ന്റെ അടുക്കല്‍ പുരുഷരൂപത്തിലും മലക്കുകള്‍ ചെന്നത് ക്വുര്‍ആനില്‍ തന്നെ പ്രസ്താവിക്കപ്പെട്ടതാണല്ലോ. ഒരിക്കല്‍ സ്വഹാബികള്‍ക്ക് അപരിചിതനായ ഒരാള്‍ വന്നു നബി (സ.അ) യോട് പലതും ചോദിച്ചറിഞ്ഞു പോയശേഷം അത് ജിബ്രീല്‍ (അ) ആയിരുന്നുവെന്നും, മതകാര്യങ്ങള്‍ ചോദിച്ചറിയുന്നതെങ്ങിനെയെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരുവാന്‍ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബി (സ.അ) പറഞ്ഞതായി മുസ്ലിം(റ)ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീഥിലും കാണാം. ഇറക്കപ്പെട്ടത് ( مَاأنُزِلَ ) എന്ന് പറഞ്ഞിരിക്കകൊണ്ട് അത് വഹ്യിന്റെ നിലക്കുള്ളതാവണമെന്നൊന്നുമില്ല. ഭൂമിയില്‍ ഇരുമ്പ് ഉല്‍പാദിപ്പിച്ചതിനെപ്പറ്റി وَأَنْزَلْنَاالْحَدِيدَ (നാം ഇരുമ്പ് ഇറക്കുകയും ചെയ്തു.(57:25) എന്നും, റസൂല്തിരുമേനിക്കും (സത്യവിശ്വാസികള്‍ക്കും മനഃശാന്തി നല്കിയതിനെപ്പറ്റി ) أَنْزَلَ الَّله سُكِينَتَهُ (അല്ലാഹു അവന്റെ ശാന്തി ഇറക്കി. (9:26) എന്നും അല്ലാഹുപറഞ്ഞിട്ടുണ്ടല്ലോ.അപ്പോള്‍, ജനങ്ങള്‍ക്കൊരു പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് മലക്കുകള്‍ ഏതെങ്കിലും വിധേന അറിയപ്പെട്ടുവെന്നേ അതില്‍ നിന്ന് മനസ്സിലാക്കേതുള്ളൂ.ഏതായാലും അവര്‍ക്ക് പ്രത്യേകമായി നല്കപ്പെട്ടിരുന്നത് സിഹ്റിന്റെ ഇനത്തില്‍പെട്ട ചില അറിവുകളായിരുന്നുവെന്ന് തുടര്ന്നുള്ളപ്രസ്താവനകളില് നിന്ന് മനസ്സിലാക്കാം.
പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് പേരും യഥാര്‍ത്ഥ മലക്കുകളാണെങ്കിലുംഅല്ലെങ്കിലും ശരി, അവരുടെ പേര് ഹാറൂത്ത് എന്നും മാറൂത്ത് എന്നുമായിരുന്നു. സംഭവംനടന്നത് ബാബിലോണില്‍ വെച്ചുമായിരുന്നു. ( بِبَابِلَ هَارُوتَ وَمَارُوتَ നെബോക്വദ്നേസര് (بخنتصر) രാജാവിന്റെ ആക്രമണത്തില്‍ ഇസ്റാഈല്യരെ ബാബിലോണിലേക്ക് നടുകടത്തപ്പെട്ടതും, വളരെക്കാലം അവിടെ അവര്‍ അടിമകളായികഴിഞ്ഞുകൂടിയതും പ്രസിദ്ധമാണ്. അക്കാലത്തായിരിക്കാം ഒരു പക്ഷേ ഈ സംഭവം. (അല്ലാഹുവിനറിയാം) ഹാറൂത്തും, മാറൂത്തും ചെയ്തിരുന്നതെന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു: وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ (ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതുകൊണ്ട് നീഅവിശ്വാസിയായിപ്പോകരുത് എന്ന് പറയാതെ അവര്‍ ആര്‍ക്കും പഠിപ്പിക്കുമായിരുന്നില്ല)അതേ, അവര്‍ ജനങ്ങള്‍ക്ക് ചിലതെല്ലാം പഠിപ്പിച്ചു കൊടുത്തിരുന്നു. പക്ഷേ, ഇത് പഠിച്ചുപ്രയോഗിക്കുവാനുള്ളതല്ല, അങ്ങിനെ ചെയ്താല്‍ നീ അവിശ്വാസിയാകുവാന്‍ ഇടവരും, അത് സൂക്ഷിക്കണം. നല്ലവരെയും ദുഷിച്ചവരെയും വേര്‍തിരിക്കുവാനുള്ള ഒരു പരീക്ഷണമായി നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ് ഞങ്ങള്‍. അത്കൊണ്ട് നീവഞ്ചിതനാകരുത് എന്നൊക്കെ ഉപദേശിച്ചുകൊണ്ടായിരുന്നു അവര്‍ ജനങ്ങള്‍ക്ക് അത്പഠിപ്പിച്ചിരുന്നത്.
ആ രണ്ട് പേരില്‍ നിന്നും മനുഷ്യര്‍ പഠിച്ചിരുന്ന അറിവിന്റെ സ്വഭാവംഎന്തായിരുന്നുവെന്നും അല്ലാഹു വ്യക്തമാക്കുന്നു: فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ (അതെ, മനുഷ്യനും അവന്റെ ഇണക്കുമിടയില്‍- ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ – ഭിന്നിപ്പും ഛിദ്രവുമുണ്ടാക്കുന്ന ചില കാര്യങ്ങള്‍.) ഇതേ സിഹ്റിന്റെ ഇനത്തില്‍ പെട്ടതും വിരോധിക്കപ്പെട്ടതുമാണെന്ന് പറയേണ്ടതില്ല.എന്നിരിക്കെ, അതുമൂലം ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ പിണക്കവും ഭിന്നിപ്പുമുണ്ടാക്കുവാന്‍ അവര്‍ക്കെങ്ങിനെ കഴിയും? അതെ, وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ (അല്ലാഹുവിന്റെ ഉത്തരവുകൂടാതെ ഒരാള്‍ക്കും അവര്‍ ഉപദ്രവംവരുത്തുന്നവരല്ല) ഇന്ന കാര്യം പ്രവര്‍ത്തിച്ചാല്‍ ഇന്ന ഫലമുണ്ടാകുമെന്ന് അല്ലാഹുനിശ്ചയിച്ചുവെച്ചിട്ടുണ്ട്. ഫലങ്ങളാകട്ടെ, നല്ലതും ചീത്തയുമാവാം. ഉപകാരവും ഉപദ്രവുമാകാം. അതുകൊണ്ടാണ്ചീത്തയും ഉപദ്രവകരവുമായ കാര്യങ്ങള്ചെയ്യരുതെന്ന് അവന് വിരോധിക്കുന്നതും. ഉദാഹരണമായി: വാളെടുത്തു മനുഷ്യന്റെ കഴുത്തിന് വെട്ടിയാല്‍ മരണത്തിന് ഇടയാകാമെന്നുള്ളത് അല്ലാഹുവിന്റെ നിശ്ചയങ്ങളില്ഒന്നാണ്. അതുകൊണ്ടാണ് വിരോധിക്കപ്പെട്ടിരിക്കുന്നതും. അതേ സമയത്ത്അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ ഒരു കാര്യവും സംഭവിക്കുന്നതുമല്ല.ഓരോന്നിനും കാരണങ്ങള്‍ നിശ്ചയിച്ചതും, ആ കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതത് കാര്യങ്ങള്‍ സംഭവിക്കുന്നതും അവന്റെ ഉദ്ദേശ്യവും ഉത്തരവും അനുസരിച്ചു തന്നെ.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ സിഹ്റിന്റെയോ, സിഹ്ര് ചെയ്യുന്നവന്റെയോ സ്വന്തം കഴിവ് കൊണ്ടല്ല-സിഹ്റിനെ ഒരു ഉപദ്രവകാരണമാക്കി അല്ലാഹു നിശ്ചയിച്ചതുകൊണ്ടാണ്- ഭാര്യാഭര്ത്താക്കള്ക്കിടയില്അതുമൂലം ഭിന്നിപ്പുണ്ടാകുന്നത് എന്ന് സാരം.
ഇവിടെ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു സംഗതിയുണ്ട്: ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം എന്ന് മൊത്തത്തിലങ്ങ് പറഞ്ഞതല്ലാതെ, അക്കാര്യം പ്രാവര്‍ത്തികമാകുന്നത് എങ്ങിനെയാണെന്ന് അല്ലാഹു വിവരിച്ചിട്ടില്ല. അത് വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യവും. അങ്ങിനെ ചിലദുഷ്പ്രവര്ത്തികളൊക്കെയുണ്ട് ;അവ അവിശ്വാസത്തില്‍ പെട്ടതാണ്; പക്ഷേ, അവമൂലംഉപദ്രവകരങ്ങളായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായേക്കാം ; എന്നാലത് തല്‍കര്‍ത്താക്കള്‍ക്ക് അദൃശ്യമോ അമാനുഷികമോ ആയ വല്ല കഴിവുകളും ഉള്ളതുകൊണ്ടോന്നുമല്ല ; അല്ലാഹു നിശ്ചയിച്ചതും മനുഷ്യര്‍ക്ക് കുണ്ടുപിടിക്കുവാന് സാധിക്കാത്തതുമായ ചില രഹസ്യങ്ങള്‍ നിലവിലുണ്ട്; അതുകൊണ്ട് അത്തരംവിഷയങ്ങള്‍ കണ്ട് മനുഷ്യര്‍ വഞ്ചിതരാവരുത്. എന്നൊക്കെ ഉണര്‍ത്തുകയാണ് ഈവാക്യം കൊണ്ട് ഉദ്ദേശ്യം. തുടര്‍ന്ന് പറയുന്ന വാക്യങ്ങള്‍ നോക്കുക:
وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ(അവര്‍ക്ക് ഉപദ്രവം വരുത്തുന്നതും അവര്‍ക്ക് ഉപകാരംവരുത്താത്തതുമായ കാര്യം അവര്‍ പഠിക്കുന്നു) സിഹ്ര് മൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്ന് മാത്രമല്ല, അത് ദോഷം വരുത്തുകയും ചെയ്യുന്നു. എനി, ഇഹത്തില്‍വെച്ച് താല്ക്കാലികമായ വല്ല നിസ്സാര നേട്ടങ്ങളും അതുവഴി ലഭിച്ചാല്‍ തന്നെയുംഅവരുടെ പരലോകഗുണം നഷ്ടപ്പെടലാണ് അതുകൊണ്ടുണ്ടാകുന്നത് وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ (അവര്‍ക്ക് തീര്‍ച്ചയായും അറിയാം,അതിനെ വാങ്ങിയവന് പരലോകത്തില്‍ യാതൊരു പങ്കുമില്ലെന്ന്) ഞങ്ങള്‍ വെറുംപരീക്ഷണമാണെന്നും, ഇത് പഠിച്ച് അവിശ്വാസിയാകുവാന്‍ ഇടവരുത്തരുതെന്നുമുള്ള താക്കീതോടുകൂടിയാണല്ലോ മലക്കുകള്‍ അത് പഠിപ്പിച്ചിരുന്നത്. അപ്പോള്‍, അറിയാതെ അപകടത്തില്‍ ചാടുകയല്ല അവര്‍ ചെയ്തിരുന്നത് എന്ന് സാരം. അറിഞ്ഞുകൊണ്ടും കല്പിച്ചുകൂട്ടിയും പരലോകഗുണം നഷ്ടപ്പെടുത്തുകയും ആപത്ത് വിലക്കുവാങ്ങുകയുമാണവര്‍ ചെയ്യുന്നത്. അതെ, وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ (അവര്തങ്ങളുടെ സ്വന്തങ്ങളെ ഏതൊന്നിന് വിറ്റു കളഞ്ഞുവോ അത് വളരെ ചീത്തതന്നെ!)ഈ വാസ്തവം അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇത്രയും ഭീമമായ അപകടത്തില്‍ അവര്‍ പതിക്കുമായിരുന്നില്ല. ഹാ! لَوْ كَانُوايَعْلَمُونَ (അവര്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനേ! ) وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا (അവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ഏതൊരു പുണ്യഫലവും അവര്‍ക്ക് വളരെ ഉത്തമം തന്നെ. അവര്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനേ!) അതെ, ഇത്രയും വിനാശകരമായ സിഹ്റിന്റെ പ്രവര്‍ത്തനം പിന്‍പറ്റി പരലോകഗുണം പാടെ നഷ്ടപ്പെടുത്തുന്നതിന് പകരം, അവര്‍ സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുവാനിരിക്കുന്ന പുണ്യഫലം എത്രമാത്രം ഉത്തമമാകുമായിരുന്നു! പക്ഷേ, അതൊന്നും അവര്‍ മനസ്സിലാക്കിയില്ല. കഷ്ടം!
ബാബിലോണില്‍ വെച്ച് ഇസ്റാഈല്യര്‍ക്കിടയില്‍ സിഹ്റിന് പ്രചാരം സിദ്ധിച്ചതും, സിഹ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴകിയിരുന്നതും വേദക്കാര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന വിഷയമാണ്. ബൈബ്ളില്‍ നിന്ന് തന്നെ ഈ വാസ്തവം സ്പഷ്ടമാണ്. അതുകൊണ്ടാണ് ഈ വിഷയത്തെപ്പറ്റി അല്ലാഹു വിശദമായി വിവരിക്കാതെ വിഷയം ചൂണ്ടിക്കാട്ടുക മാത്രം ചെയ്തിരിക്കുന്നത്. ഇസ്റാഈല്യര്‍ സത്യമാര്‍ഗം വിട്ടു വ്യതിചലിച്ചുപോയ കാരണങ്ങള്‍ എടുത്തുപറയുന്ന കൂട്ടത്തില്‍ അതും എടുത്തു പറയുക മാത്രമാണിവിടെ അല്ലാഹു ചെയ്തിരിക്കുന്നത്. ക്വുര്‍ആന്‍ അവതരിച്ച കാലത്തുള്ള യഹൂദികള്‍ക്ക് ക്വുര്‍ആന്റെ ഈ ആരോപണത്തെ എതിര്‍ക്കുവാനോ വിമര്‍ശിക്കുവാനോ കഴിയാതെ അവര്‍ മൗനമവലംബിച്ചതും അതുകൊണ്ടായിരുന്നു.
മലക്കുകള്‍ വന്ന് ജനങ്ങള്‍ക്ക് സിഹ്റിന്റെ വകുപ്പുകള്‍ പഠിപ്പിച്ചുവെന്നതിനെ സംബന്ധിച്ചുണ്ടാകുന്ന പല സംശയങ്ങള്‍ക്കും മുകളില്‍ കണ്ട വിവരണത്തില്‍ നിന്നു മറുപടി ലഭിക്കുന്നതാണ്. മര്‍ഹൂം സയ്യിദ് ക്വുത്വ്’ബ് അദ്ദേഹത്തിന്റെ ( فى ظلال القرآن ) (ക്വുര്‍ആന്റെ തണലുകളില്‍) എന്ന തഫ്സീര്‍ ഗ്രന്ഥത്തില്‍, ഈ വചനത്തിന്റെ വ്യാഖ്യാനത്തോടനുബന്ധിച്ച് ചെയ്ത ഒരു പ്രസ്താവനയില്‍ നിന്ന് ഇതിലേക്ക് കുറേകൂടി വെളിച്ചം ലഭിക്കുന്നതുകൊണ്ട് അതിന്റെ സാരംകൂടി ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. ആ പ്രസ്താവന അദ്ദേഹം ഇങ്ങിനെ ആരംഭിക്കുന്നു: ”എനി, ആ യഹൂദികള്‍ അല്ലാഹുവിന്റെ കിത്താബിനെ ഉപേക്ഷിച്ചുകൊണ്ട് പിന്‍പറ്റിയ സിഹ്റിനെയും, ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പിച്ചിരുന്ന കാര്യത്തെയും കുറിച്ച് ഒരു വാക്ക് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം തുടര്‍ന്നു പറയുന്നു:
”ശാസ്ത്രത്തിന് യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ചില ആളുകളില്‍ എല്ലാ കാലത്തും കാണപ്പെടാറുണ്ട്. അവക്ക് ശാസ്ത്രം ചില പേരുകള്‍ മാത്രം നല്കുന്നു. അവയുടെ യാഥാര്‍ത്ഥ്യമോ മാര്‍ഗമോ അതിനറിയുകയില്ല. ഇതാ ടെലെപ്പതിനോക്കുക. എന്താണത്? അതെങ്ങിനെ സാധിക്കുന്നു? മനുഷ്യന്റെ കഴ്ചയോ ശബ്ദമോ എത്താത്ത ദൂരത്ത് നിന്ന് ഒരാള്‍ ഒരാളെ വിളിച്ചുപറയുകയും അത് മറ്റെയാള്‍ കേട്ട് സ്വീകരിക്കുകയും ചെയ്യുന്നു. മറകളും ദൂരങ്ങളും അതിന് തടസ്സമാകുന്നില്ല. ഇതാ മാഗ്നറ്റിസം അതെന്താണ്? എങ്ങിനെയാണ്? ഒരാളുടെ ഉദ്ദേശ്യം മറ്റേയാളില്‍ എങ്ങിനെ ശക്തിചെലുത്തുന്നു? ഒരു തുറന്ന പുസ്തകം നോക്കി വായിച്ചാലെന്നപോലെ ഒരാളുടെ സ്വകാര്യ സന്ദേശം മറ്റെയാള്‍ ഏറ്റുവാങ്ങുന്നു, ഇതിനൊക്കെ ചില പേരുകള്‍ നല്കുകയല്ലാതെ അതിനെ അപഗ്രഥിക്കുവാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇങ്ങിനെ പലതുമുണ്ട്. സമ്മതിച്ചുകൊടുക്കുവാന്‍ മതിയായ അനുഭവമോ, പരിചയമോ സിദ്ധിക്കാത്തതിന്റെ പേരില്‍ ശാസ്ത്രം അവയെപ്പറ്റി തര്‍ക്കവിമര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ആത്മീയ ശക്തികളെയും നിഷേധിച്ചു തള്ളുന്ന വമ്പന്മാര്ക്ക് അങ്ങിനെ ഒന്നില്ലെന്ന് സ്ഥാപിക്കുവാന്‍ കഴിയുകയില്ല. അജ്ഞാതമായ ഭാവിയെക്കുറിച്ച് ഞാനൊരു സ്വപ്നം കാണുന്നു. ആ സ്വപ്നം അതേമാതിരി പുലരുന്നു. അവര്‍ നിഷേധിക്കുന്ന ആത്മീയേന്ദ്രിയങ്ങള്‍ക്ക് ഇങ്ങിനെയൊരു ഭാവി സംഭവിക്കുവാന്‍ പോകുന്നുവെന്ന് എങ്ങിനെയാണ് ബോധമുണ്ടാകുന്നത്? അറിയായ്മയും, കണ്ടുപിടിക്കാനുള്ള മാര്‍ഗം ഇല്ലായ്മയും കൊണ്ട് മാത്രം മനുഷ്യനില്‍ അന്തര്ഭവിച്ചു കിടപ്പുള്ള ഇത്തരം അജ്ഞാത ശക്തികളെ നിഷേധിക്കുന്നത് തികച്ചും ഗര്‍വ്വല്ലാതെ മറ്റൊന്നുമല്ല.
സയ്യിദ് ക്വുത്വ്’ബ് തുടരുന്നു: ”ഈ ഇനത്തില്‍പെട്ടതാണ് സിഹ്റും. പിശാചുക്കള്‍ മനുഷ്യര്‍ക്ക് പഠിപ്പിക്കലും അതില്‍പെട്ടത് തന്നെ. ഒരു പക്ഷേ, ശരീരത്തിലോ അവയവങ്ങളിലോ, ഇന്ദ്രിയശക്തികളിലോ, ചിന്താശക്തികളിലോ സ്വാധീനം ചെലുത്തുവാനുള്ള വല്ല കഴിവുകളുമായിരിക്കാം ഇതിന്റെ രൂപങ്ങളില്‍ ഒന്ന്. എന്നാല്‍, ഫിര്‍ഔന്റെ സിഹ്റുകാര്‍ ചെയ്തതായി ക്വുര്‍ആനില്‍ പറഞ്ഞ സിഹ്ര് കേവലം ചില പകിട്ട് വിദ്യകളായിരുന്നു (അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്) അതിന് യാഥാര്‍ത്ഥ്യമുണ്ടായിരുന്നില്ല. (അവരുടെ സിഹ്ര് മൂലം അവരുടെ വടികളും കയറുകളും ഓടുന്നതായി മൂസാ നബിക്ക് തോന്നിപ്പിക്കപ്പെട്ടിരുന്നു) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങിനെയുള്ള ഏതെങ്കിലും ഒരു സ്വാധീനം ഭാര്യാഭര്‍ത്താക്കള്‍ക്കും, സ്നേഹജനങ്ങള്ക്കുമിടയില് ഭിന്നിപ്പുണ്ടാക്കുകയെന്ന ഫലം ഉളവാകുന്നതിന് തടസ്സമില്ല. പ്രതികരണങ്ങളില്‍ നിന്ന് മാനസാന്തരം ഉണ്ടാകുന്നു. കാര്യങ്ങളും, കാരണങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുമതി കൊണ്ടല്ലാതെ സംഭവിക്കുന്നതല്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ.”
വീണ്ടും അദ്ദേഹം തുടരുന്നു: ”എനി, ഹാറൂത്ത്, മാറൂത്ത് എന്നുള്ള മലക്കുകള്‍ ആരാണ്? എപ്പോഴാണവര് ബാബിലോണില്‍ ഉണ്ടായിരുന്നത്? ഇതിന്റെ കഥ യഹൂദികള്‍ക്കിടയില്‍ സുപരിചിതമായിരുന്നു. ക്വുര്‍ആനില്‍ അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അതവര് നിഷേധിക്കുകയോ, കളവാക്കുകയോ ചെയ്യാത്തതുതന്നെ അതിന് തെളിവാണ്. ഏതൊരു കൂട്ടരെ അഭിമൂഖീകരിച്ചുകൊണ്ടാണോ പറയുന്നതെങ്കില്‍, അവര്‍ക്കിടയില്‍ പരിചയമുള്ള സംഭവം പറയുമ്പോള്‍, ക്വുര്‍ആന്‍ അത് വിസ്തരിച്ചുപറയാതെ ചൂണ്ടിക്കാട്ടികൊണ്ട് പലപ്പോഴും പറയാറുണ്ട്. ഉദ്ദേശ്യം നിറവേറ്റുവാന്‍ അതുമതി. പിന്നെ, വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ രണ്ട് മലക്കുകളുടെ സംഭവത്തെപ്പറ്റി വന്നിട്ടുള്ള കഥകളുടെ പിന്നാലെ പോകുവാന്‍ ക്വുര്‍ആന്റെ തണലുകളില്‍, (ഈ ഗ്രന്ഥത്തില്‍) നാം ഉദ്ദേശിക്കുന്നില്ല. വിശ്വസനീയമായ ഒരു രിവായത്തും അതില്‍ ഇല്ല.” ”മനുഷ്യചരിത്രത്തില്‍ അതതു കാലഘട്ടങ്ങള്‍ക്കനുസൃതമായി പലവിധ ദൃഷ്ടാന്തങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തില്‍ രണ്ട് മലക്കുകളുടെയോ, മലക്കുകളെപ്പോലെയുള്ള രണ്ട് സല്‍പുരുഷന്മാരുടെയോ ഒരു പരീക്ഷണം നടന്നുവെങ്കില്-മനുഷ്യചരിത്രത്തില്‍ കഴിഞ്ഞുപോയ അസാധാരണങ്ങളും വിവിധ രൂപങ്ങളിലുള്ളവയുമായ സംഭവങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍-അതില്‍ പുതുമയൊന്നുമില്ലതന്നെ. ദൈവികമായ പ്രകാശകിരണങ്ങളിലേക്ക് മനുഷ്യചരിത്രം അടിവെച്ചു നീങ്ങിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഈ ആയത്തില്‍ വ്യക്തവും ദൃഢവുമായി പ്രസ്താവിക്കപ്പെട്ട സാരങ്ങള്‍ ഒരു നീണ്ടകാലത്തിന്ശേഷം, അവ്യക്തങ്ങളായ മറ്റൊന്നിനെയും ആശ്രയിക്കാതെ നമുക്ക് മനസ്സിലായേക്കും. ഐതിഹ്യങ്ങളുടെ പിന്നാലെ കൂടിയും അല്ലാഹുവിന്റെ കിതാബിനെ പുറം തള്ളിയും ഇസ്റാഈല്യര്‍ വഴിപിഴച്ചുപോയി എന്നും സിഹ്ര് പിശാചിന്റെ പ്രവൃത്തിയാണെന്നും, അത് കുഫ്റില്‍പെട്ടതാണെന്നും അത് പരലോകം നിശ്ശേഷം നഷ്ടപ്പെടുത്തുമെന്നും അറിയുന്നത് കൊണ്ട് നമുക്കിപ്പോള്‍ മതിയാക്കാം.” (فى ظلال القرآن) (അമാനി തഫ്സീ൪ സൂറ: അല്‍ ബഖറ ആയത്ത് 102 ന്റെ വിശദീകരണം)
ഖു൪ആന്‍ : 4/51, 113/4, 2/102 ആയത്തുകളുടെ അമാനി തഫ്സീറിലെ പരിഭാഷയും വിശദീകരണവും കൂട്ടാതെയും കുറക്കാതെയുമാണ് മേല്‍ കൊടുത്തിട്ടുള്ളത്. അമാനി തഫ്സീ൪ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ നിഷേധിക്കുകയാണോ അംഗീകരിക്കുകയാണോ എന്ന് നിഷ്പക്ഷമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവ൪ മനസ്സിലാക്കുക. സിഹ്റിനെ കുറിച്ച് അടിസ്ഥാനരഹിതങ്ങളായ എന്ന പദം ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ച് അമാനി തഫ്സീ൪ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ നിഷേധിക്കുകയാണെന്ന് പറയുന്നവരോട് ചോദിക്കട്ടെ, എവിടെയങ്കിലും അമാനി തഫ്സീ൪ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ നിഷേധിക്കുന്നുണ്ടോ? എന്നാല്‍ എത്രയോ സ്ഥലങ്ങളില്‍ അമാനി തഫ്സീ൪ സിഹ്റിന്റെ യാഥാ൪ത്ഥ്യത്തെ അംഗീകരിക്കുകയും അതിനെ നിഷേധിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി അമാനി തഫ്സീ൪ പരിശോധിക്കുന്നവ൪ക്ക് അത് ബോധ്യപ്പെടും. തീ൪ച്ച.
kanzululoom.com