അസ്ര്‍ നമസ്കാരം ശ്രദ്ധിക്കുക

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)

حَٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَٰنِتِينَ

പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും സ്വലാതുൽ വുസ്ത്വ (മദ്ധ്യനമസ്‌കാരം). അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖു൪ആന്‍ :2/ 238)

നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചു പോരണമെന്ന് മൊത്തത്തില്‍ പറഞ്ഞശേഷം, മദ്ധ്യനമസ്‌കാരത്തെ (وَالصَّلاة وُسْطَى) പ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. الْوُسْطَى എന്ന വാക്കിന് മദ്ധ്യത്തിലുളളത് എന്നാണ് സാക്ഷാല്‍ അര്‍ത്ഥമെങ്കിലും, ‘ഉല്‍കൃഷ്ടമായത്, ‘ഉത്തമമായത്’ എന്നീ ഉദ്ദേശ്യങ്ങളിലും ഈ വാക്ക് ഉപയോഗിക്കാറുണ്ടെന്ന് മുമ്പ് 143-ാം വചനത്തില്‍ നിന്ന് മനസ്സിലായിട്ടുണ്ടല്ലോ. ഇവിടെയും അതാണുദ്ദേശ്യം.’മദ്ധ്യനമസ്‌കാരം’ ഏതാണെന്നുള്ളതില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. പക്ഷേ, അസ്വ്ര്‍ നമസ്‌കാരമാണ് അതെന്ന് മനസ്സിലാക്കാവുന്നതും, വ്യക്തമാക്കുന്നതുമായ ഒന്നിലധികം ഹദീഥുകള്‍ ഇമാം മുസ്‌ലിം رحمه الله മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. (ഇമാം ഇബ്‌നുകഥീര്‍ رحمه الله അവ ഉദ്ധരിച്ചു കാണാം.) അതിനാല്‍ പണ്ഡിതന്‍മാരില്‍ അധിക ഭാഗവും അതാണ് ബലപ്പെടുത്തിയിരിക്കുന്നത്. അസ്വ്ര്‍ നമസ്‌കാരത്തെ പ്രത്യേകം എടുത്ത് പറയുവാന്‍ കാരണം – ചില വ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാട്ടിയതുപോലെ – അതിന്‍റെ സമയം ഉച്ചനേരത്തെ വിശ്രമശേഷമായതുകൊണ്ട് അത് കൃത്യസമയത്ത് നിര്‍വഹിച്ചു പോരണമെങ്കില്‍ കൂടുതല്‍ ശ്രദ്ധ പതിക്കേണ്ടതു കൊണ്ടായിരിക്കാം. മറ്റൊരു നിലക്ക് നോക്കുമ്പോള്‍, പകലത്തെ രണ്ട് നമസ്കാരങ്ങളായ സ്വുബ്ഹ്, ള്വുഹ്ര്‍ എന്നിവയുടെയും, രാത്രി നമസ്‌കാരങ്ങളായ മഗരിബ്, ഇശാ എന്നിവയുടെയും മദ്ധ്യത്തിലാണ് അസ്വ്ര്‍ നമസ്‌കാരം സ്ഥിതിചെയ്യുന്നതും. والله أعلم (അമാനിതഫ്സീര്‍)

അഹ്‌സാബ് യുദ്ധത്തില്‍ മുശ്‌രിക്കുകളുടെ ആക്രമണം ഇടതടവില്ലാതെ ഉഗ്രമായി നടന്നുകൊണ്ടിരുന്നതിനാല്‍ ഒരു ദിവസം നബിﷺ ക്കും മുസ്‌ലിംകൾക്കും സൂര്യനസ്തമിക്കാനടുക്കുന്നതുവരെ അസ്വ്‌ര്‍ നമസ്‌കരിക്കാന്‍ കഴിഞ്ഞില്ല. സൂര്യനസ്തമിച്ചതിനു ശേഷമാണ് അന്ന് അവർ നമസ്കരിച്ചത്. സ്വന്തത്തിനെതിരെ എന്ത് ചെയ്താലും വിട്ടുവീഴ്ച കാണിച്ച പ്രവാചകന്‍ ﷺ അസ്ര്‍ നമസ്‌കാരം നഷ്ടമാകാന്‍ കാരണക്കാരായ ഈ കക്ഷികൾക്കെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

عَنْ عَلِيٍّ ـ رضى الله عنه ـ قَالَ لَمَّا كَانَ يَوْمُ الأَحْزَابِ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَلأَ اللَّهُ بُيُوتَهُمْ وَقُبُورَهُمْ نَارًا، شَغَلُونَا عَنِ الصَّلاَةِ الْوُسْطَى حِينَ غَابَتِ الشَّمْسُ ‏

അലി رضى الله عنه വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അഹ്‌സാബ് (യുദ്ധത്തിന്റെ) ദിവസം നബി ﷺ പറഞ്ഞു: സൂര്യന്‍ അസ്തമിക്കുന്നതുവരെ സ്വലാത്തുൽ വുസ്ത്വ യെതൊട്ട് ഞങ്ങളെ വ്യാപൃതരാക്കിയവരുടെ ക്വബ്‌റുകളെയും വീടുകളെയും അല്ലാഹു തീകൊണ്ട് നിറക്കട്ടെ. (ബുഖാരി:2931).

ഭയത്തിന്റെ സന്ദർഭത്തിൽ ഉള്ള നമസ്കാരത്തിലെ നിയമം ആ സന്ദർഭത്തിൽ പഠിപ്പിക്കപ്പെട്ടിരുന്നില്ല. അഹ്സാബിനു ശേഷം ഉണ്ടായ ദാതുർറഖാഅ്‌ യുദ്ധത്തിലാണ് അതിന്റെ നിയമം പഠിപ്പിക്കപ്പെടുന്നത്. അങ്ങനെ അവർ സൂര്യാസ്തമയത്തിനു ശേഷം അസ്വ്‌റും പിന്നീട് മഗ്‌രിബും നമസ്കരിച്ചു. സ്വലാത്തുൽ വുസ്ത്വ എന്നാൽ അസ്ർ നമസ്കാരമാണെന്ന്  ഇതിൽ നിന്നും വ്യക്തമാണ്.

ആയിശാ رضى الله عنه പറയുന്നു: സ്വലാതുൽ വുസ്ത്വ  അസ്ർ നമസ്കാരമാണെന്ന് ഞാൻ നബി ﷺ യിൽ നിന്നും കേട്ടിട്ടുണ്ട്. (മുസ്‌ലിം)

അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം എല്ലാ ദിവസവും സുബ്ഹി, അസ്൪ ജമാഅത്തുകളുടെ സമയത്ത് മലക്കുകള്‍ ഇറങ്ങുന്നുണ്ട്. സുബ്ഹി ജമാഅത്തിന്റെ സമയത്ത് മലക്കുകള്‍ ഇറങ്ങുമ്പോള്‍ അസ്റിന് ഇറങ്ങിയ മലക്കുകള്‍ കയറിപ്പോകുകയും സുബ്ഹിക്ക് ഇറങ്ങിയ മലക്കുകള്‍ നില്‍ക്കുകയും ചെയ്യും. അടുത്ത അസ്റിന് മലക്കുകള്‍ ഇറങ്ങുമ്പോള്‍ സുബ്ഹിക്ക് ഇറങ്ങിയ മലക്കുകള്‍ കയറിപ്പോകുകയും അസ്റിന് ഇറങ്ങിയ മലക്കുകള്‍ നില്‍ക്കുകയും ചെയ്യും. രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി, അസ്ർ നമസ്‌കാരങ്ങളില്‍ ഒരുമിച്ചു കൂടുകയും ചെയ്യുന്നു. ഈ പ്രക്രിയ തുട൪ന്നുകൊണ്ടേയിരിക്കുന്നതാണ്. സുബ്ഹി നമസ്കാരത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുമ്പോള്‍ രാത്രിയിലുണ്ടായിരുന്ന മലക്കുകളും അസ്ർ നമസ്കാരത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുമ്പോള്‍ പകലിലുണ്ടായിരുന്ന മലക്കുകളും ആകാശത്തേക്ക് കയറിപ്പോകുമ്പോള്‍ മലക്കുകളുടെ റിക്കാ൪ഡില്‍ സുബ്ഹിയും, അസ്റും പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കാത്തവരുടെ വിവരങ്ങള്‍ ഉണ്ടായിരിക്കുകയില്ല.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهْوَ أَعْلَمُ بِهِمْ كَيْفَ تَرَكْتُمْ عِبَادِي فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ ‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക്‌ മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട്‌ അസ്ര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട്‌ നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‍പോട്ട്‌ കയറിപ്പോകും. അന്നേരം അല്ലാഹു അവരോട്‌ ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച്‌ അല്ലാഹുവിന്‌ പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്‌. (ബുഖാരി:555)

ഇമാം അഹ്മദ് رحمه الله യുടെറിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടി വന്നിട്ടുണ്ട് : “അതിനാല്‍ നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ”.

‘ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു’ എന്ന് മലക്കുകള്‍ അല്ലാഹുവിനോട് പറയുമ്പോഴും ‘നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ’ എന്ന് മലക്കുകള്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുമ്പോഴും ആ റിക്കാ൪ഡുകളില്‍ പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കാതെ വീടുകളില്‍ നമസ്കരിക്കുന്നവ൪ ഉണ്ടാകില്ലെന്നുള്ളത് ഗൌരവപൂ൪വ്വം ഓ൪ക്കേണ്ടതാണ്. കാരണം മലക്കുകള്‍ എല്ലാ ദിവസവും അല്ലാവിന്റെ അടുത്ത് സാക്ഷി പറയുന്നതും ഇസ്തിഗ്ഫാറിന് അപേക്ഷിക്കുന്നതും സുബ്ഹി, അസർ ജമാഅത്തായി നമസ്‌കരിക്കുന്നവ൪ക്കാണ്.

عَنْ أَبِي بَصْرَةَ الْغِفَارِيِّ، قَالَ صَلَّى بِنَا رَسُولُ اللَّهِ صلى الله عليه وسلم الْعَصْرَ بِالْمُخَمَّصِ فَقَالَ ‏ “‏ إِنَّ هَذِهِ الصَّلاَةَ عُرِضَتْ عَلَى مَنْ كَانَ قَبْلَكُمْ فَضَيَّعُوهَا فَمَنْ حَافَظَ عَلَيْهَا كَانَ لَهُ أَجْرُهُ مَرَّتَيْنِ

അബൂബസ്റത്തല്‍ ഗിഫാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഞങ്ങളേയും കൊണ്ട് അസ്വ്൪ നമസ്കരിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഈ നമസ്കാരമാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരില്‍ (കൂടുതല്‍ പേ൪ക്കും) നഷ്ടപ്പെട്ടിട്ടുള്ളത്. ആര് അതിനെ കാത്തുസൂക്ഷിക്കുന്നുവോ അവ൪ക്ക് ഇരട്ടി പ്രതിഫലമുണ്ട്. (മുസ്ലിം:830)

عَنْ جَرِيرٍ، قَالَ كُنَّا عِنْدَ النَّبِيِّ صلى الله عليه وسلم فَنَظَرَ إِلَى الْقَمَرِ لَيْلَةً ـ يَعْنِي الْبَدْرَ ـ فَقَالَ : إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا فَافْعَلُوا ‏

ജരീര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ നബി ﷺ യോടൊപ്പം ഇരിക്കുമ്പോള്‍ ചന്ദ്രനെ നോക്കിക്കൊണ്ട്‌ അവിടുന്ന്‌ അരുളി: ഈ ചന്ദ്രനെ നിങ്ങള്‍ കാണും പോലെ തന്നെ നിങ്ങളുടെ നാഥനെ നിങ്ങള്‍ അടുത്തുതന്നെ കാണും. ആ കാഴ്ചയില്‍ നിങ്ങള്‍ക്ക്‌ ഒരു അവ്യക്തതയുമുണ്ടായിരിക്കുകയില്ല. അതുകൊണ്ട്‌ സൂര്യോദയത്തിന്‌ മുമ്പും സൂര്യാസ്തമനത്തിന്‌ മുമ്പും ഉള്ള നമസ്കാരം (സുബ്ഹിയും അസ്റും) നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമെങ്കില്‍ അത്‌ നിങ്ങള്‍ നിര്‍വ്വഹിച്ച്‌ കൊള്ളുക. (ബുഖാരി:554)

عَنْ أَبِي مُوسَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ ‏‏‏

അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ബര്‍ദയ്ന്‍ നമസ്‌കരിച്ചാല്‍ (സുബ്ഹിയും അസ്റും)  അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി:574 – മുസ്ലിം:635)

عَنْ عُمَارَةَ بْنِ رُؤَيْبَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ لَنْ يَلِجَ النَّارَ أَحَدٌ صَلَّى قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا ‏”‏ ‏.‏ يَعْنِي الْفَجْرَ وَالْعَصْرَ ‏.‏

ഉമാറത്തബ്നു റുഅയ്ബ: رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൂര്യന്‍ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുമ്പുള്ള നമസ്കാരങ്ങള്‍  നി൪വ്വഹിക്കുന്നവ൪ നരകത്തില്‍ പ്രവേശിക്കുകയില്ല. അതായത് സുബ്ഹിയും അസ്റും .  (മുസ്ലിം:634)

عَنْ أَبِي الْمَلِيحِ، قَالَ كُنَّا مَعَ بُرَيْدَةَ فِي غَزْوَةٍ فِي يَوْمٍ ذِي غَيْمٍ فَقَالَ بَكِّرُوا بِصَلاَةِ الْعَصْرِ فَإِنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ مَنْ تَرَكَ صَلاَةَ الْعَصْرِ فَقَدْ حَبِطَ عَمَلُهُ

അബൂമലീഹ്‌ പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഒരു മേഘമുള്ള ദിവസം യുദ്ധത്തിലായിക്കൊണ്ട്‌ ബുറൈദ رَضِيَ اللَّهُ عَنْهُ വിന്റെ കൂടെയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അസര്‍ നമസ്കാരം വേഗത്തിൽ (അതിന്റെ ആദ്യസമയത്തുതന്നെ) നിര്‍വഹിക്കുക. നബി ﷺ പറഞ്ഞു: വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോയി. (ബുഖാരി:553)

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ الَّذِي تَفُوتُهُ صَلاَةُ الْعَصْرِ كَأَنَّمَا وُتِرَ أَهْلَهُ وَمَالَهُ

ഇബ്‌നുഉമര്‍  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അസര്‍ നമസ്കാരം നഷ്ടപ്പടുത്തുന്നവന്‍ തന്റെ കുടുംബവും സമ്പത്തും നഷ്ടപ്പെടുത്തുന്നതുപോലെയാണ്‌. (ബുഖാരി:552)

എന്തുതന്നെയായാലും നമസ്‌കാരം ഉപേക്ഷിക്കല്‍ അതീവ ഗുരുതരമായ കുറ്റമാണ്, അതില്‍ അസ്വ്ര്‍ നമസ്‌കാരം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നുണ്ട് എന്നും ഉപരിസൂചിത ഹദീഥുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

സ്വുബ്ഹി നമസ്‌കാരം രാത്രിയുറക്കത്തിലും അസ്വ്ര്‍ നമസ്‌കാരം ഉച്ചയുറക്കത്തിലും പെട്ട് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതാണ്.

സലഫുകൾ അസ്വർ നമസ്കാരം അതിന്റെ ആദ്യസമയത്ത് തന്നെ നിർവ്വഹിച്ചിരുന്നു. അധികം പിന്തിച്ചിരുന്നില്ല.

عَنْ أَنَسُ بْنُ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي الْعَصْرَ وَالشَّمْسُ مُرْتَفِعَةٌ حَيَّةٌ، فَيَذْهَبُ الذَّاهِبُ إِلَى الْعَوَالِي فَيَأْتِيهِمْ وَالشَّمْسُ مُرْتَفِعَةٌ، وَبَعْضُ الْعَوَالِي مِنَ الْمَدِينَةِ عَلَى أَرْبَعَةِ أَمْيَالٍ أَوْ نَحْوِهِ‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അസ്വർ നമസ്‌കരിക്കും. അപ്പോൾ സൂര്യൻ ഉയർന്ന് നിന്ന് ജ്വലിക്കുന്നുണ്ടാകും; എന്നിട്ട് ഒരാൾ (മദീനയുടെ) ഉയർന്ന പ്രദേശത്തേക്ക് പോകും. എന്നിട്ട് അയാൾ അവിടെയെത്തിയാലും സൂര്യൻ ആകാശത്ത് ഉയർന്നു നിൽക്കുന്നുണ്ടാവും. പ്രസ്‌തുത പ്രദേശങ്ങൾ മദീനയിൽ നിന്ന് നാലു മൈലോ അത്രത്തോളമോ അകലെയാണ്. (ബുഖാരി:550)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا أَدْرَكَ أَحَدُكُمْ سَجْدَةً مِنْ صَلاَةِ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَلْيُتِمَّ صَلاَتَهُ، وَإِذَا أَدْرَكَ سَجْدَةً مِنْ صَلاَةِ الصُّبْحِ قَبْلَ أَنْ تَطْلُعَ الشَّمْسُ فَلْيُتِمَّ صَلاَتَهُ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾക്ക് സൂര്യൻ അസ്‌തമിക്കുന്നതിനുമുമ്പ് അസ്വ‌റിൻ്റെ ഒരു റക്അത്ത് ലഭിച്ചാൽ അവൻ നമസ്‌കാരം പൂർത്തിയാക്കട്ടെ. സുബ്ഹ് നമസ്കാര സമയപരിധിക്കുള്ളിൽ സുബ്ഹ് നമസ്‌കാരത്തിൻ്റെ ഒരു റക്അത്ത് ലഭിച്ചാൽ നമസ്ക‌ാരം പൂർത്തിയാക്കട്ടെ. (ബുഖാരി:556)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *