കാപട്യത്തിലേക്കുള്ള നാല് വാതിലുകൾ

പരലോകത്തുവെച്ച് സത്യവിശ്വാസികളുടെ മുമ്പിലൂടെയും വലതുഭാഗത്തിലൂടെയും പ്രകാശം അവരോടൊപ്പം സഞ്ചരിക്കുന്നതായി കാണുമ്പോൾ കപടവിശ്വാസികൾ ആ പ്രകാശത്തിനായി വിശ്വാസികളോട് കെഞ്ചുന്ന രംഗം ക്വുർആനിൽ വിവരിക്കുന്നുണ്ട്. അവിടെ സത്യവിശ്വാസികളെ വിളിച്ചു കൊണ്ട് കപടന്മാർ പറയുന്നത് കാണാം:

يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ‎﴿١٢﴾‏ يَوْمَ يَقُولُ ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ ‎﴿١٣﴾‏ يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ ‎﴿١٤﴾

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! (അന്നവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത ചില സ്വര്‍ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കും. നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും. അത് മഹത്തായ ഭാഗ്യം തന്നെയാണ്‌. കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട് (ഇങ്ങനെ) പറയുന്ന ദിവസം: നിങ്ങള്‍ ഞങ്ങളെ നോക്കണേ! നിങ്ങളുടെ പ്രകാശത്തില്‍ നിന്ന് ഞങ്ങള്‍ പകര്‍ത്തി എടുക്കട്ടെ. (അപ്പോള്‍ അവരോട്‌) പറയപ്പെടും: നിങ്ങള്‍ നിങ്ങളുടെ പിന്‍ഭാഗത്തേക്കു തന്നെ മടങ്ങിപ്പോകുക. എന്നിട്ട് പ്രകാശം അന്വേഷിച്ചു കൊള്ളുക! അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്‌. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്‍റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്‌. അതിന്‍റെ പുറഭാഗത്താകട്ടെ ശിക്ഷയും. അവരെ (സത്യവിശ്വാസികളെ) വിളിച്ച് അവര്‍ (കപടന്‍മാര്‍) പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവര്‍ (സത്യവിശ്വാസികള്‍) പറയും: അതെ; പക്ഷെ, നിങ്ങള്‍ നിങ്ങളെ തന്നെ കുഴപ്പത്തിലാക്കുകയും (മറ്റുള്ളവര്‍ക്ക് നാശം വരുന്നത്‌) പാര്‍ത്തുകൊണ്ടിരിക്കുകയും (മതത്തില്‍) സംശയിക്കുകയും അല്ലാഹുവിന്‍റെ ആജ്ഞ വന്നെത്തുന്നത് വരെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ കാര്യത്തില്‍ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചു കളഞ്ഞു. (ഖുർആൻ:57/12-14)

അതായത്, ഇഹലോകത്ത് സത്യവിശ്വാസികളുടെ ഇടയിൽ ജീവിച്ചവരാണ് ഈ കപടവിശ്വാസികൾ എന്ന് അവർ സമ്മതിക്കും. എന്നാൽ ഈ സഹവാസം ബാഹ്യമായിട്ടാണെന്നു മാത്രം. അവരോടൊപ്പം എല്ലാ സൽകർമങ്ങളിലും യുദ്ധങ്ങളിലും സന്ധിസംഭാഷണങ്ങളിലും പങ്കുകൊണ്ട് ബാഹ്യമായി അവരോടൊപ്പം ജീവിച്ചു. എന്നാൽ വിശ്വാസികൾക്ക് ലഭിച്ച ആശ്വാസത്തിന്റെ ആ പ്രകാശം പരലോകത്തു വെച്ച് ഈ കപടന്മാർക്ക് ലഭിച്ചില്ല. അതിനുള്ള കാരണങ്ങളിലേക്കാണ് ഈ വചനം വിരൽചൂണ്ടുന്നത്. നാലു കാരണങ്ങളാണ് ഇവിടെ ഉണർത്തിയത്. കാപട്യത്തിലേക്കുള്ള വാതിലുകളായി അതിനെ ചില ക്വുർആൻ വ്യാഖ്യാതാക്കൾ പരിചയപ്പെടുത്തിയതു കാണാം. അവയെക്കുറിച്ച് നാമോരോരുത്തരും മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം:

1. സ്വന്തത്തെ കുഴപ്പത്തിലാക്കൽ

വിശ്വാസികൾക്കിടയിലും സത്യനിഷേധികൾക്കിടയിലും ഒരുപോലെ സ്വീകാര്യത ലഭിക്കുന്നതിനായി ആ കപടന്മാർ സന്ദർഭത്തിനനുസരിച്ച് കോലം മാറും. മനസ്സ് സദാ സത്യനിഷേധികളോടൊപ്പമായിരിക്കും. എന്നാൽ ബാഹ്യമായി അവർ വിശ്വാസികൾക്കൊപ്പവും. സ്വന്തം മനസ്സ് വിശ്വാസികളിലേക്ക് ചായുന്നതായി തോന്നിയാൽ വെറുപ്പിന്റെ ചിന്ത കൊണ്ട് അതിനെയെല്ലാം അസാധുവാക്കും. ഭൗതിക ജീവിതം പരമാവധി ആസ്വദിച്ചു കഴിയുകയാണ് അവരുടെ ലക്ഷ്യം. അതിനായി ഏതറ്റംവരെയും പോകും. ആ ചെയ്യുന്ന പ്രവൃത്തി നിഷിദ്ധമാണോ അല്ലേ എന്നതൊന്നും അവർക്ക് പ്രശ്‌നമാകില്ല. നിഷിദ്ധങ്ങളുമായി രാജിയായി കഴിയുക. അങ്ങനെ ആസ്വദിച്ചും കുറ്റകൃത്യങ്ങളിലേർപ്പെട്ടും അവർ സ്വന്തത്തെ വഴികേടിലാക്കി.

2. മറ്റുള്ളവരുടെ നാശത്തിനായി കാത്തിരിക്കൽ

കപടവിശ്വാസികളിലുണ്ടായ രണ്ടാമത്തെ സ്വഭാവമായി എണ്ണിയത് മറ്റുള്ളവരുടെ നാശത്തിനായി ആഗ്രഹിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യുക എന്നതാണ്. പ്രത്യേകിച്ച് വിശ്വാസികളുടെ നാശം. വിശ്വാസികൾക്ക് ആപത്തു വരുന്നത് ഈ കപടന്മാരെ സന്തോഷിപ്പിച്ചു.

വിശ്വാസികളോട് മനസ്സിൽ ഒരു നിലയ്ക്കുള്ള സ്‌നേഹവുമില്ല. തരംകിട്ടിയാൽ അവരെ ഉപദ്രവിക്കുകയും വഞ്ചിക്കുകയും ചെയ്യും. ഇത്തരം ക്രൂരതകളിൽ അവർ ആനന്ദം കണ്ടെത്തി. അതായത് ഒരു സാഡിസ്റ്റ് മനോഭാവം. പ്രമുഖ ക്വുർആൻ വ്യാഖ്യാതാവും ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ ന്റെ ശിഷ്യനുമായ ക്വതാദഃ رحمه الله ഈ ഭാഗത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞു:

قال قتادة : {وتربصتم} بالحق وأهله

ക്വതാദഃ رحمه الله പറഞ്ഞു: {തറബ്ബസ്തും} നിങ്ങൾ സത്യത്തിനും അതിന്റെ ആളുകൾക്കും എതിരിൽ പാർത്തുകൊണ്ടിരുന്നു. (ഇബ്നുകസീര്‍)

وَمِنَ ٱلْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

തങ്ങൾ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും നിങ്ങൾക്ക് കാലക്കേടുകൾ (ആപത്തുകൾ) വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്. അവരുടെമേൽ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ. (ഖുര്‍ആൻ:9/98)

അതെ, കപടന്മാരായ ആ അഅ്‌റാബികൾ വിശ്വാസികൾക്ക് കാലക്കേടുകൾ വരുന്നതിനായി കാത്തിരുന്നു. അതവരെ സന്തോഷിപ്പിച്ചു.

ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ചുള്ള അപവാദപ്രചാരണത്തിന് നേതൃത്വം നൽകിയത് ഇത്തരം കപടന്മാരാണ്. അതിനുള്ള ഒരവസരത്തിനായി അവർ കാത്തിരുന്നു. അവർ മുസ്‌ലിംകൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നതിനെ ഇഷ്ടപ്പെട്ടു. അത്തരക്കാർക്കുള്ള ശിക്ഷയെ കുറിച്ച് അല്ലാഹു ഓർമപ്പെടുത്തി:

إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

“തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല. (ഖുര്‍ആൻ:24/19)

ദുർവൃത്തി ചെയ്തവരും അത് പ്രചരിപ്പിച്ചരും ശിക്ഷാർഹരാണെന്നതിൽ സംശയമില്ല. എന്നാൽ ഈ സൂക്തത്തിൽ പറയുന്നത് അത് പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവർക്ക് ഇഹത്തിലും പരത്തിലും ശിക്ഷയുണ്ട് എന്നാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം ഒരു അപവാദ പ്രചാരണത്തിന് സോഷ്യൽ മീഡിയയിൽ ഒരു ലൈക് ചെയ്താലുള്ള ശിക്ഷയും ഇതിൽ പെടുമെന്നറിയുക.

3. മതകാര്യങ്ങളിൽ സംശയിച്ചു കൊണ്ടേയിരിക്കൽ

പഠനത്തിന്റെ ഭാഗമായുള്ള സംശയ ദൂരീകരണമല്ല ഇവിടെ പരാമർശം. ഇത് വസ്‌വാസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ്. അല്ലാഹുവോ റസൂലോ ഒരു കാര്യം പറഞ്ഞു എന്ന് വ്യക്തമായി മനസ്സിലാകുന്ന രൂപത്തിൽ മതകാര്യങ്ങൾ അറിയിച്ചാലും അതിൽ നൂറുകൂട്ടം ശർത്വുകളും മറ്റും പിശാച് ഇട്ടുകൊടുക്കുന്നതനുസരിച്ച് ആശയക്കുഴപ്പമുണ്ടാകുന്നതിനെ കുറിച്ചാണ് ഇവിടെ ചർച്ച. അത്തരക്കാരിൽ വിശ്വാസം ദൃഢമായിരിക്കുകയില്ല. അനാവശ്യമായ സംശയങ്ങൾ കാരണം അവരുടെ യക്വീനിനെ (ദൃഢതയെ) അത് ബാധിക്കും. തീരാത്ത സംശയം. പരലോകവിശ്വാസം പോലും ദൃഢമായിരിക്കുകയില്ല. ദൃഢവിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായിരിക്കേണ്ട തവക്കുലും മറ്റും അത്തരക്കാരിൽ കാണാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ അവരിൽ അനാവശ്യമായ ഭയം കുടികൊള്ളും.

വിശ്വാസിയുടെ സ്വഭാവമായി അല്ലാഹു പറയുന്നത് കാണുക:

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ

അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യവിശ്വാസികൾ. (ഖുര്‍ആൻ:49/15)

സത്യവിശ്വാസിയുടെ ഗുണമായി ഇവിടെ എടുത്തുപറഞ്ഞത് ശ്രദ്ധിക്കുക. വിശ്വസിച്ചാൽ മാത്രം പോരാ, അതിൽ സംശയിക്കാതിരിക്കുകയും വേണം എന്നാണ് ഈ വചനം പഠിപ്പിക്കുന്നത്. ഈ ദൃഢവിശ്വാസമില്ലായ്മ കാരണം സൽകർമങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാൻ അവരുടെ മനസ്സ് അവരെ അനുവദിക്കുകയില്ല. അങ്ങനെ സൽകർമങ്ങളിലേക്ക് ക്ഷണിച്ചാൽ ഒഴികഴിവുകൾ പറഞ്ഞ് അതിൽനിന്നും പിന്തിരിഞ്ഞു നിൽക്കാനാണ് അവർക്കിഷ്ടം. പ്രവാചകനോടൊപ്പമുള്ള ധർമസമരത്തിൽനിന്നും മാറിനിൽക്കാൻ ഒഴികഴിവ് കണ്ടെത്തി അനുവാദം ചോദിച്ച സംശയാലുക്കളായ ഒരുകൂട്ടരെ അല്ലാഹു കുറ്റപ്പെടുത്തുന്നു:

يَسْتَـْٔذِنُكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أَن يُجَٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۗ وَٱللَّهُ عَلِيمُۢ بِٱلْمُتَّقِينَ ‎﴿٤٤﴾‏ إِنَّمَا يَسْتَـْٔذِنُكَ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱرْتَابَتْ قُلُوبُهُمْ فَهُمْ فِى رَيْبِهِمْ يَتَرَدَّدُونَ ‎﴿٤٥﴾

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവർ തങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾകൊണ്ടും സമരം ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും മനസ്സുകളിൽ സംശയം കുടികൊള്ളുകയും ചെയ്യുന്നവർ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം അവർ അവരുടെ സംശയത്തിൽ ആടിക്കളിച്ച് കൊണ്ടിരിക്കുകയാണ്. (ഖുര്‍ആൻ:9/44-45)

4. വ്യാമോഹങ്ങളിൽ വഞ്ചിതരാകൽ

സ്വന്തം ചെയ്തികളിൽ ആശ്ചര്യം പൂണ്ട് അഹന്തയും അസൂയയും ഉടലെടുക്കുന്നു. താൻ ചെയ്യുന്ന ഏത് അബദ്ധങ്ങളെയും സുബദ്ധങ്ങളായി ചിത്രീകരിക്കാൻ അവർ പാടുപെടും. ഇവിടെ ഉപയോഗിച്ച ‘ഗർറ’ എന്ന അറബി പദത്തിന്റെ അർഥത്തെ കുറിച്ച് ഇബ്‌നു കസീർ رحمه الله പറഞ്ഞത് ഇപ്രകാരമാണ്:

التغرير: إظهار الضار في صورة النافع بِتَمْوِيهٍ وسَفْسَطَةٍ

അത്തഗ്‌രീർ: വളച്ചൊടിച്ചും ദുർന്യായങ്ങളിലൂടെയും (മിഥ്യാബോധത്തിലൂടെയും) ദോഷകരമായ കാര്യത്തെ ഉപകാരപ്രദമായ കാര്യമായി ചിത്രീകരിക്കുക.’

وَالْأَمَانِى: وهِيَ مَا يَمُنُّونَ بِهِ أَنفُسَهُمْ مِّنَ الْبَاطِلِ. كَزَعْمِهِمْ أَنَّهُم مُصْلِحُونَ

‘വ്യാമോഹങ്ങൾ’ എന്ന അർഥം വരുന്ന ‘അമാനിയ്യി’നെ കുറിച്ച് ഇങ്ങനെ കാണാം: “നിരർഥകതയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൊതിക്കുന്നത്.’’ ഉദാ: തങ്ങൾ സൽപ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്ന വാദം പോലെ.

അതാണ് അല്ലാഹു പറഞ്ഞത്:

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ ‎﴿١١﴾‏ أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ ‎﴿١٢﴾‏ وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعْلَمُونَ ‎﴿١٣﴾‏

നിങ്ങൾ നാട്ടിൽ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, ഞങ്ങൾ സൽപ്രവർത്തനങ്ങൾ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാൽ യഥാർഥത്തിൽ അവർ തന്നെയാകുന്നു കുഴപ്പക്കാർ. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല. മറ്റുള്ളവർ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ ഈ മൂഢൻമാർ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നായിരിക്കും അവർ മറുപടി പറയുക. എന്നാൽ യഥാർഥത്തിൽ അവർതന്നെയാകുന്നു മൂഢൻമാർ. പക്ഷേ, അവരത് അറിയുന്നില്ല. (ഖുര്‍ആൻ:2/11-13)

സത്യവിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന അവരുടെ കാപട്യത്തെ ന്യായീകരിക്കാനായി തങ്ങൾ നന്മ മാത്രമെ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചതാണെന്നും അവർ വ്യാഖ്യാനിക്കും. അല്ലാഹു പറഞ്ഞു:

وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودًا ‎﴿٦١﴾‏ فَكَيْفَ إِذَآ أَصَٰبَتْهُم مُّصِيبَةُۢ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلَّآ إِحْسَٰنًا وَتَوْفِيقًا ‎﴿٦٢﴾‏ أُو۟لَٰٓئِكَ ٱلَّذِينَ يَعْلَمُ ٱللَّهُ مَا فِى قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِىٓ أَنفُسِهِمْ قَوْلَۢا بَلِيغًا ‎﴿٦٣﴾

അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങൾ വരൂ എന്ന് അവരോട് പറയപ്പെട്ടാൽ ആ കപടവിശ്വാസികൾ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞു പോകുന്നത് നിനക്ക് കാണാം. എന്നാൽ സ്വന്തം കൈകൾ ചെയ്തുവെച്ചതിന്റെ ഫലമായി അവർക്ക് വല്ല ആപത്തും ബാധിക്കുകയും അനന്തരം അവർ നിന്റെ അടുത്തു വന്ന് അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഞങ്ങൾ നൻമയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും? അത്തരക്കാരുടെ മനസ്സുകളിൽ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാൽ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവർക്ക് സദുപദേശം നൽകുകയും അവരുടെ മനസ്സിൽ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക. (ഖുര്‍ആൻ:4/61-63)

കാര്യങ്ങളെ അപഗ്രഥിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും തങ്ങൾ വിദഗ്ധരാണെന്നും തങ്ങളുടെ തീരുമാനമനുസരിച്ചാണ് കാര്യങ്ങളുടെ പര്യവസാനം എന്നുമുള്ള വ്യാമോഹവും അവർക്കുണ്ട്.

തുടക്കത്തിൽ സൂചിപ്പിച്ച സൂറതുൽ ഹദീദിലെ സൂക്തം അവസാനിക്കുന്നത് وَغَرَّكُم بِٱللَّهِ ٱلْغَرُورُ {അല്ലാഹുവിന്റെ കാര്യത്തിൽ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചുകളഞ്ഞു} എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് കപടവിശ്വാസികൾക്ക് വന്നെത്തിയ ഈ ദുരവസ്ഥ പരമവഞ്ചകനായ പിശാചിന്റെ വഞ്ചനയുടെ ഫലമാണ്. അതിനാൽ ആ പരമവഞ്ചകന്റെ വലയിൽ അകപ്പെടാതെ സൂക്ഷിക്കലാണ് അതിൽനിന്നും രക്ഷപ്പെടാനുള്ള മാർഗം. മറ്റൊരിടത്ത് അല്ലാഹു അത് ഉണർത്തി:

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. (ഖുര്‍ആൻ:31/33)

പിശാചിന്റെ വഞ്ചനയുടെ ഉദാഹരണമായി ബദ്ർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിച്ച ആയത്ത് കാണുക:

وَإِذْ زَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ

ഇന്ന് ജനങ്ങളിൽ നിങ്ങളെ തോൽപിക്കാൻ ആരും തന്നെയില്ല. തീർച്ചയായും ഞാൻ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പിശാച് അവർക്ക് അവരുടെ ചെയ്തികൾ ഭംഗിയായി തോന്നിച്ച സന്ദർഭവും (ഓർക്കുക). അങ്ങനെ ആ രണ്ടുസംഘങ്ങൾ കണ്ടുമുട്ടിയപ്പോൾ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീർച്ചയായും നിങ്ങൾ കാണാത്ത പലതും ഞാൻ കാണുന്നുണ്ട് തീർച്ചയായും ഞാൻ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞുകൊണ്ട് അവൻ (പിശാച്) പിൻമാറിക്കളഞ്ഞു. (ഖുര്‍ആൻ:8/48)

ഇതിന്റെ വ്യാഖ്യാനത്തിൽ അമാനി മൗലവി رحمه الله ഉണർത്തുന്നു: ക്വുറൈശികൾ ബദ്‌റിലേക്കു പുറപ്പെട്ടപ്പോൾ, കിനാനഃ ഗോത്രത്തിൽപെട്ട ബനൂബക്കർ ശാഖയിൽനിന്നു തങ്ങൾക്കു വല്ല അനിഷ്ടസംഭവങ്ങളും നേരിട്ടേക്കുമോ എന്നൊരു ഭയം അവർക്കുണ്ടായിരുന്നു. അവർ തമ്മിൽ മുമ്പു കഴിഞ്ഞിരുന്ന ഒരു യുദ്ധ വഴക്കായിരുന്നു അതിനു കാരണം. ഈ ഭയാശങ്ക ഉപയോഗപ്പെടുത്തിക്കൊണ്ട് ആ ശാഖയിലെ ഒരു നേതാവായിരുന്ന സുറാക്വത്തുബ്‌നു മാലികിന്റെ വേഷത്തിൽ ഇബ്‌ലീസ് അവരെ സമീപിച്ചു. അവരുടെ സംരംഭങ്ങളെ പ്രശംസിക്കുകയും ഞാൻ നിങ്ങളുടെ ഒന്നിച്ചുണ്ട്, നിങ്ങൾക്ക് ആരെയും ഭയപ്പെടേണ്ടതില്ല, വിജയം നിങ്ങൾക്കു തീർച്ചയാണ് എന്നൊക്കെപ്പറഞ്ഞു അവരെ ധൈര്യപ്പെടുത്തി അവരുടെ ഒപ്പം കൂടുകയും ചെയ്തു. അവർ മുസ്‌ലിംകളുമായി സമീപിച്ചപ്പോൾ, മലക്കുകളുടെ വരവ് ഇബ്‌ലീസു കണ്ടു. അതോടെ, ‘ഞാൻ നിങ്ങളിൽനിന്ന് ഇതാ ഒഴിഞ്ഞുമാറുന്നു, നിങ്ങൾക്കു കണ്ടുകൂടാത്തതു ഞാൻ കാണുന്നു. എനിക്കു വല്ല ആപത്തും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെടുന്നുണ്ട്’ എന്നൊക്കെ പറഞ്ഞുകൊണ്ട് അവൻ പിൻവാങ്ങിക്കളഞ്ഞു. ഇതാണ് ചുരുക്കം. (അമാനി മൗലവിയുടെ വിശുദ്ധ ക്വുർആൻ വിവരണം: സൂറത്തുൽ അൻഫാൽ: 48ന്റെ വ്യാഖ്യാനം)

അതുകൊണ്ട് തന്നെ കാപട്യത്തിന്റെ സ്വഭാവങ്ങളുടെ ഉത്ഭവമായ ഈ നാലെണ്ണത്തെ സ്വന്തം ജീവിതത്തിൽനിന്നും മാറ്റിനിർത്താൻ പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു അതിനായി അനുഗ്രഹിക്കട്ടെ!

 

മുഹമ്മദ് സിയാദ് കണ്ണൂർ

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *