വിശുദ്ധ ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് ഒരു രീതിശാസ്ത്രമുണ്ട്. അത് തോന്നിയപോലെ കൈകാര്യം ചെയ്യാന്‍ പാടില്ലാത്തതാണ്. അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായി അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ക്വുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് എങ്ങനെയാണ് ? മുഹമ്മദ് അമാനി മൗലവി (റഹി) തന്റെ ഖുർആൻ വിശദീകരണത്തിൽ മുഖവുരയില്‍ ക്വുര്‍ആന്‍ വ്യാഖ്യാനം (تفسير القرآن) എന്ന തലക്കെട്ടില്‍ ഒരു വിശദീകരണം നൽകുന്നുണ്ട്. ഈ വിഷയത്തിൽ സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിശദീകരണം ഏറെ സഹായകരമാണ്. യാതൊരു മാറ്റത്തിരുത്തലുകളും വരുത്താതെ അത് താഴെ ചേർക്കുന്നു.
ക്വുര്‍ആന്‍ വ്യാഖ്യാനം – تفسير القرآن
ക്വുര്‍ആന്‍ അവതരിച്ചത് അറബിയിലാണ്. ആകയാല്‍, അതിന്‍റെ വാച്യാര്‍ത്ഥം മനസ്സിലാക്കുവാന്‍ അറബികള്‍ക്ക് പരസഹായം ആവശ്യമില്ല. إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ (നിശ്ചയമായും, നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ വേണ്ടി, അറബി ഭാഷയിലുള്ള ഒരു ക്വുര്‍ആനായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു) എന്ന് അല്ലാഹു പ്രസ്താവിച്ചതില്‍നിന്ന് തന്നെ ഇത് സ്പഷ്ടമാണ്. ചില ശൈലികളും, പ്രയോഗങ്ങളും നോക്കുമ്പോള്‍, പല ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ അല്പം ചില വ്യത്യാസം കാണപ്പെട്ടേക്കാമെങ്കിലും, ക്വുറൈശികളുടെ ഭാഷാരീതി അറബികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു. സാഹിത്യപുരോഗതിയില്‍ ഏറ്റവും മുന്നിട്ടു നില്ക്കുന്നതും അവരുടെ ഭാഷാരീതിയായിരുന്നു. ക്വുറൈശികളിലാണല്ലോ നബി (സ്വ) ജനിച്ചു വളര്‍ന്നതും. ആകയാല്‍, ക്വുറൈശികളുടെ ഭാഷാശൈലിയാണ് പൊതുവില്‍ ക്വുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്വ്ഹഫിന്‍റെ കുറേ കോപ്പികള്‍ തയ്യാറാക്കുവാന്‍ സൈദുബ്‌നുഥാബിത്ത് (റ)ന്‍റെ നേതൃത്വത്തില്‍ ഉഥ്മാന്‍ (റ) ഒരു സംഘത്തെ ചുമതലപ്പെടുത്തിയ വിവരം നാം മുമ്പ് പറഞ്ഞിട്ടുണ്ട്. അവരോട് ഉഥ്മാന്‍ (റ) ഇപ്രകാരം ഉണര്‍ത്തിയിരുന്നതായി ബുഖാരിയില്‍ കാണാം:
إِذَا اخْتَلَفْتُمْ أَنْتُمْ وَزَيْدُ بْنُ ثَابِتٍ فِى عَرَبِيَّةٍ مِنْ عَرَبِيَّةِ الْقُرْآنِ فَاكْتُبُوهَ ا بِلِسَ انِ قُرَيْشٍ ، فَإِنَّ الْقُرْآنَ أُنْزِلَ بِلِسَانِهِمْ .
നിങ്ങളും, സൈദു ബ്‌നുഥാബിത്തും തമ്മില്‍ ക്വുര്‍ആന്‍റെ അറബിഭാഷാ പ്രയോഗങ്ങളില്‍പെട്ട വല്ലതിലും ഭിന്നാഭിപ്രായമുണ്ടായാല്‍ നിങ്ങളത് ക്വുറൈശികളുടെ ഭാഷയനുസരിച്ച് എഴുതിക്കൊള്ളുവീന്‍. കാരണം, അവരുടെ ഭാഷയനുസരിച്ചാണ് ക്വുര്‍ആന്‍ അവതരിച്ചിട്ടുള്ളത്.
സൈദ് (റ) ക്വുറൈശിയായിരുന്നില്ല -അന്‍സ്വാരികളില്‍പെട്ടആളായിരുന്നു- എന്നത് ഇവിടെ സ്മരണീയമാണ്. بِلِسَانٍ عَرَبيٍّ مُّبِينٍ – الشعراء (സ്പഷ്ടമായ അറബി ഭാഷയില്‍) എന്ന വചനം മുഖേന ക്വുര്‍ആനും ഈ വസ്തുത സൂചിപ്പിച്ചിരിക്കുന്നു. ‘മുബീനായ’ ഭാഷ ( لسان مبين ) എന്ന് ക്വുറൈശികളുടെ ഭാഷയെപ്പറ്റി പറയപ്പെടാറുണ്ടായിരുന്നു.
ചുരുക്കത്തില്‍, മേല്‍ പറഞ്ഞ കാരണങ്ങളാല്‍ ക്വുര്‍ആന്‍റെ വാച്യാര്‍ത്ഥങ്ങളും, വ്യക്തമായ ഉദ്ദേശ്യങ്ങളും മനസ്സിലാക്കുവാന്‍ അന്നത്തെ അറബികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. അവര്‍ക്ക് മനസ്സിലാകാത്ത സൂചനകളും മറ്റും നബി (സ്വ) അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്‍റെ ഗുണവിശേഷണങ്ങള്‍, പരലോകകാര്യങ്ങള്‍, അദൃശ്യവാര്‍ത്തകള്‍ മുതലായവയെക്കുറിച്ച് അധികം ചോദ്യം ചെയ്യുന്നതും, ചുഴിഞ്ഞന്വേഷണം നടത്തുന്നതും നിരുത്സാഹെപ്പടുത്തപ്പെട്ടിരിക്കുന്നതു കൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് ക്വുര്‍ആനില്‍ നിന്നോ, നബി വാക്യങ്ങളില്‍നിന്നോ വ്യക്തമായി മനസ്സിലാകുന്നതിനപ്പുറം ആരായുന്ന പതിവ് സ്വഹാബികള്‍ക്കുണ്ടായിരുന്നതുമില്ല. ഈ പതിവ് പില്‍കാലത്തുണ്ടായിത്തീര്‍ന്നതാകുന്നു. ക്വുര്‍ആന്‍ ഒരേ പ്രാവശ്യമായി അവതരിക്കാതെ, സന്ദര്‍ഭത്തിനൊത്ത് 23 കൊല്ലംകൊണ്ട് അവതരണം പൂര്‍ത്തിയായതും, നബി (സ്വ) അവരുടെ ഇടയില്‍ ഉണ്ടായിരുന്നതും ക്വുര്‍ആന്‍ വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ അവര്‍ക്ക് വളരെ സൗകര്യം നല്‍കി. ബുദ്ധിശക്തി, സത്യാന്വേഷണ തല്‍പരത, ഭാഷയുമായുള്ള ഇണക്കം എന്നിവയ്ക്ക് പുറമെ, പ്രവാചകത്വത്തിന്‍റെ തണലില്‍, ക്വുര്‍ആന്‍റെ പ്രഭയേറ്റുകൊണ്ട് കഴിഞ്ഞു കൂടുവാന്‍ ഭാഗ്യം സിദ്ധിച്ചവരായിരുന്നു സ്വഹാബികള്‍.
നബി (സ്വ) യില്‍ നിന്നും അവര്‍ പകര്‍ത്തെടുത്ത വിജ്ഞാന ദീപങ്ങള്‍ അവരുടെ പിന്‍ഗാമികളായ ‘താബിഉകള്‍’ ( التابعون )ക്കും അതേ പ്രകാരം അവര്‍ ഏല്‍പിച്ചുകൊടുത്തു. താബിഉകള്‍ അവരുടെ കൃത്യവും വേണ്ടും വണ്ണം നിര്‍വ്വഹിച്ചു. അക്കാലത്ത് ഇന്നത്തെപ്പോലെ, വിജ്ഞാനങ്ങള്‍ ശാസ് ത്രീയരൂപം പൂണ്ടു കഴിഞ്ഞിരുന്നില്ല. ക്വുര്‍ആനല്ലാത്ത ലിഖിതഗ്രന്ഥങ്ങളും – അവര്‍ക്കിടയില്‍ വിശേഷിച്ചും – ഇല്ലായിരുന്നു. മുഖാമുഖമായും, കര്‍ണാകര്‍ണികയായും കേട്ടുപഠിക്കലും, അത് അതേപടി പിന്നീടുള്ളവര്‍ക്ക് നിവേദനം (രിവായത്ത്) ചെയ്തുകൊടുക്കലുമായിരുന്നു അവരുടെ പതിവ്. കേട്ടത് ഹൃദിസ്ഥമാക്കുവാനുള്ള വമ്പിച്ച കഴിവ് അവരുടെ ഒരു പ്രത്യേകത കൂടിയായിരുന്നു. ഇതിനെല്ലാം പുറമെ, ഇസ്‌ലാമിന്‍റെ പ്രചരണത്തിലും, വിജയത്തിലും തങ്ങളുടെ മുഴുവന്‍ സമയവും അവര്‍ക്ക് ശ്രദ്ധപതിപ്പിച്ചു കൊണ്ടിരിക്കേണ്ടതുമുണ്ടായിരുന്നു. അങ്ങിനെ, ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ വ്യാപൃതരാകേണ്ടുന്ന ആവശ്യമോ, അതിനുള്ള സന്ദര്‍ഭമോ മുന്‍ഗാമികള്‍ക്ക് അധികമൊന്നും നേരിട്ടിരുന്നില്ല.
കാലക്രമത്തില്‍, സ്ഥിതിഗതികള്‍ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. അറബികളും അല്ലാത്തവരും കൂടിക്കലര്‍ന്നു. നുബുവ്വത്തിന്‍റെ തണലും വെളിച്ചവും ഏല്‍ക്കുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍ രംഗത്തുവന്നു. ഭാഷാപരമായ രംഗങ്ങളില്‍ പോലും, അറബികളുടെ സ്ഥിതിഗതികള്‍ പല മാറ്റത്തിനും വിധേയമായി. നബി (സ്വ) ക്ക് ശേഷം, യുദ്ധസംബന്ധവും ഭരണസംബന്ധവുമായ കാരണങ്ങളാല്‍ പണ്ഡിതന്മാരായ സ്വഹാബികള്‍ പലരും രാജ്യത്തിന്‍റെ നാനാ ഭാഗത്തും വിട്ടുപോയി താമസമുറപ്പിക്കേണ്ടി വന്നു. ഓരോരുത്തര്‍ക്കും അതതു സ്ഥലങ്ങളില്‍ ശിഷ്യഗണങ്ങളുമുണ്ടായി ത്തീര്‍ന്നു. ഒരു വിഭാഗക്കാര്‍ക്ക് ലഭിച്ച അറിവ് മറ്റേ വിഭാഗക്കാര്‍ക്ക് ലഭിക്കാതിരിക്കുവാന്‍ ഇത് ഇടയാക്കി. ക്രമേണ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. അന്വേഷണങ്ങളും, ചോദ്യോത്തരങ്ങളും അധികരിച്ചു. വിജ്ഞാനതുറകളില്‍ ഗ്രന്ഥരചന യും ആരംഭിച്ചു. പലരും വിജ്ഞാനത്തിന്‍റെ ചില തുറകളില്‍ മാത്രം ശ്രദ്ധയും ശ്രമവും ചെലുത്തുകയുണ്ടായി. ചുരുക്കത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാന വിജ്ഞാനം ( علم التفسير ) എന്ന പേരില്‍ ഒരു ശാസ്ത്രം രൂപമെടുത്തു. അതോടെ നബി (സ്വ) യില്‍നിന്നും സ്വഹാബികളില്‍നിന്നും ലഭിച്ചിട്ടുള്ള പ്രമാണങ്ങള്‍ക്ക് പുറമെ – മുമ്പില്ലാതിരുന്നതും, മുമ്പ് ആവശ്യമില്ലാതിരുന്നതുമായ – പല ഉപാധികളും അതിനാവശ്യമായി വന്നു. ഭാഷാ നിഘണ്ടുക്കള്‍, വ്യാകരണം, ഭാഷാ സാഹിത്യ ശാസ്ത്രങ്ങള്‍ എന്നിങ്ങിനെ പലതും ആവശ്യമായി. ക്രമേണ ക്രമേണ ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്‍റെ വൃത്തം അങ്ങനെ വിപുലമായിത്തീര്‍ന്നു.
ക്വുര്‍ആന്‍റെ സാക്ഷാല്‍ വ്യാഖ്യാതാവ് നബി തിരുമേനി (സ്വ) തന്നെയാണെന്ന് പറയേണ്ടതില്ല. ‘ജനങ്ങള്‍ക്ക് നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാണ് തനിക്ക് ഈ പ്രമാണം അവതരിപ്പിച്ചിരിക്കുന്നത്’ എന്നാണല്ലോ (നഹ്ല്‍ 44) നബി (സ്വ) യോട് അല്ലാഹു പറഞ്ഞിരിക്കുന്നത്. ക്വുര്‍ആന്‍റെ എല്ലാ വാക്യങ്ങളും എടുത്തുദ്ധരിച്ച് അവയുടെ അര്‍ത്ഥവും, ഉദ്ദേശ്യവും വെവ്വേറെ വിവരിച്ചു തന്നിട്ടുണ്ടെന്നല്ല, നബി (സ്വ) ക്വുര്‍ആന്‍റെ വ്യാഖ്യാതാവാണെന്നു പറഞ്ഞതിന്‍റെ താല്പര്യം. അങ്ങിനെ ചെയ്യേണ്ടുന്ന ആവശ്യവും ഇല്ലായിരുന്നു. ചില വചനങ്ങളുടെ സാരോദ്ദേശ്യങ്ങള്‍ വിവരിച്ചുകൊടുക്കുക, ചിലതില്‍ അന്തര്‍ഭവിച്ചു കിടപ്പുള്ള രഹസ്യങ്ങളും, തത്വങ്ങളും വ്യക്തമാക്കികൊടുക്കുക, ഉദാഹരണങ്ങള്‍ വിവരിക്കുക, ക്വുര്‍ആന്‍റെ അധ്യാപനങ്ങളും കല്പനാ നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്തി പ്രവര്‍ത്തനത്തില്‍ കാണിച്ചുകൊടുക്കുക, ചില കാര്യങ്ങളെപ്പറ്റി അവ ഇന്ന ആയത്തിന്‍റെ താല്‍പര്യത്തില്‍ ഉള്‍കൊള്ളുന്നതാണെന്ന് ചൂണ്ടിക്കാട്ടുക, സാമാന്യമായി പറഞ്ഞതിനെ വിശദീകരിക്കുക, സംക്ഷിപ്തമായി പറഞ്ഞതിനെ വിസ്തരിക്കുക എന്നിങ്ങനെയുള്ള കൃത്യങ്ങളായിരുന്നു നബി (സ്വ) ചെയ്യേണ്ടിയിരുന്നത്. അതുതന്നെയാണ് അവിടുന്ന് നിര്‍വ്വഹിച്ചതും. അതു തന്നെയാണ് നബി (സ്വ) യുടെ സുന്നത്ത്, അഥവാ ഹദീഥ് എന്നു പറയുന്നത്.
ഹിദീഥ് ഗ്രന്ഥങ്ങളില്‍, നബി (സ്വ) യുടെ സുന്നത്തുകള്‍ (വാക്കും പ്രവൃത്തിയും) രേഖപ്പെട്ടുകിടക്കുന്ന കാലത്തോളം, അവിടുത്തെ വ്യാഖ്യാനവും നിലവിലുണ്ടായിരിക്കുന്നതാണ്. എന്നാല്‍, ഹദീഥ് ഗ്രന്ഥങ്ങളില്‍ സുന്നത്തുകളെ രേഖപ്പെടുത്തുന്നത് വിഷയത്തിന്‍റെ സ്വഭാവമനുസരിച്ചു പല അധ്യായങ്ങളും, പംക്തികളുമായി ക്രമപ്പെടുത്തിക്കൊണ്ടായിരിക്കും. അതുകൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാന പംക്തി എന്ന പ്രത്യേക തലക്കെട്ടുകളില്‍ വളരെ അധികമൊന്നും ഹദീഥുകള്‍, ഹദീഥ്ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി കണ്ടെന്നുവരികയില്ല. ക്വുര്‍ആന്‍റെ ഏതെങ്കിലും വചനമോ, വാക്കോ, അവതരണ സന്ദര്‍ഭമോ എടുത്തുദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്താവനകളായിരിക്കും ഈ പംക്തിയില്‍ സാധാരണ രേഖപ്പെടുത്തിക്കാണുക. ഇക്കാരണത്താല്‍, ഈ പ്രത്യേക പംക്തികളില്‍ ചേര്‍ക്കപ്പെട്ടു കാണുന്ന ഹദീഥുകള്‍ മാത്രമാണ് ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ നമുക്ക് നബി (സ്വ) യില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നു ധരിച്ചുകൂടാത്തതാണ്. അതുപോലെത്തന്നെ, നബി (സ്വ) യുടെ വിയോഗത്തോടുകൂടി അവിടുത്തെ ക്വുര്‍ആന്‍ വ്യാഖ്യാന പരമ്പര മുറിഞ്ഞുപോയെന്നും, പിന്നീടുള്ളവരെല്ലാം അവരവരുടെ അഭിപ്രായമനുസരിച്ചു വ്യാഖ്യാനിച്ചു പോരുകയാണ് ചെയ്യുന്നതെന്നും ചിലര്‍ ധരിക്കാറുള്ളതും പ്രചരിപ്പിക്കാറുള്ളതും തെറ്റാകുന്നു.
നബി (സ്വ) യുടെ കാലത്ത് ആവശ്യമില്ലാതിരുന്ന പലതും, ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ പിന്നീട് ആവശ്യമായി വന്നുവെന്ന് പറഞ്ഞുവല്ലോ. ഇതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കാം. ഒരു വ്യാഖ്യാതാവിന് – അറബി ഭാഷാ പരിജ്ഞാനത്തിനു പുറമെ – വ്യാകരണം, സാഹിത്യം, അലങ്കാരം ആദിയായ ശാസ്ത്രങ്ങളിലും വ്യുല്‍പത്തി വേണം. പദങ്ങളുടെയും, വാചകങ്ങളുടെയും ഘടനാ വിശേഷതകളും, അവയില്‍ അടങ്ങിയ പ്രത്യേകതകളും മനസ്സിലാക്കുവാന്‍ ഇത് ആവശ്യമാകുന്നു. സാധാരണ ഉപയോഗത്തിലില്ലാത്ത പദങ്ങളും, പ്രയോഗങ്ങളും, അര്‍ത്ഥവൈവിദ്ധ്യം വരുന്ന പദങ്ങളും അറിഞ്ഞിരിക്കണം. ഹദീഥ് ഗ്രന്ഥങ്ങള്‍ പരിചയിക്കുകയും, പരിശോധിക്കുകയും വേണം. സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികളായ പണ്ഡിതന്മാരുടെ പ്രസ്താവനകളും, അഭിപ്രായങ്ങളും ആരായേതുണ്ട്. ഇസ്‌ലാമിക ചരിത്രങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. ആയത്തുകളുടെ അവതരണ ഹേതുക്കള്‍, അവതരിച്ച സന്ദര്‍ഭങ്ങള്‍ മുതലായവയും അറിഞ്ഞിരിക്കണം. ക്വുര്‍ആനില്‍ നിന്നും, ഹദീഥുകളില്‍ നിന്നും മതവിധികള്‍ മനസ്സിലാക്കുന്നതിന് ഒഴിച്ചു കൂടാത്ത കര്‍മശാസ് ത്രനിദാനവും അറിഞ്ഞിരിക്കേതുണ്ട്. ഇങ്ങിനെ പലതും ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാകുന്നു.
നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായ ഹൃദയം, ക്വുര്‍ആന്‍ എന്ത് പ്രസ്താവിക്കുന്നുവോ അത് – ആരുടെ ഇഷ്ടത്തിനോ, ആദര്‍ശത്തിനോ, താല്പര്യത്തിനോ നിരക്കാത്തതായാലും ശരി – അപ്പടി സ്വീകരിക്കുവാന്‍ തയ്യാറുള്ള മനഃസ്ഥിതി, വളച്ചു തിരിച്ചോ, ദുര്‍വ്യാഖ്യാനം ചെയ്‌തോ സ്വന്തം താല്പര്യം നേടാന്‍ ശ്രമിക്കാതെ, നേര്‍ക്കുനേരെ ഉള്ളടക്കം തുറന്നുകാണിക്കുവാനുള്ള സന്നദ്ധത, താന്‍ പറയുന്നതിനെപ്പറ്റി അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുള്ള ബോധം, അല്ലാഹുവിന്‍റെ പ്രതിഫലത്തിലുള്ള മോഹം, ഉദ്ദേശ്യം ശരിക്ക് മനസ്സിലാകാത്ത സന്ദര്‍ഭങ്ങളില്‍ അത് തുറന്നു പറയാനുള്ള മനക്കരുത്ത്, സത്യവും, ന്യായവും ആര്‍ പറഞ്ഞാലും സ്വീകരിക്കുവാനുള്ള സന്നദ്ധത മുതലായ ഗുണങ്ങളും വ്യാഖ്യാതാവിന് അവശ്യം ആവശ്യമാകുന്നു. പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണുമ്പോള്‍, അവ തമ്മില്‍, കഴിയുന്നത്ര യോജിപ്പിച്ചു നല്ലനിലക്ക് വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. മറിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ പൊക്കിക്കാണിച്ചും, പരസ്പര വൈരുദ്ധ്യം സ്ഥാപിച്ചും പുറംതള്ളിക്കളയുവാന്‍ തുനിയുകയല്ല വേണ്ടത്. വ്യക്തമായ തെളിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ, ആരുടെ അഭിപ്രായവും തള്ളിക്കളയുകയോ, സ്ഥിരപ്പെടുത്തുകയോ ചെയ്യരുത്. ആയത്തുകളുടെ വിവരണങ്ങളില്‍, കാലോചിതമായ സംഗതികളെ സ്പര്‍ശിച്ചു സംസാരിക്കുന്നതും ആവശ്യമാണ്. എന്നാല്‍ ആയത്തുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പുതിയ അര്‍ത്ഥം കല്പിച്ചുണ്ടാക്കി കാലത്തിനൊത്ത് വ്യാഖ്യാനിക്കുവാന്‍ മുതിരുന്നത് വമ്പിച്ച അനീതിയുമാകുന്നു.
വ്യാഖ്യാനിക്കേണ്ട രീതി
പ്രമുഖരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ കൂട്ടത്തില്‍ പലനിലക്കും പ്രസിദ്ധി നേടിയ രണ്ട് മഹാന്മാരാണ് ഇമാം ഇബ്‌നുജരീരിത്ത്വബ്‌രീ (റ)യും, ഇമാം ഇബ്‌നുകഥീറും (റ).(*) ഇബ്‌നു ജരീര്‍ (റ) ഹിജ്‌റഃ 3-ാം നൂറ്റാണ്ടില്‍ ജീവിച്ച് 4-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ – ഹിജ്‌റഃ 310 ല്‍ – അന്തരിച്ച ആളാണ്. ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ എന്നപോലെ ഹദീഥിലും, ഇസ്‌ലാം ചരിത്രത്തിലും ലോകപ്രസിദ്ധി നേടിയ ഒരു മഹാനാണദ്ദേഹം. ക്വുര്‍ആന്‍റെയും ഹദീഥിന്‍റെയും അടിസ്ഥാനത്തില്‍ – സ്വഹാബികളുടെയും, താബിഉകളുടെയും വ്യാഖ്യാനങ്ങളെ മുമ്പില്‍വെച്ചു കൊണ്ടും, അഭിപ്രായവ്യത്യാസങ്ങളില്‍ ലക്ഷ്യസഹിതം പരിശോധിച്ചു വിധി കല്‍പ്പിച്ചുകൊണ്ടും – വിരചിതമായ ഒരു മഹല്‍ ഗ്രന്ഥമത്രെ അദ്ദേഹത്തിന്‍റെ പ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥം ( جامع البيان فى تفسير ال قرآن ). ‘അതുപോലെയുള്ള ഒരു തഫ്‌സീര്‍ ഗ്രന്ഥം മറ്റാരാലും രചിക്കപ്പെടുകയുണ്ടായിട്ടില്ല എന്നകാര്യത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ ഭിന്നാഭിപ്രായമില്ല’ എന്നാണ് ഇമാം നവവി (റ) അതിനെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്. ക്വുര്‍ആനും ഹദീഥും ധാരാളക്കണക്കിനുദ്ധരിച്ചുകൊണ്ടും, കാര്യകാരണ സഹിതം വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടും – മുന്‍ഗാമികളായ മഹാന്മാരുടെ മാര്‍ഗത്തില്‍ നിന്നു ഒട്ടും വ്യതിചലിക്കാതെ – ക്വുര്‍ആന്‍ വ്യാഖ്യാനിച്ച മദ്ധ്യകാല പണ്ഡിതനാണ് ഇബ്‌നുകഥീര്‍ (റ). ഇദ്ദേഹം ഹിജ്‌റഃ 774-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ തഫ്‌സീര്‍ ഗ്രന്ഥം ( تفسير القرآن العظيم ) പൂര്‍വ്വ നൂറ്റാണ്ടുകള്‍ക്കുശേഷം രചിക്കപ്പെട്ട തഫ്‌സീറുകളില്‍ പ്രധാനപ്പെട്ടതും, എല്ലാവരാലും അംഗീകരിക്കപ്പെട്ടതുമാകുന്നു. ഈ രണ്ടു മഹല്‍ഗ്രന്ഥങ്ങളുടെയും മുഖവുരകളില്‍ ആ മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാകുന്നു. അവയിലെ പ്രസക്ത ഭാഗങ്ങളാണ് ഈ അധ്യായത്തില്‍ നാം പ്രധാനമായി അവലംബമാക്കുന്നത്.
ക്വുര്‍ആന്‍, ഹദീഥ്, സ്വഹാബികളുടെ വചനങ്ങള്‍ തുടങ്ങിയ തെളിവുകള്‍ നിരത്തിക്കാട്ടിക്കൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാന സംബന്ധമായ പല കാര്യങ്ങളെക്കുറിച്ചും -കാര്യകാരണത്തോടുകൂടി- സുദീര്‍ഘം സംസാരിച്ചശേഷം ഇബ്‌നുജരീര്‍ (റ) പ്രസ്താവിച്ച ചില വരികളുടെ സംഗ്രഹം ഇപ്രകാരമാകുന്നു:-
‘ക്വുര്‍ആന്‍ വ്യാഖ്യാനം ചെയ്യുന്നതിന്‍റെ പല വശങ്ങളെക്കുറിച്ചും നാം ഇതിനു മുമ്പ് സംസാരിച്ചു. ക്വുര്‍ആന്‍റെ വ്യാഖ്യാനം മൊത്തത്തില്‍ ഇങ്ങിനെ മൂന്നു വിധത്തിലാണെന്നും നാം പ്രസ്താവിച്ചു. അതിലൊന്ന്: അല്ലാഹുവിനു മാത്രം അറിയാവുന്നതും, മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതുമാകുന്നു. അന്ത്യഘട്ടത്തിന്‍റെ (ക്വിയാമത്തു നാളിന്‍റെ) സമയം, ഈസാ (അ) ഇറങ്ങിവരുന്ന സമയം, കാഹളത്തില്‍ ഊതുന്ന സമയം എന്നിങ്ങനെ വരാനിരിക്കുന്ന സംഭവങ്ങളുടെ സമയങ്ങളും അതുപോലെയുള്ള മറ്റുകാര്യങ്ങളുമാണിത്. രണ്ടാമത്തേത്: നബി (സ്വ) ക്ക് മാത്രം അല്ലാഹു അറിയിച്ചുകൊടുത്തിട്ടുള്ളതും, ജനങ്ങളില്‍ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങളാകുന്നു. അതായത്, നബി തിരുമേനി (സ്വ) വിവരിച്ചുകൊടുക്കാതെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തവ (മതവിധികള്‍, ശിക്ഷാനിയമങ്ങള്‍, അനുഷ്ഠാനക്രമങ്ങള്‍ മുതലായവ). മൂന്നാമത്തേത്: ക്വുര്‍ആന്‍ അവതരിച്ച ഭാഷ അറിയുന്നവര്‍ക്ക് ഗ്രഹിക്കാവുന്നത്. എന്നുവെച്ചാല്‍, അറബിഭാഷയും, അതിന്‍റെ വ്യാകരണവും അറിയുന്നവര്‍ക്ക് മാത്രം ഗ്രഹിക്കാവുന്നത്.
‘യഥാര്‍ത്ഥം ഇതാണെങ്കില്‍, ജനങ്ങള്‍ക്ക് അറിയുവാന്‍ സാധ്യമായ വശങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ സത്യത്തോടു യോജിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവരും, ഏറ്റവും വ്യക്തമായ തെളിവുകള്‍ സഹിതം വ്യാഖ്യാന വിവരണം നല്‍കുന്നവരും ഇങ്ങിനെയുള്ളവരായിരിക്കും. അതായത്, നബി (സ്വ) യില്‍ നിന്ന് വ്യാഖ്യാനം ലഭിക്കേണ്ട വിഷയത്തില്‍, നബി (സ്വ) യുടെ ഹദീഥുകള്‍ വഴി കൂടുതല്‍ തെളിവു നല്‍കുന്നവര്‍. പലമാര്‍ഗങ്ങളില്‍ കൂടിയും പ്രസിദ്ധമായ ഹദീഥുകളെ ഉദ്ധരിച്ചോ, അല്ലെങ്കില്‍ വിശ്വസ്തരും, മര്യാദക്കാരുമായ നിവേദകന്മാരില്‍ നിന്നു ഉദ്ധരിച്ചോ ഇത് ചെയ്യാം. അല്ലാത്തപക്ഷം ഹദീഥുകളുടെ ബലാബലം പരിശോധിക്കുന്നതിന് നിശ്ചയിക്ക പ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും ഇത് ചെയ്യാവുന്നതാണ്. ഭാഷാജ്ഞാനങ്ങള്‍ വഴി ലഭിക്കാവുന്ന വ്യാഖ്യാനങ്ങളില്‍, ഭാഷക്കാരുടെ പ്രസിദ്ധ കവിതകളില്‍ നിന്നോ, അവര്‍ക്കിടയില്‍ സുപരിചിതമായ സംസാരശൈലികളില്‍ നിന്നോ സാക്ഷ്യം നല്‍കിക്കൊണ്ടായിരിക്കണം വ്യാഖ്യാനിക്കുന്നത്. മുന്‍ഗാമികളായ സ്വഹാബികള്‍, ഇമാമുകള്‍, പിന്‍ഗാമികളായ താബിഉകള്‍, സമുദായത്തിലെ പണ്ഡിതന്മാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ക്ക് പുറത്തുപോകാതിരിക്കുന്നപക്ഷം – ഇങ്ങിനെയുള്ള വ്യാഖ്യാനം ആരുടെതായിരുന്നാലും ശരി – ആ വിവരണവും, വ്യാഖ്യാനവും കൊള്ളാവുന്നതാകുന്നു’. (തഫ്‌സീര്‍ ഇബ്‌നുജരീര്‍ വാ: 1 പേ: 21).
ഇനി, ഇബ്‌നുകഥീര്‍ (റ) ചെയ്ത പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിക്കാം. അദ്ദേഹം പറയുന്നു:-
‘ക്വുര്‍ആന്‍ വ്യാഖ്യാനിക്കുന്ന മാര്‍ഗങ്ങളില്‍ വെച്ച് ഏറ്റവും നല്ല മാര്‍ഗം ഏതാണെന്ന് ചോദിച്ചാല്‍ ഇങ്ങിനെ മറുപടി പറയാം:- ഏറ്റവും നല്ല മാര്‍ഗമിതാണ്: ക്വുര്‍ആന്‍ കൊണ്ട് തന്നെ അതിനെ വ്യാഖ്യാനിക്കുക. ഒരിടത്ത് സാമാന്യമായി ചുരുക്കിപ്പറഞ്ഞ വിഷയം മറ്റൊരിടത്ത് വിശദീകരിച്ചു പറഞ്ഞിരിക്കും. അതിനു സാധ്യമാകാതെ വന്നാല്‍, നീ സുന്നത്തിനെ മുറുകെ പിടിച്ചുകൊള്ളുക. അത് ക്വുര്‍ആനെ വിവരിച്ചുതരുന്നതും, വ്യക്തമാക്കിത്തരുന്നതുമാണ്. അത്രയുമല്ല, നബി (സ്വ) ഏതെല്ലാം കാര്യം വിധിച്ചിട്ടുണ്ടോ അതെല്ലാം തന്നെ, തിരുമേനി ക്വുര്‍ആനില്‍ നിന്ന് ഗ്രഹിച്ചതാണ് എന്നത്രെ ഇമാം ശാഫിഈ (റ) പറയുന്നത്. അല്ലാഹു പറയുന്നു:
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا – النساء ١٠٥
നിനക്ക് അല്ലാഹു കാണിച്ചു -മനസ്സിലാക്കി- തന്നിട്ടുള്ളത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ നീ വിധി നടത്തുവാനായി നാം നിനക്ക് യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. നീ ചതിയന്മാര്‍ക്ക് വേണ്ടി തര്‍ക്കം നടത്തുന്നവനാകരുത്.
അല്ലാഹു വീണ്ടും പറയുന്നു:
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ – النحل ٦٤
അവര്‍ യാതൊന്നില്‍ ഭിന്നിച്ചിരിക്കുന്നുവോ അത് നീ അവര്‍ക്കു വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും അല്ലാതെ, നാം നിന്‍റെമേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല.
وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ – النحل ٤٤
മനുഷ്യര്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിച്ചേക്കുവാന്‍ വേണ്ടിയും നാം നിനക്ക് പ്രമാണം – ക്വുര്‍ആന്‍ – അവതരിപ്പിച്ചിരിക്കുന്നു.
ഇത്‌കൊണ്ടാണ് റസൂല്‍ (സ്വ) ഇപ്രകാരം അരുള്‍ചെയ്തത്:
الا انى اوتيت القرآن ومثلھ معھ – ابوداود وابن ماجھ
അറിയുക: എനിക്ക് ക്വുര്‍ആനും, അതോടൊപ്പം അത്രയും കൂടി നല്കപ്പെട്ടിരിക്കുന്നു.
തിരുമേനിയുടെ സുന്നത്താണ് ഇതുകൊണ്ടുദ്ദേശ്യം. വാസ്തവത്തില്‍, സുന്നത്തും നബി (സ്വ) ക്ക് ലഭിക്കുന്ന വഹ്‌യ്തന്നെയാണ്. പക്ഷേ, ക്വുര്‍ആന്‍ (വേദഗ്രന്ഥമെന്ന നിലക്ക്) പാരായണം ചെയ്യപ്പെടുന്നു. സുന്നത്ത് (ആ നിലക്ക്) പാരായണം ചെയ്യപ്പെടുന്നില്ല. ഈ വസ്തുത അനേകം ലക്ഷ്യങ്ങള്‍ മുഖേന ഇമാം ശാഫിഈ (റ) മുതലായ മഹാന്മാര്‍ തെളിയിച്ചിട്ടുള്ളതാണ്. അത് വിവരിക്കേണ്ട സ്ഥാനം ഇതല്ല. ക്വുര്‍ആന്‍റെ വ്യാഖ്യാനം ക്വുര്‍ആനില്‍ നിന്ന്തന്നെ അന്വേഷിക്കുക, ലഭിക്കാത്ത പക്ഷം സുന്നത്തില്‍ നിന്നും. ഇതാണിവിടെ പറയുവാനുള്ളത്.
‘മുആദ് ( معاذ – رض )നെ യമനിലേക്ക് അയച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത് ഇങ്ങിനെയായിരുന്നു. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: നീ ഏതനുസരിച്ചു വിധിക്കും? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കിതാബനുസരിച്ച്. തിരുമേനി: അല്ലാഹുവിന്‍റെ കിതാബില്‍ നീ കണ്ടില്ലെങ്കിലോ? മുആദ്:എന്നാല്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ സുന്നത്തനുസരിച്ച്. തിരുമേനി: (അതിലും) കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: ഞാന്‍ എന്‍റെ അഭിപ്രായം ആരായും. അപ്പോള്‍ തിരുമേനി അദ്ദേഹത്തിന്‍റെ നെഞ്ചില്‍ (സന്തോഷപൂര്‍വ്വം) കൊട്ടിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ തൃപ്തിപ്പെടുന്ന കാര്യത്തിലേക്ക് അല്ലാഹുവിന്‍റെ റസൂലിന്‍റെ ദൂതന് ഉതവിചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതിയും! ഈ ഹദീഥ് പല ഹദീഥ്ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും, നിവേദന പരമ്പര നല്ലതാണെന്ന് സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്. (അബൂദാവൂദ്, തിര്‍മദീ, ദാരിമി (റ) എന്നിവര്‍ ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീഥാണിത്. ഇത് മുമ്പൊരിക്കല്‍ ഉദ്ധരിച്ചിട്ടുണ്ട്.)
‘ക്വുര്‍ആനിലും, സുന്നത്തിലും വ്യാഖ്യാനം കണ്ടെത്താത്തപ്പോള്‍ നാം സ്വഹാബികളുടെ വചനങ്ങളിലേക്ക് മടങ്ങണം. മറ്റാര്‍ക്കും കൈവന്നിട്ടില്ലാത്ത അവസരങ്ങളും സന്ദര്‍ഭങ്ങളും ലഭിച്ചവരാണല്ലോ അവര്‍. തികഞ്ഞ ബുദ്ധി ശക്തിയും, യഥാര്‍ത്ഥമായ വിജ്ഞാനവും സല്‍ക്കര്‍മശീലവും അവര്‍ക്ക് – അവരില്‍ നിന്നുള്ള പണ്ഡിതന്മാരായ മഹാന്മാര്‍ക്ക് പ്രത്യേകിച്ചും – നല്‍കപ്പെട്ടിട്ടുമുണ്ട്. ഇബ്‌നുമസ്ഊദ്(റ) പ്രസ്താവിച്ചതായി ഇബ്‌നുജരീര്‍ (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: ‘താനല്ലാതെ മറ്റൊരു ഇലാഹും ഇല്ലാത്തവനായ അല്ലാഹു തന്നെയാണ! അല്ലാഹുവിന്‍റെ കിതാബിലെ ഏതൊരു ആയത്തും ആരുടെ കാര്യത്തില്‍ അവതരിച്ചുവെന്നും എവിടെ വെച്ച് അവതരിച്ചുവെന്നും എനിക്ക് നല്ലപോലെ അറിയാത്തതായിട്ടില്ല. അല്ലാഹുവിന്‍റെ കിതാബിനെ പറ്റി എന്നെക്കാള്‍ അറിയുന്ന ഒരാള്‍, വാഹനം ചെന്നെത്താവുന്ന വല്ല സ്ഥലത്തും ഉണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്ക് പോകുമായിരുന്നു’ ഇബ്‌നു മസ്ഊദ് (റ)ല്‍ നിന്ന് അഅ്മശ് ( الاعمش – رح ) ഉദ്ധരിക്കുന്നു : ‘ഞങ്ങളില്‍ – സ്വഹാബികളില്‍ – ഒരാള്‍ ഒരു പത്ത് ആയത്ത് പഠിച്ചാല്‍, അവയുടെ സാരങ്ങളും, അവയനുസരിച്ചുള്ള പ്രവര്‍ത്തനവും മനസ്സിലാക്കാതെ അതിനപ്പുറം കടക്കുകയില്ലായിരുന്നു’. അബൂഅബ്ദിര്‍ റഹ്മാന്‍ സലമീ (റ) പറയുന്നു: ‘ഞങ്ങള്‍ക്ക് ക്വുര്‍ആന്‍ ഓതിത്തരുന്നവര്‍ (സ്വഹാബികള്‍) ഞങ്ങളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: വ്യാഖ്യാനിക്കേണ്ടുന്ന രീതി നബി (സ്വ) യില്‍ നിന്ന് തങ്ങള്‍ ക്വുര്‍ആന്‍ ഓതിക്കേട്ടിരുന്നു. പത്ത് ആയത്തുകള്‍ പഠിച്ചാല്‍, അവയില്‍ അടങ്ങിയ കാര്യം പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാതെ അവയുടെ പുറകെ വേറെ ആയത്തുകള്‍ ഞങ്ങള്‍ പഠിക്കുകയില്ല. അങ്ങനെ, ക്വുര്‍ആനും അതനുസരിച്ചുള്ള പ്രവര്‍ത്തനവും ഒന്നിച്ചുതന്നെ ഞങ്ങള്‍ പഠിച്ചു’.
ഇബ്‌നു കഥീര്‍ (റ) തുടരുന്നു: ‘സ്വഹാബികളില്‍ ക്വുര്‍ആനിനെ പറ്റി കൂടുതല്‍ അറിയുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് തിരുമേനിയുടെ പിതൃവ്യപുത്രന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ). തിരുമേനിയുടെ പ്രാര്‍ത്ഥനാ ഫലമായി ‘തര്‍ജുമാനുല്‍ ക്വുര്‍ആന്‍’ ( ترجمان ال قرآن ) ക്വുര്‍ആന്‍ വ്യാഖ്യാതാവ് എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായി. ‘അല്ലാഹുവേ, ഇവന് മതത്തില്‍ വിജ്ഞാനം നല്‍കുകയും, വ്യാഖ്യാനം പഠിപ്പിക്കുകയും വേണമേ! ( اللھم فقھھ فى ا لدين وعلمھ التأويل ) എന്നു തിരുമേനി അദ്ദേഹത്തിനുവേണ്ടി ‘ദുആ’ ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഇബ്‌നുമസ്ഊദ് (റ) ക്വുര്‍ആന്‍റെ വളരെ നല്ല ഒരഭിഭാഷകനാണ് ഇബ്‌നുഅബ്ബാസ്’ എന്ന് പറഞ്ഞിരിക്കുന്നു. ഹിജ്‌റഃ 23 ലാണ് ഇബ്‌നുമസ്ഊദ് (റ)ന്‍റെ വിയോഗം. അതിനു ശേഷം ഇബ്‌നു അബ്ബാസ് (റ) 36 കൊല്ലം ജീവിച്ചിരുന്നിട്ടുണ്ട്. അപ്പോള്‍ ഇബ്‌നുമസ്ഊദ് (റ)നു ശേഷവും അദ്ദേഹം എത്രയോ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുമല്ലോ. അലി (റ) ഒരിക്കല്‍ അദ്ദേഹത്തെ ഹജ്ജിന്‍റെ അമീറായി നിശ്ചയിച്ചിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ സൂറത്തുല്‍ ബക്വറഃ – സൂറത്തുന്നൂറാണെന്നും ഒരു രിവായത്തുണ്ട് – ഓതി വ്യാഖ്യാനിക്കുകയുണ്ടായി. റോമക്കാരും, തുര്‍ക്കികളും, ദൈലമു(*) കാരും ആ വ്യാഖ്യാനം കേട്ടിരുന്നുവെങ്കില്‍ അവരെല്ലാം ഇസ്‌ലാമില്‍ വരുമായിരുന്നു’ എന്നിങ്ങിനെ അബൂവാഇല്‍ (റ) പ്രസ്താവിച്ചിരിക്കുന്നു.
‘ഇങ്ങിനെയുള്ള കാരണങ്ങള്‍കൊണ്ടാണ് ഇസ്മാഈല്‍(**) സുദ്ദീ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്ന മിക്ക വ്യാഖ്യാനങ്ങളും ഇബ്‌നുമസ്ഊദ് (റ), ഇബ്‌നു അബ്ബാസ് (റ) എന്നീ രണ്ടു പേരില്‍നിന്ന് വന്നിട്ടുള്ള വ്യാഖ്യാനങ്ങളായത്. എങ്കിലും, വേദക്കാരില്‍ നിന്ന് ഉദ്ധരിച്ചുകൊള്ളുവാന്‍ നബി (സ്വ) അനുവദിച്ച ഇനത്തില്‍പ്പെട്ട ചില പ്രസ്താവനകള്‍ സ്വഹാബികള്‍ മുഖേന ലഭിച്ചിട്ടുള്ളതും അദ്ദേഹം -സുദ്ദീ (റ)- ചിലപ്പോള്‍ ഉദ്ധരിക്കാറുണ്ട്. തിരുമേനി അരുളിയത് ഇതാണ് :
عَنِّي وَلَوْ آيَةً وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلَا حَرَجَ وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّار – البخاري
ഒരു ആയത്തായിരുന്നാല്‍ പോലും നിങ്ങള്‍ എന്നില്‍ നിന്നും – മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കണം. ഇസ്‌റാഈല്യരില്‍ നിന്ന് ഉദ്ധരിക്കാം, വിരോധമില്ല. ആരെങ്കിലും എന്‍റെ മേല്‍ കരുതിക്കൂട്ടി കളവ് പറയുന്ന പക്ഷം അവന്‍ നരകത്തിലുള്ള തന്‍റെ ഇരിപ്പിടം കാത്തിരുന്നുകൊള്ളട്ടെ – ബുഖാരി.
ഈ ഹദീഥ് ഇബ്‌നുഉമര്‍ (റ) ഉദ്ധരിച്ചതാണ്. വേദക്കാരില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാമെന്ന് അദ്ദേഹം ഈ ഹദീഥില്‍ നിന്ന് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് യര്‍മൂക് യുദ്ധത്തില്‍ വെച്ച് വേദക്കാരുടെ ചില ഗ്രന്ഥക്കെട്ടുകള്‍ അദ്ദേഹത്തിന് കിട്ടിയശേഷം അതില്‍ നിന്ന് അദ്ദേഹം വര്‍ത്തമാനങ്ങള്‍ ഉദ്ധരിച്ചു വന്നിരുന്നത്.
‘എന്നാല്‍, ഇസ്‌റാഈലീ വാര്‍ത്തകള്‍ (വേദക്കാരില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍) ഉദ്ധരിക്കുന്നത് അതുമുഖേന വിഷയങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ വേണ്ടിയല്ല, സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാകുന്നു. കാരണം, ഇസ്‌റാഈലീ വാര്‍ത്തകള്‍ ഈ മൂന്നില്‍ ഒരു പ്രകാരമുള്ളവയായിരിക്കും:
1) നമ്മുടെ കൈവശമുളള രേഖകളാല്‍ സത്യമാണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നവ. ഇത് ശരിയായിട്ടുള്ളത്തന്നെ.
2) എതിരായ രേഖകള്‍ നമ്മുടെ കൈവശമുള്ളതിനാല്‍, കളവാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നത്.
3) സത്യമെന്നോ അസത്യമെന്നോ അറിയത്തക്ക തെളിവില്ലാത്തവ. ഇത് നമുക്ക് വിശ്വസിക്കുവാനോ, കളവാക്കി തള്ളുവാനോ നിവൃത്തിയില്ല. മേല്‍ പറഞ്ഞ ആവശ്യാര്‍ത്ഥം (സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടി) അത് ഉദ്ധരിക്കാവുന്നതാണ്. ഇത്തരം ഉദ്ധരണികളാകട്ടെ, മിക്കവാറും മതസംബന്ധമായി യാതൊരു പ്രയോജനവും നല്‍കാത്തവയുമായിരിക്കും. വേദക്കാരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ, ഈ വിഭാഗത്തില്‍ വളരെ ഭിന്നിപ്പുകള്‍ കാണുന്നതും അതുകൊണ്ടാണ്. അതേ കാരണത്താല്‍, ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയിലും അതില്‍ ഭിന്നാഭിപ്രായം ഉണ്ടായിക്കൊണ്ടിരിക്കും. ‘അസ്വ്ഹാബുല്‍ കഹ്ഫി’ന്‍റെ (ഗുഹാവാസികളുടെ) എണ്ണം, പേര്, അവരുടെ നായയുടെ വര്‍ണം, മൂസാ നബി (അ)യുടെ വടി ഏത് വൃക്ഷത്തില്‍ നിന്നുള്ളതായിരുന്നു, ഇബ്‌റാഹീം നബി (അ)ക്ക് അല്ലാഹു ജീവിപ്പിച്ചു കൊടുത്ത പക്ഷികള്‍ ഏതെല്ലാമായിരുന്നു, മൂസാ (അ) അല്ലാഹുവിന്‍റെ സംസാരം കേട്ടത് ഏത് വൃക്ഷത്തിങ്കല്‍ നിന്നാണ് എന്നിങ്ങനെ ക്വുര്‍ആനില്‍ വ്യക്തമാക്കിയിട്ടില്ലാത്ത വിഷയങ്ങളില്‍ കാണപ്പെടുന്ന പ്രസ്താവനകളെല്ലാം ഈ ഇനത്തില്‍ – സത്യമോ അസത്യമോ എന്ന് നിര്‍ണയിക്കുവാന്‍ കഴിയാത്തതും പ്രയോജനമില്ലാത്തതുമായ ഇസ്‌റാഈലീ വാര്‍ത്തകളില്‍ – ഉള്‍പ്പെട്ടതാകുന്നു.
‘ഇസ്‌റാഈല്യരില്‍ നിന്ന് ഇങ്ങിനെ ഭിന്നമായ പ്രസ്താവനകള്‍ ഉദ്ധരിക്കുന്നതിന് തെറ്റില്ലെന്ന് ക്വുര്‍ആന്‍ മുഖേനതന്നെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു:
سَيَقُولُونَ ثَلَٰثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءً ظَٰهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا
അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്, നാലാമത്തെത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്; ആറാമത്തെത് അവരുടെ നായയാണ് എന്ന്. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്. എട്ടാമത്തെത് അവരുടെ നായയാണ് എന്ന് (നബിയേ) പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്. അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്. (അല്‍കഹ്ഫ് : 22)
‘ഇസ്‌റാഈലീ വാര്‍ത്തകളെ സംബന്ധിച്ച് നാം ഗൗനിക്കേണ്ട കാര്യങ്ങളെല്ലാം അല്ലാഹു ഈ വചനത്തില്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. മൂന്നു അഭിപ്രായങ്ങളെ അല്ലാഹു ഇതില്‍ ഉദ്ധരിച്ചു. ആദ്യത്തെ രണ്ടും (ഊഹപ്രകടനമാണെന്ന് പറഞ്ഞ്) ബലഹീനമാക്കിക്കാണിച്ചു. മൂന്നാമത്തേതിനെപ്പറ്റി ശരിയോ തെറ്റോ എന്നു വ്യക്തമാക്കാതെ- മൗനമവലംബിച്ചു. അപ്പോള്‍, ഈ അഭിപ്രായം ശരിയായിരിക്കുമെന്ന് വരുന്നു. കാരണം, ഇതും തെറ്റായിരുന്നുവെങ്കില്‍, ഇതിനെപ്പറ്റിയും അത് തെറ്റാണെന്ന് ഉണര്‍ത്തേണ്ടിയിരുന്നു. ഏതായാലും അവരുടെ എണ്ണം അറിയുന്നതില്‍ വലിയ പ്രയോജനമൊന്നും ഇല്ലെന്നും അല്ലാഹു ഓര്‍മപ്പെടുത്തി. അവരുടെ എണ്ണം അല്ലാഹുവിന് നല്ലവണ്ണം അറിയാമെന്നും, അവരെപ്പറ്റി അറിയുന്നവര്‍ അല്പം ആളുകളേയുള്ളൂ എന്നും, അക്കാര്യത്തില്‍ പ്രയോജനമില്ലാത്ത തര്‍ക്കത്തിന് മുതിരേണ്ടതില്ലെന്നും പ്രസ്താവിച്ചു. ഇങ്ങിനെയുള്ള അഭിപ്രായ വ്യത്യാസങ്ങളിലെല്ലാം നാം കൈക്കൊള്ളേണ്ടതെന്താണെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാകുന്നു. അതെ, അഭിപ്രായങ്ങളെല്ലാം ഉദ്ധരിക്കുക, അതില്‍ ശരിയായത് ഏതാണെന്ന് ചൂണ്ടിക്കാട്ടുക, അല്ലാത്തത് ദുര്‍ബ്ബലമാണെന്ന് കാണിക്കുക. വ്യത്യസ്താഭിപ്രായങ്ങളില്‍ അടങ്ങിയിരിക്കുന്ന തത്വം എടുത്തുകാട്ടുക, ഇങ്ങിനെ ചെയ്താല്‍, തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അവസരം കുറയുന്നതാണ്.
‘എന്നാല്‍, ഒരു വിഷയത്തിലുള്ള ഒരു അഭിപ്രായം മാത്രം ഉദ്ധരിച്ചു ബാക്കി വിട്ടേച്ചു കളയുന്നവന്‍ കാര്യത്തിന് പോരാത്തവനാണ്. കാരണം, ഒരുപക്ഷേ, അവന്‍ ഉദ്ധരിക്കാതെ വിട്ടുകളഞ്ഞ അഭിപ്രായങ്ങളിലായിരിക്കും യഥാര്‍ത്ഥം അടങ്ങിയിട്ടുള്ളത്. അതുപോലെത്തന്നെ, വ്യത്യസ്ത അഭിപ്രായങ്ങളില്‍ ബലപ്പെട്ടതിനെക്കുറിച്ച് ഒന്നും പ്രസ്താവിക്കാതെ അപ്പടി ഉദ്ധരിച്ചു മതിയാക്കുന്നവനും പോരാത്തവന്‍ തന്നെ. യഥാര്‍ത്ഥത്തില്‍ ശരിയല്ലാത്തതിനെ കല്പിച്ചുകൂട്ടി ബലപ്പെടുത്തുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ കല്പിച്ചുകൂട്ടി കളവ് കെട്ടിപ്പറയുകയാണ് ചെയ്യുന്നത്. എനി, അറിയാതെയാണിത് ചെയ്യുന്നതെങ്കില്‍, അവന്‍ അബദ്ധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇപ്രകാരംതന്നെ, പ്രയോജനമില്ലാത്ത അഭിപ്രായങ്ങള്‍ എടുത്തു കാട്ടുന്നവരും, സാരം നോക്കുമ്പോള്‍ ഒന്നോ രണ്ടോ അഭിപ്രായമായി അവശേഷിക്കുമാറ് വാക്കുകളില്‍ മാത്രം പരസ്പര വ്യത്യാസമുള്ള പ്രസ്താവനകള്‍ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവരും വൃഥാ സമയം ചിലവഴിക്കുകയത്രെ ചെയ്യുന്നത്’.
ഇബ്‌നു കഥീര്‍ (റ) തുടരുന്നു: ‘മറ്റൊരു വിഷയം: എനി ക്വുര്‍ആനിലും സുന്നത്തിലും വ്യാഖ്യാനം കണ്ടെത്തിയില്ല, സ്വഹാബികളില്‍ നിന്നും ലഭിച്ചില്ല എന്നാലോ? ഈ അവസരത്തില്‍ അധിക ഇമാമുകളും (പണ്ഡിത നേതാക്കളും) താബിഉകളുടെ പ്രസ്താവനകളിലേക്കാണ് മടങ്ങാറുള്ളത്. താബിഉകളില്‍ ഏറ്റവും പ്രധാനിയായ മഹാനാണ് മുജാഹിദ് (റ). അദ്ദേഹം ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഒരു ദൃഷ്ടാന്തം ( اية فى التفسير ) തന്നെയാകുന്നു. മുഹമ്മദ്ബ്‌നു ഇസ്ഹാക്വ് (റ) പറഞ്ഞതുപോലെ, മുസ്വ്ഹഫിന്‍റെ ആദ്യം മുതല്‍ അവസാനം വരെ ഓരോ ആയത്തി (വചനത്തി) ങ്കലും നിറുത്തി അതിനെപ്പറ്റി ചോദിച്ചറിഞ്ഞുകൊണ്ട് ഇബ്‌നു അബ്ബാസ് (റ)ന്‍റെ അടുക്കല്‍ നിന്ന് മൂന്നു പ്രാവശ്യം ക്വുര്‍ആന്‍ പരിശോധന നടത്തിയ ആളാണ് മുജാഹിദ് (റ). ഇബ്‌നു അബ്ബാസ് (റ)ല്‍നിന്നു ഇദ്ദേഹം ക്വുര്‍ആന്‍ വ്യാഖ്യാനം പഠിച്ചു എഴുതിയെടുത്തിരുന്നതായി ഇബ്‌നു അബീമുലൈക (റ)യും പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ‘മുജാഹിദില്‍നിന്നു നിനക്കു തഫ്‌സീര്‍ ലഭിച്ചാല്‍ അതു തന്നെ മതി’ എന്ന് സുഫ്‌യാനുഥ്ഥൗരി (റ) പറയാറുണ്ടായിരുന്നതും. അപ്രകാരം തന്നെ, സഈദുബ്‌നു ജുബൈര്‍, ഇക്‌രിമഃ, അത്വാഉ് , ഹസന്‍ബസ്വരീ, മസ്‌റൂക്വ്, സഈദുബ്‌നുല്‍ മുസ്വയ്യബ്, അബുല്‍ ആലിയഃ, റബീഉ്, ക്വത്താദഃ, ദ്വഹ്ഹാക്ക് മുതലായ താബിഉകള്‍, ഇവരുടെ പിന്‍ഗാമികളായ ‘താബിഉത്താബിഉകള്‍’, അവരുടെ ശേഷമുള്ളര്‍ ഇവരെല്ലാം ക്വുര്‍ആന്‍ വചനങ്ങളെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതും നോക്കണം.
‘ഇങ്ങിനെയുള്ളവരുടെ പ്രസ്താവനകള്‍ ഉദ്ധരിക്കുമ്പോള്‍, വാചകങ്ങളില്‍ പരസ്പരം വ്യത്യാസം കണ്ടേക്കും. വിവരമില്ലാത്ത ആളുകള്‍ അവയെല്ലാം വെവ്വേറെ അഭിപ്രായങ്ങളാണെന്നു ധരിക്കുകയും, അങ്ങനെ ആ നിലക്കു ഉദ്ധരിക്കുകയും ചെയ്‌തേക്കും. വാസ്തവം അതായിരിക്കുകയുമില്ല. ഒരു കാര്യത്തെക്കുറിച്ചു പറയുമ്പോള്‍, ചിലര്‍ സ്പഷ്ടമായ വാക്കുകളിലും, മറ്റുചിലര്‍ അതിനു സമാനമോ സദൃശമോ ആയ വേറെ വാക്കുകളിലും സംസാരിച്ചിട്ടുണ്ടായിരിക്കും. സാരത്തില്‍ എല്ലാം ഒന്നായിരിക്കുകയും ചെയ്യും. മിക്കപ്പോഴും ഇങ്ങിനെയായിരിക്കും സംഭവിക്കുക. ബുദ്ധിമാനായ മുഫസ്സിര്‍ (വ്യാഖ്യാതാവ്) ഈ വസ്തുത ഓര്‍മ്മ വെക്കേണ്ടതാകുന്നു.
‘ശുഅ്ബഃ (റ) മുതലായവര്‍ ഇങ്ങിനെ പറയാറുണ്ടായിരുന്നു: ‘താബിഉകളുടെ പ്രസ്താവനകള്‍ ശാഖാപരമായ കാര്യങ്ങളില്‍ പോലും തെളിവല്ല എന്നിരിക്കെ, എങ്ങിനെയാണ് ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ അവ തെളിവായിത്തീരുക? ‘ ഇപ്പറഞ്ഞതിന്‍റെ താത്പര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കെതിരില്‍ അവരുടെ അഭിപ്രായങ്ങള്‍ തെളിവാകുന്നില്ല എന്നത്രെ. നേറെ മറിച്ച് താബിഉകള്‍ ഏകോപിച്ചു പറഞ്ഞിട്ടുള്ള അഭിപ്രായം തെളിവാണെന്നുള്ളതില്‍ സംശയമില്ല. അവര്‍ ഏകോപിക്കാതെ ഭിന്നിച്ചിരിക്കുകയാണെങ്കിലോ? അപ്പോള്‍, അവരില്‍ ഒരാളുടെ അഭിപ്രായം അവരില്‍പ്പെട്ടവരോ ശേഷമുള്ളവരോ ആയ മറ്റുള്ളവര്‍ക്കെതിരില്‍ തെളിവാകുന്നതല്ല. ഈ സന്ദര്‍ഭത്തില്‍, ക്വുര്‍ആന്‍റെ ഭാഷ, സുന്നത്ത് , അറബിഭാഷാശൈലി, സ്വഹാബികളുടെ വാക്കുകള്‍ മുതലായതിലേക്കു മടങ്ങേതാണ്’.
‘സ്വന്തം അഭിപ്രായത്തിനൊത്തു ക്വുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് ‘ഹറാമാ’കുന്നു. നബി (സ്വ) അരുളിച്ചെയ്തതായി ഇബ്‌നു അബ്ബാസ് (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു:
من قال فى القرآن برأيه او مالا يعلم فليتبوآ مقعده من النار
ആരെങ്കിലും ക്വുര്‍ആനില്‍ തന്‍റെ അഭിപ്രായം അനുസരിച്ചോ, തനിക്കറിയാത്തതിനെക്കുറിച്ചോ പ്രസ്താവിക്കുന്നതായാല്‍, അവന്‍ തന്‍റെ ഇരിപ്പിടം നരകത്തില്‍ നിന്നും പ്രതീക്ഷിച്ചുകൊള്ളട്ടെ!
ഈ ഹദീഥ് ഇബ്‌നുജരീര്‍, തിര്‍മദീ, അബൂദാവൂദ്, നസാഈ മുതലായവര്‍ ഉദ്ധരിച്ചതാകുന്നു. മറ്റൊരു ‘രിവായത്തിലെ’ വാക്യം ഇതാണ്:
من قال فى كتاب الله برأيه فاصاب فقد اخطأ
ആരെങ്കിലും അല്ലാഹുവിന്‍റെ കിതാബില്‍ തന്‍റെ അഭിപ്രായമനുസരിച്ച് പ്രസ്താവിക്കുകയും, എന്നിട്ടതു നേരായിരിക്കുകയും ചെയ്താലും അവന്‍ പിഴച്ചുപോയി.
കാരണം, അവന്‍ തനിക്കു വിവരമില്ലാത്തതിനായി സാഹസം പ്രവര്‍ത്തിക്കുകയും, കല്പിക്കപ്പെടാത്തതില്‍ തലയിടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് അവന്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ശരിയാണെന്നു വന്നാല്‍ തന്നെ – അറിവില്ലാത്തവന്‍ കല്പിക്കുന്ന വിധി ശരിയായിരുന്നാലും അവന്‍ നരകത്തിലായിരിക്കുമെന്ന് (ഹദീഥില്‍) വന്നിട്ടുള്ളതുപോലെ – വേണ്ടാത്ത വിഷയത്തില്‍ പ്രവേശിച്ചത് നിമിത്തം അവന്‍ അബദ്ധം പ്രവര്‍ത്തിച്ചവനായിത്തീരുന്നു. വ്യഭിചാരാരോപണം ചെയ്യുകയും, അതിന് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:
فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَٰئِكَ عِندَ اللَّهِ هُمُ الْكَاذِبُونَ – النور : ١٣
അവര്‍ സാക്ഷികളെ കൊണ്ടുവരാത്ത സ്ഥിതിക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ അവര്‍ തന്നെയാണ് കളവു പറയുന്നവര്‍.
ആരോപണം യഥാര്‍ത്ഥത്തില്‍ സത്യമായിരുന്നാല്‍ പോലും നാലു സാക്ഷികളില്ലാത്തപക്ഷം, അവര്‍ കളവു പറയുന്നവരാണെന്നാണല്ലോ ഈ വചനം വിധിക്കുന്നത്. തങ്ങള്‍ക്ക് പ്രസ്താവിക്കുവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അവര്‍ പുറപ്പെടുവിച്ചത് എന്നുള്ളതാണ് ഇതിന് കാരണം. മുന്‍ഗാമികളായ പല മഹാന്‍മാരും ശരിയായ വിധത്തില്‍ തങ്ങള്‍ക്കറിയാത്ത തഫ്‌സീറുകളെപ്പറ്റി സംസാരിക്കുവാന്‍ മടി കാണിച്ചിരുന്നത് ഇങ്ങിനെയുള്ള കാരണങ്ങളാലാകുന്നു.
സൂക്ഷ്മമായി അറിയാത്തതോ, തെളിവ് ലഭിച്ചിട്ടില്ലാത്തതോ ആയ വ്യാഖ്യാനങ്ങള്‍ പറയുവാന്‍ സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികള്‍ വളരെ വൈമനസ്യം കാണിച്ചിരുന്നുവെന്ന് സ്ഥാപിക്കുന്ന പല രിവായത്തുകളും, ഉദാഹരണങ്ങളും തുടര്‍ന്നുകൊണ്ട് ഇബ്‌നുകഥീര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ ചിലതിലെ പ്രസക്തഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം:-
‘ഉമര്‍ (റ) പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് (സൂറത്ത് ‘അബസ’യിലെ وَفَاكِهَةً وَأَبًّا (പഴവര്‍ഗവും മേച്ചല്‍ ചെടികളും) എന്ന വചനം ഓതിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: وَفَاكِهَة (‘ഫാകിഹത്ത്’) നമുക്കു മനസ്സിലായി. എന്നാല്‍ وَأَبًّا (‘അബ്ബ്’) എന്തായിരിക്കും?’ പിന്നീട് അദ്ദേഹം തന്നോടായിത്തന്നെ ഇങ്ങിനെ പറഞ്ഞു: ‘ഉമറേ (ഇതിനെപ്പറ്റി ആലോചിച്ചു) നീ ഇങ്ങിനെ വിഷമം പേറുന്നത് എന്തിനാണ്?!’ ഭൂമിയില്‍ ഉല്പാദിപ്പിക്കുന്ന ചെടിവര്‍ഗമാണ് ‘അബ്ബ്’ എന്ന് അദ്ദേഹത്തിന് അറിയാതിരിക്കുവാന്‍ തരമില്ല. പക്ഷേ, (ആയത്തിന്‍റെ താല്‍പര്യം ഗ്രഹിക്കുവാന്‍) അത് എങ്ങിനെയുള്ളതാണെന്നു സൂക്ഷ്മ പരിശോധന നടത്തേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ ഉദ്ദേശ്യം. ഇബ്‌നുഅബ്ബാസ് (റ)നോട് ഒരാള്‍, ‘ആയിരം കൊല്ലത്തോളം വലുപ്പമുള്ള ദിവസം ( يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ ).’ (32:5) എന്ന് അല്ലാഹു പറഞ്ഞതിനെപ്പറ്റി ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെ മറിച്ചുചോദിച്ചു: ‘അമ്പതിനായിരം കൊല്ലത്തോളം വലുപ്പമുള്ള ഒരു ദിവസം ( يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ ) (70:4) എന്നു അല്ലാഹു പറഞ്ഞത് ഏതാണ്?’ ചോദ്യകര്‍ത്താവ് മറുപടി പറഞ്ഞു: ‘അത് പറഞ്ഞുതരുവാന്‍ വേണ്ടിതന്നെയാണ് ഞാന്‍ താങ്കളോടു ചോദിക്കുന്നതും’, അദ്ദേഹം പറഞ്ഞു: ‘അങ്ങിനെ രണ്ടു ദിവസത്തെ കുറിച്ച് അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അവ ഏതാണെന്ന് അല്ലാഹുവിനറിയാം’. തനിക്ക് അറിയാത്തതിന് വ്യാഖ്യാനം നല്‍കുവാന്‍ ഇബ്‌നു അബ്ബാസ് (റ) ഇഷ്ടപ്പെട്ടില്ല എന്നു ചുരുക്കം. മസ്‌റൂക്വ് (റ) പ്രസ്താവിക്കുന്നു: اتقوا التفسير فانما ھو الرواية عن لله (നിങ്ങള്‍ ക്വുര്‍ആന്‍ വ്യാഖ്യാനം ചെയ്യുന്നത് സൂക്ഷിക്കണം. കാരണം, നിശ്ചയമായും അത് അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്യലത്രെ).
പിന്നീട് ഇബ്‌നുകഥീര്‍ (റ) തുടരുന്നു: ‘മേലുദ്ധരിച്ചതും, അതുപോലുള്ളതുമായ ബലവത്തായ പല രിവായത്തുകളും മുന്‍ഗാമികളായ ഇമാമുകളില്‍ നിന്നു വന്നിട്ടുണ്ട്. തങ്ങള്‍ക്കറിവില്ലാത്തതിന്‍റെ വ്യാഖ്യാനത്തില്‍ സംസാരിക്കുന്നത് അവരെല്ലാം തെറ്റായി ഗണിച്ചിരുന്നുവെന്നാണ് അവയെല്ലാം കാട്ടിത്തരുന്നത്. എന്നാല്‍, ഭാഷമുഖേനയും, മതവിജ്ഞാനം മുഖേനയും ലഭിക്കുന്ന വ്യാഖ്യാനം പറയുന്നതില്‍ വിരോധമില്ലതാനും. അതുകൊണ്ടാണ് മേല്‍പറഞ്ഞവരും, അല്ലാത്തവരുമായ മഹാന്മാരില്‍ നിന്ന് വ്യാഖ്യാനസംബന്ധമായ പ്രസ്താവനകള്‍ പലതും നിവേദനം ചെയ്യപ്പെടുന്നതും. എന്നുവെച്ചാല്‍, അവര്‍ തങ്ങള്‍ക്കറിയാവുന്നതില്‍ സംസാരിക്കുകയും, അറിയാത്തതില്‍ മൗനമവലംബിക്കുകയും ചെയ്തു. അതാണല്ലോ ഏവരുടെയും കടമ. അറിവില്ലാത്തതിനെപ്പറ്റി മൗനം അവലംബിക്കുന്നത് നിര്‍ബന്ധമാണെന്നപോലെ ത്തന്നെ, അറിയാവുന്നതിനെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോള്‍ അതു പറഞ്ഞുകൊടുക്കലും നിര്‍ബന്ധമാകുന്നു. നിശ്ചയമായും നിങ്ങളത് – വേദഗ്രന്ഥം – ജനങ്ങള്‍ക്കു വിവരിച്ചുകൊടുക്കണം. അതിനെ ഒളിച്ചു വെക്കരുത്’ (3:187) എന്ന് അല്ലാഹു പറയുന്നു. من سئل عن علم فكتمه الجم يوم القيمة بلجام من نار (ഒരു ജ്ഞാനത്തെക്കുറിച്ചു ഒരാളോടു ചോദിക്കപ്പെട്ടിട്ട് അവനത് ഒളിച്ചുവെച്ചാല്‍, ക്വിയാമത്തുനാളില്‍ അവന് അഗ്നിയാലുള്ള ഒരു കടിഞ്ഞാണ്‍കൊണ്ട് കടിഞ്ഞാണിടപ്പെടുന്നതാണ്.) എന്നുള്ള നബിവചനവും പല മാര്‍ഗങ്ങളില്‍ കൂടി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
‘അല്ലാഹുവിനു മാത്രം അറിയാവുന്ന ഭാഗങ്ങളും, പണ്ഡിതന്മാര്‍ക്ക് അറിയാവുന്ന ഭാഗങ്ങളും, അറബികള്‍ക്ക് തങ്ങളുടെ ഭാഷ വഴി അറിയാവുന്നതും, ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്തതും (ഇങ്ങിനെ പല ഇനങ്ങള്‍) ക്വുര്‍ആനിലുണ്ട്. ഈ വസ്തുത ഇബ്‌നു അബ്ബാസ് (റ) വ്യക്തമാക്കിയിട്ടുള്ളത് ഇബ്‌നു ജരീര്‍ (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു:
التفسير على اربعة اوجه تفسير تعرفه العرب من كلامها وتفسير وتفسير لايعذر احد بجهالته وتفسير يعرفه العلماء وتفسير لا يعلمه أحد الا الله
തഫ്‌സീര്‍ നാലു വിധത്തിലുണ്ട്: അറബികള്‍ തങ്ങളുടെ ഭാഷയില്‍ നിന്നു മനസ്സിലാക്കുന്ന തഫ്‌സീര്‍, ആര്‍ക്കും അറിയാതിരിക്കുവാന്‍ പാടില്ലാത്ത തഫ്‌സീര്‍, പണ്ഡിതന്മാര്‍ക്ക് അറിയാവുന്ന തഫ്‌സീര്‍, അല്ലാഹു അല്ലാത്ത ഒരാള്‍ക്കും അറിഞ്ഞുകൂടാത്ത തഫ്‌സീര്‍ ഇവയാണിത്. [ഇബ്‌നു കഥീറില്‍ നിന്നുള്ള ഉദ്ധരണി ഇവിടെ അവസാനിച്ചു].
ആര്‍ക്കും അറിയാതിരിക്കുവാന്‍ പാടില്ലാത്തത് എന്നു പറഞ്ഞതിന്‍റെ വിവക്ഷ. എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ‘ഹലാലും ഹറാമും’ (അനുവദനീയവും നിഷിദ്ധവും) പോലെയുള്ള മതവിധികളാണെന്ന് ആ രണ്ടു മഹാന്മാരുടെയും പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയും. ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുന്‍ഗാമികളായ മഹാന്മാര്‍ സ്വീകരിച്ചുവന്നതും, അനുകരണീയവുമായ പൗരാണിക രീതി – സലഫീ ശൈലി – എങ്ങിനെയായിരുന്നുവെന്ന് ഈ രണ്ടു മഹാന്മാരുടെയും, മേലുദ്ധരിച്ച പ്രസ്താവനകളില്‍ നിന്ന് നമുക്ക് മനസ്സിലായല്ലോ. അതേ മാര്‍ഗം തെറ്റാതെ അവര്‍ തങ്ങളുടെ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ രചിച്ചു വന്നതുകൊണ്ടു തന്നെയാണ് പൗരാണിക തഫ്‌സീറുകളില്‍ ഇബ്‌നുജരീറിനും, മദ്ധ്യകാല തഫ്‌സീറുകളില്‍ ഇബ്‌നു കഥീറിനും ഉന്നതസ്ഥാനം ലഭിച്ചതും.
ക്വുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍, ഓരോ വാക്കിനും, ഓരോ ആയത്തിനും മുന്‍ഗാമികള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനം മാത്രമേ നല്‍കാവൂ എന്നോ, അവരില്‍ നിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേല്‍ വിവരിച്ചതില്‍ നിന്ന് ധരിക്കേണ്ടതില്ല. ആ പ്രസ്താവനകളുടെ രത്‌നച്ചുരുക്കം ഇങ്ങിനെ സംഗ്രഹിക്കാവുന്നതാണ്.
1) മുന്‍ഗാമികള്‍ ഏകോപിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്.
2) അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്ഷ്യം കൂടാതെ ഒന്നിന് മറ്റേതിനെക്കാള്‍ മുന്‍ഗണന നല്‍കരുത്.
3) ക്വുര്‍ആന്‍റെ ഭാഷാ സാഹിത്യത്തില്‍ നിന്നും, മത വിജ്ഞാനങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുവാന്‍ പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ട്. എന്നാലവ മുന്‍ഗാമികള്‍ സ്വീകരിച്ചതിന് വിരുദ്ധമാകരുത്.
4) മറ്റെല്ലാ പ്രസ്താവനകളെക്കാളും നബി (സ്വ) യുടെ സുന്നത്തിനാണ് വില കല്പിക്കേത്. രണ്ടാമതായി സ്വഹാബികളുടെ പ്രസ്താവനകള്‍ക്കും.
5) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത കാര്യങ്ങളില്‍ ക്വുര്‍ആന്‍റെ പ്രസ്താവനകളില്‍ നിന്ന് നേര്‍ക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചുകൂടാത്തതാണ്.
6) നബി (സ്വ) മുഖേന മാത്രം അറിയാവുന്ന കാര്യങ്ങളില്‍, നബി (സ്വ) യില്‍ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുള്ള വിഷയങ്ങളില്‍ മാത്രമാണ് മേല്‍ ചൂണ്ടിക്കാട്ടിയ തത്വങ്ങള്‍ സ്വീകരിക്കേത്.
7) ഈ അടിസ്ഥാനത്തില്‍ അല്ലാത്ത വ്യാഖ്യാനങ്ങള്‍ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുന്നു.
അംഗീകൃത തത്വങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും, ക്വുര്‍ആന്‍റെ ഭാഷാശൈലികളില്‍ നിന്ന് ഗ്രഹിക്കാവുന്നതുമായ വല്ല പുതിയ സാരങ്ങളും കണ്ടുപിടിക്കുന്നതുകൊണ്ടോ, കാലോചിതമായ വിവരണ മുഖങ്ങള്‍ അംഗീകരിച്ചതുകൊണ്ടോ, അനുയോജ്യമായ ഉദാഹരണങ്ങളും പ്രതിപാദനരീതികളും സ്വീകരിച്ചത്‌കൊണ്ടോ ഒരാളുടെ വ്യാഖ്യാനം അയാളുടെ സ്വന്തം അഭിപ്രായമാണെന്ന് വരുന്നതല്ല. വാസ്തവത്തില്‍, ഇങ്ങിനെയുള്ള ഓരോ ആവശ്യങ്ങള്‍ കൊണ്ടു തന്നെയാണ് പല വ്യാഖ്യാതാക്കളും പുതിയ പുതിയ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിക്കുവാന്‍ ഇടയായതും. ഒരാള്‍ക്ക് ഒരു ആദര്‍ശമോ, അഭിപ്രായമോ ഉണ്ടായിരിക്കുക – അത് മതപരമോ, ഭൗതികമോ, ശാസ്ത്രീയമോ ഏതെങ്കിലുമാവട്ടെ – അത് ക്വുര്‍ആന്‍ അംഗീകരിക്കുന്നുവെന്നോ, പ്രോത്സാഹിപ്പിക്കുന്നുവെന്നോ, വരുന്നതില്‍ അയാള്‍ക്ക് താല്പര്യവും ഉണ്ടായിരിക്കുക. എന്നിട്ട് വല്ല പഴുതും കാണുമ്പോള്‍ അതനുസരിച്ച് ക്വുര്‍ആന്‍ വചനങ്ങളെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുക. ഇതാണ് സ്വന്തം അഭിപ്രായമനുസരിച്ച് ക്വുര്‍ആന്‍ വ്യാഖ്യാനിക്കുക എന്നു പറയുന്നത്. ഇതാണ് ആക്ഷേപാര്‍ഹവും കുറ്റകരവും. ആ ആദര്‍ശം – അല്ലെങ്കില്‍ അഭിപ്രായം – യഥാര്‍ത്ഥത്തില്‍ ക്വുര്‍ആന്‍ സ്വീകരിച്ചിട്ടില്ലാത്തത് ആയിരിക്കണമെന്നോ, അത് മൗനം അവലംബിച്ചതായിരിക്കണമെന്നോ ഇല്ല. ക്വുര്‍ആന്‍ പൊതുവില്‍ അത് അംഗീകരിച്ചിട്ടുള്ള തത്വമാണെന്നു വന്നാല്‍പോലും, ആ വിഷയത്തെ സംബന്ധിച്ചു പ്രതിപാദിക്കുന്നതല്ലാത്ത ആയത്തുകളുടെ വിവരണത്തില്‍ അതു ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കുന്നതും ആക്ഷേപാര്‍ഹം തന്നെയാകുന്നു. പലര്‍ക്കും പിണയാറുള്ള ഒരു അമളിയും, അബദ്ധവുമാണിത്. ചിലപ്പോള്‍ സദുദ്ദേശ്യത്തോടുകൂടിയായിരിക്കും അങ്ങനെ ചെയ്യുന്നത്. ഓരോ ആയത്തിലെയും പ്രതിപാദ്യവിഷയങ്ങള്‍ ഏതാണോ അതില്‍ ഏറ്റക്കുറവു വരുത്താതെ അതു വിവരിക്കുകയും, വ്യഖ്യാനിക്കുകയുമാണ് വ്യാഖ്യാതാക്കള്‍ ചെയ്യേണ്ടത്. വാചകങ്ങളുടെ ഘടനാവിശേഷതകളോ, മുന്‍ഗാമികളില്‍നിന്ന് അവയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രസ്താവനകളോ ഗൗനിക്കാതെ – അല്ലെങ്കില്‍ മനസ്സിലാക്കാതെ – വാക്കുകളുടെ ഭാഷാര്‍ത്ഥം മാത്രം ആസ്പദമാക്കി അര്‍ത്ഥവ്യാഖ്യാനം നല്കുന്നതും ഭീമമായ അബദ്ധമാകുന്നു.
ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവിനെ സംബന്ധിച്ചിടത്തോളം, ക്വുര്‍ആന്‍ മുഴുവന്‍ ഭാഗവും, ഹൃദിസ്ഥമായിരിക്കുക എന്നത് വളരെ വമ്പിച്ച ഒരു നേട്ടമാണ്. ഒരു സ്ഥലത്ത് ഉദ്ദേശ്യം സ്പഷ്ടമായി കാണുന്നില്ലെങ്കില്‍, മറ്റ് സ്ഥലങ്ങളില്‍ നിന്ന് അത് സ്പഷ്ടമായി മനസ്സിലാക്കുവാനും മറ്റും ഇത് അത്യാവശ്യമത്രെ. മുഴുവന്‍ ഭാഗം മനഃപാഠമില്ലെങ്കില്‍, തത്തുല്യമായ വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള മറ്റു ആയത്തുകള്‍ വേണ്ടുമ്പോള്‍ ഓര്‍മവരത്തക്കവണ്ണം പരിചയമുണ്ടായിരിക്കുകയെങ്കിലും ആവശ്യമാകുന്നു. ഇതും ഇല്ലാത്തപക്ഷം, പലപ്പോഴും അബദ്ധവും വിഷമവും പിണഞ്ഞേക്കുന്നതാണ്. ولله الموفق والمعين
യഹൂദരില്‍നിന്നോ, ക്രിസ്ത്യാനികളില്‍നിന്നോ, അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നതെല്ലാം ‘ഇസ്‌റാഈലിയ്യത്തി ‘ല്‍ ഉള്‍പ്പെടുന്നു. സത്യാസത്യമോ, ന്യായാന്യായമോ നോക്കാതെ കണ്ടമാനം ഇസ്‌റാഈലിയ്യാത്ത് ഉദ്ധരിക്കുകയും, അവയെ അടിസ്ഥാനമാക്കി ക്വുര്‍ആന്‍റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുക വഴി, ക്വുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പല വ്യാഖ്യാതാക്കളും അനേകം അബദ്ധങ്ങള്‍ ചെയ്യുകയുണ്ടായിട്ടുണ്ട്. ക്വുര്‍ആന്‍റെ മൂലതത്വങ്ങള്‍ക്കുപോലും വിരുദ്ധമായ – അബദ്ധപൂര്‍ണമായ – പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അവ മുഖേന പൊതുജനമദ്ധ്യേ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരെമറിച്ച്, ഇസ്‌റാഈലിയ്യാത്തില്‍ പെട്ടതാണെന്നോ, ഈസ്‌റാഈലിയ്യാത്ത് ഉദ്ധരിക്കാറുള്ള ആളുകള്‍ ഉദ്ധരിച്ചതാണെന്നോ ഉള്ള ഏക കാരണത്താല്‍ – സത്യാസത്യമോ, ബലാബ ലമോ ഗൗനിക്കാതെ – എല്ലാം അങ്ങ് തള്ളിക്കളയുന്ന ചില ആളുകളെയും കാണാം. ഈ ഭ്രമം പിടിപെട്ടവര്‍ക്ക് ചിലപ്പോള്‍, ക്വുര്‍ആനിന്‍റെയോ ഹിദീഥിന്‍റെയോ പ്രസ്താവനകളാല്‍ സ്ഥാപിതമായ യാഥാര്‍ത്ഥ്യങ്ങളെപ്പോലും നിരസിക്കേണ്ടതായി നേരിടുന്നതും അപൂര്‍വ്വമല്ല. മുന്‍പറഞ്ഞപോലെ, ഇസ്‌റാഈലിയ്യാത്ത് മുഴുവനും സ്വീകാര്യമോ, മുഴുവനും തള്ളിക്കളയേണ്ടവയോ അല്ല. രണ്ടിനും നിര്‍വ്വാഹമില്ലാത്തൊരു വിഭാഗം കൂടി അതിലുണ്ട് എന്ന് ആലോചിക്കേണ്ടതാകുന്നു. അതുകൊണ്ടാണ് ‘വേദക്കാരെ നിങ്ങള്‍ സത്യപ്പെടുത്തുകയും, കളവാക്കുകയും ചെയ്യരുത്’. لا تصدقوا اھل الكتاب ولا تكذبوھم – ا لبخارى എന്നും മറ്റും നബി (സ്വ) അരുളിച്ചെയ്തിരിക്കുന്നതും.
വല്ല വിഷയത്തിലും ഇസ്‌റാഈലിയ്യാത്തിനെ തെളിവായെടുക്കുവാനോ, അവയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു വിഷയം സ്ഥാപിക്കുവാനോ പാടില്ലതാനും. ക്വുര്‍ആനിലോ, ഹദീഥിലോ വന്നിട്ടുള്ള വല്ല വിഷയത്തോടും യോജിച്ചുകാണുന്ന ഭാഗം അസത്യമാണെന്നുവെച്ച് തള്ളിക്കളയുവാനും പാടില്ല. ഈ വസ്തുതയും നബി (സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍ ഉമര്‍ (റ) തനിക്കു വേദക്കാരില്‍ നിന്നു കിട്ടിയ ഒരു ഗ്രന്ഥവുമായി നബി (സ.അ) യുടെ അടുക്കല്‍ ചെന്ന് വായിച്ചു കേള്‍പ്പിച്ചു. അപ്പോള്‍, തിരുമേനികോപിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: ‘ഞാന്‍ ഇത് നിങ്ങള്‍ക്ക് ശുദ്ധ വെള്ളയായ (കലര്‍പ്പും സംശയവും കൂടാത്ത) വിധം കൊണ്ടുവന്നു തന്നിട്ടുണ്ട്. നിങ്ങള്‍ അവരോട് ഒന്നും ചോദിച്ചറിയേണ്ടതില്ല. കാരണം, യഥാര്‍ത്ഥമായ വല്ലതും അവര്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുകയും നിങ്ങളതു വ്യാജമാക്കുകയും ചെയ്‌തേക്കും. അല്ലെങ്കില്‍ അയഥാര്‍ത്ഥമായ വല്ലതും അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരുകയും, നിങ്ങള്‍ അത് സത്യമാക്കുകയും ചെയ്‌തേക്കാം. എന്‍റെ ആത്മാവ് യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! മൂസാ (അ) ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന് എന്നെ പിന്തുടരുകയല്ലാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല’. ( لو كان موسى حيا لما وسعه الا اتباعى ) ഇമാം അഹ്മദും (റ) ഇബ്‌നു അബീശൈബഃ (റ)യും മറ്റും ഉദ്ധരിച്ചതാണ് ഈ ഹദീഥ്. ഈ വിഷയത്തില്‍ ഇബ്‌നു കഥീര്‍ (റ) പ്രസ്താവിച്ചത് നാം മുമ്പ് വായിച്ചുവല്ലോ.
kanzululoom.com