ആള്‍പ്പെരുപ്പമോ, ആയുധ ബലമോ അനുസരിച്ചല്ല – വിശ്വാസവും ധീരതയും അനുസരിച്ചാണ് – സത്യവിശ്വാസികള്‍ക്ക് അല്ലാഹു വിജയം നല്‍കുകയെന്നതിന് മതിയായ ഒരു തെളിവായിരുന്നു ബദ്ര്‍ യുദ്ധം. (അമാനി തഫ്സീര്‍ :3/122)
ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍, ഇസ്ലാമിനെ തകര്‍ക്കാന്‍ പുറപ്പെട്ട മക്കാ ഖുറൈശികളും മുസ്ലിംകളും തമ്മില്‍ മദീനക്കടുത്തുള്ള ബദ്റില്‍വെച്ചു നടന്ന ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു യുദ്ധമാണ് ബദ്ര്‍ യുദ്ധം. ഇസ്ലാമിക ചരിത്രത്തില്‍ അല്ലാഹുവിന്റെ നിശ്ചയപ്രകാരം ഏതാനും യുദ്ധങ്ങള്‍ക്ക് നബി ﷺ യും അനുയായികളും സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമാണ് ബദ്ര്‍ യുദ്ധം. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം 17 വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം ഉണ്ടായത്.
യൗമുല്‍ ഫുര്‍ഖാന്‍
മുസ്ലിംകള്‍ വിജയം പുല്‍കിയ ബദ്ര്‍ യുദ്ധ ദിനത്തെ ‘യൗമുല്‍ ഫുര്‍ക്വാന്‍’ (സത്യാസത്യവിവേചനത്തിന്റെ ദിവസം) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ
….. അല്ലാഹുവിലും, സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍ ….. (ഖു൪ആന്‍:8/41)
ഈമാനിന്റെ ചേരിയും, കുഫ്‌റിന്റെ ചേരിയും ഏറ്റുമുട്ടിയതും, രണ്ടും തമ്മില്‍ സ്‌പഷ്‌ടമായ വിവേചനം രംഗത്തു വന്നതും അന്നാണ്.
ബദ്ര്‍ യുദ്ധം ഉണ്ടാകാനുണ്ടായ സാഹചര്യം
മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി സൃഷ്ടാവായ അല്ലാഹു നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബി ﷺ ക്കും അദ്ദേഹത്തിന്റെ അനുചരന്മാര്‍ക്കും തങ്ങള്‍ മനസ്സിലാക്കിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം നാട്ടില്‍ ജീവിക്കുവാന്‍ അവിടത്തുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ചുകൊണ്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. വര്‍ഷങ്ങളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും ഊരുവിലക്കുമെല്ലാം സഹിച്ച ശേഷമാണ് പലായനം ചെയ്യുവാന്‍ അല്ലാഹുവിന്റെ നിര്‍ദേശമുണ്ടായത്. ഈ പാലായനമാണ് ഹിജ്റ എന്നറിയപ്പെടുന്നത്. ഹിജ്റ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവരുടെ സമ്പാദ്യം മുഴുവനും ശത്രുക്കള്‍ പിടിച്ചെടുത്തിരുന്നു. ആ സ്വത്ത് ഉപയോഗിച്ചുതന്നെ മുസ്‌ലിംകളെ ദ്രോഹിക്കാന്‍ മക്കയിലെ ശത്രുക്കള്‍ പലതവണ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
മക്കാ ക്വുറൈശികളുടെ ഉപജീവന മാര്‍ഗ്ഗം പ്രധാനമായും ശാമിലേക്കും യമനിലേക്കും അവര്‍ നടത്താറുള്ള കച്ചവടയാത്രകളെ ആശ്രയിച്ചായിരുന്നു. ഹിജ്റ രണ്ടാം കൊല്ലത്തില്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ ഒരു കച്ചവട സംഘം ശാമിലേക്കു പോയി. ക്വുറൈശികളായ ഓരോ ആണും പെണ്ണും തങ്ങളാല്‍ കഴിയുന്നത്ര സംഖ്യ മുതല്‍ മുടക്കിക്കൊണ്ടുള്ള ഒരു വമ്പിച്ച കച്ചവട യാത്രയായിരുന്നു അത്. ഈ യാത്രമൂലം ലഭിക്കുന്ന നേട്ടങ്ങള്‍ അവര്‍ മുസ്ലിംകള്‍ക്കെതിരെ വിനിയോഗിക്കുവാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. കച്ചവടസംഘം ശാമിലേക്കു പോകുന്ന വിവരമറിഞ്ഞപ്പോള്‍, അവരെ വഴിമദ്ധ്യേ തടയുവാന്‍ നബി ﷺ യും കുറേ ആളുകളും കൂടി പുറപ്പെട്ടുപോയി. പക്ഷേ, അപ്പോഴേക്കും കച്ചവട സംഘം കടന്നുപോയിരുന്നു. അവരുടെ മടക്കം നബി ﷺ കാത്തിരുന്നു. മടക്കവിവരം അറിഞ്ഞപ്പോൾ, അവരെ നേരിടുവാന്‍ നബി ﷺ സ്വഹാബികളെ പ്രോല്‍സാഹിപ്പിച്ചു. വാഹനവും മറ്റും തയ്യാറുള്ളവര്‍ പോന്നുകൊള്ളട്ടെ എന്നു പറഞ്ഞതല്ലാതെ, അധിക സമ്മര്‍ദ്ദമൊന്നും നബി ﷺ ചെലുത്തിയിരുന്നില്ല. അതിനാല്‍, ഒരു യുദ്ധത്തിന്റെ ഉദ്ദേശ്യമില്ലെന്നു ധരിച്ച് പലരും മുന്നോട്ടു വന്നില്ല. തയ്യാറെടുത്തവരെയും കൊണ്ടു നബി ﷺ പുറപ്പെട്ടു. 310ല്‍ അല്‍പം കൂടുതല്‍ ആളുകളാണ് നബിയുടെ കൂടെ മുഹാജിറുകളും അന്‍സ്വാറുകളുമായി പുറപ്പെട്ടത്. 86 പേര്‍ മുഹാജിറുകളും ബാക്കി അന്‍സ്വാറുകളുമായിരുന്നു. 61 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും 170 പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നുമായിരുന്നു. അവരില്‍ അധിക പേരും കാല്‍നടക്കാരായിരുന്നു. 2 കുതിരകള്‍ മാത്രമാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്; 70 ഒട്ടകങ്ങളും. ഓരോരുത്തരും മാറി മാറി കയറിയായിരുന്നു യാത്ര.
അബൂസുഫ്യാന്റെ വര്‍ത്തക സംഘം നബി ﷺ യുടെയും സഹാബികളുടെയും പുറപ്പാടിന്റെ വിവരം അറിഞ്ഞു. അബൂസുഫ്യാന്‍ സഹായാര്‍ത്ഥന ചെയ്തുകൊണ്ടു മക്കയിലേക്കു ആളയച്ചു. അതിനെതുടര്‍ന്നു ക്വുറൈശികള്‍ വളരെ വീറോടു കൂടി ഒരു വമ്പിച്ച സൈന്യസന്നാഹം നടത്തി. അബൂജഹ്ലിന്റെ നായകത്വത്തിന്‍ കീഴില്‍ ആയിരത്തോളം വരുന്ന ഒരു പട്ടാള സംഘം തയ്യാറായി പുറപ്പെട്ടു. മിക്ക ക്വുറൈശീനേതാക്കളും സംബന്ധിച്ചിരുന്ന ആ സൈന്യത്തില്‍ 100 കുതിരകളും, 700 ഒട്ടകങ്ങളും ഉണ്ടായിരുന്നു. നബി ﷺ റൌഹാഉ് എന്ന സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണു പട്ടാള സംഘത്തിന്റെ വരവിനെപ്പറ്റി അറിവായത്. അടുത്ത ദിവസം കച്ചവട സംഘം ബദ്റില്‍ എത്തുമെന്നും കേട്ടു. നബി ﷺ തന്റെ കൂടെയുള്ള സൈന്യത്തിലെ തലവന്‍മാരെ വിളിച്ചു കൂട്ടി അവരോടു കച്ചവട സംഘമോ, പട്ടാള സംഘമോ രണ്ടിലൊന്നു എനിക്കു നല്‍കാമെന്നു അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു അറിയിക്കുകയും, അവരുടെ അഭിപ്രായം ആരായുകയും ചെയ്തു. രണ്ടില്‍ ഏതിനെ നേരിട്ടാലും അതില്‍ വിജയം മുസ്ലിംകള്‍ക്കായിരിക്കുമെന്നാണു ഇതിന്റെ അര്‍ത്ഥമെന്നു വ്യക്തമാണല്ലോ. അബൂബക്കര്‍, ഉമര്‍ رَضِيَ اللهُ عَنْهُما മുതലായവര്‍ തൃപ്തികരമായ മറുപടി നല്‍കി. എങ്കിലും പലരുടെയും മറുപടി തൃപ്തികരമായിരുന്നില്ല. ശക്തി കുറവായ കച്ചവടസംഘത്തെ നേരിടാം, അതു നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗപ്പെടും, പട്ടാള സംഘത്തെ നേരിടുവാനുള്ള ഒരുക്കമോ കഴിവോ നമുക്കില്ല, നേരത്തെത്തന്നെ വിവരമറിഞ്ഞിരുന്നുവെങ്കില്‍ നമുക്കതിനു ഒരുക്കം ചെയ്തു വരാമായിരുന്നു എന്നിങ്ങിനെ പലരും പറഞ്ഞു. ഇതു നബി ﷺ യുടെ മനസ്സിനെ വേദനിപ്പിച്ചു.
