സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്കാരം അനുവദനീയമാണോ ?

നമ്മുടെ നാടുകളില്‍ ഒരു മരണം സംഭവിക്കുമ്പാള്‍ അധിക സ്ഥലങ്ങളിലും മയ്യിത്തിന് വേണ്ടി മയ്യിത്തിന്റെ അടുത്ത ബന്ധുക്കളോ അല്ലാത്തവരോ ആയ സ്ത്രീകള്‍ നമസ്കരിക്കുന്ന രീതി കാണാറില്ല. പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്കരിക്കാത്തത്.

(1) താല്പര്യമില്ലായ്മ

ഇത്തരം ആളുകള്‍ ദിനേനെയുള്ള അഞ്ച് നേരത്തെ നി൪ബന്ധ നമസ്കാരം പോലും നി൪വ്വഹിക്കാത്തവരാണ്. അവ൪ മയ്യിത്തിന് വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കല്‍, മയ്യിത്ത് നമസ്കാരം നി൪വ്വഹിക്കല്‍ തുടങ്ങി മയ്യിത്തിന് ഉപകാരം കിട്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള ചിന്തയേ ഇല്ലാത്തവരാണ്.

(2) അറിവില്ലായ്മ

ദീനിയായ അവസ്ഥയിലാണെങ്കിലും, സ്ത്രീകള്‍ക്ക് മയ്യിത്തിന് വേണ്ടി നമസ്കാരം നി൪വ്വഹിക്കാമോ എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ആളുകള്‍.

(3) തെറ്റിദ്ധാരണ

മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്കാരം നി൪വ്വഹിക്കാന്‍ പാടില്ല എന്നാണ് ഇത്തരം ആളുകള്‍ വിചാരിച്ചിട്ടുള്ളത്. മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്കാരം നി൪വ്വഹിക്കാന്‍ പാടില്ലെന്ന് ചില സ്ഥലങ്ങളില്‍ ചില പണ്ഢിതന്‍മാ൪ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്റെ മേല്‍ ജനാസ നമസ്കാരം നി൪വ്വഹിക്കാന്‍ പാടുള്ളതല്ലെന്നും സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കുന്നതാണ് എന്നൊക്കെ പറഞ്ഞാണ് മറ്റ് ചില൪ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്.

ഇത്തരം സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ആണായാലും പെണ്ണായാലും ചെയ്യുന്ന സല്‍ക൪മ്മങ്ങള്‍ അല്ലാഹു ഈ വേ൪തിരിവ് കണക്കാക്കാതെ സ്വീകരിക്കുന്നതാണ്. ഇന്ന കാര്യം സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലെങ്കില്‍ അത് അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ പ്രത്യേകമായി പഠിപ്പിച്ചിരിക്കും.

فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ

അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. (ഖുർആൻ: 3/195)

وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا

ആണാകട്ടെ, പെണ്ണാകട്ടെ ആര് സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല. (ഖുർആൻ: 4/124).

സ്ത്രീകളെ ജനാസ നമസ്കാരത്തില്‍ നിന്നും വിലക്കിക്കൊണ്ടുള്ള യാതൊരു തെളിവും ഖു൪ആനിലോ സുന്നത്തിലോ വന്നിട്ടില്ല. മാത്രമല്ല പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്റെ മേല്‍ ജനാസ നമസ്കരിക്കുന്നതിനും യാതൊരു വിലക്കുമില്ല. സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കുന്നതാണെന്ന് പഠിപ്പിക്കപ്പെട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് വീട്ടിൽ വെച്ച് മയ്യിത്തിന് വേണ്ടി ഒറ്റക്കായോ ജമാഅത്തായോ അതുമല്ലെങ്കിൽ പള്ളിയിലെ ജമാഅത്തിൽ പങ്കെടുത്തുകൊണ്ടോ നമസ്കരിക്കാവുന്നതാണ്.

നബി ﷺ യുടെ കൂടെ ഒരു സ്ത്രീ മയ്യിത്ത് നമസ്കരിച്ചിട്ടുള്ളതായി ഹദീസുകളില്‍ കാണാം.

عَنْ أَبِي طَلْحَةَ، أَنَّ أَبَا طَلْحَةَ دَعَا رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى عُمَيْرِ بْنِ أَبِي طَلْحَةَ حِينَ تُوُفِّيَ، فَأَتَاهُمْ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَلَّى عَلَيْهِ فِي مَنْزِلِهِمْ، فَتَقَدَّمَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَكَانَ أَبُو طَلْحَةَ وَرَاءَهُ وَأُمُّ سُلَيْمٍ وَرَاءَ أَبِي طَلْحَةَ، وَلَمْ يَكُنْ مَعَهُمْ غَيْرُهُمْ ».- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 1350، وَقَالَ: هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، وَسُنَّةٌ غَرِيبَةٌ فِي إِبَاحَةِ صَلاَةِ النِّسَاءِ عَلَى الْجَنَائِزِ، وَلَمْ يُخَرِّجَاهُ.

അബൂ ത്വല്‍ഹയില്‍(റ) നിന്ന് നിവേദനം: ഉമൈറുബ്‌നു അബീത്വല്‍ഹ(റ) മരണപ്പെട്ടപ്പോള്‍, നബി ﷺ യെ അബൂ ത്വല്‍ഹ വിളിച്ചുവരുത്തി. അങ്ങനെ നബി ﷺ അവരുടെ വീട്ടില്‍ വെച്ച് തന്നെ പരേതന് വേണ്ടി മയ്യിത്ത് നമസ്‌ക്കരിച്ചു. അബൂ ത്വല്‍ഹ നബി ﷺ യുടെ തൊട്ടുപിന്നിലും, അദ്ദേഹത്തിന്റെ പത്‌നി ഉമ്മുസുലൈം അബൂ ത്വല്‍ഹയുടെ പിന്നിലും ആയിക്കൊണ്ടായിരുന്നു നമസ്‌ക്കരിച്ചത്. അവരോടൊപ്പം മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. (ഹാകിം: 1350, ബൈഹഖി)

നബി ﷺ യുടെ മരണപ്പെട്ടപ്പോള്‍ അവിടുത്തെ ജനാസ സ്ത്രീകള്‍ നമസ്‌ക്കരിച്ചിട്ടുണ്ടെന്നും സ്ഥിരപ്പെട്ട ഹദീസുകളില്‍ കാണാം.

عَنِ اِبْنِ عَبَّاسٍ قَالَ: لَمَّا مَاتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أُدْخِلَ الرِّجَّالُ فَصَلَّوْا عَلَيْهِ بِغَيْرِ إمَامٍ أَرْسَالاً حَتَّى فَرَغُوا، ثُمَّ أُدْخِلَ النِّسَاءُ فَصَلِّيَنَّ عَلَيْهِ، ثُمَّ أ أُدْخِلَ الصَّبِيَّانُ فَصَلَّوْا عَلَيْهِ، ثُمَّ أ أُدْخِلَ الْعَبِيدُ فَصَلَّوْا عَلَيْهِ أَرْسَالاً، لَمْ يَأُمَّهُمْ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحَدٌ.- الْبِدَايَةُ وَالنِّهَايَةُ.

ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ മരണപ്പെട്ടപ്പോള്‍ പുരുഷന്മാരെ ഉള്ളിലേക്ക് കടത്തിവിട്ടു. അവര്‍ ഇമാമില്ലാതെ ചെറിയ സംഘങ്ങളായി നമസ്‌കരിച്ചു. അവര്‍ നമസ്‌കരിച്ച് കഴിഞ്ഞപ്പോള്‍ സ്ത്രീകളെ കടത്തിവിട്ടു. അവരും നമസ്‌കരിച്ചു. പിന്നെ അടിമകളെ വിട്ടു. അവരും ചെറിയ സംഘങ്ങളായി ആരും നേതൃത്വം നല്‍കാതെ നമസ്‌കരിച്ചു (ബൈഹഖി:7156)

നബി ﷺ യുടെ കാലത്തിന് ശേഷവും സ്വഹാബാ വനിതകള്‍, അല്ല നബി ﷺ യുടെ പത്നിമാ൪ തന്നെയും മയ്യിത്ത് നമസ്കാരം നി൪വ്വഹിച്ചിട്ടുണ്ട്.

عَنْ عَائِشَةَ، أَمَرَتْ أَنْ يُمَرَّ، بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا فَقَالَتْ مَا أَسْرَعَ مَا نَسِيَ النَّاسُ مَا صَلَّى رَسُولُ اللَّهِ صلى الله عليه وسلم عَلَى سُهَيْلِ ابْنِ الْبَيْضَاءِ إِلاَّ فِي الْمَسْجِدِ ‏.‏

ആഇശയില്‍ (റ) നിന്ന് നിവേദനം : സഅദ് ബ്ന്‍ അബീ വഖാസിന്റെ (റ) മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആഇശ (റ) ആവശ്യപ്പെട്ടു. അവര്‍ക്ക് അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കാനായിരുന്നു അത്. അപ്പോള്‍ ആളുകള്‍ അവരെ എതിര്‍ത്തു. അവര്‍ പറഞ്ഞു: ആളുകള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മറക്കുന്നത്. നബി ﷺ സുഹൈല്‍ ബ്ന്‍ ബൈളാഅ് (റ) വിന് വേണ്ടി പള്ളിയില്‍ വെച്ചല്ലാതെ ജനാസ നമസ്കരിചിട്ടില്ല”. ( മുസ്‌ലിം: 973)

عَنْ عَائِشَةَ، أَنَّهَا لَمَّا تُوُفِّيَ سَعْدُ بْنُ أَبِي وَقَّاصٍ أَرْسَلَ أَزْوَاجُ النَّبِيِّ صلى الله عليه وسلم أَنْ يَمُرُّوا بِجَنَازَتِهِ فِي الْمَسْجِدِ فَيُصَلِّينَ عَلَيْهِ فَفَعَلُوا فَوُقِفَ بِهِ عَلَى حُجَرِهِنَّ يُصَلِّينَ عَلَيْهِ أُخْرِجَ بِهِ مِنْ بَابِ الْجَنَائِزِ الَّذِي كَانَ إِلَى الْمَقَاعِدِ فَبَلَغَهُنَّ أَنَّ النَّاسَ عَابُوا ذَلِكَ وَقَالُوا مَا كَانَتِ الْجَنَائِزُ يُدْخَلُ بِهَا الْمَسْجِدَ ‏.‏ فَبَلَغَ ذَلِكَ عَائِشَةَ فَقَالَتْ مَا أَسْرَعَ النَّاسَ إِلَى أَنْ يَعِيبُوا مَا لاَ عِلْمَ لَهُمْ بِهِ ‏.‏ عَابُوا عَلَيْنَا أَنْ يُمَرَّ بِجَنَازَةٍ فِي الْمَسْجِدِ وَمَا صَلَّى رَسُولُ اللَّهِ صلى الله عليه وسلم عَلَى سُهَيْلِ ابْنِ بَيْضَاءَ إِلاَّ فِي جَوْفِ الْمَسْجِدِ ‏.

ആയിശയില്‍ (റ) നിന്ന് നിവേദനം: സഅ്ദുബ്‌നു അബീവഖ്ഖാസ്(റ) മരിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരത്തില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുമാറ് ജനാസ പളളിയില്‍കൊണ്ടുവരാന്‍ പ്രവാചക പത്‌നിമാര്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍ അപ്രകാരം ചെയ്തു. അങ്ങനെ അവര്‍ക്ക് നമസ്‌കരിക്കാന്‍ പാകത്തില്‍ അവരുടെ വീടുകള്‍ക്കരികില്‍ ജനാസ കൊണ്ടുവന്നു വെച്ചു. പടികള്‍ക്കടുത്തുള്ള ബാബുല്‍ ജനാഇസ് (ജനാസ പുറത്തെടുക്കുന്ന കവാടം) വഴിയാണ് അത് പുറത്തെടുത്തത്. ജനാസ പള്ളിയില്‍കയറ്റാന്‍ പാടില്ലായിരുന്നു എന്ന് ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആഇശ ചോദിച്ചു: തങ്ങള്‍ക്കറിയാത്ത കാര്യത്തില്‍ആക്ഷേപം പറയാന്‍ഈ മനുഷ്യക്ക് എന്തൊരു ധൃതിയാണ്. ഒരു ജനാസ പള്ളിയില്‍ കൊണ്ടുവന്നതിന്റെ പേരില്‍ അവര്‍ ഞങ്ങളെ ആക്ഷേപിക്കുന്നു. സുഹൈലുബ്‌നു ബൈദാഇന്(റ) വേണ്ടി പള്ളിയുടെ അകത്തളത്തില്‍വെച്ചാണ് നബി ﷺ നമസ്‌കരിച്ചിരുന്നത്. (മുസ്‌ലിം: 973).

عَنْ أَبِي سَلَمَةَ بْنِ، عَبْدِ الرَّحْمَنِ أَنَّ عَائِشَةَ، لَمَّا تُوُفِّيَ سَعْدُ بْنُ أَبِي وَقَّاصٍ قَالَتِ ادْخُلُوا بِهِ الْمَسْجِدَ حَتَّى أُصَلِّيَ عَلَيْهِ ‏.‏ فَأُنْكِرَ ذَلِكَ عَلَيْهَا فَقَالَتْ وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صلى الله عليه وسلم عَلَى ابْنَىْ بَيْضَاءَ فِي الْمَسْجِدِ سُهَيْلٍ وَأَخِيهِ

അബൂസലമത്തുബ്‌നു അബ്ദുര്‍റഹ്മാനില്‍(റ) നിന്ന് നിവേദനം: സഅ്ദുബ്‌നു അബീവഖ്ഖാസ്(റ) മരിച്ചപ്പോള്‍ ആഇശ(റ) പറഞ്ഞു: എനിക്ക് കൂടി അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കാന്‍സാധ്യമാവും വിധം അദ്ദേഹത്തിന്റെ ജനാസ പള്ളിയിലേക്ക് കൊണ്ടുവരിക. മയ്യിത്ത് പള്ളിയില്‍കൊണ്ടുവരുന്നതില്‍ മറ്റുള്ളവര്‍നീരസം പ്രകടിപ്പിച്ചുകണ്ടപ്പോള്‍ അവര്‍പറഞ്ഞു: അല്ലാഹുവാണ, ബൈദാഇന്റെ രണ്ടു മക്കള്‍ക്കുവേണ്ടി സുഹൈലിനും സഹോദരനും വേണ്ടി അല്ലാഹുവിന്റെ ദൂതന്‍ നമസ്‌കരിച്ചത് പള്ളിയില്‍വെച്ചായിരുന്നു. (മുസ്‌ലിം: 2298)

സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്കാരം അനുവദനീയമാണെന്നാണ് ശാഫിഈ മദ്ഹബിന്റെയും നിലപാട്. അത് ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താണെന്നാണ് ഇമാം നവവിയുടെ (റഹി) അഭിപ്രായം. അദ്ദേഹം പറയുന്നത് കാണുക:

قال النووي رحمه الله :  وأما النساء، فإن كن مع الرجال صلين مقتديات بإمام الرجال . وإن تمحضن ، قال الشافعي والأصحاب : أستحب أن يصلين منفردات. كل واحدة وحدها . فإن صلت بهن إحداهن جاز ، وكان خلاف الأفضل ، وفي هذا نظر ، وينبغي أن تسن لهن الجماعة كجماعتهن في غيرها. وقد قال به جماعة من السلف منهم الحسن بن صالح وسفيان الثوري وأحمد وأصحاب أبي حنيفة وغيرهم ، وقال مالك : فرادى

ഇമാം നവവി (റഹി) പറയുന്നു: സ്ത്രീകള്‍, പുരുഷന്മാരോടൊപ്പമാണെങ്കിൽ അവർ പുരുഷൻമാരുടെ ഇമാമിന്റെ പിറകിലായിക്കൊണ്ട് (മയ്യിത്ത്) നമസ്കരിക്കട്ടെ. സ്ത്രീകൾ മാത്രം ആണെങ്കിലും (പുരുഷനായ ഇമാമിന്‍റെ നേതൃത്വത്തിൽ നമസ്കരിക്കാവുന്നതാണ്). എന്നാൽ പുരുഷൻമാരുടെ കൂടെയല്ലാതെയാണ് നമസ്കരിക്കുന്നതെങ്കിൽ അവർ ഒറ്റക്ക് നമസ്കരിക്കട്ടെയെന്നാണ് ഇമാം ശാഫിഈയും അസ്ഹാബുകളും പറഞ്ഞിട്ടുള്ളത്. അവരിലൊരാൾ ഇമാമായി നിന്നുകൊണ്ട് ജമാഅത്തായി നമസ്കരിക്കുന്നതും അനുവദനീയമാണ്. എന്നാൽ അത് ശ്രേഷ്ഠമായതിന് (ഒറ്റക്ക് നമസ്കരിക്കൽ) എതിരാണ്. (ഇമാം ശാഫിഇയുടെ) ഈ അഭിപ്രായം പരിശോധിക്കപ്പെടേണ്ടതാണ്. കാരണം, മറ്റു നമസ്കാരങ്ങളിലെന്നതു പോലെ മയ്യിത്ത് നമസ്കാരവും സ്ത്രീകൾക്ക് ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്. സലഫുകളിൽ പെട്ട ഒരു സംഘം, ഹസനുബ്നു സ്വാലിഹ്, സുഫ്യാനുസ്സൗരി, അഹ്മദ്, അബൂഹനീഫയുടെ അസ്ഹാബുകൾ, മറ്റുള്ളവർ തുടങ്ങയവർ അപ്രകാരം പറഞ്ഞിട്ടുണ്ട്.അവർക്ക് ഒറ്റയ്ക്ക് നമസ്കരിക്കാം എന്നാണ് ഇമാം മാലിക്  പറയുന്നത്. (ശറഹുല്‍മുഹദ്ദബ്: 5/172)

പുരുഷന്മാരുണ്ടായിട്ടും അവരാരും നമസ്‌കാരം നിര്‍വ്വഹിക്കാതെ സ്‌ത്രീകള്‍ മാത്രം നമസ്‌കരിച്ചാല്‍ ജനാസ നമസ്‌കരിച്ചതിന്റെ നിര്‍ബന്ധബാധ്യത വിടുമോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ്‌ ശാഫിഈ മദ്‌ഹബില്‍ അഭിപ്രായ ഭിന്നതയുള്ളത്‌.

ഇമാം നവവി (റഹി) പറയുന്നു:

وهل يسقط هذا الفرض بصلاة النساء مع وجود الرجال؟ فيه. وجهان أصحهما لا يسقط وبه قطع الفوراني والبغوي وآخرون. والثاني يسقط وبه قطع المتولی

പുരുഷന്‍മാ൪ ഉണ്ടായിരിക്കെ, സ്ത്രീകള്‍ നമസ്കരിക്കുന്നത് കൊണ്ട് ബാധ്യത തീരുമോ എന്ന കാര്യത്തില്‍ രണ്ട് വീക്ഷണമുണ്ട്. അതില്‍ ഏറെ പ്രബലമായിട്ടുള്ളത്, ബാധ്യത വീടുകയില്ലെന്നാണ്. ഫൂറാനിയും ബഗവിയും മറ്റും ഉറപ്പിച്ച് പറഞ്ഞതാണത്. രണ്ടാമത്തെ വീക്ഷണം ബാധ്യത തീരുമെന്നാണ്. മുതവല്ലി ഖണ്ഢിതമായി പറഞ്ഞതാണിത്. (ശറഹുല്‍മുഹദ്ദബ്: 5/166)

ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്കാരം അനുവദനീയമാണെന്ന കാര്യം തിരിച്ചറിയുക. അവ൪ക്ക് അത് പുരുഷന്മാരുടെ ജമാഅത്തില്‍ പങ്കെടുത്ത് നി൪വ്വഹിക്കുകയോ, അതല്ലെങ്കില്‍ അവരില്‍ നിന്ന് തന്നെ ഒരു സ്ത്രീ ഇമാമായി നിന്നുകൊണ്ട് ജമാഅത്തായി നി൪വ്വഹിക്കുകയോ അതുമല്ലെങ്കില്‍ ഒറ്റക്കൊറ്റക്ക് നി൪വ്വഹിക്കുകയോ ചെയ്യാവുന്നതാണ്. അതേപോലെ വീട്ടില്‍ വെച്ചായാലും പള്ളിയില്‍ വെച്ചായാലും ഇത് നി൪വ്വഹിക്കാം.

ഇവ്വിഷേകമായി ശൈഖ് ഇബ്നു ഉസൈമീൻ(റഹി) നൽകിയ ഫത്വയിൽ ഇപ്രകാരം കാണാം.

نعم، لا حرج أن تصلي المرأة صلاة الجنازة، سواء صلتها في المسجد مع الناس، أو صلت عليها في بيت الجنازة؛ لأن النساء لا يمنعن من الصلاة على الميت، وإنما يمنعن من زيارة القبور…

അതെ, സ്ത്രീകൾ മയ്യത്തിന് വേണ്ടി നമസ്കരിക്കുന്നതിൽ വിരോധമില്ല. മറ്റുള്ള ആളുകളോടൊപ്പം പള്ളിയിൽ വച്ച് നമസ്കരിച്ചാലും ശരി മയ്യിത്തിന്‍റെ വീട്ടിൽ വച്ച് നമസ്കരിച്ചാലും ശരി. കാരണം മയ്യിത്ത് നമസ്കാരത്തിൽ നിന്നും സ്ത്രീകൾ തടയപ്പെട്ടിട്ടില്ല. ഖബ്റുകൾ സിയാറത്ത് ചെയ്യുന്നതിൽ നിന്നാണ് സ്ത്രീകൾ തടയപ്പെട്ടിട്ടുള്ളത് … (മജ്മൂഉൽഫതാവാ-ഇബ്നു ഉസൈമീൻ: 17/157).

قال العلامة ابن باز رحمه الله : الصلاة على الجنازة مشروعة للجميع للرجال والنساء، تصلي على الجنازة في البيت أو في المسجد، كل ذلك لا بأس به، وقد صلت عائشة والنساء على سعد بن أبي وقاص  لما توفي.

ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു: സ്ത്രീകൾക്കും പുരുഷന്മാർക്കും മയ്യിത്ത് നമസ്കാരമുണ്ട്. മയ്യിത്തിന്റെ വീട്ടിൽ വെച്ചോ പള്ളിയിൽ വെച്ചോ മയ്യിത്ത് നമസ്കാരത്തിനായി ഒരുക്കിയ സ്ഥലത്ത് വെച്ചോ ഒരു പെണ്ണിന് മയ്യിത്ത് നമസ്കരിക്കാവുന്നതാണ്. സഅദ്ബ്നു അബീ വക്വാസ്(റ) മരിച്ചപ്പോൾ ആയിശ(റ)യും സ്വഹാബാവനിതകളും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കരിച്ചിട്ടുണ്ട്.
(മുസ്‌ലിം : 973) (https://bit.ly/39y34hW)

സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരമില്ലെന്ന് ചിലർ പറയുന്നുണ്ടല്ലോ. അത് ശരിയാണോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: സ്ത്രീകൾക്ക് മയ്യിത്ത് നമസ്കരിക്കാനെന്താണ് തടസ്സം? പുരുഷന്മാരുടെ കൂടെയോ ഒറ്റക്കോ മറ്റ് സ്ത്രീകൾക്കൊപ്പമോ ഒരു പെണ്ണിന് ജനാസ നമസ്കരിക്കാം. മയ്യിത്തിന് വേണ്ടി പ്രാർഥിക്കാനും നമസ്കരിക്കാനും ഒരു സ്ത്രീക്കും അവകാശമുണ്ട്. അതിനൊരു തടസവുമില്ല. മയ്യിത്ത് നമസ്കാരത്തിൽ നിന്ന് സ്ത്രീകളെ തടയുന്നവൻ വിവരമില്ലാത്തവനാണ്. അവന്റെയടുക്കൽ അതിന് തെളിവൊന്നുമില്ല. (https://youtu.be/6cVu_pp16uY)

സത്യവിശ്വാസിനികളെ, നമ്മുടെ മാതാവോ പിതാവോ ഭ൪ത്താവോ മക്കളോ മരണപ്പെട്ടാല്‍ അവരുടെ മയ്യിത്ത് നമസ്കാരം നാം നി൪വ്വഹിക്കണം. നാം ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ കൂടി അത് നാം നി൪വ്വഹിക്കണം. അതിന് വേണ്ടി സംവിധാനമൊരുക്കാന്‍ നാം ആവശ്യപ്പെടണം, ധാരാളം പുരുഷന്‍മാ൪ ആ മയ്യിത്തിന് വേണ്ടി നമസ്കരിക്കുന്നുണ്ടെങ്കിലും ശരി. മരണപ്പെട്ട വ്യക്തിയെ പ്രസവിച്ച്‌ വളര്‍ത്തിയ മാതാവിനും സ്വന്തം ജീവനെക്കാള്‍ സ്‌നേഹിച്ച ഭാര്യക്കും മക്കള്‍ക്കുമുണ്ടാകുന്ന ആത്മാര്‍ഥത മറ്റൊരാളില്‍ നിന്ന്‌ ലഭിക്കണമെന്നില്ല. മാത്രമല്ല, മയ്യിത്ത് നമസ്താരം നി൪വ്വഹിക്കുന്നവ൪ മയ്യിത്തിന് വേണ്ടി അല്ലാഹുവിനോട് ശുപാ൪ശ ചെയ്യുന്നവരാണ്. മയ്യിത്തിന്റെ പാപമോചനത്തിനും നരകമുക്തിക്കും സ്വ൪ഗ പ്രവേശനത്തിനും അവ൪ പ്രാ൪ത്ഥിക്കുന്നു. ഈ സുവ൪ണ്ണാവസരം ഒരിക്കലും നാം പാഴാക്കരുത്.

 

 

kanzululoom.com

One Response

  1. വളരെ നല്ല ഒരു അറിവ് വളരെ വിശദമായി വിശദീകരിച്ചു തന്നിട്ടുണ്ട് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

Leave a Reply

Your email address will not be published. Required fields are marked *