നമസ്കാരം : വിധിവിലക്കുകൾ

നമസ്‌കാരത്തിന്റെ നിബന്ധനകൾ

1. നിർബന്ധ നമസ്‌കാരങ്ങൾ

നിർബന്ധ നമസ്‌കാരങ്ങൾ അഞ്ചാകുന്നു. ഫജ്ർ (സ്വുബ്ഹി), ദ്വുഹ്ർ, അസ്വ‌്‌ർ, മഗ്‌രിബ്, ഇശാഅ് എന്നിവയാണ് അവ. നിർബന്ധ നമസ്‌കാരങ്ങൾ ഇവയാകുന്നു എന്നതിൽ ഏകാഭിപ്രായമുണ്ട്. ത്വൽഹത്ത് ഇബ്‌നുഉബയ്ദില്ല رضى الله عنه വിൽ നിന്നുള്ള ഹദീസ് ഈ വിഷയം അറിയിക്കുന്നു:

أن أعرابياً قال: يا رسول الله ماذا فرض الله عليَّ من الصلاة؟ قال: خمس صلوات في اليوم والليلة ….

ഒരു അഅ്‌റാബി പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, നമസ്‌കാരത്തിൽ അല്ലാഹു എനിക്കു നിർബന്ധമാക്കിയത് ഏതാണ്?’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘രാവിലും പകലിലുമായി അഞ്ചു നമസ്‌കാരങ്ങളാണ്… (മുസ്ലിം)

ഗ്രാമീണനായ വ്യക്തിയുടെ സംഭവം വിവരിക്കുന്ന അനസ് رضى الله عنه വിൽ നിന്നുള്ള ഹദീസും ഇക്കാര്യം അറിയിക്കുന്നു. അദ്ദേഹം തിരുമേനിﷺയോടു ചോദിച്ചു:

وزعم رسولك أن علينا خمس صلوات في يومنا وليلتنا. قال – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: صدق …

രാവിലും പകലിലുമായി അഞ്ചു നമസ്‌കാരങ്ങൾ ഞങ്ങളുടെമേൽ നിർബന്ധമാണെന്ന് താങ്കളുടെ ദൂതൻ പറയുന്നു. തിരുനബിﷺ പറഞ്ഞു: ദൂതൻ സത്യമാണു പറഞ്ഞത്… (മുസ്ലിം)

2. നമസ്‌കാരം നിർബന്ധമാകുന്നവർ

പ്രായപൂർത്തിയായ, ബുദ്ധിയുള്ള, ആർത്തവകാരിയും പ്രസവരക്തമുള്ളവളുമല്ലാത്ത എല്ലാ മുസ്‌ലിമിനും നമസ്‌കാരം നിർബന്ധമാണ്. കുട്ടികൾക്ക് 7 വയസ്സ് പ്രായമെത്തിയാൽ അവരോട് നമസ്‌കരിക്കാൻ കൽപിക്കുകയും 10 വയസ്സ് പ്രായമെത്തിയവൻ നമസ്‌കാരം ഉപേക്ഷിച്ചാൽ അവരെ അടിക്കേണ്ടതുമാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ رُفِعَ الْقَلَمُ عَنْ ثَلاَثَةٍ ……. وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ ‏

മൂന്നു വിഭാഗങ്ങളിൽനിന്നു തൂലിക ഉയർത്തപ്പെട്ടിരിക്കുന്നു; (വിധിവിലക്കുകളിൽനിന്ന് അവർ ഒഴിവാക്കപെട്ടിരിക്കുന്നു)…. കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതുവരെ.

3. നമസ്‌കാരത്തിന്റെ നിബന്ധനകൾ

നമസ്‌കാരത്തിന്റെ ശർത്ത്വുകൾ (നിബന്ധനകൾ) 9 ആകുന്നു:

1. ഇസ്‌ലാം: കാഫിറിന്റെ കർമങ്ങൾ നിഷ്ഫലമാണെന്നതിനാൽ നമസ്‌കാരം അവനിൽനിന്ന് സ്വീകരിക്കപ്പെയുകയില്ല.

2. ബുദ്ധി: ഭ്രാന്തനു വിധിവിലക്കുകളില്ലാത്തതിനാൽ അവന്റെ നമസ്‌കാരം സ്വഹീഹാവുകയില്ല.

3. പ്രായപൂർത്തിയാവുക: പ്രായപൂർത്തിയാകുന്നതുവരെ കുട്ടിക്കു നമസ്‌കാരം നിർബന്ധമില്ല.

 مروا أولادكم بالصلاة لسبع، واضربوهم عليها لعشر، وفرقوا بينهم في المضاجع

തിരുനബിﷺ പറഞ്ഞു: നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ നിങ്ങളവരോടു നമസ്‌കാരംകൊണ്ടു കൽപിക്കുക. പത്തു വയസ്സായിട്ടും (നമസ്‌കരിക്കാത്തവരെ) അതിന്റെ പേരിൽ നിങ്ങൾ അടിക്കുക. കിടപ്പറകളിൽ അവരെ നിങ്ങൾ വേർപ്പെടുത്തുകയും ചെയ്യുക.

4. വലിയ അശുദ്ധിയിൽനിന്നും ചെറിയ അശുദ്ധിയിൽനിന്നും ശുദ്ധിയാകൽ: ഇബ്‌നുഉമര്‍ رضى الله عنه വിൽ നിന്നുള്ള ഹദീസിൽ നബിﷺ പറഞ്ഞു:

لا يقبل الله صلاة بغير طهور

ശുദ്ധിവരുത്താതെ യാതൊരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല. (മുസ്ലിം)

5. സമയബന്ധിതമായ നമസ്‌കാരത്തിനു സമയമാകൽ: അല്ലാഹു പറഞ്ഞു:

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു. (ഖു൪ആന്‍ :2/103)

ജിബ്‌രീൽ നബിﷺക്ക് അഞ്ചു നമസ്‌കാരങ്ങളിൽ ഇമാമുനിന്ന സംഭവം വിവരിക്കുന്ന ഹദീസിൽ (സമയത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇമാമത്തു നിന്ന ശേഷം) ജിബ്‌രീൽ ഇങ്ങനെ പറഞ്ഞതായി കാണാം:

ما بين هذين الوقتين وقت

ഈ രണ്ടു സമയങ്ങൾക്കിടയിലാകുന്നു സമയം. (അഹ്മദ്, നസാഇ, തിര്‍മിദി)

അതിനാൽ നമസ്‌കാരം അതിന്റെ സമയമാകുന്നതിനു മുമ്പ് സ്വഹീഹാവുകയില്ല. ഒഴിവുകഴിവുണ്ടെങ്കിലല്ലാതെ സമയം കഴിഞ്ഞതിനുശേഷവും സ്വഹീഹാവുകയില്ല.

6. തൊലിയെ തെളിയിച്ചു കാണിക്കാത്തവിധമുള്ള വല്ലതുകൊണ്ടും നഗ്നത (ഔറത്ത്) മറക്കൽ. അല്ലാഹു പറഞ്ഞു:

يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. (ഖു൪ആന്‍ :7/31)

പ്രായപൂർത്തിയായ പുരുഷന്റെ ഔറത്ത് കാൽമുട്ടിനും പൊക്കിളിനുമിടയിലുള്ളതാകുന്നു. തിരുനബിﷺ ജാബിര്‍ رضى الله عنه വിനോട് പറഞ്ഞു:

إذا صليت في ثوب واحد، فإن كان واسعاً فالتحف به، وإن كان ضيقاً فاتزر به

താങ്കളുടെ മേൽ ഒരു വസ്ത്രമുണ്ടായിരിക്കെ താങ്കൾ നമസ്‌കരിച്ചാൽ, അതു വിശാലമാണെങ്കിൽ അതുകൊണ്ടു ചുറ്റുക. അത് ഇടുങ്ങിയതാണെങ്കിൽ താങ്കൾ അത് തുണിയാക്കിയുടുക്കുക. (ബുഖാരി, മുസ്ലിം)

ഏറ്റവും അനുയോജ്യവും ഉത്തമവുമായത് പുരുഷൻ അവന്റെ ചുമലിൽ വല്ല വസ്ത്രവും ധരിക്കലാണ്. കാരണം ഒരാൾ ഒരു വസ്ത്രത്തിലായി അതിൽനിന്ന് അവന്റെ ചുമലിൽ യാതൊന്നുമില്ലാതെ നമസ്‌കരിക്കുന്നത് തിരുനബി വിരോധിച്ചിട്ടുണ്ട്.

സ്ത്രീ മുഴുവനും ഔറത്താകുന്നു; അവളുടെ മുഖവും ഇരു കൈപടങ്ങളുമൊഴിച്ച്. എന്നാൽ അവൾ അന്യപുരുഷന്മാരുടെ മുന്നിൽ നമസ്‌കരിക്കുകയായാൽ അവൾ ശരീരം മുഴുവനും മറക്കേണ്ടതുണ്ട്. തിരുനബിﷺ പറഞ്ഞു:المرأة عورة (സ്ത്രീ ഔറത്താകുന്നു). (തിര്‍മിദി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لا يقبل الله صلاة حائض إلا بخمار

തിരുനബിﷺ പറഞ്ഞു: ഖിമാർ (മുഖമക്കന, മൂടുവസ്ത്രം) ധരിച്ചുകൊണ്ടല്ലാതെ പ്രയപൂർത്തിയായ സ്ത്രീയുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല.

7. നമസ്‌കരിക്കുന്നവന്റെ ശരീരം, വസ്ത്രം, നമസ്‌കരിക്കുന്ന സ്ഥലം എന്നിവയിൽനിന്ന് നജസ് ഒഴിവാക്കുക. അല്ലാഹു പറഞ്ഞു:

وَثِيَابَكَ فَطَهِّرْ

നിന്റെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും ചെയ്യുക. (ഖു൪ആന്‍ :7/31)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: نَزَّهوا عن البول؛ فإن عامة عذاب القبر منه

നബിﷺ പറഞ്ഞു: നിങ്ങൾ മൂത്രവിസർജനത്തിൽനിന്ന് ശുദ്ധിയാവുക. കാരണം ക്വബ്ർ ശിക്ഷ പൊതുവെ മൂത്രവിസർജനം കാരണത്താലാകുന്നു. (ദാറഖുത്നി)

വസ്ത്രത്തിൽ പുരളുന്ന ആർത്തവരക്തത്തിന്റെ വിഷയത്തിൽ നബിﷺ അസ്മാഅ് رضى الله عنه  വിനോടു പറഞ്ഞു:

تحتُّه، ثم تقرصه بالماء، ثم تنضحه، ثم تصلي فيه

അത് നഖംകൊണ്ടു ചുരണ്ടുകയും വെള്ളമുപയോഗിച്ച് ഉരക്കുകയും അതിൽ വെള്ളം കുടയുകയും ശേഷം ആ വസ്ത്രത്തിൽ നമസ്‌കരിക്കുകയും ചെയ്യുക. (ബുഖാരി, മുസ്ലിം)

ഗ്രാമീണൻ പള്ളിയിൽ മൂത്രവിസർജനം നടത്തിയ വേളയിൽ നബിﷺ തന്റെ അനുചരന്മാരോടു പറഞ്ഞു:

أريقوا على بوله سجلاً من ماء

അയാളുടെ മൂത്രവിസർജനത്തിൽ നിങ്ങൾ ഒരു തൊട്ടി വെള്ളം ഒഴിക്കുക. (ബുഖാരി)

8. കഴിവുള്ളതോടൊപ്പം ക്വിബ്‌ലയിലേക്കു മുന്നിടുക: അല്ലാഹു പറഞ്ഞു:

فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ

ഇനിമേൽ നീ നിന്റെ മുഖം മസ്ജിദുൽഹറാമിന്റെ നേർക്ക് തിരിക്കുക. (ഖു൪ആന്‍: 2/144)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إذا قمت إلى الصلاة فأسبغ الوضوء، ثم استقبل القبلة

നബിﷺ പറഞ്ഞു: താങ്കൾ നമസ്‌കാരത്തിന് ഉദ്ദേശിച്ചാൽ സമ്പൂർണമായി വുദൂഅ് ചെയ്യുക. ശേഷം ക്വിബ്‌ലയിലേക്കു മുന്നിടുകയും ചെയ്യുക. (ബുഖാരി, മുസ്ലിം)

9. നിയ്യത്ത്: യാതൊരു അവസ്ഥയിലും നിയ്യത്തിൽ ഉപേക്ഷ വരുത്താവതല്ല. ഉമര്‍ رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

إنما الأعمال بالنيات

നിശ്ചയം, കർമങ്ങൾ നിയ്യത്തുകൾകൊണ്ടു മാത്രമാണ്.

നിയ്യത്തിന്റെ സ്ഥാനം ഹൃദയമാകുന്നു. ഒരു കാര്യത്തിനായി ഉറച്ച തീരുമാനമെടുക്കുക എന്നതാണ് അതിന്റെ യാഥാർഥ്യം. നിയ്യത്ത് ഉച്ചരിക്കൽ ശറആക്കപ്പെട്ടിട്ടില്ല. കാരണം, നബിﷺ നിയ്യത്ത് ഉച്ചരിച്ചിട്ടില്ല. നബിയുടെ അനുചരന്മാരിൽ ഒരാളും അപ്രകാരം ചെയ്തതായി വന്നിട്ടുമില്ല.

നമസ്‌കാരത്തിന്റെ റുക്‌നുകൾ

ഏതൊന്നിനാലാണോ ഇബാദത്തുകൾ (ആരാധനകൾ) രൂപീകൃതമാകുന്നത് അവയാണ് റുക്‌നുകൾ. അവയില്ലാതെ ഇബാദത്ത് ശരിയാവുകയില്ല. ശർത്വ് ഇബാദത്തിനെ മുൻകടക്കുകയും ഇബാദത്തിനോടൊപ്പം തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും; എന്നാൽ ഇബാദത്ത് ഉൾകൊള്ളുന്നതായ വാക്കുകളും പ്രവൃത്തികളുമാകുന്നു റുക്‌നുകൾ എന്നതാണ് റുക്‌നുകളും ശർത്വുകളും തമ്മിലുള്ള വ്യത്യാസം.

നമസ്‌കാരത്തിന്റെ റുക്‌നുകൾ 14 ആകുന്നു. ബോധപൂർവമായും മറവിയാലും അജ്ഞതയാലും ഉപേക്ഷവരുത്തപ്പെടുവാൻ പാടില്ലാത്തവയാണ് റുക്‌നുകൾ. അവയുടെ വിവരണം താഴെ വരും വിധമാണ്:

1. കഴിവുള്ളവൻ നിർബന്ധ (ഫർദ്) നമസ്‌കാരത്തിൽ നേരെ നിവർന്നു നിൽക്കൽ: അല്ലാഹു പറഞ്ഞു:

وَقُومُوا۟ لِلَّهِ قَٰنِتِينَ

അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖു൪ആന്‍:2/238)

ഇംറാൻ ഇബ്‌നു ഹുസ്വയ്‌ന്‍ رضى الله عنه വിനോടു തിരുനബിﷺ പറഞ്ഞു:

صَل قائماً، فإن لم تستطع فقاعداً، فإن لم تستطع فعلى جنب

താങ്കൾ നിന്നുകൊണ്ടു നമസ്‌കരിക്കുക. താങ്കൾക്ക് അതിനു സാധിച്ചിട്ടില്ലെയെങ്കിൽ ഇരുന്നുകൊണ്ടും അതിനു സാധിച്ചിട്ടില്ലെങ്കിൽ കിടന്നുകൊണ്ടും താങ്കൾ നമസ്‌കരിക്കുക.(ബുഖാരി)

