ഭാഷാപരമായി “അക്വീദ” എന്നാല്‍ ദൃഢത, ഉറപ്പ്, സ്ഥിരപ്പെട്ടത്, ഭദ്രമായത് എന്നൊക്കെയാണ് അര്‍ഥം. അക്വീദ ‘അക്വ്ദ്’ എന്ന ക്രിയാനാമത്തില്‍ നിന്നുമുണ്ടായതാണ്. കെട്ടിയിടുക, ഉറപ്പിക്കുക, ശക്തിപ്പെടുത്തുക എന്നൊക്കെയാണ് ‘അക്വദ’ യുടെ അര്‍ഥം. ‘ഇഅ്തഖ്ദതു’ എന്ന് പറഞ്ഞാൽ ‘എന്റെ മനസ്സിനെ ഞാൻ ഒരു വസ്‌തുവുമായി ബന്ധിപ്പിച്ചു’ എന്നർത്ഥം.

ഇതില്‍ നിന്നാണ് വിവാഹക്കരാര്‍ എന്ന (ഉക്വ്ദത്തുന്നികാഹ്) പ്രയോഗം ഉണ്ടായത്. അതുപോലെയാണ് വിശ്വാസക്കരാര്‍ എന്നതും (ഉക്വ്ദത്തുല്‍ യമീന്‍) ഉണ്ടായത്. ഈ പ്രയോഗം ക്വുര്‍ആനില്‍ കാണാവുന്നതാണ്:

لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ

ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത് ശപഥങ്ങളഉടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. (ഖുർആൻ:5/89)

وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَٰبُ أَجَلَهُۥ

നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്‌. (ഖുർആൻ:2/235)

أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ

അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്) (മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. (ഖുർആൻ:2/237)

മൂസാ നബിയുടെ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം:

وَٱحْلُلْ عُقْدَةً مِّن لِّسَانِى

എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. (ഖുർആൻ:20/27)

മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

وَٱلَّذِينَ عَقَدَتْ أَيْمَٰنُكُمْ فَـَٔاتُوهُمْ نَصِيبَهُمْ

നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക.(ഖുർആൻ:4/33)

ചുരുക്കിപ്പറഞ്ഞാല്‍ ‘സംശയത്തിനിടയില്ലാത്ത വിധി’ക്കാണ് ഭാഷയില്‍ അക്വീദ എന്ന് പറയുക. മതത്തില്‍ ‘അക്വീദ’ എന്ന് വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ് പറയുക.

സത്യമാകട്ടെ, അസത്യമാകട്ടെ ഒരു വ്യക്തി തന്റെ ഹൃദയത്തില്‍ ഉറപ്പിക്കുന്ന (കെട്ടിയിടുന്ന) കാര്യത്തിനും ഭാഷയില്‍ അക്വീദ എന്ന് പറയും.

മനുഷ്യന്‍ ഒരു കാര്യത്തെ തന്റെ ഹൃദയത്തില്‍ കെട്ടി ഭദ്രമാക്കുന്നതിനാലാണ് ഇതിന് അക്വീദ എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഹൃദയം കൊണ്ടുളള പ്രവർത്തനമാണ് അഖീദ: അതായത് മനസ്സുകൊണ്ട് ഒരു കാര്യത്തിൽ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുക.

 മതപരമായി ഒരു മനുഷ്യൻ സ്വീകരിക്കുന്നതിനെയും അഖീദ എന്നുപറയും. “ലഹുഅഖീദതുൻ ഹസനഃ’ എന്ന് പറഞ്ഞാൽ സംശയങ്ങളിൽനി ന്നും മുക്തമായ അഖീദ അവനുണ്ടെന്നർത്ഥം.

‘യാതൊരു സംശയവും കടന്ന് കൂടാത്ത വാസ്തവത്തോട് യോജിച്ച ദൃഢമായ വിശ്വാസത്തിനാണ് സാങ്കേതികമായി അക്വീദ എന്ന് പറയുന്നത്. ദൃഢതയില്ലാത്ത അറിവിന് അക്വീദ എന്ന് പറയുകയില്ല.

അക്വീദ എന്നതിതിന്റെ മതപരമായ അര്‍ത്ഥം

അല്ലാഹുവിലും, അല്ലാഹുവിന്റെ മലക്കുകളിലും, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലും, പ്രവാചകന്‍മാരിലും, അവസാനനാളിലും, നന്മയും – തിന്മയുമായ വിധിയിലും ഉള്ള വിശ്വാസമെന്നാണ്‌ അഖീദ (വിശ്വാസം) എന്നതിന്‌ മതപരമായ അര്‍ത്ഥം. ഇതിന്‌ ഇസ്ലാംമത വിശ്വാസ കാര്യങ്ങള്‍ എന്നും പറയുന്നു.

അല്‍ അക്വീദത്തുല്‍ ഇസ്‌ലാമിയ്യ എന്ന് നിരുപാധികം പറഞ്ഞാല്‍ അത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അക്വീദയാണ്.

അക്വീദക്ക് അസ്സുന്ന, അശ്ശരീഅ, ഉസൂലുദ്ദീന്‍, അത്തൗഹീദ് എന്നെല്ലാം പേരുകളുണ്ട്.

ശരീഅത്തിനെ (മതനിയമങ്ങൾ) രണ്ട് ഭാഗമായി തരംതിരിക്കാം. ഇഅ്തിഖാദിയ്യാത്, അമലിയാത് എന്നിവയാണത്.

(1) ഇഅ്‌തിഖാദിയ്യാത് (വിശ്വാസകാര്യങ്ങൾ): പ്രവർത്തനരൂപവുമായി ഇതിന് ബന്ധമില്ല. അല്ലാഹുവിൻ്റെ അസ്‌തിത്വം റൂബുബിയ്യത് തുടങ്ങിയവയിലുള്ള വിശ്വാസം ഇതിന്നുദാഹരണമാണ്. ബാക്കിയുള്ള ഈമാൻ കാര്യങ്ങളും തഥൈവ.

(2) അമലിയ്യാത് (കർമ്മാനുഷ്‌ഠാനങ്ങൾ): പ്രവർത്തനരൂപവുമായി ബന്ധമുള്ള കാര്യമാണിത്. നമസ്‌കാരം സകാത്, നോമ്പ് തുടങ്ങിയവ ഇതിനുള്ള ഉദാഹരണങ്ങളാകുന്നു. “ഫർഇയ്യ” എന്നും ഇതിനു പറയാറുണ്ട്. (ശർഹുൽ അഖീദതിസ്സഫാറീനിയ്യ: 1/4)

അപ്പോൾ, മതത്തിന്റെ നിലനിൽപ് ഏതൊരു അടിസ്ഥാനത്തിന്മേലാണോ അതാണ് ശരിയായ അഖീദ. അതിലൂടെ മാത്രമേ കർമ്മങ്ങൾ ശരിയാവുകയുള്ളൂ, അല്ലാഹു പറയുന്നത് കാണുക:

فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدَۢا

അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:18/110)

وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ

തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. (ഖു൪ആന്‍:39/65)

ഇത്തരത്തിലുള്ള വചനങ്ങൾ ഒട്ടനവധിയുണ്ട്. ശിർക്കിൽ നിന്നും മുക്തമായ കർമ്മങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന് ഈ വചനങ്ങൾ അറിയിക്കുന്നു. ഇവിടെയാണ് പ്രവാചകന്മാരുടെ ദൗത്യത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുന്നത്. വിശ്വാസം നന്നാക്കുന്നതിൽ അവർ ആദ്യശ്രദ്ധ പതിപ്പിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നതിലേക്കായിരുന്നു ആദ്യമായി ജനങ്ങളെയവർ ക്ഷണിച്ചത്. മറ്റുള്ളവയെ ആരാധിക്കുന്നതിനെ വർജ്ജിക്കണമെന്നും അതോടൊപ്പം ഉപദേശിച്ചു.

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) (ഖു൪ആന്‍:16/36)

ഏതൊരു പ്രവാചകനും തൻ്റെ സമൂഹത്തോട് ആദ്യമായി പറഞ്ഞത് ഇതുതന്നെയായിരുന്നു.

قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ

അദ്ദേഹം (പ്രവാചകൻ) പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. (ഖു൪ആന്‍:7/ 59,65,73,85)

നൂഹും ഹൂദും സ്വാലിഹും ശുഐബും ( عليهم السلام) എല്ലാം ഈ യാഥാർത്ഥ്യത്തെത്തൊട്ട് ജനങ്ങളെ ഉൽബുദ്ധരാക്കി. ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ട് 13 കൊല്ലം മുഹമ്മദ് നബി ﷺ മക്കയിൽ ജീവിച്ചു. കാരണം തൗഹീദാണ് അടിത്തറ. ഒരു കാലഘട്ടത്തിലും വന്ന പ്രബോധകന്മാരും പരിഷ്കർത്താക്കളും അമ്പിയാക്കന്മാരുടെ ഈ മാർഗ്ഗംതന്നെ സ്വീകരിച്ചു. വിശ്വാസം നന്നാക്കുന്നതിനും തൗഹീദിലേക്ക് ക്ഷണിക്കുന്നതിനും അവർ ഒന്നാമത്തെ പരിഗണന തന്നെ നൽകി. അതിനുശേഷമായിരുന്നു മതത്തിൻ്റെ മറ്റു കാര്യങ്ങളിലേക്കവർ നീങ്ങിയിരുന്നത്.

അഖീദയുടെ മാനദണ്ഡവും സലഫുകളുടെ മൻഹജും

അഖീദ പ്രമാണ ബന്ധിതമാണ്. സ്രഷ്‌ടാവിൽ നിന്നുള്ള തെളിവോടുകൂടിയല്ലാതെ അഖീദ സ്ഥിരപ്പെടുകയില്ല. അഭിപ്രായങ്ങൾക്കോ ഗവേഷണങ്ങൾക്കോ അതിൽ സ്ഥാനമില്ല. അതിനാൽ ഖുർആനും സുന്നത്തുമാണ് അഖീദയുടെ മാനദണ്ഡങ്ങൾ. കാരണം അല്ലാഹുവിനെക്കുറിച്ചും അവനോടുള്ള നിർബന്ധ ബാധ്യതയെക്കുറിച്ചും അവനെ പരിശുദ്ധിപ്പെടുത്തേണ്ട മാർഗ്ഗത്തെക്കുറിച്ചും അവനേക്കാൾ നന്നായി അറിയുന്നവരായി മറ്റാരുമില്ല. അല്ലാഹുവിനെ കുറിച്ച് നന്നായി അറിയുന്നവർ അല്ലാഹുവിന് ശേഷം മുഹമ്മദ് നബി ﷺ അല്ലതെ മറ്റാരുമില്ല. അതുകൊണ്ടുതന്നെ അഖീദ സ്വീകരിക്കുന്ന വിഷയം സ്വലഫുസ്സാലിഹുകളും അവരെ തുടരുന്നവരും ഖുർആനിലും സുന്നത്തിലും പരിമിതപ്പെടുത്തി.

അല്ലാഹുവിനെ കുറിച്ച് ഖുർആനിലും സുന്നത്തിലും അവർ എന്തുകണ്ടുവോ അതിൽ വിശ്വസിക്കുകയും അത് അംഗീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഖുർആനിലും സുന്നത്തിലും ഇല്ലാത്ത കാര്യങ്ങൾ അല്ലാഹുവിനെതൊട്ട് അവർ വർജ്ജിക്കുകയും നിർത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ അഖീദയുടെ വിഷയങ്ങളിൽ അവർക്കിടയിൽ ഭിന്നതകളുണ്ടായിരുന്നില്ല.

മറിച്ച് എല്ലാവരുടെയും അഖീദ ഒന്നായിരുന്നു. ഒരേ ഒരു സംഘമായിരുന്നു അവർ. അല്ലാഹുവിൻ്റെ കൽപനയും അപ്രകാരം തന്നെ. അല്ലാഹു പറയുന്നു.

وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ

നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. (ഖു൪ആന്‍:3/ 103)

فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ

എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. (ഖു൪ആന്‍:20/123

ഇക്കാരണത്താൽ ‘അൽഫിർഖതുന്നാജിയ’ (വിജയിക്കുന്ന കക്ഷി) എന്ന പേരിൽ ഇവർ അറിയപ്പെട്ടു. മുസ്‌ലിം സമൂഹം 73 വിഭാഗങ്ങളായി പിരിയുമ്പോൾ വിജയിക്കുന്ന കക്ഷികളെന്ന്  നബി ﷺ സാക്ഷ്യപ്പെടുത്തിയവരാണിവർ.

عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي

അബ്ദുല്ലാഹിബ്നു അംറ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ 72 കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം 73  കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സ്വഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)

നബി ﷺ പറഞ്ഞതുപോലെ സംഭവിച്ചു. ഖുർആനും സുന്നത്തും മാറ്റിവെച്ച് തർക്കശാസ്ത്രവും ഗ്രീക് ഫിലോസഫിയും മാനദണ്ഡങ്ങളായി പലരും സ്വീകരിച്ചതോടെ വ്യതിയാനങ്ങളും വിശ്വാസത്തിലെ ഭിന്നതകളും കടന്നുവന്നു അതോടെ ഐക്യം തകർന്നു. ഏകസംഘം ഛിന്നഭിന്നമായി. മുസ്‌ലിം സൊസൈറ്റിയുടെ കെട്ടുറപ്പ് തന്നെ നഷ്ട‌പ്പെട്ടു.

വ്യതിയാനത്തിനുള്ള കാരണങ്ങളും രക്ഷാമാർഗ്ഗവും

ശരിയായ അഖീദയിൽ നിന്നുള്ള വ്യതിയാനം നാശവും നഷ്ടവുമാണ്. കാരണം ഉപകാരദായകമായ കർമ്മങ്ങൾക്ക് ശക്തമായ പ്രേരകമായി വർത്തിക്കുന്നത് ശരിയായ അഖീദയാണ്. ഈ അഖീദ നഷ്ടപ്പെടുമ്പോൾ ഊഹാപോഹങ്ങൾക്കും സംശയരോഗങ്ങൾക്കും മനുഷ്യൻ വിധേയനാക്കുന്നു. ചിലപ്പോൾ അതു ശക്തമായി വരുന്നതോടെ സന്തോഷകരമായ ജീവിതത്തിലേക്കുള്ള സുവ്യക്തമായ വഴി അതിന്റെ മുമ്പിൽ മറക്കപ്പെടുന്നു. ജീവിതം പോലും കുടുസ്സായി മാറുകയും ജീവിതത്തോട് മടുപ്പ് തോന്നി ആത്മഹത്യ ചെയ്തെങ്കിലും ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും അവൻ ചിന്തിക്കുന്നു.

ശരിയായ അഖീദയുടെ അടിസ്ഥാനത്തിലല്ലാതെ നിലവിൽ വരുന്ന ഒരു സമൂഹം മൃഗതുല്യമായി മാറുന്നു. ഭൗതികമായ നിലനിൽപിനുള്ള ശക്തമായ പ്രേരക ഘടകങ്ങൾ എത്ര തന്നെയുണ്ടങ്കിലും ശരി, സത്യനിഷേധികൾ മാത്രമുള്ള സമൂഹങ്ങളിൽ നിത്യേനയെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണിത്. ഭൗതികമായ എന്തുണ്ടെങ്കിലും അതിനെ പരിപോഷിപ്പിക്കാനും നന്മയിൽ ഉപയോഗപ്പെടുത്താനും ഉതകുന്ന നിർദ്ദേശങ്ങൾ ലഭിക്കൽ അനിവാര്യമാണ്. എങ്കിലേ പരിപൂർണ്ണമായ നിലക്കത് ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ. യഥാർത്ഥമായ അഖീദ ഉൾകൊള്ളുമ്പോഴേ അത് സാധിക്കുകയുള്ളൂ. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു. (ഖു൪ആന്‍:7/51)

وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًا ۖ يَٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ وَأَلَنَّا لَهُ ٱلْحَدِيدَ ‎﴿١٠﴾‏ أَنِ ٱعْمَلْ سَٰبِغَٰتٍ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ بَصِيرٌ ‎﴿١١﴾‏ وَلِسُلَيْمَٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ ‎﴿١٢﴾‏

 തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍ നിന്ന് അനുഗ്രഹം നല്‍കുകയുണ്ടായി.(നാം നിര്‍ദേശിച്ചു:) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു. പൂര്‍ണ്ണവലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും, അതിന്‍റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും, നിങ്ങളെല്ലാവരും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന് (നാം അദ്ദേഹത്തിന് നിര്‍ദേശം നല്‍കി.) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.  സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു.) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. (ഖു൪ആന്‍:34/10-12)

അപ്പോൾ ഭൗതിക ശക്തിയോടൊപ്പം വിശ്വാസത്തിന്റെ ശക്തിയും അനിവാര്യമാണ്. പൊള്ളയായ വിശ്വാസങ്ങളിലേക്ക് വഴിമാറി ശരിയായതിനെ കൈവിട്ടാൽ ഭൗതികശക്തികൾ നാശത്തിന്റേയും ഫിത്നയുടേയും മാർഗ്ഗങ്ങളായി ഉപയോഗപ്പെടുത്തും. ഇന്നത്തെ ലോകം അതിനു സാക്ഷിയാണ്.

വിശ്വാസ വ്യതിയാനത്തിന് പ്രത്യക്ഷമായ ചില കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ നമുക്കൊന്ന് പരിശോധിക്കാം.

(1) പഠിക്കാനോ മനസ്സിലാക്കാനോ പരിഗണന നൽകാനോ തയ്യാറാവാത്ത കാരണത്താൽ യഥാർത്ഥ അഖീദയെക്കുറിച്ച് വന്നുപോയ അജ്ഞത. അങ്ങിനെ അഖീദ എന്ത് എന്നുപോലും അറിയാത്ത സമൂഹം ഉടലെടുത്തു. ശരിയായ അഖീദ എന്ത് എന്ന് മനസ്സിലാക്കിയില്ലെന്ന് മാത്രമല്ല, അതിന്ന് കടക വിരുദ്ധവും അതിനെ തകർത്തതുമായ അഖീദകളെന്ത് എന്നും പഠിച്ചില്ല. അങ്ങിനെ ബാത്വിൽ ഹഖും ഹഖ് ബാത്വിലുമായി ആളുകൾ വിശ്വസിച്ചു.

عن عمر بن الخطاب رضي الله عنه: إنما تنقض عرى الإسلام عروة عروة إذا نشأ في الإسلام من لا يعرف الجاهلية

ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ജാഹിലിയത്ത് എന്താണെന്ന് മനസ്സിലാക്കാത്തവർ ഇസ്ലാമിക സമൂഹത്തിൽ വളർന്നു വന്നാൽ ഇസ്ലാമിന്റെ ഇഴകള്‍ (പിരികള്‍) ഓരോന്നായി അഴിഞ്ഞ് പോകും.

(2) പൂർവപിതാക്കളെ, അവർ അസത്യത്തിൻ്റെ വക്താക്കളായിരുന്നെങ്കിലും അവരെ പിൻപറ്റൽ. അവർ ചെയ്തിരുന്നതിനും വിശ്വ സിച്ചിരുന്നതിനും എതിരാണ് സത്യമെങ്കിൽപോലും അതിനുനേരെ കണ്ണടക്കുന്ന പ്രകൃതം.

وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ

അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?) (ഖു൪ആന്‍:2/170)

(3) തെളിവെന്തെന്ന് മനസ്സിലാക്കാതെ പണ്ഡിതന്മാർ പറയുന്ന വാക്കുകളെ അന്ധമായി അനുകരിക്കൽ വിശ്വാസ വ്യതിചലനത്തിനുള്ള കാരണമായിരുന്നു. ശരിയെന്ത് എന്നോ പ്രമാണത്തിന്റെ പിൻബലമുണ്ടെന്നോ ചിന്തിക്കാൻ തയ്യാറാകുന്നില്ല. ജഹ്‌മിയ്യാക്കൾ, മുഅ്തസിലകൾ, അശ്‌അരികൾ തുടങ്ങിയ അഹ്ലുസ്സുന്നത്തി വൽജമാഅയിൽ നിന്നും പുറത്തുപോയ പിഴച്ച കക്ഷികൾക്കു സംഭവിച്ചതു അതുതന്നെയാണ്. തങ്ങൾക്കുമുമ്പ് കഴിഞ്ഞുപോയ വഴിപിഴച്ച നേതാക്കളെ അവർ പിന്തുടർന്നു. സത്യാന്വേഷണ ബുദ്ധി അവരിൽ പ്രവർത്തിച്ചില്ല. അതിനാൽ തന്നെ ശരിയായ അഖീദയിൽ നിന്നും അവർ തെറിച്ചുപോവുകയും ചെയ്തു‌.

(4) ഔലിയാക്കളുടെയും സ്വാലിഹുകളുടെയും കാര്യത്തിലുള്ള അതിരുകവിയലാണ് വ്യതിയാനത്തിൻ്റെ മറ്റൊരു കാരണം. അർഹമായ സ്ഥാനത്തിനപ്പുറം അവരെ ഉയർത്തി. ഉപകാരം ചെയ്യുക, ദോഷം തടയുക തുടങ്ങി അല്ലാഹുവിൽനിന്ന് മാത്രം കഴിയുന്ന കാര്യങ്ങൾ അവരിൽ ചാർത്തി. പ്രാർത്ഥനക്കുത്തരം ലഭിക്കുവാനും ആവശ്യനിർവഹണത്തിനുമായി സ്രഷ്‌ടാവിനും സൃഷ്‌ടികൾക്കുമിടയിൽ അവരെ മധ്യവർത്തികളാക്കിവെച്ചു. എന്തിനേറെ, അല്ലാഹുവിന് പുറമെ അവരെ ആരാധിക്കുന്ന അവസ്ഥയിലേക്കുപോലും മനുഷ്യരെത്തി. അവർക്കുവേണ്ടി ബലി നടത്തുകയും നേർച്ചവഴി പാടുകൾ നേരുകയും ചെയ്യുന്നു. നൂഹ് നബി عليه السلام യുടെയും മറ്റും സമൂഹങ്ങളിൽ സംഭവിച്ചതും ഇതുതന്നെ.

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرً

അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. (ഖു൪ആന്‍:71/23)

ഇന്നത്തെ ഖബർ പൂജകരിൽ നിലവിലുള്ള വസ്‌തുതയും ഇങ്ങിനെ തന്നെയാണ്.

(5) വിശുദ്ധ ഖുർആനിലെ വചനങ്ങളെ പ്പറ്റിയോ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെപറ്റിയോ ഉള്ള ചിന്തയില്ലായ്‌മയും വിശ്വാസവ്യതിയാ നത്തിനുള്ള മറ്റൊരു കാരണമാണ്. ലോകത്ത് കാണുന്ന ഉയർച്ചകളും വളർച്ചകളും മനുഷ്യൻ്റെ മാത്രം കഴിവുകളാണെന്നും സൃഷ്‌ടാവിന് അതിലൊന്നും യാതൊരു പങ്കുമില്ലെന്നും ജനങ്ങൾ ധരിച്ചു. അങ്ങിനെ മനുഷ്യൻ പരിധിവിട്ട് ബഹുമാനിക്കപ്പെടാൻ തുടങ്ങി. സ്രഷ്ടാവിനെ മറന്നുകളഞ്ഞു. അല്ലാഹു പറയുന്നു:

وَلَا يَصُدُّنَّكَ عَنْ ءَايَٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ

അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌. (ഖു൪ആന്‍:28/87)

എന്നാൽ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمِۭ

അവൻ പറഞ്ഞു: എന്റെ അറിവുകൊണ്ട് മാത്രമാണിത് നൽകപ്പെട്ടത്. (ഖു൪ആന്‍:39/49)

പ്രപഞ്ചത്തിന്റെ സ്രഷ്ട്‌ടാവിൻ്റെ മഹത്വത്തിലേക്കവർ നോക്കുകയോ അതിനെക്കുറിച്ചു ചിന്തിക്കുകയോ ചെയ്‌തില്ല. മറിച്ച് സർവ്വതിൻറേയും വിഭവശേഷി മനുഷ്യരിൽ മാത്രമായി ചുരുക്കപ്പെട്ടു. എന്നാൽ അല്ലാഹു പറയുന്നതു കാണുക.

أَوَلَمْ يَنظُرُوا۟ فِى مَلَكُوتِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا خَلَقَ ٱللَّهُ مِن شَىْءٍ وَأَنْ عَسَىٰٓ أَن يَكُونَ قَدِ ٱقْتَرَبَ أَجَلُهُمْ ۖ فَبِأَىِّ حَدِيثِۭ بَعْدَهُۥ يُؤْمِنُونَ

ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്‌? (ഖു൪ആന്‍:7/185)

ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَٰرَ ‎﴿٣٢﴾‏ وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ ‎﴿٣٣﴾‏ وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَٰنَ لَظَلُومٌ كَفَّارٌ ‎﴿٣٤﴾

അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. (ഖു൪ആന്‍:14/32-34)

(6) മാലിന്യ മുക്തമായ ഉപദേശ നിർദ്ദേശങ്ങളിൽനിന്ന് വീടുകൾ ഒഴിവായി. കിട്ടേണ്ട നിർദ്ദേശങ്ങൾ ആവശ്യത്തിനനുസരിച്ച് ലഭിച്ചി ല്ല.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ، كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ‏”‏ ثُمَّ يَقُولُ ‏{‏فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതി (ഇസ്‌ലാമിക പ്രകൃതി) യോട് കൂടിയല്ലാതെ ജനിക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദനാക്കുന്നു, അല്ലെങ്കില്‍ നസ്രാണിയാക്കുന്നു, അല്ലെങ്കില്‍ ‘മജൂസി’ (അഗ്നിയാരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം നബി ﷺ പാരായണം ചെയ്തു : “അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം” (ബുഖാരി:4775)

വിശ്വാസ ശുദ്ധീകരണത്തിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ടെന്നർത്ഥം.

(7) പാഠ്യപദ്ധതികളും പഠനമേഖലകളും വിശ്വാസത്തിൽനിന്ന് അകലുന്ന രൂപത്തിലുള്ളതായി മാറി. വിശ്വാസമേഖലക്ക് പ്രാമുഖ്യം നൽകുന്നില്ല എന്നുമാത്രമല്ല ഭൗതിക വിദ്യാഭ്യാസത്തിന് അമിതമായ പ്രാധാന്യം നൽകപ്പെട്ടു. ദൃശ്യസ്രാവ്യ മാധ്യമങ്ങളെ ഇസ്ലാമിക വിശ്വാസങ്ങളിൽനിന്നും അകലുവാനുള്ള പ്രേരകമായി വർത്തിച്ചു. സ്വഭാവ സംസ്‌കരണങ്ങൾക്കും വിശ്വാസത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ വ്യതിയാന പ്രവാഹത്തിന് ശക്തിപകരുന്ന മാധ്യമങ്ങൾ ഉടലെടുത്തു. അങ്ങനെ പ്രതികരിക്കാൻ പോലും സാധ്യമല്ലാത്തനിലക്കുള്ള ദൈവനിഷേധപ്പടതന്നെ വളർന്നുവന്നു.

പരിഹാരം

മേൽപറഞ്ഞ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഇന്നും നമ്മുടെ മുമ്പിൽ ബാക്കിയുണ്ട്. പക്ഷെ, അവ നേടണമെന്നും യഥാർത്ഥ വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെന്നും വളർന്നുവരുന്ന തലമുറ ഇസ്ലാമിക വിശ്വാസത്തിൻ്റെ വക്താക്കളാകണമെന്നുമുള്ള താൽപ്പര്യവും ആത്മാർത്ഥതയും വേണമെന്നു മാത്രം. ചില പരിഹാരമാർഗ്ഗങ്ങൾ നമുക്ക് മനസ്സിലാക്കാം.

(1) യഥാർത്ഥ അഖീദ സ്വീകരിക്കാൻ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക. അതായിരുന്നു സലഫുസ്സാലിഹുകളുടെ രീതി. ഈ സമുദായത്തിൻ്റെ ആദ്യകാലക്കാർ ഏതൊന്നുകൊണ്ട് നന്നായോ അതുകൊണ്ടല്ലാതെ അവസാനകാലക്കാർ നന്നാവുകയില്ല. അതോടൊപ്പം വിശ്വാസ വ്യതിയാനങ്ങളെക്കുറിച്ചും പഠിക്കണം. അവരുടെ സംശയങ്ങളും അതിനുള്ള മറുപടിയും മനസ്സിലാക്കിവെക്കണം. അറിയാത്തവൻ അതിൽപെട്ടുപോകാൻ സാധ്യതയുണ്ട്.

(2) ശരിയായ വിശ്വാസം പഠിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുക. പാഠ്യപദ്ധതികളിൽ അതുൾപ്പെടുത്തുക. വീടും മതപഠനകേന്ദ്രവും, പള്ളികളും അതിന്നായി ഉപയോഗപ്പെടുത്തുക. ഈ വിഷയത്തിൽ പഠനം സംഘടിപ്പിക്കുന്നതോടൊപ്പം വിശ്വാസം ശരിപ്പെട്ടിട്ടുണ്ടോ എന്ന് പരീക്ഷിച്ചറിയുകയും ചെയ്യുക.

(3) അഖീദയുടെ വിഷയങ്ങളിൽ പൂർവിക പണ്ഡിതരെഴുതിയ സർവഗ്രന്ഥങ്ങളും പഠനവിധേയമാക്കുക. വിശ്വാസ വ്യതിയാനം സംഭവിച്ച സൂഫികൾ, മുബ്‌തദിഅകൾ, മുഅ്‌തസിലകൾ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിൽനിന്നും അകന്നു നിൽക്കുക. അവരുടെ വിശ്വാസങ്ങളറിഞ്ഞ് അവരുടെ പ്രമാണങ്ങൾ കണ്ടുപിടിച്ച് അതിന്ന് മറുപടി പറയാൻ യോഗ്യരായവര്‍ക്ക് അവരുടെ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കാവുന്നതാണ്.

(4) സലഫുകളുടെ അഖീദ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുതകുന്ന നിപുണന്മാരായ പണ്ഡിതന്മാരെ വാർത്തെടുക്കുകയും വൈജ്ഞാനികമായോ സാമ്പത്തികമായോ തന്നാലാവുന്നത് ചെയ്ത് സഹകരിക്കുക. കാരണം പണ്ഡിതന്മാരുടെ നാശം ലോകത്തിന്റെ നാശമാണ്. പണ്ഡിതന്മാർ ഇല്ലാതാകുന്നതിലൂടെ യഥാർത്ഥ അറിവാണ് സമൂഹത്തിൽനിന്നും ഉയർത്തപ്പെടുന്നത്.

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ النَّاسِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يَتْرُكْ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا ‏

അംറ് ഇബ്നുൽ ആസ്വ് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു:നിശ്ചയമായും അല്ലാഹു അറിവിനെ പിടികൂടുക അടിയന്മാരിൽ നിന്ന് ഒറ്റയടിക്ക് ഊരിയെടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരെ അവന്റെയടുക്കലേക്ക് എടുത്തുകൊണ്ടാണ് അറിവിനെ പിടികൂടുക. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിപ്പിക്കാതാകുമ്പോൾ ജനങ്ങൾ ചില വിവരംകെട്ട നേതാക്കന്മാരെ സ്വീകരിക്കും. എന്നിട്ട് അവർ ചോദിക്കപ്പെടും, അറിവില്ലാതെ മതവിധിയും നൽകും, അങ്ങനെ അവർ പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യും. (മുസ്ലിം2673)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *