ഒരു മുസ്ലിമായ മനുഷ്യന്റെ മേൽ നിര്‍ബന്ധമാക്കപ്പെട്ട കാര്യമാണ് ദിനേനെയുള്ള അഞ്ച് നേരത്തെ നമസ്കാരം. ചില മനുഷ്യാരാകട്ടെ, അവരുടെ ജീവിതത്തിൽ സന്തോഷവും സുഖസൗകര്യങ്ങളുമുള്ള വേളകളിൽ നമസ്കാരക്കാരായിരിക്കും. ജീവിതത്തിൽ എന്തെങ്കിലും പ്രയാസങ്ങളോ പ്രതിസന്ധികളോ വന്നാൽ പിന്നെ അവരുടെ ജീവിതത്തിൽ നമസ്കാരമുണ്ടായിരിക്കുകയില്ല.
وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ
ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (ഖു൪ആന്‍:22/11)
മറ്റു ചിലരാകട്ടെ, ജീവിതത്തിലെ പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ഘട്ടത്തിൽ നമസ്കാരക്കാരായിരിക്കും. പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം സന്തോഷവും സുഖസൗകര്യങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ പിന്നെ അവരുടെ ജീവിതത്തിൽ നമസ്കാരമുണ്ടായിരിക്കുകയില്ല.
وَإِذَا مَسَّ ٱلْإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ
മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:10/12)
വേറെ ചിലരാകട്ടെ, അവര്‍ക്ക് തോന്നുന്ന സൗകര്യപ്പെടുന്ന സമയങ്ങളിൽ നമസ്കരിക്കുന്നവരാണ്. ളുഹ്റും, അസ്റും, മഗ്രിബും നമസ്കരിക്കും, സുബ്ഹിയും ഇശാഉം ഒഴിവാക്കാം. അല്ലെങ്കിൽ ചിലത് നമസ്കരിക്കും, ചിലത് ഒഴിവാക്കും.
വേറെയും ചിലരുണ്ട്. അവര്‍ എല്ലാ കാലത്തും നമസ്കാരം നിലനിര്‍ത്തുന്നവരാണ്. എന്നാൽ അതിന്റെ ലക്ഷ്യത്തെ കുറിച്ച് അഥവാ എന്തിന് വേണ്ടിയാണ് നമസ്കരിക്കുന്നതെന്ന് അവര്‍ ചിന്തിക്കാറില്ല. മുസ്ലിം സമുദായത്തിൽ ജനിച്ചു, ചെറുപ്പ കാലത്ത് തന്നെ നമസ്കാരത്തിന്റെ രീതികൾ പഠിച്ചു മനസ്സിലാക്കി, അങ്ങനെ അത് ജീവിതത്തിൽ തുടര്‍ന്ന് പോന്നു.
മറ്റൊരു വിഭാഗമാകട്ടെ, അവരുടെ നമസ്കാരം ദുൻയാവിലെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തുന്നു. ഞാൻ നമസ്കരിക്കുന്നതുകൊണ്ടാണ് എനിക്ക് നല്ല കച്ചവടം ലഭിക്കുന്നത്, നമസ്കരിക്കുന്നതുകൊണ്ടാണ് സമ്പത്ത് ലഭിക്കുന്നത് എന്നൊക്കെ.
മേൽ പറഞ്ഞ കാര്യങ്ങളിലൊക്കെ വലിയ അപാകതകളുണ്ട്. അതൊക്കെ പൊളിച്ചെഴുതുകതന്നെ വേണം. എന്തിന് വേണ്ടിയാണ് ഒരു മുസ്ലിം നമസ്കരിക്കേണ്ടത്? നമസ്കാരത്തിന്റെ ലക്ഷ്യം എന്താണ്?
ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് ശഹാദത്ത് പറയുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്. ഇസ്ലാമിലേക്ക് കടക്കുന്നതോടെ അയാള്‍ക്ക് ചില കാര്യങ്ങൾ നിര്‍ബന്ധമായി.
അയാളുടെ മനസ്സിൽ ഇസ്ലാം പഠിപ്പിച്ചിട്ടുള്ള വിശ്വാസം രൂഢമൂലമായിട്ടുണ്ടാകും. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ
(വിശ്വാസം എന്നാല്‍) അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അന്ത്യനാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)
ഇതിനെ ഒറ്റവാക്കിൽ ചുരുക്കിയാൽ ‘അല്ലാഹുവിനും അന്ത്യനാളിലുമുള്ള വിശ്വാസം’ എന്ന് പറയാം. ഈ വിശ്വാസമാണ് ഒരു മനുഷ്യനെ നൻമ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഈ വിശ്വാസമാണ് ഒരാളെ തിൻമകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഒരു മുസ്ലിം അഞ്ച് നേരത്തെ നമസ്കാരവും നിര്‍വ്വഹിക്കേണ്ടത്.
ഇസ്ലാമിലേക്ക് കടക്കുന്നതോടെ അയാള്‍ക്ക് ചില കാര്യങ്ങൾ നിര്‍ബന്ധമായെന്ന് പറഞ്ഞല്ലോ? അതിൽ ഒന്നാമത്തേതാണ് നമസ്കാരം.
നബി ﷺ മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിനെ പ്രബോധകനായി യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:
إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ
ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക …… (ബുഖാരി:7372)
ഇസ്ലാമിൽ പ്രവേശിച്ചിട്ട് ആരെങ്കിലും മനപ്പൂര്‍വ്വം നമസ്കാരം ഉപേക്ഷിക്കുകയാണെങ്കിലോ അവൻ കാഫിറായിത്തീരും.
عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ” .
ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)
عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ، قَالَ كَانَ أَصْحَابُ مُحَمَّدٍ صلى الله عليه وسلم لاَ يَرَوْنَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلاَةِ
അബ്ദില്ലാഹിബ്നു ശഖീഖ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബി ﷺ യുടെ സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി:2622)
അതോടൊപ്പം നമസ്കാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ശ്രേഷ്ടതയെ കുറിച്ചും പ്രതിഫലത്തെ കുറിച്ചുമൊക്കെ ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് പഠിക്കുക. ഈയൊരു ഉൾക്കാഴ്ചയോടെ തിരിച്ചറിവോടെ പ്രതിഫലേച്ഛയോടെ പാപമോചനം ആഗ്രഹിച്ച് നമസ്കരിക്കുക.
ഭൌതിക ജീവിതം സുഖദുഖങ്ങളുടെ സമ്മിശ്രമാണ്. ഇന്ന് സുഖമാണെങ്കില്‍ നാളെ ദുഖകരമായ അവസ്ഥയായിരിക്കാം. തിരിച്ചും സംഭവിക്കാം. അതൊന്നും നമസ്കാരം അവസാനിപ്പിക്കാൻ പ്രേരകമാകരുത്. ഖൈറ് ലഭിച്ചാൻ അല്ലാഹുവിനോട് നന്ദി കാണിക്കുക, ശര്‍റ് ലഭിച്ചാൽ അല്ലാഹുവിന് വേണ്ടി ക്ഷമിക്കുക.
عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ
സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)
നമസ്കാരത്തിന്റെ ലക്ഷ്യത്തെ കുറിച്ച് അഥവാ എന്തിന് വേണ്ടിയാണ് നമസ്കരിക്കുന്നതെന്ന് അറിയാതെ നമസ്കരിക്കുന്നവരാകരുത് നാം. അതേപോലെ ദുൻയാവിലെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി നമസ്കരിക്കരുന്നവരുമാകരുത് നാം.
kanzululoom.com