ഈ അവസരത്തില്‍ മിക്വ്ദാദുബ്നുല്‍ അസ്വദ് رَضِيَ اللهُ عَنْهُ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു: “അങ്ങയോടു അല്ലാഹു എന്തു കല്‍പിച്ചുവോ അതിലേക്ക് അങ്ങുന്ന് പോയിക്കൊള്ളുക. ഇസ്രാഈല്യര്‍ മൂസാ നബി عليه السلام യോട് ‘താനും തന്റെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക, ഞങ്ങളിവിടെ ഇരിക്കുകയാണ്’ എന്ന് പറഞ്ഞതുപോലെ ഞങ്ങള്‍ ഒരിക്കലും പറയുകയില്ല. ബറക്കുല്‍ ഗിമാദിലേക്കു തന്നെ ഞങ്ങളെ വിളിച്ചാലും ഞങ്ങള്‍ അങ്ങയുടെ ഒന്നിച്ചു വരുവാന്‍ തയ്യാറാകുന്നു.” എന്നാല്‍, അന്‍സ്വാരികളുടെ നിലപാട് എന്താണെന്ന് വ്യക്തമാകാതിരുന്നത് കൊണ്ടും, ‘ബൈഅത്തുല്‍ അക്വബഃയിലെ നിശ്ചയപ്രകാരം മദീനയില്‍നിന്ന് പുറത്തുവെച്ച് ശത്രുക്കള്‍ക്കെതിരെ നബി ﷺ യെ സഹായിക്കുവാനുള്ള ബാദ്ധ്യത അവര്‍ക്കില്ലാത്തതുകൊണ്ടും അവരുടെ അഭിപ്രായം കൂടി അറിയണമെന്ന് നബി ﷺ ആഗ്രഹിച്ചു. അന്‍സ്വാരികളുടെ നേതാവായ സഅ്ദുബ്നു മുആദ് رَضِيَ اللهُ عَنْهُ എഴുന്നേറ്റു ഇങ്ങിനെ പറഞ്ഞു: “ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും, അങ്ങ് കൊണ്ടുവന്നതിനെയെല്ലാം ശരിവെക്കുകയും, അങ്ങേക്ക് പ്രതിജ്ഞ നല്‍കുകയും ചെയ്തവരാണ്. അങ്ങയോട് അല്ലാഹു കല്‍പിച്ച പ്രകാരം ചെയ്തുകൊള്ളുക. ഈ സമുദ്രം വിലങ്ങില്‍ കടന്നുപോകുവാന്‍ അങ്ങ് കല്‍പിച്ചാലും ഞങ്ങള്‍ സമുദ്രത്തില്‍ ഇറങ്ങുവാന്‍ തയ്യാറാണ്.” നബി ﷺ വളരെ സന്തോഷിച്ചു. അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ അനുഗ്രഹത്തോടെ നടക്കുവിന്‍. സന്തോഷിക്കുകയും ചെയ്യുവിന്‍. ആ ജനങ്ങള്‍ വീണുകിടക്കുന്ന സ്ഥാനങ്ങള്‍ ഞാന്‍ (കണ്‍മുമ്പില്‍) കാണുന്നപോലെ തോന്നുന്നു!”
ഇതെല്ലാമായപ്പോഴേക്കും അബൂസുഫ്യാനും വര്‍ത്തക സംഘവും തങ്ങളുടെ യാത്രാമാര്‍ഗ്ഗം മാറ്റി ചെങ്കടല്‍ തീരമാര്‍ഗ്ഗം രക്ഷപ്പെട്ടുപോയി. തങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും, അതുകൊണ്ടു മടങ്ങിപ്പോകാമെന്നും, അറിയിച്ചുകൊണ്ടു അബൂസുഫ്യാന്‍ പട്ടാള സംഘത്തിലേക്കു ദൂതനെ അയക്കുകയും ചെയ്തു. ചുരുക്കം ചിലര്‍ അങ്ങനെ, മടങ്ങിപ്പോയെങ്കിലും അബൂജഹ്ല്‍ മടങ്ങുവാന്‍ കൂട്ടാക്കിയില്ല. ബദ്റില്‍ ചെന്നിറങ്ങി തിന്നും കുടിച്ചും, മതിച്ചും, പുളച്ചും മൂന്നു ദിവസം കഴിച്ചു കൂട്ടി ജയഭേരി മുഴക്കിയേ മടങ്ങൂ എന്നു നിശ്ചയിച്ചുകൊണ്ടു സൈന്യം ബദ്റില്‍ വന്നിറങ്ങി. ഇതോടെ, പട്ടാള സംഘത്തോടുള്ള ഏറ്റുമുട്ടല്‍ സുനിശ്ചിതമായിത്തീര്‍ന്നു.
യുദ്ധത്തിൽ മുസ്ലിംകൾക്ക് വിജയം
എല്ലാവിധ സജ്ജീകരണങ്ങളും സഹിതം മുന്നൊരുക്കത്തോടുകൂടി തയ്യാറെടുത്തുവന്ന വമ്പിച്ച ഒരു പട്ടാള വ്യൂഹവും, കേവലം നിരായുധരും മുന്‍കരുതലില്ലാത്തവരും എണ്ണം കൊണ്ടു അവരുടെ ഏതാണ്ടു മൂന്നിലൊരു ഭാഗം മാത്രം വരുന്നവരുമായ ഒരു സംഘം ആളുകളും തമ്മിലാണു ബദ്റില്‍ ഏറ്റുമുട്ടിയത്. എന്നിട്ടും, അതിശക്തമായ ആ സംഘത്തിലെ നേതാക്കളായ 70 പേര്‍ കൊല്ലപ്പെടുകയും, 70 പേര്‍ ബന്ധനത്തിലാക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകളില്‍ നിന്ന് 14 പേരാണ് ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായത്. ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും ആയിരുന്നു അവര്‍.
ബദ്ര്‍ യുദ്ധം : ചില പാഠങ്ങൾ
ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട് ധാരാളം പാഠങ്ങൾ നമുക്ക് മനസ്സിലാക്കാനുണ്ട്. ഉറ്റാലോചിക്കുന്നവര്‍ക്ക് അതില്‍ ഒട്ടേറെ ഗുണപാഠങ്ങളുണ്ടെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്.
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്. (ഖു൪ആന്‍:3/13)
ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട് ചില പ്രധാനപ്പെട്ട പാഠങ്ങൾ സൂചിപ്പിക്കുന്നു.
അല്ലാഹുവിന്റെ ഉദ്ദേശ്യവും നടപടികളും
അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ അവരുടെ മടക്കയാത്രയിൽ തടയാനാണ് നബി ﷺ യും സംഘവും തീരുമാനിച്ചിരുന്നത്. അതറിഞ്ഞ അബൂസുഫ്യാന്‍ മക്കാ ഖുറൈശികളോട് സഹായം അര്‍ത്ഥിക്കുകയും അതിനെത്തുടര്‍ന്നു ക്വുറൈശികള്‍ വളരെ വീറോടു കൂടി ഒരു വമ്പിച്ച സൈന്യസന്നാഹം നടത്തുകയും ചെയ്തു. ക്വുറൈശികള്‍ അവരുടെ കച്ചവട സംഘത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നബി ﷺ ക്ക് ലഭിച്ചപ്പോൾ നബി ﷺ തന്റെ സ്വഹാബികളെ ഒരുമിച്ചുകൂട്ടി അവരുമായി കൂടിയാലോചന നടത്തി. ചില സ്വഹാബിമാര്‍ യുദ്ധത്തെ ഇഷ്ടപ്പെട്ടില്ല. കാരണം, യുദ്ധത്തിനു വേണ്ടി ഒരുങ്ങിവന്നതായിരുന്നില്ല അവര്‍. കച്ചവട സംഘം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരെ തൃപ്തിപ്പെടുത്തുവാന്‍ നബി ﷺ അവരുമായി അല്‍പ സമയം സംസാരിക്കുക തന്നെ ചെയ്തു. അവരെ സംബന്ധിച്ചാണ് ക്വുര്‍ആനിലെ ഈ സൂക്തം അവതരിച്ചത്:
كَمَآ أَخْرَجَكَ رَبُّكَ مِنۢ بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقًا مِّنَ ٱلْمُؤْمِنِينَ لَكَٰرِهُونَ ﴿٥﴾ يُجَٰدِلُونَكَ فِى ٱلْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ ﴿٦﴾
വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെതന്നെ നിന്‍റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്‍റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്. ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ. (ഖു൪ആന്‍:8/5-6)
മനുഷ്യന്റെ കണക്കു കൂട്ടലിനോ, ഇഷ്ടത്തിനോ, ആസൂത്രണത്തിനോ അനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യവും പരിപാടിയും അനുസരിച്ചാകുന്നു. ആകയാല്‍, അവന്റെ കല്‍പനകളും നിര്‍ദ്ദേശങ്ങളും മടികൂടാതെയും, ചോദ്യം ചെയ്യാതെയും അനുസരിക്കുകയാണു സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.
യുദ്ധക്കളത്തില്‍ വെച്ച് നബി ﷺ ഒരുപിടി ചരല്‍ വാരി എടുത്ത് ശത്രുക്കള്‍ക്കു നേരെ അതുകൊണ്ട് എറിഞ്ഞു. ഒരാള്‍ പോലും ബാക്കിയാകാതെ എല്ലാവരുടെ കണ്ണുകളിലും ആ മണല്‍ പതിച്ചു. അതിനെ കുറിച്ചും മുസ്ലിംകൾ യുദ്ധക്കളത്തിൽ ശത്രുക്കളെ കൊലപ്പെടുത്തിയതിനെ കുറിച്ചും അല്ലാഹു പറയുന്നത് അത് അവന്റെ പ്രവൃത്തിയാണെന്നാണ്.
فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. (നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (ഖു൪ആന്‍:8/17)
കഠിന പരീക്ഷണം
സത്യസന്ധമായും ആത്മാര്‍ഥതയോടെയും വിശ്വാസം നിലനിര്‍ത്തിയവര്‍ക്കാണ് എക്കാലത്തും ശത്രുക്കളില്‍നിന്ന് പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത്.
عَنْ مُصْعَبِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ “ الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ فَمَا يَبْرَحُ الْبَلاَءُ بِالْعَبْدِ حَتَّى يَتْرُكَهُ يَمْشِي عَلَى الأَرْضِ مَا عَلَيْهِ خَطِيئَةٌ ”
മിസ്ബബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ്? നബി ﷺ പറഞ്ഞു: ‘പ്രവാചകന്മാര്‍. ശേഷം അവരോട് അടുത്തവ൪, ശേഷം അവരോട് അടുത്തവ൪,. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയ തോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും’. (തിർമിദി:2398)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلاَهُمْ فَمَنْ رَضِيَ فَلَهُ الرِّضَا وَمَنْ سَخِطَ فَلَهُ السَّخَطُ
നബി ﷺ പറഞ്ഞു: പരീക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നതാണ്. നിശ്ചയം, അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നതാണ്. അപ്പോൾ ആരാണോ അത് തൃപ്തിപ്പെടുന്നത് അവർക്ക് അല്ലാഹുവിൻ്റെ തൃപ്തിയുണ്ട്. ആര് കോപിക്കുന്നുവോ അവർക്ക് അവൻ്റെ കോപവുമുണ്ട്. (തിർമിദി: 2398)
തൗഹീദ്
യഥാർത്ഥത്തിൽ ബദ്ർ യുദ്ധം നടന്നത് ഇസ്ലാമിന്റെ അടിത്തറയായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമത്തുശ്ശഹാദ സ്ഥാപിക്കാൻ വേണ്ടിയായിരുന്നു. അതല്ലാതെ ഒരു രാഷ്ട്രം പിടിച്ചെടുക്കുവാനോ, രാജാവാകുവാനോ, സമ്പത്ത് പിടിച്ചെടുക്കുവാനോ അല്ല. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ആദര്‍ശം പതിമൂന്ന് വര്‍ഷം പ്രബോധനം ചെയ്തപ്പോള്‍ ശത്രുക്കള്‍ക്ക് ഉള്‍കൊള്ളുവാന്‍ കഴിഞ്ഞില്ല. ഈ ആശയത്തെ തകര്‍ക്കുവാനായി അവര്‍ക്ക് കഴിയുന്ന രൂപത്തില്‍ എല്ലാം തടഞ്ഞ് നോക്കി. അങ്ങിനെ പ്രവാചകനും സ്വഹാബികളും തങ്ങളുടെ പ്രബോധന ദാത്യവുമായി സുരക്ഷിത താവളമായ മദീനയിലേക്ക് ഹിജ്റ വന്നു. അവിടെയും ശുദ്ധമായ തൗഹീദിനെതിരിലുള്ള അക്രമം അഴിച്ചുവിടുവാനുള്ള കോപ്പ് കൂട്ടിവന്ന മുശ്രിക്കുകളോടാണ് നബിയും സ്വഹാബികളും ഈമാനിന്റെ ശക്തികൊണ്ട് പടപൊരുതിയത്.
മക്കയിലെ മുശ്‌രിക്കുകളും, അല്ലാഹുവിന്റെ റസൂൽ ﷺ യും തമ്മിലുള്ള തർക്കം എന്തായിരുന്നു? എല്ലാ സന്ദര്‍ഭത്തിലും എല്ലായ്പ്പോഴും അല്ലാഹുവിന് മാത്രമേ ഇബാദത്തുകൾ സമര്‍പ്പിക്കാവൂ എന്നാണ് നബി പഠിപ്പിച്ചത്. ‘അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ, അവനോട് മാത്രമേ വിളിച്ചു പ്രാർത്ഥിക്കാൻ പാടുള്ളൂ, അവനിൽ മാത്രമേ ഭരമേല്പിക്കാൻ പാടുള്ളൂ; അവന് പുറമേ, മഹാന്മാർ, അംബിയാക്കൾ, ഔലിയാക്കൾ, മലക്കുകൾ, ജിന്നുകൾ, കല്ലുകൾ, മരങ്ങൾ, ബിംബങ്ങൾ, വിഗ്രഹങ്ങൾ ഇവയൊന്നും തന്നെ ആരാധിക്കപ്പെടാൻ പാടില്ല’ എന്ന ഇസ്ലാമിന്റെ ആദര്‍ശത്തെ മുശ്‌രിക്കുകൾ അംഗീകരിച്ചില്ല. ലാത്തയും, ഉസ്സയും, മനാത്തയും, ഇബ്‌റാഹീം നബിയും, ഇസ്മാഈൽ നബിയും സ്വയം കഴിവുള്ളവരല്ല, നമ്മൾ അവരോട് സഹായാർത്ഥന നടത്തിയാൽ അവർ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് നമ്മെ സഹായിക്കും എന്ന വിശ്വാസമായിരുന്നു മക്കാ മുശ്‌രിക്കുകളുടേത്. അങ്ങനെ രണ്ട് ആദർശങ്ങളായിരുന്ന അഥവാ തൗഹീദും ശിർക്കുമായിരുന്നു അവിടെ ബദ്റിന്റെ മണ്ണിൽ മാറ്റുരക്കപ്പെട്ടത്. അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരും, അല്ലാഹുവിനോടും കൂടെ മറ്റുള്ളവരോടും വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നവരുമായ രണ്ട് സംഘം ആളുകള്‍ തമ്മിലാണ് യുദ്ധം നടന്നത്. അതിലൂടെ അല്ലാഹു അവന്റെ ദീനായ ഇസ്‌ലാമിനും, മുസ്‌ലിമീങ്ങൾക്കും വമ്പിച്ച വിജയം നൽകുകയുണ്ടായി.
ബദ്ര്‍ യുദ്ധത്തിന്റെ മുന്നോടിയായി അബൂജഹ്‌ൽ പ്രാര്‍ത്ഥിച്ചതും നബി ﷺ പ്രാര്‍ത്ഥിച്ചതും അല്ലാഹുവിനോടായിരുന്നു. തൗഹിദ് ഉള്‍കൊണ്ട നബി ﷺ ക്കും സ്വഹാബികള്‍ക്കുമാണ് അവിടെ അല്ലാഹുവിന്റെ സഹായം ലഭിച്ച് വിജയമുണ്ടായത്. അതല്ലാതെ ആയുധ ബലം കൊണ്ടോ, സംഘ ബലം കൊണ്ടോ അല്ല ബദ്റില്‍ മുസ്ലീങ്ങള്‍ക്ക് വിജയം ഉണ്ടായത്. തൗഹീദിന്റെ തെളിമയാര്‍ന്ന വിശ്വാസമെന്ന ആയുധം അവരുടെ മനസുകളില്‍ രൂഡമൂലമായപ്പോള്‍ ആ വിശ്വാസത്തെ ശത്രുക്കളുടെ സംഘ ബലത്തിനോ, ആയുധ ബലത്തിനോ അതിജയിക്കുവാന്‍ സാധിച്ചില്ല. ഇതാണ് സത്യം.
വിജയത്തിന് നിദാനം ആദര്‍ശം
ബദ്റിലേക്ക് പുറപ്പെട്ട നബി ﷺ ക്കും അനുചരന്മാര്‍ക്കും ആള്‍ബലവും ആയുധബലവുമല്ല ശക്തിപകര്‍ന്നത്. ഇവ രണ്ടും നന്നെ കുറവായിരുന്നു. ആദര്‍ശബലമാണ് വിജയത്തിന് തുണയായത്. മുന്നൂറോളം വരുന്ന മുസ്ലിം സൈന്യവും ആയിരത്തിലധികം വരുന്ന ശത്രുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ഒരു വലിയ ദൃഷ്ടാന്തമായിട്ടാണ് ക്വുര്‍ആന്‍ വിവരിക്കുന്നത്.
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്. (ഖു൪ആന്‍:3/13)
അല്ലാഹുവിന്റെ സഹായം അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ശിര്‍ക്കിന്റെ യാതൊരും അംശവും കലരാത്ത വിശ്വാസം സ്വീകരിച്ചവര്‍ക്കാണ്. അല്ലാഹു പറയുന്നത് കാണുക:
إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:22/38)
وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ
വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു. (ഖു൪ആന്‍:30/47)
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. (ഖു൪ആന്‍:3/139)
കൂടിയാലോചന
ഏത് കാര്യത്തിലും കൂടിയാലോചന നടത്തൽ നല്ല സ്വഭാവമായിട്ടാണ് ഇസ്‌ലാം കാണുന്നത്. മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറഞ്ഞു:
وَشَاوِرْهُمْ فِى ٱلْأَمْرِ
കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ഖു൪ആന്‍:6/159)
ക്വുറൈശികള്‍ അവരുടെ കച്ചവട സംഘത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നബി ﷺ ക്ക് ലഭിച്ചപ്പോൾ നബി ﷺ തന്റെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും ക്വുറൈശികള്‍ മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം അവരെ അറിയിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചന നടത്തി. അപ്പോഴാണ് മുഹാജിറുകളും അന്‍സ്വാറുകളും നബി ﷺ യെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമെടുത്തത്.
സ്വഹാബികളുടെ നിലപാട്
അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള പട്ടാള സംഘത്തോട് ഏറ്റുമുട്ടൽ അനിവാര്യമായിത്തീര്‍ന്ന സാഹചര്യത്തിൽ നബി സ്വഹാബിമാരുമായി കൂടിയാലോചന നടത്തി. ചെറിയൊരു കച്ചവട സംഘത്തെ തടയിടുന്നതിന് വേണ്ടി പുറപ്പെട്ട സൈന്യമാണ് തങ്ങളുടേത്. അവര്‍ക്കെതിരെ ആര്‍ത്തലച്ചു വരാന്‍ പോകുന്നത് വലിയൊരു പട്ടാള സൈന്യമാണ്. എന്തു ചെയ്യണം? അബൂബക്കര്‍, ഉമര്‍ رَضِيَ اللهُ عَنْهُما മുതലായവര്‍ തൃപ്തികരമായ മറുപടി നല്‍കി. എങ്കിലും നബി ﷺ പരിപൂര്‍ണ്ണമായി തൃപ്തനായില്ല. അങ്ങനെ മുഹാജിറുകളില്‍ പെട്ട മിഖ്ദാദു ബ്നു അംറിന്റെ رَضِيَ اللَّهُ عَنْهُ എഴുന്നേറ്റ് നിന്നു പറഞ്ഞ:
يا رسول الله ، امض لما أراك الله فنحن معك ، والله لا نقول لك كما قالت بنو إسرائيل لموسى : اذهب أنت وربك فقاتلا ، إنا ههنا قاعدون ولكن اذهب أنت وربك فقاتلا إنا معكما مقاتلون ، فوالذي بعثك بالحق لو سرت بنا إلى برك الغماد لجالدنا معك من دونه ، حتى تبلغه
അല്ലാഹുവിന്റെ റസൂലേ, അല്ലാഹു അങ്ങേക്ക് കാണിച്ചുതന്നതനുസരിച്ച് മുന്നോട്ടു നീങ്ങുക. ഞങ്ങള്‍ (മുഹാജിറുകള്‍) അങ്ങയുടെ കൂടെ ഉണ്ടായിരിക്കുന്നതാണ്. അല്ലാഹുവാണ സത്യം, ബനൂ ഇസ്‌റാഈല്യര്‍ മൂസാനബി عليه السلام യോട് ‘നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്’ എന്ന് പറഞ്ഞതുപോലെ അങ്ങയോട് ഞങ്ങള്‍ പറയുകയില്ല. അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, താങ്കള്‍ ബര്‍കുല്‍ ഗിമാദിലേക്ക് ഞങ്ങളെയുമായി പോകുന്നുവെങ്കില്‍ അങ്ങ് അവിടെ എത്തുന്നതുവരെ അങ്ങയുടെ കൂടെ ഞങ്ങള്‍ ഉറച്ചുണ്ടാകുന്നതാണ്.’
അന്‍സ്വാറുകളുടെടെ മറുപടി അറിയാൻ നബി ﷺ ക്ക് ആഗ്രഹമുണ്ടായി. മദീനയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നബി ﷺ യെ സഹായിക്കാമെന്നു മാത്രമേ അവര്‍ കരാറിലേര്‍പ്പെട്ടിട്ടുള്ളൂ. ബദ്റാകട്ടെ, മദീനക്കു പുറത്താണ്. നബി ﷺ യുടെ ഉദ്ദേശം മനസ്സിലായെന്നോണം അന്‍സ്വാറുകളിലെ പ്രധാനിയായ സഅദ് ബ്നു മുആദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
فقد آمنا بك وصدقناك ، وشهدنا أن ما جئت به هو الحق ، وأعطيناك على ذلك عهودنا ومواثيقنا ، على السمع والطاعة ، فامض يا رسول الله لما أردت فنحن معك ، فوالذي بعثك بالحق ، لو استعرضت بنا هذا البحر فخضته لخضناه معك ، ما تخلف منا رجل واحد ، وما نكره أن تلقى بنا عدونا غدا ، إنا لصبر في الحرب ، صدق في اللقاء . لعل الله يريك منا ما تقر به عينك ، فسر بنا على بركة الله .
തീര്‍ച്ചയായും ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും അങ്ങയെ സത്യപ്പെടുത്തുകയും അങ്ങ് കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ്. ആ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അങ്ങയോട് കരാറെടുക്കുകയും അങ്ങയെ കേള്‍ക്കാമെന്നും അനുസരിക്കാമെന്നുമുള്ള ഞങ്ങളുടെ കരാര്‍ അങ്ങേക്ക് ഞങ്ങള്‍ നല്‍കുകയും ചെയ്തില്ലേ? അതിനാല്‍ അല്ലാഹുവിന്റെ റസൂലേ, അല്ലാഹു അങ്ങയോട് എന്താണോ ഉദ്ദേശിച്ചത് അതുമായി മുന്നോട്ട് പോയിക്കൊള്ളുക. ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, അങ്ങ് ഞങ്ങളെയും കൊണ്ട് ഒരു സമുദ്രത്തിലേക്ക് എടുത്തുചാടാന്‍ ആവശ്യപ്പെടുകയും അങ്ങനെ അങ്ങ് അതില്‍ ഊളിയിടുകയും ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങളും അതില്‍ അങ്ങയുടെ കൂടെ ഊളിയിടുന്നതാണ്. ഞങ്ങളില്‍ ഒരാളും പിന്നോട്ട് പോകുന്നതല്ല. നാളെ നമ്മുടെ ശത്രുവിനെ ഞങ്ങളെയുമായി അങ്ങ് കണ്ടുമുട്ടുന്നതിനെ ഞങ്ങള്‍ വെറുക്കുന്നവരുമല്ല. തീര്‍ച്ചയായും യുദ്ധഭൂമിയില്‍ ഞങ്ങള്‍ ക്ഷമിക്കുന്നവരും (ശത്രുക്കളെ) കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ ഞങ്ങള്‍ സത്യസന്ധരുമായിരിക്കുന്നതാണ്. അല്ലാഹു അങ്ങയുടെ കണ്ണിന് ഞങ്ങള്‍ മുഖേന കുളിര്‍മ നല്‍കിയേക്കാം. അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലായി അങ്ങ് പുറപ്പെടുക.’
മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും മറുപടി നബി ﷺയെ ഏറെ സന്തോഷിപ്പിച്ചു. നബി ﷺ പറഞ്ഞു:
سِيرُوا وَأَبْشِرُوا، فَإِنَّ اللَّهَ تَعَالَى قَدْ وَعَدَنِي إحْدَى الطَّائِفَتَيْنِ
മുന്നോട്ട് പോകുക, സന്തോഷിക്കുക. അല്ലാഹു എനിക്ക് രണ്ടാലൊരു കക്ഷിയെ – കച്ചവട സംഘത്തെയോ പട്ടാള സംഘത്തെയോ – വിജയിച്ചടക്കാം എന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു. (സീറതു ഇബ്നി ഹിശാം)
വിശുദ്ധ ഖുര്‍ആൻ ഇക്കാര്യം പരാമര്‍ശിക്കുന്നത് കാണുക:
وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّآئِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلْحَقَّ بِكَلِمَٰتِهِۦ وَيَقْطَعَ دَابِرَ ٱلْكَٰفِرِينَ ﴿٧﴾ لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَٰطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ ﴿٨﴾
രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്മാര്ക്ക് അതെത്ര അനിഷ്ടകരമായാലും ശരി. (ഖു൪ആന്‍:8/7-8)
പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം
عَنْ عُمَرَ بْنِ الْخَطَّابِ قَالَ لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صلى الله عليه وسلم إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاَثُمِائَةٍ وَتِسْعَةَ عَشَرَ رَجُلاً فَاسْتَقْبَلَ نَبِيُّ اللَّهِ صلى الله عليه وسلم الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ ” اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي اللَّهُمَّ آتِ مَا وَعَدْتَنِي اللَّهُمَّ إِنْ تَهْلِكْ هَذِهِ الْعِصَابَةُ مِنْ أَهْلِ الإِسْلاَمِ لاَ تُعْبَدْ فِي الأَرْضِ ” . فَمَازَالَ يَهْتِفُ بِرَبِّهِ مَادًّا يَدَيْهِ مُسْتَقْبِلَ الْقِبْلَةِ حَتَّى سَقَطَ رِدَاؤُهُ عَنْ مَنْكِبَيْهِ فَأَتَاهُ أَبُو بَكْرٍ فَأَخَذَ رِدَاءَهُ فَأَلْقَاهُ عَلَى مَنْكِبَيْهِ ثُمَّ الْتَزَمَهُ مِنْ وَرَائِهِ . وَقَالَ يَا نَبِيَّ اللَّهِ كَذَاكَ مُنَاشَدَتُكَ رَبَّكَ فَإِنَّهُ سَيُنْجِزُ لَكَ مَا وَعَدَكَ
ഉമ൪ رَضِيَ اللَّهُ عَنْهُ പറയുന്നു: ബദ്൪ യുദ്ധദിവസം നബി ﷺ മുശ്രിക്കുകളെ നോക്കി. അവ൪ ആയിരം പേരുണ്ടായിരുന്നു. അവിടുത്തോടൊപ്പമുള്ള സ്വഹാബികളാകട്ടെ മുന്നൂറ്റി പത്തൊമ്പത് പേരും. നബി ﷺ ഖിബ്ലക്ക് നേരെ തിരിഞ്ഞു നിന്ന് തന്റെ കൈ നീട്ടിക്കൊണ്ട് അല്ലാഹുവിനോട് തേടിക്കൊണ്ടേയിരുന്നു. അവിടുന്ന് പ്രാ൪ത്ഥിച്ചു: “അല്ലാഹുവേ, നീ എന്നോടു ചെയ്ത വാഗ്ദാനം നിറവേറ്റിത്തരേണമേ! അല്ലാഹുവേ, ഇസ്ലാമിന്റെ ആള്‍ക്കാരായ ഈ (ചെറു) സംഘത്തെ നീ നശിപ്പിക്കുന്നപക്ഷം, ഭൂമിയില്‍ ഒരിക്കലും നിനക്കു ആരാധന ചെയ്യപ്പെടുകയുണ്ടാകുകയില്ല.” ഖിബ്‌ലയ്ക്ക് അഭിമുഖമായി കൈകൾ നീട്ടി, തന്റെ മേലങ്കി തന്റെ തോളിൽ നിന്ന് താഴേക്ക് വീഴുന്നതുവരെ അവിടുന്ന് തന്റെ റബ്ബിനോടുള്ള പ്രാർത്ഥന തുടർന്നു. അപ്പോൾ അബൂബക്കർ رَضِيَ اللَّهُ عَنْهُ അവിടുത്തെ അടുത്ത് വന്ന് മേലങ്കി എടുത്ത് അവിടുത്തെ തോളിൽ വെച്ചു. എന്നിട്ട് അവിടുത്തെ പിന്നിൽ നിന്ന് ആലിംഗനം ചെയ്തുകൊണ്ട് അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങളുടെ റബ്ബിനോടുള്ള നിങ്ങളുടെ ഈ പ്രാർത്ഥന നിങ്ങൾക്ക് മതിയാകും, അവൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്തത് അവൻ നിങ്ങൾക്കായി നിറവേറ്റും. (മുസ്ലിം:1763)
യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ അബൂജഹല്‍ ഇപ്രകാരം പ്രാര്‍ഥിച്ചു:
اللَّهُم أقْطَعُنا للرَّحِمِ، وآتانا بما لا يُعرَفُ، فأَحْنِه الغَداةَ
അല്ലാഹുവേ, മുഹമ്മദ് ഞങ്ങളില്‍ കുടുംബ ബന്ധം മുറിച്ചവനാണ്. ഞങ്ങള്‍ക്കറിയാത്ത മതവുമായി വന്നവനാണ്. അവനെ നശിപ്പിക്കേണമേ (അഹ്മദ്: 23661)
നബി ﷺ യുടെയും സത്യവിശ്വാസികളുടെയും പ്രാര്‍ത്ഥനയെ കുറിച്ച് കുറിച്ച് അല്ലാഹു പറയുന്നു:
ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി. (ഖു൪ആന്‍ :8/9)
നബി ﷺ യും സംഘവും അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരും, അബൂജഹലും സംഘവും അല്ലാഹുവിനോടും കൂടെ മറ്റുള്ളവരോടും വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നവരുമായിരുന്നു. അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുന്ന നബി ﷺ ക്കും അനുയായികൾക്കുമാണ് അല്ലാഹു വിജയം നൽകിയത്.
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (ഖു൪ആന്‍:3/123)
പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്ന് വിശുദ്ധ ഖു൪ആനിലെ അനവധി ആയത്തുകളിലൂടെ അല്ലാഹു നമ്മെ അറിയിച്ചുള്ളതാണ്.
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا
(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (ഖു൪ആന്‍:72/20)
ഏത് അവസ്ഥയിലായിരുന്നാലും ശരി ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ അവനോട് മാത്രമെ ചോദിക്കാവൂ എന്നതിനുമുള്ള ഏറ്റവും വലിയ തെളിവാണ് ബദ്റില്‍ നടന്ന പ്രാര്‍ത്ഥനയും സഹായതേട്ടവും സത്യത്തിന്‍റെ ആളുകള്‍ക്ക് അല്ലാഹു നല്‍കിയ വിജയവും. എന്നാല്‍ ഈ മാതൃക പിന്‍പറ്റേണ്ടതിനു പകരം നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ അധികവും ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. പൗരോഹിത്യം അതിന് വഴിവെക്കുന്നു. അവര്‍ എഴുതി വിടുന്നത് കാണുക:
“ഏതേതു പ്രശ്നങ്ങളായിരുന്നാലും ശരി, ഐഹികമാകട്ടെ പാരത്രികമാകട്ടെ, ബദ്രീങ്ങളെ വിളിച്ച് സഹായം തേടിയാല്‍ തീര്‍ച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്ലാമിക പ്രമാണങ്ങളില്‍ അതിന് മതിയായ രേഖകള്‍ സ്പഷ്ടമായിരിക്കെ അത് ശിര്‍ക്കാണെന്നു പറയുന്നവരുടെ തലക്കാണ് വട്ട്” (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ്: 43)
പ്രാർത്ഥന വിശ്വാസിയുടെ ആയുധം
عن علي بن أبي طالب ، قال : لما كان يوم بدر قاتلت شيئا من قتال ثم جئت مسرعا لأنظر إلى رسول الله – صلى الله عليه وآله وسلم – ما فعل فجئت فأجده وهو ساجد يقول : ” يا حي يا قيوم ” لا يزيد عليها ، فرجعت إلى القتال ، ثم جئت وهو ساجد ، يقول ذلك ، ثم ذهبت إلى القتال ثم جئت وهو ساجد يقول ذلك ، فلم يزل يقول ذلك حتى فتح الله عليه .
അലിയ്യിബ്നു അബൂത്വാലിബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ബദ്ർ ദിനത്തിൽ ഞാൻ കുറച്ചു നേരം യുദ്ധം ചെയ്തു. പിന്നെ ഞാൻ നബി ﷺ യെ കാണാൻ ധൃതിപ്പെട്ട് വന്നു. ഞാൻ വന്നപ്പോൾ അവിടുന്ന് എന്താണ് ചെയ്യുന്നത്? അപ്പോൾ നബി ﷺ സുജൂദിലായിരുന്നു. അവിടുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. യാ ഹയ്യു യാ ഖയ്യൂം … ഞാൻ യുദ്ധത്തിലേക്കുതന്നെ മടങ്ങി. ഞാൻ പിന്നെയും വന്നു. നബി ﷺ സുജൂദിലായിരുന്നു. അവിടുന്ന് അപ്രകാരം പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞാൻ പിന്നെയും യുദ്ധത്തിലേക്കുതന്നെ മടങ്ങി. പിന്നീട് തിരിച്ചു വന്നു. നബി സുജൂദിലായിരുന്നു. അവിടുന്ന് അപ്രകാരം പ്രാര്‍ത്ഥിക്കുകയായിരുന്നു. അല്ലാഹു വിജയം നൽകുന്നതുവരെ അവിടുന്ന് അപ്രകാരം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
വിജയം കൈവരുവാനുള്ള ഉപാധികള്‍
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴿٤٥﴾ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ﴿٤٦﴾
സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു. (ഖു൪ആന്‍:8/45-46)
ശത്രുസൈന്യങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ സത്യവിശ്വാസികള്‍ക്കു വിജയം കൈവരുവാനുള്ള ഉപാധികള്‍ ഏതൊക്കെയാണെന്നു ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട് അവതരിച്ച ആയത്തിലൂടെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
(1) ഉറച്ചു നില്‍ക്കുക. കാല്‍പതറാതെ, ഭീരുത്വം പ്രകടിപ്പിക്കാതെ, ധൈര്യപൂര്‍വ്വം നിലകൊള്ളുക.
(2) അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുക. അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചും, സഹായമാര്‍ത്ഥിച്ചും, ‘തസ്ബീഹ് തക്ബീര്‍’ മുതലായവ ഉച്ചരിച്ചും എല്ലാം അവനില്‍ അര്‍പ്പിച്ചും, അവന്റെ കാരുണ്യം പ്രതീക്ഷിച്ചും കൊണ്ടിരിക്കുക.
(3) അല്ലാഹുവിനെയും റസൂൽ ﷺ യേയും അനുസരിക്കുക. അവരുടെ വിധിവിലക്കുകളെയും, ഉപദേശ നിര്‍ദ്ദേശങ്ങളെയും പാലിക്കുകയും, അതിനെതിരായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.
(4) അന്യോന്യം ഭിന്നിക്കാതെയും, തമ്മില്‍ പിണക്കമില്ലാതെയും ഇരിക്കുക. അഭിപ്രായ ഭിന്നിപ്പോ, തര്‍ക്കമോ, കക്ഷിവഴക്കോ, ചേരിപിരിവോ കൂടാതെ ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി നിലകൊള്ളുക.
(5) ക്ഷമിക്കുക. ഞെരുക്കവും ബുദ്ധിമുട്ടും സഹിക്കുകയും, വന്നുപോയ നഷ്ടങ്ങളെചൊല്ലി അക്ഷമ കാണിക്കാതിരിക്കുകയും ചെയ്യുക.
ഇത്രയും കാര്യങ്ങള്‍ ഗൗനിക്കുന്നപക്ഷം, സത്യവിശ്വാസികള്‍ക്കു വിജയം കൈവരുന്നതും അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതുമാണെന്നു അറിയിക്കുന്നു.
ഭിന്നിപ്പിന്റെ ഫലം ഭീരുത്വവും, വീര്യവും ചുണയും നശിച്ചുപോകലുമായിരിക്കുമെന്നും ക്ഷമിക്കുന്നവര്‍ക്കേ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കുവാനുള്ളുവെന്നും അല്ലാഹു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. ഒരു യുദ്ധയാത്രയില്‍ നബി ﷺ ചെയ്ത പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞതായി കാണാം:
يَا أَيُّهَا النَّاسُ لاَ تَتَمَنَّوْا لِقَاءَ الْعَدُوِّ وَاسْأَلُوا اللَّهَ الْعَافِيَةَ فَإِذَا لَقِيتُمُوهُمْ فَاصْبِرُوا وَاعْلَمُوا أَنَّ الْجَنَّةَ تَحْتَ ظِلاَلِ السُّيُوفِ
മനുഷ്യരേ, നിങ്ങള്‍ ശത്രുവെ കണ്ടുമുട്ടുവാന്‍ കൊതിക്കരുത്. അല്ലാഹുവിനോടു (അതില്‍ നിന്നു) ഒഴിവാക്കിത്തരുവാന്‍ അപേക്ഷിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങള്‍ അവരെ കണ്ടുമുട്ടിയാല്‍, അപ്പോള്‍ നിങ്ങള്‍ ക്ഷമ കൈക്കൊള്ളണം. സ്വര്‍ഗ്ഗം വാളുകളുടെ തണലുകളിലുണ്ടെന്നു നിങ്ങള്‍ അറിയുകയും ചെയ്യുക. (മുസ്ലിം:1742)
ഇന്നത്തെ മുസ്ലിം രാഷ്ട്രങ്ങളെ അപേക്ഷിച്ചു ബാഹ്യമായ എല്ലാ നിലക്കു നോക്കിയാലും ഒരു നാഴിക നേരംകൊണ്ടു മുട്ടുകുത്തിക്കുവാന്‍ മാത്രമുള്ള ഒരു ചെറു രാഷ്ട്രമത്രെ ഇപ്പോള്‍ നിലവിലുള്ള ഇസ്രാഈല്‍ രാഷ്ട്രം. മുസ്ലിംകളോടു പരമ ശത്രുതയില്‍ വര്‍ത്തിക്കുന്ന ആ രാഷ്ട്രത്തെ അടക്കി നിറുത്തുവാന്‍ രണ്ടു മൂന്നു ദശവല്‍സരങ്ങളോളം പരിശ്രമം നടത്തിയിട്ടും ലോക മുസ്ലിം രാഷ്ട്രങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണവും ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട ഉപാധികളില്‍ സമുദായം കൈകൊണ്ടിട്ടുള്ള അമാന്തമല്ലാതെ മറ്റൊന്നുമല്ല. (അമാനി തഫ്സീര്‍)
പിന്തിരിഞ്ഞ് ഓടരുത്
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ زَحْفًا فَلَا تُوَلُّوهُمُ ٱلْأَدْبَارَ ﴿١٥﴾ وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُۥٓ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ ﴿١٦﴾
സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞ് ഓടരുത്. യുദ്ധ (തന്ത്ര) ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു (ശത്രുക്കളുടെ മുമ്പില്‍ നിന്ന്) വല്ലവനും പിന്തിരിഞ്ഞ് കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്. (ഖു൪ആന്‍:8/15-16)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” اجْتَنِبُوا السَّبْعَ الْمُوبِقَاتِ ”. قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ” الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച് (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)
മുഅ്ജിസത്ത്
ബദ്ര്‍ യുദ്ധ വേളയില്‍ നബി ﷺ ഒരു പിടി മണ്ണ് വാരി ശത്രുക്കളുടെ നേരെ എറിഞ്ഞു. അത് അവരുടെ മുഴുവന്‍ പേരുടെയും കണ്ണുകളില്‍ വീഴ്ത്തുകയും അവരുടെ പരാജയത്തിന് സഹായകരമാകുകയും ചെയ്തു. നബി ﷺ മുഖേനെ അല്ലാഹു വെളിപ്പെടുത്തിയ ഒരു അസാധാരാണ സംഭവമായിരുന്നു അത്. ഈ സംഭവത്തെ കുറിച്ച് ഖു൪ആന്‍ പറയുന്നത് കാണുക:
فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. (നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (ഖു൪ആന്‍:8/17)
മുഅ്ജിസത്ത് പ്രവാചകന്റെ പ്രവർത്തനമോ കഴിവിൽ പെട്ടതോ അല്ലെന്നും അത് അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് മാത്രം സംഭവിക്കുന്നതുമാണെന്ന് ഇവിടെ വ്യക്തം.
സ്വര്‍ഗത്തിന് വേണ്ടി ധൃതി കാണിക്കുക
فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” قُومُوا إِلَى جَنَّةٍ عَرْضُهَا السَّمَوَاتُ وَالأَرْضُ ” . قَالَ يَقُولُ عُمَيْرُ بْنُ الْحُمَامِ الأَنْصَارِيُّ يَا رَسُولَ اللَّهِ جَنَّةٌ عَرْضُهَا السَّمَوَاتُ وَالأَرْضُ قَالَ ” نَعَمْ ” . قَالَ بَخٍ بَخٍ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا يَحْمِلُكَ عَلَى قَوْلِكَ بَخٍ بَخٍ ” . قَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ إِلاَّ رَجَاءَةَ أَنْ أَكُونَ مِنْ أَهْلِهَا . قَالَ ” فَإِنَّكَ مِنْ أَهْلِهَا ” . فَأَخْرَجَ تَمَرَاتٍ مِنْ قَرْنِهِ فَجَعَلَ يَأْكُلُ مِنْهُنَّ ثُمَّ قَالَ لَئِنْ أَنَا حَيِيتُ حَتَّى آكُلَ تَمَرَاتِي هَذِهِ إِنَّهَا لَحَيَاةٌ طَوِيلَةٌ – قَالَ – فَرَمَى بِمَا كَانَ مَعَهُ مِنَ التَّمْرِ . ثُمَّ قَاتَلَهُمْ حَتَّى قُتِلَ
(ബദ്ര്‍ യുദ്ധ വേളയില്‍ സ്വഹാബിമാരോടായി) നബി ﷺ പറഞ്ഞു: ‘ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്ക് നിങ്ങള്‍ എഴുന്നേറ്റുവരൂ.’ ഉമൈര്‍ ഇബ്‌നു ഹുമാം അല്‍അന്‍സ്വാരി رَضِيَ اللَّهُ عَنْهُ നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗമോ?’ നബി ﷺ പറഞ്ഞു: ‘അതെ.’ (നബി ﷺ യുടെ ഈ വാക്കിനെ ഇഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ട്) അദ്ദേഹം ഒരു ശബ്ദം ഉണ്ടാക്കി. നബി ﷺ ചോദിച്ചു: ‘എന്താണ് നീ ശബ്ദമുണ്ടാക്കാന്‍ കാരണം?’ അദ്ദേഹം പറഞ്ഞു: ‘ഒന്നുമില്ല റസൂലേ, ഞാനാ സ്വര്‍ഗത്തിലെ വക്താവാകുവാന്‍ ആഗ്രഹിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ സ്വര്‍ഗക്കാരനാണ്.’ അപ്പോള്‍ അദ്ദേഹം തിന്നാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഈത്തപ്പഴത്തിന്റെ പാത്രത്തില്‍ നിന്നും ഈത്തപ്പഴങ്ങള്‍ പുറത്തേക്കെടുത്തു. എന്നിട്ട് പറഞ്ഞു: ‘ഈ ഈത്തപ്പഴം തിന്നുതീര്‍ക്കാന്‍ ആവശ്യമായ സമയം ഞാന്‍ ജീവിച്ചിരുന്നാല്‍ തന്നെ അത് സുദീര്‍ഘമായ ഒരു ജീവിതമാണ്.’ ഇതും പറഞ്ഞു കൊണ്ട് അദ്ദേഹം ഈത്തപ്പഴം വലിച്ചെറിയുകയും എന്നിട്ട് അവരോടൊപ്പം യുദ്ധം ചെയ്യുകയും രക്തസാക്ഷിയാവുകയും ചെയ്തു. (മുസ്‌ലിം: 1901).
അന്‍സ്വാറുകളുടെ കൂട്ടത്തില്‍ നിന്ന് ആദ്യമായി കൊല്ലപ്പെടുന്നത് ഹാരിസുബ്‌നു സുറാഖ رَضِيَ اللَّهُ عَنْهُ ആയിരുന്നു.
حَدَّثَنَا أَنَسُ بْنُ مَالِكٍ، أَنَّ أُمَّ الرُّبَيِّعِ بِنْتَ الْبَرَاءِ، وَهْىَ أُمُّ حَارِثَةَ بْنِ سُرَاقَةَ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا نَبِيَّ اللَّهِ، أَلاَ تُحَدِّثُنِي عَنْ حَارِثَةَ وَكَانَ قُتِلَ يَوْمَ بَدْرٍ أَصَابَهُ سَهْمٌ غَرْبٌ، فَإِنْ كَانَ فِي الْجَنَّةِ، صَبَرْتُ، وَإِنْ كَانَ غَيْرَ ذَلِكَ اجْتَهَدْتُ عَلَيْهِ فِي الْبُكَاءِ. قَالَ “ يَا أُمَّ حَارِثَةَ، إِنَّهَا جِنَانٌ فِي الْجَنَّةِ، وَإِنَّ ابْنَكِ أَصَابَ الْفِرْدَوْسَ الأَعْلَى ”.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബറാഇന്‍റെ മകള്‍ ഉമ്മുഹാരിസ് رضي الله عنها നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു. അല്ലാഹുവിന്‍റെ പ്രവാചകരെ, ഹാരിസിനെക്കുറിച്ച് അവിടുന്ന് എനിക്ക് വിവരിച്ചു തന്നാലും – അദ്ദേഹം ബദര്‍ യുദ്ധത്തില്‍ ഒരു ഒളിയമ്പ് ബാധിച്ചാണ് മരണപ്പെട്ടത് – അവന്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിച്ചുകൊള്ളാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തെചൊല്ലി കരയാന്‍ ഞാന്‍ പാടുപെടും. നബി ﷺ പറഞ്ഞു: ഹാരിസിന്‍റെ മാതാവേ, സ്വര്‍ഗ്ഗത്തില്‍ നിശ്ചയം പല പദവികളുണ്ട്. നിന്‍റെ പുത്രന് ലഭിച്ചിരിക്കുന്നത് മഹോന്നതമായ ഫിര്‍ദൌസാണ്. (ബുഖാരി:2809)
പിശാച് മനുഷ്യന്‍റെ മുഖ്യശത്രു
പിശാച് മനുഷ്യന്‍റെ മുഖ്യശത്രുവാണെന്ന് സംശയലേശമന്യെ അല്ലാഹു ബോധ്യപ്പെടുത്തിത്തന്ന യുദ്ധമാണ് ബദ്ര്‍. മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും പിശാച് കൊണ്ടു പോകുന്നത്, പ്രസ്തുത കാര്യങ്ങളെ ഭംഗിയാക്കി തോന്നിപ്പിച്ച് കൊണ്ടായിരിക്കും.
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ ﴿٣٩﴾ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ﴿٤٠﴾
അവന്‍ (ഇബ്ലീസ്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:15/39-40)
تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ
അല്ലാഹുവെ തന്നെയാണെ, താങ്കള്‍ക്ക് മുമ്പ് പല സമുദായങ്ങളിലേക്കും നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്. എന്നാല്‍ പിശാച് അവര്‍ക്ക് അവരുടെ (ദുഷ്) പ്രവര്‍ത്തനങ്ങള്‍ അലങ്കാരമായി തോന്നിക്കുകയാണ് ചെയ്തത്. അങ്ങനെ അവനാണ് ഇന്ന് അവരുടെ മിത്രം. അവര്‍ക്കുള്ളതാകട്ടെ വേദനാജനകമായ ശിക്ഷയാണ് താനും. (ഖു൪ആന്‍:16/63)
ബദ്൪ യുദ്ധ ദിവസം തങ്ങളുടെ ദുഷിച്ച പ്രവ൪ത്തനത്തെയും അല്ലാഹുവിലുള്ള അവിശ്വാസത്തേയും അവന്റെ ദൂതനോടുള്ള യുദ്ധത്തിന്റെ പുറപ്പാടും അവിശ്വാസികള്‍ക്ക് പിശാച് ഭംഗിയായി കാണിച്ചു കൊടുത്തു. ശത്രുപക്ഷത്തിന് അവരുടെ പ്രവര്‍ത്തനങ്ങളെ ശൈത്വാന്‍ ഭംഗിയാക്കി തോന്നിച്ചു. അവര്‍ ചതിയില്‍ അകപ്പെട്ടു, എന്ന് മാത്രമല്ല അവസാനം അവന്‍ പിന്തിരിയുകയും ചെയ്തു.
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ
ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു. (ഖു൪ആന്‍:8/48)
പിശാചു മനുഷ്യരൂപത്തില്‍ വെളിപ്പെട്ട് മുശ്രിക്കുകളോട് അങ്ങിനെയെല്ലാം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. സുറാക്വത്തുബ്നു മാലികിന്റെ വേഷത്തില്‍ ഇബ്ലീസു അവരെ സമീപിച്ചു. അവരുടെ സംരംഭങ്ങളെ പ്രശംസിക്കുകയും, ഞാന്‍ നിങ്ങളുടെ ഒന്നിച്ചുണ്ടു – നിങ്ങള്‍ക്കു ആരെയും ഭയപ്പെടേണ്ടതില്ല – വിജയം നിങ്ങള്‍ക്കു തീര്‍ച്ചയാണു എന്നൊക്കെപ്പറഞ്ഞു അവരെ ധൈര്യപ്പെടുത്തി അവരുടെ ഒപ്പം കൂടുകയും ചെയ്തു. അവര്‍ മുസ്ലിംകളുമായി സമീപിച്ചപ്പോള്‍, മലക്കുകളുടെ വരവ് പിശാച് കണ്ടു. അതോടെ, ‘ഞാന്‍ നിങ്ങളില്‍നിന്നു ഇതാ ഒഴിഞ്ഞുമാറുന്നു, നിങ്ങള്‍ക്കു കണ്ടു കൂടാത്തതു ഞാന്‍ കാണുന്നു, എനിക്കു വല്ല ആപത്തും ബാധിച്ചേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു’ എന്നൊക്കെ പറഞ്ഞുകൊണ്ടു അവന്‍ പിന്‍വാങ്ങിക്കളഞ്ഞു.
മലക്കുകൾ പോരാടിയ യുദ്ധം
ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി. (ഖു൪ആന്‍ :8/9)
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَٰثَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُنزَلِينَ ﴿١٢٤﴾ بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُسَوِّمِينَ ﴿١٢٥﴾ وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴿١٢٦﴾
(നബിയേ) നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നു മാത്രമാകുന്നു” (ക്വുര്‍ആന്‍ 3/124-126).
ആദ്യം 1000 മലക്കുകളെയും ശേഷം 3000 മലക്കുകളെയും അതിനു ശേഷം 5000 മലക്കുകളെയുമാണ് അല്ലാഹു ഇറക്കിയത്. കുഫ്‌റിന്റെ ആളുകളെ നശിപ്പിക്കുവാന്‍ ഒരു മലക്ക് മാത്രം മതിയായതാണ്. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ച, ഹൃദയം കൊണ്ടും ശരീരം കൊണ്ടും ശത്രുക്കളെ നേരിടാന്‍ വിശ്വാസികള്‍ കാണിച്ച ഈമാനിക ശക്തിയുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ സന്തോഷവുമായിരുന്നു ഇത്.
ബദ്ര്‍ യുദ്ധത്തില്‍ മലക്കുകൾ പങ്കെടുത്തിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആനിൽ നിന്നും ഹദീഥുകളില്‍ നിന്നു ശരിക്കും വ്യക്തമാണ്. ബദ്റില്‍ മലക്കുകള്‍ ഹാജറായതു സംബന്ധിച്ചു ഒരു പ്രത്യേക അദ്ധ്യായം തന്നെ ബുഖാരിയിലുണ്ട്.
إِذْ يُوحِى رَبُّكَ إِلَى ٱلْمَلَٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ فَٱضْرِبُوا۟ فَوْقَ ٱلْأَعْنَاقِ وَٱضْرِبُوا۟ مِنْهُمْ كُلَّ بَنَانٍ
നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. (ഖു൪ആന്‍:8/12)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ يَوْمَ بَدْرٍ : هَذَا جِبْرِيلُ آخِذٌ بِرَأْسِ فَرَسِهِ ـ عَلَيْهِ أَدَاةُ الْحَرْبِ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ബദ്ർ ദിനത്തിൽ നബി ﷺ പറഞ്ഞു: ഇതാ ജിബ്രീൽ, കുതിരയുടെ തലപിടിച്ചു നിൽക്കുന്നു. യുദ്ധായുധങ്ങൾ അദ്ദേഹം ധരിച്ചിട്ടുണ്ട്. (ബുഖാരി: 3995)
عَنْ مُعَاذِ بْنِ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، عَنْ أَبِيهِ ـ وَكَانَ أَبُوهُ مِنْ أَهْلِ بَدْرٍ ـ قَالَ جَاءَ جِبْرِيلُ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ : مَا تَعُدُّونَ أَهْلَ بَدْرٍ فِيكُمْ قَالَ : مِنْ أَفْضَلِ الْمُسْلِمِينَ ـ أَوْ كَلِمَةً نَحْوَهَا ـ قَالَ: وَكَذَلِكَ مَنْ شَهِدَ بَدْرًا مِنَ الْمَلاَئِكَةِ
രിഫാഅ ത്ത്ബ്നുറാഫിഹ് അസ്സുറഖ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം ബദ്റിൽ പങ്കെടുത്ത വ്യക്തിയായിരുന്നു. അദ്ദേഹം പറയുന്നു: നബി ﷺ യുടെ അടുത്തുവന്ന് ജിബ്രീൽ عليه السلام ചോദിച്ചു: ബദ്റിൽ നിങ്ങളിൽനിന്ന് പങ്കെടുത്തവരെ ആരായിട്ടാണ് നിങ്ങൾ ഗണിക്കുന്നത്? നബി ﷺ പറഞ്ഞു: മുസ്ലിംകളിൽ അതിശ്രേഷ്ഠരായിട്ട്. അല്ലെങ്കിൽ അതുപോലുള്ള ഒരു വാക്ക് പറഞ്ഞു. അപ്പോൾ ജിബ്രീൽ عليه السلام പറഞ്ഞു: അപ്രകാരം തന്നെയാണ്, ബദ്റിൽ പങ്കെടുത്ത മലക്കുകളും. (ബുഖാരി: 3992)
മലക്കുകള്‍ നേരിട്ട് യുദ്ധം ചെയ്തത് ബദ്‌റില്‍ മാത്രമാണ്. മറ്റു ചില യുദ്ധങ്ങളില്‍ മലക്കുകള്‍ ഇറങ്ങി വന്നിട്ടുണ്ടെങ്കിലും എണ്ണം കൊണ്ടുള്ള ഒരു സഹായം മാത്രമായിരുന്നു അത്. മുസ്‌ലിംകളെ ശക്തിപ്പെടുത്തുവാനും സംരക്ഷിക്കുവാനും അതോടൊപ്പം സത്യനിഷേധികളെ ഭയപ്പെടുത്തുവാനും വേണ്ടിയുമായിരുന്നു. എന്നാല്‍ ബദ്‌റില്‍ മലക്കുകള്‍ നേരിട്ട് യുദ്ധം ചെയ്യുക തന്നെ ചെയ്തു.
മലക്കുകള്‍ ഇറങ്ങി വരുന്നതും സത്യവിശ്വാസികളെ സഹായിക്കുന്നതുമായ രംഗം സുറാഖത്ത് ഇബ്‌നു മാലികിന്റെ രൂപത്തില്‍ വന്ന ഇബ്‌ലീസ് കണ്ടപ്പോള്‍ അവന്‍ തിരിഞ്ഞോടുകയുണ്ടായി.
അല്ലാഹുവിന്‍റെ സഹായം
അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കുക എന്നത് അല്ലാഹുവിന്‍റെ ബാധ്യതയത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കും. അല്ലാഹു നല്‍കുന്ന സഹായത്തിന്‍റെ അവകാശികളാവാന്‍ അടിമകള്‍ ചെയ്യേണ്ടത് അവനെയും സഹായിക്കുക എന്നതാണ്. അതായത് മതത്തിന്‍റെ സംരക്ഷകരാവുക.
وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُ
തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. (ഖു൪ആന്‍:22/40)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:47/7)
ബദ്റില്‍ മുസ്ലിം സൈന്യം ദുര്‍ബലമായിരുന്നു. വിശ്വാസത്തിന്‍റെ കാഠിന്യഫലമായി വ്യത്യസ്ത രീതിയിലുള്ള സഹായങ്ങളാണ് അല്ലാഹുവില്‍നിന്ന് ലഭ്യമായത്.
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.(ഖു൪ആന്‍:3/123)
ബദ്റിൽ അല്ലാഹു നല്‍കിയ സഹായങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്:
(ഒന്ന്) മലക്കുകളെ ഇറക്കി സഹായിച്ചു: ആദ്യം 1000 മലക്കുകളെയും ശേഷം 3000 മലക്കുകളെയും അതിനു ശേഷം 5000 മലക്കുകളെയുമാണ് അല്ലാഹു ഇറക്കിയത്. കുഫ്‌റിന്റെ ആളുകളെ നശിപ്പിക്കുവാന്‍ ഒരു മലക്ക് മാത്രം മതിയായതാണ്. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ച, ഹൃദയം കൊണ്ടും ശരീരം കൊണ്ടും ശത്രുക്കളെ നേരിടാന്‍ വിശ്വാസികള്‍ കാണിച്ച ഈമാനിക ശക്തിയുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ സന്തോഷവുമായിരുന്നു ഇത്. ഇക്കാര്യം അല്ലാഹു ക്വുര്‍ആനിലൂടെ പഠിപ്പിച്ചിട്ടുമുണ്ട്:
(രണ്ട്) മുസ്ലിം സൈന്യം എണ്ണത്തില്‍ കുറവായിരുന്നു. ശത്രുക്കള്‍ നോക്കിയപ്പോള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്ന് തോന്നിക്കുംവിധം മുസ്ലിംകളില്‍ വര്‍ധനയുണ്ടായി.
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്. (ഖു൪ആന്‍:3/13)
(മൂന്ന്) നിദ്രാമയക്കം നൽകി സഹായിച്ചു.
ഒരു നിദ്രാമയക്കം – അഥവാ ലഘുവായ ഒരു ഉറക്ക് – നല്‍കിക്കൊണ്ട് അല്ലാഹു അവര്‍ക്കു മനശ്ശാന്തിയും സമാധാനവും നല്‍കി. അതിയായ ഭീതിയും ഭയപ്പാടും പിടിപെട്ടിരിക്കുന്ന അവസരത്തില്‍ ഇതു കേവലം ഒരു അസാധാരണം തന്നെയാണ് അതേ സമയം അതുമൂലം മനസ്സിലുള്ള അലട്ടും ഭയപ്പാടും നീങ്ങി പുതിയൊരു ഉണര്‍വ്വും ചൈതന്യവും ലഭിക്കുവാന്‍ അത് സഹായകവുമായിരിക്കും. തങ്ങളെക്കാള്‍ പല മടങ്ങു സുശക്തമായ ഒരു ശത്രുവുമായി നേരിടുവാന്‍ കളം പകുത്തു നില്‍ക്കുന്ന മദ്ധ്യെ ഇങ്ങിനെ ഒരു നിദ്രാമയക്കം ലഭിച്ചതു അല്ലാഹുവിന്റെ വമ്പിച്ച ഒരനുഗ്രഹമാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. (അമാനി തഫ്സീര്‍)
(നാല്) മഴയിറക്കി സഹായിച്ചു.
യുദ്ധ മൈതാനത്തില്‍ മുസ്‌ലിംകളുടെ അടുത്തുണ്ടായിരുന്ന വെള്ളത്താവളം മുശ്രിക്കുകള്‍ നേരത്തെ പിടിച്ചടക്കിയിരുന്നു. അങ്ങനെ, അവര്‍ക്കു ദാഹശമനത്തിനോ, ശുദ്ധീകരണത്തിനോ വെള്ളം കിട്ടാതെ അവര്‍ വളരെ വിഷമിച്ചു. ‘വുള്വു’ ചെയ്‌വാനും, കുളിക്കുവാനും കഴിയാതെ ശുദ്ധിയില്ലാത്തവരായിപ്പോലും പലരും നമസ്ക്കരിക്കേണ്ടതായും നേരിട്ടു. ഇതു മുസ്ലിംകളുടെ മനസ്സിനു പലനിലക്കുമുള്ള അലട്ടല്‍ ഉളവാക്കുമെന്നു പറയേണ്ടതില്ല. പിശാചാകട്ടെ, പലരുടെയും മനസ്സില്‍ വിവിധ ആശയക്കുഴപ്പങ്ങള്‍ ഇളക്കി വിടുകയും ചെയ്തു. എല്ലാ വ്യക്തികളും ഒരേ തരക്കാരായിരിക്കുകയില്ലല്ലോ. ‘നിങ്ങളൊക്കെ സത്യവിശ്വാസികളാണു, നിങ്ങളുടെ പ്രവാചകന്‍ നിങ്ങളൊന്നിച്ചുണ്ട്. എന്നിട്ടും നമസ്കരിക്കുവാന്‍ പോലും വെള്ളം കിട്ടാതെ നിങ്ങള്‍ വിഷമിച്ചു വരുന്നു, നിങ്ങളുടെ ശത്രുക്കള്‍ക്കു വെള്ളത്തിനു ഒട്ടും ക്ഷാമമില്ലതാനും. ഇതെന്തൊരു കഥയാണു?’ എന്നിങ്ങിനെ പിശാചു പലരുടെയും ഹൃദയത്തില്‍ ദുര്‍മ്മന്ത്രം നടത്തിക്കൊണ്ടിരുന്നു. ഈ അവസരത്തിലാണു നല്ലൊരു മഴ വര്‍ഷിപ്പിച്ച് അല്ലാഹു അവരെ അനുഗ്രഹിച്ചത്. അവരുടെ വിഷമങ്ങള്‍ അതോടൊപ്പം പിശാചിന്റെ ദുര്‍മ്മന്ത്രങ്ങള്‍മൂലം തോന്നിയിരുന്ന ദുര്‍വിചാരങ്ങളും ആശങ്കകളുമൊക്കെ നീങ്ങുകയും, മനോധൈര്യവും ആത്മവീര്യവും വര്‍ദ്ധിക്കുകയും ചെയ്തു. (അമാനി തഫ്സീര്‍)
നിദ്രാമയക്കം നൽകി സഹായിച്ചതിനെ കുറിച്ചും മഴയിറക്കി സഹായിച്ചതിനെ കുറിച്ചും അല്ലാഹു പറയുന്നു:
إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَٰنِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلْأَقْدَامَ
അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക.) (ഖു൪ആന്‍:8/11)
(അഞ്ച്) ശത്രുക്കള്‍ക്ക് അല്ലാഹു ഭയം നല്‍കി.
إِذْ يُوحِى رَبُّكَ إِلَى ٱلْمَلَٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ فَٱضْرِبُوا۟ فَوْقَ ٱلْأَعْنَاقِ وَٱضْرِبُوا۟ مِنْهُمْ كُلَّ بَنَانٍ
നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. (ഖു൪ആന്‍:8/12)
(ആറ്) അല്ലാഹു തന്‍റെ വിജയ വാഗ്ദാനം പൂര്‍ത്തിയാക്കി.
لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَٰطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ
സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതി നുമത്രെ അത്. ദുഷ്ടന്മാര്ക്ക് അതെത്ര അനിഷ്ടകരമായാലും ശരി. (ഖു൪ആന്‍:8/8)
ദൃഢവിശ്വാസമുള്ളവര്‍ക്ക് സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുണയാകുന്ന സഹായം അല്ലാഹുവില്‍ നിന്ന് ലഭിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.
ബദ്ര്‍ ശുഹദാക്കൾ
14 പേരാണ് ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകളില്‍ നിന്നും രക്തസാക്ഷികളായത്. ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും ആയിരുന്നു അവര്‍. ബദ്‌റിന്റെ മൈതാനത്തില്‍ അവര്‍ മരിച്ചു വീണ സ്ഥലങ്ങളില്‍ തന്നെ അവരെ മറമാടുകയും ചെയ്തു.
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتَۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. (ഖുർആൻ :3/169-170)
സത്യനിഷേധികളുടെ പ്രാര്‍ത്ഥനക്ക് ഉത്തരം
ക്വുറൈശികള്‍ യുദ്ധത്തിനൊരുങ്ങി പുറപ്പെടുമ്പോള്‍ കഅ്ബയുടെ കില്ല പിടിച്ചുകൊണ്ടു: ‘അല്ലാഹുവേ, ഈ രണ്ടു സൈന്യങ്ങളില്‍ കൂടുതല്‍ ഉന്നതവും മാന്യവും നേര്‍വഴിക്കുള്ളതും ഏതാണോ അതിനെ സഹായിക്കണേ!’ എന്നു പ്രാര്‍ത്ഥിച്ചതായും, ‘ഞങ്ങളില്‍ കൂടുതല്‍ കുടുംബബന്ധം മുറിക്കുന്നതും പുതിയ മതം അംഗീകരിക്കുന്നതുമായ കൂട്ടരേ പരാജയപ്പെടുത്തണേ!’ എന്നു അബൂജഹല്‍ പ്രാര്‍ത്ഥിച്ചതായും ഒന്നിലധികം രിവായത്തുകളില്‍ വന്നിരിക്കുന്നു. തങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഒരു തീരുമാനമുണ്ടാക്കി ഈ അനിശ്ചിതാവസ്ഥക്കു പരിഹാരം നല്‍കുവാന്‍ അവര്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നാണു ഇതിന്റെ അര്‍ത്ഥം. ഇതൊക്കെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു അവരോടു പറയുന്നു:
إِن تَسْتَفْتِحُوا۟ فَقَدْ جَآءَكُمُ ٱلْفَتْحُ ۖ وَإِن تَنتَهُوا۟ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا۟ نَعُدْ وَلَن تُغْنِىَ عَنكُمْ فِئَتُكُمْ شَيْـًٔا وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ
(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്. (ഖുർആൻ :8/19)
kanzululoom.com