ആകാശ ലോകത്ത് മലക്കുകള്‍ തമ്മിലുള്ള സംസാരങ്ങളില്‍ ചിലത് പിശാചുക്കള്‍ കട്ട് കേള്‍ക്കുമെന്നും പിശാചുക്കള്‍ അത് തങ്ങളെ പൂജിക്കുന്ന ജ്യോല്‍സ്യന്‍മാ൪ക്കും മറ്റും അറിയിച്ചുകൊടുക്കുമെന്നും ജ്യോത്സ്യന്മാര്‍ ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ത്ത് ആളുകളെ അറിയിക്കുമെന്നും അതുകൊണ്ടാണ് ജ്യോല്‍സ്യന്‍മാ൪ പറയുന്ന ചില കാര്യങ്ങള്‍ സത്യമാകുന്നതെന്നും നബി(സ്വ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്നാല്‍ മുമ്പ് ആകാശത്തുവെച്ച് മലക്കുകള്‍ തമ്മിലുള്ള സംസാരം പിശാചുക്കള്‍ കട്ടുകേള്‍ക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഖു൪ആന്‍ അവതരിച്ചതിനുശേഷം പിശാചുക്കളുടെ കട്ടുകേള്‍വി നിശേഷം തടയപ്പെട്ടിരിക്കുന്നുവെന്നും അതിനപ്പുറത്തുള്ള വിശ്വാസം ഖു൪ആനിന് എതിരാണെന്നും ചില൪ പ്രചരിപ്പിക്കാറുണ്ട്. പിശാചുക്കളുടെ കട്ടുകേള്‍വി ഇന്നും നടക്കുന്നുണ്ടെന്നും തങ്ങളെ പൂജിക്കുന്ന ജ്യോല്‍സ്യന്‍മാ൪ക്കും മറ്റും അവ൪ അത് ഇന്നും അറിയിച്ചുകൊടുക്കുമെന്നും ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും വ്യക്തമാണ്. പ്രമാണങ്ങളേക്കാള്‍ ബുദ്ധിക്കും യുക്തിക്കും പ്രാധാന്യം കൊടുക്കുന്നവരാണ് പിശാചുക്കളുടെ കട്ടുകേള്‍വിയെ നിഷേധിക്കുന്നത്. പിശാചുക്കളുടെ കട്ടുകേള്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ താഴെ സൂചിപ്പിക്കുന്നു.
നബിയുടെ(സ്വ) രിസാലത്തിന് (ദിവ്യദൗത്യത്തിന്) മുമ്പ് ആകാശത്തുവെച്ച് മലക്കുകളില്‍ നിന്നും ജിന്നില്‍ പെട്ട പിശാചുക്കള്‍ ചില വാര്‍ത്തകള്‍ കട്ടുകേള്‍ക്കാറുണ്ടായിരുന്നു. അതിനുവേണ്ടി അവ൪ ആകാശത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ കയറിച്ചെന്ന് പതിയിരിക്കുമായിരുന്നു. മുഹമ്മദ് നബിയുടെ(സ) നിയോഗത്തോടുകൂടി അവ൪ക്ക് ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു. അല്ലാഹു പ്രത്യേകം ചില കാവലുകൾ ഏ൪പ്പെടുത്തപ്പെടുകയും, അവിടെ തീജ്വാലകള്‍ നിറക്കപ്പെടുകയും ചെയ്തു. ഇതിനെപ്പറ്റി ജിന്നുകളുടെ ഒരു പ്രസ്താവനതന്നെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്തുകൊടുത്തിട്ടുണ്ട്.
وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَٰهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْـَٔانَ يَجِدْ لَهُۥ شِهَابًا رَّصَدًا ﴿٩﴾
(ജിന്നുകള്‍ സ്വന്തം സമൂഹത്തോട് പറഞ്ഞു:) ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി, അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി. (ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും. (ഖു൪ആന്‍:72/8-9)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ انْطَلَقَ النَّبِيُّ صلى الله عليه وسلم فِي طَائِفَةٍ مِنْ أَصْحَابِهِ عَامِدِينَ إِلَى سُوقِ عُكَاظٍ، وَقَدْ حِيلَ بَيْنَ الشَّيَاطِينِ وَبَيْنَ خَبَرِ السَّمَاءِ، وَأُرْسِلَتْ عَلَيْهِمُ الشُّهُبُ، فَرَجَعَتِ الشَّيَاطِينُ إِلَى قَوْمِهِمْ. فَقَالُوا مَا لَكُمْ فَقَالُوا حِيلَ بَيْنَنَا وَبَيْنَ خَبَرِ السَّمَاءِ، وَأُرْسِلَتْ عَلَيْنَا الشُّهُبُ. قَالُوا مَا حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ إِلاَّ شَىْءٌ حَدَثَ، فَاضْرِبُوا مَشَارِقَ الأَرْضِ وَمَغَارِبَهَا، فَانْظُرُوا مَا هَذَا الَّذِي حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ فَانْصَرَفَ أُولَئِكَ الَّذِينَ تَوَجَّهُوا نَحْوَ تِهَامَةَ إِلَى النَّبِيِّ صلى الله عليه وسلم وَهْوَ بِنَخْلَةَ، عَامِدِينَ إِلَى سُوقِ عُكَاظٍ وَهْوَ يُصَلِّي بِأَصْحَابِهِ صَلاَةَ الْفَجْرِ، فَلَمَّا سَمِعُوا الْقُرْآنَ اسْتَمَعُوا لَهُ فَقَالُوا هَذَا وَاللَّهِ الَّذِي حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ. فَهُنَالِكَ حِينَ رَجَعُوا إِلَى قَوْمِهِمْ وَقَالُوا يَا قَوْمَنَا( إِنَّا سَمِعْنَا قُرْءَانًا عَجَبًا – يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا) فَأَنْزَلَ اللَّهُ عَلَى نَبِيِّهِ صلى الله عليه وسلم ( قُلْ أُوحِىَ إِلَىَّ) وَإِنَّمَا أُوحِيَ إِلَيْهِ قَوْلُ الْجِنِّ.
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി (സ്വ) ചില സഹാബികളൊന്നിച്ചു സൂഖു ഉക്കാള്വിലേക്ക് (ഉക്കാള മാ൪ക്കറ്റ്) പുറപ്പെട്ടു. പിശാചുക്കള്‍ക്കും ആകാശത്തെ വര്‍ത്തമാനങ്ങള്‍ക്കുമിടയില്‍ തടസ്സം ചെയ്യപ്പെടുകയും, അവരില്‍ തീജ്വാല അയക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ പിശാചുക്കള്‍ മടങ്ങിപ്പോരേണ്ടതായി വന്നിരുന്നു. എന്തെങ്കിലും ഒരു പുതിയ സംഭവമല്ലാതെ ഇതിനു കാരണമില്ലെന്നു കരുതി അവര്‍ (പിശാചുക്കള്‍) നാനാഭാഗങ്ങളിലും പോയി അന്വേഷിക്കുകയുണ്ടായി. അങ്ങിനെ, തിഹാമയുടെ നേരെ പോയവര്‍, നബി (സ്വ) നഖ്’ലയിലെത്തിയപ്പോള്‍ തിരുമേനിയുടെ അടുക്കല്‍ എത്തി. നബി(സ്വ) പ്രഭാത നമസ്കാരം നിര്‍വ്വഹിക്കുകയായിരുന്നു. ഖുര്‍ആന്‍ പാരായണം കേട്ടപ്പോള്‍ അവര്‍ അതിലേക്കു ശ്രദ്ധകൊടുത്തു. ഇതുതന്നെയാണ് ആകാശവാര്‍ത്ത തടയപ്പെടുവാന്‍ കാരണം എന്നു അവര്‍ പറഞ്ഞു. അനന്തരം അവര്‍ തങ്ങളുടെ ജനതയിലേക്കു മടങ്ങിച്ചെന്നു് إِنَّا سَمِعْنَا قُرْآنًا عَجَبًا (ഞങ്ങള്‍ ആശ്ചര്യകരമായ ഒരു ഖുര്‍ആന്‍ കേട്ടു) എന്നും മറ്റും പറഞ്ഞു. നബിക്ക്(സ്വ) …قُلْ أُوحِيَ إِلَيَّ എന്ന് (സൂറത്തുല്‍ ജിന്നു്) അവതരിക്കുകയും ചെയ്തു. (ബുഖാരി:773)
ഖുര്‍ആനിന്റെ അവതരണത്തോടെ ജിന്നുകളുടെ കട്ടുകേള്‍ക്കല്‍ തടയപ്പെട്ടിരിക്കുകയാണ്. അവിടെ അല്ലാഹു ഒരുതരം പാറാവ് ഏര്‍പ്പെടുത്തിയിരിക്കുകയും അവിടം തീജ്വാലകള്‍ നിറക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇനിയും ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍ നാനാഭാഗത്തുനിന്നും അവ൪ക്ക് ഏറ് ബാധിക്കും. അതോടൊപ്പം കാത്തിരിക്കുന്ന അഗ്നിജ്വാലയെ കണ്ടെത്താനാകും അഥവാ അവ൪ അഗ്നിജ്വാലയാല്‍ നശിപ്പിക്കപ്പെടും.
എന്ത് ഉപയോഗിച്ചാണ് അല്ലാഹു അവരെ തടഞ്ഞിട്ടുള്ളതെന്നും തീജ്വാലകള്‍ എങ്ങനെയാണ് ഏ൪പ്പെടുത്തിയിട്ടുള്ളതെന്നും വിശുദ്ധ ഖു൪ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകാശത്തുവെച്ച് മലക്കുകള്‍ക്കിടയില്‍ നടക്കുന്ന ചില സംസാരങ്ങളെ പതിയിരുന്ന് കട്ടുകേള്‍ക്കുന്ന പിശാചുക്കളെ ആട്ടിയോടിക്കുവാനുള്ള ഒരു ഏര്‍പ്പാട് നക്ഷത്രങ്ങളെ കൊണ്ടാണ് അല്ലാഹു ചെയ്തുവെച്ചിരിക്കുന്നത്. അതായത് നക്ഷത്രങ്ങളില്‍നിന്ന് പുറത്തുവരുന്ന ഒരു തരം അഗ്നിജ്വാലകളാകുന്ന ഉല്‍ക്കകള്‍മൂലമാണ് പിശാചുക്കള്‍ എറിഞ്ഞാട്ടപ്പെടുന്നത്. നക്ഷത്രങ്ങളെ അല്ലാഹു സൃഷ്ടിച്ചതിന്റെ ഒരു ഉദ്ദേശ്യം പിശാചുക്കള്‍ക്ക് അഗ്നിയമ്പുകളായി കൊണ്ടാണ്.
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُومًا لِّلشَّيَٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയു മാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:67/5)
ആകാശത്ത് നക്ഷത്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത് ഒരു അലങ്കാരമായിട്ടാണ്. അതോടൊപ്പം അവ പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയും ആക്കിയിരിക്കുന്നു. അഥവാ ആകാശങ്ങളെ പിശാചുക്കളില്‍ നിന്ന് സുരക്ഷിതമാക്കുന്നത് നക്ഷത്രങ്ങളെകൊണ്ടാണ്. നക്ഷത്രങ്ങള്‍ കൊണ്ട് പിശാചുകളെ എറിഞ്ഞോടിക്കുന്നുവെന്ന് പറയുമ്പോള്‍, എല്ലാ നക്ഷത്രങ്ങളെ കൊണ്ടുമല്ല ഇങ്ങനെ ചെയ്യുന്നത്, നക്ഷത്രങ്ങളിൽ ചിലതിനെ കൊണ്ടാണ് അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ ചില ഭാഗങ്ങള്‍ കൊണ്ടാണ്. الله أعلم
وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّٰهَا لِلنَّٰظِرِينَ ﴿١٦﴾ وَحَفِظْنَٰهَا مِن كُلِّ شَيْطَٰنٍ رَّجِيمٍ ﴿١٧﴾ إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ ﴿١٨﴾
ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്. (ഖു൪ആന്‍:15/16-18)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: അല്ലാമാ സയ്യിദ് ഖുത്ത്ബ് (റ) മുതലായ പല മഹാന്‍മാരും പറഞ്ഞതുപോലെ – പിശാച് കട്ടുകേള്‍ക്കാന്‍ ചെല്ലുന്നതെങ്ങിനെയാണ്? വാര്‍ത്ത തട്ടിയെടുക്കുവാന്‍ എങ്ങിനെ സാധിക്കുന്നു? ഉല്‍ക്കമൂലം എറിയപ്പെടുമെന്നു പറഞ്ഞതു എപ്രകാരമായിരിക്കും? ഇതൊന്നും സൂക്ഷ്മമായി പറയുവാന്‍ നമുക്കു സാധ്യമല്ല, അവയെല്ലാം നമ്മുടെ അറിവിനും കാഴ്ചക്കും അതീതമായ കാര്യങ്ങളത്രെ. അല്ലാഹു പറഞ്ഞുതന്നതും, റസൂല്‍(സ്വ) വിവരിച്ചുതന്നതും മനസ്സിലാക്കുകയും, അതില്‍ വിശ്വസിക്കുകയുമാണ് നമ്മുടെ കടമ. ബാഹ്യലോകത്തിന്റെ ബാഹ്യവശങ്ങളല്ലാതെ നമുക്കു വല്ലതും അറിയാമോ? ഉപരിലോകത്തുള്ള പ്രവേശനം തന്നെ തടയപ്പെടുകയും, കടുത്ത ശിക്ഷക്കു വിധേയമാകുകയും ചെയ്യുന്ന പിശാച് അല്ലാഹുവിങ്കല്‍ എത്രമാത്രം ശപിക്കപ്പെട്ടവനാണെന്നും, അവനെ ഉപദേശകനോ, ആരാധ്യനോ ആയി സ്വീകരിക്കുന്നതു എത്രമേല്‍ അബദ്ധമാണെന്നും ജനങ്ങള്‍ – പിശാചിന്റെ നേതൃത്വം സ്വീകരിച്ചവര്‍ – മനസ്സിലാക്കുകയാണ് ഇവിടെ പ്രധാന ഉദ്ദേശ്യം. (അമാനി തഫ്സീ൪)
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ ﴿١٠﴾
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും, ബഹിഷ്കൃതരായിക്കൊണ്ട്. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്. പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.(ഖു൪ആന്‍:37/6-10)
الْمَلَإِ الْأَعْلَىٰ – അത്യുന്നതമായ സമൂഹം – എന്നാല്‍ ആകാശലോകത്തുള്ള മലക്കുകളെക്കുറിച്ച് ആകുന്നു.
അല്ലാഹു പ്രവാചകന്‍മാ൪ക്ക് നല്കുന്ന വഹ്’യിൽനിന്ന് വല്ലതും മനസ്സിലാക്കുവാനോ, അതിനെ സമീപിക്കുവാനോ പിശാചുക്കള്‍ക്ക് ഒരിക്കലും സാധ്യമായിരുന്നില്ലെന്നും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.
قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ
(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. (ഖു൪ആന്‍:27/65)
ഭൂമിയിൽ നടപ്പിലാക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മലക്കുകൾ തമ്മിൽ സംസാരിക്കാറുള്ളതിൽ നിന്ന് ഏതോ ചിലതായിരുന്നു പിശാചുക്കൾ ഉപായത്തിൽ കേട്ടിരുന്നതെന്നും, അല്ലാതെ അല്ലാഹുവിൻ്റെ ഭരണരഹസ്യങ്ങളൊന്നുമല്ലെന്നും, വ്യക്തം.
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴿٢٦﴾ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًا ﴿٢٧﴾
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്. (ഖു൪ആന്‍:72/26-27)
അല്ലാഹുവിന്റെ ദൂതന്മാ൪ക്ക് വഹ്’യായി അറിയിക്കുന്ന സംഗതികളില്‍ യാതൊരു കൈകടത്തലോ മാറ്റത്തിരുത്തലോ സംഭവിക്കില്ല. കാരണം, അവ വളരെ ഭദ്രവും സുരക്ഷിതവുമായിരിക്കും. അവരുടെ മുമ്പിലും പിമ്പിലും അവന്‍ കാവല്‍ ഏ൪പ്പെടുത്തിയിരിക്കും. അതില്‍ നിന്നും യാതൊന്നും കട്ടുമനസ്സിലാക്കാന്‍ ആ൪ക്കും കഴിയില്ല.
മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: അല്ലാഹുവിൽനിന്ന് നബിമാ൪ക്ക് സന്ദേശം (വഹ്’യ്) എത്തിക്കുമ്പോൾ മുമ്പിലൂടെയും പിമ്പിലൂടെയും പാറാവുകാരുണ്ടാകുമെന്ന് പറഞ്ഞുവല്ലോ. ഈ പാറാവുകാര്‍ മലക്കുകളായിരിക്കും. ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പറഞ്ഞിട്ടുള്ളതായി നിവേദനം വന്നിട്ടുണ്ട്: ‘ഏതൊരു ഖു൪ആൻ വചനവുംതന്നെ, അല്ലാഹുവിന്റെ നബിയുടെ അടുക്കൽ എത്തുന്നതുവരെയും അതിനെ കാത്തുംകൊണ്ട് അതിന്റെ കൂടെ നാല് മലക്കുകൾ ഇല്ലാതെ അവൻ ഇറക്കിയിട്ടില്ല’. ഇതിനു തെളിവായി ഇബ്നു അബ്ബാസ് (റ) ഈ രണ്ട് വചനങ്ങൾ ഓതുകയും ചെയ്തു (رواه ابن مردويه). വഹ്’യ് കൊണ്ടുവരുന്ന മഹാദൂതൻ ജിബ്‌രീൽ (അ) ആണല്ലോ. അദ്ദേഹത്തിന്റെ ഒന്നിച്ച് വേറെ നാല് മലക്കുകൾ ഉണ്ടാകുമെന്നാണ് ‘പാറാവുകാര്‍ (رصدا)’ എന്ന് പറഞ്ഞതിന്റെ വിവക്ഷ എന്നു സഈദുബ്നുജുബൈർ(റ) പ്രസ്താവിച്ചതായി നിവേദനം വന്നിട്ടുണ്ട്. (رواه ابن جرير) (അമാനി തഫ്സീ൪ – ഖു൪ആന്‍:72/26-27 ന്റെ വിശദീകരണത്തില്‍ നിന്ന്)
മേല്‍ കൊടുത്തിട്ടുള്ള ഖു൪ആന്‍ വചനങ്ങളില്‍ നിന്നും ഹദീസില്‍ നിന്നും താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്.
1.നബിയുടെ(സ്വ) രിസാലത്തിന് (ദിവ്യദൗത്യത്തിന്) മുമ്പ് ആകാശത്തുവെച്ച് മലക്കുകളില്‍ നിന്നും ജിന്നില്‍ പെട്ട പിശാചുക്കള്‍ ചില വാര്‍ത്തകള്‍ കട്ടുകേള്‍ക്കാറുണ്ടായിരുന്നു. അതിനുവേണ്ടി ആകാശത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ കയറിച്ചെന്ന് പതിയിരിക്കുമായിരുന്നു.
2.ഖു൪ആന്‍ അവതരിച്ചതിനുശേഷം പിശാചുക്കളുടെ കട്ടുകേള്‍വി തടയപ്പെട്ടിരിക്കുന്നു.
3.മലക്കുകളുടെ സംസാരം കട്ടുകേള്‍ക്കുവാന്‍ ശ്രമിക്കുന്ന പിശാചുക്കളെ എറിഞ്ഞാടിക്കാനും, ആകാശങ്ങളെ അവരില്‍ നിന്ന് സുരക്ഷിതമാക്കുവാനും അല്ലാഹു നക്ഷത്രങ്ങളെകൊണ്ട് ഏര്‍പ്പാട് ചെയ്തിരിക്കുന്നു. കട്ടുകേള്‍ക്കുവാന്‍ ചെല്ലുന്ന പിശാചുക്കളെ അവയില്‍ നിന്ന് ഒരു തരം തീ ജ്വാലകള്‍ (ഉല്‍ക്കകള്‍) പിടികൂടുകയും അവരെ നശിപ്പിക്കുകയും ചെയ്യും.
4.പിശാചുക്കൾ കട്ട് കേട്ടിരുന്നത് വഹ്’യിന്റെ ഇനത്തിലോ, അല്ലാഹുവിന്റെ ഭരണരഹസ്യങ്ങങ്ങളിലോ ഉള്‍പ്പെട്ട കാര്യങ്ങളായിരുന്നില്ല. ഭൂമിയിൽ സംഭവിക്കുവാൻ പോകുന്ന ചില കാര്യങ്ങൾ മലക്കുകൾ തമ്മിൽ സംസാരിക്കുന്നത് മാത്രമായിരുന്നു അവ൪ കട്ടുകേട്ടിരുന്നത്.
ഖു൪ആന്‍ അവതരിച്ചതിനുശേഷം പിശാചുക്കളുടെ കട്ടുകേള്‍വി നിശേഷം തടയപ്പെട്ടിരിക്കുന്നുവെന്നും ഇന്ന് പിശാചുക്കള്‍ക്ക് കട്ടുകേള്‍ക്കാന്‍ കഴിയില്ലെന്നും വാദിക്കുന്നവ൪ തങ്ങളുടെ വാദത്തിന് തെളിവായി മേല്‍ കൊടുത്തിട്ടുള്ള ആയത്തുകളും ഹദീസുകളുമാണ് ഉദ്ദരിക്കുന്നത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖു൪ആനുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതായത് അല്ലാഹു അവതരിപ്പിച്ചു തരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്കു ആവശ്യമായ വിവരണവും വ്യാഖ്യാനവും നല്‍കലും അല്ലാഹുവിന്റെതന്നെ ബാധ്യതയാണ് വിശുദ്ധ ഖു൪ആന്‍ ഉണ൪ത്തിയിട്ടുണ്ട്.
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
പിന്നീട് അത്(ഖു൪ആന്‍) വിവരിച്ചു തരലും നമ്മുടെ ബാധ്യതയാകുന്നു. (ഖു൪ആന്‍:75/19)
ഖുര്‍ആന്‍ വിവരിക്കുന്നതിന്റെ ബാധ്യതയും അല്ലാഹുവിനാണ് (ثُمَّ إِنَّ عَلَيْنَا بَيَانَهُ) എന്ന് പറഞ്ഞുവല്ലോ. ഈ വാഗ്ദാനം നിറവേറ്റപ്പെടുന്നതു പ്രധാനമായും രണ്ടു പ്രകാരത്തിലായിരിക്കും. (1) ചില വചനങ്ങളില്‍ സംക്ഷിപ്തമായോ, സൂചനയായോ, വ്യംഗ്യമായോ മറ്റോ പ്രസ്താവിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ മറ്റു ചില വചനങ്ങള്‍ മുഖേന വ്യക്തമായും വിശദമായും വിവരിച്ചുകൊടുക്കുക, ഖുര്‍ആന്റെ ചില വശങ്ങള്‍ ചില വശങ്ങള്‍ക്കു വ്യാഖ്യാനം നല്‍കുന്നുവെന്നു പറയുന്നതിന്‍റെ സാരം ഇതാണ്. (2) ഖുര്‍ആന്‍ വചനങ്ങള്‍ മുഖേനയല്ലാതെ – അഥവാ വഹ്’യിന്‍റെ പല ഇനങ്ങളില്‍പെട്ട ഏതെങ്കിലും ഒരിനം മുഖേന- ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കുക. നബി(സ്വ) തിരുമേനിയുടെ വചനങ്ങളിലൂടെയും ചര്യകളിലൂടെയും ഇതു നമുക്കു ലഭിക്കുന്നു. തിരുമേനിയുടെ സുന്നത്തുകള്‍ ഖുര്‍ആന്റെ വ്യാഖ്യാനമാണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണ്.(അമാനി തഫ്സീ൪ – ഖു൪ആന്‍: 75/19 ന്റെ വിശദീകരണത്തില്‍ നിന്ന്)
ഇന്ന് പിശാചുക്കള്‍ക്ക് കട്ടുകേള്‍വിയുമായി ബന്ധപ്പെട്ട് മേല്‍കൊടുത്തിട്ടുള്ളതല്ലാതെ മറ്റ് തെളിവുകളൊന്നും വിശുദ്ധ ഖു൪ആനില്‍ ഇല്ല. എന്നാല്‍ പിശാചുക്കള്‍ക്ക് ഇന്നും കട്ടുകേള്‍ക്കാന്‍ കഴിയുന്നുണ്ടെന്ന് നബി(സ്വ) നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. ഖുര്‍ആനിന്റെ അവതരണത്തോടെ ജിന്നുകളുടെ കട്ടുകേള്‍ക്കല്‍ തടയപ്പെട്ടിരിക്കുന്നുവെന്നും അവിടെ അല്ലാഹു ഒരുതരം പാറാവ് ഏര്‍പ്പെടുത്തിയിരിക്കുകയും അവിടം തീജ്വാലകള്‍ നിറക്കപ്പെടുകയും ചെയ്തിരിക്കുന്നുവെന്നും ഇനിയും ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍ നാനാഭാഗത്തുനിന്നും അവ൪ക്ക് ഏറ് ബാധിക്കുമെന്നും അതോടൊപ്പം കാത്തിരിക്കുന്ന അഗ്നിജ്വാലയെ കണ്ടെത്താനാകും അഥവാ അവ൪ അഗ്നിജ്വാലയാല്‍ നശിപ്പിക്കപ്പെടുമെന്നും പറഞ്ഞുവല്ലോ. എന്നാല്‍ ചിലപ്പോൾ തീജ്വാലകൾ പിടികൂടുന്നതിന് മുമ്പായി അവ൪ അത് ജ്യോൽസ്യന്റെയോ മാരണക്കാരന്റെയോ അടുക്കല്‍ എത്തിച്ചു നൽകുമെന്ന് നബി(സ്വ) വിശദീകരിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ “ إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ ضَرَبَتِ الْمَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ، قَالُوا لِلَّذِي قَالَ الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ فَيَسْمَعُهَا مُسْتَرِقُ السَّمْعِ، وَمُسْتَرِقُ السَّمْعِ هَكَذَا بَعْضُهُ فَوْقَ بَعْضٍ ـ وَوَصَفَ سُفْيَانُ بِكَفِّهِ فَحَرَفَهَا وَبَدَّدَ بَيْنَ أَصَابِعِهِ ـ فَيَسْمَعُ الْكَلِمَةَ، فَيُلْقِيهَا إِلَى مَنْ تَحْتَهُ ثُمَّ يُلْقِيهَا الآخَرُ إِلَى مَنْ تَحْتَهُ، حَتَّى يُلْقِيَهَا عَلَى لِسَانِ السَّاحِرِ أَوِ الْكَاهِنِ، فَرُبَّمَا أَدْرَكَ الشِّهَابُ قَبْلَ أَنْ يُلْقِيَهَا، وَرُبَّمَا أَلْقَاهَا قَبْلَ أَنْ يُدْرِكَهُ، فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ، فَيُقَالُ أَلَيْسَ قَدْ قَالَ لَنَا يَوْمَ كَذَا وَكَذَا كَذَا وَكَذَا فَيُصَدَّقُ بِتِلْكَ الْكَلِمَةِ الَّتِي سَمِعَ مِنَ السَّمَاءِ ”.
അബൂഹുറൈറയില്‍ ( റ) നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു :അല്ലാഹു ആകാശത്ത് ഒരു കാര്യം വിധിച്ചാൽ അല്ലാഹുവിന്റെ വാക്കിന് വിനയാന്വിതരായി മലക്കുകൾ തങ്ങളുടെ ചിറകുകളടിക്കും. ( കേള്‍ക്കപ്പെടുന്ന പ്രസ്തുത ശബ്ദം ) മിനുസമുള്ള പാറയിൽ ചങ്ങല വലിക്കുന്നത് പോലെയിരിക്കും. ആ ശബ്ദം (അല്ലാഹുവിന്റെ വചനം ) മലക്കുകളിലേക്ക് ചെന്നെത്തും. അല്ലാഹു പറഞ്ഞു :അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും: നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത്. അവര്‍ മറുപടി പറയും: (അവന്‍ പറഞ്ഞത്) സത്യമാണ്, അവന്‍ ഉന്നതനും മഹാനുമാകുന്നു. അപ്പോൾ അല്ലാഹു വിധിച്ച ആ വചനത്തെ കട്ടു കേൾക്കുന്ന പിശാചുക്കൾ കേൾക്കും. കട്ടു കേൾക്കുന്ന പിശാചുക്കൾ ചിലർ, ചിലർക്കു മുകളിൽ അട്ടിയട്ടിയായിക്കൊണ്ടായിരിക്കുമെന്ന് സുഫ്‌യാനുബിനു ഉയൈയ്ന (റ) തന്റെ വിരലുകൾ വിടർത്തിയും ചെരിച്ചും കൈപ്പത്തി കൊണ്ട് വിവരിച്ചു കാണിച്ചു. വചനങ്ങൾ കട്ടുകേൾക്കുകയും തന്റെ താഴെയുള്ളവരിലേക്ക് നൽകുകയും, പിന്നീട് അയാൾ തന്റെ താഴെയുള്ളവരിലേക്ക് നൽകുകയും ചെയ്യും. അങ്ങനെ ജ്യോൽസ്യന്റെയോ മാരണക്കാരന്റെയോ നാവുകളിലേക്കവർ അതിനെ (ആ വാർത്തയെ) എത്തിക്കും. ചിലപ്പോൾ അതിനെ എത്തിച്ചു നൽകുന്നതിനു മുമ്പായി തീജ്വാലകൾ അവരെ പിടികൂടും. ചിലപ്പോൾ തീജ്വാലകൾ പിടികൂടുന്നതിനു മുമ്പായി അവരതിനെ എത്തിച്ചു നൽകും. (വചനം ലഭിച്ച ജ്യോൽസ്യനും മാരണക്കാരനും) അതോടൊപ്പം നൂറ് കളവുകൾ ചേർത്ത് പറയും. അപ്പോൾ പറയപ്പെടും : അയാൾ നമ്മോട് നിർണ്ണിത ദിനങ്ങളിലെ ഏതാനും കാര്യങ്ങള്‍ പറഞ്ഞിട്ടില്ലേ? ആകാശത്തിൽ നിന്നും കേളക്കപ്പെട്ട പ്രസ്തുത വചനംകൊണ്ട് (മാരണക്കാരനും ജ്യോൽസ്യനും തങ്ങള്‍ പറഞ്ഞ നൂറ് കളവുകളില്‍) സത്യപ്പെടുത്തപ്പെടുകയുംചെയ്യും. (ബുഖാരി:4800)
വിശുദ്ധ ഖുര്‍ആനിന്റെ സൂചനയും ചേര്‍ത്ത് വായിക്കുക.
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ ﴿١٠﴾
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. അത്യുന്നതമായ സമൂഹത്തിന്റെ (ആകാശലോകത്തുള്ള മലക്കുകൾ) നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും, ബഹിഷ്കൃതരായിക്കൊണ്ട്. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്. പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.(ഖു൪ആന്‍:37/6-10)
ഈ വചനത്തിൽ ‘ഒഴികെ’ എന്ന് അല്ലാഹു പ്രയോഗിച്ചിരിക്കുന്നു. അതില്ലെങ്കിൽ അവർ ഒരിക്കലും ഒന്നും കേൾക്കുന്നില്ലെന്നതിന് തെളിവാകും. അതിനാൽ അല്ലാഹു പറയുന്നു: {ആരെങ്കിലും പെട്ടെന്ന് റാഞ്ചിയെടുക്കുകയാണെങ്കിൽ അവനൊഴികെ} ധിക്കാരികളായ പിശാചുക്കളിൽ ചിലർ എടുക്കുന്നതല്ലാതെ രഹസ്യമായും പരസ്യമായും മോഷ്ടിച്ചും എടുക്കുന്ന ഒരു വാക്ക്. {അപ്പോൾ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്} ചിലപ്പോൾ, അവനത് ‘തന്റെ ആളുകളിലേക്ക്’ എത്തിക്കാൻ കഴിയും മുമ്പ്. ആകാശവർത്തമാനം അപ്പോൾ നിലയ്ക്കും. ചിലപ്പോൾ അത് അറിയിക്കും; തീജ്വാല അവരെ പിടികൂടും മുമ്പ്. എന്നിട്ടവർ അതിന്റെ കൂടെ നൂറ് കളവുകൾ ചേർക്കും. അവർ കേട്ട ഒരു വചനത്തിന്റെ കൂടെ. (തഫ്സീറുസ്സഅ്ദി)
ജ്യോൽസ്യന്‍മാ൪ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് പഠിപ്പിക്കുന്നതിനുവേണ്ടിയാണ് നബി(സ്വ) ഇപ്രകാരം നമുക്ക് വിശദീകരിച്ചു തന്നിട്ടുള്ളത്.
عَنْ عَائِشَةُ سَأَلَ أُنَاسٌ رَسُولَ اللَّهِ صلى الله عليه وسلم عَنِ الْكُهَّانِ فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وسلم ” لَيْسُوا بِشَىْءٍ ”. قَالُوا يَا رَسُولَ اللَّهِ فَإِنَّهُمْ يُحَدِّثُونَ أَحْيَانًا بِالشَّىْءِ يَكُونُ حَقًّا. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” تِلْكَ الْكَلِمَةُ مِنَ الْحَقِّ يَخْطَفُهَا الْجِنِّيُّ، فَيَقُرُّهَا فِي أُذُنِ وَلِيِّهِ قَرَّ الدَّجَاجَةِ، فَيَخْلِطُونَ فِيهَا أَكْثَرَ مِنْ مِائَةِ كَذْبَةٍ
ആയിശയില്‍ (റ)യില്‍ നിന്നും നിവേദനം: ചില ആളുകള്‍ ഗണിതക്കാരെ (ജോല്‍സ്യന്‍മാരെ) സംബന്ധിച്ച് നബിയോട്(സ്വ) ചോദിക്കുകയുണ്ടായി. നബി(സ്വ) പറഞ്ഞു: അവര്‍ ഒന്നും തന്നെയല്ല അഥവാ അതില്‍ യാതൊരടിസ്ഥാനവുമില്ല. അപ്പോള്‍ അവര്‍ ചോദിച്ചു: അവര്‍ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യഥാര്‍ത്ഥമാകാറുണ്ടല്ലോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു:യഥാര്‍ത്ഥമായി പുലരുന്ന ആ വാക്ക് ജിന്നു വര്‍ഗ്ഗത്തില്‍ പെട്ടവന്‍ തട്ടിയെടുക്കുന്നതാണ്. എന്നിട്ട് അവന്‍ തന്റെ ബന്ധുക്കളുടെ കാതില്‍, പിടക്കോഴി ‘കറകറ’ എന്ന് കുറുകും പ്രകാരം അത് കുറുകി (മന്ത്രിച്ചു) കൊടുക്കുന്നു. അങ്ങനെ, അവര്‍ അതില്‍കൂടി നൂറിലേറെ കളവും കൂട്ടിക്കലര്‍ത്തുന്നു.(ബുഖാരി:6213)
أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، قَالَ أَخْبَرَنِي رَجُلٌ، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم مِنَ الأَنْصَارِ أَنَّهُمْ بَيْنَمَا هُمْ جُلُوسٌ لَيْلَةً مَعَ رَسُولِ اللَّهِ صلى الله عليه وسلم رُمِيَ بِنَجْمٍ فَاسْتَنَارَ فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وسلم ” مَاذَا كُنْتُمْ تَقُولُونَ فِي الْجَاهِلِيَّةِ إِذَا رُمِيَ بِمِثْلِ هَذَا ” . قَالُوا اللَّهُ وَرَسُولُهُ أَعْلَمُ كُنَّا نَقُولُ وُلِدَ اللَّيْلَةَ رَجُلٌ عَظِيمٌ وَمَاتَ رَجُلٌ عَظِيمٌ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” فَإِنَّهَا لاَ يُرْمَى بِهَا لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ وَلَكِنْ رَبُّنَا تَبَارَكَ وَتَعَالَى اسْمُهُ إِذَا قَضَى أَمْرًا سَبَّحَ حَمَلَةُ الْعَرْشِ ثُمَّ سَبَّحَ أَهْلُ السَّمَاءِ الَّذِينَ يَلُونَهُمْ حَتَّى يَبْلُغَ التَّسْبِيحُ أَهْلَ هَذِهِ السَّمَاءِ الدُّنْيَا ثُمَّ قَالَ الَّذِينَ يَلُونَ حَمَلَةَ الْعَرْشِ لِحَمَلَةِ الْعَرْشِ مَاذَا قَالَ رَبُّكُمْ فَيُخْبِرُونَهُمْ مَاذَا قَالَ – قَالَ – فَيَسْتَخْبِرُ بَعْضُ أَهْلِ السَّمَوَاتِ بَعْضًا حَتَّى يَبْلُغَ الْخَبَرُ هَذِهِ السَّمَاءَ الدُّنْيَا فَتَخْطَفُ الْجِنُّ السَّمْعَ فَيَقْذِفُونَ إِلَى أَوْلِيَائِهِمْ وَيُرْمَوْنَ بِهِ فَمَا جَاءُوا بِهِ عَلَى وَجْهِهِ فَهُوَ حَقٌّ وَلَكِنَّهُمْ يَقْرِفُونَ فِيهِ وَيَزِيدُونَ ” .
ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) യുടെ അനുചരന്മാരിൽ പെട്ട അൻസ്വാരിയായ ഒരാൾ എന്നോട് പറഞ്ഞു: ‘ഒരു രാത്രി അവര്‍ നബി (സ്വ) യൊന്നിച്ച് ഇരിക്കുമ്പോൾ ഒരു നക്ഷത്രത്തിൻ്റെ ഏറും വെളിച്ചവും (കൊള്ളിമീൻ) ഉണ്ടായി. നിങ്ങൾ ജാഹിലിയ്യത്തിൽ ഇതിനെപ്പറ്റി എന്തു പറഞ്ഞിരുന്നു? എന്ന് നബി (സ്വ) ചോദിച്ചു. അല്ലാഹുവിനും അവന്റെ റസൂലിനുമാണ് അതിനെ കുറിച്ച് കൃത്യമായി അറിയുന്നത്, മഹാനായ ഒരാൾ ജനിച്ചിട്ടുണ്ട്. അല്ലെങ്കിൽ മരിച്ചിട്ടുണ്ട് എന്ന് ഞങ്ങൾ പറഞ്ഞിരുന്നുവെന്ന് അവർ മറുപടി പറഞ്ഞു. തിരുമേനി പറഞ്ഞു: (ഈ നക്ഷത്രങ്ങൾ) ആരുടെയും മരണത്തിലോ ആരുടെ ജനനത്തിലോ അല്ല എറിയപ്പെടുന്നത്.. പക്ഷേ, നമ്മുടെ റബ്ബ് ഒരു കാര്യം തീരുമാനിച്ചാൽ അര്‍ശ് വഹിക്കുന്ന മലക്കുകൾ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും പിന്നെ ആകാശത്തുള്ളവരും പ്രകീര്‍ത്തിക്കുകയും ചെയ്യും. ആകാശത്തുള്ളവർ അന്യോന്യം വിവരം പറയും. അങ്ങനെ ആ വർത്തമാനം ഏറ്റവും അടുത്ത ആകാശത്തുള്ളവ രിലെത്തും. ജിന്നുകൾ (അവരിൽനിന്നു) അതു കേട്ടു തട്ടിയെടുക്കും. എന്നിട്ട് അവർ തങ്ങളുടെ ബന്ധുക്കളിലേക്കു എറിഞ്ഞുകൊടുക്കും. (അപ്പോൾ ഇതു സംഭവിക്കുന്നു.) (മുസ്ലിം:2229)
ചുരുക്കത്തില്‍ പിശാചുക്കളുടെ കട്ടുകേള്‍വി ഇന്നും സംഭവിക്കുന്നുണ്ട്. കട്ടുകേള്‍ക്കുന്നവ൪ നക്ഷത്രങ്ങളില്‍ നിന്നുള്ള തീ ജ്വാലകളാല്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചിലപ്പോൾ തീജ്വാലകൾ പിടികൂടുന്നതിന് മുമ്പായി അവരതിനെ ജ്യോൽസ്യന്റെയോ മാരണക്കാരന്റെയോ അടുക്കല്‍ എത്തിച്ചു നൽകും.
kanzululoom.com