അല്ലാഹുവിന്റെ ഔലിയാക്കൾ

അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്. ‘ഔലിയാഅ്‘ എന്നാണ് ഇതിന്റെ ബഹുവചനം. എങ്കിലും  ഔലിയാക്കൾ എന്നാണ് ആളുകൾ പൊതുവെ പറഞ്ഞു വരുന്നത്. ആരൊക്കെയാണ് അല്ലാഹുവിന്റെ ഔലിയാക്കൾ? സമൂഹത്തിൽ ഈ വിഷയത്തിൽ പലവിധ തെറ്റിദ്ധാരണകളുണ്ട്.

വിശ്വാസ രംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ കല്‍പനകളും നിരോധനങ്ങളും പാലിച്ച് അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്.

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿٦٢﴾‏ ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ‎﴿٦٣﴾

ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഔലിയാഅ്, അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (ഖുർആൻ:10/62-63)

ആരൊക്കെയാണ് അല്ലാഹുവിന്‍റെ ഔലിയാഅ് എന്ന് ഈ ആയത്തിൽ കൃത്യമായി വിശദീകരിച്ചിരിക്കുന്നു. ഈമാനും തഖ്‌വയുമുള്ളവരുമാണ് അല്ലാഹുവിന്റെ ഔലിയാഅ്.

ഈമാനും തഖ്‌വയുമുള്ളവരാണ് അല്ലാഹുവിന്റെ ഔലിയാഅ് എന്ന് അല്ലാഹു അറിയിക്കുന്നു. അപ്രകാരമാണ് അല്ലാഹു തന്റെ ഔലിയാക്കളെ വിശദീകരിച്ചത്. അപ്പോൾ, (ശരിയായ) ഈമാനും ജീവിതത്തിൽ തഖ്‌വ കൈക്കൊള്ളുകയും ചെയ്യുന്ന എല്ലാവരും അല്ലാഹുവിൻ്റെ വലിയ്യുകളാണ്. (തഫ്സീർ ഇബ്നു കസീർ)

{‏الَّذِينَ آمَنُوا‏}‏ بالله وملائكته وكتبه ورسله واليوم الآخر وبالقدر خيره وشره، وصدقوا إيمانهم، باستعمال التقوى، بامتثال الأوامر، واجتناب النواهي‏.‏

അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, ഖദ്റിലും വിശ്വസിക്കുകയും, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുകയും, അവൻ വിലക്കിയവ ഒഴിവാക്കുകയും ചെയ്ത് ജീവിതത്തിൽ തഖ്‌വ കൈകൊണ്ട് തങ്ങളുടെ വിശ്വാസത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നവരാണവർ. (തഫ്സീറുസ്സഅ്ദി)

ഇമാം ഇബ്നു ബാസ് رحمه الله പറയുന്നു:ഈമാനും തഖ്‌വയുമുള്ളവരാണ് അല്ലാഹുവിൻ്റെ ഔലിയാക്കൾ. അവർ മന്ത്രവാദത്തിൻ്റെ ആളുകളല്ല, പൈശാചികമായ അത്ഭുത സംഭവങ്ങളും കള്ളക്കറാമത്തുകളും അവകാശപ്പെടുന്നവരുമല്ല. മറിച്ച് കറാമത്ത് ലഭിച്ചാലും ഇല്ലെങ്കിലും ശരി, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും, അവരുടെ കൽപനകൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണവർ.

ശരിയായ വിശ്വാസവും, നിർബന്ധമായ കർമങ്ങൾക്ക് പുറമെ സുന്നത്തുകളും വർദ്ധിപ്പിച്ച് തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിക്കലാണ് അല്ലാഹുവിന്റെ വിലായത്ത് കരസ്ഥമാക്കാനുള്ള ഏക മാർഗം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ اللَّهَ قَالَ مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إِلَىَّ عَبْدِي بِشَىْءٍ أَحَبَّ إِلَىَّ مِمَّا افْتَرَضْتُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَىَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطُشُ بِهَا وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لأُعِيذَنَّهُ، وَمَا تَرَدَّدْتُ عَنْ شَىْءٍ أَنَا فَاعِلُهُ تَرَدُّدِي عَنْ نَفْسِ الْمُؤْمِنِ، يَكْرَهُ الْمَوْتَ وَأَنَا أَكْرَهُ مَسَاءَتَهُ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്റെ വലിയ്യിനോട് (സാമീപ്യം നേടിയ വ്യക്തിയോട്) ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങളെക്കാള്‍ എനിക്ക് പ്രിയംകരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ നിര്‍ബന്ധമല്ലാത്ത ഐച്ഛികമായ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസന്‍ എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവന്ന് കേള്‍ക്കാനുള്ള കാതും കാണാനുള്ള കണ്ണും പിടിക്കാനുള്ള കയ്യും നടക്കാനുള്ള കാലും ഞാനായിരിക്കും. എന്നോട് അവന്‍ ചോദിച്ചാല്‍ അവന് ഞാന്‍ നല്‍കുക തന്നെ ചെയ്യും. എന്നോട് അവന്‍ അഭയം തേടിയാല്‍ ഞാന്‍ അവന് അഭയം നല്‍കുക തന്നെ ചെയ്യും. (ബുഖാരി:6502)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *