പള്ളിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പള്ളിയോടുള്ള ആദരസൂചകമായി നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമാണ് തഹിയ്യത്തുല്‍ മസ്ജിദ് അഥവാ തഹിയ്യത്ത് നമസ്‌കാരം. തഹിയ്യത്ത് എന്നാല്‍ അഭിവാദ്യം എന്നാണർത്ഥം. യഥാർത്ഥത്തിൽ ഇത് അല്ലാഹുവിലുള്ള തഹിയത്താണ്, അല്ലാഹുവിന്റെ ഭവനത്തിൽ കയറി അല്ലാഹുവിന് നൽകുന്ന തഹിയ്യത്ത്. അതായത് പള്ളിക്ക് അഭിവാദ്യമെന്ന നിലയില്‍ അല്ലാഹുവിനു നാം സമര്‍പ്പിക്കുന്ന ആരാധനയാണ് തഹിയ്യത്ത് നമസ്‌കാരം.
عَنْ أَبِ قَتَادَةَ بْنَ رِبْعِيٍّ الأَنْصَارِيّ َ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلاَ يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ
അബൂഖത്വാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കട്ടെ. (ബുഖാരി:1167)
عَنْ جَابِرِ ـ رضى الله عنه ـ قَالَ: أَتَيْتُ النَّبِيَّ صلى الله عليه وسلم وَهْوَ فِي الْمَسْجِدِ فَقَالَ : صَلِّ رَكْعَتَيْنِ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പള്ളിയിലായിരുന്നപ്പോൾ ഞാൻ നബി ﷺ യുടെ അടുക്കൽ വന്നു, അദ്ദേഹം എന്നോട് പറഞ്ഞു: രണ്ട് റക്അത്ത് നമസ്കരിക്കുക. (ബുഖാരി-മുസ്ലിം)
عَنْ أَبِي قَتَادَةَ، صَاحِبِ رَسُولِ اللَّهِ صلى الله عليه وسلم قَالَ دَخَلْتُ الْمَسْجِدَ وَرَسُولُ اللَّهِ صلى الله عليه وسلم جَالِسٌ بَيْنَ ظَهْرَانَىِ النَّاسِ – قَالَ – فَجَلَسْتُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا مَنَعَكَ أَنْ تَرْكَعَ رَكْعَتَيْنِ قَبْلَ أَنْ تَجْلِسَ ” . قَالَ فَقُلْتُ يَا رَسُولَ اللَّهِ رَأَيْتُكَ جَالِسًا وَالنَّاسُ جُلُوسٌ . قَالَ ” فَإِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلاَ يَجْلِسْ حَتَّى يَرْكَعَ رَكْعَتَيْنِ ” .
അബൂഖത്വാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : (ഒരിക്കല്‍) ഞാൻ പള്ളിയില്‍ പ്രവേശിച്ചു അപ്പോള്‍ നബി ﷺ ജനങ്ങള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഞാനും ഇരുന്നു അപ്പോള്‍ നബി ﷺ ചോദിച്ചു:ഇരിക്കുന്നതിന് മുമ്പ് രണ്ട് റകഅത്ത് നിസ്കരിക്കാതിരാക്കാൻ എന്താണ് നിന്നെ തടഞ്ഞത്? ഞാന്‍ പറഞ്ഞു : അങ്ങയെയും ജനങ്ങളെയും ഇരിക്കുന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു : നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റകഅത്ത് നിസ്കരിക്കാതെ ഇരിക്കരുത്. (മുസ്ലിം:714)
ശക്തമായ സുന്നത്ത് നമസ്കാരമാണ് തഹിയ്യത്ത് നമസ്‌കാരം. “അവൻ നമസ്‌കരിക്കട്ടെ”, “അവന്‍ ഇരിക്കരുത്” എന്നീ പ്രയോഗങ്ങൾ, തഹിയ്യത്ത് നമസ്‌കാരം വാജിബാണെന്നതിനെ അറിയിക്കുന്നുവെന്നും പറഞ്ഞ പണ്ഢിതൻമാരുണ്ട്. ജുമുഅ ദിവസം ഇമാം ഖുത്വുബ പറയുന്ന സന്ദർഭത്തിലാണ് ഒരാൾ പള്ളിയിൽ പ്രവേശിക്കുന്നതെങ്കിലും രണ്ട് റകഅത്ത് തഹിയ്യത്ത് നമസ്കരിക്കണമെന്നാണ് പ്രവാചക നിർദ്ദേശം. അതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ جَاءَ رَجُلٌ وَالنَّبِيُّ صلى الله عليه وسلم يَخْطُبُ النَّاسَ يَوْمَ الْجُمُعَةِ فَقَالَ ” أَصَلَّيْتَ يَا فُلاَنُ ”. قَالَ لاَ. قَالَ ” قُمْ فَارْكَعْ ”
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ജുമുഅ ദിവസം നബി ﷺ ഖുതുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പള്ളിയില്‍ കയറി വന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു. ഇന്നവനേ, നീ (തഹിയ്യത്ത്) നമസ്കരിച്ചുവോ? ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി ﷺ പറഞ്ഞു: നീ എഴുന്നേറ്റ് നമസ്കരിക്കുക. (ബുഖാരി:930)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ جَاءَ سُلَيْكٌ الْغَطَفَانِيُّ يَوْمَ الْجُمُعَةِ وَرَسُولُ اللَّهِ صلى الله عليه وسلم يَخْطُبُ فَجَلَسَ فَقَالَ لَهُ “ يَا سُلَيْكُ قُمْ فَارْكَعْ رَكْعَتَيْنِ وَتَجَوَّزْ فِيهِمَا – ثُمَّ قَالَ – إِذَا جَاءَ أَحَدُكُمْ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ فَلْيَرْكَعْ رَكْعَتَيْنِ وَلْيَتَجَوَّزْ فِيهِمَا ” .
ജാബിറുബ്നു അബ്ദുല്ലാഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ജുമുഅ ദിവസം നബി ﷺ ഖുതുബ പറയുമ്പോൾ സുലൈകുൽ ഗ്വത്വഫാനി വന്നു കൊണ്ട് ഉടനെ ഇരിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹത്തോട് നബി ﷺ പറഞ്ഞു: “ഓ, സുലൈക്, എഴുന്നേ ൽക്കുക. ലഘുവായി രണ്ട് റകഅത്ത് നമസ്കരിക്കുക. തുടർന്ന് നബി ﷺ പറയുകയുണ്ടായി: “ഇമാം ഖുതുബ പറഞ്ഞുകൊണ്ടിരിക്കെ നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ വന്നാൽ ലഘുവായി രണ്ട് റകഅത്ത് നമസ്കരിക്കട്ടെ.” (മുസ്ലിം: 875)
ബാങ്ക് കൊടുക്കുന്ന സമയത്ത് പള്ളിയിൽ പ്രവേശിച്ചാൽ ബാങ്കിന് ഉത്തരം നൽകി, പ്രാർത്ഥന കഴിഞ്ഞ് തഹിയ്യത്ത് നമസ്കരിക്കുക. വെള്ളിയാഴ്ച ഖുത്വുബ ആരംഭിക്കുന്ന ബാങ്ക് സമയത്ത് ബാങ്ക് തീരാൻ കാത്ത് നിൽക്കാതെ തഹിയ്യത്ത് നമസ്കരിക്കുക, ബാങ്ക് കഴിഞ്ഞാൽ ഖുത്വുബ തുടങ്ങും; ഖുത്വുബ പൂർണ്ണമായും കേൾക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠമായത്. (ഫതുവ ശൈഖ് ഉഥൈമീൻ- 14/295)
ഒരാൾ പള്ളിയിലേക്ക് ഇഅ്തികാഫ് ഇരിക്കാനോ, ഖുർആൻ പാരായണത്തിനോ, ദിക്ർ ചെയ്യാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇബാദത്തുകൾ നിർവ്വഹിക്കാനോ പള്ളിയിലേക്ക് എത്തിയാൽ പള്ളിയിൽ പ്രവേശിച്ച് ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിക്കണം. ഇനി ഒരാൾ ഏതെങ്കിലും ഫര്‍ള് നമസ്‌കാരത്തിനോ, അല്ലെങ്കിൽ സുന്നത്ത് നമസ്കാരത്തിനോ ആണ് പള്ളിയിലത്തുന്നതെങ്കിൽ അവിടെ ആ നമസ്കാരം നിർവ്വഹിച്ചാൽ മതി. ഉദാഹരണത്തിന് സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പ് ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുന്നപക്ഷം അയാള്‍ക്ക് തഹിയ്യത്ത് നമസ്‌കരിക്കാവുന്നതാണ്. എന്നാല്‍ സുബ്ഹി ബാങ്ക് കൊടുത്തതിനു ശേഷമണ് ഒരു വ്യക്തി പള്ളിയില്‍ പ്രവേശിക്കുന്നതെങ്കില്‍ അയാള്‍ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് മാത്രം നിര്‍വഹിച്ചാല്‍ മതി. അത് തഹിയ്യത്തായും പരിഗണിക്കുന്നതാണ്. അവിടെ ആദ്യം തഹിയ്യത്തും പിന്നെ സുബ്ഹിയുടെ സുന്നത്തും നിര്‍വഹിക്കേണ്ടതില്ലെന്ന് ചുരുക്കം.
قال الشيخ بن باز رحمه الله: المشروع لمن دخل المسجد أن يصلي تحية المسجد ركعتين قبل أن يجلس في أي وقت كان، ولو في وقت النهي، لقول النبي ﷺ: إذا دخل أحدكم المسجد فلا يجلس حتى يصلي ركعتين متفق على صحته، وإذا كان الدخول في المسجد بعد الأذان، فإنه يصلي الراتبة التي قبل الفريضة كسنة الظهر والفجر، وتكفي عن تحية المسجد.
ശൈഖ് ബ്നു ബാസ് رحمه الله പറഞ്ഞു: പള്ളിയില്‍ പ്രവേശിച്ചവന് ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്കഅത്ത് നമസ്ക്കരില്‍ ശറആക്ക പെട്ടതാണ്.അത് ഏത് സമയത്തായിരുന്നാലും, നിസ്ക്കാരം വിലക്കിയ സമയത്താണെങ്കിലും ശരി. (അതില്‍) നബി ﷺ യുടെ വാക്ക് സ്‌ഥിരപ്പെട്ട് വന്നിട്ടുണ്ട്:”നിങ്ങളിലാരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്കഅത്ത് നമസ്ക്കരിക്കുന്നത്‌വരെ ഇരിക്കരുത്.”(ബുഖാരി -മുസ്‌ലിം) ഇനി ബാങ്ക് കൊടുത്തശേഷം പള്ളിയില്‍ പ്രവേശിച്ചവനായാല്‍, അവന്‍ ളുഹ്ർ, ഫജ്ർ പോലെയുള്ള ഫര്‍ളിന് മുമ്പുള്ള സുന്നത്ത് നമസ്ക്കരിക്കുന്നു. അപ്പോള്‍ തഹിയ്യത്ത് നിസ്ക്കാരത്തിന് (പകരം) അവന് അത് മതിയാകുന്നതാണ്. (മജ്മൂഉൽ ഫതാവാ :30/62)
പൊതുവെ സുന്നത്ത് നമസ്‌കാരങ്ങളും മറ്റും നിഷിദ്ധമാക്കപ്പെട്ട ചില സമയങ്ങളുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ بَيْعَتَيْنِ وَعَنْ لِبْسَتَيْنِ وَعَنْ صَلاَتَيْنِ نَهَى عَنِ الصَّلاَةِ بَعْدَ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ، وَبَعْدَ الْعَصْرِ حَتَّى تَغْرُبَ الشَّمْسُ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: രണ്ടു വിധ കച്ചവടത്തെയും രണ്ടുവിധ വസ്ത്രധാരണത്തെയും രണ്ടു വിധ നമസ്കാരത്തെയും അല്ലാഹുവിൻറെ റസൂൽ ﷺ വിരോധിച്ചിട്ടുണ്ട്. സുബ്ഹ് നമസ്‌കാരത്തിന് ശേഷം സൂര്യൻ ഉദിച്ചുയരുന്നതുവരെ നമസ്‌കരിക്കുന്നതും, അസർ നമസ്‌കാരാനന്തരം സൂര്യൻ അസ്തമിക്കുന്നതുവരെ നമസ്‌കരിക്കുന്നതും അവിടുന്ന് വിരോധിച്ചിട്ടുണ്ട്. (ബുഖാരി: 584)
ഈ പറയപ്പെട്ട സമയങ്ങളില്‍ തഹിയ്യത്ത് നമസ്‌കരിക്കാന്‍ പറ്റുമോ ഇല്ലേ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ഈ സമയങ്ങളില്‍ തഹിയ്യത്ത് നമസ്‌കരിക്കാമെന്നാണ് പ്രബലാഭിപ്രായം.
പള്ളിയിൽ കയറിയാൽ തഹിയ്യത്ത് നമസ്കരിക്കാതെ ഇരിക്കുന്നത് കുറ്റകരമൊന്നുമല്ല.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: പള്ളിയിൽ കയറിയാലുള്ള രണ്ട് റക്അത് തഹിയ്യത്ത് നമസ്കാരം ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ സുന്നത്താണ്, നിർബന്ധമല്ല. ഒരാൾ തഹിയ്യത്ത് നമസ്കരിക്കാതെ പള്ളിയിലിരുന്നാൽ പ്രശ്നമൊന്നുമില്ല. പക്ഷേ, അയാൾക്ക് ആ നമസ്കാരത്തിന്റെ ശ്രേഷ്ടതയും കൂലിയുമാണ് നഷ്ടപ്പെടുന്നത്. (https://youtu.be/JXu457pnu14)
നമസ്കാരത്തിന് ഇഖാമത് കൊടുത്തു കഴിഞ്ഞാൽ പിന്നെ ഫറള് നമസ്കാരമല്ലാതെ നമസ്കരിക്കാൻ പാടില്ല.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِذَا أُقِيمَتِ الصَّلاَةُ فَلاَ صَلاَةَ إِلاَّ الْمَكْتُوبَةُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്‌കാരത്തിന് ഇഖാമത്ത് വിളിച്ചാൽ നിർബന്ധ നമസ്‌കാരമല്ലാതെ മറ്റ് നമസ്‌കാരമില്ല. (മുസ്‌ലിം: 710)
ഇഖാമത് കൊടുക്കുന്ന സമയത്ത് സുന്നത്ത് നമസ്കാരം തുടങ്ങി ഒരു റക്അത്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ അവന്ന് പെട്ടെന്ന് നമസ്കാരം പൂർത്തിയാക്കാം. (ശറഹുൽ മുംതിഅ്]
ഇഖാമത് കൊടുത്ത കാരണം സുന്നത്ത് നമസ്കാരത്തിൽ നിന്നും ഒഴിവാവുകയാണെങ്കിൽ സലാം വീട്ടേണ്ടതില്ല.(ലജ്നതു ദ്ദാഇമ -7/312)
kanzululoom.com