ഖളാഅ് – ഖദ്ര്‍

അല്ലാഹുവിന്റെ വിധിയെ സാധാരണ വിശദീകരിക്കാറുള്ള രണ്ട്‌ പദങ്ങളാണ് ഖളാഉം ഖദ്റും (القضاء والقدر).

قدر – ഖദ്ര്‍ – എന്ന വാക്കിന് ‘നിര്‍ണ്ണയം, തോത്, കണക്ക്, വ്യവസ്ഥ, നിശ്ചയം’ എന്നൊക്കെ അ൪ത്ഥം വരാം. അല്ലാഹുവിന്റെ പൂര്‍വ്വജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടികള്‍ക്ക്‌ വേണ്ടി എല്ലാ കാര്യത്തിലുമുള്ള അല്ലാഹുവിന്റെ വ്യവസ്ഥയാണ് ഖദ്ർ.

إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു. (ഖു൪ആന്‍:54/49)

وَكَانَ أَمْرُ ٱللَّهِ قَدَرًا مَّقْدُورًا ‎

അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.(ഖു൪ആന്‍:54/49)

وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ

ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു. (ഖു൪ആന്‍:13/8)

وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍: 25/2)

هو علمه الأشياء قبل كونها وكتابته لها قبل برئها

കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പ് അതിനെ കുറിച്ച് അവൻ – അല്ലാഹു – അറിയലും, അവയെ സൃഷ്ടിച്ചുണ്ടാക്കുന്നതിനു മുമ്പ് അവയെ അവൻ രേഖപ്പെടുത്തലുമാകുന്നു അത് (ഖദ്ര്‍). (തഫ്സീര്‍ ഇബ്നു കസീ൪)

‘ഖളാഅ്’ എന്നാൽ ‘വിധി, തീരുമാനം, നിർവ്വഹണം, കടമ വീട്ടൽ, നടപ്പിൽ വരുത്തൽ’ എന്നൊക്കെ അർഥം വരും. ഖദ്റുമായി ചേർത്ത് പറയുമ്പോൾ ‘ഖളാഅ്’ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ പൂര്‍വ്വജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം അല്ലെങ്കില്‍ ഉത്തരവ്‌ എന്നാകുന്നു.

بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. (ഖുർആൻ:2/117)

قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا

അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (ഖുർആൻ:19/21)

يَٰصَٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًا ۖ وَأَمَّا ٱلْـَٔاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ

ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ:12/41)

യൂസുഫ് നബി عليه السلام യോടൊപ്പം ജയിലിലുണ്ടായിരുന്ന രണ്ട് പേർ തങ്ങള്‍ കണ്ട സ്വപ്നത്തിന്റെ  വ്യാഖ്യാനം അന്വേഷിച്ചപ്പോള്‍, ഒരാള്‍ ജയിൽ വിമുക്തനാവുമെന്നും, മറ്റെയാൾ കുരിശിലേറ്റപ്പെടുമെന്നും അദ്ദേഹം അതിനു വ്യാഖാനം നല്‍കി. അതിനെത്തുടർന്നു അദ്ദേഹം പറഞ്ഞ വാക്യമാണിത്. അതായത്, ആ വ്യാഖ്യാനത്തിൽ സംശയിക്കേണ്ടതില്ല. അത് അല്ലാഹുവിങ്കൽ തീരുമാനം കഴിഞ്ഞ കാര്യമാണ് എന്നു സാരം.

‘ശാമിലുണ്ടായ (ചരിത്രപ്രസിദ്ധമായ) വിഷൂചികയിൽനിന്നു സ്ഥലംവിട്ടു രക്ഷപ്പെടുവാൻ ഉമർ  رَضِيَ اللهُ  عَنْهُ  ഉദ്ദേശിച്ചപ്പോൾ, അബൂഉബൈദഃ  رَضِيَ اللهُ عَنْهُ  അദ്ദേഹത്തോട് പറഞ്ഞു: أتفرّ من القضاء؟ (താങ്കൾ ഖള്വാഇൽനിന്നു ഓടിപ്പോകുകയാണോ?!) ഉമർ  رَضِيَ اللهُ عَنْهُ  പറഞ്ഞു: أفرّ من قضاء الله إلى قدر الله (ഞാൻ അല്ലാഹുവിന്റെ ഖള്വാഇൽനിന്നു അല്ലാഹുവിന്റെ ഖദറിലേക്കു ഓടിപ്പോകുകയാണ്). ഖദർ ഖള്വാ ആയിക്കഴിയാത്തപ്പോൾ – നിശ്ചയം നടപ്പിൽ വരുത്താത്തപ്പോൾ – അല്ലാഹു അതിനെ തടഞ്ഞുവെച്ചേക്കാമെന്നുള്ള പ്രതീക്ഷക്കവകാശമുണ്ടെന്നും, അത് ഖള്വാ ആയിക്കഴിഞ്ഞാൽ പിന്നീടതിന് തടവുണ്ടാകയില്ലെന്നും ഉണർത്തുകയാണ് ഉമർ  رَضِيَ اللهُ عَنْهُ  ചെയ്തത്’. (അമാനി തഫ്സീർ:സൂറത്തുല്‍ ഹദീദ് – വ്യാഖ്യാനക്കുറിപ്പ്)

ലോകാവസാനം വരെ എന്തുണ്ടാകണമന്ന് അല്ലാഹു മുൻകൂട്ടി അറിയുകയും അതനുസരിച്ച് അല്ലാഹുവിന്റെ രേഖപ്പെടുത്തൽ സംഭവിക്കുകയും ചെയ്യലാണ് ഖദ്ർ.,അല്ലാഹു നേരത്തെ മനസ്സിലാക്കി രേഖപ്പെടുത്തിയ കാര്യത്തിനനുസരിച്ചുള്ള വിഷയങ്ങളെ അല്ലാഹു സൃഷ്ടിക്കുന്നതിനാണ് ഖളാഅ് എന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാൽ ‘ഖദ്ർ’ എന്നാൽ വ്യവസ്ഥ നിശ്ചയിക്കലും, ഖളാഅ് എന്നാൽ അത് ഖണ്ഡിതമാക്കലും തീരുമാനമാക്കലുമാകുന്നു.

ഖളാഉം ഖദ്റും ആശയപരമായി പരസ്പരം ബന്ധിതവും ഒന്ന്‌ മറ്റൊന്നിലേക്ക്‌ വഴിവെക്കുന്നതുമാണ്. ഖദ്ര്‍ എന്നത്‌ ഖളാഇന്റെ അര്‍ത്ഥത്തില്‍ വരും. കാരണം, അല്ലാഹുവിന്റെ ഖദ്ര്‍ (വിധി) പിന്നീട്‌ അവന്റെ ഖളാഅ് (തീരുമാനം) ആയി മാറുന്നതാണ്‌. അതുപോലെ ഖളാഅ് എന്നത്‌ ഖദ്റിന്റെ ആശയത്തിലും വരും. കാരണം അല്ലാഹുവിന്റെ ഖളാഅ് (തീരുമാനം) അവന്റെ ഖദ്റിനെ (വിധി) മുന്‍കടന്നിട്ടുണ്ടാകണം.

ഖളാഉം ഖദ്റും അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള അവന്റെ തീരുമാനവും വിധിയുമാണ്‌. അവ സൃഷ്ടികളുടെ മേലുള്ള അവന്റെ ആധിപത്യത്തിന്റെയും ഉടമസ്ഥതയുടെയും പ്രകടനമാണ്‌. താന്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത രക്ഷിതാവാണ്‌ അല്ലാഹു എന്നതിനെ അത് പ്രതിഫലിപ്പിക്കുന്നു.

ഒരു മനുഷ്യന്റെ വിശ്വാസത്തിൽ പൂർണ്ണത സംഭവിക്കുന്നത് ഖദ്റിലുള്ള വിശ്വാസം ശരിയായ രീതിയിലാകുമ്പോഴാണ്.

ഖദ്റിലുള്ള വിശ്വാസത്തിന്റെ നാല് മ൪തബകള്‍

ഒന്ന് : അല്ലാഹുവിന്റെ അറിവ്

അല്ലാഹു എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നു. ചെറുപ്പ-വലിപ്പമോ, സ്ഥല-കാലമോ വ്യത്യാസമില്ലാതെ സകലകാര്യങ്ങളും, സകലവസ്തുക്കളും അവൻ വേ൪തിരിച്ച് അറിയുന്നു. കഴിഞ്ഞുപോയതും സംഭവിച്ചുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്നും അവയെങ്ങനെയാണെന്നും അവൻ അറിയുന്നു. അവന്റെ അറിവിൽ പെടാത്തതോ, അറിവിൽനിന്ന് അൽപ്പമെങ്കിലും മാറിയുള്ളതോ ഒന്നും തന്നെയില്ല. അവന് അജ്ഞതക്ക് ശേഷം പുതുതായി ജ്ഞാനമോ അറിവിനെ തുടര്‍ന്ന് മറവിയോ ഉണ്ടാവുകയില്ല. അവന്റെ ഇതരഗുണങ്ങളെപ്പോലെ അവന്റെ അറിവും അനാദിയും അനന്തവുമാകുന്നു അഥവാ തുടക്കമില്ലാത്തതും ഒടുക്കമില്ലാത്തതുമാകുന്നു.

ﻭَﻋِﻨﺪَﻩُۥ ﻣَﻔَﺎﺗِﺢُ ٱﻟْﻐَﻴْﺐِ ﻻَ ﻳَﻌْﻠَﻤُﻬَﺎٓ ﺇِﻻَّ ﻫُﻮَ ۚ ﻭَﻳَﻌْﻠَﻢُ ﻣَﺎ ﻓِﻰ ٱﻟْﺒَﺮِّ ﻭَٱﻟْﺒَﺤْﺮِ ۚ ﻭَﻣَﺎ ﺗَﺴْﻘُﻂُ ﻣِﻦ ﻭَﺭَﻗَﺔٍ ﺇِﻻَّ ﻳَﻌْﻠَﻤُﻬَﺎ

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. (ഖു൪ആന്‍: 6/59)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍: 2/231)

ﺭَﺑَّﻨَﺎ ﻭَﺳِﻌْﺖَ ﻛُﻞَّ ﺷَﻰْءٍ ﺭَّﺣْﻤَﺔً ﻭَﻋِﻠْﻤًﺎ

ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. (ഖു൪ആന്‍ :40/7)

ﻭَﻣَﺎ ﻳَﻌْﺰُﺏُ ﻋَﻦ ﺭَّﺑِّﻚَ ﻣِﻦ ﻣِّﺜْﻘَﺎﻝِ ﺫَﺭَّﺓٍ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻻَ ﻓِﻰ ٱﻟﺴَّﻤَﺎٓءِ ﻭَﻻَٓ ﺃَﺻْﻐَﺮَ ﻣِﻦ ﺫَٰﻟِﻚَ ﻭَﻻَٓ ﺃَﻛْﺒَﺮَ ﺇِﻻَّ ﻓِﻰ ﻛِﺘَٰﺐٍ ﻣُّﺒِﻴﻦٍ

ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്‍റെ രക്ഷിതാവി (ന്‍റെ ശ്രദ്ധയി) ല്‍ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല. (ഖു൪ആന്‍: 10/61)

ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمَۢا

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖു൪ആന്‍: 65/12)

 ഒരിക്കലും സംഭവിക്കാത്ത കാര്യം, അത് സംഭവിക്കുമായിരിന്നുവെങ്കിൽ എന്തായിരിക്കുമെന്നുവരെ അല്ലാഹുവിനറിയാം.

وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ ‎﴿٢٧﴾‏ بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَٰذِبُونَ ‎﴿٢٨﴾

അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്‌) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു. അല്ല; അവര്‍ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോള്‍) അവര്‍ക്ക് വെളിപ്പെട്ടിരിക്കുന്നു. (ഇഹലോകത്തേക്ക്‌) തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു. (ഖു൪ആന്‍: 6/27-28)

إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لَا يَعْقِلُونَ ‎﴿٢٢﴾‏ وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ ‎﴿٢٣﴾

തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.  അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊന്നു് തിരിഞ്ഞു കളയുമായിരുന്നു. (ഖു൪ആന്‍: 8/22-23)

രണ്ട് : എല്ലാം അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്

അന്ത്യദിനംവരെ സംഭവിക്കുന്ന എല്ലാകാര്യങ്ങളും അല്ലാഹു തന്റെ ലൌഹുല്‍ മഹ്ഫൂളില്‍ (സുരക്ഷിത ഫലകത്തില്‍) മുന്‍കൂട്ടിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഖു൪ആന്‍: 22/70)

وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَٰبٍ مُّبِينٍ

ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞുണീ പറയുക: അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ (രക്ഷിതാവ്‌). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍ നിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി യാതൊന്നുമില്ല. (ഖുർആൻ:34/3)

قَالَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ

നബി ﷺ പറഞ്ഞു:ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പ് അല്ലാഹു സൃഷ്ടികളുടെ ‘മിഖ്ദാറുകൾ’ (അളവും തോതും) രേഖപ്പെടുത്തിയിരിക്കുന്നു. (മുസ്ലിം : 2653)

قَالَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ ‏.‏ قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ

തീ൪ച്ചയായും അല്ലാഹു ആദ്യം സൃഷ്ടിച്ചിട്ടുള്ളത് പേനയാണ്. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോദിച്ചു:എന്റെ രക്ഷിതാവേ, ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു: അന്ത്യനാള്‍ വരെയുള്ള എല്ലാത്തിന്റെയും വിധികള്‍ എഴുതുക. (അബൂദാവൂദ് : 4700 – സ്വഹീഹ് അല്‍ബാനി)

ﻭَﻻَ ﺣَﺒَّﺔٍ ﻓِﻰ ﻇُﻠُﻤَٰﺖِ ٱﻷَْﺭْﺽِ ﻭَﻻَ ﺭَﻃْﺐٍ ﻭَﻻَ ﻳَﺎﺑِﺲٍ ﺇِﻻَّ ﻓِﻰ ﻛِﺘَٰﺐٍ ﻣُّﺒِﻴﻦٍ

ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. (ഖു൪ആന്‍: 6/59)

وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ‎

അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു. (ഖു൪ആന്‍: 35/11)

നബി ﷺ ഒരിക്കൽ ഇബ്നു അബ്ബാസ് رَضِيَ اللهُ عَنْهُ വിനോട് പറഞ്ഞു :

وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ

നീ അറിയണം. ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപകാരം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയതല്ലാതെ നിനക്ക് ഒരു ഉപകാരവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ഇനി ഒരു സമൂഹം മുഴുവനും നിനക്ക് ഒരു ഉപദ്രവം ചെയ്യാനായി ഒരുമിച്ചുകൂടുകയാണെങ്കിലും അല്ലാഹു നിനക്കെതിരായി അത് രേഖപ്പെടുത്തിയതല്ലാതെ നിനക്ക് എതിരായി ഒരു ഉപദ്രവവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. (തി൪മിദി: 37/2706)

മൂന്ന് : അല്ലാഹുവിന്റെ മശീഅത്ത് (ഉദ്ദേശ്യം)

إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ

താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. (ഖുർആൻ:36/82)

وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ

നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. (ഖു൪ആന്‍: 28/68)

ആകാശ ഭൂമികളിലെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് മാത്രമാണ് സംഭവിക്കുന്നത്. അവന്റെ ഉദ്ദേശ്യത്തിനനുസരിച്ചല്ലാതെ ഒന്നും സംഭവിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുന്നതുമാത് മാത്രം ഇവിടെ നടക്കുന്നു. ഉദാഹരണത്തിന്, ഒരാള്‍ ആത്മഹത്യം ചെയ്യുന്നു. അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു. ഇവിടെ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ, മരിക്കാനോ കൊല്ലാനോ കഴിയുകയുള്ളൂ. അല്ലാഹു പറഞ്ഞത് കാണുക:

وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَٰبًا مُّؤَجَّلًا ۗ

അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്‌. (ഖു൪ആന്‍: 3/145)

മനുഷ്യന്റെ പ്രവർത്തികളടക്കം ലോകത്തു നടക്കുന്ന സർവ്വകാര്യങ്ങളും, മൊത്തമായും വിശദമായും അല്ലാഹു അറിയുന്നു; ഇന്നിന്ന സംഭവം ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്ന നിർണ്ണയവും വ്യവസ്ഥയും അവന്റെ പക്കലുണ്ട്. അതിനെതിരായി യാതൊന്നും സംഭവിക്കുകയില്ല; എന്ത് – എങ്ങനെ – എപ്പോൾ വേണമെന്ന് അവൻ ഉദ്ദേശിക്കുന്നുവോ അത് അങ്ങനെ അപ്പോൾ സംഭവിക്കുന്നു; അവൻ അറിയാതെയോ ഉദ്ദേശിക്കാതെയോ യാതൊന്നും സംഭവിക്കുകയില്ല. (അമാനി തഫ്സീർ:സൂറത്തുല്‍ ഹദീദ് – വ്യാഖ്യാനക്കുറിപ്പ്)

وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍ قُبُلًا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكْثَرَهُمْ يَجْهَلُونَ

നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു. (ഖുർആൻ:6/111)

അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ അവർ ഒരിക്കലും വിശ്വസിക്കയില്ലെന്നു സാരം.

إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ ‎﴿٢٧﴾‏ لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ‎﴿٢٨﴾‏ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ‎﴿٢٩﴾‏

ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.  അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖുർആൻ:81/27-29)

മറ്റെല്ലാ കാര്യങ്ങളെയും പോലെത്തന്നെ മനുഷ്യന്റെ ഉദ്ദേശങ്ങളും, അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ സംഭവിക്കുകയില്ലെന്നു അല്ലാഹു ഇതിൽ സ്‌പഷ്ടമാക്കിയിരിക്കുന്നു.

إِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ

തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു. (ഖു൪ആന്‍: 22/14)

فَعَّالٌ لِّمَا يُرِيدُ

താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌. (ഖു൪ആന്‍: 85/16)

രേഖയിലുള്ളത് അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചാണ് സംഭവിക്കുന്നു.

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖു൪ആന്‍: 81/29)

അല്ലാഹു ഉദ്ദേശിച്ചത് നടക്കും; ഉദ്ദേശിക്കാത്തത് നടക്കില്ല. സംഭവിച്ചതെല്ലാം സംഭവിക്കാനുള്ളത് തന്നെ; സംഭവിക്കാത്തതൊന്നും സംഭവിക്കാതിരിക്കാനും.

നാല് : അല്ലാഹുവിന്റെ സൃഷ്ടിപ്പ്

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു.

ٱللَّهُ خَٰلِقُ كُلِّ شَىْءٍ ۖ

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. (ഖു൪ആന്‍: 39/62)

وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌ അല്ലാഹുവാണ്. (ഖു൪ആന്‍: 37/96)

അല്ലാഹു എന്ത് ഉദ്ദേശിച്ചുവോ അതെല്ലാം അവൻ ഉണ്ടാക്കുന്നു. പ്രവർത്തിക്കുന്ന ഓരോരുത്തരെയും സൃഷ്ടിച്ചത് അല്ലാഹുവാണ്, അവന്റെ പ്രവർത്തനത്തെയും. ചലിക്കുന്ന ഓരോരുത്തനെയും സൃഷ്ടിച്ചത് അല്ലാഹുവാണ്, അവന്റെ ചലനത്തെയും. നിശ്ചലമായ വസ്തുവിനെ സൃഷ്ടിച്ചത് അല്ലാഹുവാണ്, അതിന്റെ നിശ്ചലതയെയും.

ഖദ്റിലുള്ള വിശ്വാസം ഈമാൻ കാര്യങ്ങളിൽ പെട്ടതാകുന്നു

ഈമാൻ കാര്യങ്ങളിൽ പെട്ടതാകുന്നു ഖദ്റിലുള്ള വിശ്വാസം. ആളുകള്‍ക്ക് ദീന്‍ പഠിപ്പിക്കുന്നതിനായി ജിബ്‌രീല്‍ മനുഷ്യ രൂപത്തില്‍ നബി ﷺ യുടെ അടുക്കല്‍ വരികയും ജിബ്‌രീൽ (അ) ചോദിക്കുകയും നബി ﷺ മറുപടി നൽകുകയും ചെയ്ത പ്രസിദ്ധമായ ഹദീസിൽ ഈമാന്‍ എന്താണെന്ന് അറിയിച്ച്‌ തന്നാലും എന്ന ചോദ്യത്തിന് നബി ﷺ ഇപ്രകാരം മറുപടി പറഞ്ഞു:

أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ

‘ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദ്റില്‍, അതിന്റെ നന്‍മയിലും അതിന്റെ തിന്‍മയിലും വിശ്വസിക്കലുമാണ് ഈമാന്‍.’ (മുസ്ലിം:8)

ഈമാന്‍ കാര്യങ്ങളില്‍ അഞ്ചെണ്ണം എണ്ണി അതില്‍ വിശ്വസിക്കുകയെന്ന് പറഞ്ഞശേഷം ആറാമത് ഖദ്റിലും നീ വിശ്വസിക്കുകയെന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് ഖദ്റിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നതെന്നും അതിനപ്പുറം യാതൊന്നും സംഭവിക്കുകയില്ലെന്നും വിശ്വസിക്കുക എന്നതണ് ഖദറിലുള്ള വിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഖദ്റിൽ വിശ്വസിച്ചില്ലെങ്കിൽ

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ حَتَّى يَعْلَمَ أَنَّ مَا أَصَابَهُ لَمْ يَكُنْ لِيُخْطِئَهُ وَأَنَّ مَا أَخْطَأَهُ لَمْ يَكُنْ لِيُصِيبَهُ

ജാബിർ ബ്നു അബ്ദില്ലാ رضي الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖദ്റിൽ അതിന്റെ നൻമയിലും അതിന്റെ തിൻമയിലും വിശ്വസിക്കുന്നതുവരെ ഒരു അടിമ വിശ്വാസിയല്ല, അവനെ ബാധിച്ചത് തന്നെ ബാധിക്കാതെ തെറ്റിപ്പോകുകയില്ലെന്നും, അവനെ ബാധിക്കാതെ വിട്ടുപോയത് അവനെ ബാധിക്കുന്നതല്ലെന്നും അറിയുന്നതുവരെയും (ഒരു അടിമ വിശ്വാസിയല്ല,) (തിർമിദി:2144)

ഖളാഅ് – ഖദ്റിനെ നിഷേധിക്കുന്നവൻ മുസ്ലിമല്ല. അവൻ കാഫിറും മുശ്രിക്കുമാണ്. അതിനെ നിഷേധിക്കുന്നതിനാലാണ് അവൻ കാഫിറായത്. തന്റെ പ്രവർത്തനങ്ങൾ താൻ സൃഷ്ടിക്കുന്നതാണെന്ന് വിശ്വസിക്കുന്നതിനാലാണ് അവൻ മുശ്രിക്കായത്.

قَالَ عَبْدِ اللَّهِ بْنِ عُمَرَ: لَوْ أَنَّ لأَحَدِهِمْ مِثْلَ أُحُدٍ ذَهَبًا فَأَنْفَقَهُ مَا قَبِلَ اللَّهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ

ഇബ്നു ഉമർ رضي الله عنه  പറഞ്ഞു: ‘അവരെ കണ്ടാൽ താങ്കൾ പറയണം: ഉഹ്ദു മലയോളം സ്വർണ്ണമുണ്ടായിട്ട് അതൊക്കെ അവർ ധർമ്മം ചെയ്താലും, അവർ ഖദ്റിൽ വിശ്വസിക്കാത്തപക്ഷം, അല്ലാഹു അത് സ്വീകരിക്കുകയില്ല ….. (മുസ്ലിം:8)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم ‏ :‏ يَكُونُ فِي أُمَّتِي خَسْفٌ وَمَسْخٌ وَذَلِكَ فِي الْمُكَذِّبِينَ بِالْقَدَرِ

ഇബ്നു ഉമർ رضي الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ (ശിക്ഷയെന്ന നിലക്ക്) ഭൂമിയിലേക്ക് ആഴ്ത്തലും (മനുഷ്യ രൂപത്തിൽ നിന്നും) രൂപമാറ്റവും ഉണ്ടാകും. അത് ഖദ്റിനെ നിഷേധിക്കുന്നവർക്കുള്ള (ശിക്ഷയാണ്). (തിർമിദി:2153)

 ഖളാഅ് – ഖദ്റിലുള്ള വിശ്വാസം മനുഷ്യന് ആശ്വാസം നൽകുന്നു

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ‎﴿٢٢﴾‏ لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿٢٣﴾

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.  (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:57/22-23)

അമാനി മൗലവി ‎رحمه الله ഇതിന്റെ വിശദീകരണത്തില്‍ എഴുതുന്നു: ഇവിടെ കിതാബ് കൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ അറിവോ, നിശ്ചയമോ, വ്യവസ്ഥയോ, രേഖയോ, ഗ്രന്ഥമോ, ‘ലൗഹുൽമഹ്ഫൂളോ’ ഏതെങ്കിലുമായിക്കൊള്ളട്ടെ.(ഇങ്ങനെയെല്ലാം അഭിപ്രായങ്ങളുണ്ട്.) ഏതായാലും, ഭൂമിയിലും മനുഷ്യരിലും സംഭവിക്കുന്ന എല്ലാ ബാധയും (مصيبة) കിതാബിൽ രേഖപ്പെട്ടിട്ടുണ്ടെന്ന് അല്ലാഹു ഇതിൽ തീർത്തുപറയുന്നു. എന്നാൽ എപ്പോഴാണ് അത് ആ കിതാബിൽ സ്ഥലം പിടിക്കുന്നത്? അതെ, مِّن قَبْلِ أَن نَّبْرَأَ (അതിനെ സൃഷ്ടിയിൽ വരുത്തുന്നതിനു മുമ്പായിത്തന്നെ.) അതിനെ (ها) എന്ന സർവ്വനാമം കുറിക്കുന്നത് അതിനുമുമ്പ് പ്രസ്താവിച്ച مصيبة، الأرض، انفسکم (ബാധ, ഭൂമി, നിങ്ങളുടെ ദേഹങ്ങൾ) എന്നിവയിൽ ഏതെങ്കിലും ഒന്നിനെയായിരിക്കും. അല്ലെങ്കിൽ -ചില ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നതുപോലെ – സൃഷ്ടികളെ സൃഷ്ടിക്കുന്നതിനുമുമ്പ് എന്നുമായിരിക്കാം. ഇവയിൽ ഏത് നാം സ്വീകരിച്ചാലും ശരി, ഒരു ബാധ പ്രായോഗികമായി ബാധിക്കുന്നതിന് മുമ്പു തന്നെ അതൊരു കിതാബിൽ രേഖപ്പെട്ടിട്ടുണ്ടെന്ന് തീർച്ചയാണ്. ഇങ്ങനെ, എല്ലാ ബാധകളെയും മുൻകൂട്ടി രേഖപ്പെടുത്തിവെക്കുന്നതിൽ അല്ലാഹുവിന് വല്ല പ്രയാസവും ഉണ്ടാവാനുണ്ടോ? ഇല്ല. അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരകാര്യമത്രെ. إن ذالك على اللّه يسير

എനി, അങ്ങനെ മുൻകൂട്ടി രേഖപ്പെടുത്തിയതിൽ (അല്ലെങ്കിൽ ഈ യാഥാർത്ഥ്യം അറിയിച്ചുതന്നതിൽ) മനുഷ്യർക്ക് വല്ല പ്രയോജനവും ഉണ്ടോ?തീർച്ചയായും ഉണ്ട്. രണ്ട് പ്രയോജനങ്ങൾ അതിലുണ്ട്. ഒന്ന്: لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ (നിങ്ങൾക്ക് ലഭിക്കാതെ പാഴായിപ്പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതിരിക്കുവാൻ.) മറ്റൊന്ന്: وَلَا تَفْرَحُوا بِمَا آتَاكُمْ (നിങ്ങൾക്കവൻ തന്നതിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും.) ഹാ! എത്ര മഹത്തായ രണ്ട് ലക്ഷ്യങ്ങൾ?. മനുഷ്യൻ എത്രതന്നെ ഇച്ഛിച്ചാലും പ്രവർത്തിച്ചാലും അവന്റെ ചില ഉദ്ദേശ്യങ്ങൾ അവന് സാധിച്ചു കിട്ടാറില്ല! അപ്പോൾ അവന് നിരാശയും, മനക്ലേശവും ഉണ്ടാകുന്നു. ചിലപ്പോൾ, ആത്മഹത്യപോലെയുള്ള കടുംകൈകൾക്ക് പോലും അവൻ മുതിർന്നുപോകുന്നു. ഈ അവസരത്തിൽ, എല്ലാം അല്ലാഹു നിശ്ചയിച്ചതാണ്, അതിലപ്പുറം തനിക്കൊന്നും നേരിടുകയില്ല. അവൻ നിശ്ചയിച്ചത് ബാധിക്കാതിരിക്കയുമില്ല എന്ന് വിശ്വസിക്കുന്നവർക്ക് തങ്ങളുടെ സങ്കടം ഇറക്കിവച്ചു സമാധാനമടയുവാൻ ഏറ്റവും നല്ല ഒരു അത്താണിയത്രെ ഈ വിശ്വാസം. നേരെമറിച്ച് തങ്ങൾ ഉദ്ദേശിച്ചതോ, ഉദ്ദേശിക്കാത്തതോ ആയ നേട്ടങ്ങൾ കൈവരുമ്പോൾ പലരും അതിൽ ആഹ്ലാദ ചിത്തരും, അഹങ്കാരികളുമായിത്തീരുന്നു. അല്ലാഹു തനിക്ക് കണക്കാക്കി വെച്ചതാണിത്, എല്ലാം അവന്റെ അനുഗ്രഹമാണ്,തന്റെ സാമർത്ഥ്യമോ യോഗ്യതയോ കൊണ്ട് സിദ്ധിച്ചതല്ല എന്നൊക്കെ ഒരാൾക്ക് ബോധമുണ്ടെങ്കിൽ, അതിലവന് അഹങ്കാരത്തിനോ, പത്രാസിനോ, ദുരഭിമാനത്തിനോ വകയില്ലതാനും.

എല്ലാ കാര്യവും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നതെന്നും, അതിനപ്പുറം യാതൊന്നും സംഭവിക്കുകയില്ലെന്നുമുള്ള ഖദറിന്റെ വിശ്വാസം, സന്താപത്തിൽ മനുഷ്യനെ ക്ഷമാലുവും, സന്തോഷത്തിൽ അവനെ കൃതജ്ഞനുമാക്കിത്തീർക്കുന്നു. നിരാശയിൽനിന്നും ധിക്കാരത്തിൽ നിന്നും അവനെ മോചിപ്പിക്കുന്നു. പരാജയത്തിങ്കൽ ഭീരുത്വത്തിന് പകരം മനോവീര്യവും ധൈര്യവും നൽകുന്നു. വിജയത്തിങ്കൽ, അഹങ്കാരത്തിന് പകരം വിനയവും നന്ദിയും വർദ്ധിപ്പിക്കുന്നു. (അമാനി തഫ്സീർ:സൂറത്തുല്‍ ഹദീദ് – വ്യാഖ്യാനക്കുറിപ്പ്)

നബി ﷺ ക്കും സ്വഹാബികൾക്കും നന്മവരുമ്പോൾ വെറുപ്പും , തിന്മവരുമ്പോൾ ആഹ്ളാദവും കാണിക്കുന്നവരോടാണ് പറയാനായി അല്ലാഹു കൽപ്പിക്കുന്നത് കാണുക:

قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌. (ഖു൪ആന്‍:9/51)

അല്ലാഹു മുമ്പ് നിശ്ചയിച്ചതേ സംഭവിക്കുകയുള്ളുവെന്ന് ഈ ആയത്തിൽ നിന്നും വ്യക്തം. നമ്മുടെ തീരുമാനങ്ങള്‍ക്കുപരിയായി അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുകയെന്ന യാഥാര്‍ത്ഥ്യം മനസ്സിനെ ബോധ്യപ്പെടുത്താന്‍ ഖളാഅ് – ഖദ്റിലുള്ള വിശ്വാസത്തിന് കഴിയും. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ലെന്നുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ തന്നെ മനസ്സിന് ഒരു ആശ്വാസം ലഭിക്കുന്നു. അവ൪ക്ക് അല്ലാഹുവിന്റെ സഹായവും ലഭിക്കുന്നു.

مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:64 /11)

“ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌” എന്നതിനെ കുറിച്ച് ഇമാം അല്‍ക്വമ  رَضِيَ اللهُ عَنْهُ പറഞ്ഞു:

هو الرجل تصيبه المصيبة ، فيعلم أنها من عند الله ، فيرضى ويسلم

ഇവിടെ പറയപ്പെട്ട വ്യക്തി ഒരു മുസ്വീബത്ത് ഏല്‍ക്കുകയും അത് അല്ലാഹുവില്‍ നിന്നാണെന്ന് അറിയുകയും ചെയ്യുന്നവനാണ്. അയാള്‍ അതില്‍ തൃപ്തിയടയുകയും സമ൪പ്പിക്കുകയും ചെയ്യും. (തഫ്സീ൪ ഇബ്നുജരീ൪, തഫ്സീ൪ ഇബ്നു അബീഹാതിം)

قال عبد الله بن مسعود رضي الله عنه:لأن أعض على جمرة حتى تبرد أحب إلي من أن أقول لشيء قد قضاه الله: ليته لم يكن

അബ്ദുല്ലാഹി ബ്നു മസ്ഊദ് رَضِيَ اللهُ عَنْهُ പറഞ്ഞു:ഒരു തീക്കനൽ തണുക്കുവോളം കടിച്ചു പിടിക്കുന്നതാണ് അല്ലാഹു എനിക്ക് വിധിച്ചൊരു കാര്യത്തിൽ  “ഇങ്ങനെ ഉണ്ടായിരുന്നില്ലെങ്കിൽ” എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം.

അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെടാൻ   ഖളാഅ് – ഖദ്റിൽ വിശാസമുള്ളവർക്കേ കഴിയൂ എന്ന് സാരം.

 ഖളാഅ് – ഖദ്റിലുള്ള വിശ്വാസം :  ചില തെളിവുകൾ കൂടി

يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ

അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. (ഖു൪ആന്‍:3/154)

യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ച്   ‘ഞങ്ങൾക്ക് കാര്യത്തിൽ വല്ല അധികാരവും ഉണ്ടായിരുന്നെങ്കിൽ ഇവിടെവച്ച് കൊല്ലപ്പെടേണ്ടി വരുമായിരുന്നല്ലോ’  എന്ന് കപടവിശ്വാസികൾ, പറഞ്ഞതിന്  മറുപടിയായി അല്ലാഹു പറഞ്ഞതാണ് ഈ വചനം.

هُوَ ٱلَّذِى خَلَقَكُم مِّن طِينٍ ثُمَّ قَضَىٰٓ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُۥ ۖ ثُمَّ أَنتُمْ تَمْتَرُونَ

അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍:6/2)

മരണത്തിന് മുമ്പുതന്നെ ആയുഷ്ക്കാലാവധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഈ വചനം വ്യക്തമാക്കുന്നു . അപ്പോൾ ഓരോരുവന്റെയും ആയുഷ്‌കാലത്തിന്റെ കൃത്യമായ അവധി അല്ലാഹുവിന്റെ അടുക്കൽ നേരത്തെത്തന്നെ രേഖപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ആയത്തിന്റെ സാരം .

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ ‎﴿٣٨﴾‏ يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَٰبِ ‎﴿٣٩﴾

നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌.  അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും (താന്‍ ഉദ്ദേശിക്കുന്നത്‌) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌. (ഖു൪ആന്‍:13/38-39)

ഓരോ കാര്യത്തിനും ഓരോ പ്രത്യേക അവധി നിശ്ചയിച്ചിട്ടുണ്ടെന്നും , അതിന്റെ കൈകാര്യങ്ങൾ അല്ലാഹുവിന്റെ കയ്യിലാണെന്നും , എല്ലാറ്റിനെയും സംബന്ധിച്ച മൂലരേഖ അവന്റെ പക്കലുണ്ടെന്നുമാണ് ആയത്തിന്റെ വിവക്ഷ.

ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ ‎﴿٨﴾‏ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ ‎﴿٩﴾

ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.  അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍. (ഖുർആൻ:13/8-9)

ഓരോ കാര്യവും ഓരോ വസ്തുവും ഇന്നിന്ന പ്രകാരമായിരിക്കുമെന്ന ശരിയായ അളവും കണക്കും അല്ലാഹുവിങ്കലുണ്ടെന്നും അതനുസരിച്ച്‌ മാത്രമേ എന്തും പ്രയോഗത്തിൽ വരികയുള്ളൂവെന്നും ഈ വചനത്തിൽ നിന്നും വ്യക്തം. മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കാൻ തെളിവുമില്ല, ന്യായവുമില്ല.

قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا ‎

ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌. (ഖുർആൻ:65/3)

ചെറുതെന്നോ വലുതെന്നോ മനുഷ്യന്റെതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ സകല കാര്യത്തിനും ഒരു വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്ന് ഈ വചനവും വ്യക്തമാക്കുന്നു.

وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ

ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. (ഖുർആൻ:54/12)

ആകാശത്തു നിന്നു അതിവർഷവും, ഭൂമിയിൽ നിന്നു അമിതമായ ഉറവും മൂലമുണ്ടായ വെള്ളപ്പൊക്കങ്ങൾ ചേർന്നു അല്ലാഹു മുമ്പു കണക്കാക്കിവെച്ച ആ സംഭവം – നൂഹ് (عليه السلام) നബിയുടെ ജനതയുടെ നാശം – ഉണ്ടായി എന്നു സാരം. നൂഹ് (عليه السلام) ന്റെ ജനത അദ്ദേഹത്തിൽ വിശ്വസിക്കുകയില്ലെന്നും, അവരെ ജലപ്രളയം വഴി മുക്കി നശിപ്പിക്കുമെന്നും, അതു ഇന്നിന്ന വിധത്തിലാണ് സംഭവിക്കുകയെന്നും അല്ലാഹു മുൻകൂട്ടി കണക്കാക്കിയിട്ടുണ്ടെന്നു ഈ വചനത്തിൽ നിന്നു വ്യക്തമാണല്ലോ. “നിന്റെ ജനതയിൽനിന്നു വിശ്വസിച്ചു കഴിഞ്ഞ ആളുകളല്ലാതെ എനി ആരും വിശ്വസിക്കുകയില്ല” (لَنْ يُؤْمِنَ مِنْ قَوْمِكَ إِلا مَنْ قَدْ آمَنَ) എന്ന് അറിയിച്ചു കൊണ്ടായിരുന്നു ജലപ്രളയത്തില്‍ നിന്നു രക്ഷ പ്രാപിക്കുവാനുള്ള കപ്പല്‍ നിര്‍മ്മാണത്തിനും മറ്റും നൂഹ് (عليه السلام)നബിയോട് അല്ലാഹു കല്പിച്ചിരുന്നതെന്ന വസ്തുതയും ഇവിടെ ശ്രദ്ധേയമാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഹിതമനുസരിച്ചാണ് എല്ലാം നടക്കുന്നതെങ്കിൽ ഈ അറിയിപ്പിനു സ്ഥാനമില്ലല്ലോ. (അമാനി തഫ്സീർ:സൂറത്തുല്‍ ഹദീദ് – വ്യാഖ്യാനക്കുറിപ്പ്)

ഖളാഅ് – ഖദ്റിൽ വിശ്വസിക്കൽ നിർബന്ധം

ഇമാം മുസ്ലിം رحمه الله അദ്ദേഹത്തിന്റെ സഹിഹ്‌ മുസ്ലിമിൽ ഒന്നാമത്തെ അധ്യായമായ കിതാബുൽ ഈമാനിൽ ഒന്നാമതായി തന്നെ കൊടുക്കുന്ന ഹദീസ് ഖദ്റിനെ കുറിച്ചാണ് എന്നതുതന്നെ ഈ വിഷയത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്‌. പ്രസ്തുത റിപ്പോർട്ടിന്റെ തുടക്കം കാണുക:

عَنْ يَحْيَى بْنِ يَعْمَرَ، قَالَ كَانَ أَوَّلَ مَنْ قَالَ فِي الْقَدَرِ بِالْبَصْرَةِ مَعْبَدٌ الْجُهَنِيُّ فَانْطَلَقْتُ أَنَا وَحُمَيْدُ بْنُ عَبْدِ الرَّحْمَنِ الْحِمْيَرِيُّ حَاجَّيْنِ أَوْ مُعْتَمِرَيْنِ فَقُلْنَا لَوْ لَقِينَا أَحَدًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم فَسَأَلْنَاهُ عَمَّا يَقُولُ هَؤُلاَءِ فِي الْقَدَرِ فَوُفِّقَ لَنَا عَبْدُ اللَّهِ بْنُ عُمَرَ بْنِ الْخَطَّابِ دَاخِلاً الْمَسْجِدَ فَاكْتَنَفْتُهُ أَنَا وَصَاحِبِي أَحَدُنَا عَنْ يَمِينِهِ وَالآخَرُ عَنْ شِمَالِهِ فَظَنَنْتُ أَنَّ صَاحِبِي سَيَكِلُ الْكَلاَمَ إِلَىَّ فَقُلْتُ أَبَا عَبْدِ الرَّحْمَنِ إِنَّهُ قَدْ ظَهَرَ قِبَلَنَا نَاسٌ يَقْرَءُونَ الْقُرْآنَ وَيَتَقَفَّرُونَ الْعِلْمَ – وَذَكَرَ مِنْ شَأْنِهِمْ – وَأَنَّهُمْ يَزْعُمُونَ أَنْ لاَ قَدَرَ وَأَنَّ الأَمْرَ أُنُفٌ ‏.‏ قَالَ فَإِذَا لَقِيتَ أُولَئِكَ فَأَخْبِرْهُمْ أَنِّي بَرِيءٌ مِنْهُمْ وَأَنَّهُمْ بُرَآءُ مِنِّي وَالَّذِي يَحْلِفُ بِهِ عَبْدُ اللَّهِ بْنُ عُمَرَ لَوْ أَنَّ لأَحَدِهِمْ مِثْلَ أُحُدٍ ذَهَبًا فَأَنْفَقَهُ مَا قَبِلَ اللَّهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ

യഹ് യബ്നുയഅ്മുർ  يحى ابن يعمر  പറയുന്നു: ‘ബസറയിൽ ആദ്യം ഖദ്റിനെപ്പറ്റി സംസാരം തുടങ്ങിയത് മഅ്ബദുൽ ജുഹനീയാണ്. ഞാനും ഹുമൈദും കൂടി ഹജ്ജിനോ ഉംറക്കോ വേണ്ടി (മക്കയിലേക്കു) പോയി. സ്വഹാബിമാരിൽ ആരെയെങ്കിലും കണ്ടാൽ ഖദറിന്റെ വിഷയത്തിൽ ഇവർ സംസാരിക്കാറുള്ളതിനെക്കുറിച്ചു ചോദിക്കാമെന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെ, ഇബ്നു ഉമർ  رضي الله عنه പള്ളിയിലേക്ക് പ്രവേശിക്കുന്നതു ഞങ്ങൾ കണ്ടു. ഞങ്ങൾ അദ്ദേഹത്തെ ഇടവും വലവുമായി ചെന്നു പൊതിഞ്ഞു. ഞാൻ പറഞ്ഞു: ‘ഞങ്ങളുടെ അവിടെ ചിലരുണ്ട്; അവർക്കു ഖുർആൻ അറിയാം; അറിവിന്റെ കാര്യത്തിൽ അവർ ഗവേഷണം നടത്തുകയും ചെയ്യുന്നു. ഖദ്ർ എന്നൊന്നില്ലെന്നും, കാര്യങ്ങളെല്ലാം പുത്തനായുണ്ടാകുന്നതാണെന്നും അവർ പറയുന്നു.ഇബ്നു ഉമർ رضي الله عنه  പറഞ്ഞു: ‘അവരെ കണ്ടാൽ താങ്കൾ പറയണം: ഞാൻ അവരുമായും, അവർ ഞാനുമായും ബന്ധമില്ലാത്തവരാണെന്ന്. അല്ലാഹു തന്നെയാണ് സത്യം, ഉഹ്ദു മലയോളം സ്വർണ്ണമുണ്ടായിട്ട് അതൊക്കെ അവർ ധർമ്മം ചെയ്താലും, അവർ ഖദ്റിൽ വിശ്വസിക്കാത്തപക്ഷം, അല്ലാഹു അതു സ്വീകരിക്കുകയില്ല ….. (മുസ്ലിം:8)

തുടർന്നാണ് ഇബ്നു ഉമർ  رضي الله عنه തന്റെ പിതാവ് ഉമർ  رضي الله عنه  പ്രസ്താവിച്ചതായി, പ്രസിദ്ധമായ ഹദീസു ജിബ്രീൽ എന്നറിയപ്പെടുന്ന ഹദീസ് ഉദ്ദരിക്കുന്നത്.

ഖളാഅ് – ഖദ്ർ : നാല് ഘട്ടങ്ങൾ

അല്ലാഹു അറിയലും രേഖപ്പെടുത്തലും നാല് ഘട്ടങ്ങളിലായി നടക്കുന്നുവെന്ന് അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്. ഒന്നാമത്തേത്, ലോകാവസാനം വരെയുള്ള സൃഷ്ടികളുടെ മുഴുവൻ കാര്യങ്ങളും ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പുതന്നെ അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെല്ലാം ഉൾപ്പെടും. അതാണ് ലൗഹുൽ മഹ്ഫൂള്.

قَالَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ

നബി ﷺ പറഞ്ഞു:ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പ് അല്ലാഹു സൃഷ്ടികളുടെ ‘മിഖ്ദാറുകൾ’ (അളവും തോതും) രേഖപ്പെടുത്തിയിരിക്കുന്നു. (മുസ്ലിം : 2653)

സൃഷ്ടിപ്പിനു മുമ്പ്‌ തന്നെ ലോകാവസാനം വരെയുള്ള വിധി അല്ലാഹു രേഖപ്പെടുത്തിയതായി നാം മനസ്സിലാക്കി. എന്നാൽ ആദ്യമേ എല്ലാം നിശ്ചയിച്ച് – കണക്കാക്കി അത്‌ സംഭവിക്കുന്നത്‌ നിരീക്ഷിക്കുക മാത്രമല്ല അല്ലാഹു ചെയ്യുന്നത്‌. അവന്റെ ഖദ്ർ നടപ്പാക്കുന്നതിൽ അവൻ എപ്പോഴും മുഴുകിയതായി നമുക്ക്‌ കാണാം. മനുഷ്യന്റെ ജനന സമയത്ത്‌ നടത്തുന്ന രേഖപ്പെടുത്തലുകൾ അതിൽപെട്ടതാണ്.

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه و سلم -وَهُوَ الصَّادِقُ الْمَصْدُوقُ-: “إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛ فَوَاَللَّهِ الَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا. وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا”.

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ നബി ﷺ ഞങ്ങളോട് പറഞ്ഞിരിക്കുന്നു – അദ്ധഹമാകട്ടെ സത്യം പറയുന്നവനും സത്യപ്പെടുത്തുന്നവനുമാകുന്നു – ‘നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പ് നാല്പത് ദിവസം തന്റെ മാതാവിന്റെ വയറ്റില്‍ ബീജകണമായി ശേഖരിക്കപ്പെടുന്നു. പിന്നെ അത്രതന്നെ കാലം രക്തക്കട്ടയായും പിന്നെ അത്രതന്നെ കാലം മാംസപിണ്ഡമായും കഴിയും. പിന്നീട് അതിലേക്ക് ഒരു മലക്ക് നിയോഗിക്കപ്പെടുന്നു. അത് അതില്‍ ആത്മാവിനെ ഊതുന്നു. അത് നാല് കാര്യങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണം, ജീവിതാവധി, പ്രവ൪ത്തനം, ഭാഗ്യവാനോ നി൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തലാണത്. അല്ലാഹുവാണെ സത്യം, അവനല്ലാതെ ഒരു ആരാധ്യനില്ല, നിങ്ങളില്‍ ഒരാള്‍ സ്വ൪ഗ്ഗാവകാശിയുടെ പ്രവ൪ത്തനം ചെയ്യും. അങ്ങനെ അവനും സ്വ൪ഗത്തിനും ഇടക്ക് ഒരു മുഴമേ അകലമുള്ളൂവെന്ന അവസ്ഥ വരും. അപ്പോള്‍ വിധി അവനെ മുന്‍ കടക്കും. അവന്‍ നരകാവകാശികളുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. അങ്ങനെ അതില്‍ പ്രവേശിക്കുകയും ചെയ്യും. നിങ്ങളില്‍ ഒരാള്‍ നരകാവകാശിയുടെ പ്രവ൪ത്തനരീതി പിന്തുടരും. അങ്ങനെ അവനും നരകത്തിനും ഇടക്കുള്ള ദുരം ഒരു മുഴം വരെയാകും. അപ്പോള്‍ വിധി അവനെ മറി കടക്കും. അങ്ങനെ അവന്‍ സ്വ൪ഗാവകാശിയുടെ കര്‍മ്മങ്ങള്‍ ചെയ്യും. അതുവഴി അതില്‍ പ്രവേശിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം)

എല്ലാ വർഷത്തിലും ഒരിക്കലുള്ള ഖദ്റാണ് അടുത്തത്. ഇത്‌ സംഭവിക്കുന്നത്‌ എല്ലാ വർഷവും റമദാനിലെ ലൈലതുൽ ഖദ്‌ർ (കണക്കാക്കലിന്റെ /നിർണ്ണയത്തിന്റെ) രാത്രിയാണ്.

لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ‎﴿٣﴾‏ تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ‎﴿٤﴾‏ سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ ‎﴿٥﴾‏

ലൈലതുൽ ഖദ്‌ർ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ. (ഖുർആൻ:97/3-5)

قال قتادة وغيره : تقضى فيها الأمور ، وتقدر الآجال والأرزاق

ഖത്താദ (റ) യും മറ്റ് ചിലരും പറഞ്ഞു:കാര്യങ്ങൾ (അല്ലാഹുവിങ്കൽ) തീരുമാനിക്കപ്പെടുന്നു; (ആ വർഷത്തിൽ സംഭവിക്കാനുള്ള) മരണങ്ങളും (ജീവജാലങ്ങളുടെ) രിസ്‌കും (ഉപജീവനവും) കണക്കാക്കപ്പെടുന്നു. (ഇബ്നു കസിർ )

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ‎﴿٣﴾‏ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ‎﴿٤﴾‏ أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ ‎﴿٥﴾

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുർആൻ:44/3-5)

എല്ലാ ദിവസങ്ങളിലുമുള്ള ഖദ്റാണ് മറ്റൊന്ന്.

يَسْـَٔلُهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു. (ഖുർആൻ:55/29)

അതായത്‌ പ്രപഞ്ചത്തിലെ വിവിധ സൃഷ്ടികളുടെ കാര്യങ്ങളിൽ വിധി നടപ്പാക്കുന്നതിൽ അല്ലാഹു എല്ലാ ദിവസവും ഇടപെടുന്നു എന്നർത്ഥം.

ലോകാവസാനം വരെയുള്ള കാര്യങ്ങളെല്ലാം നിര്‍ണ്ണയിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നുവെന്നു നബിവചനങ്ങളില്‍ വന്നിട്ടുള്ളതും, അല്ലാഹു എല്ലാ ദിവസവും ഓരോ കാര്യത്തിലാണ് എന്നുള്ള ഈ വചനവും തമ്മില്‍ എങ്ങിനെ യോജിക്കുമെന്നു ചോദിക്കപ്പെട്ടപ്പോള്‍ ഹുസൈനുബ്നു ഫള്വ് ല്‍ ഇപ്രകാരം മറുപടി പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: شؤن بيد يها لا شؤن بئد يها (അവന്‍ വെളിക്കു വരുത്തുന്ന കാര്യങ്ങളാണ്, അവന്‍ ആദ്യമായിത്തുടങ്ങുന്ന കാര്യങ്ങളല്ല.) അതായതു, ഹദീസുകളില്‍ പ്രസ്താവിക്കപ്പെട്ടപ്രകാരം എല്ലാ കാര്യങ്ങളും മുമ്പ് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ആ നിശ്ചയം അനുസരിച്ചു കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തി നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നല്ലാതെ, കാര്യങ്ങളെല്ലാം പുത്തനായി ആരംഭിച്ചുണ്ടാക്കുന്നതിനെക്കുറിച്ചല്ല എന്നു സാരം. വളരെ ശ്രദ്ധേയവും, പല സംശയങ്ങള്‍ക്കും നിവാരണം നല്‍കുന്നതുമാണ് ഈ മറുപടി. (അമാനി തഫ്സീ൪ – ഖു൪ആന്‍:55/29 ന്റെ വിശദീകരണത്തിൽ നിന്നും)

മനുഷ്യൻ എന്തിന് പ്രവർത്തിക്കണം?

ലോകത്ത് നടക്കുന്ന സർവ്വകാര്യങ്ങളും അല്ലാഹു അറിയുന്നു, ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്ന നിർണ്ണയവും വ്യവസ്ഥയും അവന്റെ പക്കലുണ്ട് അതിനെതിരായി യാതൊന്നും സംഭവിക്കുകയില്ല; എന്ത് – എങ്ങനെ – എപ്പോൾ വേണമെന്ന് അവൻ ഉദ്ദേശിക്കുന്നുവോ അത് അങ്ങനെ അപ്പോൾ സംഭവിക്കുന്നു, അവൻ അറിയാതെയോ ഉദ്ദേശിക്കാതെയോ യാതൊന്നും സംഭവിക്കുകയില്ല ഈ വിധമുള്ള വിശ്വാസമാണ് ഖദ്റിലുള്ള വിശ്വാസം കൊണ്ടുദ്ദേശ്യമെന്ന് പറഞ്ഞുവല്ലോ. അങ്ങനെയാണെങ്കിൽ, മനുഷ്യൻ എന്തിനു പ്രവർത്തിക്കണം? അവന്റെ പ്രവർത്തനം കൂടാതെത്തന്നെ അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചു കാര്യങ്ങൾ അങ്ങ് നടന്നുകൊള്ളുമല്ലോ? മനുഷ്യന്റെ ഉദ്ദേശ്യങ്ങളിലും പ്രവർത്തനങ്ങളിലും നിരുപാധികമായ സ്വാതന്ത്ര്യവും കഴിവും അവനില്ലെങ്കിൽ – അഥവാ അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചാണ് എല്ലാം നടക്കുന്നതെങ്കിൽ – മതപരമായ വിധിവിലക്കുകൾ മുഖേന മനുഷ്യൻ ശാസിക്കപ്പെട്ടിരിക്കുന്നതു എന്തിനാണ്? എന്നിങ്ങിനെയുള്ള ആശയക്കുഴപ്പങ്ങൾ പലതും ഖദ്റിന്റെ നിഷേധികൾ പ്രചരിപ്പിക്കാറുണ്ട്.

മനുഷ്യന് അവന്റെ ഇച്ഛയും ഉദ്ദേശ്യവും അനുസരിച്ചു പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും നല്കപ്പെട്ടിട്ടുണ്ടെന്നും, അതോടൊപ്പംതന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും നിശ്ചയത്തിനും അതിൽ പ്രായോഗികമായ പങ്കുണ്ടെന്നുമാണ് ഖളാഅ് – ഖദ്റിലുള്ള വിശ്വാസത്തിന്റെ കാതൽ. അതുകൊണ്ട് മനുഷ്യൻ പ്രവർത്തിക്കുകയാണ് വേണ്ടത്.

عَنْ جَابِرٍ، قَالَ جَاءَ سُرَاقَةُ بْنُ مَالِكِ بْنِ جُعْشُمٍ قَالَ يَا رَسُولَ اللَّهِ بَيِّنْ لَنَا دِينَنَا كَأَنَّا خُلِقْنَا الآنَ فِيمَا الْعَمَلُ الْيَوْمَ أَفِيمَا جَفَّتْ بِهِ الأَقْلاَمُ وَجَرَتْ بِهِ الْمَقَادِيرُ أَمْ فِيمَا نَسْتَقْبِلُ قَالَ ‏”‏ لاَ ‏.‏ بَلْ فِيمَا جَفَّتْ بِهِ الأَقْلاَمُ وَجَرَتْ بِهِ الْمَقَادِيرُ ‏”‏ ‏.‏ قَالَ فَفِيمَ الْعَمَلُ قَالَ زُهَيْرٌ ثُمَّ تَكَلَّمَ أَبُو الزُّبَيْرِ بِشَىْءٍ لَمْ أَفْهَمْهُ فَسَأَلْتُ مَا قَالَ فَقَالَ ‏”‏ اعْمَلُوا فَكُلٌّ مُيَسَّرٌ ‏”‏ ‏.‏

ജാബിർ ബ്നു അബ്ദില്ലാ رضي الله عنه  പറയുന്നു: സുറാഖത്തു ബ്നു മാലിക് ബ്നു ജുഅ്ഷും വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ,  ഞങ്ങളുടെ മതം  ഞങ്ങൾക്ക് വിശദീകരിച്ചു തരിക. ഞങ്ങൾ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടതുപോലെയുണ്ട്, പ്രവർത്തനങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ അല്ലാഹു കാര്യങ്ങൾ തീരുമാനിച്ച്, പേനകൾ കൊണ്ട് എഴുതി മഷി ഉണങ്ങിപ്പോയ തീരുമാനങ്ങൾക്കനുസരിച്ചാണോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്? അതല്ല, ഇനി ഉണ്ടാകുന്നതിനനുസരിച്ചാണോ നമ്മൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്? നബി ﷺ പറഞ്ഞു: അല്ല, മറിച്ച് അല്ലാഹുവിന്റ അറിവും എഴുത്തും തീരുമാനവും എന്തൊന്നിനെ മുൻകടന്നുവോ അതനുസരിച്ചാണ്  ഇപ്പോൾ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സുറാഖത്തു ബ്നു മാലിക് ചോദിച്ചു: അങ്ങനെയാണെങ്കിൽ, പിന്നെന്തിനാണ് പ്രവർത്തിക്കുന്നത്? സുഹൈർ പറഞ്ഞു: അപ്പോൾ അബു സുബൈർ ഒരു കാര്യം പറഞ്ഞു, പക്ഷേ എനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല, ഞാൻ പറഞ്ഞു. അദ്ദേഹം എന്താണ് പറഞ്ഞത്? അപ്പോൾ അദ്ദേഹം പറഞ്ഞു: പ്രവർത്തിക്കുക, കാരണം ഓരോരുത്തർക്കും അവൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സുഗമമാക്കുന്നു. (മുസ്ലിം:2648)

മറ്റൊരു റിപ്പോർട്ടിൽ നബി ﷺ പറഞ്ഞു:

كُلُّ عَامِلٍ مُيَسَّرٌ لِعَمَلِهِ

എല്ലാ പ്രവർത്തിക്കുന്നവനും അവൻ എന്താണോ  പ്രവർത്തിക്കുന്നത്, അതിന് എളുപ്പം നൽകുന്നതാകുന്നു. (മുസ്ലിം:2648)

عَنْ عِمْرَانَ بْنِ حُصَيْنٍ، قَالَ قَالَ رَجُلٌ يَا رَسُولَ اللَّهِ أَيُعْرَفُ أَهْلُ الْجَنَّةِ مِنْ أَهْلِ النَّارِ قَالَ ‏”‏ نَعَمْ ‏”‏‏.‏ قَالَ فَلِمَ يَعْمَلُ الْعَامِلُونَ قَالَ ‏”‏كُلٌّ يَعْمَلُ لِمَا خُلِقَ لَهُ ـ أَوْ لِمَا يُسِّرَ لَهُ‏”‏ ‏.‏

ഇംറാനുബ്നു ഹുസൈൻ رضي الله عنه  പറയുന്നു: ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സ്വർഗ്ഗവാസികളെ നരകാവകാശികളിൽനിന്ന് തിരിച്ചറിയുമോ? നബി ﷺ പറഞ്ഞു; അതെ. അയാൾ ചോദിച്ചു: പിന്നെ എന്തിനാണ് കർമ്മം ചെയ്യുന്നത്? നബി ﷺ പറഞ്ഞു: എല്ലാവരും എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അതിനുവേണ്ടി പ്രവർത്തിക്കുന്നു. അല്ലെങ്കിൽ തനിക്ക് എളുപ്പമാക്കപ്പെട്ടതിനുവേണ്ടി പ്രവർത്തിക്കുന്നു. (ബുഖാരി: 6596)

عَنْ عَلِيٍّ ـ عَلَيْهِ السَّلاَمُ ـ قَالَ كُنَّا جُلُوسًا عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ ‏”‏ مَا مِنْكُمْ مِنْ أَحَدٍ إِلاَّ وَقَدْ كُتِبَ مَقْعَدُهُ مِنَ الْجَنَّةِ وَمَقْعَدُهُ مِنَ النَّارِ ‏”‏‏.‏ فَقُلْنَا يَا رَسُولَ اللَّهِ أَفَلاَ نَتَّكِلُ قَالَ ‏”‏ لاَ، اعْمَلُوا فَكُلٌّ مُيَسَّرٌ ‏”‏‏.‏ ثُمَّ قَرَأَ ‏{‏فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى‏}‏ إِلَى قَوْلِهِ ‏{‏فَسَنُيَسِّرُهُ لِلْعُسْرَى‏}‏

അലി رضي الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളിൽ ഒരാളും തന്നെ നരകത്തിൽ നിന്നുള്ള അവന്റെ ഇരിപ്പിടവും, സ്വർഗ്ഗത്തിൽ നിന്നുള്ള അവന്റെ ഇരിപ്പിടവും, രേഖപ്പെടുത്തപ്പെടാത്തവരില്ല.’ സ്വഹാബികൾ ചോദിച്ചു: ‘ അല്ലാഹുവിന്റെ  റസൂലേ, എന്നാൽ നമുക്ക് നമ്മുടെ കിതാബിനെ (ആ രേഖയെ) ആസ്പദമാക്കി ഇരിക്കുകയും, കർമ്മങ്ങളെ ഉപേക്ഷിക്കുകയും ചെയ്തുകൂടേ?’ നബി ﷺ പറഞ്ഞു: ‘നിങ്ങൾ പ്രവർത്തിച്ചുകൊള്ളുവിൻ. എല്ലാവരും അവരവർ എന്തിനായ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അതിലേക്ക് സൗകര്യം നൽകപ്പെടുന്നവരാകുന്നു. ഒരാൾ ഭാഗ്യവാന്മാരിൽ പെട്ടവനാണെങ്കിൽ,അവന് ഭാഗ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യം നൽകപ്പെടും. ഒരാൾ ദുർഭാഗ്യവാന്മാരിൽ പെട്ടവനാണെങ്കിൽ അവന് ദൗർഭാഗ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യം നൽകപ്പെടും’. പിന്നീട് നബി ﷺ ഈ ഖുർആൻ വചനങ്ങൾ ഓതുകയും ചെയ്തു:

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ‎﴿٥﴾‏ وَصَدَّقَ بِٱلْحُسْنَىٰ ‎﴿٦﴾‏ فَسَنُيَسِّرُهُۥ لِلْيُسْرَىٰ ‎﴿٧﴾‏ وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ‎﴿٨﴾‏ وَكَذَّبَ بِٱلْحُسْنَىٰ ‎﴿٩﴾‏ فَسَنُيَسِّرُهُۥ لِلْعُسْرَىٰ ‎﴿١٠﴾

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും  ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ  അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.  എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ. അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌ (ഖുർആൻ:92/5-10). (ബുഖാരി: 4947)

മനുഷ്യന് പ്രവർത്തിക്കുന്നതിനും ഉദ്ദേശിക്കുന്നതിനുമുള്ള സ്വാതന്ത്യമുണ്ടെന്നതിനുള്ള ചില തെളിവുകൾ കാണുക:

مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ

വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് (തന്‍റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല. (ഖുർആൻ:41/46)

إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا

തീര്‍ച്ചയായും നാം അവന് (മനുഷ്യന്) വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:76/3)

ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ

അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. (ഖു൪ആന്‍:18/29)

എന്നാൽ മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് മേൽ അല്ലാഹുവിന്റെ തീരുമാനമുണ്ട്.

إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ ‎﴿٢٧﴾‏ لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ‎﴿٢٨﴾‏ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ‎﴿٢٩﴾‏

ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.  അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.  ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖു൪ആന്‍:81/27-29)

إِنَّ هَٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ‎﴿٢٩﴾‏ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ‎﴿٣٠﴾

തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.  അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:76/29-30)

മനുഷ്യനു ഏതൊരു കാര്യവും ഉദ്ദേശിക്കുവാനും അതു പ്രായോഗികമാക്കുവാനും സാധിക്കണമെങ്കില്‍ അതില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി ഉണ്ടായിരിക്കേണ്ടതുണ്ട്. മനുഷ്യന്‍ സന്മാര്‍ഗം സ്വീകരിക്കുന്നതു പോലും അല്ലാഹു ഉദ്ദേശിക്കുമ്പോഴേ ഉണ്ടാവുകയുള്ളു. എന്നാല്‍, ആരൊക്കെയാണ് സന്മാര്‍ഗം പ്രാപിക്കുവാന്‍ അര്‍ഹതയുള്ളവര്‍, ആരൊക്കെയാണ് അതിനു അര്‍ഹരല്ലാത്തവര്‍, എപ്പോഴാണതിന്റെ സന്ദര്‍ഭം എന്നൊക്കെയുള്ള കാര്യങ്ങള്‍ അല്ലാഹുവിനു ശരിക്കും അറിയാം. അതെ, അവന്‍ മാത്രമാണ് അതൊക്കെ അറിയുന്നവന്‍. ഓരോ കാര്യവും യഥായോഗ്യം യുക്തമായ നിലയില്‍ മാത്രം അവന്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍ എല്ലാം അറിയുന്ന സര്‍വ്വജ്ഞനാണ്. യുക്തിമാനും അഗാധജ്ഞനുമാണ്. (إِنَّ اللَّـهَ كَانَ عَلِيمًا حَكِيمًا). (അമാനി തഫ്സീ൪ – ഖു൪ആന്‍ :76/29-30 ന്റെ വിശദീകരണം)

മനുഷ്യന്‍റെ കർമങ്ങൾ നിരുപാധികമായിരിക്കത്തക്ക വിധം അവൻ പരിപൂർണ്ണമായും സ്വാതന്ത്രനോ ശക്തനോ അല്ല. അല്ലാഹുവിന്‍റെ ഇടപെടലുംകൂടി ഉണ്ടെങ്കിലേ അവ സാക്ഷാൽകൃതമാകുകയുള്ളു. തിരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം (اختيار), ഏതെങ്കിലും ഒന്നിലുള്ള പ്രത്യേക താൽപര്യം (ارادة), എന്നിവക്ക് പുറമെ അതതിനു അല്ലാഹു നിശ്ചയിച്ച കാര്യകാരണ ബന്ധങ്ങളനുസരിച്ചു തനിക്കു കഴിവുള്ളിടത്തോളം ഒരുക്കങ്ങൾ ചെയ്യുക, അഥവാ അതിനു വേണ്ടി യത്നിക്കുക (الكسب) ഇതെല്ലാം മനുഷ്യന്‍റെ വകയാണ്. ഇക്കാരണത്താൽ അവനിൽ നിന്നുണ്ടാകുന്ന എല്ലാ കർമങ്ങളും അവന്റേതായിത്തീരുന്നു. അതിന്‍റെ ഗുണദോഷഫലങ്ങൾക്കു അവൻ ഉത്തരവാദിയും ആയിത്തീരുന്നു. അവന്‍റെ അഭിപ്രായവും താല്പര്യവും പ്രവർത്തനം മുഖേന പ്രായോഗിഗമാക്കുവാനുള്ള ഉദ്ദേശം അവനിൽ സംജാതമാകുന്നതു അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രമായിരിക്കും. അതിനുള്ള ഉപാധികൾ സജ്ജമാക്കുന്നതും, ഓരോന്നിന്റെയും ഫലങ്ങൾ കൂട്ടിയിണക്കി ഉദ്ദിഷ്‌ട കാര്യത്തിനു സാക്ഷാൽ പ്രായോഗിക രൂപം നൽകുന്നതും അല്ലാഹുവായിരിക്കും. ഇക്കാരണത്താൽ – മറ്റുകാര്യങ്ങളെ പോലെത്തന്നെ – മനുഷ്യപ്രവർത്തനങ്ങളും അല്ലാഹുവിന്‍റെ ഉദ്ദേശത്തിനു വിധേയമാണ് . എല്ലാം അവൻ സൃഷ്ടി നൽകി രൂപപ്പെടുത്തുന്നതുമാണ്. (അമാനി തഫ്സീർ:സൂറത്തുല്‍ ഹദീദ് – വ്യാഖ്യാനക്കുറിപ്പ്)

ഖദ്റിന്റെ വിഷയത്തിൽ പിഴച്ചു പോയവർ

ഹിജ്റഃ ആദ്യനൂറ്റാണ്ടിൽതന്നെ, ഖദ്റിന്റെ വിഷയത്തിൽ പരസ്പരവിരുദ്ധമായ രണ്ടു ആശയഗതിക്കാർ ഉടലെടുത്തു.

മനുഷ്യന് യാതൊന്നിനും യാതൊരുവിധ സ്വാതന്ത്ര്യമോ കഴിവോ ഇല്ലെന്നും കേവലം കാറ്റിൽപ്പെട്ട ഇലപോലെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പിൽ അവൻ ഒരു പാവമാത്രമാണെന്നും വാദിച്ച് ‘ജബ്രിയ്യാക്കൾ’ (മനുഷ്യൻ നിർബന്ധത്തിനു വിധേയനാണെന്നു വാദിക്കുന്നവർ) ഹിജ്റഃ ആദ്യനൂറ്റാണ്ടിൽതന്നെ രംഗപ്രവേശനം ചെയ്തിരുന്നു. പിന്നീട് അവർ ക്രമേണ ക്ഷയിച്ച് ദുർബലമായിപ്പോയി.

മനുഷ്യൻ അവന്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ്ണ സ്വതന്ത്രനാണ്; എല്ലാം അവന്റെ ഹിതമനുസരിച്ചു നടക്കുന്നുവെന്നും; അവന്റെ പ്രവർത്തനം അവന്റെ സൃഷ്ടി തന്നെയാണെന്നും; അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ, പ്രവർത്തനത്തിനോ പങ്കില്ലെന്നുമൊക്കെ വാദിച്ച ‘ഖദ്രിയ്യാക്കളും’ (മനുഷ്യന്റെ പ്രവർത്തനം അവന്റെ കഴിവുകൊണ്ടാണെന്നു വാദിക്കുന്നവർ) ഹിജ്റഃ ആദ്യനൂറ്റാണ്ടിൽതന്നെ രംഗപ്രവേശനം ചെയ്തിരുന്നു.  ‘മുഅ്​തസിലഃ’ വിഭാഗത്തിൽ നിന്നാണ് ഖദ്രിയ്യാക്കൾ ജന്മമെടുത്തിരിക്കുന്നത്. ‘ലോകത്തു ഓരോ സംഭവവും സംഭവിക്കുമ്പോൾ മാത്രമേ അല്ലാഹു അറിയുകയുള്ളു. അതിനുമുമ്പ് അതിനെപ്പറ്റി അവൻ ഒന്നും അറിയുകയില്ല; അല്ലാഹുവിനു കാര്യങ്ങളെക്കുറിച്ചു മൊത്തത്തിലുള്ള അറിവേ ഉള്ളു. എല്ലാറ്റിനെക്കുറിച്ചും വിശദമായി അറിഞ്ഞുകൂടാ; ലോകകാര്യങ്ങൾക്കു ചില പൊതുവായ പരിപാടികളും കാര്യകാരണബന്ധങ്ങളും അവൻ ഏർപ്പെടുത്തിവെച്ചിട്ടുണ്ട്; അതനുസരിച്ചു മനുഷ്യന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വയമേവ നീങ്ങിക്കൊണ്ടിരിക്കുകയാണ്; മനുഷ്യന്റെ കർമ്മങ്ങളെല്ലാം അവന്റെ സ്വന്തം കഴിവും സൃഷ്ടിയുമാണ്; അല്ലാഹുവിന്റെ ഉദ്ദേശ്യമോ പ്രവർത്തനമോ അതിനാവശ്യമില്ല; നല്ലതിന്റെ മാത്രം സൃഷ്ടാവാണ് അല്ലാഹു; ചീത്തയായതൊന്നും അവന്റെ സൃഷ്ടിയല്ല; ചീത്തയായതിന്റെ സൃഷ്ടാവു പിശാചോ മനുഷ്യനോ ആയിരിക്കും; നന്മമാത്രം സൃഷ്ടിക്കൽ അല്ലാഹുവിന്റെ മേൽ നിർബന്ധമാണ്….’. തുടങ്ങിയ വാദങ്ങളെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെട്ടതാകുന്നു.

മേൽപറഞ്ഞ രണ്ട് കക്ഷികൾക്കും ഇടയിലാണ് വാസ്തവം സ്ഥിതി ചെയ്യുന്നത്. മനുഷ്യന് അവന്റെ ഇച്ഛയും ഉദ്ദേശ്യവും അനുസരിച്ചു പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും നല്കപ്പെട്ടിട്ടുണ്ടെന്നും, അതോടൊപ്പംതന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും നിശ്ചയത്തിനും അതിൽ പ്രായോഗികമായ പങ്കുണ്ടെന്നുമുള്ളതാണ് വാസ്തവം.

كـَلَّآ إِنَّهُۥ تَذْكِرَةٌ ‎﴿٥٤﴾‏ فَمَن شَآءَ ذَكَرَهُۥ ‎﴿٥٥﴾‏ وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ ‎﴿٥٦﴾‏

അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്‍. (ഖുർആൻ:74/54-56)

{وَمَا يَذْكُرُونَ إِلا أَنْ يَشَاءَ اللَّهُ} فَإِنَّ مَشِيئَةَ اللَّهِ نَافِذَةٌ عَامَّةٌ، لَا يَخْرُجُ عَنْهَا حَادِثٌ قَلِيلٌ وَلَا كَثِيرٌ، فَفِيهَا رَدٌّ عَلَى الْقَدَرِيَّةِ، الَّذِينَ لَا يُدْخِلُونَ أَفْعَالَ الْعِبَادِ تَحْتَ مَشِيئَةِ اللَّهِ، وَالْجَبْرِيَّةِ الَّذِينَ يَزْعُمُونَ أَنَّهُ لَيْسَ لِلْعَبْدِ مَشِيئَةٌ، وَلَا فِعْلٌ حَقِيقَةً، وَإِنَّمَا هُوَ مَجْبُورٌ عَلَى أَفْعَالِهِ، فَأَثْبَتَ تَعَالَى لِلْعِبَادِ مَشِيئَةً حَقِيقَةً وَفِعْلًا وَجَعَلَ ذَلِكَ تَابِعًا لِمَشِيئَتِهِ،

{അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല} അല്ലാഹുവിന്റെ ഉദ്ദേശ്യം സമഗ്രമായി നടപ്പിലാക്കപ്പെടും. കുറച്ചാകട്ടെ, അധികമാകട്ടെ, ഒരു സംഭവവും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതല്ല.

ഇതില്‍ ക്വദ്‌രിയാക്കള്‍ക്കുള്ള മറുപടിയുണ്ട്. അവര്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമുണ്ടെന്ന കാര്യം അംഗീകരിക്കുന്നില്ല. എന്നാല്‍ ജബ്‌രിയാക്കള്‍, അവരാകട്ടെ മനുഷ്യന് യാതൊരു വിധത്തിലും ഉദ്ദേശിക്കാനോ പ്രവര്‍ത്തിക്കാനോ സാധ്യമല്ലെന്നും വാദിക്കുന്നു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിതമായവയാണ്. യാതൊരു വിധ സ്വാതന്ത്ര്യവും അവനില്ലെന്നാണര്‍ഥം. എന്നാല്‍, അല്ലാഹു മനുഷ്യന് ഉദ്ദേശിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി അനുസരിച്ചാണെന്ന് മാത്രം. (തഫ്സീറുസ്സഅ്ദി)

وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَٰبٍ مُّبِينٍ

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. (ഖുർആൻ:6/59)

ഭൂമിയിൽ നടക്കുന്ന എല്ലാ സംഭവങ്ങളും, എല്ലാ മറഞ്ഞ കാര്യവും അല്ലാഹു അറിയുമെന്നും, എല്ലാം ഒരു രേഖയിൽ രേഖപ്പെട്ടു കിടപ്പുണ്ടെന്നുമാണ് അല്ലാഹു ഈ വചനത്തിൽ പറയുന്നത്. അല്ലഹുവിന്റെ അറിവിനെതിരായി ഒന്നും സംഭവിക്കുകയുമില്ല. എന്നിരിക്കെ, മനുഷ്യന്റെ പ്രവൃത്തികളെമാത്രം ഇതിൽനിന്ന് ഒഴിവാക്കുവാനും, അവന്റെ അറിവിൽ പെടാത്തതോ അതിന് നിരക്കാത്തതോ ആയ വല്ല പ്രവർത്തിയും മനുഷ്യന് ചെയ്വാൻ കഴിയുമെന്നു വെക്കുവാനും യാതൊരു ന്യായവും ഇല്ല. ഒന്നൊഴിയാതെ എല്ലാ കാര്യവും എന്നത്രെ ‘പച്ചയോ, ഉണങ്ങിയതോ ആയ’ കൊണ്ട് വിവക്ഷ.

ഇമാം നവവി رحمه الله പറയുന്നു: ‘സത്യത്തിന്റെ പക്ഷക്കാർ (اهل الحق) ഖദ്റിനെ സ്ഥാപിക്കുന്നവരാണ്. അല്ലാഹു കാര്യങ്ങൾ പണ്ടേ നിർണയിച്ചിരിക്കുന്നു, ഇന്നപ്പോൾ ഇന്നതു സംഭവിക്കുമെന്നു അവൻ അറിയുകയും ചെയ്യുന്നു, ആ നിശ്ചയപ്രകാരം അവ സംഭവിക്കുന്നു എന്നുള്ളതാണ്‌ ഖദ്ർ. ‘ഖദരിയത്ത്’ (എന്ന കക്ഷി) അതിനെ നിഷേധിക്കുന്നു. അല്ലാഹു മുമ്പു ഒന്നും നിർണ്ണയിച്ചിട്ടില്ലെന്നും, മുന്‍കൂട്ടി അറിയുകയില്ലെന്നും, ഓരോന്നും സംഭവിക്കുമ്പോൾ മാത്രമേ അവന്‍ അറിയുകയുള്ളുവെന്നും അവർ ജല്പിക്കുന്നു. അല്ലാഹുവിന്റെ പേരിൽ കളവു പറയുകയാണവർ. അല്ലാഹു അതിൽ നിന്നെല്ലാം എത്രയോ ഉന്നതനാകുന്നു. നിരർത്ഥവും ബാലിശവുമായ ഈ വാദക്കാരുടെ കാലം കഴിഞ്ഞുപോയി . അവരുടെ പിൻഗാമികൾ ഖദ്റിനെ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഗുണകരമായ കാര്യങ്ങൾ അല്ലാഹുവിൽ നിന്നും, ദോഷകരമായ കാര്യങ്ങൾ പിശാചിൽ നിന്നും മറ്റും ഉണ്ടാകുന്നുവെന്നാണു അവർ പറയുന്നത്. ഇങ്ങിനെ, രണ്ടു സ്രഷ്ടാക്കളെ സ്ഥാപിക്കുന്നതു കൊണ്ടു ഇവരെപ്പറ്റി ഈ സമുദായത്തിലെ ‘മജൂസി’കൾ (നൻമയുടെയും തിൻമയുടേയും രണ്ടു പ്രത്യേക ദൈവങ്ങളിൽ വിശ്വസിക്കുന്നവർ) എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്… ഖത്ത്വാബീ رحمه الله പറയുന്നു: ‘അല്ലാഹു അവന്റെ വിധി നിർണ്ണയത്തിന്റെ പേരിൽ മനുഷ്യനെ നിർബ്ബന്ധിക്കുക (തീരെ അസ്വതന്ത്രനാക്കുക) എന്നാണ് ‘ഖള്വാഖദറി’ ന്റെ സാരമെന്നു പലരും ധരിക്കാറുണ്ട്. അതു ശരിയല്ല. മനുഷ്യന്റെ പ്രവർത്തനങ്ങളെക്കുറിച്ചു അല്ലാഹു മുമ്പേ അറിയുന്നതു കൊണ്ടും, നല്ലതോ ചീത്തയോ ആയ എല്ലാ കാര്യങ്ങളും അവൻ സൃഷ്ടിച്ചതും നിർണ്ണയിച്ചതുമാകകൊണ്ടുമാണ് ഖദ്ർ ഉണ്ടായിത്തീരുന്നത്. ‘ഖദ്ർ’ എന്നാൽ ‘ഖാദിറാ’യ (കഴിവുള്ളവനായ) അല്ലാഹുവിനാൽ നിർണയം ചെയ്യപ്പെടുന്ന വ്യവസ്ഥയെന്നും, ‘ഖള്വാഉ’ എന്നാൽ അതു നടപ്പിൽ വരുത്തുക എന്നുമാണുദ്ദേശ്യം…’ (ശറഹു മുസ്ലിം)

ഇമാം അസ്ക്വലാനി  رحمه الله പറയുന്നു: ‘ഖദ്റിനെക്കുറിച്ച് മനസ്സിലാക്കുവാൻ ‘കിതാബും സുന്നത്തും’ മാത്രമാണ് മാർഗ്ഗം. യുക്തിക്കും അനുമാനത്തിനും അതിൽ സ്ഥാനമില്ല. ആ മാർഗ്ഗം ആര് തെറ്റിപ്പോയോ അവൻ പരിഭ്രമത്തിന്റെ സമുദ്രത്തിൽ വീഴും. അവർക്ക് കണ്ണിന് കുളിർമ്മയോ, മനസ്സിന് സമാധാനമോ ലഭിക്കയില്ല. കാരണം, ഖദ്ർ എന്ന് പറയുന്നത് അല്ലാഹുവിന്റെ രഹസ്യങ്ങളിൽ പെട്ട ഒന്നാണ്. ഒരു റസൂലിനും, ഒരു മലക്കിനും അറിയിച്ച് കൊടുക്കാതെ അവൻ മറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖദ്റിൽ അടങ്ങിയ രഹസ്യം സ്വർഗസ്ഥരായ ആളുകൾ അവിടെ വെച്ച് ഗ്രഹിക്കുമെന്നല്ലാതെ, അതിന് മുമ്പായി അവർക്കും അത് വെളിപ്പെടുകയില്ലെന്ന് ചില മഹാൻമാർ പറഞ്ഞതായി, ഇബ്നുസ്സംആനി رحمه الله പ്രസ്താവിക്കുന്നു. إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ (എല്ലാ വസ്തുവെയും നാം ഒരു ‘ഖദര്‍’ അനുസരിച്ച് സൃഷ്ടിച്ചിരിക്കുന്നു.) എന്ന ഖുർആൻ വാക്യം, നമ്മുടെ പ്രവൃത്തികളടക്കം എല്ലാറ്റിൻറയും സ്രഷ്ടാവും ,തോതു കണക്കാക്കിയവനുമാണ് അല്ലാഹു എന്നുള്ളതിന് സ്പഷ്ടമായ തെളിവാണ്. اللَّه خَالِق كُلّ شَيْء (അല്ലാഹു എല്ലാ വസ്തുവിന്റെയും സ്രഷ്ടാവാണ്) എന്നും, وَاَللَّه خَلَقَكُمْ وَمَا تَعْمَلُونَ (നിങ്ങളെയും നിങ്ങൾ പ്രവൃത്തിക്കുന്നതിനെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു) എന്നുമുള്ള ആയത്തുകളെക്കാൾ വ്യക്തമായ തെളിവാണ് ആ ആയത്ത്. അത് ‘ഖദരിയ്യത്തി’ന്റെ കാര്യത്തിൽ അവതരിച്ചതാണെന്ന് മുൻഗാമികളുടെയും, പിൻഗാമികളുടെയും നാവുകളിൽ പ്രസിദ്ധമാണ്. ഖുറൈശീ മുശ്രിക്കുകൾ നബി ﷺ യോട് ഖദ്റിന്റെ വിഷയത്തിൽ വിവാദം നടത്തിയ അവസരത്തിലാണ് ആ ആയത്ത് അവതരിച്ചതെന്ന് അബു ഹുറൈറ  رضي الله عنه  യുടെ നിവേദനമായി അഹ്മദും മുസ്ലിമും  رحمهما الله  ഉദ്ധരിച്ചിരിക്കുന്നു. ഈമാനിന്റെ ഘടകങ്ങളിൽ ഒന്നാണ് ഖദ്റിലെ വിശ്വാസമെന്ന് ജിബ്രീലിന്റെ ഹദീസിലും മുമ്പ് പ്രസ്താവിച്ചുവല്ലോ.

وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ

ഏതൊരു വസ്തുവും തന്നെ, അതിന്റെ ഖജനാക്കൾ നമ്മുടെ അടുക്കൽ ഇല്ലാത്തതായിട്ടില്ല. ഒരു നിശ്ചിതമായ അളവിലല്ലാതെ നാം അതിനെ ഇറക്കുന്നതുമല്ല എന്ന ഖുര്‍ആൻ വാക്യം അനുസരിച്ച് സർവ്വ കാര്യങ്ങളും അല്ലാഹു കണക്കാക്കിയ പ്രകാരം നടക്കുന്നുവെന്നത്രെ സലഫുകളുടെ (മുൻഗാമികളുടെ) ഏകകണ്ഠമായ അഭിപ്രായം. (ഫത്ഹുൽബാരി)

ഇബ്നു ഖയ്യിം رحمه الله  പറയുന്നു: ‘അല്ലാഹുവിന്റെ എല്ലാ മുർസലുകളും, അവതരിപ്പിക്കപ്പെട്ട എല്ലാ ദൈവിക ഗ്രന്ഥങ്ങളും യോജിച്ച വിഷയങ്ങളാണ് ഖദ്റിന്റെ സ്ഥാപനവും, അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും, എല്ലാററിന്റെയും സ്രഷ്ടാവാണെന്നും, എല്ലാറ്റിനെ പറ്റിയും അറിയുമെന്നും, എല്ലാ കാര്യവും അവൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും, അവൻ ഉദ്ദേശിച്ചതെന്തോ അത് ഉണ്ടാകുകയും ഉദ്ദേശിക്കാത്തതെന്തോ അത് ഉണ്ടാകാതിരിക്കുകയും ചെയ്യുമെന്നും, അവന്റെ ഭരണത്തിൽ അവൻ ഉദ്ദേശിച്ചതല്ലാതെ യാതൊന്നും ഉണ്ടാകുകയില്ലെന്നും, അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവനോട് ആരും അനുസരണക്കേട് ചെയ്യുമായിരുന്നില്ലെന്നും, അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവർ മുഴുവനും വിശ്വസിക്കുമായിരുന്നു എന്നും, അവനോട് അനുസരണക്കേട് കാണിക്കുന്നവർക്ക് അവൻ നൽകാത്ത സഹായങ്ങൾ അവനെ അനുസരിക്കുന്നവർക്ക് അവൻ നൽകുമെന്നും, അവിശ്വാസത്തിന്റെ ആൾക്കാർക്ക് സാധിച്ചു കിട്ടാത്ത സാഹചര്യങ്ങൾ സത്യവിശ്വാസത്തിന്റെ ആൾക്കാർക്ക് അവൻ ഉണ്ടാക്കിക്കൊടുക്കുമെന്നും, അവനാണ് മുസ്ലിമിനെ മുസ്ലിമാക്കിയവനെന്നും അവൻ ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുമെന്നും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ വഴി പിഴവിലാക്കുമെന്നുമൊക്കെ. മൊത്തത്തിൽ പറഞ്ഞാൽ, വസ്തുക്കളായോ, പ്രവർത്തനങ്ങളായോ ഉള്ള ഏതൊരു കാര്യവും അവന്റെ കഴിവിനും സൃഷ്ടിക്കും പുറത്തു പോകുന്നില്ല. അതു പോലെത്തന്നെ അവ അവന്റെ അറിവിനും ഉദ്ദേശ്യത്തിനും പുറത്തു പോകുന്നതുമല്ല. ഇതാണ് എല്ലാ മുർസലുകളുടെയും മതം…’ (الصواعق المرسلة)

ഖളാഅ് – ഖദ്റിനെകുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക

ഖളാഅ് – ഖദ്ര്‍ എന്നത്‌ തികച്ചും വിശ്വാസപരമായ ഒരു വിഷയമാണ്‌. അതിലെ പല രഹസ്യങ്ങളും നമുക്ക്‌ വെളിപ്പെടുത്തി തന്നിട്ടില്ല. അതിനാല്‍, അതിലെ നിഗൂഡമായ കാര്യങ്ങളെ കുറിച്ച്‌ വാഗ്വാദങ്ങളിലേര്‍പ്പെടുന്നത്‌ ഒഴിവാക്കുകതന്നെ വേണം. അത്തരം വാഗ്വാദങ്ങള്‍ അബദ്ധങ്ങളിലേക്ക്‌ നയിക്കും. ഈ മേഖലയിലുള്ള അബദ്ധങ്ങള്‍ നിസ്സാരമായി ഗണിക്കാവുന്നതുമല്ല.

عن ابن مسعود – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -::إذا ذكرأصحابي فأمسكوا و إذا ذكرت النجوم فأمسكوا و إذا ذكر القدر فأمسكوا

ഇബ്നു മസ്ഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  എന്റെ അനുചരന്മാരെക്കുറിച്ച്‌ (ആരോപണം) പറയപ്പെട്ടാല്‍, നിങ്ങള്‍ മാറിനില്‍ക്കുക; നക്ഷത്രങ്ങളെ (ജ്യോതിഷം) കുറിച്ച്‌ പറയപ്പെട്ടാല്‍, നിങ്ങള്‍ മാറിനില്‍ക്കുക; ഖദറിനെ കുറിച്ച്‌ (പ്രമാണബദ്ധമല്ലാതെ) പറയപ്പെട്ടാല്‍, നിങ്ങള്‍ മാറി നില്‍ക്കുക? (ത്വബ്റാനി – സ്വഹീഹ് അൽബാനി)

عَنْ أَبِي هُرَيْرَةَ، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ صلى الله عليه وسلم وَنَحْنُ نَتَنَازَعُ فِي الْقَدَرِ فَغَضِبَ حَتَّى احْمَرَّ وَجْهُهُ حَتَّى كَأَنَّمَا فُقِئَ فِي وَجْنَتَيْهِ الرُّمَّانُ فَقَالَ ‏ “‏ أَبِهَذَا أُمِرْتُمْ أَمْ بِهَذَا أُرْسِلْتُ إِلَيْكُمْ إِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ حِينَ تَنَازَعُوا فِي هَذَا الأَمْرِ عَزَمْتُ عَلَيْكُمْ أَلاَّ تَتَنَازَعُوا فِيهِ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ  പറയുന്നു: ഞങ്ങൾ  ഖദ്റിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവിടുന്ന കോപിച്ചു. ഇരുകവിളും ഉറുമാന്‍പഴത്തിന്റെ കുരു കുത്തിപ്പിഴിഞ്ഞതുപോലെ അവിടുത്തെ മുഖം ചുവപ്പു വര്‍ണമായി. എന്നിട്ട് നബി ﷺ പറഞ്ഞു: ഇപ്രകാരമാണോ നിങ്ങളോട്‌ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌? അതോ, ഇതുമായിട്ടാണോ ഞാന്‍ നിങ്ങളി ലേക്ക്‌ അയക്കപ്പെട്ടിരിക്കുന്നത്‌? നിങ്ങളുടെ മുമ്പുള്ളവര്‍ നാശമടഞ്ഞത്‌ അവര്‍ ഇക്കാര്യത്തില്‍ (ഖദ്റിന്റെ കാര്യത്തില്‍) ഭീന്നിച്ചുപ്പോഴായിരുന്നു. ഞാന്‍ നിങ്ങളോട തീര്‍ത്തുപറയുന്നു: നിങ്ങള്‍ ഈ വിഷയത്തില്‍ ഭിന്നിച്ചുപോകരുത്‌. (തിർമിദി – അൽബാനി ഹസനെന്ന് പറഞ്ഞു)

ഇതേ സംഭവം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ട്‌ അബ്ദുല്ലാ ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ  നിവേദനം: നബി ﷺ പറഞ്ഞു:

بِهَذَا أُمِرْتُمْ أَوْ لِهَذَا خُلِقْتُمْ تَضْرِبُونَ الْقُرْآنَ بَعْضَهُ بِبَعْضٍ ‏.‏ بِهَذَا هَلَكَتِ الأُمَمُ قَبْلَكُمْ ‏”‏ ‏.‏

നിങ്ങളെന്തിനാണ്‌ അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ചില ഭാഗങ്ങളെ പരസ്പരം വൈദരുദ്ധ്യമുള്ളതാക്കുന്നത്‌? ഇങ്ങനെയാണ്‌ നിങ്ങളുടെ മുമ്പുള്ളവര്‍ നാശമടഞ്ഞത്‌. (ഇബ്നുമാജ:85)

ത്വഹാവി رحمه الله പറഞ്ഞു: തന്റെ സൃഷ്ടികള്‍ക്കിടയിലുള്ള അല്ലാഹുവിന്റെ രഹസ്യമാണ്‌ ഖദ്ര്‍. തന്റെ സമീപത്തുള്ള മലക്കിനോ, താന്‍ അയച്ച പ്രവാചകനോ അവന്‍ അത് അറിയിച്ചു കൊടുത്തിട്ടില്ല. അതിലേക്ക്‌ ചൂട്ന്നിറങ്ങുന്നത്‌ പരാജയത്തിനും നാശത്തിനും അതിരുകവിച്ചിലിനും വഴിവെക്കും.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *