നമസ്‌കാരത്തില്‍ മറ്റുള്ളവരിലേക്ക് തിരിയുന്നവരോട്

ഇമാം അഹ്മദ് رحمه الله, തിര്‍മിദി رحمه الله മുതലായവര്‍ അബുമൂസല്‍ അശ്അരി رضي الله عنه വിന്റെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു:

عن النبي صلى الله عليه و سلم أنه قال [ إن الله سبحانه وتعالى أمر يحي بن زكريا صلى الله عليه و سلم بخمس كلمات أن يعمل بها ويأمر بني إسرائيل أن يعلموا بها وأنه كاد أن يبطيء بها فقال له عيسى عليه السلام : إن الله تعالى أمرك بخمس كلمات لتعمل بها وتأمر بني إسرائيل أن يعملوا بها فإما أن تأمرهم وإما أن آمرهم فقال يحي : أخشى إن سبقتني بها أن يخسف بي وأعذب فجمع يحي الناس في بيت المقدس فامتلأ المسجد وقعد على الشرف فقال : إن الله تبارك وتعالى أمرني بخمس كلمات أن أعملهن وآمركم أن تعملوا بهن : أولهن أن تعبدوا الله ولا تشركوا به شيئا وإن من أشرك بالله كمثل رجل اشترى عبدا من خالص ماله بذهب أو ورق فقال : هذه داري وهذا عملي فاعمل وأد إلي فكان يعمل ويؤدي إلى غير سيده فأيكم يرضى أن يكون عبده كذلك ؟ وإن الله أمركم بالصلاة فإذا صليتم فلا تلتفتوا فإن الله ينصب وجهه لوجه عبده في صلاته ما لم يكن يلتفت وأمركم بالصيام فإن مثل ذلك كمثل رجل في عصابة معه صرة فيها مسك كلهم يعجب أو يعجبه ريحه وأن ريح الصائم أطيب عند الله تعالى من ريح المسك وأمركم بالصدقة فإن مثل ذلك مثل رجل أسره العدو فأوثقوا يديه إلى عنقه وقدموه ليضربوا عنقه فقال : أنا أفتدي منكم بالقليل والكثير ففدى نفسه منهم وأمركم أن تذكروا الله تعالى فإن مثل ذلك كمثل رجل خرج العدو في أثره سراعا حتى إذا أتى على حصن حصين فأحرز نفسه منهم كذلك العبد لا يحرز نفسه من الشيطان إلا بذكر الله تعالى

”നിശ്ചയം, അല്ലാഹു യഹ്‌യ നബി عليه السلام യോട് അഞ്ച് കാര്യങ്ങള്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്‌റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്‍പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി عليه السلام അദ്ദേഹത്തോട് പറഞ്ഞു: ”നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്‍പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്‍പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.” അപ്പോള്‍ യഹ്‌യ عليه السلام പറഞ്ഞു: ”താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.” അങ്ങനെ യഹ്‌യ عليه السلام ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: ‘ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.’ എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?

നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്‌കരിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്‌കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.

അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.

അവന്‍ നിങ്ങളോടു ദാനധര്‍മത്തിനു കല്‍പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.’ അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.

അവന്‍ നിങ്ങളോടു ‘ദിക്ര്‍’ ചെയ്യാന്‍ കല്‍പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ (ദിക്ര്‍) അല്ലാതെ സാധിക്കുകയില്ല. (അഹ്മദ്,തിര്‍മിദി)

ഹദീഥില്‍ പറഞ്ഞ രണ്ടാമത്തെ വിഷയം നമസ്‌കാരമാണ്. ‘അല്ലാഹു നിങ്ങളോടു നമസ്‌കാരം നിര്‍വഹിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നിന്നുകഴിഞ്ഞാല്‍ പിന്നെ മറ്റു ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കരുത്. കാരണം ഒരാള്‍ നമസ്‌കാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖം അയാളുടെ നേര്‍ക്ക് തന്നെ തിരിച്ചു നിര്‍ത്തുന്നതായിരിക്കും.’

നമസ്‌കാരത്തില്‍ വിലക്കപ്പെട്ട ‘തിരിഞ്ഞുനോട്ടം’ രണ്ടുതരമുണ്ട്. അതില്‍ ഒന്ന് ഹൃദയംകൊണ്ട് അല്ലാഹുവില്‍നിന്ന് മറ്റുള്ളവരിലേക്ക് തിരിയലാണ്. രണ്ടാമത്തെത് ദൃഷ്ടികൊണ്ടുള്ള തിരിഞ്ഞുനോട്ടവും. രണ്ടും വിലക്കപ്പെട്ടതാണ്. ഒരാള്‍ പരിപൂര്‍ണമായി നമസ്‌കാരത്തിലേക്ക് മുന്നിടുകയാണെങ്കില്‍ അല്ലാഹുവും അയാളിലേക്ക് മുന്നിടുന്നതാണ്. എന്നാല്‍ അയാള്‍ തന്റെ ഹൃദയംകൊണ്ടോ ദൃഷ്ടികൊണ്ടോ അല്ലാഹുവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ അല്ലാഹു അയാളില്‍നിന്നും തിരിഞ്ഞു കളയും.

ഒരാള്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനോക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞത് ഇപ്രകാരമാണ്:

اختلاس يختلسه الشيطان من صلاة العبد

അത്, ഒരു ദാസന്റെ നമസ്‌കാരത്തില്‍നിന്നും പിശാച് തട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണ്. (ബുഖാരി)

മറ്റൊരുവചനത്തില്‍ ഇപ്രകാരം കാണാം: അല്ലാഹു ചോദിക്കും: എന്നെക്കാള്‍ ഉത്തമനായതിലേക്കാണോ അയാള്‍ തിരിയുന്നത്? എന്നെക്കാള്‍ വിശിഷ്ടമായതിലേക്കാണോ? (ബസ്സാര്‍. ഇമാം ഹൈതമി رحمه الله പറയുന്നു: ഇതിന്റെ പരമ്പരയില്‍ ഫദ്‌ലുബ്‌നു ഈസ അര്‍റാശി എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.” (മജ്മഉസ്സവാഇദ് 2/80). (വിശദവിവരത്തിനു സില്‍സിലഃ ദഈഫഃ (2694ാം നമ്പര്‍ ഹദീഥ്) കാണുക).

ദൃഷ്ടികൊണ്ടോ മനസ്സുകൊണ്ടോ നമസ്‌കാരത്തില്‍ മറ്റുള്ളവരിലേക്ക് തിരിയുന്നവന്റെ ഉപമ ഒരാളുടേതു പോലെയാണ്. അയാളെ രാജാവ് ക്ഷണിച്ചു വരുത്തി, തന്റെ മുമ്പില്‍ കൊണ്ടുവന്നു നിറുത്തി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞ് അയാളെ വിളിക്കുകയും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ രാജാവിനെ ഗൗനിക്കാതെ ഇടത്തോട്ടും വലത്തോട്ടും അയാള്‍ തിരിഞ്ഞു നോക്കുകയോ അതല്ലെങ്കില്‍ രാജാവ് പറഞ്ഞത് ശ്രദ്ധിക്കാതെ മനസ്സ് എങ്ങോട്ടോ തിരിക്കുകയോ ചെയ്താല്‍ എന്തായിരിക്കും രാജാവ് അയാളെ ചെയ്യുക? ഏറ്റവും ചുരുങ്ങിയത് രാജാവിന്റെ അടുക്കല്‍നിന്ന് കോപിക്കപ്പെട്ടവനും ആട്ടിയകറ്റപ്പെട്ടവനുമായ നിലയില്‍ രാജാവിന്റെ യാതൊരു പരിഗണയും കിട്ടാതെ അയാള്‍ക്ക് മടങ്ങേണ്ടി വരില്ലേ?

ഇത്തരത്തില്‍ നമസ്‌കരിക്കുന്നയാളും ഹൃദയ സാന്നിധ്യത്തോടെ നമസ്‌കാരത്തില്‍ അല്ലാഹുവിലേക്ക് പൂര്‍ണമായി തിരിഞ്ഞയാളും ഒരിക്കലും സമമാവുകയില്ല. താന്‍ ആരുടെ മുമ്പിലാണ് നില്‍ക്കുന്നതെന്നും അവന്റെ മഹത്ത്വമെന്താണെന്നും അയാള്‍ തന്റെ മനസ്സിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അയാളുടെ മനസ്സ് നിറയെ പടച്ചവനോടുള്ള ഗാംഭീര്യവും സ്‌നേഹാദരവുകളുമാണ്. അയാളുടെ പിരടി അവന്റെ മുന്നില്‍ കുനിക്കുകയും തന്റെ രക്ഷിതാവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിയാന്‍ അയാള്‍ ലജ്ജിക്കുകയും ചെയ്യും.

ഹസ്സാനുബ്‌നു അത്വിയ്യ رحمه الله പറഞ്ഞത് പോലെ ഈ രണ്ടുപേരുടെ നമസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അദ്ദേഹം പറഞ്ഞു:

إن الرجلين ليكونان في الصلاة الواحدة وأن ما بينهما في الفضل كما بين السماء والأرض

‘രണ്ടാളുകള്‍ ഒരേ നമസ്‌കാരം നിര്‍വഹിക്കുകയാണ്. എന്നാല്‍ ശ്രേഷ്ഠതയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരും തമ്മില്‍ ആകാശഭൂമികളോളം അന്തരമുണ്ടായിരിക്കും.’ (ഇബ്‌നുല്‍ മുബാറക്, കിതാബുസ്സുഹ്ദ്).

അതെന്തുകൊണ്ടെന്നാല്‍, അവരിലൊരാള്‍ തന്റെ ഹൃദയവുമായി അല്ലാഹുവിലേക്ക് മുന്നിട്ടവനും മറ്റെയാള്‍ അശ്രദ്ധനും മറവിക്കാരനുമായത് കൊണ്ടാണ്.

ഒരാള്‍ തന്നെപോലെയുള്ള ഒരു മനുഷ്യന്റെ അടുക്കലേക്ക് മുന്നിട്ടുചെല്ലുകയും അവര്‍ക്കിടയില്‍ സുതാര്യമായ ഇടപെടലിന് സാധ്യമാകാത്ത വിധത്തില്‍ വല്ല മറയും ഉണ്ടായിരിക്കുകയും ചെയ്താല്‍ പ്രസ്തുത പോക്കും സമീപനവും ശരിയായ രൂപത്തിലായില്ല എന്ന് പ്രത്യേകംപറയേണ്ടതില്ലല്ലോ. അപ്പോള്‍ പിന്നെ സ്രഷ്ടാവിന്റെ കാര്യത്തില്‍ എന്താണ് വിചാരിച്ചത്?

സ്രഷ്ടാവായ അല്ലാഹുവിലേക്ക് മുന്നിടുമ്പോള്‍ അയാള്‍ക്കും പടച്ചവനും ഇടയില്‍ ദേഹേച്ഛകളുടെയും ദുര്‍ബോധനങ്ങളുടെയും (വസ്‌വാസുകള്‍) മറയുണ്ടാവുകയും മനസ്സ് അവയുമായി അഭിരമിക്കുകയും ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? കുറെ വസ്‌വാസുകളും മറ്റു ചിന്തകളും അയാളുടെ ശ്രദ്ധ തെറ്റിച്ചുകളയുകയും നാനാവഴികളിലേക്കും അയാളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുമ്പോള്‍ അത് എന്തൊരു ‘മുന്നിടല്‍’ ആയിരിക്കും?!

ഒരാള്‍ നമസ്‌കരിക്കാന്‍ നിന്നാല്‍ പിശാചിന് അത് ഏറെ അസഹ്യമായിരിക്കും. കാരണം, അയാള്‍ നില്‍ക്കുന്നത് ഏറ്റവും മഹത്തരമായ ഒരു സ്ഥാനത്തും സന്ദര്‍ഭത്തിലുമാണ്. അത് പിശാചിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിനാല്‍ ആ നമസ്‌കാരക്കാരനെ അവിടെ നേരാംവണ്ണം നിര്‍ത്താതിരിക്കാന്‍ എന്തൊക്കെയാണോ ചെയ്യാന്‍ പറ്റുക അതൊക്കെയുമായി പിശാച് കിണഞ്ഞ് പരിശ്രമിക്കും. അയാള്‍ക്ക് പലതരം മോഹന വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി മുന്നില്‍ ചെന്ന് നമസ്‌കാരത്തിന്റെ സുപ്രധാനമായ പലതില്‍നിന്നും അയാളുടെ ശ്രദ്ധ തെറ്റിക്കുകയും മറപ്പിച്ചുകളയുകയും ചെയ്യും. പിശാച് തന്റെ സര്‍വ സന്നാഹങ്ങളുമായി അയാള്‍ക്കെതിരെ തിരിയുകയും നമസ്‌കാരത്തിന്റെ ഗൗരവവും പ്രാധാന്യവും കുറച്ചുകാട്ടി അതിനെ നിസ്സാരമാക്കുകയും അങ്ങനെ അതില്‍ ശ്രദ്ധയില്ലാതെയും അത് പാടെ ഉപേക്ഷിക്കുന്നതിലേക്കും അയാളെ കൊണ്ടുചെന്നെത്തിക്കും.

ഇനി പിശാചിന് അതിനു സാധിക്കാതെ വരികയും ഒരാള്‍ പിശാചിനെ ധിക്കരിച്ചു നമസ്‌ക്കരിക്കാന്‍ നില്‍ക്കുകയും ചെയ്താല്‍ പിശാച് അവന്റെ രണ്ടാമത്തെ പണിയുമായി വരും. എന്നിട്ടു പലതും അയാളുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയും നമസ്‌കാരത്തിനും അയാളുടെ മനഃസാന്നിധ്യത്തിനുമിടയില്‍ മറ സൃഷ്ട്ടിച്ചുകൊണ്ടിരിക്കും. നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ഓര്‍മയില്ലാതിരുന്ന പലതിനെക്കുറിച്ചും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ ചിലപ്പോള്‍ അയാള്‍ മറന്നുപോയ തന്റെ ലക്ഷ്യവും ആവശ്യങ്ങളും ഈ പ്രേരണകൊണ്ട് ഓര്‍ത്തെടുക്കുകയും അതുമായി മനസ്സ് വ്യാപൃതനാവുകയും ചെയ്യും. അതിലൂടെ അയാളെ അല്ലാഹുവിന്റെ വഴിയില്‍നിന്നും പിശാച് തട്ടിയെടുക്കുകയും ഹൃദയസാന്നിധ്യമില്ലാതെ കേവലം ഒരു ജഡം മാത്രമായി നില്‍ക്കുന്ന ഒരവസ്ഥയിലായി നമസ്‌കാരം നിര്‍വഹിച്ചു തീര്‍ക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പിന്നെ അല്ലാഹുവിലേക്ക് പരിപൂര്‍ണ മനസ്സും ശരീരവുമായി മുന്നിട്ട് അവന്റെ സാമീപ്യവും ആദരവും കരസ്ഥമാക്കുന്ന ഒരു യഥാര്‍ഥ ഭക്തന് കിട്ടുന്ന യാതൊന്നും നേടിയെടുക്കാനാവാതെ നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയില്‍തന്നെ തന്റെ പാപഭാരങ്ങളും തെറ്റുകുറ്റങ്ങളുമായി അയാള്‍ക്ക് നമസ്‌കാരത്തില്‍നിന്ന് വിരമിക്കുകയും ചെയ്യേണ്ടിവരും. പ്രസ്തുത നമസ്‌കാരം കൊണ്ട് അവയില്‍നിന്ന് യാതൊരു ലഘൂകരണവും അയാള്‍ക്ക് നേടിയെടുക്കാനാവില്ല.

തീര്‍ച്ചയായും നമസ്‌കാരത്തിന്റേതായ ബാധ്യതകള്‍ നിറവേറ്റുകയും അതിന്റെ ഭക്തി പൂര്‍ത്തീകരിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ഹൃദയസാന്നിധ്യത്തോടുകൂടി നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ നമസ്‌കാരംകൊണ്ടുള്ള പാപം പൊറുക്കലും ആസ്വാദനവുമൊക്കെ കിട്ടുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിയുമ്പോള്‍ മനസ്സിനൊരു ആശ്വാസവും തന്റെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച നിര്‍വൃതിയും പ്രത്യേകമായ ഉന്മേഷവും ചൈതന്യവുമൊക്കെ അയാള്‍ക്ക് കിട്ടും. എത്രത്തോളമെന്നാല്‍ ആ നമസ്‌കാരത്തെ വേര്‍പിരിഞ്ഞു പോകാന്‍ അയാള്‍ക്ക് തീരെ താല്‍പര്യമില്ലാതെ അതില്‍തന്നെ തുടരാന്‍ കൊതിക്കുകയും ചെയ്യും.

എന്തുകൊണ്ടെന്നാല്‍ ആ നമസ്‌കാരം അയാളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആത്മാവിനു സൗഖ്യവും ഹൃദയത്തിന്റെ സ്വര്‍ഗത്തോപ്പും ദുന്‍യാവിലെ വിശ്രമ സ്ഥലവുമൊക്കെയായി അയാള്‍ ആസ്വദിക്കുകയായിരുന്നു. ആ നമസ്‌കാരത്തിലേക്ക് വീണ്ടും തിരിച്ചുചെല്ലുന്നതുവരെ വല്ലാത്തൊരു ഇടുക്കത്തിലും ഞെരുക്കത്തിലും പെട്ടു തടവറയില്‍ കഴിയുന്നത് പോലെയായിരിക്കും അയാള്‍ക്ക്. ആ നമസ്‌കാരത്തിലൂടെയാണ് അയാള്‍ ആശ്വാസം കണ്ടെത്തുക. അല്ലാതെ, അതില്‍നിന്ന് വിരമിക്കുന്നതിലല്ല അയാള്‍ ആശ്വാസം കണ്ടെത്തുക. അതിനാല്‍ നന്മയുടെ വക്താക്കളായ, നമസ്‌കാരത്തെ ഇഷ്ടപ്പെടുന്നവര്‍ ഇങ്ങനെ പറയും: ‘ഞങ്ങള്‍ നമസ്‌കരിക്കുകയും നമസ്‌കാരത്തിലൂടെ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.’ അവരുടെ നേതാവും മാതൃകാപുരുഷനും പ്രവാചകനുമായ മുഹമ്മദ് നബി ﷺ പറഞ്ഞത് പോലെ:(يا بلال أرحنا بالصلاة) ‘ബിലാലേ, നമസ്‌കാരംകൊണ്ട് നമുക്ക് ആശ്വാസം പകരൂ’ (അഹ്മദ്, അബൂദാവൂദ്). നമസ്‌കാരത്തില്‍നിന്ന് ആശ്വാസം തരൂ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

قال صلى الله عليه و سلم [ جعلت قرة عيني في الصلاة

നബി ﷺ പറഞ്ഞു: എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. (അഹ്മദ്, നസാഈ).

ആരുടെയെങ്കിലും കണ്‍കുളിര്‍മ നമസ്‌കാരത്തിലാണുള്ളതെങ്കില്‍ അതല്ലാതെ മറ്റെന്തിലൂടെയാണ് അയാള്‍ക്കത് നേടാനാവുക? ആ നമസ്‌കാരത്തെ വിട്ട് എങ്ങനെയാണയാള്‍ക്ക് ക്ഷമിച്ചിരിക്കാനാവുക?

നമസ്‌കാരത്തില്‍ കണ്‍കുളിര്‍മ കിട്ടുന്ന ഹൃദയസാന്നിധ്യത്തോടെ നമസ്‌കാരം നിര്‍വഹിക്കുന്ന ആളുടെ നമസ്‌കാരമാണ് അല്ലാഹുവിലേക്ക് കയറിപ്പോകുന്നത്. അതാണ് പ്രകാശവും പ്രമാണവും. അല്ലാഹു അയാളെ അതിനോടൊപ്പം സ്വീകരിക്കും. അപ്പോള്‍ അത് ഇപ്രകാരം പറയുമത്രെ: ‘എന്നെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ!’ എന്നാല്‍ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാത്ത ഭയഭക്തിയും നമസ്‌കാരത്തിന്റെ മറ്റു അതിര്‍വരമ്പുകളും ശ്രദ്ധിക്കാത്ത പല വീഴ്ചകളും വരുത്തിയയാളുടെ നമസ്‌കാരം പഴയ വസ്ത്രങ്ങള്‍ ചുരുട്ടിയത് പോലെ ചുരുട്ടിക്കൂട്ടി അയാളുടെ മുഖത്തേക്ക് എറിയപ്പെടും. അപ്പോള്‍ അത് അയാളോടിങ്ങനെ പറയുമത്രെ: ‘എന്നെ അവഗണിച്ച നിന്നെയും അല്ലാഹു അവഗണിക്കട്ടെ.’

അബ്ദുല്ലാഹിബ്‌നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് അബൂശജറയും അദ്ദേഹത്തില്‍ നിന്ന് അബൂസ്സാഹിരിയ്യയും അദ്ദേഹത്തില്‍നിന്ന് സഈദുബ്‌നു സിനാനും അദ്ദേഹത്തില്‍നിന്ന് ബക്‌റുബ്‌നു ബിശ്‌റും വഴി ഉദ്ധരിക്കുന്ന മര്‍ഫൂആയ ഒരു ഹദീഥില്‍ ഇപ്രകാരം പറയപ്പെടുന്നു: ‘ഏതൊരു വിശ്വാസി വുദൂഅ് ശരിയായ വിധത്തില്‍ പൂര്‍ത്തികരിക്കുകയും ഒരു നമസ്‌കാരത്തിന്റെ സമയത്തുതന്നെ അത് അല്ലാഹുവിനായി നിര്‍വഹിക്കുകയും ചെയ്താല്‍; അതിന്റെ സമയത്തിലോ റുക്കൂഇലോ സുജൂദിലോ ഒന്നിലും യാതൊരു കുറവ് വരുത്താതെയാണ് അയാള്‍ ചെയ്തതെങ്കില്‍ തീര്‍ച്ചയായും ഇരുഭാഗങ്ങളില്‍ പ്രകാശം വിതറിക്കൊണ്ട് തെളിമയോടെ വിശുദ്ധമായി അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടും. അങ്ങനെ അത് അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നതാണ്.

എന്നാല്‍ ആരെങ്കിലും വുദൂഅ് പൂര്‍ത്തീകരിക്കാതെയും സമയം വൈകിച്ചും റുകൂഇലും സുജൂദിലൂമെല്ലാം വീഴ്ച വരുത്തിയുമാണ് നിര്‍വഹിച്ചതെങ്കില്‍ അത് അയാളില്‍നിന്ന് ഉയര്‍ത്തപ്പെടുക ഇരുള്‍മുറ്റിയ, കറുത്തിരുണ്ട രൂപത്തിലായിരിക്കും. എന്നിട്ടത് അയാളുടെ തലമുടി കടന്ന് മേല്‍പോട്ട് പോവുകയില്ല. പിന്നീടത് ‘എന്നെ നീ അവഗണിച്ചപോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ, എന്നെ നീ അവഗണിച്ച പോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ’ എന്നിങ്ങനെ പറയും (ത്വയാലസി ബസ്സാര്‍ മുതലായവര്‍ ഉദ്ധരിച്ചത്. ഇമാം ഹൈഥമി ‘മജമഉ സ്സവാഇദി’ല്‍ (2/122)പറയുന്നു: ‘ഇതിന്റ സനദില്‍ അഹ് വസ്വ് ഇബ്‌നു ഹകീം എന്ന വ്യക്തിയുണ്ട്. ഇബ്‌നുല്‍ മദീനിയും ഇജ്‌ലിയും അദ്ദേഹത്തെ യോഗ്യനെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം നിരൂപകര്‍ അദ്ദേഹത്തെ അയോഗ്യനെന്നാണു പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള നിവേദകരെല്ലാം യോഗ്യരാണ്.’ ‘ഉഖൈലി അദ്ദുഅഫാഅ്’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം അയോഗ്യനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്).

സ്വികാര്യയോഗ്യമായ നമസ്‌കാരം, സ്വികരിക്കപ്പെടുന്ന സല്‍കര്‍മങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ പടച്ച റബ്ബിന് അനുയോജ്യമായ വിധത്തില്‍ ഒരു അടിമ നിര്‍വഹിക്കുന്നത് എന്നാണ് വിവക്ഷ. അപ്പോള്‍ ഒരാളുടെ നമസ്‌കാരം അല്ലാഹുവിനു പറ്റുന്നതും അനുയോജ്യവുമാണെങ്കില്‍ അത് സ്വികാര്യയോഗ്യമാണ്.

സ്വീകരിക്കപ്പെടുന്ന കര്‍മങ്ങള്‍ രണ്ടുവിധമുണ്ട്:

(1) നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളുമൊക്കെ അനുഷ്ഠിക്കുമ്പോള്‍ അയാളുടെ ഹൃദയം അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കുകയും നിരന്തരമായി അല്ലാഹുവിനെ കുറിച്ചുള്ള ബോധത്തിലും സ്മരണയിലും (ദിക്ര്‍) ആയിരിക്കുകയും ചെയ്യും. ഈ അടിമയുടെ കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അവന്റെ നേരെ നില്‍ക്കുകയും അല്ലാഹു അതിലേക്ക് (കാരുണ്യത്തിന്റെ തിരു നോട്ടം) നോക്കുകയും ചെയ്യും. അങ്ങനെ അല്ലാഹു അതിലേക്ക് നോക്കിയാല്‍ അത് അവന്റ ‘വജ്ഹ്’ ഉദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കമായി ചെയ്തതാണെന്നും ഒരു നിഷ്‌കളങ്കനും അല്ലാഹുവിനെ സ്‌നേഹിക്കുന്നവനും അവനിലേക്ക് സാമിപ്യം ആഗ്രഹിക്കുകയും ചെയ്യുന്നവന്റെ നല്ല ഹൃദയത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാഹു കാണും. അല്ലാഹു അതിനെ ഇഷ്ടപ്പെടുകയും തൃപ്തി രേഖപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യും.

(2) രണ്ടാമത്തെ ഇനം ഒരാള്‍ സല്‍കര്‍മങ്ങളും ആരാധനകളും കേവലമായ പതിവുകളെന്ന നിലയിലും അശ്രദ്ധയിലും ചെയ്യുന്ന രീതിയാണ്. അയാള്‍ അതിലൂടെ അല്ലാഹുവിന് വഴിപ്പെടലും അവനിലേക്കുള്ള സാമീപ്യവുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. അയാളുടെ അവയവങ്ങള്‍ അതില്‍ വ്യാപൃതമാണ്. എന്നാല്‍ ഹൃദയമാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നും (ദിക്ര്‍) അശ്രദ്ധമാണ്. നമസ്‌കാരത്തിന്റെ മാത്രമല്ല, അയാളുടെ മറ്റു കര്‍മങ്ങളുടെയും സ്ഥിതി ഇതുപോലെ തന്നെയാണ്. ഇയാളുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ അവ അവന്റെ നേരെ നില്‍ക്കുകയില്ല. അല്ലാഹുവിന്റെ കാരുണ്യത്താലുള്ള തിരുനോട്ടം അതിനു ലഭിക്കുകയില്ല. മറിച്ച് കര്‍മങ്ങളുടെ ഏടുകള്‍ വെക്കുന്നത് പോലെ അത് ഒരിടത്ത് വെക്കപ്പെടും. എന്നിട്ടു അന്ത്യനാളില്‍ അത് കൊണ്ടുവരികയും വേര്‍തിരിക്കപ്പെടുകയും ചെയ്യും. അതില്‍നിന്ന് അല്ലാഹുവിനായി ചെയ്തതിനു പ്രതിഫലം നല്‍കുകയും അവന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്തവ തിരസ്‌കരിക്കപ്പെടുകയും ചെയ്യും.

ഇദ്ദേഹത്തിന്റെ കര്‍മങ്ങളെ സ്വീകരിച്ചത് അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട സ്വര്‍ഗിയ കൊട്ടാരങ്ങള്‍, അന്നപാനീയങ്ങള്‍, ഹൂറികള്‍ മുതലായവ നല്‍കിക്കൊണ്ടാണെങ്കില്‍; ആദ്യത്തെ ആള്‍ക്കുള്ള പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ തൃപ്തിയും ആ കര്‍മത്തെയും കര്‍മം ചെയ്തയാളെയും അല്ലാഹു സ്‌നേഹിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും അദ്ദേഹത്തിന്റെ പദവിയും സ്ഥാനവും ഉയര്‍ത്തുകയുമൊക്കെ ചെയ്തുകൊണ്ടായിരിക്കും. അദ്ദേഹത്തിനു കണക്കറ്റ പാരിതോഷികങ്ങള്‍ അല്ലാഹു നല്‍കും. ഇത് ഒന്നാണെങ്കില്‍ മറ്റേത് വേറെയൊന്നാണ്.

മനുഷ്യര്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ അഞ്ചു പദവികളിലാണ്:

(1) സ്വന്തത്തോട് അന്യായം പ്രവര്‍ത്തിച്ച, കര്‍മങ്ങളില്‍ വീഴ്ചവരുത്തിയവന്റെത്. അതായത് വുദൂഇലും നമസ്‌കാരസമയത്തിലും അതിന്റെ നിയമ നിര്‍ദേശങ്ങളുടെ അതിര്‍വരമ്പുകളിലും പ്രധാനകര്‍മങ്ങളിലുമൊക്കെ വേണ്ടത്ര സൂക്ഷ്മതയില്ലാതെ വീഴ്ച വരുത്തിയവര്‍.

(2) നമസ്‌കാരത്തിന്റെ സമയം, അതിന്റെ നിയമനിര്‍ദേശങ്ങളിലും അതിര്‍വരമ്പുകളിലും അതിന്റെ ബഹ്യമായകര്‍മങ്ങളിലും വുദൂഇലുമൊക്കെ ശ്രദ്ധിക്കുകയും ദേഹച്ഛകളെയും ദുര്‍ബോധനങ്ങളെയും പ്രതിരോധിച്ച് അതിജയിക്കാന്‍ സാധിക്കാതെ മറ്റു ചിന്തകളുടെയും വസ്‌വാസുകളുടെയും പിന്നാലെ പോയവര്‍. അഥവാ പ്രസ്തുത ‘ജിഹാദില്‍’ വീഴ്ച വരുത്തിയവര്‍.

(3) നമസ്‌കാരത്തിന്റെ കര്‍മങ്ങളിലും അവയുടെ അതിര്‍വരമ്പുകളിലുമെല്ലാം സൂക്ഷ്മത പാലിച്ചും ശ്രദ്ധപുലര്‍ത്തിയും ‘വസ്‌വാസു’കളെയും മറ്റു ചിന്തകളെയും പ്രതിരോധിച്ചും തന്റെ ശത്രുവുമായുള്ള പോരാട്ടത്തില്‍ വ്യാപൃതനായി, തന്റെ ആരാധനയുടെ യാതൊന്നും ആ ശത്രു അപഹരിച്ചു കൊണ്ടുപോകാതിരിക്കാനായി പാടുപെടുന്നവര്‍. അവര്‍ നമസ്‌കാരത്തിലും അതോടൊപ്പം പോരാട്ടത്തിലുമാണ്.

(4) നമസ്‌കരിക്കാന്‍ നിന്നാല്‍ അതിന്റെ ബാധ്യതകളും അതിന്റെ കര്‍മങ്ങളും അതിര്‍വരമ്പുകളുമൊക്കെ ശ്രദ്ധിച്ചു പൂര്‍ത്തികരിച്ചു നിര്‍വഹിക്കുകയും തന്റെ ഹൃദയം ആരാധനയുടെ ബാധ്യതകളും അതിര്‍വരമ്പുകളും ശ്രദ്ധിക്കുന്നതില്‍ പൂര്‍ണമായി മുഴുകുകയും അതില്‍നിന്ന് യാതൊന്നും പാഴായിപ്പോകാതിരിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കുകയും ചെയ്യുന്നവര്‍. അവരുടെ മുഖ്യമായ ശ്രദ്ധ പ്രസ്തുത ഇബാദത്ത് ഏറ്റവും പരിപൂര്‍ണമായി ഏങ്ങനെ നിര്‍വഹിക്കാമെന്നതിലാണ്. നമസ്‌കാരത്തിന്റ ഗൗരവവും റബ്ബിനോടുള്ള കീഴ്‌പെടലിന്റെ മഹത്ത്വവുമൊക്കെയാണ് അവരുടെ ഹൃദയം നിറയെ ഉള്ളത്.

(5) നമസ്‌കരിക്കാന്‍ നിന്നാല്‍ മേല്‍പറഞ്ഞത് പോലെ നില്‍ക്കുകയും അതോടൊപ്പം തന്റെ ഹൃദയത്തെ എടുത്ത് റബ്ബിന് മുമ്പില്‍ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തിലൂടെ റബ്ബിനെ നോക്കിയും അവനെ ശ്രദ്ധിച്ചും സൂക്ഷിച്ചും അവനോടുള്ള സ്‌നേഹ ബഹുമാനാദരുവുകളാല്‍ ഹൃദയം നിറച്ചും റബ്ബിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നവനെപ്പോലെ നമസ്‌ക്കരിക്കുന്നവര്‍. മനസ്സിന്റെ ദുഷ് പ്രേരണകളും മറ്റു തോന്നലുകളും ചിന്തകളുമൊക്കെ അവരില്‍നിന്ന് ഓടിയൊളിക്കും. അവര്‍ക്കും പടച്ച റബ്ബിനുമിടയിലുള്ള മറകളെല്ലാം നീങ്ങിപ്പോയതുപോലെയുണ്ടാകും. ഇവരും മറ്റുള്ളവരും തമ്മില്‍ നമസ്‌കാരത്തിന്റെ കാര്യത്തിലുള്ള അന്തരം ആകാശഭൂമികളെക്കാള്‍ വലുതായിരിക്കും. ഇവര്‍ തങ്ങളുടെ നമസ്‌കാരങ്ങളില്‍ പടച്ചറബ്ബുമായി വ്യാപൃതരാവുകയും നമസ്‌കാരത്തിലൂടെ കണ്‍കുളിര്‍മ അനുഭവിക്കുകയും ചെയ്യുന്നവരാണ്.

ഒന്നാമത്തെ വിഭാഗം ശിക്ഷാര്‍ഹരാണ്. രണ്ടാമത്തെ വിഭാഗം വിചാരണ ചെയ്യപ്പെടുന്നവരും മൂന്നാമത്തെ വിഭാഗം പൊറുക്കപ്പെടുന്നവരും നാലാമത്തെ വിഭാഗം പ്രതിഫലാര്‍ഹരുമാണ്. അഞ്ചാമത്തെ വിഭാഗമാകട്ടെ, അല്ലാഹുവിലേക്ക് ഏറെ സാമീപ്യം സിദ്ധിച്ചവരും. കാരണം അവര്‍ക്ക് നമസ്‌കാരത്തില്‍ കണ്‍കുളിര്‍മയേകപ്പെട്ട നബി ﷺ യോട് സദൃശ്യമായ ഒരു വിഹിതമുണ്ട്. ദുന്‍യാവില്‍വെച്ച് നമസ്‌കാരത്തിലൂടെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ ലഭിക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹുവിനോടുള്ള സാമീപ്യത്താല്‍ തീര്‍ച്ചയായും അവര്‍ക്കും കണ്‍കുളിര്‍മ ലഭിക്കുന്നതാണ്. പടച്ചവനെക്കൊണ്ടും അവരുടെ കണ്ണ് ദുനിയാവില്‍ കുളിര്‍ക്കും. അല്ലാഹുവിനെക്കൊണ്ട് ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ നേടാനായാല്‍ അയാളിലൂടെ എല്ലാ കണ്ണുകള്‍ക്കും കുളിര്‍മ ലഭിക്കും. എന്നാല്‍ അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാന്‍ കഴിയാത്തവരാകട്ടെ, അവര്‍ക്ക് ദുന്‍യാവിനോടുള്ള ഖേദത്താല്‍ ശ്വാസം അവസാനിപ്പിക്കേണ്ടി വരും.

ഒരു അടിമ അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കാരത്തതിനായി നിന്നാല്‍ അല്ലാഹു ഇപ്രകാരം പറയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ‘എന്റെയും എന്റെ അടിമയുടെയും ഇടയിലുള്ള എല്ലാ മറകളും നീക്കുക.’ എന്നാല്‍ അയാള്‍ അല്ലാഹുവില്‍നിന്ന് തിരിഞ്ഞാല്‍ ആ മറകള്‍ താഴ്ത്തിയിടാന്‍ പറയുമത്രെ!

ഈ തിരിയല്‍കൊണ്ടുള്ള വിവക്ഷ അല്ലാഹുവില്‍നിന്ന് മറ്റു വല്ലതിലേക്കും മനസ്സ് തിരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം. അങ്ങനെ മറ്റു വല്ലതിലേക്കും ശ്രദ്ധതിരിക്കുമ്പോള്‍ അല്ലാഹുവിന്റെയും അയാളുടെയും ഇടയില്‍ മറയിടുകയും പിശാച് കടന്നുവരികയും ചെയ്യും. പിന്നെ ദുന്‍യാവിന്റെ പല കാര്യങ്ങളും അയാള്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുക്കും; ഒരു കണ്ണാടിയില്‍ കാണുന്നത് പോലെ അയാള്‍ക്ക് മുമ്പില്‍ കാണിക്കും. എന്നാല്‍ തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മുന്നിടാന്‍ അയാള്‍ക്ക് കഴിയുകയും മറ്റൊന്നിലേക്കും തിരിയാതിരിക്കുകയും ചെയ്താല്‍ പിശാചിന് അയാള്‍ക്കും അല്ലാഹുവിനുമിടയില്‍ നിലയുറപ്പിക്കാന്‍ സാധിക്കുകയില്ല. പിശാച് ഇടയില്‍ കയറിക്കൂടുന്നത് പ്രസ്തുത മറയുണ്ടാവുമ്പോള്‍ മാത്രമാണ്. മറിച്ച് അല്ലാഹുവിലേക്ക് ഓടിച്ചെല്ലുകയും തന്റെ ഹൃദയത്തെ സമര്‍പ്പിക്കുകയും ചെയ്താല്‍ പിശാച് ഓടിയകലും. എന്നിട്ട് അല്ലാഹുവില്‍നിന്ന് മുഖം തിരിച്ചാല്‍ പിശാച് ഓടിയെത്തും. നമസ്‌കാരത്തില്‍ പ്രവേശിച്ച ഏതൊരാളുടെ അവസ്ഥയും തന്റെ ശത്രുവായ പിശാചിന്റെ സ്ഥിതിയും ഇതാണ്!

ഒരാള്‍ക്ക് തന്റെ ദേഹേച്ഛയെയും മറ്റു ആഗ്രഹങ്ങളെയും കീഴ്‌പ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നമസ്‌കാരത്തില്‍ ശ്രദ്ധയൂന്നുവാനും റബ്ബുമായി കൂടുതല്‍ അടുത്തുകൊണ്ട് അതില്‍ മുഴുകുവാനും സാധിക്കുക. അല്ലാതെ ആഗ്രഹങ്ങള്‍ കീഴ്‌പ്പെടുത്തുകയും ദേഹേച്ഛ ബന്ധനസ്ഥനാക്കുകയും ചെയ്ത ഹൃദയമാണെങ്കില്‍ പിശാച് തനിക്ക് സൗകര്യപ്രദമായ ഒരു ഇടം അവിടെ കണ്ടെത്തി അടയിരിക്കും. പിന്നെ എങ്ങനെയാണ് ‘വസ്‌വാസു’കളില്‍നിന്നും മറ്റു ചിന്തകളില്‍നിന്നും രക്ഷപ്പെടാനാവുക?

 

ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *