മന്ത്രം ഇസ്ലാമിൽ

സൂറ : അല്‍ ഫലഖിലെ وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ (കെട്ടുകളില്‍ ഊതുന്നവരുടെ കെടുതിയില്‍നിന്നും) എന്ന ആയത്ത് വിശദീകരിച്ചതിന് ശഷം മുഹമ്മദ് അമാനി മൗലവി  رحمه الله  എഴുതുന്നു:

സിഹ്റുകാരെക്കൊണ്ടും മന്ത്രവാദക്കാരെക്കൊണ്ടുമുണ്ടാകുന്ന ദോഷങ്ങളും, അവര്‍ നടത്തുന്ന പൈശാചിക പ്രവര്‍ത്തനങ്ങളും അധികം വിസ്തരിച്ചു പറയേണ്ടതില്ല. രോഗം മാറ്റുവാന്‍, ഭാഗ്യം സിദ്ധിക്കുവാന്‍, അന്യന് ആപത്ത് നേരിടുവാന്‍, തമ്മില്‍ പിണക്കമുണ്ടാക്കുവാന്‍ – അങ്ങനെ പലതിന്റെ പേരിലും – ഹോമം, ജപം, മുട്ടറുക്കല്‍, ഉറുക്ക്, മന്ത്രം, ജോത്സ്യം എന്നിങ്ങനെ പലതും നടത്തി, അവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു. ‘അസ്മാഇന്റെ പണിക്കാര്‍’, ‘ത്വല്‍സമാത്തുകാര്‍’ എന്നിങ്ങനെയുള്ള അറബിപ്പേരുകളില്‍ അറിയപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നവര്‍ തന്നെ. ഇവര്‍ തങ്ങളുടെ മന്ത്രതന്ത്രങ്ങളില്‍ ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ മുതലായവയും കൂട്ടിക്കലര്‍ത്തുന്നതു കൊണ്ട് ഇതില്‍ നിന്നു ഒഴിവാകുന്നതല്ല. വേണമെങ്കില്‍, ഈ സൂറത്തു തന്നെയും ഓതിക്കൊണ്ട് കെട്ടുകളില്‍ മന്ത്രിക്കുന്നു. അവരുടെ കെടുതലില്‍ നിന്നുതന്നെ – അവരറിയാതെ – അവര്‍ അല്ലാഹുവില്‍ ശരണം തേടിയെന്നുവന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന അതേ രൂപത്തില്‍ തന്നെ അവര്‍ക്ക് പോലും അജ്ഞാതമായ ഏതോ ചില പേരുകള്‍ വിളിച്ചു പ്രാര്‍ത്ഥിക്കലും, അര്‍ത്ഥം ഗ്രാഹ്യമല്ലാത്ത വാക്കുകള്‍ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്‌ലിം നാമധാരികളായ അവിശ്വാസികള്‍ തങ്ങളുടെ പൂജാകര്‍മ്മങ്ങളില്‍ ചിലപ്പോള്‍ സൂറത്തു യാസീന്‍ പോലെയുള്ള ഖുര്‍ആന്റെ ഭാഗങ്ങളും തൗഹീദിന്റെ കലിമയും മറ്റും ഉരുവിട്ടെന്നും വരും. പാമരന്മാരെ വഞ്ചിക്കുവാന്‍ വേണ്ടി പിശാച് ആസൂത്രണം ചെയ്യുന്ന അതിസമര്‍ത്ഥമായ പകിട്ടു വിദ്യകളത്രെ ഇതെല്ലാം.

ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവും അവന്റെ റസൂലും നിര്‍ദേശിച്ചും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്രതന്ത്രങ്ങളും തെറ്റായതും, അവ മൂലം ഏര്‍പ്പെടാവുന്ന കെടുതികള്‍ വളരെ വമ്പിച്ചതുമാകുന്നു. ഇസ്‌ലാമില്‍ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാണ് എന്നിങ്ങനെയുള്ള ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ”. (അമാനി തഫ്സീര്‍)

മന്ത്രത്തിന്റെ കാര്യത്തിൽ പൊതുവേ ആളുകൾ മൂന്ന് തരക്കാരാണ്:

(1) മന്ത്രത്തെ അവഗണിക്കുന്നവർ : അവര്‍ എല്ലായ്പ്പോഴും ചെറിയ രോഗങ്ങൾക്കും പ്രയാസങ്ങൾക്കുംപോലും മരുന്നുകളെ മാത്രം ആശ്രയിക്കുന്നു. ഇസ്ലാമിൽ മന്ത്രമേയില്ല എന്നപോലെ.

(2) മന്ത്രത്തിന്റെ കാര്യത്തിൽ അതിരു വിടുന്നവർ :അവര്‍ എല്ലാത്തിനും മന്ത്രങ്ങളെ മാത്രം ആശ്രയിച്ച് സ്വയം പീഢിപ്പിക്കപ്പെടുന്നു. ഇസ്ലാമിൽ ചികിൽസയേയില്ല എന്നപോലെ. മറ്റ് ചിലര്‍ ഇസ്ലാം പഠിപ്പിച്ച മന്ത്രങ്ങളിൽ അറിഞ്ഞോ അറിയാതെ തൃപ്തിപ്പെടാതെ ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്ത മന്ത്രങ്ങളെ ആശ്രയിക്കുകയും അങ്ങനെ ബിദ്അത്തിൽ അകപ്പെട്ടു. ചിലര്‍ ശിര്‍ക്കിൽ അകപ്പെട്ട് മന്ത്രവാദത്തിൽ എത്തിച്ചേരുന്നു.

(3) മന്ത്രത്തെ യഥാവിധി സ്വീകരിച്ചവർ :അവര്‍ ഇത്തിബാഇന്റെ ആളുകളാണ്. ഇസ്ലാം പഠിപ്പിച്ച മന്ത്രങ്ങളിൽ മാത്രം അവര്‍ നിലകൊള്ളുന്നു. മന്ത്രത്തിലൂടെ അവര്‍ പരിഹാരം കണ്ടെത്തുന്നു, ചികിൽസിക്കേണ്ടതിന് ചികിൽസിക്കുകയും ചെയ്യുന്നു.

മന്ത്രത്തിന്റെ പ്രാധാന്യം

ശൈഖ് സ്വാലിഹ് ആലുശൈഖ് حَفِظَهُ اللَّهُ പറയുന്നു: റുഖ്‌യ എന്ന വിഷയം പ്രധാനപ്പെട്ടതാണ്. നിങ്ങളിൽ എല്ലാ ഓരോരുത്തർക്കും അതിന്റെ പ്രാധാന്യം വളരെ വ്യക്തമാണ്. എന്തെന്നാൽ, ഒരു മുസ്‌ലിം എല്ലായ്പ്പോഴും ‘റുഖ്‌യ’ ആവശ്യമുള്ളവനാണ്. അതായത്, തനിക്കു വേണ്ടിയും തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടിയും അഭയതേട്ടത്തിനു വേണ്ടി. നബി ﷺ ചെയ്തിരുന്നതു പോലെ. അവിടുന്ന് മുഅവ്വിദതൈനി (സൂറഃ ഫലഖും നാസും) ഓതുകയും തന്റെ ഉള്ളൻ കൈയിൽ ഊതുകയും ആ കൈകൊണ്ട് തന്റെ തലയും മുഖവും ശരീരത്തിൽ നിന്നും കഴിയുന്നത് ഭാഗവും തടവുകയും ചെയ്യും. തന്റെ പ്രിയപ്പെട്ടവർക്ക് പരീക്ഷണങ്ങൾ (രോഗങ്ങൾ) വരുന്നതിനു മുമ്പ് അവ തടയുവാൻ വേണ്ടിയുള്ള അഭയതേട്ടത്തിനും പിശാചുക്കൾ മനുഷ്യരുടെ മേൽ സ്വാധീനം ചെലുത്തുന്നതിൽ നിന്നും അവർക്കുള്ള പ്രതിരോധമായും സംരക്ഷണമായും “റുഖ്‌യ’ നിങ്ങൾക്കെപ്പോഴും ആവശ്യമാണ്.

ശറഇൽ അംഗീകരിക്കപ്പെട്ട മന്ത്രവും വിരോധിക്കപ്പെട്ട മന്ത്രവും പരസ്‌പരം കൂടിക്കലർന്നിട്ടുണ്ട്. അതായത്, ശറഇയ്യായ മന്ത്രം അനാചാരങ്ങൾ കലർന്ന മന്ത്രത്തോടും എന്നല്ല, ശിർക്ക് കലർന്ന മന്ത്രത്തോടു പോലും കൂടിക്കലർന്നിരിക്കുന്നു എന്നതും ഒരു മുസ്ലിം ‘റുഖ്‌യ’ യെ കുറിച്ച് അറിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. (അതുപോലെത്തന്നെ) ശിർക്കിലേക്കുള്ള ധാരാളം മാർഗങ്ങൾ മുസ്‌ലിം രാജ്യങ്ങളിൽ പ്രചരിച്ചത്, ശരിയായ ചികിത്സ അറിയാത്ത മുറിവൈദ്യന്മാർ മുഖേനയും മരുന്നുകൾ കൊണ്ടും ഖുർആൻ കൊണ്ടും ചികിത്സിക്കുന്നവർ വഴിയുമാണ് എന്നതും ഈ വിഷയത്തിന്റെ പ്രാധാന്യം വെളിവാക്കുന്നുണ്ട്. ഇവരിൽ (മേൽ പറഞ്ഞ ചികിത്സക്കാരിൽ) മായാജാലക്കാരും ജിന്നുകളെയും ജിന്നുപിശാചുക്കളെയും ഉപയോഗിക്കുന്നവരും ഉണ്ട്. അല്ലാഹുവിൽ അഭയം.

ഈ വിഷയം തൗഹീദുമായും അക്വീദയുമായും ബന്ധപ്പെട്ടതാണ്. അതിനാൽ ഇതിനെ കുറിച്ചുള്ള അറിവ് ഓരോ മുസ്ലിമും അനിവാര്യമായും അറിയാൻ അതിയായി ആഗ്രഹിക്കേണ്ട കാര്യങ്ങളിൽ പെട്ടതാണ്. ഈ വിഷയത്തിൽ അല്ലാഹുവിന്റെ തീരുമാനം (വിധി) എന്താണെന്ന് അറിയാൻ വേണ്ടി അന്വേഷിക്കലും ഓരോ മുസ്ലിമിനും അനിവാര്യമാണ്. (അർറുക്വാ വഅഹ്കാമുഹാ, പുറം: 3-4)

റസൂല്‍ ﷺ തിരുമേനി ചരമം പ്രാപിച്ച രോഗത്തില്‍ അവിടുന്നു ഇഖ്‌ലാസ്വ്, ഫലഖ്, നാസ് എന്നീ മൂന്നു സൂറത്തുകള്‍ (المعوذات) ഓതി ദേഹത്തില്‍ ഊതിരിയിരുന്നുവെന്നും, രോഗം ശക്തിയായപ്പോള്‍ താന്‍ അവ ഓതി തിരുമേനി ﷺയുടെ കയ്യില്‍ ഊതി ആ കൈകൊണ്ട് തടവികൊടുക്കാറുണ്ടായിരുന്നുവെന്നും ആയിശാ  رضي الله عنها  പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. രോഗികളെ ഈ സൂറത്തുകള്‍ ഓതി മന്ത്രിക്കാമെന്ന് ഇതില്‍ നിന്ന്‍ വ്യക്തമാണ്. അനുവദനീയമെന്നും, അനുവദനീയമല്ലാത്തതെന്നും വ്യത്യാസം കാണാതെ, ഇസ്‌ലാമില്‍ മന്ത്രത്തിനു സ്ഥാനമേ ഇല്ലെന്നു ചിലര്‍ പറയാറുള്ളത് ശരിയല്ലെന്ന് ഈ ഹദീസും, ഇതുപോലെയുള്ള മറ്റു പല ഹദീസുകളും സംശയത്തിന്നിടമില്ലാത്തവിധം സ്പഷ്ടമാക്കുന്നു. ഹദീസുകളില്‍ വന്നിട്ടുള്ള മന്ത്രങ്ങള്‍ പരിശോധിച്ചാല്‍, അവയെല്ലാം കേവലം അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനകളാണെന്ന് കാണാവുന്നതാണ്. (അമാനി തഫ്സീര്‍ – സൂറ:ഫലഖ്)

മന്ത്രവുമായി ബന്ധപ്പെട്ട തെളിവുകൾ

عن عائشة رضي الله عنها : أن رسول الله صلى الله عليه وسلم دخل عليها وامرأة تعالجها أو ترقيها ، فقال : عالجيها بكتاب الله

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ അവരുടെ അടുക്കൽ പ്രവേശിച്ചു. അവർക്ക് ഒരു സ്ത്രീ ചികിൽസിക്കുകയോ മന്ത്രിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ അവരെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് ചികിൽസിക്കുക. (ഇബ്നു ഹിബ്ബാൻ)

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി رحمه الله പറയുന്നു:

وفي الحديث مشروعيَّة الترقية بكتاب الله تعالى ونحوه ممَّا ثبت عن النبيِّ صلى الله عليه وآله وسلم من الرُّقى

അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ടും അതുപോലെ നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുള്ള മന്ത്രങ്ങൾ കൊണ്ടും മന്ത്രം നടത്തൽ ശറഇൽ അംഗീകൃതമാണെന്ന് ഈ ഹദീസിലുണ്ട്. السلسلة الصحيحة (4/ 566) رقم: (1931).

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا مَرِضَ أَحَدٌ مِنْ أَهْلِهِ نَفَثَ عَلَيْهِ بِالْمُعَوِّذَاتِ

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ തന്റെ കുടുംബത്തിൽ ആർക്കെങ്കിലും രോഗം വന്നാൽ മുഅവ്വിദാത്ത് ഓതി മന്ത്രിക്കുമായിരുന്നു. (മുസ്ലിം:2192)

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നു:

وفي هذا الحديث استحباب الرقية بالقرآن وبالأذكار ، وإنما رقى بالمعوذات لأنهن جامعات للاستعاذة من كل المكروهات جملة وتفصيلا ،

ഖുർആൻ കൊണ്ടും ദിക്റ് കൊണ്ടും മന്ത്രം നടത്തൽ നല്ലതാണെന്ന് ഈ ഹദീസിലുണ്ട്. നബി ﷺ മുഅവ്വിദാത്ത് കൊണ്ട് മന്ത്രിച്ചത് ആ സൂറത്തുകൾ എല്ലാ വിഷമതകളിൽ നിന്നും – പൊതുവായും വിശദമായുമുള്ള – രക്ഷ തേടൽ ഉൾക്കൊള്ളുന്നത് കൊണ്ടാണ്. (ശർഹു മുസ്ലിം:7/438)

عَنْ أَبِي سَعِيدٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَعَوَّذُ مِنَ الْجَانِّ وَعَيْنِ الإِنْسَانِ حَتَّى نَزَلَتِ الْمُعَوِّذَتَانِ فَلَمَّا نَزَلَتَا أَخَذَ بِهِمَا وَتَرَكَ مَا سِوَاهُمَا ‏.‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘മുഅവ്വിദതാനി അവതരിക്കുന്നത് വരെ നബി ﷺ ജിന്നുകളില്‍ നിന്നും, മനുഷ്യന്റെ കണ്ണേറില്‍ നിന്നും (അല്ലാഹുവിനോടു) കാവൽ തേടാറുണ്ടായിരുന്നു. പിന്നീട് അവ (ആ സൂറത്തുകള്‍) സ്വീകരിക്കുകയും മറ്റുള്ളവ (മറ്റു വാചകങ്ങളില്‍ ഉള്ള കാവൽ തേടല്‍) വിട്ടുകളയുകയും ചെയ്തു. (തിര്‍മിദി:2058)

ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി  رحمه الله പറഞ്ഞു: ‘മറ്റുള്ള ‘തഅവ്വുദു’ (ശരണം തേടല്‍)കളൊന്നും പാടില്ലെന്നു ഈ ഹദീസുകൊണ്ട് വരുന്നില്ല. പക്ഷേ, ഇവകൊണ്ടുള്ള തേട്ടമാണ് കൂടുതല്‍ നല്ലത്. ഇവയല്ലാത്തതുകൊണ്ടുള്ള ശരണം തേടല്‍ ഉണ്ടായിട്ടുണ്ടുതാനും.എല്ലാവിധ കെടുതികളില്‍ നിന്നുമുള്ള രക്ഷതേടല്‍ മൊത്തത്തിലും വിശദരൂപത്തിലും ഈ രണ്ടു സൂറത്തുകളില്‍ അടങ്ങിയിരിക്കുന്നതാണ് നബി ﷺ അവകൊണ്ടു മതിയാക്കുവാന്‍ കാരണം. (ഫത്ഹുൽബാരി)

മ‌ന്ത്ര‌ത്തിന്റെ നി‌ബ‌ന്ധ‌ന‌കൾ

قال السيوطي رحمه الله : قد أجمع العلماء ‌على ‌جواز ‌الرقى ‌عند اجتماع ثلاثة شروط: أن تكون بكلام الله أو بأسمائه وصفاته، وباللسان العربي وما يعرف معناه، وأن يعتقد أن الرقية لا تؤثر بذاتها بل بتقدير الله تعالى

ഇ‌മാം സു‌യൂ‌ത്വി رحمه الله പ‌റ‌ഞ്ഞു: മ‌ന്ത്ര‌ങ്ങൾ അ‌നു‌വ‌ദനീ‌യ‌മാ‌കു‌വാൻ മൂ‌ന്ന്‌ നി‌ബ‌ന്ധ‌ന‌കൾ വേ‌ണം എ‌ന്ന‌തിൽ പ‌ണ്ഡി‌ത‌ന്മാർ യോ‌ജി‌ച്ചി‌രി‌ക്കു‌ന്നു.

(1) മ‌ന്ത്രം അ‌ല്ലാ‌ഹു‌വി‌ന്റെ ക‌ലാം (ഖുർ‌ആൻ) കൊ‌ണ്ട്‌ ആ‌വുക. അ‌ല്ലെ‌ങ്കിൽ അ‌ല്ലാ‌ഹുവി‌ന്റെ നാ‌മ‌വി‌ശേ‌ഷ‌ണ‌ങ്ങൾ (അ‌സ്‌‌മാ‌ഉ വസ്സ്വി‌ഫാ‌ത്‌) കൊ‌ണ്ടാ‌വു‌ക.

(2) ഉ‌രു‌വി‌ടു‌ന്ന മ‌ന്ത്ര‌ങ്ങൾ വ്യ‌ക്ത‌മാ‌യ അ‌റ‌ബി‌യിൽ (അർ‌ത്ഥം വ്യ‌ക്ത‌മാ‌യി മ‌ന‌സ്സി‌ലാ‌വു‌ന്ന ഭാ‌ഷ‌യിൽ) ആ‌യി‌രി‌ക്കു‌ക‌യും, അ‌തി‌ന്റെ ആ‌ശ‌യ‌ങ്ങൾ അ‌റി‌യു‌ക‌യും ചെ‌യ്യു‌ക. (*)

(3) അ‌ല്ലാ‌ഹു മാ‌ത്ര‌മാണ്‌ രോ‌ഗം സു‌ഖ‌മാ‌ക്കു‌ന്ന‌ത്‌. അ‌ത‌ല്ലാ‌തെ മ‌ന്ത്ര‌ത്തി‌നോ (മ‌ന്ത്രി‌ക്കു‌ന്ന‌വ‌നോ, ഡോ‌ക്‌‌ടർ‌ക്കോ) സ്വ‌യം സ്വാ‌ധീ‌നി‌ച്ച്‌ ഒ‌രു രോ‌ഗ‌വും മാ‌റ്റു‌വാൻ സാ‌ധി‌ക്കു‌ക‌യി‌ല്ല എ‌ന്ന‌ത്‌ വി‌ശ്വ‌സിക്കു‌ക‌യും ചെ‌യ്യു‌ക. (ഫത്‌ഹുൽ മജീദ് പേജ്:142, ദാറുസ്സലാം – റിയാദ് 1424)

(*) ഇബ്നു ഹജര്‍ അസ്ഖലാനി  رحمه الله ഇപ്രകാരമാണ് പറഞ്ഞത്:

وَبِاللِّسَانِ الْعَرَبِيِّ أَوْ بِمَا يُعْرَفُ مَعْنَاهُ مِنْ غَيْرِهِ

അറബിഭാഷയിലോ അര്‍ത്ഥം അറിയാവുന്ന മറ്റു ഭാഷയിലോ ആയിരിക്കുക. (ഫത്ഹുൽബാരി)

മുഹമ്മദ് അമാനി മൗലവി  رحمه الله ഇതിനെ കുറിച്ച് എഴുതുന്നു: മന്ത്രങ്ങള്‍ അറബിയിലോ അര്‍ത്ഥം അറിയാവുന്ന ഭാഷയിലോ ആയിരിക്കണമെന്ന് ഇബ്നു ഹജര്‍ അസ്ഖലാനി  رحمه الله പറഞ്ഞുവല്ലോ. അറബി അറിയാത്തവരെ സംബന്ധിച്ച് മന്ത്രം അറബിയിലായാല്‍ മതി എന്ന് ഇതിന്നര്‍ത്ഥമാക്കികൂടാ. അറബികളെ സംബന്ധിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് . അറബികള്‍ക്ക് ആ ഭാഷ അറിയാതിരിക്കയില്ലല്ലോ. പക്ഷേ മന്ത്രിക്കുന്ന വാക്യങ്ങള്‍ ഖുര്‍ആനിലോ ഹദീസിലോ ഉള്ളതാണെങ്കില്‍ അര്‍ത്ഥം അറിയാത്തവര്‍ക്കും അത് ഉപയോഗത്തിന് വിരോധമില്ല. എങ്കിലും ശരിയായ ഫലം ലഭിക്കുവാന്‍ അര്‍ത്ഥം അറിഞ്ഞിരിക്കല്‍ ആവശ്യമാണു താനും. മന്ത്രങ്ങള്‍ അര്‍ത്ഥം അറിയുന്നതോ , ഖുര്‍ആനിലോ ഹദീസിലോ വന്നതോ ആയിരിക്കണമെന്നു നിബന്ധന ഉണ്ടാവാന്‍ പ്രധാന കാരണം സാധാരണ മന്ത്രങ്ങളില്‍ കുറ്റകരമോ അനിസ്ലാമികമോ ആയ ഭാഗങ്ങളുണ്ടാകാറുണ്ടെന്നുള്ളതാണ്. അഥവാ ഇല്ലെന്നു വന്നാല്‍ പോലും, അര്‍ത്ഥം അറിയാത്ത വാക്കുകള്‍ ഉരുവിടുന്നതില്‍ എന്താണ് പ്രയോജനമുള്ളത്? അസ്ഖലാനി (رحمه الله) ചൂണ്ടിക്കാട്ടിയതു പോലെ സൂ: ഫലഖിലും നാസിലും ഉള്ളതല്ലാത്ത മറ്റു വാചകങ്ങള്‍ ഉപയോഗിച്ച് ശരണം തേടുകയോ, മന്ത്രിക്കുകയോ ചെയ്യുന്നതിനു വിരോധമില്ലെന്നും, വിരോധിക്കപ്പെട്ടിരിക്കുന്നത് ഏതു തരത്തിലുള്ള മന്ത്രങ്ങളാണെന്നും താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്.

عَوْفِ بْنِ مَالِكٍ الأَشْجَعِيِّ، قَالَ كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا يَا رَسُولَ اللَّهِ كَيْفَ تَرَى فِي ذَلِكَ فَقَالَ ‏ : اعْرِضُوا عَلَىَّ رُقَاكُمْ لاَ بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ ‏

ഔഫുബ്നു മാലിക് رَضِيَ اللَّهُ عَنْهُ പ്രസ്താവിക്കുന്നു: ഞങ്ങള്‍ ‘ജാഹിലിയ്യത്തില്‍’ (ഇസ്‌ലാമിനു ‌‍മുമ്പ്) മന്ത്രം നടത്താറുണ്ടായിരുന്നു. ഞങ്ങള്‍ റസൂല്‍  ﷺ തിരുമേനിയോടു അതിനെപ്പറ്റി അവിടുന്നു എന്താണ് അഭിപ്രായപ്പെടുന്നത് എന്ന് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിങ്ങളുടെ മന്ത്രം എനിക്ക് കാട്ടിത്തരുവിന്‍, (ഞാന്‍ ഒന്ന് പരിശോധിക്കട്ടെ). മന്ത്രത്തില്‍ ശിര്‍ക്കൊന്നുമില്ലെങ്കില്‍ അതിന് തരക്കേടില്ല’. (മുസ്ലിം:2200)