രോഗം, പേടി പോലുള്ള ഒഴിവുകഴിവുകളുണ്ടായാൽ നിർബന്ധനമസ്‌കാരങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുവാൻ ഒരാൾക്ക് ഇളവുണ്ട്. അയാൾക്കു തന്റെ അവസ്ഥക്ക് അനുസൃതമായി ഇരുന്നോ അല്ലെങ്കിൽ കിടന്നോ നമസ്‌കരിക്കാവുന്നതാണ്. എന്നാൽ സുന്നത്തു നമസ്‌കാരങ്ങളിൽ നിൽക്കുകയെന്നത് സുന്നത്താകുന്നു; റുക്ൻ അല്ല. എന്നാൽ അവയിൽ നിൽക്കുന്നവന്റെ നമസ്‌കാരമാണ് ഇരിക്കുന്നവന്റെ നമസ്‌കാരത്തെക്കാൾ ഉത്തമം. നബിﷺ പറഞ്ഞു:

صلاة القاعد على النصف من صلاة القائم

ഇരിക്കുന്നവന്റെ നമസ്‌കാരം നിൽക്കുന്നവന്റെ നമസ്‌കാരത്തിനു പകുതിയാകുന്നു. (മുസ്ലിം)

2. നമസ്‌കാരത്തിന്റെ ആരംഭത്തിലുള്ള തക്ബീറതുൽ ഇഹ്‌റാം: ‘അല്ലാഹു അക്ബർ’ എന്ന വചനമാണത്. നമസ്‌കരിക്കുന്നവന് അതല്ലാത്ത മറ്റൊരു പ്രയോഗവും മതിയാവുകയില്ല. നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു:

إذا قمت إلى الصلاة فكبر

താങ്കൾ നമസ്‌കരിക്കുവാൻ നിന്നാൽ തക്ബീർ ചൊല്ലുക. (ബുഖാരി, മുസ്ലിം)

تحريمها التكبير وتحليلها التسليم

നമസ്‌കാരത്തിന്റെ തഹ്‌രീം (മറ്റു കാര്യങ്ങൾ പാടില്ലാതാക്കുന്നത്) തക്ബീറതുൽ ഇഹ്‌റാമും നമസ്‌കാരത്തിന്റെ തഹ്‌ലീൽ (ഇതരകാര്യങ്ങൾ അനുവദിക്കുന്നത്) തസ്‌ലീമും (സലാം വീട്ടലും) ആകുന്നു. (അബൂദാവൂദ്, ഇബ്നുമാജ, തിര്‍മിദി)

3. എല്ലാ റക്അത്തുകളിലും ക്രമ പ്രകാരം സൂറതുൽ ഫാതിഹ പാരായണം ചെയ്യൽ: നബിﷺ പറഞ്ഞു:

لا صلاة لمن لم يقرأ بفاتحة الكتاب

സൂറതുൽ ഫാതിഹ പാരായണം ചെയ്തിട്ടില്ലാത്തവർക്ക് നമസ്‌കാരമില്ല. (ബുഖാരി, മുസ്ലിം)

ഇമാമിനെ റുകൂഇൽ തുടർന്ന, അല്ലെങ്കിൽ ഫാതിഹ ഓതുവാൻ അവസരം ലഭിക്കാത്തത്ര സമയം നിറുത്തത്തിൽ ഇമാമിനെ തുടർന്ന മസ്ബൂക്വ് (വൈകിവരുന്നവൻ) ഇതിൽനിന്ന് ഒഴിവാക്കപ്പെടും. ഉറക്കെ പാരായണം ചെയ്യപ്പെടുന്ന നമസ്‌കാരങ്ങളിലും മഅ്മൂമ് ഫാതിഹ ഓതുന്നതിൽനിന്ന് ഒഴിവാക്കപ്പെടും. (*) എന്നാൽ ഇമാമിന്റെ മൗനവേളകളിൽ മഅ്മൂമ് ഓതുകയാണെങ്കിൽ അതാണ് സൂക്ഷ്മതക്ക് ഏറ്റവും നല്ലത്.

(*) ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ മഅ്മൂം ഫാതിഹ ഓതണമോയെന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇരുപക്ഷത്തും പ്രബലരായ പണ്ഢിതരുണ്ട്. മേൽ വിവരിച്ചതിൽ നിന്നും പതുക്കെ ഓതുന്ന നമസ്കാരങ്ങൾക്ക് പുറമേ, ഉറക്കെ ഓതുന്ന നമസ്കാരങ്ങളിലും മഅ്മൂം ഫാതിഹ ഓതണമെന്നതാണ് ശരിയോട് കൂടുതൽ അടുത്ത അഭിപ്രായം. الله اعلم (Admin – Kanzul Uloom)

4. ഓരോ റക്അത്തുകളിലും റുകൂഅ് ചെയ്യൽ:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟

സത്യവിശ്വാസികളേ, നിങ്ങൾ റുകൂഉം സുജൂദും ചെയ്യുക. (ഖു൪ആന്‍:22/77)

നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു:

ثم اركع حتى تطمئن راكعاً

പിന്നീട് റുകൂഅ് ചെയ്യുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ റുകൂഅ് ചെയ്യുക. (ബുഖാരി, മുസ്ലിം)

5, 6. റുകൂഇൽനിന്ന് തലയുയർത്തലും നേരെ നിവർന്നുനിൽക്കലും: നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു:

واركع حتى تطمئن راكعاً ثم ارفع حتى تعتدل قائماً

റുകൂഅ് ചെയ്യുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ റുകൂഉം ചെയ്യുക. ശേഷം നേരെ നിവർന്നുനിൽക്കുവോളം താങ്കൾ റുകൂഇൽനിന്ന് ഉയരുക.

7. സുജൂദ്: അല്ലാഹു പറഞ്ഞു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟

സത്യവിശ്വാസികളേ, നിങ്ങൾ റുകൂഉം സുജൂദും ചെയ്യുക. (ഖു൪ആന്‍:22/77)

നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു:

ثم اسجد حتى تطمئن ساجداً

സുജൂദു ചെയ്യുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ സുജൂദുചെയ്യുക…

ഇബ്‌നു അബ്ബാസ് رضى الله عنهവിൽ നിന്നുള്ള ഹദീസിൽ പരാമർശിക്കപ്പെട്ടതുപോലെ, ഏഴു അവയവങ്ങളിലായി ഓരോ റക്അത്തിലും രണ്ടു തവണയാണ് സുജൂദ്. പ്രസ്തുത ഹദീസിൽ ഇപ്രകാരമുണ്ട്:

أمرت أن أسجد على سبعة أعظم: الجبهة -وأشار بيده إلى أنفه- واليدين، والركبتين، وأطراف القدمين

ഏഴു അസ്ഥികളിൽ (അവയവങ്ങളിൽ) സുജൂദുചെയ്യുവാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു; മൂക്കിലേക്കു ചൂണ്ടിക്കൊണ്ടു (നബിﷺ പറഞ്ഞു) നെറ്റി, രണ്ടു കൈകൾ, കാൽമുട്ടുകൾ, കാൽപാദങ്ങളുടെ വിരലറ്റങ്ങൾ.

8.9. സുജൂദിൽനിന്ന് തലയുയർത്തലും രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കലും: നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു:

ثم ارفع حتى تطمئن جالساً

ഇരിക്കുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ (സുജൂദിൽനിന്നു) തലയുയർത്തുകയും ചെയ്യുക…

10. ഓരോ റുക്‌നിലും ത്വുമഅ്‌നീനത്ത്: അടങ്ങിപ്പാർക്കലാണ് ‘ത്വുമഅ്‌നീനത്ത്.’ ഒാരോ റുക്‌നിലും നിർബന്ധമായും ചൊല്ലേണ്ട ദിക്‌റിന്റെ തോതനുസരിച്ചാണ് അടക്കവും ഒതുക്കവും വേണ്ടത്. കാരണം നമസ്‌കാരത്തിലെ ത്വുമഅ്‌നീനത്തിൽ ഉപേക്ഷവരുത്തി നമസ്‌കരിച്ച വ്യക്തിയോട് ഓരോ റുക്‌നിലും അതുകൊണ്ട് തിരുനബി കൽപിക്കുകയും അത് ഉപേക്ഷിച്ചതിനാൽ നമസ്‌കാരം മടക്കി നിർവഹിക്കുവാൻ അയാളോട് കൽപിക്കുകയും ചെയ്തു.

11. അവസാനത്തെ തശഹ്ഹുദ്:

عن عبد الله بن مسعود رضي الله عنه قال : -: كنا نقول قبل أن يفرض علينا التشهد: السلام على الله من عباده. فقال النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: لا تقولوا السلام على الله، ولكن قولوا: التحيات لله.

ഇബ്‌നുമസ്ഊദ് رضى الله عنه പറയുന്നു: തശഹ്ഹുദ് ഞങ്ങളുടെമേൽ ഫർദാക്കപ്പെടുന്നതിനുമുമ്പ് ഞങ്ങൾ പറയുമായിരുന്നു: ‘അസ്സലാമു അലല്ലാഹി മിൻ ഇബാദിഹി’ (ദാസന്മാരിൽനിന്ന് അല്ലാഹുവിന്റെ മേൽ സലാം). അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നിങ്ങൾ അസ്സലാമു അലല്ലാഹ് എന്നു പറയരുത്. എന്നാൽ നിങ്ങൾ അത്തഹിയ്യാത്തു ലില്ലാഹ്… എന്നു ചൊല്ലുക.’ (നസാഇ)

നിർബന്ധമാക്കപ്പെടുന്നതിനു മുമ്പ് എന്ന ഇബ്‌നുമസ്ഊദ് ഇബ്‌നുമസ്ഊദ് رضى الله عنه വിന്റെ വാക്കാണ് തശഹ്ഹുദ് ഫർദാണ് എന്നറിയിക്കുന്നത്.

12. അവസാനത്തെ തശഹ്ഹുദിനു വേണ്ടിയുള്ള ഇരുത്തം: കാരണം, തിരുനബി തശഹ്ഹുദിനുവേണ്ടി ഇരിക്കുകയും അതു നിത്യമാക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു:

صلوا كما رأيتموني أصلي

ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.

13. സലാം വീട്ടൽ: തിരുനബിﷺ പറഞ്ഞു:

تحليلها التسليم

നമസ്‌കാരത്തിന്റെ തഹ്‌ലീൽ (ഇതര കാര്യങ്ങൾ അനുവദിക്കുന്നത്) തസ്‌ലീം (സലാം വീട്ടൽ) ആകുന്നു. (അബൂദാവൂദ്, ഇബ്നുമാജ, തിര്‍മിദി)

വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം പറയണം.

14. മുകളിൽ വിവരിച്ച പ്രകാരം റുക്‌നുകളെ ക്രമപ്രകാരമാക്കൽ: കാരണം നബിﷺ ക്രമപ്രകാരമാണ് നമസ്‌കാരം നിർവഹിച്ചത്. നബിﷺ പറഞ്ഞു:

صلوا كما رأيتموني أصلي

ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.’

നേരാംവണ്ണം അടക്കവും ഒതുക്കവുമില്ലാതെ നമസ്‌കരിച്ച വ്യക്തിയെ ക്രമപ്രകാരം എന്ന ആശയമറിയിക്കുന്ന ‘സുമ്മ’ എന്ന വാക്കുപയോഗിച്ചാണ് നബിﷺ നമസ്‌കാരം പഠിപ്പിച്ചത്.

നമസ്‌കാരത്തിന്റെ വാജിബുകൾ

നമസ്‌കാരത്തിന്റെ വാജിബുകൾ 8 ആകുന്നു. അവ ബോധപൂർവം ഉപേക്ഷിച്ചാൽ നമസ്‌കാരം ബാത്വിലാകും (നിഷ്ഫലമാകും). മറന്നുകൊണ്ടോ അറിവില്ലായ്മകൊണ്ടോ അവ നിർവഹിച്ചില്ലെങ്കിൽ നമസ്‌കാരം സാധുവാകും. വാജിബുകൾ മറന്നാൽ അതിനു സഹ്‌വിന്റെ (മറവിയുടെ) സുജൂദ് നിർബന്ധമാകും.

വാജിബുകളും റുക്‌നുകളും തമ്മിലുള്ള വ്യത്യാസം: വല്ലവനും റുകുനുകൾ മറന്നാൽ അവ കൊണ്ടെത്തിച്ചാലല്ലാതെ അവന്റെ നമസ്‌കാരം സ്വഹീഹാവുകയില്ല. എന്നാൽ വല്ലവനും വാജിബുകൾ മറന്നാൽ അതിനു പകരം സഹ്‌വിന്റെ സുജൂദ് മതിയാകും. അതിനാൽ റുക്‌നുകൾ വാജിബുകളെക്കാൾ ശക്തിമത്തായവയാകുന്നു. വാജിബുകളുടെ വിവരണം താഴെ വരും വിധമാണ്:

1. തക്ബീറതുൽ ഇഹ്‌റാം ഒഴിച്ചുള്ള മറ്റു തക്ബീറുകൾ: ‘തക്ബീറാതുൽ ഇൻതിക്വാൽ’ എന്ന് അവയ്ക്കു പേരു പറയപ്പെടുന്നു. ഇബ്‌നു മസ്ഊദ് رضى الله عنه പറഞ്ഞു:

رأيت النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يكبر في كل رفع وخفض وقيام وقعود

എല്ലാ ഉയർച്ചയിലും കുനിയലിലും നിറുത്തത്തിലും ഇരുത്തത്തിലും നബിﷺ തക്ബീർ ചൊല്ലുന്നതു ഞാൻ കണ്ടു. (തിര്‍മിദി, നസാഇ)

നബിﷺ വഫാത്താകുവോളം അതു നിത്യമാക്കി. നബിﷺ പറഞ്ഞിട്ടുണ്ട്:

صلوا كما رأيتموني أصلي

ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.

2. റുകൂഇൽനിന്ന് ഉയരുമ്പോൾ ഇമാമും മുൻഫരിദും (ഒറ്റക്കു നമസ്‌കരിക്കുന്നവനും) ‘സമിഅല്ലാഹു ലിമൻഹമിദ’ (سَمِعَ اللهًُ لِمَنْ حَمِدَه) എന്നു പറയൽ: അബൂഹുറൈറ رضى الله عنهവിൽ നിന്നുള്ള ഹദീസാണ് അതിനു തെളിവ്:

كان رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يكبر حين يقوم إلى الصلاة، ثم يكبر حين يركع، ثم يقول: سمع الله لمن حمده حين يرفع صلبه من الركعة، ثم يقول وهو قائم: ربنا ولك الحمد

അല്ലാഹുവിന്റെ റസൂൽﷺ നമസ്‌കാരം ഉദ്ദേശിച്ചാൽ നിൽക്കുന്ന വേളയിൽ തക്ബീർ ചൊല്ലുമായിരുന്നു. പിന്നീട് റുകൂഇൽ പോകുമ്പോഴും തക്ബീർ ചൊല്ലുമായിരുന്നു. ശേഷം റകൂഇൽനിന്ന് മുതുകിനെ ഉയർത്തുന്ന വേളയിൽ നബിﷺ പറയും: ‘സമിഅല്ലാഹു ലിമൻ ഹമിദ.’ പിന്നീട് നിന്നുകൊണ്ട് അവിടുന്ന് പറയും: ‘റബ്ബനാ വലകൽ ഹംദ്’(رَبَّنَا وَلَكَ الحَمدُ) (മുസ്ലിം)

3. മഅ്മൂമ് ‘റബ്ബനാ വലകൽ ഹംദ്’ എന്നു മാത്രം പറയൽ: എന്നാൽ ഇമാമും മുൻഫരിദും (ഒറ്റക്കു നമസ്‌കരിക്കുന്നവനും) ‘സമിഅല്ലാഹു ലിമൻ ഹമിദ’ എന്നും ‘റബ്ബനാ വലകൽഹംദ്’ എന്നും പറയൽ സുന്നത്താകുന്നു; മുൻചൊന്ന അബൂഹുറൈറ رضى الله عنه വിൽ നിന്നുള്ള ഹദീസിൽ വന്നതുപോലെ. അബൂമൂസൽഅശ്അരി رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

وإذا قال: سمع الله لمن حمده، فقولوا: ربنا لك الحمد

ഇമാം സമിഅല്ലാഹു ലിമൻ ഹമിദ’ എന്നു പറഞ്ഞാൽ അപ്പോൾ നിങ്ങൾ ‘റബ്ബനാ ലകൽഹംദ്’ എന്നു പറയുക. (മുസ്ലിം, അഹ്മദ്)

4. റുകൂഇൽ ഒരു തവണ ‘സുബ്ഹാന റബ്ബിയൽഅദ്വീം’ (سبُحانَ ربِّي العظيمِ) എന്നു പറയൽ.

5. സജൂദിൽ ഒരു തവണ ‘സുബ്ഹാന റബ്ബിയൽ അഅ്‌ലാ’ (سبحان ربي الأعلى) എന്നു പറയൽ.

عَنْ حديثه رضى الله عنه قال:كان -يعني النبي (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) – يقول في ركوعه: سبحان ربي العظيم. وفي سجوده: سبحان ربي الأعلى

ഹുദയ്ഫ رضى الله عنه പറയുന്നു: നബി ﷺ റുകൂഇൽ ‘സുബ്ഹാന റബ്ബിയൽ അദ്വീം’ എന്നും തന്റെ സുജൂദിൽ ‘സുബ്ഹാന റബ്ബിയൽ അഅ്‌ലാ’ എന്നും പറയുമായിരുന്നു.

സുജൂദിലും റുകൂഇലും തസ്ബീഹ് മൂന്നു തവണയായി വർധിപ്പിക്കൽ സുന്നത്താകുന്നു.

6. രണ്ടു സുജൂദുകൾക്കിടയിൽ ‘റബ്ബിഗ്ഫിർലീ, റബ്ബിഗ്ഫിർലീ’ (رَبِّ اغْفِرْ لِيَّ) എന്നു പറയൽ: ഹുദയ്ഫ رضى الله عنه വിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:

كان يقول بين السجدتين: رب اغفر لي. رب اغفر لي

 നബിﷺ രണ്ടു സുജൂദുകൾക്കിടയിൽ ‘റബ്ബിഗ്ഫിർലീ, റബ്ബിഗ്ഫിർലീ’ എന്നു പ്രാർഥിക്കുമായിരുന്നു. (നസാഇ, ഇബ്നുമാജ)

7. ഒന്നാമത്തെ തശഹ്ഹുദ്: ഇമാം മറന്നുകൊണ്ട് എഴുന്നേറ്റാൽ മഅ്മൂമിന് ഈ തശഹ്ഹുദ് നിർബന്ധമില്ല; ഇമാമിനെ തുടരൽ നിർബന്ധമായതിനാലാണ് അത്. കാരണം നബിﷺ ഒന്നാമത്തെ തശഹ്ഹുദ് മറന്നപ്പോൾ അതിലേക്കു മടങ്ങിയിട്ടില്ല; സഹ്‌വിന്റെ സുജൂദുകൊണ്ടു പരിഹരിക്കുകയാണു ചെയ്തത്.

ഒന്നാമത്തെ തശഹ്ഹുദ്:

التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ടമായതും (അവനാണ്). നബിയേ, അങ്ങേക്ക് അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങൾക്കും സദ്‌വൃത്തരായ ദാസന്മാർക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാ രുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

8. ഒന്നാമത്തെ തശഹ്ഹുദിനുവേണ്ടിയുള്ള ഇരുത്തം: ഇബ്‌നുമസ്ഊദ് رضى الله عنه വിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:

إذا قعدتم في كل ركعتين فقولوا: التحيات لله ..

നിങ്ങൾ ഓരോ രണ്ടു റക്അത്തിലും ഇരുന്നാൽ നിങ്ങൾ ചൊല്ലുക: ‘അത്തഹിയ്യാത്തു ലില്ലാഹി… (അഹ്മദ്, നസാഇ)

രിഫാഅ ഇബ്‌നു റാഫിഅ് رضى الله عنه വിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:

فإذا جلست في وسط الصلاة فاطمئن، وافترش فخذك اليسرى، ثم تشهد

നമസ്‌കാരത്തിന്റെ മധ്യത്തിൽ നീ ഇരുന്നാൽ അടങ്ങിപ്പാർക്കുക. ഇടതു കാൽത്തുടയിൽ ഇഫ്തിറാശിന്റെ ഇരുത്തമിരിക്കുകയും ശേഷം തശഹ്ഹുദ് ചൊല്ലുകയും ചെയ്യുക. (അബൂദാവൂദ്)

(റുകൂഅ്, സുജൂദ്, ഇഅ്തിദാൽ, സുജൂദുകൾക്കിടയിലെ ഇരുത്തം, തശഹ്ഹുദ് എന്നിവയിലെല്ലാം സ്ഥിരപ്പെട്ടുവന്ന വ്യത്യസ്തമായ ദിക്‌റുകളും ദുആകളുമുള്ളതിനാൽ അവയിൽ ഏതെങ്കിലുമൊന്ന് ചൊല്ലിയാൽ മതിയാകുന്നതാണ് – എഡിറ്റർ)

നമസ്‌കാരത്തിന്റെ സുന്നത്തുകൾ

നമസ്‌കാരത്തിന്റെ സുന്നത്തുകൾ രണ്ടുവിധമുണ്ട്; കർമപരമായ സുന്നത്തുകളും വാചികമായ സു ന്നത്തുകളും.

കർമപരമായ സുന്നത്തുകൾ

തക്ബീറതുൽ ഇഹ്‌റാം ചൊല്ലുന്നതോടുകൂടിയും റുകൂഇലേക്കു പോകുമ്പോഴും റുകൂഇൽനിന്ന് ഉയരുമ്പോഴും കൈകൾ ഉയർത്തുകയും ഉടൻ അവ താഴ്ത്തുകയും ചെയ്യുക പോലുള്ളതെല്ലാം പ്രവൃത്തികളായുള്ള സുന്നത്തുകളാകുന്നു.

മാലിക് ഇബ്‌നുൽഹുവയ്‌രിസ് رضى الله عنه നമസ്‌കരിക്കുവാനുദ്ദേശിച്ചാൽ തക്ബീർ ചൊല്ലുകയും തന്റെ ഇരുകരങ്ങൾ ഉയർത്തുകയും ചെയ്യുമായിരുന്നു. റുകൂഅ് ചെയ്യുവാനുദ്ദേശിച്ചാൽ തന്റെ ഇരുകരങ്ങൾ ഉയർത്തുകയും റുകൂഇൽനിന്ന് തന്റെ തലയുയർത്തിയാൽ തന്റെ കരങ്ങൾ ഉയർത്തുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ റസൂൽﷺ ഇങ്ങനെ ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിൽക്കുന്ന വേളയിൽ വലതുകൈ ഇടതുകൈയിൻന്മേലായി നെഞ്ചിന്മേൽ വെക്കലും, സുജൂദിന്റെ സ്ഥാനത്തേക്കു നോക്കലും, നിൽക്കുമ്പോൾ ഇരുകാൽപാദങ്ങൾ വേർപെടുത്തിവെക്കലും റുകൂഇൽ കൈവിരലുകൾ വിടർത്തിക്കൊണ്ട് കാൽമുട്ടുകൾ പിടിക്കലും റുകൂഇൽ മുതുക് നീട്ടിനിവർത്തലും തല മുതുകിനു നേരെയാക്കലും പ്രവൃത്തികളായുള്ള സുന്നത്തുകളിൽ പെട്ടതാണ്.

വാചികമായ സുന്നത്തുകൾ

ദുആഉൽഇസ്തിഫ്താഹ് (പ്രാരംഭ പ്രാർഥന), ബിസ്മി ചൊല്ലൽ, അഊദു ചൊല്ലൽ, ആമീൻ പറയൽ, റുകൂഇലെയും സുജൂദിലെയും തസ്ബീഹുകൾ ഒന്നിലധികമാക്കൽ, തശഹ്ഹുദിനു ശേഷം സലാം വീട്ടുന്നതിനു മുമ്പ് ദുആചെയ്യൽ പോലുള്ളവയാകുന്നു അവ.

നമസ്‌കാരം ബാത്വിലാകുന്ന കാര്യങ്ങൾ

ചില കാര്യങ്ങൾ നമസ്‌കാരത്തെ അസാധുവാക്കും. താഴെ വരുന്നവയായി നമുക്കവ സംഗ്രഹിക്കാം:

1. ത്വഹാറത്തിനെ (ശുദ്ധിയെ) ബാത്വിലാക്കുന്ന (അസാധുവാക്കുന്ന) കാര്യങ്ങളെല്ലാം നമസ്‌കാരത്തെയും ബാത്വിലാക്കും. കാരണം ശുദ്ധി നമസ്‌കാരം ശരിയാകുവാനുള്ള നിബന്ധനയാണ്. അതിനാൽ ത്വഹാറത്ത് അസാധുവായാൽ നമസ്‌കാരവും അസാധുവായി.

2. ശബ്ദിച്ചുകൊണ്ടുള്ള ചിരി: അത് നമസ്‌കാരത്തെ ബാത്വിലാക്കുമെന്നതിൽ ഏകാഭിപ്രായമുണ്ട്. കാരണം അത് സംസാരത്തെ പോലെയാകുന്നു. എന്നുമാത്രമല്ല, അതിൽ നമസ്‌കാരത്തിന്റെ ലക്ഷ്യത്തെ നിരാകരിക്കുന്ന കളിയും നിസ്സംഗതയുമുള്ളതിനാൽ അത് അതിനെക്കാൾ ഗൗരവമുള്ളതാകുന്നു. എന്നാൽ പുഞ്ചിരി നമസ്‌കാരത്തെ ബാത്വിലാക്കുകയില്ല; ഇബ്നുൽമുൻദിറും മറ്റും ഈ ഇജ്മാഅ് ഉദ്ധരിച്ചിരിക്കുന്നു.

3. നമസ്‌കാരത്തിന്റെ മസ്വ്‌ലഹത്തിനല്ലാതെയുള്ള മനഃപൂർവമായ സംസാരം.

عن زيد بن أرقم – رضي الله عنه – قال: كنا نتكلم في الصلاة، يكلم الرجل منا صاحبه، وهو إلى جنبه في الصلاة، حتى نزلت: {وَقُومُوا لِلَّهِ قَانِتِينَ} [البقرة: ٢٣٨]. فأمرنا بالسكوت ونهينا عن الكلام (١). فإن تكلم جاهلاً أو ناسياً، لا تبطل صلاته.

സെയ്ദ് ഇബ്‌നു അർക്വം رضى الله عنه വിൽ നിന്ന് നിവേദനം: ഞങ്ങൾ നമസ്‌കാരത്തിൽ സംസാരിക്കുമായിരുന്നു. നമസ്‌കാരത്തിൽ ഒരാൾ തന്റെ അരികിലുള്ള സഹോദരനോട് സംസാരിക്കുമായിരുന്നു. അങ്ങനെ, {അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടുകൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർഥിക്കുന്നത്’ (ക്വുർആൻ 2: 238} എന്ന ആയത്ത് അവതരിച്ചു. അപ്പോൾ ഞങ്ങൾ മൗനം ദീക്ഷിക്കുവാൻ കൽപിക്കപ്പെടുകയും സംസാരിക്കുന്നത് വിരോധിക്കപ്പെടുകയുമുണ്ടായി. (ബുഖാരി, മുസ്ലിം)

അറിവില്ലായ്മയാലോ മറന്നുകൊണ്ടോ സംസാരിച്ചതിനാൽ നമസ്‌കാരം ബാത്വിലാവുകയില്ല.

4. നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ അവന്റെ സുജൂദിന്റെ സ്ഥാനത്തിനുള്ളിലായി പ്രായപൂർത്തിയായ സ്ത്രീ കടന്നുപോവുക.

5. ബോധപൂർവം നഗ്‌നത വെളിപ്പെടുത്തൽ: നഗ്‌നത മറക്കൽ ശർത്വാണെന്ന് മുമ്പ് ഉണർത്തിയല്ലോ.

6. ക്വിബ്‌ലക്ക് പിന്നിടൽ: കാരണം ക്വിബ്‌ലക്കു മുന്നിടൽ നമസ്‌കാരം സ്വഹീഹാകുവാനുള്ള നിബന്ധനയാകുന്നു.

7. നമസ്‌കരിക്കുന്നവനോട് നജസ് ചേരൽ: നജസുണ്ടെന്ന് അറിയുകയും ഓർക്കുകയും ചെയ്തിരിക്കെ അവൻ ഉടനടി അതു നീക്കിയില്ലെങ്കിൽ നമസ്‌കാരം ബാത്വിലാകും.

8. നമസ്‌കാരത്തിന്റെ റുക്‌നുകളിൽ വല്ലതും, അല്ലെങ്കിൽ നമസ്‌കാരത്തിന്റെ ശർത്ത്വുകളിൽ വല്ലതും യാതൊരു ഒഴിവുകഴിവുമില്ലാതെ ബോധപൂർവം ഉപേക്ഷിക്കൽ.

9. നമസ്‌കാരത്തിന്റെ വകുപ്പിൽ പെട്ടതല്ലാത്ത പ്രവൃത്തികൾ യാതൊരു അനിവാര്യതയുമില്ലാതെ ചെയ്യൽ; ബോധപൂർവം തിന്നുകയും കുടിക്കുകയും ചെയ്യുന്നതുപോലെ.

10. ഒഴിവുകഴിവുകളൊന്നുമില്ലാതെ ചാരിനിൽക്കൽ: കാരണം നിൽക്കൽ നമസ്‌കാരം സ്വഹീഹാകുവാനുള്ള ശർത്വാകുന്നു.

11. കർമപരമായ ഒരു റുക്‌നിനെ ബോധപൂർവം വർധിപ്പിക്കൽ; റുകൂഉം സുജൂദും വർധിപ്പിക്കുന്നതുപോലെ. കാരണം അതു നമസ്‌കാരത്തിന്റെ രൂപത്തിൽതന്നെ ഭംഗം വരുത്തും. അതിനാൽ നമസ്‌കാരം ബാത്വിലാകുമെന്നതിൽ പണ്ഡിതന്മാരുടെ ഏകാഭിപ്രായമുണ്ട്.

12. റുക്‌നുകളിൽ ചിലതിനെ ചിലതിനെക്കാൾ ബോധപൂർവം മുന്തിപ്പിക്കൽ: കാരണം, മുമ്പ് വിവരിച്ചതു പോലെ റുക്‌നുകൾ യഥാക്രമം ചെയ്യൽ റുക്‌നാണ്.

13. നമസ്‌കാരം പൂർത്തിയാക്കുന്നതിനു മുമ്പ് ബോധപൂർവം സലാം വീട്ടൽ.

14. ഫാതിഹയുടെ പാരായണത്തിൽ ബോധപൂർവം ആശയം തെറ്റിക്കുക. കാരണം ഫാതിഹ ഓതൽ റുക്‌നാണ്.

15. നിയ്യത്തു മുറിക്കണമോ വേണ്ടയോ എന്നു സന്ദേഹിച്ചുകൊണ്ടും മുറിക്കുവാൻ തീരുമാനിച്ചുകൊണ്ടും നിയ്യത്തു മുറിക്കൽ: കാരണം നിയ്യത്തിലെ തുടർച്ച ശർത്വാകുന്നു.

നമസ്‌കാരത്തിൽ കറാഹത്താകുന്ന കാര്യങ്ങൾ

താഴെ വരുന്ന കാര്യങ്ങൾ നമസ്‌കാരത്തിൽ മക്‌റൂഹ് (വെറുക്കപ്പെട്ടത്) ആകുന്നു:

1. ആദ്യത്തെ രണ്ടു റക്അത്തുകളിൽ സൂറതുൽ ഫാതിഹയിൽ പരിമിതപ്പെടൽ: നമസ്‌കാരത്തിൽ തിരുനബിയുടെ ചര്യക്ക് എതിരാകുന്നതിനാലാണത്.

2. സൂറതുൽ ഫാതിഹ ആവർത്തിച്ചോതൽ: കാരണം അതും നബിചര്യക്ക് എതിരാണ്. എന്നാൽ ഒരു ആവശ്യത്തിനുവേണ്ടി ആവർത്തിച്ചാൽ കുഴപ്പമില്ല; ഫാതിഹ ഓതിയപ്പോൾ ഖുശൂഉം(ഭക്തിയും) ഹൃദയസാന്നിധ്യവും നഷ്ടപ്പെട്ടതിനാൽ അവർത്തിക്കുന്നതുപോലെ. പക്ഷേ, ഈ ആവർത്തനം അവനെ വസ്‌വാസിലേക്ക് നയിക്കരുതെന്ന് ഉപാധിയുണ്ട്.

3. നമസ്‌കാരത്തിൽ അനാവശ്യമായി നേരിയ നിലയ്ക്കുള്ള തിരിഞ്ഞുനോട്ടം പോലും വെറുക്കപ്പെട്ടതാണ്. നമസ്‌കാരത്തിൽ തിരിഞ്ഞു നോക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ തിരുനബിﷺ പറഞ്ഞു:

هو اختلاس يختلسه الشيطان من صلاة العبد

ഒരു ദാസന്റെ നമസ്‌കാരത്തിൽനിന്ന് പിശാച് മോഷ്ടിച്ചെടുക്കുന്നതാകുന്നു അത്. (ബുഖാരി)

എന്നാൽ തിരിഞ്ഞുനോട്ടം ആവശ്യത്തിനാണെങ്കിൽ അതിൽ കുഴപ്പമൊന്നുമില്ല; തന്റെ കുഞ്ഞ് നഷ്ടപ്പെടുമോ എന്നു ഭയന്നതിനാൽ അതിനെ നിരീക്ഷിച്ചുകൊണ്ട് നമസ്‌കാരത്തിൽ തിരിഞ്ഞുനോക്കുന്ന സ്ത്രീയെ പോലെ. ഇത് നേരിയ തിരിഞ്ഞു നോട്ടത്തിന്റെ വിഷയത്തിലാണ്. എന്നാൽ മുഴുവനായും തിരിയുന്നവന്റെയും ക്വിബ്‌ലക്ക് പിന്നിടുന്നവന്റെയും നമസ്‌കാരം ബാത്വിലാകും; അവന്റെ തിരിയൽ കഠിനമായ പേടിപോലുള്ള ഒഴിവുകഴിവുകൾ കൂടാതെയാണെങ്കിൽ.

4. നമസ്‌കാരത്തിൽ ഇരുകണ്ണുകൾ ചിമ്മൽ: കാരണം അത് അഗ്‌നിയെ ആരാധിക്കുന്നവേളയിൽ മജൂസികളുടെ പ്രവൃത്തിയോട് സാദൃശ്യപ്പെടലാകുന്നു. ജൂതരുടെ പ്രവൃത്തികളോട് സാദൃശ്യപ്പെടലാണെന്നും പറയപ്പെട്ടിട്ടുണ്ട്. നാമാകട്ടെ അവിശ്വാസികളോട് സാദൃശ്യപ്പെടുന്നത് വിരോധിക്കപ്പെട്ടിട്ടുണ്ട്.

5. സുജൂദിൽ മുഴംകൈകൾ നിലത്തു കിടത്തിയിടൽ: തിരുനബിﷺ പറഞ്ഞു:

اعتدلوا في السجود، ولا يبسط أحدكم ذراعيه انبساط الكلب

നിങ്ങൾ സുജൂദിൽ കൃത്യത കൈകൊള്ളുക. നിങ്ങളിലൊരാൾ തന്റെ മുഴംകൈകളെ നായ കിടത്തിയിടുന്നതുപോലെ കിടത്തിയിടരുത്. (ബുഖാരി)

അതിനാൽ മുഴംകൈകൾ ഭൂമിയെവിട്ടുയർത്തൽ നമസ്‌കരിക്കുന്നവന് അനിവാര്യമാണ്. അവൻ മൃഗങ്ങളോട് സാദൃശ്യപ്പെടരുത്.

6. നമസ്‌കാരത്തിൽ കൂടുതലായുള്ള വൃഥാവേലകൾ: നമസ്‌കാരത്തിൽ ആവശ്യമായ ഖുശൂഇനെ നഷ്ടപ്പെടുത്തും വിധം മനസ്സ് വ്യാപൃതമാകുമെന്നതിനാലാണ് അത്.

7. അത്തഖസ്സ്വുർ: നമസ്‌കാരത്തിൽ ഒരാൾ തന്റെ ഊരയിൽ കൈ വെക്കലാകുന്നു അത്. അബൂഹുറൈറ رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

نُهي أن يصلي الرجل مختصراً

ഒരു വ്യക്തി തന്റെ ഊരയിൽ കൈവെച്ചവനായി നമസ്‌കരിക്കുന്നത് തിരുനബി ﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി)

8. സദ്‌ലും വായ പൊത്തലും: അബൂഹുറൈറ رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

نهى رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – عن السدل في الصلاة، وأن يغطي الرجل فاه

അല്ലാഹുവിന്റെ റസൂൽﷺ നമസ്‌കാരത്തിൽ സദ്‌ലും ഒരു വ്യക്തി തന്റെ വായ പൊത്തുന്നതും വിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)

നമസ്‌കരിക്കുന്നവൻ തന്റെ വസ്ത്രത്തിന്റെ രണ്ടറ്റങ്ങൾ ചുമലുകളിൽ മടക്കിവെക്കാതെ ചുമലിലൂടെ വിരിച്ചിടലാണ് സദ്ൽ. ഭൂമിയിൽ മുട്ടുവോളം വസ്ത്രം അഴിച്ചിടലാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. അപ്പോൾ വസ്ത്രം വലിച്ചിഴക്കുക എന്ന ആശയത്തിലാണ് സദ്ൽ.

9. മുവാഫക്വത്തുൽഇമാം (ഇമാമിനോട് ഒപ്പംചെയ്യൽ): ഇതു കറാഹത്താകുവാൻ കാരണം മഅ്മൂം ഇമാമിനെ പിന്തുടരണം എന്ന നിയമത്തിനു എതിരാവുന്നതിനാലും ഇമാമിനെ മുൻകടക്കുക എന്ന ഹറാം സംഭവിക്കാത്തതിനാലുമാണ്. തിരുനബിﷺ പറഞ്ഞു:

أما يخشى أحدكم إذا رفع رأسه قبل الإمام أن يجعل الله رأسه رأس حمار، أو يجعل صورته صورة حمار

ഇമാം തലയുയർത്തുന്നതിനുമുമ്പ് നിങ്ങളിലൊരാൾ തന്റെ തലയുയർത്തിയാൽ അല്ലാഹു അവന്റെ തല കഴുതയുടെ തലയാക്കുന്നത് അല്ലെങ്കിൽ അല്ലാഹു അവന്റെ രൂപം കഴുതയുടെരൂപമാക്കുന്നത് അവൻ ഭയക്കുന്നില്ലേ! (ബുഖാരി, മുസ്ലിം)

10. വിരലുകൾ കോർക്കൽ: വുദ്വൂഅ് ചെയ്തു നമസ്‌കാരമുദ്ദേശിച്ച് പള്ളിയിലെത്തുന്നവൻ അപ്രകാരം ചെയ്യുന്നത് തിരുനബിﷺ വിരോധിച്ചിട്ടുണ്ട്. അതിനാൽ നമസ്‌കാരത്തിൽ അത് തീർത്തും കറാഹത്താകുന്നു. നമസ്‌കാരശേഷം വിരലുകൾ അന്യോന്യം കോർക്കുന്നതിൽ യാതൊരു കറാഹത്തുമില്ല; അതു പള്ളിയിലാണെങ്കിലും ശരി. ദുൽയദയ്ൻ എന്ന സ്വഹാബിയുമായി ബന്ധപ്പെട്ട സംഭവത്തിൽ തിരുനബിﷺ അപ്രകാരം ചെയ്തതായി വന്നിട്ടുണ്ട്.

11. മുടിയും വസ്ത്രവും കഫ്ഫു ചെയ്യൽ: ഇബ്‌നു അബ്ബാസ് رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

أُمر النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أن يسجد على سبعة أعظم، ولا يكفَّ ثوبه ولا شعره

ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യുവാനും തന്റെ വസ്ത്രവും തന്റെ മുടിയും കഫ്ഫു ചെയ്യാതിരിക്കുവാനും നബിﷺ കൽപിക്കപെട്ടു. (ബുഖാരി, മുസ്ലിം)

ഇവിടെ ‘കഫ്ഫ്’ എന്നാൽ ‘ജംഅ് ചെയ്യുക’ എന്ന ആശയമാണ്. അഥവാ മുടിയും വസ്ത്രവും ചേർത്തുപിടിക്കരുത് എന്നർഥം. കഫ്ഫ് എന്നത് തടഞ്ഞിടുകയെന്ന അർഥത്തിലുമാകാം. സുജൂദിന്റെ അവസരത്തിൽ മുടിയും വസ്ത്രവും തൂങ്ങിക്കിടക്കുന്നതു തടഞ്ഞിടരുത് എന്നാണ് അപ്പോൾ ഹദീസിന്റെ തേട്ടം. ഇവയെല്ലാം നമസ്‌കാരത്തിന്റെ ഭക്തിയെ നിരാകരിക്കുന്ന വൃഥാവേലയിൽ പെട്ടതാണ്.

12. ഭക്ഷണം സന്നിഹിതമായിരിക്കെയും മലമൂത്ര വിസർജനത്തിനു മുട്ടുന്നവനായിരിക്കെയുമുള്ള നമസ്‌കാരം. തിരുനബിﷺ പറഞ്ഞു:

لا صلاة بحضرة الطعام، ولا وهو يدافعه الأخبثان

ഭക്ഷണ സാന്നിധ്യത്തിലും മലമൂത്ര വിസർജനത്തിനു മുട്ടുന്നവനായിരിക്കെയും യാതൊരു നമസ്‌കാരവുമില്ല. (മുസ്ലിം)

ഭക്ഷണം തന്റെ മുന്നിൽ ഹാജറുള്ളതാവുകയും അതു കഴിക്കുവാൻ കഴിവുള്ളതോടൊപ്പം അതിൽ അവന് ആഗ്രഹവും കൊതിയുമുണ്ടാവുക എന്നത് ഭക്ഷണം സന്നിഹിതമായിരിക്കെ നമസ്‌കാരം വെറുക്കപ്പെടുമെന്നതിനു ശർത്വാണ്. എന്നാൽ ഭക്ഷണം ഹാജറാണ്; പക്ഷേ, നമസ്‌കരിക്കുന്നവൻ നോമ്പുകാരനാണ്, അല്ലെങ്കിൽ ഭക്ഷണത്തിനു ആഗ്രഹമില്ലാത്തവിധം അവൻ വയറു നിറഞ്ഞവനാണ് അതുമല്ലെങ്കിൽ ഭക്ഷണത്തിന്റെ കഠിനമായ ചൂടു കാരണത്താൽ കഴിക്കുവാനാകുന്നില്ല; ഈ അവസ്ഥകളിലെല്ലാം ഭക്ഷണ സാന്നിധ്യത്തിൽ നമസ്‌കാരം അയാൾക്കു കറാഹത്താവുകയില്ല.

എന്നാൽ മലമൂത്രവിസർജനത്തിന്റെ വിഷയത്തിൽ, നമസ്‌കരിക്കുന്നവൻ മലവിസർജനത്തിന് ആവശ്യക്കാരനായാലും മൂത്രവിസർജനത്തിന് ആവശ്യക്കാരനായാലും നമസ്‌കാരത്തിന്റെ ഖുശൂഇനെ ഹനിക്കുംവിധം അവന്റെ ഹൃദയം വ്യാപൃതമാകുന്നതിനാലും അവന്റെ ചിന്ത ശിഥിലമാകുന്നതിനാലും അവൻ നമസ്‌കരിക്കുന്നത് വിരോധിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ മലവും മൂത്രവും പിടിച്ചുവെക്കുന്നതിനാലും അവയുടെ മുട്ടു കാരണത്താലും അയാൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും വരും.

13. ആകാശത്തിലേക്കു ദൃഷ്ടി ഉയർത്തൽ: തിരുനബിﷺ പറഞ്ഞു:

لينتهين أقوام يرفعون أبصارهم إلى السماء في الصلاة، أو لتخطفن أبصارهم

നമസ്‌കാരത്തിൽ തങ്ങളുടെ ദൃഷ്ടി ആകാശത്തിലേക്ക് ഉയർത്തുന്ന ആളുകൾ (അതിൽനിന്ന്) വിരമിക്കട്ടെ; അതല്ലായെങ്കിൽ അവരുടെ ദൃഷ്ടികൾ തട്ടിയെടുക്കപ്പെടും. (മുസ്ലിം)

നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ വിധി

വല്ലവനും നമസ്‌കാരം നിർബന്ധമാണെന്നതിനെ നിഷേധിച്ചുകൊണ്ട് നമസ്‌കാരം ഉപേക്ഷിച്ചാൽ അവൻ കാഫിറും മുർതദ്ദും (മതപരിത്ത്യാഗി) ആകുന്നു. കാരണം അവൻ അല്ലാഹുവെയും തിരുദൂതനെയും മുസ്‌ലിംകളുടെ ഏകോപിച്ചുള്ള തീരുമാനത്തെയുമാണ് (ഇജ്മാഇനെയുമാണ്) കളവാക്കുന്നത്.

എന്നാൽ, നിസ്സംഗതയാലും അലസതയാലുമാണ് നമസ്‌കാരത്തെ വല്ലവനും നിത്യമായും തീർത്തും ഉപേക്ഷിക്കുന്നതെങ്കിൽ, അവൻ കാഫിറാണ് എന്നതാണ് സ്വഹീഹായ അഭിപ്രായം. മുശ്‌രിക്കുകളെ കുറിച്ച് അല്ലാഹു പറഞ്ഞു:

فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ

എന്നാൽ അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്തുനൽകുകയും ചെയ്യുന്നപക്ഷം അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാകുന്നു. (ഖു൪ആന്‍:9/11)

നമസ്‌കാരം യഥാവിധം നിലനിർത്തുക എന്ന ശർത്വ് അവർ സാക്ഷാത്കരിച്ചില്ലെങ്കിൽ അവർ ഒരിക്കലും മുസ്‌ലിംകളല്ലെന്നും മതത്തിൽ നമ്മുടെ സഹോദരങ്ങളല്ലെന്നും ഇത് അറിയിക്കുന്നു. തിരുനബിﷺ പറഞ്ഞു:

العهد الذي بيننا وبينهم الصلاة، فمن تركها فقد كفر

നമ്മുടെയും അവരുടെയും (അവിശ്വാസികളുടെയും) ഇടയിലുള്ള വ്യത്യാസം നമസ്‌കാരമാകുന്നു. അതിനാൽ വല്ലവനും നമസ്‌കാരം ഉപേക്ഷിച്ചാൽ അവൻ കാഫിറായി. (നസാഇ)

إن بين الرجل وبين الشرك والكفر تَرْكَ الصلاة

നിശ്ചയം, ഒരു വ്യക്തിയുടെയും കുഫ്‌റിനും ശിർക്കിന്നുമിടയിൽ വേർതിരിവായുള്ളത് നമസ്‌കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം)

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *