ബര്‍ത്ത് ഡേ ആഘോഷം: ഇസ്‌ലാമിക വിധി

ഒരു കുഞ്ഞ് ജനിച്ചാല്‍ ഒരു വ൪ഷം പൂ൪ത്തിയാകുമ്പോള്‍ അല്ലെങ്കില്‍ എല്ലാ വ൪ഷവും ബ൪ത്ത് ഡേ ആഘോഷിക്കുന്ന പതിവ് ആളുകളില്‍ കണ്ടു വരുന്നുണ്ട്. മുസ്ലിംകളില്‍പെട്ട ചിലരും തങ്ങളുടെ മക്കളുടെയോ സ്വന്തത്തിന്റെയോ ഒക്കെ ബർത്ത് ഡേ ആഘോഷിക്കുന്നതായി കാണാം. അന്നേ ദിവസം കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തുമൊക്കെയാണ് അത് ആഘോഷിക്കുന്നത്. ഇസ്ലാമില്‍ ബ൪ത്ത് ഡേ ആഘോഷത്തിന് എന്തെങ്കിലും മാതൃകയുണ്ടോ?

ദീനുല്‍ ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ്. മുഹമ്മദ് നബിﷺയുടെ കാലത്ത് തന്നെ ദീനുല്‍ ഇസ്‌ലാം പൂ൪ത്തീകരിച്ചിട്ടുണ്ട്. അഥവാ ഇസ്ലാമിക പ്രമാണങ്ങള്‍ സമ്പൂര്‍ണമാണ്. അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുവാനോ അതില്‍ നിന്ന് വല്ലതും വെട്ടിച്ചുരുക്കാനോ ആര്‍ക്കും അധികാരമില്ല.

ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ ﺩِﻳﻨًﺎ ۚ

….  ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു ……(ഖു൪ആന്‍ :5/3)

ഇസ്‌ലാമിനെ മതമായും അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബിﷺയെ പ്രവാചകനായും അംഗീകരിക്കുന്ന ഒരു മുസ്‌ലിം ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുള്ള സംഗതികള്‍ മാത്രമെ ചെയ്യാന്‍ പാടുള്ളൂ. ഒരു മുസ്‌ലിം എന്തെല്ലാം ചെയ്യണം, ചെയ്യാതിരിക്കണമെന്ന് കൃത്യമായി നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

عن عبدالله بن مسعود: قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إنَّهُ ليس شيءٌ يُقَرِّبُكُمْ إلى الجنةِ إلّا قد أَمَرْتُكُمْ بهِ، وليس شيءٌ يُقَرِّبُكُمْ إلى النارِ إِلّا قد نَهَيْتُكُمْ عنهُ

അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു :നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ കല്‍പിക്കാതിരിന്നിട്ടില്ല. നിങ്ങളെ നരകത്തില്‍നിന്ന് അകറ്റുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ വിരോധിക്കാതിരുന്നിട്ടില്ല. (ത്വബ്റാനി – സില്‍സിലത്തുസ്സ്വഹീഹ)

ഇസ്ലാമില്‍ രണ്ടേരണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്.

(ഒന്ന്) ഈദുല്‍ ഫിത്വ്൪ (ചെറിയ പെരുന്നാള്‍) റമദാനിലെ വ്രതാനന്തരം ശവ്വാല്‍ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

(രണ്ട്) ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) ഇബ്രാഹീം നബിയുടേയും(അ) മകന്‍ ഇസ്മാഈല്‍ നബിയുടേയും(അ) ത്യഗസ്മരണയില്‍ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

عَنْ أَنَسٍ، قَالَ قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ ‏”‏ مَا هَذَانِ الْيَوْمَانِ ‏”‏ ‏.‏ قَالُوا كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ ‏”‏ ‏.‏

അനസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ (മദീനയിലേക്ക്) വരുമ്പോള്‍ മദീനക്കാര്‍ക്ക് ജാഹിലിയ്യ കാലഘട്ടത്തില്‍ നിലനിന്നിരുന്ന രണ്ട് ആഘോഷ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നബി ﷺ പറഞ്ഞു: ഞാനിതാ നിങ്ങളിലേക്ക് വന്നപ്പോള്‍ ജാഹിലിയ്യത്തില്‍ നിങ്ങള്‍ ആഘോഷിച്ചിരുന്ന രണ്ട് ആഘോഷ ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതായി (കാണുന്നു). അല്ലാഹു അവ രണ്ടിനെക്കാളും നല്ല രണ്ട് (പെരുന്നാളുകള്‍) നിങ്ങള്‍ക്ക് പകരമായി നല്‍കിയിരിക്കുന്നു. ഈദുല്‍ അള്ഹയും ഈദുല്‍ ഫിത്വറും. (അബൂദാവൂദ് : 1134)

ഈ രണ്ട് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊഴിച്ച് മറ്റൊരു ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുകളില്ല. ബ൪ത്ത് ഡേ ആഘോഷിക്കുന്നതിന് ഇസ്ലാമില്‍ യാതൊരു തെളിവുമില്ലെന്ന് വ്യക്തമാണ്.

പാശ്ചാത്യരില്‍ നിന്ന് കടന്ന് കൂടിയ ഒരു അനാചാരമാണ് ബര്‍ത്ത്‌ഡേ കൊണ്ടാടുകയെന്നത്. ലോകത്തേക്ക് കടന്നുവന്ന ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരില്‍ ആരും തന്നെ മറ്റൊരാളുടെ ജന്മദിനം കൊണ്ടാടിയിട്ടില്ല. മുഹമ്മദ്‌ നബി ﷺ ഇസ്‌ലാമിന്റെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പ്രവാചകന്റെയും ജന്മദിനം അവിടുന്ന് കൊണ്ടാടിയിട്ടില്ല. സ്വഹാബികളോട് പ്രവാചകന്റെ ജന്മദിനംപോലും കൊണ്ടാടുവാന്‍ അവിടുന്ന് കല്‍പിച്ചിട്ടില്ല. തിരുനബിﷺക്ക് അല്ലാഹു ഏഴ് സന്താനങ്ങളെ നല്‍കിയിട്ടുണ്ട്, അതില്‍ ഒരു കുട്ടിയുടെയും ജന്മദിനം അദ്ദേഹം കൊണ്ടാടിയിട്ടില്ല. പിന്നെ നാം എങ്ങിനെയാണ് അല്ലാഹുവില്‍ നിന്നും അനുഗ്രഹമായി ലഭിച്ച സന്താനങ്ങളുടെ ജന്മദിനം കൊണ്ടാടുക? ജന്മദിനത്തോടനുബന്ധിച്ച് മധുരപലഹാരങ്ങളുണ്ടാക്കുകയും, കേക്ക് മുറിക്കുകയും വിതരണം നടത്തുകയും ചെയ്യല്‍ മറ്റുള്ളവരില്‍നിന്ന് കടമെടുത്തതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

ക്രൈസ്തവ ജൂത മതങ്ങളില്‍ നിന്നാണ് ബ൪ത്ത് ഡേ ആഘോഷം കടന്നു വന്നിട്ടുള്ളത്. നാം മറ്റൊരു സമൂഹത്തിന്റെ ആചാരങ്ങള്‍ സ്വീകരിച്ചാല്‍ നാമും അവരില്‍ പെട്ടരാകുമെന്നാണ് നബിവചനം.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا لاَ تَشَبَّهُوا بِالْيَهُودِ وَلاَ بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الإِشَارَةُ بِالأَصَابِعِ وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ

അംറിബ്നു ഷുഐബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നമ്മെ അല്ലാത്തവരെ അനുകരിച്ചവൻ നമ്മിൽ പെട്ടവനല്ല! ജൂതന്മാരെയും കൃസ്ത്യാനികളെയും നിങ്ങൾ അനുകരിക്കരുത്. എന്തെന്നാൽ, ജൂതന്മാരുടെ അഭിവാദനം വിരലുകൾ (ഇളക്കി) കൊണ്ട് ആംഗ്യം കാണിക്കലാണ്.കൃസ്ത്യാനികളുടെ അഭിവാദനമാവട്ടെ കൈപത്തി(ഉയർത്തി കാണിച്ച്) കൊണ്ടുള്ള ആംഗ്യവും. (തി൪മിദി :2695)

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്‌. (അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ആയതിനാല്‍ ജീവിതത്തിന്റെ മുഴൂവന്‍ മേഖലകളിലും കഴിവിന്റെ പരമാവധി ഇസ്‌ലാമിന്റെ നിയമങ്ങള്‍ അനുധാവനം ചെയ്യാന്‍ നാം പരിശ്രമിക്കുക. ഒരു പ്രവാചകനും സ്വന്തത്തിന്റെയോ, മറ്റു പ്രവാചകന്മാരുടെയോ, സ്വന്തം മക്കളുടെയോ, മറ്റുള്ളവരുടെയോ ബര്‍ത്ത്‌ഡേ കൊണ്ടാടിയിട്ടില്ലെങ്കില്‍, ഈ ശരീഅത്ത് അതിന് അനുവാദം നല്‍കുന്നില്ലെങ്കില്‍ സത്യവിശ്വാസികള്‍ ഈ അനാചാരത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. പാശ്ചാത്യ സംസ്‌കാരം വാരിപ്പുണരേണ്ടവരല്ല മുസ്‌ലിംകള്‍. അല്ലാഹു പറയുന്നത് കാണുക:

ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)

ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു: ‘അല്ലാഹു നിന്നെ ഇഷ്ടപ്പെടുകയില്ല. നീ അവന്‍റെ ഹബീബിനെ, പ്രത്യക്ഷത്തിലും, പരോക്ഷത്തിലും പിന്‍പറ്റുകയും, അവിടുത്തെ കല്‍പന അനുസരിക്കുകയും, അവിടുത്തെ സംസാരം സത്യപെടുത്തുകയും ചെയ്തിട്ടല്ലാതെ.’ (മദാരിജുസ്സാലികീന്‍ -3/37)

പ്രവാചക ചര്യ അനുധാവനം ചെയ്യുന്നതിലൂടെ മാത്രമെ അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഖുര്‍ആനും തിരുസുന്നത്തും ഒരു കാര്യം വ്യക്തമാക്കിക്കഴിഞ്ഞാല്‍ അതില്‍ പിന്നെ തര്‍ക്കിക്കുവാനും അതിനോട് എതിരാകുവാനും ഒരു മുസ്‌ലിമിന് പാടില്ല.

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)

ﻓَﻼَ ﻭَﺭَﺑِّﻚَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺣَﺘَّﻰٰ ﻳُﺤَﻜِّﻤُﻮﻙَ ﻓِﻴﻤَﺎ ﺷَﺠَﺮَ ﺑَﻴْﻨَﻬُﻢْ ﺛُﻢَّ ﻻَ ﻳَﺠِﺪُﻭا۟ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻢْ ﺣَﺮَﺟًﺎ ﻣِّﻤَّﺎ ﻗَﻀَﻴْﺖَ ﻭَﻳُﺴَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെകുറിച്ച് (അല്ലെങ്കില്‍ നീ പറഞ്ഞിട്ടുള്ളതിനെകുറിച്ച്) പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍ : 4/65)

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം. (ഖു൪ആന്‍: 4/115)

ഒരോ വര്‍ഷം കഴിയുമ്പോഴും യഥാര്‍ഥത്തില്‍, ആയുസ്സിലെ ഒരു വര്‍ഷം കഴിഞ്ഞുപോയിരിക്കുന്നുവെന്നുള്ളതാണ് വസ്തുത. അഥവാ, മരണത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെ ആഘോഷമല്ല, മരണചിന്ത ഉണ്ടാക്കുകയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുത്ത് സല്‍ക൪മ്മങ്ങളില്‍ നിരതരാകുകയുമാണ് വേണ്ടത്.

ഈ വിഷയത്തിലുള്ള ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്‌വ കാണുക:

ചോദ്യം: മുസ്ലിംകളുടെയിടയിൽ ചില സഹോദരങ്ങൾ സ്വന്തത്തിന്റെയോ തങ്ങളുടെ മക്കളുടെയോ ഒക്കെ ബർത്ത്ഡേ പാർട്ടി നടത്തുന്നത്‌ കണ്ടുവരുന്നു. എന്താണ്‌ ഇപ്രകാരമുള്ള ആഘോഷങ്ങളുടെ മതവിധി ?

ഉത്തരം:  ഇബാദത്തിന്റെ അടിസ്ഥാനപരമായ തത്വം അവ തൗഖീഫിയാണ്‌, അഥവാ അവ മതപരമായ പ്രമാണങ്ങൾ കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടതും വ്യക്തികളുടെ അഭിപ്രായങ്ങളിൽ മാററുവാൻ പാടില്ലാത്തതുമാകുന്നു. ഉദാഹരണത്തിന്‌ അല്ലാഹുവിനെ ആരാധിക്കുന്നതിന്‌ അവന്റെ കൽപ്പനയ്ക്ക്‌ വിരുദ്ധമായ ( നബി ﷺ പഠിപ്പിക്കാത്ത) ഒരു മാർഗ്ഗം പാടുള്ളതല്ല. എന്തെന്നാൽ സ്വഹീഹായ ഒരു ഹദീസിലൂടെ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു. ‘ആരെങ്കിലും നമ്മുടെ ഈ വിഷയത്തിൽ (ദീനിൽ) പുതിയതായി എന്തെങ്കിലും കൊണ്ടുവന്നാൽ അത്‌ തള്ളപ്പെടേണ്ടതാണ്‌.’ മറെറാരു രിവായത്തിൽ ‘നമ്മുടെ ചര്യകളിലില്ലാത്ത ഒരു കർമ്മം ആരെങ്കിലും (മതത്തിൽ) കൊണ്ടുവന്നാൽ അവ തള്ളപ്പെടേണ്ടതാണ്‌’ എന്നും കാണാം. ബ൪ത്ത് ഡേ ആഘോഷം എന്നത്‌ ഒരു ബിദ്‌അത്ത്‌ ആകുന്നു. അത്‌ ആരുടെ പേരിലായാലും അവർ എത്രതന്നെ ഉന്നതരായിരുന്നാലും ശരി, അനുവദനീയമല്ലതന്നെ. സൃഷ്ടികളിൽ ഏററവും ശ്രേഷ്ഠരായവരും പ്രവാചകൻമാരുടെ നേതാവുമായ മുഹമ്മദ്‌ ഇബ്നു അബ്ദുള്ള ﷺ ഒരിക്കലും തങ്ങൾ ജനിച്ച ദിവസം ആഘോഷിച്ചതായോ, തന്റെ ഉമ്മത്തിനോട്‌ (വിശ്വാസിസമൂഹം) ഈ ദിവസം ആഘോഷിക്കുവാൻ കൽപ്പിച്ചതായോ കാണുവാൻ കഴിയില്ല. അപ്രകാരംതന്നെ ഈ ഉമ്മത്തിലെ ഏററവും മുൻപന്തിയിൽ നിൽക്കുന്ന ഖുലഫാഉ റാശിദീങ്ങളോ സ്വഹാബികളോ പ്രവാചകന്റെ ജൻമദിനമോ മററാരുടെയെങ്കിലും ജൻമദിനമോ ആഘോഷിച്ചതായി നമുക്ക്‌ കാണുവാൻ സാധിക്കുകയില്ല. എല്ലാ നൻമയും അവരുടെ മാർഗ്ഗത്തെ പിൻപററുന്നതിലും പ്രവാചകന്റെ അദ്ധ്യാപനങ്ങളുമായി തന്റെ ജീവിതത്തെ ക്രമീകരിക്കുന്നതിലുമാണടങ്ങിയിട്ടുള്ളത്‌. മാത്രവുമല്ല, ഇത്തരം ബിദ്‌അത്തുകൾ ജൂതൻമാരെയും ക്രൈസ്തവരെയും മററു അവിശ്വാസി സമൂഹങ്ങളെയും അവരിലുള്ള ആഘോഷങ്ങളെ അനുകരിക്കുന്നതിലേക്ക്‌ വഴിതെളിക്കുന്നതുമായിരിക്കും. അല്ലാഹുവിലാണ്‌ അഭയം. (ലജ്നത്തുദ്ദാഇമ : ഫത്‌വ നമ്പര്‍ – 2008)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *