വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാം(സംസാരം) ആകുന്നു.  അല്ലാഹു ജിബ്‌രീല്‍ എന്ന മലക്ക് മുഖാന്തിരം നബി ﷺ യുടെ ഹൃദയത്തില്‍ ഖുര്‍ആന്‍ അവതരിപ്പിച്ച് നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്‌പഷ്‌ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുര്‍ആന്‍: 26/192-195)

വിശുദ്ധ ഖുര്‍ആനിന്റെ പദങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്.

ഖുദ്‌സിയായ ഹദീസുകൾ

‘അല്ലാഹു പറഞ്ഞു’ എന്ന് പറഞ്ഞ് നബി ﷺ പറയുന്ന ഹദീസുകളാണ് ഖുദ്‌സിയായ ഹദീസുകൾ.

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: റസൂൽ ﷺ അല്ലാഹുവിലേക്ക് ചേർത്തിപ്പറഞ്ഞ ഹദീഥുകളാണ് ഖുദ്‌സിയായ ഹദീസുകൾ. ആ ഹദീഥുകളിലെ പദങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. അത് അല്ലാഹുവിന്റെ സംസാരമാണ്. (https://bit.ly/2MtqJHh)

ഖുദ്‌സിയായ ഹദീസുകളുടെ പദങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്.

‘അല്‍ ഹദീസുല്‍ ഇലാഹി’ എന്നും അതിന് പേരുണ്ട്. നൂറില്‍ പരം ഹദീഥുകളേ ഇപ്രകാരം കാണപ്പെടുന്നുള്ളൂ. (അസ്സുന്നത്തു ക്വബ്‌ലത്തദ്‌വീന്‍, പേജ്: 27)

ഖുർആനും ഖുദ്‌സിയായ ഹദീസുകളും തമ്മിലുള്ള ചില വ്യത്യാസങ്ങൾ:

▪️ഖുർആൻ മുഅ്ജിസത്താണ്. നബി ﷺ സത്യപ്രവാചകനാണെന്ന് തെളിയിക്കാൻ കൂടിയാണ് അല്ലാഹു അത് നൽകിയത്. എന്നാൽ, ഖുദ്‌സിയായ ഹദീസ് അങ്ങനെയല്ല.

▪️ഖുർആനിന്റെ പാരായണം ഇബാദത്താണ്. ഒരു ഹർഫിന് പത്ത് കൂലിയുണ്ട്. എന്നാൽ, ഖുദ്‌സിയായ ഹദീസിന്റെ പാരായണം ഇബാദത്തല്ല. അതിന് പ്രതിഫലവുമില്ല.

▪️ഖുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാവുന്നതാണ്. എന്നാൽ, ഖുദ്‌സിയായ ഹദീഥ് നമസ്കാരത്തിൽ പാരായണം ചെയ്യാൻ പാടില്ല.

▪️ഖുർആൻ സ്പർശിക്കാൻ ശുദ്ധി വേണം. എന്നാൽ ഖുദ്‌സിയായ ഹദീസ് സ്പർശിക്കാൻ ശുദ്ധി വേണമെന്നില്ല.

ഹദീസുകൾ

അല്ലാഹുവിൽ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ സംസാരിച്ചതാണ് സാധാരണ ഹദീസുകൾ.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

ഹദീസുകളുടെ പദങ്ങൾ നബി ﷺ യുടേതാണ്. അതിന്റെ ആശയം അല്ലാഹുവിൽ നിന്നുള്ളതാണ്.

ഖുദ്‌സിയായ ഹദീസുകളും സാധാരണ ഹദീസുകളും തമ്മിലുള്ള വ്യത്യാസമെന്താണ്?

 ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ഖുദ്‌സിയായ ഹദീസുകളുടെ പദങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. എന്നാൽ, സാധാരണ ഹദീസുകളുടെ ആശയം അല്ലാഹുവിൽ നിന്നുള്ളതും പദങ്ങൾ നബി ﷺ യുടേതുമാണ്. (https://youtu.be/EFdcfuu2b_M)

ഖുർആനും ഹദീസുകളും : ചില കാര്യങ്ങൾ

1.ശ്രേഷ്ഠതയുടെയും സ്ഥാനത്തിന്റെയും കാര്യത്തിൽ വിശുദ്ധ ഖുർആൻ ഒന്നാം പ്രമാണവും ഹദീസുകൾ രണ്ടാം പ്രമാണവും ആണ്.

2.വിശുദ്ധ ഖുർആൻ മുഴുവനനും മുതവാത്വിറാണ്. എന്നാൽ ഹദീസുകളിൽ മുതവാത്വിറും അല്ലാത്തതുമുണ്ട്.

3.വിശുദ്ധ ഖുർആനും, ഹദീസുകളും പിന്തുടരാനുള്ളതാണ്. വിധിവിലക്കുകളുടെ കാര്യത്തിൽ, കല്പനകളും വിരോധങ്ങളും പാലിക്കേണ്ട കാര്യത്തിൽ വിശുദ്ധ ഖുർആനും, ഹദീസുകൾക്ക് തുല്ല്യ പ്രാധാന്യമാണുള്ളത്. അവിടെ ഖുർആനെന്നോ ഹദീസെന്നോ ഉള്ള വേര്‍തിരിവില്ല.

4.ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ്. ഖുര്‍ആന്‍ ചുരുക്കി പറഞ്ഞവ ഹദീസുകള്‍ വിശദീകരിക്കുന്നു. ഖുര്‍ആന്‍ പൊതുവായി പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകമായി വിശദീകരിക്കുന്നതും ഹദീസുകളാണ്. നിരുപാധികം പറഞ്ഞ കാര്യങ്ങളുടെ ഉപാദികള്‍ വിശദീകരിക്കുന്നതും ഹദീസുകളാണ്.

بِٱلْبَيِّنَٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *