ചന്ദ്രൻ പിളര്‍ന്നില്ലെന്നോ?

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ‎﴿١﴾‏ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ‎﴿٢﴾‏

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. (ഖു൪ആന്‍:54/1-2)

അന്ത്യസമയത്തിന്‍റെ സംഭവ്യതയും, ആസന്നതയും തെളിയിക്കുന്ന ഒരു പ്രത്യക്ഷ ദൃഷ്ടാന്തവും ഒരു അസാധാരണ സംഭവവുമായിരുന്നു നബി ﷺ യുടെ കാലത്ത് ചന്ദ്രന്‍ പിളര്‍ന്ന സംഭവം. നബി ﷺ യുടെ സത്യതക്ക് അതു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അതു കണ്ണില്‍ കണ്ടിട്ടുപോലും സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുശ്രിക്കുകള്‍ കൂട്ടാക്കിയില്ല. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലവിദ്യയാണെന്നു വിധി കല്‍പിച്ച് ഒഴിഞ്ഞുമാറുന്ന അവരുടെ ആ പഴയ പതിവ് ഇവിടെയും ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്.

ഇന്ന് ഈ സംഭവത്തെ നിഷേധിക്കുന്നവര്‍ മുസ്ലിം സമുദായത്തിനകത്ത് തന്നെയുണ്ട്. ഇത്തരം ദൈവികദൃഷ്ടാന്തങ്ങളെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇത്തരക്കാര്‍ കളവാക്കുന്നത്. അത് ഖിയമാത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്ന ഒന്നാണെന്നൊക്കെ അവര്‍ ദുര്‍വ്യാഖ്യാനിക്കുന്നു. ഇത്തരം ആളുകളുടെ വാദങ്ങൾക്ക് മുഹമ്മദ് അമാനി മൗലവി رحمه الله അദ്ധേഹത്തിന്റെ ഖുര്‍ആൻ വിശദീകരണ ഗ്രന്ഥത്തിൽ നൽകുന്ന മറുപടി കാണുക:

ഹിജ്റയുടെ ഏതാണ്ട് അഞ്ച് കൊല്ലം മുമ്പാണ് ചന്ദ്രന്‍ പിളര്‍ന്ന സംഭവം ഉണ്ടായത്. ബുഖാരി, മുസ്‌ലിം, അഹ്മദ്, ഹാകിം, അബൂദാവൂദ്, ബൈഹഖി, തിര്‍മദി, ഇബ്നുജരീര്‍ (رحمهم الله) മുതലായ ഹദീസുപണ്ഡിതന്മാരെല്ലാം വിവധമാര്‍ഗങ്ങളില്‍ കൂടി പ്രസ്തുത സംഭവം ഉദ്ധരിച്ചിരിക്കുന്നു. അലി, ഇബ്നുമസ്ഊദ്, അനസ്, ഇബ്നുഉമര്‍, ഇബ്നുഅബ്ബാസ്‌, ഹുദൈഫ, ജുറൈറുബ്നു മുത്വീം (رضي الله عنهم) മുതലായ സഹാബികളില്‍ നിന്നു അത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ – ഇബ്നുകഥീര്‍  رحمه الله  പ്രസ്താവിച്ചതു പോലെ – നബി ﷺ യുടെ കാലത്തു ചന്ദ്രന്‍ പിളര്‍ന്ന സംഭവം പ്രബലമായ നിരവധി ഹദീസുകളാല്‍ സ്ഥാപിതമായതും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസുപണ്ഡിതന്മാരും ഭിന്നാഭിപ്രായം കൂടാതെ സ്ഥിരപ്പെടുത്തിയിട്ടുള്ളതുമാകുന്നു. നബി ﷺ യുടെ കാലത്തു ഒരു രാത്രിയില്‍ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു മലയുടെ ഇരുഭാഗത്തുമായി കാണുകയുണ്ടായെന്നും, അതുകണ്ട മക്കാമുശ്രിക്കുകള്‍ അത് മുഹമ്മദിന്‍റെ ജാലവിദ്യയാണെന്നു പറഞ്ഞുവെന്നുമാണ് ഹദീസുകളുടെ രത്നച്ചുരുക്കം. ചില ഹദീസുകളില്‍ പലഭാഗത്തുനിന്നും വന്ന യാത്രക്കാരും അതു തങ്ങള്‍ കണ്ടതായി പ്രസ്താവിച്ചുവെന്നും കൂടി വന്നിട്ടുണ്ട്.

ഭൗതികവാദികളും തത്വശാസ്ത്രത്തിന്‍റെ അനുയായികളും ഇത്തരം സംഭവങ്ങളെ നിഷേധിക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍, മുസ്ലിംകളില്‍ ചുരുക്കം ചില ആളുകളും അവരെ അനുകരിച്ചുകാണുന്നതു അത്ഭുതമത്രെ. ഈ വചനത്തില്‍ ചന്ദ്രന്‍ പിളര്‍ന്നു (وَانشَقَّ الْقَمَرُ ) എന്നു ഭൂതകാലരൂപത്തിലാണ് പറഞ്ഞിട്ടുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ഭാവിയില്‍ വരാനിരിക്കുന്ന – അഥവാ ലോകവസാന ഘട്ടത്തിലെ സംഭവവികാസങ്ങളില്‍പെട്ട – ഒരു സംഭവത്തെയാണ് കുറിക്കുന്നതു എന്നത്രെ അവരുടെ വാദം. ഭാവികാര്യങ്ങളെക്കുറിച്ചു ഖുര്‍ആന്‍ ചിലപ്പോള്‍ ഭൂതകാലക്രിയ പ്രയോഗിക്കാറുണ്ടല്ലോ. അക്കൂട്ടത്തില്‍ ഒന്നാണ് ഈ വാക്യവും എന്നു അവര്‍ പറയുന്നു. പക്ഷേ, ഇവിടെ ചില സംഗതികള്‍ ഓര്‍ക്കേണ്ടതുണ്ട്. ഈ വാക്യത്തിന്‍റെ തൊട്ടുമുമ്പുള്ള വാക്യം اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തു വന്നിരിക്കുന്നു) എന്നാണല്ലോ. ഈ ക്രിയ – അക്ഷരത്തിലും അര്‍ത്ഥത്തിലും – ഭൂതകാലത്തെ തന്നെ കുറിക്കുന്നതാണ്. ഇതില്‍ തര്‍ക്കമുണ്ടായിരിക്കയില്ല. ആ നിലക്ക് അതോട് ചേര്‍ത്തു പറയപ്പെട്ട ഈ ക്രിയയും അക്ഷരത്തിലെന്നപോലെ അര്‍ത്ഥത്തിലും ഭൂതകാലത്തെ കുറിക്കുന്നതാകുവാനാണ് കൂടുതല്‍ സാധ്യതയുള്ളത്. മാത്രമല്ല ഒരു ക്രിയാരൂപത്തിന്‍റെ സാക്ഷാല്‍ അര്‍ത്ഥം നല്‍കുന്നതിനു വല്ല തടസ്സവും ഉള്ളപ്പോള്‍ മാത്രമേ അതിനു മറ്റൊരു അര്‍ത്ഥം കല്‍പ്പിക്കുവാന്‍ പാടുള്ളുവെന്ന് പരക്കെ അറിയപ്പെടുന്ന ഒരു പൊതു നിയമവുമാകുന്നു. ഇവിടെയാകട്ടെ, അങ്ങനെയൊരു തടസ്സമില്ലെന്നു മാത്രമല്ല, ഭൂതകാലാര്‍ത്ഥം തന്നെ ആ ക്രിയക്ക് നല്‍കേണ്ടതാണെന്നു കാണിക്കുന്ന മതിയായ തെളിവുകളും ഉണ്ട്.

അന്ത്യസമയം അടുത്തുവന്നിരിക്കുന്നുവെന്നുള്ളതിനു ഒരു ദൃഷ്ടാന്തമായിക്കൊണ്ടാണ് ചന്ദ്രന്‍റെ പിളര്‍പ്പിനെപറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. വല്ല ദൃഷ്ടാന്തവും കണ്ടാല്‍ അതു ജാലമാണെന്നു പറഞ്ഞു തിരിഞ്ഞുകളയലും വ്യാജമാക്കലും അവരുടെ പതിവാണ്. {وَإِن يَرَوْا آيَةً يُعْرِضُوا الح} എന്ന് അടുത്ത ആയത്തിൽ പറയുന്നതും അതുകൊണ്ടാണ്. അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന ഒരു സംഭവമാണ് ഈ സംഭവമെങ്കില്‍, ഈ പ്രസ്താവനക്കു ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. കാരണം, ഖിയമാത്തുനാളില്‍ ചന്ദ്രന്‍ പിളരുകപോലെയുള്ള സംഭവങ്ങള്‍ കാണുമ്പോള്‍ അതു ജാലവിദ്യയാണെന്നു പറഞ്ഞു തള്ളിക്കളയുവാനോ, വ്യാജമാക്കി ദേഹേച്ഛകളെ പിന്‍തുടരുവാനോ മനുഷ്യന്‍ ധൈര്യപ്പെടുമോ? അങ്ങിനെ വല്ലവരും കരുതുന്നുവെങ്കില്‍ അതില്‍പരം മൗഢ്യം മറ്റെന്താണ് ? അല്ലാഹു പറയുന്നു:

إِذَا وَقَعَتِ ٱلْوَاقِعَةُ ‎﴿١﴾‏ لَيْسَ لِوَقْعَتِهَا كَاذِبَةٌ ‎﴿٢﴾

ആ സംഭവം സംഭവിച്ചാല്‍ അതിന്‍റെ സംഭവ്യതയെ കളവാക്കുന്ന ഒന്നും തന്നെയില്ല. (ഖു൪ആന്‍:56/1-2)

മറ്റൊരു സംഗതി : اية (ആയത്ത്) എന്ന പദത്തിനു ‘ദൃഷ്ടാന്തം, തെളിവ്, അടയാളം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഖുര്‍ആനില്‍ ഈ വാക്കു പല ഉദ്ദേശ്യത്തിലും ഉപയോഗിച്ചുകാണാം. പ്രകൃതിദൃഷ്ടാന്തങ്ങള്‍, വേദവാക്യങ്ങള്‍, ദൈവിക നിയമനിര്‍ദ്ദേശങ്ങള്‍, ചരിത്ര പാഠങ്ങള്‍ മുതലായവയെ ഉദ്ദേശിച്ചുകൊണ്ടു ഉപയോഗിക്കപ്പെട്ടിരിക്കുന്നു. (ഇതു സംബന്ധിച്ചു മുഖവുരയില്‍ ചിലതെല്ലാം നാം വിവരിച്ചിട്ടുണ്ട്.). ഖുര്‍ആനെക്കുറിച്ചും, നബി ﷺ യെ ക്കുറിച്ചും ജാലമെന്നും, ജാലക്കാരന്‍ എന്നും മുശ്രിക്കുകള്‍ പറയാറുണ്ടെങ്കിലും അത്തരം വിഷയങ്ങളെക്കുറിച്ചു ജാലമെന്നു അവര്‍ പറഞ്ഞതായി കാണുന്നില്ല. പ്രവാചകന്മാരുടെ സത്യതക്കു തെളിവായിട്ടുള്ളതും, മൂസാ  عليه السلام  നബിയുടെ വടിയും സ്വലിഹു  عليه السلام നബിയുടെ ഒട്ടകവും പോലെയുള്ളതുമായ അസാധാരണ ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചാണ് ആ പദം (ആയത്ത്) ഖുര്‍ആനില്‍ ഉപയോഗിക്കാറുള്ള മറ്റൊരവസരം. ഈ ഇനത്തില്‍പ്പെട്ട കാര്യങ്ങളെക്കുറിച്ച് സത്യനിഷേധികള്‍ ജാലം (സിഹ്ര്‍) എന്നു പറയാറുണ്ട്. ഖുര്‍ആന്‍ പരിശോധിച്ചാല്‍ ഇതു വേഗം മനസ്സിലാക്കുവാന്‍ കഴിയും. പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടിയാകുന്നു ഇത്തരം ദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തുന്നത്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ സംഭവിക്കുന്നുവെന്നല്ലാതെ, നബിമാരുടെ കഴിവില്‍പ്പെട്ടതല്ല അവ. (ഇതിനെപ്പറ്റിയും നാം മുഖവുരയില്‍ വിവരിച്ചിട്ടുണ്ട്.) മൂസാ عليه السلام നബിയുടെ വടി സര്‍പ്പമായപ്പോള്‍ അവിശ്വാസികള്‍ അതു ജാലവിദ്യയാണെന്നു പറയുകയുണ്ടായത് പ്രസിദ്ധമാണ്. ഇതനുസരിച്ച് ചന്ദ്രന്‍റെ പിളര്‍പ്പിനെത്തുടര്‍ന്നു സത്യനിഷേധികള്‍ അതു ജാലമാണെന്നു പറഞ്ഞു തള്ളികള്ളഞ്ഞുവെന്നുവരുമ്പോള്‍, അതു നബി ﷺ യുടെ പ്രവാചകത്വത്തിനു ഉപോല്‍ബലമായ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതും, നബി ﷺ യുടെ കാലത്തു തന്നെ സംഭവിച്ചിരിക്കേണ്ടതുമാണ്. നേരെമറിച്ചു ഖിയമാത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്ന ഒന്നാണ് അതെങ്കില്‍, അവിടെ ജാലത്തിന്‍റെ ആരോപണത്തിന് എന്താണ് സ്ഥാനമുള്ളത്? ആലോചിച്ചു നോക്കുക.

പൌരാണിക തത്വശാസ്ത്രസിദ്ധാന്തമനുസരിച്ചു ആകാശമണ്ഡലത്തില്‍പൊട്ടോ പിളര്‍പ്പോ ഉണ്ടാവാനോ, വല്ലതും കൂടിചേരുവാനോ (الخرق و الالتتام) പാടില്ല എന്നായിരുന്നു. ആധുനിക ശാസ്ത്രം ആ വാദം തെറ്റാണെന്നു തളിയിച്ചു കഴിഞ്ഞിരിക്കയാണ്. സൂര്യചന്ദ്രനക്ഷത്രാദി ഗോളങ്ങളില്‍നിന്നു ചില അംശങ്ങള്‍ പുറത്തുപോകലും, ചില ഗോളങ്ങളില്‍ നിന്നുള്ള അംശങ്ങള്‍ മറ്റുചിലതില്‍ ചെന്നു പതിക്കലും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഇന്നു ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു. വേണ്ടാ, അടുത്തകാലത്തു മനുഷ്യന്‍ ചന്ദ്രനില്‍ ചെന്നു അവിടത്തെ പാറക്കഷ്ണം ഭൂമിയില്‍ കൊണ്ടുവന്നിരിക്കുന്നു. ചന്ദ്രഗോളത്തില്‍ വമ്പിച്ച ഉല്‍ക്കകള്‍ പതിച്ചതിന്‍റെ ആഘാതങ്ങളെപ്പറ്റി ചന്ദ്രഗോള സഞ്ചാരികളും, ആഗോളനീരിക്ഷകന്മാരും സദാ പ്രസ്താവിച്ചു കൊണ്ടുമിരിക്കുന്നു. ഈ ഭൂമിയും, ചന്ദ്രനുമെല്ലാം സൂര്യനില്‍ നിന്നു തെറ്റിത്തെറിച്ച ചില കഷ്ണങ്ങളാണെന്നു പോലും ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു. എന്നിരിക്കെ, ചന്ദ്രനില്‍ ഒരു പിളര്‍പ്പോ, പിളര്‍പ്പിനു ശേഷം ഒരു കൂടിച്ചേരല്ലോ ഉണ്ടായേക്കുന്നതിന്‍റെ സാധ്യത ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഒരു തര്‍ക്കവിഷയമല്ല. അങ്ങിനെ വല്ലതും സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതു എന്തായിരുന്നു എന്നു മാത്രമേ ആലോചിക്കുവാനുള്ളൂ. ഇതിനു വ്യക്തമായ മറുപടി പറയുവാന്‍ ശാസ്ത്രതത്വങ്ങളെക്കാള്‍ കഴിവ് ചരിത്രസത്യങ്ങള്‍ക്കാണുള്ളത്. അതാണ്‌ ഈ ഖുര്‍ആന്‍ വചനവും, മേല്‍ സൂചിപിച്ച അനേകം ഹദീസുകളും നമ്മുക്കു കാട്ടി തരുന്നതും.

ചന്ദ്രന്‍ പിളര്‍ന്ന സംഭവത്തെപ്പറ്റി ഒന്നിലധികം അദ്ധ്യായങ്ങളിലായി ഇമാം ബുഖാരി  رحمه الله  പല ഹദീസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ വിവരണത്തില്‍, ഈ സംഭവത്തെ നിഷേധിക്കുന്നവരുടെ സംശയങ്ങള്‍ സന്ദര്‍ഭോചിതം ഉദ്ധരിച്ചുകൊണ്ടു ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ഖലാനി رحمه الله അവക്കു മറുപടി കൊടുത്തുകാണാം. അക്കൂട്ടത്തില്‍ ചന്ദ്രന്‍ പിളര്‍ന്നതിനെ കുറിച്ചുള്ള അദ്ധ്യായത്തില്‍ (باب انشقق القمر) അദ്ദേഹം പ്രസ്താവിച്ചിട്ടുള്ള ഒരു പ്രസ്താവനയുടെ ചുരുക്കം ഇവിടെ അറിയുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു : ‘തത്വശാസ്ത്രജ്ഞന്മാരില്‍ ഭൂരിഭാഗം ആളുകള്‍ ചന്ദ്രന്‍ പിളര്‍ന്നതിനെ നിഷേധിക്കുന്നവരാണ്. ആകാശത്തില്‍നിന്നു വല്ലതും പൊട്ടിപ്പോരുകയോ അതില്‍ വല്ലതും കൂടിചേരുകയോ ഇല്ലെന്ന തത്വത്തെ ആസ്പദമാക്കിയാണ് അവരുടെ നിഷേധം. ഇവിടെ മാത്രമല്ല, മിഅ്റാജിന്‍റെ സംഭവത്തില്‍ നബി ﷺ ക്കു ആകാശ മാര്‍ഗങ്ങള്‍ തുറക്കപ്പെട്ടതും, ഖിയമാത്തുനാളില്‍ സൂര്യന്‍റെ നില തെറ്റുന്നതും പോലെയുള്ള സംഭവങ്ങളെല്ലാം അവര്‍ നിഷേധിക്കുന്നു. ഇങ്ങിനെയുള്ളവര്‍ അവിശ്വാസികള്‍ ആണെങ്കില്‍ ആദ്യമായി അവരോടു വിവാദം നടത്തേണ്ടതു ഇസ്ലാമിന്‍റെ സ്വീകാര്യതയെ കുറിച്ചാകുന്നു. (പ്രസ്തുത നിഷേധത്തെക്കുറിച്ചല്ല). പിന്നീടു ഇത്തരം സംഗതികളെ നിഷേധിക്കുന്ന മുസ്‌ലിംകളോടെന്ന പോലെ അവരോടും സംസാരിക്കാം. ഇത്തരം വിഷങ്ങളില്‍ ചിലതു സമ്മതിക്കുകയും, ചിലതു സമ്മതിക്കാതിരിക്കുകയും ചെയ്‌വാന്‍ മുസ്ലിമിനു പാടില്ല. ഖിയമാത്തുനാളില്‍ ആകാശത്തില്‍ തകര്‍ച്ചയും വളര്‍ച്ചയും (അഥവാ സ്ഥിതിമാറ്റങ്ങള്‍) ഉണ്ടാകാമെന്നു ഇവര്‍ സമ്മതിക്കുമെങ്കില്‍, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകന്‍റെ പ്രവാചകത്വത്തിനു തെളിവായ ഒരു അമാനുഷിക ദൃഷ്ടാന്തം എന്ന നിലക്കു അതു സമ്മതിക്കാതിരിക്കുവാന്‍ തരമില്ല. മുന്‍കഴിഞ്ഞ മാഹന്മാര്‍ തന്നെ ഇക്കൂട്ടര്‍ക്കു മറുപടി നല്‍കികഴിഞ്ഞിട്ടുണ്ട്. അബൂഇസ്ഹാഖ് സജ്ജാദ്  رحمه الله പറയുന്നു : മതവിരോധികളെ അനുകരിച്ചുകൊണ്ട് ബിദ്അത്തിന്‍റെ കക്ഷിക്കാരായ (നൂതനവാദക്കാരായ) ചിലരും ചന്ദ്രന്‍ പിളര്‍ന്നതിനെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍, ബുദ്ധി അതിനെ നിഷേധിക്കുന്നില്ല, കാരണം ഖിയമാത്തുനാളില്‍ സൂര്യനെയും ചന്ദ്രനെയും ഒരുമിച്ചുകൂട്ടുകയും മറ്റും ചെയ്യുന്ന അല്ലാഹുവിനു അതിനെ പിളര്‍ക്കുകയും ചെയ്യാം. അതവന്‍റെ സൃഷ്ടിയാണല്ലോ. അവന്‍റെ സൃഷ്ടിയില്‍ അവന്‍റെ ഇഷ്ടംപോലെ അവനു പ്രവര്‍ത്തിക്കാവുന്നതാകുന്നു.’( فتح الباري)

ചന്ദ്രന്‍ പിളര്‍ന്നിട്ടുണ്ടെങ്കില്‍ അതു ലോകപ്രസിദ്ധമാകേണ്ടതാണല്ലോ എന്നു നിഷേധികളില്‍ ചിലര്‍ വാദിക്കാറുണ്ട്. രാത്രിയാണതു സംഭവിച്ചത്. ജനങ്ങള്‍ ഉറങ്ങികിടക്കുകയായിരിക്കുമല്ലോ. ആ സംഭവ സമയത്ത് ഉറങ്ങാതെ ആകാശത്തേക്കു നോക്കിയവര്‍ക്ക് മാത്രമേ അതു കാണുവാന്‍ സാധ്യമാകൂ എന്നു പറയേണ്ടതില്ല. ദൃഷ്ടാന്തം ആവശ്യപ്പെട്ടവര്‍ മാത്രമേ കല്പിച്ചുകൂട്ടി അതിനു തയ്യാറായിരിക്കുകയുമുള്ളൂ. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എല്ലാവരും കാണുകയോ അറിയുകയോ ചെയ്യാറില്ലല്ലോ. അതേ സമയത്ത് ഒരു നാട്ടില്‍ ദൃശ്യമായ ഗ്രഹണം വേറൊരു നാട്ടുകാര്‍ക്ക് ദൃശ്യമല്ലാതെയുമിരിക്കും. ഇതുപോലെത്തന്നെ ചന്ദ്രപ്പിറവിയും. ഒരു രാജ്യത്തു ചന്ദ്രപ്പിറവി കാണുമ്പോള്‍ മറ്റൊരു രാജ്യത്തു അതു കാണാതിരിക്കുക സാധാരണമാണല്ലോ. നേരം പുലരുവോളം അന്നത്തെ രാത്രി ആകാശം വീക്ഷിച്ചുകൊണ്ടിരുന്ന ഏതെങ്കിലും ഒരാള്‍ ആ സംഭവം ഉണ്ടായതായി താന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞതായി അറിയപ്പെട്ടിട്ടില്ല. മരുഭൂമികളില്‍ സഞ്ചരിക്കുന്ന യാത്രക്കാരാണ് താരതമ്യേന ആ സംഭവം കാണുവാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ഇങ്ങിനെയുള്ള പലരും തങ്ങള്‍ അതുകണ്ടതായി സാക്ഷ്യം വഹിക്കുകയുണ്ടായ വിവരം അബൂദാവൂദ്  رحمه الله ഉദ്ധരിച്ച ഹദീസില്‍ പ്രസ്താവിച്ചിട്ടുമുണ്ട്. ബൈഹഖി رحمه الله യുടെ നിവേദനത്തില്‍, എല്ലാ ഭാഗത്തുനിന്നും വന്ന സഞ്ചാരികളോടും ഖുറൈശികള്‍ അന്വേഷിക്കുകയുണ്ടായെന്നും, അവരെല്ലാം അതു കണ്ടുവെന്നു മറുപടി പറഞ്ഞുവെന്നും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്.

ചുരുക്കത്തില്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം പരക്കെ അറിയാതിരിക്കുവാന്‍ പല കാരണങ്ങളും ഉണ്ടാവാം. എനി, കുറെയെല്ലാം ആളുകള്‍ യഥാര്‍ത്ഥത്തില്‍ അതു കണ്ടിരുന്നാല്‍ പോലും, മുസ്‌ലിംകള്‍ പിന്നീടു തങ്ങളുടെ ചരിത്ര സംഭവങ്ങളെ രേഖപ്പെടുത്തി സൂക്ഷിച്ചു വന്നതുപോലെ, മറ്റൊരു കൂട്ടരും അക്കാലത്തു തങ്ങളുടെ സംഭവങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചുപോന്നിരുന്നില്ലെന്ന വസ്തുതയും പ്രസ്താവ്യമാണ്. നബി ﷺ  തിരുമേനിയുടെ സത്യതക്കു ഏറ്റവും വലിയ തെളിവായി കാലാവസാനത്തോളം നിലനില്‍ക്കുന്ന മഹാ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെ. എങ്കിലും, മറ്റു പല അസാധാരണ സംഭവങ്ങളും തിരുമേനിയുടെ കൈക്ക് വെളിപ്പെടുകയുണ്ടായിട്ടുണ്ടെന്ന പരമാര്‍ത്ഥം ചരിത്ര സത്യങ്ങളുടെ നേരെ പാടെ കണ്ണടച്ചേക്കുന്ന കുബുദ്ധികള്‍ക്കല്ലാതെ ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ല. അവയില്‍ ഒന്നും തന്നെ, മുഴുവന്‍ മുസ്ലിംകളും കണ്ടതോ, എല്ലാ സമുദായക്കാരും കാണത്തക്കവണ്ണം ചിരകാലം നീണ്ടുനിന്നതോ ആയി ഒന്നുമില്ല. ആയിരിക്കാവുന്നതുമല്ല. കാരണം, മുന്‍പ്രവാചകന്മാരുടെ സമുദായങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക കാലക്കാരും ദേശക്കാരുമായിരുന്നു. നബി ﷺ യുടെ സമുദായത്തിന്‍റെ സ്ഥിതി അതല്ല. ഈ സമുദായം ലോകാവസാനംവരെ നിലനില്‍ക്കുന്നതും, അവിടുത്തെ പ്രബോധനം ഭൂലോകജനതയ്ക്കു ആകമാനം ബാധകമായതുമാണ്. അതുകൊണ്ടാണ് നബി ﷺ യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ ആയതും.

മൊത്തത്തില്‍ പറഞ്ഞാല്‍ – അല്ലാമാ ശൌക്കാനി رحمه الله പ്രസ്താവിക്കുന്നതു പോലെ – അല്ലാഹുവിന്‍റെ കിത്താബില്‍ ചന്ദ്രന്‍ പിളര്‍ന്നുവെന്നു കാണുന്നു. അഥവാ പിന്നീടു പിളരും എന്നല്ല അതില്‍ പറഞ്ഞിരിക്കുന്നത്. ഹദീസുകള്‍ പരിശോധിച്ചാലും അതു സംശയാതീതമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു, മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലാകട്ടെ, അതില്‍ ഭിന്നാഭിപ്രായവുമില്ല. എന്നിരിക്കെ, തല്പരകക്ഷികളുടെ അഭിപ്രായത്തിനോ, അവരുടേതായ വ്യാഖ്യാനത്തിനോ നാം ഒട്ടും വില കല്പിക്കേണ്ടതില്ല. മേല്‍ പ്രസ്താവിച്ചതിനു പുറമേ വേറെയും ചില്ലറ കുതര്‍ക്കങ്ങള്‍ അവര്‍ ഉന്നയിക്കാറുണ്ട്. അവക്കെല്ലാം പല മഹാന്മാരും തക്കതായ മറുപടി നല്‍കിക്കഴിഞ്ഞതാണ്. അതെല്ലാം ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നതില്‍ പ്രത്യേക പ്രയോജനമൊന്നും കാണുന്നില്ല.

 

[അമാനി തഫ്സീര്‍ – സൂറ:ഖമര്‍ ഒന്നാമത്തെ ആയത്തിന്റെ വിശദീകരണത്തിൽ നിന്നും]

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *