നജസുകളും ശുദ്ധീകരണ രീതിയും

നിയാമകനായ അല്ലാഹു വർജിക്കുവാൻ അനുശാസിച്ച എല്ലാ മ്ലേച്ഛദ്രവ്യങ്ങളും നജസാകുന്നു. നജസ് ശുദ്ധീകരിക്കപ്പെടുവാൻ അടിസ്ഥാനപരമായുള്ളത് വെള്ളമാകുന്നു. അല്ലാഹു പറഞ്ഞു:

وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ

നിങ്ങളെ ശുദ്ധീകരിക്കുന്നതിനുവേണ്ടി അവൻ നിങ്ങളുടെമേൽ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദർഭവും (ഓർക്കുക) (ഖുര്‍ആൻ:8/11)

നജസ് മൂന്നുവിധമാണ്

(1) നജാസ മുഗല്ലദ്വ (കടുത്ത നജസ്): നായയും നായയിൽനിന്ന് ജന്മം കൊള്ളുന്നവയുമാകുന്നു അവ.

(2) നജാസ മുഖഫ്ഫഫ (ലഘുവായ നജസ്): രക്തം, മദ്‌യ്, ചലം, ചോരയും ചലവും കലർന്ന നീര്, ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആൺകുട്ടിയുടെ മൂത്രം പോലുള്ളവ.

(3) നജാസഃ മുതവസ്സിത്വ (ഇടത്തരം നജസ്): മൂത്രം, മലം, ശവം പോലുള്ളവ.

തെളിവുകൾ വ്യക്തമാക്കിയ നജസുകൾ

(1) മനുഷ്യന്റെ മൂത്രം, മലം, ഛർദിൽ: ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആൺകുട്ടിയുടെ മൂത്രം ഇതിൽനിന്ന് ഒഴിവാണ്; അതിൽ വെള്ളം തെളിച്ചാൽ മതിയാകും.

عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ، أَنَّهَا أَتَتْ بِابْنٍ لَهَا صَغِيرٍ، لَمْ يَأْكُلِ الطَّعَامَ إِلَى رَسُولِ اللَّهِ صلى الله عليه وسلم، فَأَجْلَسَهُ رَسُولُ اللَّهِ صلى الله عليه وسلم فِي حِجْرِهِ، فَبَالَ عَلَى ثَوْبِهِ، فَدَعَا بِمَاءٍ فَنَضَحَهُ وَلَمْ يَغْسِلْهُ‏.‏

ഉമ്മുക്വയ്‌സ് ബിൻത് മിഹ്‌സ്വനി رَضِيَ اللهُ عنها യിൽ നിന്ന് നിവേദനം: ഭക്ഷണം കഴിച്ചിട്ടില്ലാത്ത ചെറുമകനെയുംകൊണ്ട് അവർ അല്ലാഹുവിന്റെ തിരുദൂതരുടെ അടുക്കലെത്തി. തിരുനബിﷺ കുഞ്ഞിനെ തന്റെ മടിയിലിരുത്തി. കുഞ്ഞ് നബിﷺയുടെ വസ്ത്രത്തിൽ മൂത്രമൊഴിച്ചു. അവിടുന്ന് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും ആ വെള്ളം തളിക്കുകയുമുണ്ടായി. അത് കഴുകിയില്ല. (ബുഖാരി:223)

എന്നാൽ ഭക്ഷണം കഴിക്കുന്ന ആൺകുട്ടിയുടെ മൂത്രവും പെൺകുട്ടിയുടെ മൂത്രവും വലിയവരുടെ മൂത്രത്തെപോലെ കഴുകപ്പെടണം.

(2) മാംസം ഭക്ഷ്യയോഗ്യമായ മൃഗത്തിൽനിന്ന് ഒഴുക്കപ്പെട്ട രക്തം: എന്നാൽ മാംസത്തിലും നാഡിഞരമ്പുകളിലും ശേഷിക്കുന്ന രക്തം ശുദ്ധമാകുന്നു. അല്ലാഹു പറഞ്ഞു:

أَوْ دَمًا مَّسْفُوحًا

അത് ഒഴുക്കപ്പെട്ട രക്തം ആണെങ്കിലൊഴികെ. (ഖുര്‍ആൻ:6/145)

(3) പൂച്ച, എലി, പോലുള്ള; മാംസം ഭക്ഷ്യയോഗ്യമല്ലാത്ത എല്ലാ മൃഗങ്ങളുടെയും കാഷ്ടവും മൂത്രവും.

(4) ശവം: മതപരമായ നിലക്കുള്ള അറവു നടത്താതെ സ്വാഭാവിക മരണത്തിലൂടെ ജീവൻ പോയതാണത്. അല്ലാഹു പറഞ്ഞു:

إِلَّآ أَن يَكُونَ مَيْتَةً

അത് ശവമാണെങ്കിലൊഴികെ. (ഖുര്‍ആൻ:6/145)

മത്സ്യവും വെട്ടുകിളിയും ഒലിക്കുന്ന രക്തമില്ലാത്ത പ്രാണിയും ഇതിൽനിന്ന് ഒഴിവാണ്. കാരണം അത് ശുദ്ധമാണ്.

(5) മദ്‌യ്: വെളുത്തതും നേർത്തതും കൊഴുത്തതുമായ ദ്രാവകമാണത്. രതിചേഷ്ടകളുടെ അവസരത്തിലോ സംഭോഗത്തെക്കുറിച്ച് സ്മരിക്കുമ്പോഴോ സ്രവിക്കുന്നതാണത്. വികാരം ശക്തിപ്രാപിച്ചോ തെറിച്ചുകൊണ്ടോ ആയിരിക്കില്ല അത് സ്രവിക്കുന്നത്. അതിനെ തുടർന്ന് തളർച്ചയുണ്ടാവുകയുമില്ല. ചിലപ്പോൾ അത് പുറപ്പെടുന്നത് അനുഭവപ്പെട്ടുകൊള്ളണമെന്നില്ല.

മദ്‌യ് നജസാകുന്നു. അലിയ്യി(റ)ൽനിന്നുള്ള ഹദീസിൽ തിരുനബിﷺ പറഞ്ഞതായി ഇപ്രകാരമുണ്ട്:

تَوَضَّأْ وَاغْسِلْ ذَكَرَكَ

താങ്കളുടെ ലൈംഗികാവയവം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുക. (ബുഖാരി:269)

അടിയാറുകൾക്കുള്ള ലഘൂകരണമായിക്കൊണ്ടും പ്രയാസം ഒഴിവാക്കിക്കൊണ്ടുമാണ് മദ്‌യ് സ്രവിച്ചാൽ കുളിക്കുവാൻ കൽപിക്കപ്പെടാതിരുന്നത്. കാരണം അത് വരാതെ സൂക്ഷിക്കുകയെന്നത് ശ്രമകരമാണ്.

(6) വദ്‌യ്: ചിലരിൽ മൂത്ര വിസർജനത്തിനു ശേഷം പുറപ്പെടുന്ന കടുത്ത ഒരുതരം വെളുത്ത ദ്രാവകമാണത്. അതുണ്ടായവൻ തന്റെ ജനനേന്ദ്രിയം കഴുകുകയും വുദൂഅ് ചെയ്യുകയും വേണം. കുളിക്കേണ്ടതില്ല.

(7) ആർത്തവ രക്തം:

عَنْ أَسْمَاءَ، قَالَتْ جَاءَتِ امْرَأَةٌ النَّبِيَّ صلى الله عليه وسلم فَقَالَتْ أَرَأَيْتَ إِحْدَانَا تَحِيضُ فِي الثَّوْبِ كَيْفَ تَصْنَعُ قَالَ ‏ “‏ تَحُتُّهُ، ثُمَّ تَقْرُصُهُ بِالْمَاءِ، وَتَنْضَحُهُ وَتُصَلِّي فِيهِ ‏”‏‏.‏

അസ്മാഅ് ബിൻത് അബീബക്‌ര്‍  رَضِيَ اللهُ عنها യിൽ നിന്നും നിവേദനം അവർ പറഞ്ഞു: ഒരു സ്ത്രീ തിരുനബിﷺയുടെ അടുക്കലേക്ക് വന്നുകൊണ്ട് ചോദിച്ചു: ‘ഞങ്ങളിലൊരുവളുടെ വസ്ത്രത്തിൽ ആർത്തവരക്തമാകുന്നു. അവൾ എന്ത് ചെയ്യും?’ തിരുമേനി പ്രതികരിച്ചു: ‘അത് ഉരച്ചു കളയുകയും പിന്നീട് തേച്ചു കഴുകി വെള്ളമൊഴുക്കുകയും ചെയ്യണം. പിന്നീട് അതിൽ നമസ്‌കരിക്കാം. (ബുഖാരി:227)

(8) മൂക്കിലൂടെയും മറ്റും മനുഷ്യനിൽനിന്നു പുറപ്പെടുന്ന മോശമായ രക്തം.

നജസ് ശുദ്ധീകരിക്കുന്ന രീതി

(1) നജസ് മണ്ണിലോ ഒരു സ്ഥലത്തോ ആയാൽ: അത് ശുദ്ധീകരിക്കുവാൻ നജസിനെ നീക്കുന്ന രീതിയിൽ ഒരു തവണ കഴുകിയാൽ മതിയാകും. വെള്ളം ഒരു തവണ അതിൽ ഒഴിക്കുക. പള്ളിയിൽ മൂത്രിച്ച അഅ്‌റാബിയുടെ മൂത്രത്തിൽ വെള്ളം ഒഴിക്കുവാൻ തിരുനബിﷺ കൽപിച്ചിട്ടുണ്ട്.

(2) നജസ് മണ്ണിലല്ലെങ്കിൽ, അഥവാ വസ്ത്രത്തിലോ പാത്രത്തിലോ ആയാൽ: പാത്രത്തിൽ നായ നാവിട്ടാണ് നജസായതെങ്കിൽ പാത്രം ഏഴുതവണ കഴുകണം; അതിൽ ഒരു തവണ മണ്ണു ചേർത്താണ് കഴുകേണ്ടത്. തിരുനബിﷺ പറഞ്ഞു:

إذَا وَلَغَ الْكَلْبُ فِي إنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا، أُولَاهُنَّ بِالتُّرَابِ

നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നായ നാവിട്ടാൽ അത് ശുദ്ധിയാക്കുവാൻ ഏഴുതവണ കഴുകേണ്ടതാണ്. അതിൽ ആദ്യത്തെ തവണ മണ്ണു ചേർത്താണ് കഴുകേണ്ടത്. (മുസ്ലിം)

ഈ വിധി പാത്രമല്ലാത്ത വസ്ത്രം, വിരിപ്പ് പോലുള്ളവയ്ക്കും ബാധകമാണ്.

പന്നി എന്ന നജസ് ഇതര നജസുകളെ പോലെയാണെന്ന അഭിപ്രായമാണ് ശരി. നജസ് പോക്കുന്ന നിലക്ക് ഒരു തവണ കഴുകിയാൽ മതിയാകും. അത് ഏഴു തവണ കഴുകൽ ശർത്വല്ല.

മൂത്രം, കാഷ്ടം, രക്തം പോലുള്ളതാണ് നജസെങ്കിൽ അത് പോകുവോളവും അടയാളം ശേഷിക്കാത്ത വിധേനയും വെള്ളമുപയോഗിച്ച് ഉരച്ചു പിഴിഞ്ഞ് കഴുകണം. അത് ഒരു തവണ കഴുകിയാൽ മതിയാകും.

ശരീരത്തിലും നമസ്‌കരിക്കുന്ന സ്ഥലത്തും വസ്ത്രത്തിലുമുള്ള നജസുകളിൽനിന്ന് ശുദ്ധി വരുത്തുവാൻ ശ്രദ്ധിക്കൽ മുസ്‌ലിമിനു നിർബന്ധമാണ്. കാരണം അത് നമസ്‌കാരം സാധുവാകുവാനുള്ള ശർത്വാണ്.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *