സുന്നത്ത് അഥവാ നബിചര്യ എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് നബിﷺയുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന പ്രവാചക ജീവിതത്തെയാണ്. സുന്നത്തുകളെ കുറിച്ച് പഠിക്കുന്നതിനും അത് ജീവിതത്തില്‍ പ്രാവ൪ത്തികമാക്കുന്നതിനും നമുക്ക് എത്രമാത്രം താല്‍പ്പര്യമുണ്ട് ? മുസ്ലിം സമൂഹം ഗൌരവ പൂ൪വ്വം ചിന്തിക്കേണ്ടതാണിത്.
ഈ രണ്ട് കാര്യത്തിലും അഥവാ സുന്നത്ത് പഠിക്കുന്നതിനും അത് ജീവിതത്തില്‍ പ്രാവ൪ത്തികമാക്കുന്നതിനും സ്വഹാബികളുടെ താല്‍പ്പര്യവും ആത്മാ൪ത്ഥതയും കഠിന പരിശ്രമവും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. നബിﷺയോടൊപ്പം പരമാവധി സമയം ചെലവഴിക്കുവാനും അവിടുത്തെ വാക്കുകള്‍ക്ക് സസൂക്ഷ്മം കാതോര്‍ക്കുവാനും നബിﷺയുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും നിരീക്ഷിച്ച് ചാണിനു ചാണായി അവ പിന്‍പറ്റുവാനും സ്വഹാബികള്‍ ശ്രദ്ധിച്ചിരുന്നു. നബിﷺയോടൊപ്പം സദസ്സുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ കൂട്ടുകാരുമായി പരസ്പര ധാരണയിലെത്തി ഊഴം നിശ്ചയിച്ച് നബിﷺയോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു.
ഉമ൪ ബ്‌നു ഖത്വാബ്(റ) പറയുന്നു: ‘ഞാനും മദീനയിലെ ഉമയ്യത്തുബ്‌നു സൈദിന്റെ കുടുംബത്തില്‍ പെട്ട എന്റെ ഒരു അന്‍സ്വാരി അയല്‍വാസിയും തമ്മില്‍ ഊഴം നിശ്ചയിച്ച് നബിﷺയുടെ അടുക്കല്‍ ചെല്ലുമായിരുന്നു. ഒരു ദിവസം അദ്ദേഹം, മറ്റൊരു ദിവസം ഞാനും എന്നിങ്ങനെ. ഞാന്‍ പോകുന്ന ദിവസത്തെ വിവരങ്ങള്‍ ഞാനദ്ദേഹത്തിന്ന് പകര്‍ന്നുകൊടുക്കും അദ്ദേഹം പോകുന്ന ദിവസങ്ങളില്‍ അദ്ദേഹവും അപ്രകാരം ചെയ്യുമായിരുന്നു. (ബുഖാരി:89, 2468,5191).
عَنْ عُقْبَةَ بْنِ الْحَارِثِ، أَنَّهُ تَزَوَّجَ ابْنَةً لأَبِي إِهَابِ بْنِ عَزِيزٍ، فَأَتَتْهُ امْرَأَةٌ فَقَالَتْ قَدْ أَرْضَعْتُ عُقْبَةَ وَالَّتِي تَزَوَّجَ. فَقَالَ لَهَا عُقْبَةُ مَا أَعْلَمُ أَنَّكِ أَرْضَعْتِنِي وَلاَ أَخْبَرْتِنِي. فَأَرْسَلَ إِلَى آلِ أَبِي إِهَابٍ يَسْأَلُهُمْ فَقَالُوا مَا عَلِمْنَا أَرْضَعَتْ صَاحِبَتَنَا. فَرَكِبَ إِلَى النَّبِيِّ صلى الله عليه وسلم بِالْمَدِينَةِ فَسَأَلَهُ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ كَيْفَ وَقَدْ قِيلَ ”. فَفَارَقَهَا، وَنَكَحَتْ زَوْجًا غَيْرَهُ.
ഉക്വ്ബതു ബ്‌നു ഹാരിഥ്(റ) അബൂ ഇഹാബിന്റെ മകളെ വിവാഹം ചെയ്തു. അപ്പോള്‍ ഒരു സ്ത്രീ വന്നിട്ട് ഉക്വ്ബക്കും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും അവര്‍ മുലയൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഉക്വഖ്ബ(റ) അവരോട് പറഞ്ഞു: നിങ്ങള്‍ എനിക്കു മുലയൂട്ടിയതായി എനിക്കറിയില്ല. നിങ്ങളാകട്ടെ അത് എന്നെ അറിയിച്ചിട്ടുമില്ല. അങ്ങനെ അദ്ദേഹം അബൂ ഇഹാബിന്റെ ആളുകളോട് വിവരമന്വേഷിക്കുവാന്‍ ദൂതനെ പറഞ്ഞയച്ചു. അവര്‍ക്കാര്‍ക്കും ആ സ്ത്രീ ഇവരെ മുലയൂട്ടിയതായി അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. ഉടനെ ഉക്വ്ബ(റ) മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്രയായി. നബിﷺയുടെ അടുക്കല്‍ ചെന്ന് വിവരമറിയിച്ചു. അതിലെ വിധി ചോദിച്ചറിഞ്ഞു. അപ്പോള്‍ നബിﷺപറഞ്ഞു: ‘അവള്‍ അങ്ങനെ പറഞ്ഞിരിക്കെ എങ്ങനെയാണ് നിനക്കവളെ ഭാര്യയാക്കി വെക്കാന്‍ പറ്റുക?’ അങ്ങനെ ഉക്വ്ബ(റ) അവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. അവള്‍ മറ്റൊരാളെ വിവാഹം ചെയ്തു. (ബുഖാരി:2640).
മദീനയില്‍ നിന്ന് വിദൂരത്തുള്ള ഗോത്രങ്ങളും കുടുംബങ്ങളും നബിﷺയില്‍ നിന്ന് മതത്തിന്റെ വിധിവിലക്കുകളും മറ്റ് വിശദാംശങ്ങളും പഠിച്ചറിഞ്ഞ് അവരുടെ ആളുകളിലേക്ക് തിരിച്ചു ചെന്ന് അക്കാര്യങ്ങള്‍ അവര്‍ക്കും പഠിപ്പിച്ചുകൊടുക്കുക പതിവായിരുന്നു. അപ്രകാരം തന്നെ വ്യക്തിപരമായ വല്ല വിഷയങ്ങളിലും ഇസ്‌ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും അറിയേണ്ടതുണ്ടെങ്കിലും ദീര്‍ഘദൂരം താണ്ടി പ്രവാചക സന്നിധിയില്‍ വന്ന് മതവിധികള്‍ ചോദിച്ചറിയുവാനും അവര്‍ യാതൊരു മടിയും വൈമനസ്യവും കാണിച്ചിരുന്നില്ല. അതേപോലെ തന്നെ നബിﷺയുടെ ഭാര്യമാരുടെ അടുക്കല്‍ വന്ന് കുടുംബജീവിതവുമായി ബന്ധപ്പെട്ട പലതും അവര്‍ ചോദിച്ചറിയുമായിരുന്നു. കാരണം, കുടുംബ കാര്യങ്ങള്‍ കുടൂതലറിയുക ഭാര്യമാര്‍ക്കായിരിക്കുമല്ലൊ. തങ്ങള്‍ക്ക് പറ്റാത്ത കാര്യങ്ങള്‍ക്കായി തങ്ങളുടെ ഭാര്യമാരെ നബിﷺയുടെ വീട്ടിലേക്കയച്ച് ചോദിപ്പിക്കുമായിരുന്നു.
നബിചര്യകള്‍ മനസ്സിലാക്കുന്ന വിഷയത്തില്‍ ഇന്നത്തെ മുസ്ലിംകളുടെ അവസ്ഥ എത്ര ദയനീയമാണ്. ആളുകള്‍ക്ക് നബിചര്യകള്‍ പഠിക്കുന്ന വിഷയത്തില്‍ താല്‍പ്പര്യം പോലുമില്ല. ഇന്ന് ഇത് പഠിക്കുന്നതിനായി നമ്മുടെ മുന്‍ഗാമികളെ പോലെ കഠിന ത്യാഗം സഹിക്കേണ്ടതില്ല. അവരുടെ കഠിന പ്രയത്നംകൊണ്ട് നബിചര്യകള്‍ ഗ്രന്ഥങ്ങളിലായി നമ്മുടെ മുമ്പിലുണ്ട്. അവ പരിശോധിക്കുന്നതിനും പഠിക്കുന്നതിനുമുള്ള മനസ്സാണ് ഉണ്ടാകേണ്ടത്.
സുന്നത്തുകള്‍ പഠിക്കുന്ന വിഷയത്തില്‍ മാത്രമല്ല, അവ ജീവിതത്തില്‍ പക൪ത്തുന്ന വിഷയത്തിലും സ്വഹാബികള്‍ ഉത്തമ മാതൃകയാണ്. നബിﷺയുടെ അദ്ധ്യാപനം ലഭ്യമായാല്‍ അതിന് കീഴ്‌പ്പെട്ട് അനുസരിക്കുക എന്നതാണ് സത്യവിശ്വാസികളുടെ സ്വഭാവം.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.( ഖു൪ആന്‍:4/65)
ഈ ഉല്‍കൃഷ്ട സ്വഭാവം സ്വഹാബികളുടെ ജീവിതത്തിലുടനീളം കാണാവുന്നതാണ്. നബിﷺയെ അവര്‍ പരിപൂര്‍ണമായി അനുസരിച്ചു.നബി ﷺ ഒരു കാര്യം ചെയ്തുകണ്ടാല്‍ അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സ്വഹാബികള്‍ അദ്ദേഹത്തെ പിന്തുടരുമായിരുന്നു.
ഒരിക്കല്‍ നബി ﷺ ഒരു സ്വര്‍ണമോതിരം ധരിച്ചു. അതുകണ്ട് സ്വഹാബികളും സ്വര്‍ണമോതിരം ധരിച്ചു. പിന്നീട് നബി ﷺ അതൊഴിവാക്കിക്കൊണ്ട് പറഞ്ഞു:’ഇനി ഞാനൊരിക്കലും ഇതുപയോഗിക്കുകയില്ല.’ അപ്പോള്‍ ജനങ്ങളും അതൊഴിവാക്കി. (ബുഖാരി ഇബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിച്ചത്).
ഹുദൈബിയ സംഭവ ദിവസം ഉംറക്ക് ഇഹ്‌റാമില്‍ പ്രവേശിച്ചവരോട് അതില്‍നിന്ന് ഒഴിവാകുവാനും മുടി നീക്കുവാനും നബിﷺ കല്‍പിച്ചു. എന്നാല്‍ ചിലരത് ചെയ്യുവാന്‍ കൂട്ടാക്കിയില്ല. ഇതറിഞ്ഞ പ്രവാചകന്‍ﷺ പെട്ടെന്നെഴുന്നേറ്റ് തന്റെ മുടി നീക്കി ഇഹ്‌റാമില്‍ നിന്നൊഴിവായതായി കാണിച്ചുകൊടുത്തു. അതു കണ്ട് സ്വഹാബികളും അങ്ങനെ ചെയ്തു.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ بَيْنَمَا رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي بِأَصْحَابِهِ إِذْ خَلَعَ نَعْلَيْهِ فَوَضَعَهُمَا عَنْ يَسَارِهِ فَلَمَّا رَأَى ذَلِكَ الْقَوْمُ أَلْقَوْا نِعَالَهُمْ فَلَمَّا قَضَى رَسُولُ اللَّهِ صلى الله عليه وسلم صَلاَتَهُ قَالَ ” مَا حَمَلَكُمْ عَلَى إِلْقَائِكُمْ نِعَالَكُمْ ” . قَالُوا رَأَيْنَاكَ أَلْقَيْتَ نَعْلَيْكَ فَأَلْقَيْنَا نِعَالَنَا . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ جِبْرِيلَ صلى الله عليه وسلم أَتَانِي فَأَخْبَرَنِي أَنَّ فِيهِمَا قَذَرًا ” .
അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ഞങ്ങളൊരിക്കല്‍ നബിﷺയുടെ കൂടെ നമസ്‌കരിക്കാന്‍ നില്‍ക്കുകയാണ്. നബിﷺ തന്റെ ചെരിപ്പൂരി ഇടതുഭാഗത്ത് വെച്ചു. ഇതു കണ്ട് സ്വഹാബത്തും അതേപോലെ ചെയ്തു. നമസ്‌കാരം കഴിഞ്ഞ് നബി ﷺ ചോദിച്ചു: ‘നിങ്ങളെല്ലാം എന്തിനാണ് ചെരിപ്പൂരി വെച്ചത്?’ അവര്‍ പറഞ്ഞു: ‘അങ്ങ് ചെയ്തതുകൊണ്ട്.’ നബി ﷺ പറഞ്ഞു:ജിബ്‌രീല്‍ എന്റെയടുത്ത് വരികയും അവ രണ്ടിലും (ചെരിപ്പിന്‍മേല്‍) അശുദ്ധിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. (ജിബ്‌രീല്‍ (അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്.) (അബൂദാവൂദ് : 650 – സ്വഹീഹ് അല്‍ബാനി)
عَنْ جَابِرٍ، قَالَ لَمَّا اسْتَوَى رَسُولُ اللَّهِ صلى الله عليه وسلم يَوْمَ الْجُمُعَةِ قَالَ ” اجْلِسُوا ” . فَسَمِعَ ذَلِكَ ابْنُ مَسْعُودٍ فَجَلَسَ عَلَى بَابِ الْمَسْجِدِ فَرَآهُ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ” تَعَالَ يَا عَبْدَ اللَّهِ بْنَ مَسْعُودٍ ” .
ജാബിറില്‍(റ) നിന്ന് നിവേദനം : അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഒരിക്കല്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയപ്പോള്‍ നബി ﷺ പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം വാതില്‍ക്കലെത്തിയതേയുള്ളു. അപ്പോള്‍ കേള്‍ക്കുന്നത് ‘നിങ്ങള്‍ ഇരിക്കുവിന്‍’ എന്ന നബിﷺയുടെ കല്‍പനയാണ്. ഇത് കേട്ടമാത്രയില്‍ അബ്ദുല്ല(റ) വാതില്‍ക്കല്‍ ഒറ്റയിരിപ്പിരുന്നു. ഇതു കണ്ട നബി ﷺ വിളിച്ചുപറഞ്ഞു: ‘അബ്ദുല്ലാ, മുന്നോട്ടു വന്നിരിക്കൂ’. (അബൂദാവൂദ് :1091 – സ്വഹീഹ് അല്‍ബാനി)
മേല്‍ കൊടുത്തിട്ടുള്ള ഉക്വ്ബതു ബ്‌നു ഹാരിഥിന്റെ ഹദീസില്‍, അദ്ദേഹത്തിനും ഭാര്യക്കും ഒരു സ്ത്രീ മുല കൊടുത്തിട്ടുള്ളതിനാല്‍ വിവാഹബന്ധം പാടില്ലെന്ന നബിﷺയുടെ വിധി അറിഞ്ഞ ഉടനെ ഉക്വ്ബ(റ) അവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. അവരുമായുള്ള വിവാഹബന്ധം നിലനി൪ത്താന്‍ എന്തെങ്കിലും വഴിയുണ്ടോയെന്ന് അന്വേഷിച്ചു നടക്കുകയല്ല അദ്ദേഹം ചെയ്തത്. അതെ, സ്വഹാബികള്‍ നബിചര്യക്ക് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നവരായിരുന്നു. നമ്മെപ്പോലെ ഇഷ്ടപ്പെട്ട സുന്നത്തുകള്‍ സ്വീകരിക്കുകയും ഇഷ്ടമില്ലാത്തത് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരായിരുന്നില്ല അവ൪. എത്രയെത്ര സംഭവങ്ങള്‍.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ فَنَزَعَهُ فَطَرَحَهُ وَقَالَ “ يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ ” . فَقِيلَ لِلرَّجُلِ بَعْدَ مَا ذَهَبَ رَسُولُ اللَّهِ صلى الله عليه وسلم خُذْ خَاتَمَكَ انْتَفِعْ بِهِ . قَالَ لاَ وَاللَّهِ لاَ آخُذُهُ أَبَدًا وَقَدْ طَرَحَهُ رَسُولُ اللَّهِ صلى الله عليه وسلم .
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ ഒരാളുടെ കയ്യില്‍ സ്വര്‍ണ മോതിരം ധരിച്ചിരിക്കുന്നത് കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു: ‘നിങ്ങളില്‍ ചിലര്‍ നരകത്തിന്റെ തീക്കനലുകള്‍ ലക്ഷ്യമാക്കിച്ചെന്ന് അതെടുത്ത് കയ്യിലണിയുകയാണ്.’ നബി ﷺ അവിടെനിന്ന് പോയശേഷം ആ സ്വഹാബിയോട് സുഹൃത്തുക്കള്‍ പറഞ്ഞു: ‘നിന്റെ മോതിരം നീ എടുത്തോളൂ, അത് മറ്റുവല്ല രൂപത്തിലും ഉപയോഗപ്പെടുത്താമല്ലോ.’ അദ്ദേഹം പറഞ്ഞു: ‘ഇല്ല, അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ റസൂല്‍ ﷺ എറിഞ്ഞ് കളഞ്ഞത് ഞാനൊരിക്കലും എടുക്കുകയില്ല. (മുസ്‌ലിം: 2090)
ഇസ്ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍ മുക്വദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുക്വദ്ദസ് തന്നെയായിരുന്നു ഖിബ്‌ല. 16 മാസത്തിലധികം ഈ അവസ്ഥ തുടര്‍ന്നു. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി.
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ
(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത് …… (ഖു൪ആന്‍:2/144)
കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള കല്‍പന ലഭിച്ചതിനുശേഷം ആദ്യമായിക്കൊണ്ട് നബി ﷺ നമസ്‌കരിച്ചത് അസ്വ്ര്‍ ആയിരുന്നു. മറ്റ് സ്ഥലങ്ങളിലുണ്ടായിരുന്ന പല സ്വഹാബികളും ഈ വിവരം അറിഞ്ഞത് നമസ്കാരം നിർവ്വഹിച്ചുകൊണ്ടിരിക്കെ ആയിരുന്നു. ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരുന്ന അവർ, ഖിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ നമസ്കാരത്തിൽതന്നെ കഅ്ബയിലേക്ക് തിരിയുകയുണ്ടായി.
وَصَلَّى مَعَهُ رَجُلٌ الْعَصْرَ، ثُمَّ خَرَجَ فَمَرَّ عَلَى قَوْمٍ مِنَ الأَنْصَارِ فَقَالَ هُوَ يَشْهَدُ أَنَّهُ صَلَّى مَعَ النَّبِيِّ صلى الله عليه وسلم وَأَنَّهُ قَدْ وُجِّهَ إِلَى الْكَعْبَةِ. فَانْحَرَفُوا وَهُمْ رُكُوعٌ فِي صَلاَةِ الْعَصْرِ.
…… നബി ﷺ യോടൊപ്പം ഒരാൾ അസ്ർ നമസ്കരിച്ചു. ശേഷം അയാൾ പുറപ്പെട്ട് അൻസ്വാരികളിൽ പെട്ട ഒരു ജനതയുടെ അടുത്തെത്തി. (അവർ അസ്ർ നമസ്കരിക്കുകയായിരുന്നു). അദ്ദേഹം പറഞ്ഞു: നബി ﷺ യോടൊപ്പം നമസ്കാരിച്ചയാൾ സാക്ഷിയായിരിക്കുന്നു, അദ്ദേഹം കഅബയിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നതിന്. അങ്ങനെ അവർ അസ്ർ നമസ്കാരത്തിൽ റുകൂഅ് ചെയ്തുകൊണ്ടിരിക്കെ കഅബയിലേക്ക് തിരിഞ്ഞു. (ബുഖാരി: 7252)
ഖുബാഇലുള്ള ആളുകള്‍ക്ക് ഖിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് അടുത്ത ദിവസം സ്വുബ്ഹിക്കാണ്. അവരും അപ്രകാരം നമസ്കാരത്തിൽതന്നെ കഅ്ബയിലേക്ക് തിരിഞ്ഞു.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ بَيْنَا النَّاسُ بِقُبَاءٍ فِي صَلاَةِ الصُّبْحِ إِذْ جَاءَهُمْ آتٍ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الْكَعْبَةَ فَاسْتَقْبِلُوهَا، وَكَانَتْ وُجُوهُهُمْ إِلَى الشَّأْمِ، فَاسْتَدَارُوا إِلَى الْكَعْبَةِ.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ നിവേദനം: ഖുബാഇല്‍ ജനങ്ങള്‍ സുബഹ് നമസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തു ഒരാള്‍ വന്നു പറഞ്ഞു: നിശ്ചയം ഇന്നു രാത്രിയില്‍ നബി ﷺ ക്ക് ഖൂര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ ഖിബ് ല: യാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ (നമസ്കാരത്തില്‍ തന്നെ) അതിന്‍റെ നേരെ തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്‍റെ നേരെ തിരിഞ്ഞാണ് നമസ്കരിച്ചിരുന്നത്. അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി:403)
അല്ലാഹുവിന്റെയുെം അവന്റെ റസൂൽ ﷺ യുടെയും കൽപ്പന ചോദ്യം ചെയ്യാതെ, അനിഷ്ടം കൂടാതെ സ്വീകരിക്കുന്നതിൽ സ്വഹാബത്തിന്റെ താൽപ്പര്യം ഈ സംഭവത്തിൽ നിന്നും വ്യക്തമാണ്. ശാമിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരിക്കെ ഖിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും കഅ്ബയിലേക്ക് തിരിയുകയുണ്ടായി. ഈ നമസ്കാരം കഴിയട്ടെയെന്നോ മറ്റോ അവർ ചിന്തിച്ചില്ല.
ഉമര്‍(റ) ശാമിലേക്ക് യാത്ര പുറപ്പെട്ടു. അങ്ങനെ ‘സര്‍ഗ്’ എന്ന സ്ഥലത്തെത്തിയപ്പോള്‍ ശാമില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച വിവരം ലഭിച്ചു. യാത്ര തുടരണോ, അതോ മടങ്ങിപ്പോകണമോ എന്ന വിഷയത്തില്‍ സ്വഹാബികള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. അവര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ചര്‍ച്ച നീണ്ടു. ചര്‍ച്ചകള്‍ക്കൊടുവിലാണ് അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്(റ) അവിടെ എത്തിയത്. അദ്ദേഹം പറഞ്ഞു: ഈ വിഷയകമായി എന്റെ പക്കല്‍ ഒരറിവുണ്ട്. നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: ഒരു പ്രദേശത്ത് പ്ലേഗ് പിടിപെട്ടതായി നിങ്ങള്‍ കേട്ടാല്‍ അവിടേക്ക് നിങ്ങള്‍ പോകരുത്. നിങ്ങളുള്ള സ്ഥലത്ത് അത് ബാധിച്ചാല്‍ അവിടുന്ന് നിങ്ങള്‍ പേടിച്ചോടുകയും ചെയ്യരുത്. അപ്പോള്‍ ഉമര്‍(റ) അല്ലാഹുവിനെ സ്തുതിക്കുകയും യാത്രയവസാനിപ്പിക്കുകയും ചെയ്തു. (ബുഖാരി: 5729 – മുസ്‌ലിം: 2219).
عَنْ عُبَيْدِ بْنِ عُمَيْرٍ، أَنَّ أَبَا مُوسَى الأَشْعَرِيَّ اسْتَأْذَنَ عَلَى عُمَرَ بْنِ الْخَطَّابِ، فَلَمْ يُؤَذَنْ لَهُ، وَكَأَنَّهُ كَانَ مَشْغُولاً، فَرَجَعَ أَبُو مُوسَى، فَفَرَغَ عُمَرُ فَقَالَ: أَلَمْ أَسْمَعْ صَوْتَ عَبْدِ اللهِ بْنِ قَيْسٍ؟ إِيذَنُوا لَهُ، قِيلَ: قَدْ رَجَعَ، فَدَعَاهُ، فَقَالَ: كُنَّا نُؤْمَرُ بِذَلِكَ، فَقَالَ: تَأْتِينِي عَلَى ذَلِكَ بِالْبَيِّنَةِ، فَانْطَلَقَ إِلَى مَجْلِسِ الأَنْصَارِ فَسَأَلَهُمْ، فَقَالُوا: لاَ يَشْهَدُ لَكَ عَلَى هَذَا إِلاَّ أَصْغَرُنَا: أَبُو سَعِيدٍ الْخُدْرِيُّ فَذَهَبَ بِأَبِي سَعِيدٍ، فَقَالَ عُمَرُ: أَخَفِيَ عَلَيَّ مِنْ أَمْرِ رَسُولِ اللهِ صلى الله عليه وسلم؟ أَلْهَانِي الصَّفْقُ بِالأَسْوَاقِ، يَعْنِي الْخُرُوجَ إِلَى التِّجَارَةِ.
ഉബൈദ് ബിന്‍ ഉമൈരി(റ)ല്‍ നിന്ന് നിവേദനം: അബു മൂസ അല്‍ അശ്അരി ഉമര്‍ ബ്ന്‍ ഖത്വാബിന്റെ വീട്ടില്‍ എത്തി അനുവാദം ചോദിച്ചു. ഉമര്‍(റ) മറ്റെന്തോ ജോലിയിലായതിനാലോ മറ്റോ അത് കേട്ടില്ല. പ്രതികരണം കാണാത്തത് നിമിത്തം അബു മൂസ (റ) തിരിച്ചു പോയി. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ”അബ്ദുല്ല ഇബ്‌നു ഖൈസിന്റെ ശബ്ദമല്ലായിരുന്നോ ഞാന്‍ കേട്ടത്? അദ്ദേഹത്തോട് വരാന്‍ പറയൂ.” ആരോ പറഞ്ഞു: ”അദ്ദേഹം തിരിച്ചു പോയി.” ഉമര്‍(റ) അദ്ദേഹത്തെ വിളിച്ചു വരുത്തി കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നാം അപ്രകാരം (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന്) കല്‍പിക്കപ്പെട്ടിരിക്കുന്നു. (നബി അങ്ങിനെ നമ്മെ പഠിപ്പിച്ചിരിക്കുന്നു). ഈ വിവരം നബി(സ്വ)യുടെ സദസ്സില്‍ നിന്നോ നാവില്‍ നിന്നോ ഉമര്‍(റ) അറിഞ്ഞിട്ടുണ്ടായിരുന്നില്ല.) അദ്ദേഹം അബൂ മൂസയോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അന്‍സാറുകളുടെ സദസ്സില്‍ പോയി (ആരെങ്കിലും എനിക്ക് സാക്ഷി പറയുമോ എന്ന്) അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ”ഞങ്ങളുടെ കൂട്ടത്തിലെ എറ്റം ചെറിയവനായ അബൂ സഈദ് അല്‍ ഖുദ്‌രി നിനക്കു സാക്ഷി പറയും.” അങ്ങിനെ ഞാന്‍ അബൂ സഈദിനെയുമായി ഉമറിന്റെ അടുത്ത് ചെന്നു. (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന് നബി(സ്വ) പറഞ്ഞ വിവരം അദ്ദേഹം ഉണര്‍ത്തി) ഉമര്‍(റ) പറഞ്ഞു: ”ഞാന്‍ കച്ചവടത്തിന് അങ്ങാടിയില്‍ പോയതിനാല്‍ ആ സമയത്തുള്ള നബി കല്‍പന എനിക്ക് കിട്ടിയില്ല.” (അദബ് അല്‍ മുഫ്‌റദ്:1065 – സ്വഹീഹ് അൽബാനി)
നബി ﷺ ക്ക് ശേഷം ആരായിരിക്കണം ഭരണാധികാരി എന്ന വിഷയത്തില്‍ സ്വഹാബികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയുണ്ടായി. വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ‘നേതൃത്വം ക്വുറൈശികള്‍ക്കാകുന്നു’ എന്ന പ്രവാചക വചനം അവരറിഞ്ഞപ്പോള്‍ ചര്‍ച്ച അവിടെ നിര്‍ത്തുകയും അതിന് കീഴൊതുങ്ങുകയും ചെയ്തു. (ഫത്ഹുല്‍ ബാരി. 7/32).
സ്വന്തം താല്‍പര്യങ്ങള്‍ക്കുപരിയായി നബിചര്യ പരിശോധിക്കുവാനും അത് സ്വീകരിക്കുവാനും സ്വഹാബത്ത് കാണിച്ച ആര്‍ജ്ജവമാണ് നമുക്കും വേണ്ടത്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
kanzululoom.com