ഇസ്‌ലാമിനു മുമ്പുണ്ടായിരുന്ന മന്ത്രങ്ങള്‍ ശിര്‍ക്ക് കലര്‍ന്നതായിരുന്നതു കൊണ്ടാണ് നബി ﷺ അങ്ങനെ പറഞ്ഞത് . അതു കൊണ്ടുതന്നെയാണ് മറ്റൊരു ഹദീസില്‍ നബി ﷺ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നതും :

إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ ‏‏

‘നിശ്ചയമായും, മന്ത്രവാദങ്ങളും, ‘തമീമത്തു’കളും, ‘തിവലത്തും’ ശിര്‍ക്കാകുന്നു.’ (ദാ; ജ; ഹാ.).

കാവലിനും രക്ഷക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന ഉറുക്കു, കവചം മുതലായവയാണ് ‘തമീമത്തും തിവലത്തും’ (التولة والتمائم) ഇതിന്റെ മുമ്പുദ്ധരിച്ച ഹദീസിലും മറ്റും അനുവദിച്ചതല്ലാത്ത എല്ലാതരം മന്ത്രങ്ങളും ഉറുക്ക്, കവചം, ഐക്കല്‍ മുതലായ എല്ലാ ശരണവകുപ്പുകളും അനുവദനീയമല്ലാത്തതാണെന്ന് ഈ ഹദീസില്‍ നിന്നു മനസ്സിലാക്കാമല്ലോ.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ ‏ “‏ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ، أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ‏”‏‏.‏

ഹസന്‍ رَضِيَ اللَّهُ عَنْهُ, ഹുസൈന്‍ رَضِيَ اللَّهُ عَنْهُ എന്നിവര്‍ക്ക് വേണ്ടി നബി ﷺ ഇപ്രകാരം ശരണം തേടിയിരുന്നതായി ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പ്രസ്താവിച്ചിരിക്കുന്നു:

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ

എല്ലാ പിശാചില്‍ നിന്നും, എല്ലാ വിഷജന്തുക്കളില്‍ നിന്നും ദുഷ്ടക്കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണ വചനങ്ങള്‍ മുഖേന ഞാന്‍ നിങ്ങള്‍ക്ക് ശരണം തേടുന്നു.)

എന്നിട്ട് തിരുമേനി ﷺ ഇങ്ങനെ പറയുകയും ചെയ്തിരുന്നു : നിങ്ങളുടെ പിതാവ് (ഇബ്രാഹിം നബി  തന്റെ മക്കളായ) ഇസ്മാഈലിനും ഇസ്ഹാഖിനും عليهم السلام ഇപ്രകാരം ശരണം തേടിയിരുന്നു. (ബുഖാരി) (അമാനി തഫ്സീര്‍ – സൂറ:ഫലഖ്)

മ‌ന്ത്ര‌ത്തിന്റെ രൂപങ്ങൾ

മന്ത്രങ്ങൾ വിവിധ രീതിയിൽ നിര്‍വ്വഹിക്കാൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ നമുക്ക് നിര്‍വ്വഹിക്കാവുന്നതാണ്. അതിൽ പ്രധാനപ്പെട്ടത് കാണുക:

(1) കേവല മന്ത്രം : നബി ﷺ രോഗികളെ സന്ദര്‍ശിക്കുമ്പോൾ സന്ദര്‍ശിക്കുമ്പോൾ സാധാരണ പറയാറുള്ളതുപോലെ:

اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَاسَ، اشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلاَّ شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا

അല്ലാഹുവേ, മനുഷ്യരുടെ റബ്ബേ! വിഷമം നീക്കിത്തരേണമേ; ഇദ്ദേഹത്തെ സുഖപ്പെടുത്തുകയും വേണമേ. നീയാണ് സുഖപ്പെടുത്തുന്നവന്‍. നീ നല്‍കുന്ന സുഖമല്ലാതെ സുഖമില്ല. യാതൊരു രോഗവും അവശേഷിക്കാത്തവണ്ണം സുഖം നല്‍കണേ. (ബുഖാരി:5743)

(2) മന്ത്രിച്ച് ഊതുക

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ رَسُولَ اللَّهِ -ﷺ- كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا.

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ അസുഖമായാൽ ‘മുഅവ്വിദാതുകൾ’(സൂ: ഇഖ്‌ലാസ്വും, ഫലഖും, നാസും) സ്വയം പാരായണം ചെയ്യുകയും (ശേഷം ശരീരത്തിൽ) ഊതുകയും ചെയ്യുമായിരുന്നു. അവിടുത്തേക്ക് വേദന കഠിനമായപ്പോൾ ഞാൻ അവ പാരായണം ചെയ്യുകയും, അവിടുത്തെ കൈകൾ കൊണ്ട് തടവിക്കൊടുക്കുകയും ചെയ്യുമായിരുന്നു; (നബി ﷺ യുടെ കൈകളുടെ) ബറകത് പ്രതീക്ഷിച്ചു കൊണ്ട്. (ബുഖാരി: 5016)

(3) മന്ത്രിക്കുന്നതോടൊപ്പം രോഗമുള്ള ഭാഗത്ത് കൈ വെച്ച് തടവുക

عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِيِّ، أَنَّهُ شَكَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَجَعًا يَجِدُهُ فِي جَسَدِهِ مُنْذُ أَسْلَمَ ‏.‏ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ وَقُلْ بِاسْمِ اللَّهِ ‏.‏ ثَلاَثًا ‏.‏ وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ‏”‏ ‏.‏

ഉസ്മാൻ ബ്നു അബുൽ ആസ്വ് അഥഖഫിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ധഹം താൻ മുസ്ലീം ആയിത്തീർന്ന സമയത്ത് ശരീരത്തിൽ അനുഭവപ്പെട്ട വേദനയെ കുറിയിച്ച്  ന‌ബി ﷺ‌ യോട് പറഞ്ഞപ്പോൾ   ന‌ബി ﷺ‌  പ‌റ‌ഞ്ഞു: “ശ‌രീ‌ര‌ത്തിൽ വേ‌ദ‌ന അ‌നു‌ഭ‌വ‌പ്പെ‌ടു‌ന്ന ഭാ‌ഗ‌ത്ത്‌ കൈ‌വെ‌ക്കു‌ക, എ‌ന്നി‌ട്ട്‌ മൂ‌ന്ന്‌ പ്രാവശ്യം പ‌റ‌യു‌ക:(ബി‌സ്‌‌മി‌ല്ലാ‌ഹ്‌) “അല്ലാഹു‌വി‌ന്റെ നാ‌മ‌ത്തിൽ” ശേ‌ഷം ഏ‌ഴ് പ്രാവശ്യം ഇപ്രകാരം പ‌റ‌യു‌ക:

أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ

അ‌ഊ‌ദു ബി‌ല്ലാ‌ഹി വ ഖു‌ദ്‌‌റ‌തി‌ഹി മിൻ ശർ‌രി മാ അ‌ജി‌ദു വ ഉ‌ഹാ‌ദി‌റു

എ‌നി‌ക്ക‌നു‌ഭ‌വ‌പ്പെ‌ടു‌ന്ന‌തും ഞാൻ ഭ‌യ‌പ്പെ‌ടു‌ന്ന‌തു‌മാ‌യ രോ‌ഗ‌ത്തി‌ന്റെ ഉ‌പ‌ദ്ര‌വ‌ത്തിൽ നി‌ന്ന്‌ അല്ലാഹു‌വി‌ലും അ‌വ‌ന്റെ ക‌ഴി‌വി‌ലും ഞാൻ അ‌ഭ‌യം തേ‌ടു‌ന്നു. (മുസ്‌ലിം: 2202)

(4) ചികിൽസയും മന്ത്രവും കൂട്ടിയിണക്കൽ

عَنْ علي بن أبي طالب رَضِيَ اللَّهُ عَنْه قَالَ: بينا رسولُ اللهُ – صلَّى اللهُ عليهِ وسلَّمَ – ذاتَ ليلةٍ يصلِّي، فوضع يدَهُ على الأرضِ، فلدغتهُ عقربٌ، فناولها رسولُ اللهِ – صلَّى اللهُ عليهِ وسلَّمَ – بنعلهِ فقتلَها، فلما انصرفَ قال : لعن اللهُ العقربَ، ما تدعُ مُصليًا ولا غيرَهُ – أو نبيًا أو غيرَهُ -، ثمَّ دعا بملحٍ وماءٍ، فجعلهُ في إناءٍ، ثمَّ جعل يصبُّهُ على أصبعهِ حيثُ لدغَتهُ ويمسحُها، ويعوِّذُها بالمعوِّذتينِ .

അലിയ്യ് ബ്നു അബൂത്വാലിബ് رضي الله عنه  വില്‍ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: ഒരിക്കൽ രാത്രി നമസ്‌കരിച്ചു കൊണ്ടിരിക്കെ സുജൂദിൽ നിലത്ത് കൈ വെച്ചപ്പോൾ നബി ﷺ യെ ഒരു തേൾ കുത്തി. അവിടുന്ന് ചെരിപ്പെടുത്ത് അതിനെ കൊന്നു. നമസ്കാര ശേഷം ഇപ്രകാരം പറഞ്ഞു: “അല്ലാഹു തേളിനെ ശപിക്കട്ടെ! നമസ്കരിക്കുന്നയാളെയും അല്ലാത്തവനെയും നബിയെയും നബി അല്ലാത്തവരെയും അത് വിടുന്നില്ലല്ലോ?” പിന്നീട് വെള്ളവും ഉപ്പും കൊണ്ടു വരാൻ പറഞ്ഞു. എന്നിട്ട് നബി ﷺ  അതൊരു പാത്രത്തിലാക്കി. എന്നിട്ട് സൂറത്തുൽ ഫലഖും സൂറത്തുന്നാസും ഓതിക്കൊണ്ട് തേൾ കുത്തിയ വിരലിൻമേൽ തടവുകയും ഉപ്പു കലർത്തിയ വെള്ളം ഒഴിക്കുകയും ചെയ്‌തു. (അസ്സ്വഹീഹ: 548, മുസ്വന്നഫ് ഇബ്നു അബീശൈബ-5/440, ബൈഹഖിയുടെ ശുഅബുൽ ഈമാൻ-2471)

ന്ത്രം ഫലപ്പെടാനുള്ള മാര്‍ഗങ്ങൾ

മന്ത്രം ഫലപ്പെടാനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

(1) ഇഖ്‌ലാസ് കാത്തുസൂക്ഷിക്കുക, സ്വയം മന്ത്രിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് മന്ത്രിക്കുമ്പോഴും. മറ്റുള്ളവര്‍ക്ക് മന്ത്രിക്കുമ്പോൾ പണമോ പ്രശസ്തിയോ ഉദ്ദേശിക്കാതിരിക്കുക.

(2) യഖീൻ (ഉറച്ച ബോധ്യം) ഉണ്ടായിരിക്കുക. അതായത് മന്ത്രത്തിലൂടെ അല്ലാഹു ശിഫാഅ് ചെയ്യുമെന്ന ഉറച്ച ബോധ്യം.

(3) മന്ത്രം ഇസ്ലാം പഠിപ്പിച്ചതായിരിക്കണം, ഖുർആനിലും സുന്നത്തിലും പഠിപ്പിക്കപ്പെട്ടതുപോലെ.

മറ്റൊരാൾക്ക് മന്ത്രിച്ച് കൊടുക്കാം

മറ്റൊരാൾക്ക് മന്ത്രിച്ച് കൊടുക്കൽ അനുവദനീയമാണ്.

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يُعَوِّذُ بَعْضَ أَهْلِهِ، يَمْسَحُ بِيَدِهِ الْيُمْنَى وَيَقُولُ ‏ : اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَاسَ، اشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلاَّ شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ തന്റെ കുടുംബക്കാരെ  ചികിത്സിക്കാറുണ്ടായിരുന്നു, അസുഖമുള്ള ഭാഗത്ത് വലതുകൈ വെച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമായിരുന്നു:

اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَاسَ، اشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلاَّ شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا

അല്ലാഹുവേ, മനുഷ്യരുടെ റബ്ബേ! വിഷമം നീക്കിത്തരേണമേ; ഇവനെ സുഖപ്പെടുത്തുകയും വേണമേ. നീയാണ് സുഖപ്പെടുത്തുന്നവന്‍. നീ നല്‍കുന്ന സുഖമല്ലാതെ സുഖമില്ല. യാതൊരു രോഗവും അവശേഷിക്കാത്തവണ്ണം സുഖം നല്‍കണേ. (ബുഖാരി:5743)

അപ്പോൾ ഒരാൾ നമ്മെ ഇങ്ങോട്ട് മന്ത്രിക്കുകയാണെങ്കിൽ അത് സ്വീകരിക്കലും അനുവദനീയമാണ്.

عَنْ أَبِي سَعِيدٍ، أَنَّ جِبْرِيلَ، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا مُحَمَّدُ اشْتَكَيْتَ فَقَالَ ‏ نَعَمْ ‏” قَالَ بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ ‌‏

അബൂ സഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം:   ഒരിക്കൽ  ജിബ്രീൽ നബി ﷺ യെ സമീപിച്ച് കൊണ്ട് ചോദിച്ചു. മുഹമ്മദ്, താങ്കൾ രോഗബാധിതനാണോ? അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞപ്പോൾ ജിബ്രീൽ മന്ത്രിച്ചു: “അല്ലാഹുവിന്റെതിരുനാമത്തിൽ, താങ്കളെ ഉപദ്രവിക്കുന്ന സകല വസ്തുക്കളിൽ നിന്നും ജീവ ജാലങ്ങളുടെ ഉപദ്രവത്തിൽ നിന്നും അസൂയാലു വിന്റെ ദൃഷ്ടിയിൽ നിന്നും ഞാൻ താങ്കളെ മന്ത്രിക്കുന്നു. അല്ലാഹു താങ്കൾക്ക് സൗഖ്യം പ്രദാനം ചെയ്യട്ടെ. അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു’…(മുസ്ലിം: 2186)

എന്നാൽ മറ്റുള്ളവരോട് എനിക്ക് മന്ത്രിച്ച് നൽകൂ എന്ന് ആവശ്യപ്പെടാതിരിക്കലാണ് നല്ലത്. കാരണം  വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളുടെ ഗുണമായി നബി ﷺ അറിയിച്ചത് ഇപ്രകാരമാണ്.

قَالَ هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ وَلَا يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ

നബി ﷺപറഞ്ഞു: അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) റുഖ്‌യ (മന്ത്രം) ചെയ്യാൻ ആവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. (ബുഖാരി:5705)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *