വിശുദ്ധ ഖു൪ആനില്‍ മൂന്ന് സ്ഥലത്ത് സുദൃഢമായ കരാറിനെ (ﻣِّﻴﺜَٰﻘًﺎ ﻏَﻠِﻴﻈ) കുറിച്ച് പ്രദിപാദിക്കുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് താഴെ സൂചിപ്പിക്കുന്നു.
(1) വിവാഹ കരാ൪
വിവാഹത്തെ വിശുദ്ധമായ ഒരു കരാറായിട്ടാണ് ഇസ്‌ലാം കാണുന്നത്.ഭാര്യാ ഭ൪ത്താക്കന്‍മാ൪ എക്കാലവും ഒത്തുജീവിക്കാനുള്ള ശാശ്വതമായ ഒരു കരാറാണത്. വിവാഹ കരാറിനെ കുറിച്ച് സുദൃഢമായ കരാര്‍ എന്നാണ് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത്.
ﻭَﻛَﻴْﻒَ ﺗَﺄْﺧُﺬُﻭﻧَﻪُۥ ﻭَﻗَﺪْ ﺃَﻓْﻀَﻰٰ ﺑَﻌْﻀُﻜُﻢْ ﺇِﻟَﻰٰ ﺑَﻌْﺾٍ ﻭَﺃَﺧَﺬْﻥَ ﻣِﻨﻜُﻢ ﻣِّﻴﺜَٰﻘًﺎ ﻏَﻠِﻴﻈًﺎ
നിങ്ങള്‍ അന്യോന്യം ലയിച്ചചേ൪ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്ന് അവര്‍ സുദൃഢമായ ഒരു കരാര്‍ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള്‍ അത് (അവള്‍ക്ക് കൊടുത്ത സ്വത്ത്) എങ്ങനെ വാങ്ങിക്കും? (ഖു൪ആന്‍ :4/21)
عَنْ عُقْبَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : أَحَقُّ مَا أَوْفَيْتُمْ مِنَ الشُّرُوطِ أَنْ تُوفُوا بِهِ مَا اسْتَحْلَلْتُمْ بِهِ الْفُرُوجَ
ഉഖ്ബയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :സ്ത്രീപുരുഷ ബന്ധം നിയമ വിധേയമാക്കാന്‍ നിങ്ങള്‍ ചെയ്ത കരാറാണ് കരാറുകളില്‍ വെച്ച് നിറവേറ്റാന്‍ ഏറ്റവും ബാധ്യതപ്പെട്ടത്. (ബുഖാരി:5151)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثَلاَثٌ جِدُّهُنَّ جِدٌّ وَهَزْلُهُنَّ جِدٌّ النِّكَاحُ وَالطَّلاَقُ وَالرَّجْعَةُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഗൌരവമേറിയതോ നിസ്സാരമായതോ ആയ ച൪ച്ചയിലായാല്‍പോലും ഗൌരവമായി പരിഗണിക്കപ്പെടുന്ന മൂന്ന് കാര്യങ്ങളുണ്ട്. വിവാഹം, ത്വലാഖ്, (ത്വലാഖിനെ തുട൪ന്നുള്ള) ഇദ്ദയിലെ മടക്കം. (തി൪മിദി :1184 / ഹദീസ് ഹസന്‍ ആണെന്ന് അല്‍ബാനി രേഖപ്പെടുത്തി – സ്വഹീഹുല്‍ ജാമിഅ്:3027)
عن فضالة بن عبيد رضي الله عنه قال: قال رسول الله صلى الله عليه وسلم : ثلاث لا يجوز اللعب فيهن: الطلاق والنكاح والعتق
ഫുളാലബ്നു ഉബൈദ(റ) നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങളില്‍ കളിതമാശ അനുവദനീയമല്ല.വിവാഹം, ത്വലാഖ്, അടിമ മോചനം.(ത്വബ്റാനി / ഹദീസ് ഹസന്‍ ആണെന്ന് അല്‍ബാനി രേഖപ്പെടുത്തി – സ്വഹീഹുല്‍ ജാമിഅ്:3047)
ഇമാം ഖതാദ: (റ) ഈ ആയത്തിന്റെ തഫ്‌സീറിൽ ﻣِّﻴﺜَٰﻘًﺎ ﻏَﻠِﻴﻈ നെ വിശദീകരിച്ച് ഇപ്രകാരവും പറഞ്ഞിട്ടുണ്ട്:
إمساك بمعروف أو تسريح بإحسان
(മീഥാഖൻ ഗലീദാ എന്നാൽ) ഒന്നുകിൽ (ഭാര്യയായി നിലനിർത്തുമ്പോൾ അല്ലാഹു പഠിപ്പിച്ച) ഏറ്റവും നല്ല സഹവർത്തിത്വത്തോടെ കൂടെ നിർത്തുക. അല്ലെങ്കിൽ (ഭാര്യയായി നിലനിർത്താൻ പറ്റുന്നില്ലെങ്കിൽ) ഏറ്റവും നല്ല രൂപത്തിൽ ഇഹ്‌സാനോടെയും പ്രയാസപ്പെടുത്താതെയും അവരെ പറഞ്ഞയയ്ക്കുക. (തഫ്സീർ ത്വബ്‌രീ)
(2)അല്ലാഹു ബനൂഇസ്റാഈലുകാരില്‍ നിന്നും വാങ്ങിയ കരാ൪
ഇസ്‌റാഈല്യര്‍ തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തുകയും അതിനെ അഗണ്യമാക്കുകയും ചെയ്തപ്പോള്‍ തൗറാത്തിനെ മുറുകെ പിടിക്കണമെന്നും, അതിലെ വിധിവിലക്കുകള്‍ ശരിക്ക് പാലിക്കണമെന്നും അവരോട് അല്ലാഹു കല്‍പ്പിക്കുകയും അങ്ങിനെചെയ്തുകൊള്ളാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. അവരുടെ ഈ കരാറിനെ കുറിച്ച് സുദൃഢമായ കരാര്‍ എന്നാണ് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത്.
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَٰقِهِمْ وَقُلْنَا لَهُمُ ٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا۟ فِى ٱلسَّبْتِ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًا
അവരോട് കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക് മീതെ പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്തു. നിങ്ങള്‍ (പട്ടണ) വാതില്‍ കടക്കുന്നത് തലകുനിച്ച് കൊണ്ടാകണം എന്ന് നാം അവരോട് പറയുകയും ചെയ്തു. നിങ്ങള്‍ ശബ്ബത്ത് നാളില്‍ അതിക്രമം കാണിക്കരുത് എന്നും നാം അവരോട് പറഞ്ഞു. സുദൃഢമായ ഒരു കരാര്‍ നാമവരോട് വാങ്ങുകയും ചെയ്തു. (ഖു൪ആന്‍ :4/154)
ഈ ആയത്തില്‍ പരാമ൪ശിച്ച, അല്ലാഹു ബനൂഇസ്റാഈലുകാരില്‍ നിന്നും വാങ്ങിയ സുദൃഢമായ കരാറിനെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ മറ്റൊരു സ്ഥലത്ത് പ്രതിപാദിച്ചിട്ടുള്ളത് കാണുക:
وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ
നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയത് ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു).(ഖു൪ആന്‍ :2/63)
ഇസ്‌റാഈല്യര്‍ അല്ലാഹുവിലും മൂസാ നബി(അ)യിലും വിശ്വസിച്ചിരിക്കുന്നത് കൊണ്ട് തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അതില്‍ അവര്‍ വീഴ്ചവരുത്തുകയും അതിനെ അഗണ്യമാക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് അല്ലാഹു കാണിച്ചുകൊടുത്ത ഒരു ദൃഷ്ടാന്തമാണ് പര്‍വ്വതം ഉയര്‍ത്തല്‍. തങ്ങളുടെ മേല്‍ അത് വീണേക്കുമോ എന്ന് അവര്‍ ഭയപ്പെട്ടു. ഈ അവസരത്തില്‍ തൗറാത്തിനെ മുറുകെ പിടിക്കണമെന്നും, അതിലെ വിധിവിലക്കുകള്‍ ശരിക്ക് പാലിക്കണമെന്നും അവരോട് അല്ലാഹു കല്‍പിച്ചു. അങ്ങിനെചെയ്തുകൊള്ളാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/63 ന്റെ വിശദീകരണം)
(3)പ്രവാചകന്‍മാരില്‍ നിന്ന് അല്ലാഹു വാങ്ങിയ കരാ൪
وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًا
പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്.) നിന്‍റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) സുദൃഢമായ ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്. (ഖു൪ആന്‍ :33/7)
പ്രവാചകന്‍മാരില്‍ നിന്നും അല്ലാഹു വാങ്ങിയ സുദൃഢമായ കരാറിനെ കുറിച്ചു ഇവിടെ വിശദീകരിച്ചിട്ടില്ലെങ്കിലും, മറ്റ് സ്ഥലങ്ങളില്‍ അതിനെ കുറിച്ച് സൂചനയുണ്ട്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഫസ്വിറുകള്‍ പറഞ്ഞു:
واذكر -أيها النبي- حين أخذنا من النبيين العهد المؤكد بتبليغ الرسالة، وأخذنا الميثاق منك ومن نوح وإبراهيم وموسى وعيسى ابن مريم (وهم أولو العزم من الرسل على المشهور)، وأخذنا منهم عهدًا مؤكدًا بتبليغ الرسالة وأداء الأمانة، وأن يُصَدِّق بعضهم بعضًا.
പ്രവാചകന്‍മാരെ ഓ൪ക്കുക : പ്രവാചകന്‍മാരില്‍ നിന്ന് നാം ‘രിസാലത്ത് പ്രബോധനം ചെയ്യുകയെന്ന’ ശക്തമായ കരാറുകള്‍ വാങ്ങിയിരിക്കുന്നു. നാം താങ്കളില്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരിക്കുന്നു. രിസാലത്ത് പ്രബോധനം ചെയ്യുക, അമാനത്ത് നിറവേറ്റുക, പരസ്പരം സത്യപ്പെടുത്തുക എന്നീ കരാറുകളാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയിരിക്കുന്നത്. (തഫ്സീറുല്‍ മുയസ്സ൪)
ഈ വചനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞ അതേ അഞ്ച് പ്രവാചകന്‍മാരോട് കല്പിച്ച വസിയ്യത്തായിക്കൊണ്ട് വിശുദ്ധ ഖു൪ആന്‍ മറ്റൊരു സ്ഥലത്ത് പ്രതിപാദിച്ചിട്ടുള്ളത് കാണുക:
شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ
നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം – നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. (ഖു൪ആന്‍ :42/13)
തൗഹീദിൽ അധിഷ്ഠിതമായ ഇസ്ലാം മതം പ്രബോധനം ചെയ്യുവാനും, അതിൽ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കാതെ നിലനിറുത്തുവാനും തന്നെയാണ് എല്ലാവരോടും കൽപിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ സ്വയം അംഗീകരിക്കുകയും അത് മറ്റുള്ളവ൪ക്ക് എത്തിക്കുകയും അത് അനുസരിക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയും അവ പ്രാവര്‍ത്തികമാക്കുന്നതില്‍ ഒരു വീഴ്ചയും വരുത്താതിരിക്കുകയും ചെയ്യണമെന്ന് അല്ലാഹു പ്രവാചകന്‍മാരില്‍ കരാ൪ വാങ്ങിയിട്ടുണ്ട്.
പ്രവാചകന്‍മാരില്‍ നിന്നും അല്ലാഹു വാങ്ങിയ സുദൃഢമായ കരാറിനെ കുറിച്ച് സൂചന നല്‍കുന്ന മറ്റൊരു വചനം കാണുക:
وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّۦنَ لَمَآ ءَاتَيْتُكُم مِّن كِتَٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّٰهِدِينَ
അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്. (ഖു൪ആന്‍ :3/81)
അല്ലാഹുവിങ്കല്‍ നിന്ന് വേദഗ്രന്ഥവും, വിജ്ഞാനബോധനങ്ങളും ലഭിച്ചിട്ടുള്ള ഏതൊരു പ്രവാചകനും തന്നെ, അദ്ദേഹത്തിന് ലഭിച്ച മാര്‍ഗദര്‍ശനങ്ങളെയും തത്വസിദ്ധാന്തങ്ങളെയും ശരിവെച്ച് കൊണ്ട് പിന്നീട് വേറൊരു റസൂല്‍ വരുന്ന പക്ഷം, ആ റസൂലില്‍ വിശ്വസിക്കലും, അദ്ദേഹത്തിന്‍റെ പ്രബോധനത്തില്‍ അദ്ദേഹത്തിന് സഹായ സഹകരണം നല്‍കലും നിര്‍ബ്ബന്ധമാകുന്നു. എല്ലാ റസൂലുകളുടെയും മൗലികമായ ദൗത്യ സിദ്ധാന്തങ്ങള്‍ ഒന്നായിരിക്കുന്നതുകൊണ്ട് ഒരാളുടെ ദൗത്യം മറ്റെയാളുടേതിനോട് ഒരിക്കലും എതിരായിരിക്കുകയില്ലല്ലോ. ഇപ്രകാരം ചെയ്തുകൊള്ളാമെന്ന് എല്ലാ പ്രവാചകന്മാരോടും അല്ലാഹു ഉറപ്പുമേടിക്കുകയും. എല്ലാവരും അത് തങ്ങളുടെ ബാധ്യതയായി ഏറ്റ് പറഞ്ഞ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/81 ന്റെ വിശദീകരണം)
നബി ﷺ അന്തിമ പ്രവാചകനാകയാല്‍ അദ്ദേഹത്തിന്റെ കാലത്തോ അതിനുശേഷമോ വേറൊരു റസൂല്‍ വരുവാനില്ലാത്തതുകൊണ്ട് ഈ ബാധ്യതയില്‍ നിന്ന് അദ്ദേഹം സ്വാഭാവികമായും ഒഴിവാകുന്നു. ഈ കരാറിന്‍റെ അടിസ്ഥാനത്തിലാണ് ‘മൂസാ (അ) നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന് എന്നെ പിന്‍പറ്റുകയല്ലാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല’ എന്ന് നബി ﷺ പറഞ്ഞിട്ടുള്ളത്.
عَنْ جَابِرٍ عَنِ النَّبِيِّ -ﷺ- قَالَ: لَقَدْ جِئْتُكُمْ بِهَا بَيْضَاءَ نَقِيَّةً وَلَوْ كَانَ مُوسَى حَيًّا مَا وَسِعَهُ إِلَّا اتِّبَاعِي
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നു തന്നിരിക്കുന്ന (ഈ ദീന്‍) പ്രകാശപൂരിതവും പരിശുദ്ധവുമാണ്. മൂസ عَلَيْهِ السَّلَامُ (ഇപ്പോള്‍) ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് എന്നെ പിന്‍പറ്റുകയല്ലാതെ മറ്റു മാര്‍ഗമുണ്ടാവില്ലായിരുന്നു. (അഹ്മദ്)
kanzululoom.com