മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കവും ഇബ്ലീസിന്റെ നിഷേധവും

സൂറ:സ്വാദ് 67-85 ആയത്തുകളിലൂടെ

ജനങ്ങൾക്ക് താക്കീതും മുന്നറിയിപ്പും പ്രചോദനവുമായി പറയാൻ അല്ലാഹു മുഹമ്മദ് നബിയോട് കൽപ്പിക്കുന്നു:

قُلْ هُوَ نَبَؤٌا۟ عَظِيمٌ

പറയുക: അത് ഒരു ഗൌരവമുള്ള വര്‍ത്തമാനമാകുന്നു. (ഖു൪ആന്‍:38/67)

അതായത്, കർമങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഞാൻ നിങ്ങളോട് പറയുന്നത് വളരെ പ്രാധാന്യമുള്ള ഒരു സന്ദേശമാണ്. അതിന് വളരെയധികം ശ്രദ്ധ നൽകണം. അത് അവഗണിക്കരുത്.

أَنتُمْ عَنْهُ مُعْرِضُونَ

നിങ്ങള്‍ അത് അവഗണിച്ചു കളയുന്നവരാകുന്നു. (ഖു൪ആന്‍:38/68)

എന്നാൽ നിങ്ങളുടെ മുന്നിൽ വിചാരണയോ പ്രതിഫലമോ ശിക്ഷയോ ഇല്ലെന്ന മട്ടിൽ നിങ്ങൾ അതിൽനിന്ന് പിന്തിരിയുകയാണ്. ഞാൻ പറയുന്നതിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ, ഞാനറിയിച്ചുതരുന്നതിൽ നിങ്ങൾ ശങ്കിക്കുന്നുവെങ്കിൽ ഞാൻ നിങ്ങളോട് പറയുന്നു; എനിക്കറിവില്ലാത്തതും ഒരു ഗ്രന്ഥത്തിലും ഞാൻ വായിച്ചിട്ടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചാണ് ഞാൻ നിങ്ങളോട് പറയുന്നത്. അതേരൂപത്തിൽ, കൂട്ടുകയോ കുറക്കുകയും ചെയ്യാതെ. എന്റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവ് ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നത് തന്നെയാണ്. അതാണ് അല്ലാഹു പറഞ്ഞത്:

‏ مَا كَانَ لِىَ مِنْ عِلْمِۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ ‎﴿٦٩﴾‏ إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌ مُّبِينٌ ‎﴿٧٠﴾

അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നല്‍കപ്പെടുന്നത്‌. (ഖു൪ആന്‍:38/69-70)

അത്യുന്നത സമൂഹം അഥവാ മലക്കുകൾ  വിവാദം നടത്തിയിരുന്നതിനെ കുറിച്ച്  അല്ലാഹു എന്നെ അറിയിക്കുകയും വെളിപ്പെടുത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ യാതൊന്നും അറിയുമായിരുന്നില്ല.  വ്യക്തമായ താക്കീതു നൽകാൻ വേണ്ടിയാണ് വഹ്‌യ് ലഭിച്ചത്. അഥവാ ആ അദൃശ്യ വര്‍ത്തമാനം ഞാൻ അറിഞ്ഞത് അല്ലാഹു എനിക്ക് അറിയിച്ചു തന്നതിനാലാണ്. അത് പ്രവാചകത്വത്തിന്റെ തെളിവുമാണ്.

ഉന്നതലോകത്തുള്ളവരുടെ തർക്കത്തെക്കുറിച്ചാണ് തുടർന്ന് അല്ലാഹു പറയുന്നത്. അത് മനുഷ്യസൃഷ്ടിപ്പിന്റെ തുടക്കത്തിലാണ്.

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ ‎﴿٧١﴾‏ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ‎﴿٧٢﴾

ന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം. (ഖു൪ആന്‍:38/71-72)

മനുഷ്യന്റെ നിർമാണ പദാർഥം കളിമണ്ണായിരിക്കും. അങ്ങനെ ഞാനവനെ സംവിധാനിക്കുകയും അതായത് അവന്റെ ശരീരത്തെ ശക്തിപ്പെടുത്തി, അങ്ങനെ ശരീരം പൂർണമാക്കി അവനിൽ എന്റെ ആത്മാവിൽ നിന്ന് ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ അവന് സജൂദ് ചെയ്യുന്നവരായി വീഴണം. സൃഷ്ടി പൂർത്തിയാവുകയും ആത്മാവ് അവനിലേക്ക് ഊതുകയും ചെയ്തപ്പോൾ തങ്ങളുടെ രക്ഷിതാവിന്റെ കല്പന അനുസരിക്കാൻ – ആദമിന് ആദരവ് എന്ന നിലക്കും – അവര്‍ ബാധ്യസ്ഥരായി.

 ആദമിനെയും മലക്കുകളെയും അറിവിന്റെ കാര്യത്തിൽ പരീക്ഷിക്കുകയുണ്ടായി. അവരെക്കാൾ അദ്ദേഹത്തിനുള്ള ശ്രേഷ്ഠത വെളിപ്പെട്ടു. അവനവരോട് സുജൂദ് ചെയ്യാൻ കൽപിക്കുകയും ചെയ്തു. ശരീരവും ആത്മാവും നൽകി ആദം عليه السلام യുടെ സൃഷ്ടി പൂർത്തിയാപ്പോൾ ആദരണീയരായ മലക്കുകൾ അത് ചെയ്യാൻ തയ്യാറായി.

فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ ‎﴿٧٣﴾‏ إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ ‎﴿٧٤﴾

അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു. (ഖു൪ആന്‍:38/73-74)

അപ്പോൾ മലക്കുകൾ എല്ലാവരും ഒന്നടങ്കം സുജൂദ് ചെയ്തു, ഇബ്‌ലീസ് സുജൂദ് ചെയ്തില്ല. അവൻ അഹങ്കരിക്കുകയും ചെയ്തു. അവൻ തന്റെ നാഥനെ അനുസരിക്കാൻ കഴിയാത്തവിധം അഹങ്കാരിയായിരുന്നു. ആദമിനോടും അവൻ അഹങ്കാരം കാണിച്ചു. അങ്ങനെ  സത്യനിഷേധികളുടെ കൂട്ടത്തിൽ ആവുകയും ചെയ്തു.

ഇബ്‌ലീസിനെ ശാസിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:

قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ? (ഖു൪ആന്‍:38/75)

അതായത്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. മറ്റു സൃഷ്ടികൾക്കില്ലാത്ത പ്രത്യേകതകൾ നൽകി. അതിനാൽ അദ്ദേഹത്തോട് അഹങ്കാരം കാണിക്കാൻ പാടില്ലായിരുന്നു എന്നർഥം.

ഇബ്‌ലീസ് തന്റെ രക്ഷിതാവിനെ എതിർത്തുകൊണ്ടും ഖണ്ഡിച്ചുകൊണ്ടും പറഞ്ഞു:

قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു. (ഖു൪ആന്‍:38/76)

അവന്റെ അവകാശവാദമനുസരിച്ച് തീയുടെ മൂലകം കളിമണ്ണിന്റെ മൂലകത്തെക്കാൾ ശ്രേഷ്ഠമാണ്. ഇത് തെറ്റായ തുലനം ചെയ്യലാണ്. അഗ്നി എന്നത് തിന്മ, കുഴപ്പം, അഹങ്കാരം, വിഡ്ഢിത്തം, മര്യാദകേട് എന്നിവയുെടെ പദാർഥമാണ്. എന്നാൽ കളിമണ്ണ് മാന്യതയുടെയും വിനയത്തിന്റെയും പര്യായമാണ്. അത് എല്ലാതരം വൃക്ഷങ്ങളെയും ചെടികളെയും ഉൽപാദിപ്പിക്കുന്നു. അത് തീയിനെ ജയിക്കുന്നു. കെടുത്തുകയും ചെയ്യുന്നു. തീയിന് നിലനിൽക്കാൻ എന്തെങ്കിലും വേണം. കളിമണ്ണ് സ്വയം നിലനിൽക്കുന്നു.

താൻ ആദമിനെക്കാൾ ശ്രേഷ്ഠനാണ് എന്ന വാദം അല്ലാഹുവിന്റെ വാക്കാലുള്ള കല്പനയെ എതിർത്ത ദുഷ്ടജനങ്ങളുടെ നേതാവിന്റെ വാദമാണ്. ഇത് വ്യക്തമായും തെറ്റും പിഴച്ച തുലനവുമാണ്. സത്യത്തെ എതിർക്കുന്ന വിദ്യാർഥികൾ തുലനം ചെയ്തതിന്റെ അവസ്ഥ എന്തായിരിക്കും! അതെല്ലാം ഇതിനെക്കാൾ പിഴച്ച കാര്യങ്ങളാണ്.

അല്ലാഹു അവനോട് പറഞ്ഞു:

قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. (ഖു൪ആന്‍:38/77)

നീ  ഉപരിലോകത്തുനിന്ന് – ആദരണീയ സ്ഥാനത്തുനിന്ന് – പുറത്തു പോകണം. നീ വിദൂരമാക്കപ്പെട്ടവനാണ് (ആട്ടിയോടിക്കപ്പെട്ടവനാണ്)

وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ

തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:38/78)

എന്നെന്നും എന്റെ അകറ്റലും ആട്ടിയോടിക്കലും നിന്റെ മേൽ ഉണ്ടായിരിക്കും.

ആദമിനോടും അദ്ദേഹത്തിന്റെ സന്താനങ്ങളോടുമുള്ള കഠിനമായ ശത്രുതമൂലം, അല്ലാഹു അവൻ മുഖേന പിഴപ്പിക്കപ്പെടാൻ കണക്കാക്കിയവരെ വഴിപിഴപ്പിക്കുന്നതിനു വേണ്ടി ഇബ്ലീസ്‌ പറഞ്ഞു:

قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ. (ഖു൪ആന്‍:38/79

അവന്റെ അപേക്ഷയ്ക്ക് മറുപടിയായി അല്ലാഹു അവന്റെ യുക്തിയുടെ താൽപര്യപ്രകാരം പറഞ്ഞു.

قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ ‎﴿٨٠﴾‏ إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ ‎﴿٨١﴾

(അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ. (ഖു൪ആന്‍:38/8-81)

നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസംവരെ. അത് പൂർത്തിയാകുമ്പോൾ പരീക്ഷണവും കഴിയും.

തനിക്ക് അവധി നൽക്കപ്പെട്ടിരിക്കുന്നു എന്ന് ഇബ്‌ലീസിന് വ്യക്തമായപ്പോൾ തന്റെ മ്ലേച്ഛതയും തന്റെ രക്ഷിതാവിനോടും ആദമിനോടും സന്താനങ്ങളോടുമുള്ള അവന്റെ ശത്രുതയും അവൻ പുറത്തെടുത്തു. അവൻ അല്ലാഹുവിന്റെ മഹത്ത്വത്തെയും പ്രതാപത്തെയും സത്യം ചെയ്തുകൊണ്ട് പറഞ്ഞു:

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ‎

 അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. (ഖു൪ആന്‍:38/82)

‘ബാഅ്’ എന്ന അക്ഷരം സത്യം ചെയ്തുപറയാനുള്ളതാണ്. അല്ലാഹുവിന്റെ പ്രതാപം കൊണ്ടാണിവിടെ സത്യം ചെയ്യുന്നത്. പറയുന്നതോ, അവരെ മുഴുവൻ വഴിതെറ്റിക്കുമെന്ന്!

إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ

അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ ഇഖ്‌ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ.. (ഖു൪ആന്‍:38/83)

അവര്‍ അല്ലാഹുവിന് ആത്മാർഥമായി കീഴൊതുങ്ങിയവരാണ്. അവരുടെ വിശ്വാസത്തിന്റെ പൂർണതയാൽ വഴികേടിൽനിന്നും അല്ലാഹു അവർക്ക് സംരക്ഷണം നൽകി. തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാൻ കഴിവിന്റെ പരമാവധി അവർ ശ്രമിക്കുന്നു. ഇബ്‌ലീസിനറിയാം, അവന്റെ തന്ത്രങ്ങളിൽനിന്ന് അല്ലാഹു അവരെ സംരക്ഷിക്കുമെന്ന്.

മറ്റൊരു സാധ്യത ‘ബാഅ്’ എന്ന അക്ഷരം സഹായം ചോദിക്കുന്നതിന് വേണ്ടിയാകാം എന്നതാണ്. ഇബ്‌ലീസിനറിയാം, താൻ എല്ലാ നിലക്കും അശക്തനാണെന്ന്; അല്ലാഹുവിന്റെ ഉദ്ദേശ്യമില്ലാതെ ഒരാളെയും വഴിതെറ്റിക്കാനാവില്ല എന്നും. അതിനാൽ, ആദം സന്തതികളെ വഴിതെറ്റിക്കാൻ അല്ലാഹുവിന്റെ പ്രതാപം മുൻനിർത്തി അവൻ സഹായം ചേദിക്കുന്നു. അവൻ അല്ലാഹുവിന്റെ യഥാർഥ ശത്രു തന്നെ.

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ നിസ്സഹായരും ദുർബലരുമാണ്. നീ നൽകുന്ന അനുഗ്രഹങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. നീ അനുഗ്രഹിച്ചവരുടെയും ആദരിച്ചവരുടെയും പിൻഗാമികളാണ് ഞങ്ങൾ. നിന്റെ കഴിവുകൊണ്ടും മഹത്ത്വംകൊണ്ടും ഞങ്ങൾ നിന്നോട് സഹായം ചോദിക്കുന്നു. പിശാചിനോട് ഏറ്റുമുട്ടാനും ശത്രുത പുലർത്താനും നീ ഞങ്ങളെ സഹായിക്കണം. അവന്റെ കെടുതികളിൽ നിന്ന് രക്ഷ നേടാനും അവന്റെ ശിർക്കിൽനിന്ന് രക്ഷപ്പെടാനും ഞങ്ങൾ വിചാരിക്കുന്നു; നീ ഞങ്ങളുടെ പ്രാർഥനക്ക് ഉത്തരം നൽകുമെന്നും. നീ ഞങ്ങൾക്കു തന്ന വാഗ്ദാനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. നീ പറഞ്ഞല്ലോ:

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഖു൪ആന്‍ :40/60)

നീ കൽപിച്ച പോലെ ഞങ്ങൾ നിന്നോട് പ്രാർഥിച്ചിരിക്കുന്നു.

إِنَّكَ لَا تُخْلِفُ ٱلْمِيعَادَ

നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:3/194)

അല്ലാഹു പറഞ്ഞു:

قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ ‎﴿٨٤﴾‏ لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ ‎﴿٨٥﴾

അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ – സത്യമേ ഞാന്‍ പറയുകയുള്ളൂ – നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും. (ഖു൪ആന്‍:38/84-85)

{അപ്പോൾ സത്യം ഇതത്രെ. സത്യമേ ഞാൻ പറയുകയുള്ളൂ} സത്യം എന്റെ വിശേഷണമാണ്. സത്യം എന്റെ വാക്കും: {നിന്നെയും അവരിൽ നിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറക്കുകതന്നെ ചെയ്യും} ആദം സന്തതികളെക്കൊണ്ട്.

അവലംബം : തഫ്സീറുസ്സഅ്ദി

കടപ്പാട് : ഹാരിസ് ബിന്‍ സലീം

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *