വിശുദ്ധ ഖുർആനിലെ 106 ാ മത്തെ സൂറത്താണ് سورة قريش (സൂറ: ഖുററൈശ്). നാല് ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. മക്കയിലെ ഖുറൈശികളെ സംബന്ധിച്ചുമാത്രം പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഒരു അദ്ധ്യായമാണിത്. അതാണ് ഈ പേരിനാധാരവും.

വിശുദ്ധ കഅ്ബഃയെ പൊളിച്ചുനീക്കുവാന്‍ തയ്യാറെടുത്തുവന്ന ഒരു ആനപ്പട്ടാളത്തെ അല്ലാഹു കഠിനമായി ശിക്ഷിച്ചു പരാജയപ്പെടുത്തുകയും, ഖുറൈശികളെയും മക്കാനിവാസികളെയും രക്ഷപ്പെടുത്തുകയും ചെയ്ത ചരിത്ര പ്രസിദ്ധമായ സംഭവമാണ് ആനക്കലഹ സംഭവം. ഈ സംഭവം പ്രതിപാദിക്കുന്ന സൂറത്താണ് സൂറ:ഫീൽ (105). സൂറ: ഖുററൈശ് തൊട്ടുമുമ്പുള്ള സൂറത്തായ സൂറത്തുല്‍ ഫീലുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നാണ് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ആനക്കലഹം അവർക്ക് നേടിക്കൊടുത്ത അനുഗ്രഹങ്ങളാണ് ഈ സൂറത്തിൽ പരാമർശിക്കുന്നത്.

അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും ആരാധന അവന് മാത്രമാക്കുകയും ചെയ്യുകയെന്നത് അടിമളുടെ മേൽ ബാധ്യതയാക്കപ്പെട്ടതാണ്. ഖുറൈശികൾക്ക് അല്ലാഹു നൽകിയ അനുഗ്രഹത്തിന് നന്ദിയായി തൗഹിദ് അംഗീകരിക്കാനുള്ള അല്ലാഹുവിന്റെ കല്പനയാണ് ഈ സൂറത്തിന്റെ പ്രധാന പ്രതിപാദ്യ വിഷയം.

ഖുറൈശികൾക്ക് അല്ലാഹു നൽകിയ അനുഗ്രഹത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് സൂറത്ത് ആംരംഭിക്കുന്നത്.

لِإِيلَٰفِ قُرَيْشٍ ‎﴿١﴾‏ إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ‎﴿٢﴾‏

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, (ഖുർആൻ:106/1-2)

فَعَلْنَا مَا فَعَلْنَا بِأَصْحَابِ الْفِيلِ لِأَجْلِ قُرَيْشٍ وَأَمْنِهِمْ، وَاسْتِقَامَةِ مَصَالِحِهِمْ، وَانْتِظَامِ رِحْلَتِهِمْ فِي الشِّتَاءِ لِلْيَمَنِ، وَالصَّيْفِ لِلشَّامِ، لِأَجْلِ التِّجَارَةِ وَالْمَكَاسِبِ. فَأَهْلَكَ اللَّهُ مَنْ أَرَادَهُمْ بِسُوءٍ، وَعَظَّمَ أَمْرَ الْحَرَمِ وَأَهْلَهُ فِي قُلُوبِ الْعَرَبِ، حَتَّى احْتَرَمُوهُمْ، وَلَمْ يَعْتَرِضُوا لَهُمْ فِي أَيِّ سَفَرٍ أَرَادُوا،

(കഅ്ബ പൊളിക്കാന്‍ വന്ന) ആനക്കാരെ കൊണ്ട് നാം ചെയ്തതെല്ലാം ഖുറൈശികള്‍ക്കും അവരുടെ സുരക്ഷക്കും പൊതുനന്മക്കും ധനസമ്പാദനത്തിനും കച്ചവടത്തിനും വേണ്ടി ഉഷ്ണകാലത്ത് ശാമിലേക്കും ശൈത്യകാലത്ത് യമനിലേക്കും അവരുടെ യാത്ര വ്യവസ്ഥാപിതമാകുന്നതിനും വേണ്ടിയാണ്. അങ്ങനെ ഖുറൈശികളെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചവരെ അല്ലാഹു നശിപ്പിക്കുകയും അറബികളുടെ മനസ്സുകളില്‍ പരിശുദ്ധ ഹറമിന്റെയും അതിന്റെ സംരക്ഷകരുടെയും സ്ഥാനം ഉയര്‍ത്തി, അവര്‍ ആദരിക്കപ്പെടുകയും അവര്‍ ഉദ്ദേശിക്കുന്ന ഏത് യാത്രകള്‍ക്കും തടസ്സമാവാത്ത വിധത്തില്‍ അല്ലാഹു അവരെ മഹോന്നതരാക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

അങ്ങനെ ഖുറൈശികൾക്ക് ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് ശാമിലേക്കും കച്ചവടാവശ്യാര്‍ത്ഥം നിർഭയത്വത്തോടെ യാത്ര ചെയ്യാൻ കഴിഞ്ഞു.

അതിന് നന്ദി ചെയ്യാനാണ് തുടര്‍ന്ന് അല്ലാഹു കല്‍പിക്കുന്നത്.

فَلْيَعْبُدُوا۟ رَبَّ هَٰذَا ٱلْبَيْتِ ‎

ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. (ഖുർആൻ:106/3)

أَيْ: لِيُوَحِّدُوهُ وَيُخْلِصُوا لَهُ الْعِبَادَةَ

അതായത്: അവന്റെ ഏകത്വം അംഗീകരിക്കുകയും ആരാധന അവന് മാത്രമാക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

فَلْيَعْبُدُوا اللَّهَ رَبَّ هَذَا البَيْتِ الحَرَامِ وَحْدَهُ، الذِّي يَسَّرَ لَهُمْ هَذِهِ الرِّحْلَةَ، وَلَا يُشْرِكُوا بِهِ أَحَدًا.

ആവർക്ക് ഈ യാത്ര എളുപ്പമാക്കി നൽകിയ, പരിശുദ്ധമായ ഈ ഭവനത്തിന്റെ (കഅ്ബയുടെ) രക്ഷിതാവായ അല്ലാഹുവിനെ മാത്രം അവർ ആരാധിക്കട്ടെ; അവനുള്ള ആരാധനയിൽ ഒരാളെയും അവർ പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ. (തഫ്സീർ മുഖ്തസ്വർ)

ഖുറൈശികള്‍ക്ക് സിദ്ധിച്ച യോഗ്യതകളും, കീര്‍ത്തിയും, സ്വാധീനവും എല്ലാം തന്നെ സിദ്ധിക്കുവാന്‍ കാരണം അവര്‍ കഅ്ബയുടെ സംരക്ഷകരും അയല്‍വാസികളും ആയതാണല്ലോ. അപ്പോള്‍, എല്ലാനിലക്കും അവര്‍ ആ വിശുദ്ധമന്ദിരത്തിന്റെ ഉടമസ്ഥനായ അല്ലാഹുവിനെ ആരാധിക്കുവാനും, അവനെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കാതിരിക്കുവാനും ബാധ്യസ്ഥരാകുന്നു. ഈ ബാധ്യത അവര്‍ നിറവേറ്റിക്കൊള്ളട്ടെ എന്നു അവരെ അല്ലാഹു ഉല്‍ബോധിപ്പിക്കുകയാണ്. (അമാനി തഫ്സീര്‍)

അല്ലാഹു എല്ലാ വസ്തുക്കളുടെയും രക്ഷിതാവായിരിക്കെ ഈ ഭവനത്തിന്റെ രക്ഷിതാവ് എന്ന് പ്രത്യേകം പറഞ്ഞത് അതിന്റെ ശ്രേഷ്ഠതയെയും മഹത്വത്തെയും കുറിക്കുന്നു.

ഖുറൈശികൾക്ക് അല്ലാഹു അനുഗ്രഹങ്ങൾ നൽകിയതായി 1-2 ആയത്തുകളിൽ സൂചിപ്പിച്ചുവല്ലോ. അതിനെ വിശദീകരിക്കുന്നു:

‏ ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفِۭ

അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ. (ഖുർആൻ:106/4)

അവർക്ക് വിശപ്പിന്ന് ആഹാരം നൽകുകയും, ഭയം നീക്കി നിർഭയത്വം നൽകുകയും ചെയ്തത് അല്ലാഹുവാണ്. ആ അല്ലാഹുവിനെ അവര്‍ ആരാധിക്കട്ടെ എന്നര്‍ത്ഥം.

ഈ സൂറത്ത് നൽകുന്ന രണ്ട് സുപ്രധാനമായ പാഠങ്ങൾ

(1) അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും ഇബാദത്ത് അവന് മാത്രമാക്കുകയും ചെയ്യുക

(2) അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക

فَرَغْدُ الرِّزْقِ وَالْأَمْنُ مِنَ الْخَوْفِ، مِنْ أَكْبَرِ النِّعَمِ الدُّنْيَوِيَّةِ، الْمُوجِبَةِ لَشُكْرِ اللَّهِ تَعَالَى.

ഭക്ഷണത്തിലുള്ള സുഭിക്ഷതയും ഭയത്തില്‍ നിന്നുള്ള നിര്‍ഭയത്വവും അല്ലാഹുവിന് നന്ദി ചെയ്യാന്‍ നിര്‍ബന്ധമാക്കുന്ന ഭൗതികാനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ്. (തഫ്സീറുസ്സഅ്ദി)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *