വിശുദ്ധ ഖുര്‍ആനിൽ പേര് പരാമര്‍ശിച്ച ഒരു നബിയാണ് ഇദ്രീസ് നബി عليه السلام. അദ്ധേഹത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ രണ്ട് സ്ഥലങ്ങളിലാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
ആദം നബി عليه السلام ക്ക് ശേഷം നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ച പ്രവാചകനാണ് ഇദ്രീസ് عليه السلام എന്ന് പറയപ്പെടുന്നു. വേറെയും അഭിപ്രായങ്ങളുണ്ട്. കൂടുതൽ വിശദീകരണങ്ങളൊന്നും വിശുദ്ധ ഖുർആനിൽ നിന്നും ലഭ്യമല്ല.
ആദ്യമായി പേനകൊണ്ട് എഴുതിയ വ്യക്തി, ആദ്യമായി വസ്ത്രം തുന്നിയ വ്യക്തി എന്നൊക്കെ ഇദ്രീസ് നബി عليه السلام യെക്കുറിച്ച് പറയപ്പെടുന്നു.
ഇദ്രീസ് നബി عليه السلام യുടെ ഗുണമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞതാണ് സത്യസന്ധത.
وَٱذْكُرْ فِى ٱلْكِتَٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا ﴿٥٦﴾ وَرَفَعْنَٰهُ مَكَانًا عَلِيًّا ﴿٥٧﴾
വേദഗ്രന്ഥത്തില്‍ ഇദ്രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:19/56-57)
അല്ലാഹുവിന്റെ അടുക്കലുള്ള അദ്ധേഹത്തിന്റെ സ്ഥാനം ഈ ആയത്തിൽ നിന്നും വ്യക്തമാണ്.
{وَرَفَعْنَاهُ مَكَانًا عَلِيًّا} أي: رفع الله ذكره في العالمين، ومنزلته بين المقربين، فكان عالي الذكر، عالي المنزلة.
{ലോകരില്‍ അദ്ദേഹത്തിന്റെ സ്മരണയെ അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു} അതായത്: (അല്ലാഹുവിലേക്ക്) സാമീപ്യം ലഭിച്ചവര്‍ക്കിടയിലേക്ക് അദ്ദേഹത്തിന്റെ സ്ഥാനത്തെയും അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു. അങ്ങനെ (അദ്ദേഹത്തിന്റെ) സ്മരണയും സ്ഥാനവും ഉയര്‍ന്നതായിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
ഇദ്രീസ് നബി عليه السلام യെ പറ്റിയുള്ള വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ പരാമര്‍ശം കാണുക:
وَإِسْمَٰعِيلَ وَإِدْرِيسَ وَذَا ٱلْكِفْلِ ۖ كُلٌّ مِّنَ ٱلصَّٰبِرِينَ ﴿٨٥﴾ وَأَدْخَلْنَٰهُمْ فِى رَحْمَتِنَآ ۖ إِنَّهُم مِّنَ ٱلصَّٰلِحِينَ ﴿٨٦﴾
ഇസ്മാഈലിനെയും ഇദ്രീസിനെയും ദുല്‍കിഫ്ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്വൃത്തരുടെ കൂട്ടത്തിലാകുന്നു. (ഖുർആൻ:21/85-86)
ഇദ്രീസ് عليه السلام മരിച്ചിട്ടില്ലെന്നും ഈസാ عليه السلام ഉയര്‍ത്തപ്പെട്ടത് പോലെ അദ്ദേഹവും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതിനൊന്നും വ്യക്തമായ യാതൊരു രേഖയുമില്ല. ”ഈ വിഷയത്തില്‍ സ്വീകാര്യയോഗ്യമായ ഒരു റിപ്പോര്‍ട്ടും സ്ഥിരപ്പെട്ടിട്ടില്ല. ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറയുന്നു:
وكون إدريس رفع وهو حي لم يثبت من طريق مرفوعة قوية
ഇദ്രീസ് عليه السلام ജീവനോടെ (ആകാശത്തേക്ക്) ഉയത്പ്പപ്പെട്ടുവെന്നത് മര്‍ഫൂആയ ഒരു വഴിയിലൂടെയും സ്ഥിരപ്പെട്ടിട്ടില്ല. (ഫത്ഹുൽബാരി)
ഇദ്രീസ് عليه السلام നാലാം ആകാശത്ത് വെച്ചാണ് മരണപ്പെട്ടത് എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനെ പറ്റിയും പണ്ഡിതന്മാര് പറഞ്ഞിട്ടുള്ളത് ഇതെല്ലാം ഇസ്റാഈലിയ്യാത്തുകളാകുന്നു എന്നാണ്.
മിഅ്റാജിന്റെ സമയത്ത് നാലാം ആകാശത്ത് വെച്ച് ഇദ്രീസ് നബി عليه السلام യെ മുഹമ്മദ് നബി ﷺ കാണുകയുണ്ടായി. ഇത് ഇദ്രീസ് നബി عليه السلام ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവല്ല. കാരണം, മിഅ്റാജിന്റെ സമയത്ത് മുഹമ്മദ് നബി ﷺ ഇദ്രീസ് عليه السلام അടക്കമുള്ള മറ്റു പല നബിമാരെയും കണ്ടിട്ടുണ്ട്.
ഇദ്രീസ് നബി عليه السلامയെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ രണ്ട് സ്ഥലങ്ങളിലാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്ന് പറഞ്ഞല്ലോ? അതിൽ ഒരു ഭാഗത്ത് അദ്ധേഹത്തെ ഗുണമായ സത്യസന്ധതയെ കുറിച്ച് എടുത്തു പറഞ്ഞു. രണ്ടാമത്തെ സ്ഥലത്ത് മറ്റ് പ്രവാചകൻമാരെപ്പോാലെ അദ്ധേഹത്തിന്റെ ക്ഷമാശീലവും എടുത്തു പറഞ്ഞു. ഈ രണ്ട് ഗുണങ്ങളും നമ്മുടെ ജീവിതത്തിലും ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
kanzululoom.com