ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമോ?

‘ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമോ?’ എന്നത് പല ആളുകളുടെയും സംശയമാണ്. ഈ വിഷയത്തിൽ ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ, ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുകയില്ല എന്നാണ് മനസ്സിലാകുന്നത്. ചില തെളിവുകൾ കാണുക:

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَبَّلَ بَعْضَ نِسَائِهِ ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يَتَوَضَّأْ ‏.‏

ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: നബി ﷺ  തന്റെ സ്ത്രീകളിൽ (അതായത്, ഭാര്യമാരിൽ) ഒരാളെ  ചുംബിച്ചു, തുടർന്ന് അദ്ദേഹം നമസ്കാരം നിർവ്വഹിക്കാൻ പോയി, അവിടുന്ന് വുളൂഅ് ചെയ്തില്ല. (ഇബ്നുമാജ:502)

عَنْ عَائِشَةَ، قَالَتْ إِنْ كَانَ رَسُولُ اللَّهِ صلى الله عليه وسلم لَيُصَلِّي وَإِنِّي لَمُعْتَرِضَةٌ بَيْنَ يَدَيْهِ اعْتِرَاضَ الْجَنَازَةِ حَتَّى إِذَا أَرَادَ أَنْ يُوتِرَ مَسَّنِي بِرِجْلِهِ ‏.‏

ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: അവർ പറയുന്നു: നബി ﷺ (രാത്രിയിൽ) നമസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽ മൃതദേഹം നമസ്‌കാരത്തിനായി കിടത്തിയപോലെ വിലങ്ങനെ കിടക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം വിത്ർ ആക്കാൻ ഉദ്ദേശിക്കുന്ന നേരത്ത്, തൻറെ കാലുകൊണ്ട് എന്നെ സ്പർശിക്കുമായിരുന്നു. (നീങ്ങിക്കിടക്കുവാൻ സ്പർശിക്കും എന്നർത്ഥം). (നസാഈ 166)

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا قَالَتْ كُنْتُ أَنَامُ بَيْنَ يَدَىْ رَسُولِ اللَّهِ صلى الله عليه وسلم وَرِجْلاَىَ فِي قِبْلَتِهِ، فَإِذَا سَجَدَ غَمَزَنِي فَقَبَضْتُ رِجْلَىَّ، فَإِذَا قَامَ بَسَطْتُهُمَا‏.‏ قَالَتْ وَالْبُيُوتُ يَوْمَئِذٍ لَيْسَ فِيهَا مَصَابِيحُ‏.‏

ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഞാൻ നബി ﷺ യുടെ മുമ്പിലായി ഖിബ്‌ലയ്ക്ക് എതിർവശത്ത് (അദ്ദേഹത്തിന് അഭിമുഖമായി) കാലുകൾ വെച്ചുകൊണ്ട് ഉറങ്ങാറുണ്ടായിരുന്നു. നബി ﷺ സുജൂദ് ചെയ്യുമ്പോഴെല്ലാം അവിടുന്ന് എന്റെ പാദങ്ങൾ തള്ളുകയും ഞാൻ അവ പിൻവലിക്കുകയും അവിടുന്ന് നിൽക്കുമ്പോഴെല്ലാം ഞാൻ അവ  നീട്ടിവെക്കുകയും ചെയ്യുമായിരുന്നു. ആഇശ رَضِيَ اللَّهُ عَنْهَا  പറയുന്നു: അക്കാലത്ത് വീടുകളിൽ വിളക്കുകൾ ഇല്ലായിരുന്നു. (ബുഖാരി:513)

عَنْ عَائِشَةَ، قَالَتْ فَقَدْتُ رَسُولَ اللَّهِ صلى الله عليه وسلم لَيْلَةً مِنَ الْفِرَاشِ فَالْتَمَسْتُهُ فَوَقَعَتْ يَدِي عَلَى بَطْنِ قَدَمَيْهِ وَهُوَ فِي الْمَسْجِدِ وَهُمَا مَنْصُوبَتَانِ وَهُوَ يَقُولُ ‏ “‏ اللَّهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ ‏”‏ ‏.‏

ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഒരു രാത്രി ഞാൻ നബി ﷺ യെ കിടക്കയിൽ നിന്ന് കാണാതെയായി. ഞാൻ നബി ﷺ യെ തിരഞ്ഞു. അങ്ങനെ എന്റെ കൈ അദ്ദേഹത്തിന്റെ പാദങ്ങളിൽ സ്പർശിച്ചു. അദ്ദേഹം അവിടുന്ന് പള്ളിയിലായിരുന്നു.  അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു: അല്ലാഹുവേ, നിന്റെ കോപത്തിൽ നിന്ന് നിന്റെ പ്രീതിയിലും നിന്റെ ശിക്ഷയിൽ നിന്ന് നിന്റെ പാപമോചനത്തിലും ഞാൻ അഭയം തേടുന്നു, നിന്നിൽ നിന്ന് (നിന്റെ കോപത്തിൽ) ഞാൻ നിന്നോട് അഭയം തേടുന്നു. അങ്ങയുടെ സ്തുതി എനിക്ക് കണക്കാക്കാനാവില്ല. നീ നിന്നെത്തന്നെ സ്തുതിച്ചത് പോലെയാണ്. നീ സ്വയം പ്രശംസിച്ചതുപോലെ എനിക്ക് നിന്നെ പ്രശംസിക്കാൻ കഴിയില്ല. (മുസ്ലിം:486)

ഇവിടെ സ്വാഭാവികമായും ഒരു സംശയം വരാം. ശാഫിഈ മദ്ഹബിൽ ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമല്ലോ എന്നാണ് പറയുന്നതെന്ന്. അതെ, ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമെന്നാണ് ഇമാം ശാഫിഈ رحمه الله യുടെ അഭിപ്രായം. അതിനുള്ള തെളിവായി കാണിക്കുന്നത് വിശുദ്ധ ഖുർആൻ സൂറ: നിസാഅ് 43 വചനമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു. (ഖുർആൻ:4/430

أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا (അല്ലെങ്കില്‍ നിങ്ങൾ സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍, എന്നിട്ട് നിങ്ങള്‍ക്ക് (വുളൂഅ്ന്) വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ തയമ്മും ചെയ്യുക എന്നാണ് ഈ ആയത്തിന്റെ ഒരു പരാമർശം. ഇതിലെ لَٰمَسْتُمُ (ലമസ്ത്തും) എന്ന പദത്തിന് “സ്പർശനം” എന്നാണ് ഇമാം ശാഫിഈ رحمه الله അർത്ഥം നൽകിയിട്ടുള്ളത്. അതുകൊണ്ട് ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമെന്ന് അദ്ദേഹം വിധിച്ചിട്ടുള്ളത്.

എന്നാൽ മറ്റ് പല പണ്ഡിതന്മാരും لَٰمَسْتُمُ (ലമസ്ത്തും) എന്നാൽ സാധാരണ സ്പർശനമല്ല,  ശാരീരിക ബന്ധം എന്നാണ് അർഥം വെച്ചിട്ടുള്ളത്.

عن ابن عباس في قوله : ( أو لامستم النساء ) قال : الجماع

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:{അല്ലെങ്കില്‍ നിങ്ങൾ സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്താൽ} അത് ലൈംഗിക ബന്ധമാണ്. (തഫ്സീർ ഇബ്നുകസീർ)

لاَمَسْتُمْ (ലാമസ്തും) എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ഥം അന്യോന്യം സ്പര്‍ശിക്കുക – അഥവാ പരസ്പരം തൊടുക – എന്നാകുന്നു. സംയോഗത്തെ ഉദ്ദേശിച്ചു ആ വാക്ക് ഉപയോഗിക്കുന്നു. സ്പര്‍ശിക്കുക – അഥവാ തൊടുക – എന്നര്‍ത്ഥമായ مَسّ (മസ്സ്) എന്ന പദം സംയോഗത്തെ ഉദ്ദേശിച്ചു ക്വുര്‍ആനില്‍ തന്നെ (2:236, 237) ഉപയോഗിച്ചിട്ടുണ്ട്. വ്യക്തമായ വാക്കില്‍ തുറന്നു പറയുന്നത് മാന്യമല്ലെന്നു കരുതപ്പെടുന്ന (സംയോഗം മുതലായ) കാര്യങ്ങളെക്കുറിച്ച് വ്യംഗ്യമായും, അലങ്കാര രൂപത്തിലും പ്രസ്താവിക്കുക ക്വുര്‍ആന്‍റെ ഒരു പതിവാണുതാനും. ഇതെല്ലാം കാരണമായിട്ടാണ് ഈ വാക്കിന് സംയോഗം ചെയ്യുക എന്ന് വിവക്ഷ നല്‍കപ്പെടുന്നത്. ഇമാം ശാഫിഈ رحمه الله മുതലായ ചില മാഹാന്മാര്‍ ഇവിടെ ആ വാക്കിന് അതിന്‍റെ ഭാഷാര്‍ഥം തന്നെ കല്‍പിച്ചിരിക്കുന്നു. മലമൂത്രവിസര്‍ജ്ജനം പോലെത്തന്നെ, അന്യ സ്ത്രീകളെ തൊട്ടാല്‍ വുദ്വൂ നിഷ്ഫലമാകുമെന്നും, നമസ്‌കാരത്തിനു വീണ്ടും വുദ്വൂ എടുക്കേതുണ്ടെന്നും, ഈ അടിസ്ഥാനത്തില്‍ അവര്‍ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. لاَمَسْتُمْ എന്നതിന്‍റെ സ്ഥാനത്ത്  لَمَسْتُمْ (ലമസ്തും) എന്ന് വായിക്കപ്പെട്ടിട്ടുള്ളതും ഇവര്‍ തെളിവായി എടുക്കുന്നു. ‘സ്പര്‍ശിക്കുക’ എന്നു തന്നെയായിരിക്കും അപ്പോള്‍ അതിന്‍റെ അര്‍ഥം. സ്ത്രീകളെ തൊട്ടാല്‍ വുദ്വൂ നിഷ്ഫലമാകുമോ, ഇല്ലേ എന്നതില്‍ ഭിന്നാഭിപ്രായം പണ്ഡിതന്മാര്‍ക്കിടയില്‍ സ്വഹാബികളുടെ കാലംമുതല്‍ക്കേ ഉള്ളതാകുന്നു. എന്നാല്‍, ഹദീഥുകള്‍ പരിശോധിക്കുമ്പോള്‍, ഇവിടെ ആ വാക്കുകൊണ്ടുദ്ദേശ്യം സംയോഗമാണെന്ന അഭിപ്രായത്തിനാണ് ബലം കാണുക. ഇബ്‌നു ജരീര്‍ رحمه الله മുതലായവര്‍ പ്രസ്താവിക്കുന്നതുപോലെ, നബി ﷺ സ്വപത്‌നിമാരെ ചുംബിച്ചശേഷം വുദ്വൂ ചെയ്യാതെ നമസ്‌കരിച്ചിട്ടുള്ളതായി പല ഹദീഥുകളിലും വന്നിട്ടുള്ളതാണ്. (ഹദീഥുകള്‍ ഇബ്‌നു ജരീറും, ഇബ്‌നു കഥീറും (رحمهم الله) മറ്റും ഉദ്ധരിച്ചു കാണാം). (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/43 ന്റെ വിശദീകരണം)

ചുരുക്കത്തിൽ ഈ വിഷയത്തില്‍ പ്രധാനമായും മൂന്ന് അഭിപ്രായങ്ങള്‍ ആണ് ഉള്ളത്.

ഒന്ന്: ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയും.

രണ്ട്: വുളൂഅ് മുറിയുകയില്ല, വികാരമായി സ്പര്‍ശിച്ചാലും .

മൂന്ന്: വികാരത്തില്‍ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയും, അതല്ലാതെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുകയില്ല.

ഇതില്‍ ഏറ്റവും പ്രബലമായ അഭിപ്രായം മൂന്നാമത്തെ അഭിപ്രായം ആണ്. الله اعلم

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *