റബീഅയുടെ സംഭവം നബി ﷺ യോട് തേടാൻ തെളിവോ?

അല്ലാഹുവിനോട് ചോദിക്കുന്ന എല്ലാ കാര്യങ്ങളും മുഹമ്മദ് നബി ﷺ യോടും ചോദിക്കാം എന്നതിന് തെളിവായി ചില പുരോഹിതൻമാര്‍ കൊണ്ടുവരുന്ന തെളിവാണ് റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍ അസ്‌ലമി رضى الله عنه നബി ﷺ യോട് സ്വർഗ്ഗം ചോദിച്ചിട്ടുണ്ട് എന്ന് പറയുന്ന സംഭവം. ഇത് തെറ്റായ വാദവും ദുര്‍വ്യാഖ്യാനവുമാണ്. ഇതിനെ കുറിച്ചാണ് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

ആദ്യമായി ഇമാം മുസ്‌ലിം رحمه الله ഉദ്ധരിച്ച പ്രസ്തുത  ഹദീസ് കാണുക:

عَنْ رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ‏”‏ سَلْ ‏”‏ ‏.‏ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ ‏.‏ قَالَ ‏”‏ أَوَغَيْرَ ذَلِكَ ‏”‏ ‏.‏ قُلْتُ هُوَ ذَاكَ ‏.‏ قَالَ ‏”‏ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍ അസ്‌ലമി رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ഞാനൊരിക്കല്‍ രാത്രി നബി ﷺ യുടെ കൂടെ കഴിച്ചുകൂട്ടുകയായിരുന്നു. അപ്പോള്‍ നബി ﷺ ക്ക് അംഗശുദ്ധി വരുത്താനാവശ്യമായ വെള്ളം കൊണ്ടുവന്ന് നല്‍കിയപ്പോള്‍ അവിടുന്ന്എന്നോട് പറഞ്ഞു: ‘താങ്കള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ എന്നോട് ചോദിക്കുക.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അതല്ലാതെ മറ്റുവല്ലതുമുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എനിക്കതുമതി.’ അപ്പോള്‍ നബി ﷺ പറഞ്ഞു: എങ്കില്‍ സുജൂദുകള്‍ അധികരിപ്പിച്ചുകൊണ്ട് താങ്കള്‍ എന്നെ ആ വിഷയത്തില്‍ സഹായിക്കുക. (മുസ്‌ലിം: 489)

ഇവിടെ റബീഅ رضى الله عنه  നബി ﷺ യോട് നേരിട്ട് സ്വർഗ്ഗം ചോദിക്കുകയും അവിടുന്നത് നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്‌തില്ലേ? അപ്പോൾ പിന്നെ നബി ﷺ യോട് നമുക്ക് ചോദിച്ചു കൂടെ? എന്നൊക്കെയാണ് പുരോഹിതൻമാരുടെ ന്യായീകരണം.

യഥാർത്ഥത്തിൽ വലിയൊരു തെറ്റിദ്ധരിപ്പിക്കലാണ് ഇവിടെ നടത്തിയിട്ടുള്ളത്.മുഹമ്മദ് നബി ﷺ ക്ക് സ്വർഗ്ഗം നൽകാനോ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനോ കഴിയുന്ന കാര്യമല്ല.

عَنْ أَبِي هُرَيْرَةَ، قَالَ لَمَّا أُنْزِلَتْ هَذِهِ الآيَةُ ‏{‏ وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ‏}‏ دَعَا رَسُولُ اللَّهِ صلى الله عليه وسلم قُرَيْشًا فَاجْتَمَعُوا فَعَمَّ وَخَصَّ فَقَالَ : يَا بَنِي كَعْبِ بْنِ لُؤَىٍّ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي مُرَّةَ بْنِ كَعْبٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي عَبْدِ شَمْسٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي عَبْدِ مَنَافٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي هَاشِمٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي عَبْدِ الْمُطَّلِبِ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا فَاطِمَةُ أَنْقِذِي نَفْسَكِ مِنَ النَّارِ فَإِنِّي لاَ أَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا غَيْرَ أَنَّ لَكُمْ رَحِمًا سَأَبُلُّهَا بِبَلاَلِهَا

അബൂഹുറൈറ رضى الله عنه വിൽ നിന്ന് നിവേദനം: ﻭَﺃَﻧﺬِﺭْ ﻋَﺸِﻴﺮَﺗَﻚَ ٱﻷَْﻗْﺮَﺑِﻴﻦَ (നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക – ഖു൪ആന്‍ : 26/214) എന്ന ആയത്ത് അവതരിച്ചപ്പോൾ നബി ﷺ ഖുറൈശികളെ വിളിച്ചുവരുത്തി. അവരെല്ലാം ഒരിടത്ത് സമ്മേളിച്ചപ്പോൾ അവരെ പൊതുവിലും ചിലരെ പ്രത്യേകിച്ചും അഭിസംബോധന ചെയ്തു. ബനൂ അബ്ദുശംസേ, ബനൂ കഅ്ബേ, നരകാഗ്നിയിൽ നിന്ന് നിങ്ങൾ സ്വയം രക്ഷിക്കുക. ബനൂ അബ്ദിമനാഫേ, നരകാഗ്നിയിൽ നിന്ന് നിങ്ങൾ സ്വയം രക്ഷിക്കുക. ബനൂഹാശിമേ, നിങ്ങൾ നരകാഗ്നിയിൽ നിന്ന് സ്വയം രക്ഷിക്കുക. ബനൂഅബ്ദിൽ മുത്തലിബേ, നരകത്തെതൊട്ട് നിങ്ങൾ തന്നെ കാക്കുക. ഫാത്തിമ, നിന്നെ നരകത്തെതൊട്ട് നീ കാത്തുകൊള്ളുക. അല്ലാഹുവിൽ നിന്നുള്ള യാതൊന്നും നിങ്ങൾക്കു വേണ്ടി തടയാൻ എനിക്ക് കഴിവില്ല. പക്ഷേ നിങ്ങളുമായി എനിക്ക് കുടുംബന്ധമുണ്ട്. അതു ഞാൻ നിലനിർത്തും. (മുസ്ലിം:204)

أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ

അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ? (ഖു൪ആന്‍:39/19)

അപ്പോൾ മേൽപറഞ്ഞ ഹദീസിന്റെ ശരിയായ അർത്ഥം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇമാം മുസ്‌ലിം رحمه الله യുടെ രിവായത്ത് ആ ഹദീസിന്റെ സംക്ഷിപ്ത രൂപമാണെന്നാണ് ഇമാം ഹാഫിള് അൽ മുൻദിരി رحمه الله പറഞ്ഞിട്ടുള്ളത്.

യഥാർത്ഥത്തിൽ റബീഅ رضى الله عنه നബി ﷺ യോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണുണ്ടായതെന്ന് ഇതേ ഹദീസിന്റെ മറ്റൊരു രിവായത്തിൽ കാണാവുന്നതാണ്.

عن ربيعة بن كعب الأسلمي رضي الله عنه قال : كنت أخدم رسول الله صلى الله عليه وسلم وأقوم له في حوائجه نهاري أجمع، حتى يصلي رسول الله صلى الله عليه وسلم العشاء الآخرة، فأجلس ببابه إذا دخل بيته أقول لعلها أن تحدث لرسول الله صلى الله عليه وسلم حاجة، فما أزال أسمعه يقول: سبحان الله، سبحان الله، سبحان الله وبحمده، حتى أملَّ فأرجع، أو تغلبني عيني فأرقد، قال: فقال لي يوماً ـ لما يرى من خفتي وخدمتي إياه ـ: سَلْنِي يا ربيعة أُعْطِك، قال: فقلت: أنظر في أمري يا رسول الله ثم أُعْلِمَك ذلك، قال: ففكرت في نفسي، فعرفت أن الدنيا منقطعة زائلة، وأن لي فيها رزقا سيكفيني ويأتيني، قال: فقلت: أسأل رسول الله صلى الله عليه وسلم لآخرتي، فإنه مِن الله عز وجل بالمنزل الذي هو به، قال: فجئت فقال: ما فعلتَ يا ربيعة؟! قال: فقلت: نعم يا رسول الله، أسألك أن تشفع لي إلى ربك فيعتقني من النار، قال: فقال: من أمرك بهذا يا ربيعة؟ قال: فقلت: لا والله الذي بعثك بالحق، ما أمرني به أحد، ولكنك لما قلت: سلني أعطك، وكنتَ من الله بالمنزل الذي أنت به، نظرت في أمري وعرفت أن الدنيا منقطعة وزائلة، وأن لي فيها رزقا سيأتيني، فقلت: أسال رسول الله صلى الله عليه وسلم لآخرتي، قال: فصمت رسول الله صلى الله عليه وسلم طويلاً ثم قال لي: إني فاعل، فأعني على نفسك بكثرة السجود).

റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍ അസ്‌ലമി رضى الله عنه വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ  ക്ക് പകൽ മുഴുവനും സേവനം ചെയ്യാറുണ്ട്. രാത്രിയായാൽ ഞാൻ നബി ﷺ യുടെ വാതിലിന്റെ അടുത്ത് തന്നെ കിടക്കും. അപ്പോൾ അവിടുന്ന്  سبحان الله، سبحان الله، سبحان الله وبحمده   എന്നിങ്ങനെ  ദിക്ർ ചൊല്ലുന്നത് ഞാൻ കേട്ടുകൊണ്ടേയിരുന്നു. അങ്ങനെ ഉറക്കമൊഴിച്ച് എനിക്ക് മടുപ്പ് വരുകയും ഉറക്കം എന്നെ കിഴടക്കുകയും ചെയ്യുമ്പോൾ ഞാൻ ഉറങ്ങും. അങ്ങിനെയിരിക്കെ ഒരു ദിവസം നബി ﷺ എന്നോട് പറഞ്ഞു: റബീഅ, നീ എന്നോട് ചോദിച്ചുകൊള്ളുക. ഞാൻ നിനക്കത് നൽകാം. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്കൊന്ന് ചിന്തിക്കാനുള്ള സാവകാശം നൽകണം. അങ്ങിനെ ഞാൻ ചിന്തിക്കുകയും ദുനിയാവ് നശിക്കാനുള്ളതും മുറിഞ്ഞു പോകാനുള്ളതുമാണെന്നും ഞാൻ മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്നെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുവാനും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാനും വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കണമെന്നാണ് ഞാൻ താങ്കളോട് ചോദിക്കുന്നത്. അപ്പോൾ നബി ﷺ കുറച്ച് നേരം മൗനം പാലിച്ചതിന് ശേഷം പറഞ്ഞു: ഇങ്ങനെ ചോദിക്കുവാൻ നിന്നോട് ആരാണ് കൽപ്പിച്ചത്? ഞാൻ പറഞ്ഞു: ആരും എന്നോട് കൽപ്പിച്ചതല്ല. മറിച്ച് ദുനിയാവ് നശിക്കുന്നതും മുറിഞ്ഞു പോകുന്നതുമാണെന്ന് ഞാൻ മനസ്സിലാക്കി. താങ്കൾ അല്ലാഹുമായി അടുത്ത സ്ഥാനത്തായതിനാലും താങ്കൾ എനിക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടു. എങ്കിൽ ഞാൻ അങ്ങിനെ ചെയ്യാമെന്ന് നബി ﷺ പ്രതികരിച്ചു. ധാരാളം സൂജൂദുകൾ വർദ്ധിപ്പിച്ച് കൊണ്ട് (നമസ്കാരം വർദ്ധിപ്പിച്ച്) നിന്റെ കാര്യത്തിൽ നീ എന്നെ സഹായിക്കണം. (അഹ്മദ്, നസാഇ-അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഇതാണ് ഹദീസിന്റെ വിശദമായ രൂപം. അപ്പോൾ ഒരു ഹദീസ് ഒരു സ്ഥലത്ത് സംക്ഷിപ്ത രൂപത്തിൽ വന്നാൽ അതിന്റെ വിശദമായ രൂപം കൂടി പരിഗണിച്ചിട്ടാണ് ഹദീസിന്റെ ആശയം മനസ്സിലാക്കേണ്ടതെന്ന് പൊതുവെ അറിയപ്പെട്ട കാര്യമാണ്.

قال النووي رحمه الله: {فأعني على نفسك بكثرة السجود}:فيه الحث على كثرة السجود والترغيب، والمراد به السجود في الصلاة”

ഇമാം നവവി رحمه الله പറയുന്നു:{സുജൂദുകള്‍ അധികരിപ്പിച്ചുകൊണ്ട് താങ്കള്‍ എന്നെ ആ വിഷയത്തില്‍ സഹായിക്കുക} സുജൂദ് വർദ്ധിപ്പിക്കാനുള്ള പ്രേരണ ഈ ഹദീസിലുണ്ട്. സുജൂദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സുജൂദുള്ള നമസ്ക്കാരമാകുന്നു.

ഈ ഹദീസിൽ നബി ﷺ യോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതാണ് റബീഅ رضى الله عنه. എന്നെ സ്വർഗ്ഗത്തിലാക്കണം എന്നല്ല, സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ വേണ്ടി താങ്കൾ അല്ലാഹുവോട് തേടണമെന്നാണ് അദ്ദേഹം നബി ﷺ യോട് ചോദിച്ചത്.

ഇബ്റാഹീം നബി عليه السلام യെ വിളിച്ച് പ്രാർത്ഥിച്ചിരുന്ന മക്കാ മുശ്‌രിക്കുകളും, ഉസൈർ നബി عليه السلام യെ വിളിച്ച് പ്രാർത്ഥിക്കുന്ന യഹൂദൻമാരും, ഈസാ നബി عليه السلام  യെ വിളിച്ച് പ്രാർത്ഥിക്കുന്ന നസ്വാറാക്കളും ചെയ്യുന്നത് ശിർക്കാണെങ്കിൽ, മുസ്ലിം സമുദായത്തിലെ ആരെങ്കിലും മുഹമ്മദ് നബി ﷺ യെ വിളിച്ചു തേടുന്നതും ശിര്‍ക്കാണ്.

 

നബി ﷺ യോട് സഹായം തേടാമോ?

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *