ജാലവിദ്യക്കാരുടെ സംഭവം : ചില പാഠങ്ങൾ

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു മൂസാ നബി عليه السلام. സത്യവിശ്വാസത്തിലേക്കും തൗഹീദിലേക്കും ക്ഷണിക്കുകയെന്ന ദൗത്യത്തിനു പുറമെ,  ഇസ്രാഈല്യരെ ഫിര്‍ഔനിന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതും അദ്ദേഹത്തിന്റെ  ദൗത്യത്തിൽ പെട്ടതായിരുന്നു. അങ്ങനെ അല്ലാഹുവിങ്കൽ നിന്നുള്ള ധാരാളം ദൃഷ്ടാന്തങ്ങളുമായി മൂസാ നബി عليه السلام യും സഹോദരൻ ഹാറൂൻ നബി عليه السلام യും അക്രമിയായ ഭരണാധികാരിയായ ഫിർഔനിന്റെ അടുക്കൽ വന്ന് ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണ്; അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണമെന്നും നീ അവരെ പീഢിപ്പിക്കരുതെന്നും  ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ ദൂതൻമാരാണ് എന്നതിന്റെ തെളിവായി വിവിധങ്ങളായ ദൃഷ്ടാന്തങ്ങൾ മൂസാ നബി عليه السلام ഫിർഔനിന് കാണിച്ചു കൊടുത്തു. ഫിർഔൻ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, മൂസാ നബി عليه السلام കാണിച്ച ദൃഷ്ടാന്തങ്ങളെല്ലാം ജാലവിദ്യയാണെന്നും, അതുപോലെയുള്ള ജാലവിദ്യ ഞങ്ങളും കാണിച്ചുതരാമെന്നും പ്രഖ്യാപിച്ചു. ഒരു മത്സരത്തിന് മൂസാ നബി عليه السلام യെ വെല്ലുവിളിക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ ഈ രംഗം വിവരിക്കുന്നത് കാണുക:

ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَظَلَمُوا۟ بِهَا ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُفْسِدِينَ ‎﴿١٠٣﴾‏ وَقَالَ مُوسَىٰ يَٰفِرْعَوْنُ إِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ ‎﴿١٠٤﴾‏ حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِىَ بَنِىٓ إِسْرَٰٓءِيلَ ‎﴿١٠٥﴾‏ قَالَ إِن كُنتَ جِئْتَ بِـَٔايَةٍ فَأْتِ بِهَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ‎﴿١٠٦﴾‏ فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ ‎﴿١٠٧﴾‏ وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّٰظِرِينَ ‎﴿١٠٨﴾‏ قَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٌ ‎﴿١٠٩﴾‏ يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُمْ ۖ فَمَاذَا تَأْمُرُونَ ‎﴿١١٠﴾‏ قَالُوٓا۟ أَرْجِهْ وَأَخَاهُ وَأَرْسِلْ فِى ٱلْمَدَآئِنِ حَٰشِرِينَ ‎﴿١١١﴾‏ يَأْتُوكَ بِكُلِّ سَٰحِرٍ عَلِيمٍ ‎﴿١١٢﴾

പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔനിന്റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്‌. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌.  മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ.  ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.  അപ്പോള്‍ മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു.  അദ്ദേഹം തന്‍റെ കൈ പുറത്തെടുത്ത് കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത് വെള്ളയായി കാണുന്നു.  ഫിര്‍ഔനിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ.  നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്‌. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്‌?  അവര്‍ (ഫിര്‍ഔനോട്‌) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച് ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന് വിളിച്ചുകൂട്ടാന്‍ ആളുകളെ അയക്കുകയും ചെയ്യുക.  എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുക്കല്‍ കൊണ്ടുവരട്ടെ. (ഖുർആൻ:7/103-112)

അങ്ങനെ ഫിർഔനിന്റെ വെല്ലുവിളി മൂസാ നബി عليه السلام ഏറ്റെടുത്തു. നാട്ടിലെ അടുത്ത പൊതു ഉല്‍സവദിവസം, പൂര്‍വ്വാഹ്നസമയം അഥവാ ആളുകളല്ലാം ഒത്തുകൂടുന്ന ദിവസത്തിലും സമയത്തിലും സ്ഥലത്തും മൽസരം നടത്താമെന്നു ഇരുകൂട്ടരും തീരുമാനിച്ചു.

ഫിര്‍ഔന്‍, സമര്‍ത്ഥന്‍മാരായ ജാലവിദ്യക്കാരെ കഴിയുന്നത്ര ശേഖരിച്ചു. ജാലവിദ്യകള്‍ക്ക് വളരെ പ്രചാരമുള്ള കാലമായിരുന്നു അത്.  കാണികളായി അനേകം ജനങ്ങളും വിളിച്ചു കൂട്ടപ്പെട്ടു. മാത്രമല്ല, ജാലവിദ്യക്കാർക്ക് വമ്പിച്ച പ്രതിഫലങ്ങളും ഓഫറുകളും നിശ്ചയിച്ചു. അല്ലാഹു പറയുന്നു:

وَجَآءَ ٱلسَّحَرَةُ فِرْعَوْنَ قَالُوٓا۟ إِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَٰلِبِينَ ‎﴿١١٣﴾‏ قَالَ نَعَمْ وَإِنَّكُمْ لَمِنَ ٱلْمُقَرَّبِينَ ‎﴿١١٤﴾

ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ് ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ? ഫിര്‍ഔന്‍ പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ (എന്‍റെ അടുക്കല്‍) സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. (ഖുർആൻ:7/113-114)

فَلَمَّا جَآءَ ٱلسَّحَرَةُ قَالُوا۟ لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَٰلِبِينَ ‎﴿٤١﴾‏ قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ ٱلْمُقَرَّبِينَ ‎﴿٤٢﴾

അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. (ഖുർആൻ:26/41-42)

ഫിര്‍ഔനില്‍ നിന്നുള്ള മോഹിപ്പിക്കുന്ന വാഗ്ദാനം കേട്ട് നില്‍ക്കുന്ന ആ ജാലവിദ്യക്കാരോട് മൂസാ നബി عليه السلام പറഞ്ഞു:

قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا۟ عَلَى ٱللَّهِ كَذِبًا فَيُسْحِتَكُم بِعَذَابٍ ۖ وَقَدْ خَابَ مَنِ ٱفْتَرَىٰ

മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു. (ഖുർആൻ:20/61)

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവരെ അല്ലാഹു ഉന്മൂലനം ചെയ്യുമെന്ന മൂസാ നബി عليه السلام യുടെ ഈ താക്കീതിന്റെ സ്വരം അവരില്‍ വലിയ അങ്കലാപ്പും ഭീതിയും ഉണ്ടാക്കി. മൂസാ നബി عليه السلام യുടെ അഭിപ്രായത്തിന് മുന്നിൽ ഒന്ന് പതറിയെങ്കിലും അതെല്ലാം മറച്ച് വെച്ച് ധൈര്യം പ്രകടിപ്പിച്ച് അവർ മൽസരത്തിന് തയ്യാറായി. അങ്ങനെ മൽസരം ആരംഭിച്ചു. പ്രസ്തുത മൽസരത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക:

فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ‎﴿٨٠﴾‏ فَلَمَّآ أَلْقَوْا۟ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ ۖ إِنَّ ٱللَّهَ سَيُبْطِلُهُۥٓ ۖ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ ‎﴿٨١﴾‏ وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَٰتِهِۦ وَلَوْ كَرِهَ ٱلْمُجْرِمُونَ ‎﴿٨٢﴾

അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ.  അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്‌. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച.  സത്യത്തെ അവന്‍റെ വചനങ്ങളിലൂടെ അവന്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതാണ്‌. കുറ്റവാളികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി. (ഖുർആൻ:10/80-82)

قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ‎﴿٤٣﴾‏ فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَٰلِبُونَ ‎﴿٤٤﴾‏ فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ ‎﴿٤٥﴾

മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക  അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്‍റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍  അനന്തരം മൂസാ തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത് അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു. (ഖുർആൻ:26/43-45)

قَالُوا۟ يَٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ‎﴿٦٥﴾‏ قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ‎﴿٦٦﴾‏ فَأَوْجَسَ فِى نَفْسِهِۦ خِيفَةً مُّوسَىٰ ‎﴿٦٧﴾‏ قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ ‎﴿٦٨﴾‏ وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَٰحِرٍ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ ‎﴿٦٩﴾‏

അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍.  അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു.  അപ്പോള്‍ മൂസായ്ക്ക് തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി.  നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.  നിന്‍റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല. (ഖുർആൻ:20/65-69)

قَالُوا۟ يَٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ نَحْنُ ٱلْمُلْقِينَ ‎﴿١١٥﴾‏ قَالَ أَلْقُوا۟ ۖ فَلَمَّآ أَلْقَوْا۟ سَحَرُوٓا۟ أَعْيُنَ ٱلنَّاسِ وَٱسْتَرْهَبُوهُمْ وَجَآءُو بِسِحْرٍ عَظِيمٍ ‎﴿١١٦﴾‏ ۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ ‎﴿١١٧﴾‏ فَوَقَعَ ٱلْحَقُّ وَبَطَلَ مَا كَانُوا۟ يَعْمَلُونَ ‎﴿١١٨﴾‏ فَغُلِبُوا۟ هُنَالِكَ وَٱنقَلَبُوا۟ صَٰغِرِينَ ‎﴿١١٩﴾

അവര്‍ പറഞ്ഞു: ഹേ, മൂസാ ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ഇടുന്നത്‌.  മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ് അവര്‍ കൊണ്ടു വന്നത്‌.  മൂസായ്ക്ക് നാം ബോധനം നല്‍കി; നീ നിന്‍റെ വടി ഇട്ടേക്കുക എന്ന്‌. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു.  അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.  അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു. (ഖുർആൻ:7/115-119)

ജാലവിദ്യക്കാര്‍ തങ്ങളുടെ സാമഗ്രികള്‍ നിലത്തിട്ടപ്പോള്‍ അവ ജനദൃഷ്‌ടിയില്‍ പാമ്പുകളായി തോന്നി. ആളുകൾ അതു കണ്ട് ഭയപ്പെടുകയും ചെയ്തു. ജാലവിദ്യയുടെ ഇനത്തില്‍ വളരെ വമ്പിച്ച വിദ്യ തന്നെയായിരുന്നു അവര്‍ പ്രകടിപ്പിച്ചത് ഇത്തരം ചെപ്പടി വിദ്യകള്‍ക്കൊന്നും സ്ഥായീഭാവമില്ലെന്നും അത് നശിക്കുന്നതാണെന്നും അല്ലാഹു അവയെ തകര്‍ത്ത് സത്യത്തെ വിജയിപ്പിക്കുന്നതാണെന്നും മൂസാ നബി عليه السلام പറഞ്ഞു. അദ്ദേഹത്തിന് പോലും അവരുടെ കയറുകളും വടികളും ചലിക്കുന്നതായി തോന്നിയെന്നതാണ് സത്യം.

തുടർന്ന് അല്ലാഹുവിന്റെ കൽപ്പന പ്രകാരം, മൂസാ നബി عليه السلام തന്റെ വടി നിലത്തിട്ടു. അത് ഇടേണ്ട താമസം അത് സർപ്പമായി മാറി. അത് നേരത്തെ ജാലവിദ്യക്കാരുടെ മായാജാലം പോലെ പാമ്പായി ആളുകൾക്ക് തോന്നുകയല്ല, യഥാർത്ഥ പാമ്പായി മാറുകയാണ് ചെയ്തത്. മാത്രമല്ല,  ജാലവിദ്യക്കാര്‍ ജനങ്ങളെ പകിട്ടാക്കി കാണിച്ച വ്യാജപ്പാമ്പുകളെ അത് വീഴുങ്ങുകയും ചെയ്തു. ഇതു കണ്ടപ്പോള്‍, മൂസാ നബി عليه السلام കാണിച്ചത് ജാലവിദ്യയല്ലെന്നും അല്ലാഹുവിങ്കൽ നിന്നുള്ള ദിവ്യദൃഷ്ടാന്തം തന്നെയാണെന്നും അവർക്ക് ബോധ്യപ്പെട്ടു. അവര്‍ പരാജയം സമ്മതിച്ചുവെന്ന് മാത്രമല്ല, അവർ ലോകരക്ഷിതാവായ അല്ലാഹുവിലും അവന്റെ റസൂലായ  മൂസാ നബി عليه السلام യിലും വിശ്വസിക്കുകയും ചെയ്‌തു.

അവരുടെ വിശ്വാസം അവർ മനസ്സിൽ രഹസ്യമായി സൂക്ഷിക്കുകയല്ല, പ്രത്യുത ഫിര്‍ഔന്‍ അടക്കമുള്ള പ്രമാണിമാരും നേതാക്കന്മാരും നോക്കി നില്‍ക്കെ  പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. വിശ്വാസത്തിന്റെ പ്രതിഫലനമെന്നോണം അവർ അല്ലാഹുവിന് സുജൂദായി നിലംപതിക്കയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ ആ രംഗം വിവരിക്കുന്നത് കാണുക:

وَأُلْقِىَ ٱلسَّحَرَةُ سَٰجِدِينَ ‎﴿١٢٠﴾‏ قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَٰلَمِينَ ‎﴿١٢١﴾‏ رَبِّ مُوسَىٰ وَهَٰرُونَ ‎﴿١٢٢﴾‏

അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.  മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍. (ഖുർആൻ:7/120-122)

فَأُلْقِىَ ٱلسَّحَرَةُ سُجَّدًا قَالُوٓا۟ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ

ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂന്‍റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. (ഖുർആൻ:20/70)

“ഞാനാണ് നിങ്ങളുടെ അത്യുന്നതനായ റബ്ബ്,  ഞാനല്ലാതെ നിങ്ങള്‍ക്ക് ഒരു ഇലാഹും ഉള്ളതായി ഞാന്‍ അറിയുന്നില്ല” എന്നൊക്കെ പറഞ്ഞവനാണല്ലോ ഫിർഔൻ. എന്നിരിക്കെ, ‘ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചു’ എന്നുമാത്രം പറയുന്നപക്ഷം തന്നെപ്പറ്റിയാണ് അവര്‍ പറഞ്ഞതെന്നു ഫിര്‍ഔന്‍ തെറ്റിദ്ധരിക്കുവനോ, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുവനോ ഇടയുള്ളതിനാൽ  അതിന് ഇടം നല്‍കാതിരിക്കാനും, തങ്ങളുടെ വിശ്വാസ ദാര്‍ഢ്യത്തെ തുറന്നു കാണിക്കുവാനും  അവര്‍ ‘മൂസായുടെയും, ഹാറൂന്റെയും റബ്ബില്‍ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു’ എന്ന് പ്രത്യേകം എടുത്തു പറഞ്ഞു.

ജാലവിദ്യക്കാരുടെ പെട്ടെന്നുണ്ടായ ഈ സ്ഥിതിമാറ്റം – അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചത് – ഫിര്‍ഔനെ ക്ഷോഭിപ്പിച്ചു.  തന്റെ പക്ഷം വിജയിപ്പിക്കുവാന്‍ വേണ്ടി വമ്പിച്ച പ്രതിഫലവും സ്ഥാനമാനവും വാഗ്ദാനം ചെയ്തുകൊണ്ട് താൻ രംഗത്തിറക്കിയവരാണല്ലോ അവർ. തന്റെ ജനത മുഴുവനും തനിക്കു നഷ്ടപ്പെട്ടേക്കുമോ എന്ന ഭയവും അവനെ അസ്വസ്ഥനാക്കി. അതുകൊണ്ടു എനി ഒരാള്‍ക്കും അതിനു ധൈര്യംവരാതിരിക്കത്തക്കവണ്ണം ജാലവിദ്യക്കാരെ അതികഠിനമായ നിലയില്‍ ശിക്ഷിക്കണമെന്നു അവന്‍ കരുതി. അവനത് പ്രഖ്യാപിക്കുകയും ചെയ്തു.

 قَالَ فِرْعَوْنُ ءَامَنتُم بِهِۦ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّ هَٰذَا لَمَكْرٌ مَّكَرْتُمُوهُ فِى ٱلْمَدِينَةِ لِتُخْرِجُوا۟ مِنْهَآ أَهْلَهَا ۖ فَسَوْفَ تَعْلَمُونَ ‎﴿١٢٣﴾‏ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ ‎﴿١٢٤﴾

ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്‌. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.  നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച. (ഖുർആൻ:7/123-124)

قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًا وَأَبْقَىٰ

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും. (ഖുർആൻ:20/71)

കൈകാലുകള്‍ എതിര്‍ ദിശകളില്‍ നിന്നായി മുറിച്ച് മാറ്റി, ഈത്തപ്പനയില്‍  ആണി അടിച്ച് ക്രൂശിച്ച് കൊന്നുകളയുമെന്നായിരുന്നു ഫിർഔനിന്റെ ഭീഷണി. വിശ്വാസം രൂഢമൂലമല്ലെങ്കില്‍ ആരും പതറിപ്പോകുന്ന ഭീഷണി. എന്നാല്‍ ആ ഭീഷണിക്കൊന്നും യാതൊരു മാറ്റവും അവരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അവര്‍ സധീരം ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു:

قَالُوٓا۟ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ‎﴿١٢٥﴾‏ وَمَا تَنقِمُ مِنَّآ إِلَّآ أَنْ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتْنَا ۚ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ‎﴿١٢٦﴾

അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്‌.  ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ. (ഖുർആൻ:7/125-126)

قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ ‎﴿٧٢﴾‏ إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَٰيَٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ ۗ وَٱللَّهُ خَيْرٌ وَأَبْقَىٰٓ ‎﴿٧٣﴾

അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ച് കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ.  ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും. (ഖുർആൻ:20/72-73)

قَالُوا۟ لَا ضَيْرَ ۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ‎﴿٥٠﴾‏ إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلْمُؤْمِنِينَ ‎﴿٥١﴾‏

അവര്‍ പറഞ്ഞു: കുഴപ്പമില്ല തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു  ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ‍ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു. (ഖുർആൻ:26/50-51)

എന്നാല്‍, സത്യവിശ്വാസത്തില്‍ ഉറച്ചുകഴിഞ്ഞ  അവര്‍ ഫിർഔനിന്റെ ഭീഷണിയെ വിലവെച്ചില്ല. അല്ലാഹുവിനെക്കാളും അവന്‍ ഇറക്കിയ തെളിവുകളെക്കാളും വലിയ സ്ഥാനം നിനക്ക് ഞങ്ങള്‍ കാണുന്നില്ല. നീ ഭീഷണി മുഴക്കി പറഞ്ഞ ശിക്ഷയൊക്കെ നിനക്ക് ഇഹലോകത്ത് വെച്ചല്ലേ നല്‍കാന്‍ കഴിയൂ. അതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ പേടിയില്ല. ഞങ്ങള്‍ പിന്‍മാറുവാന്‍ തയ്യാറല്ല തന്നെ. ഞങ്ങള്‍ ഞങ്ങളുടെ റബ്ബില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ഏതായാലും അല്ലാഹുവിങ്കലേക്ക്‌ മടങ്ങിച്ചെല്ലുന്നവര്‍ തന്നെയാണ്, മരണം ഒരിക്കല്‍ അനിവാര്യമാണ്, അതുകൊണ്ട് നിന്‍റെ ശിക്ഷയൊന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. മാത്രമല്ല, ഞങ്ങള്‍ ദൃഷ്ടാന്തം കണ്ട ഉടനെത്തന്നെ ആദ്യമായി വിശ്വസിച്ചവരായതുകൊണ്ട് അല്ലാഹു ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുമുണ്ട്‌.’ എന്നിങ്ങനെ അവര്‍ ഫി൪ഔനിന് സധീരം മറുപടി കൊടുത്തു.

ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു: അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ ശക്തി പ്രാപിച്ചപ്പോള്‍, ദുനിയാവിലെ ( ഈ കൈകാലുകള്‍ മുറിക്കുമെന്ന ഫിര്‍ഔനിന്‍റെ ) ശിക്ഷ പരലോകത്തെ ശിക്ഷയേക്കാള്‍ എളുപ്പമുള്ളതാണെന്നും, ഏറ്റവും കുറഞ്ഞ നിലനില്‍പേ അതിനൊള്ളുവെന്നും, പരലോകത്ത് അവരുടെ ഈമാനിന് ലഭിക്കുന്ന പ്രതിഫലം ഏറ്റവും മഹത്തായതും, ഉപകാരപ്രദമായതും, എന്നും നിലനില്‍ക്കുന്നതാണെന്നും അവര്‍ മനസിലാക്കി. (അസ്വവാഇക്കുല്‍മുര്‍സല – 4/1389)

അതോടൊപ്പം തങ്ങള്‍ക്ക് ദൃഢതയും ക്ഷമയും നല്‍കുവാനും, തങ്ങളെ കീഴൊതുക്കവും അനുസരണവുമുള്ള സത്യവിശ്വാസികളായിത്തന്നെ അവസാനിപ്പിക്കുവാനും അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ  രാവിലെ ജാലവിദ്യക്കാരായി രംഗപ്രവേശനം ചെയ്ത അവര്‍ വൈകുന്നേരം രക്തസാക്ഷികളായിത്തീര്‍ന്നു.

قال ابن عباس وغيره من السلف : أصبحوا سحرة ، وأمسوا شهداء .

ഇബ്നു അബ്ബാസ് رَضِيَ اللهُ تَعَالَى عَنْهُ വും സലഫുകളിൽ പെട്ട മറ്റ് ചിലരും പറഞ്ഞു: രാവിലെ അവര്‍ ജാലവിദ്യക്കാരും വൈകുന്നേരം അവര്‍  രക്തസാക്ഷികളും ആയി. (ഇബ്നുകസീർ)

ഈ സംഭവത്തിൽ നിന്നും ധാരാളം ഗുണപാഠങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്, തെളിവ് വന്നുകിട്ടിയാൽ ഉടൻ സത്യത്തെ പുൽകണമെന്നതു തന്നെയാണ്. അല്ലാഹുവിങ്കൽ നിന്നുള്ള ദൃഷ്ടാന്തം കണ്ടപ്പോൾ ജാലവിദ്യക്കാർ സത്യവിശ്വാസം സ്വീകരിച്ചു. സത്യവിശ്വാസം സ്വീകരിച്ചാൽ സംഭവിക്കാവുന്ന നഷ്ടങ്ങളും പ്രയാസങ്ങളും അവരെ അതിൽ നിന്നും അകറ്റിയില്ല. കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലുന്ന ഫിർഔനാണ് മുന്നിൽ. അവനിൽ നിന്നുമുണ്ടാകുന്ന പ്രയാസങ്ങൾക്കപ്പുറം പരലോകത്ത് അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെ അവർ ഭയപ്പെട്ടു. ദുൻയാവിലെ താൽക്കാലിക സുഖങ്ങൾക്കപ്പുറം ആഖിറത്തിലെ സ്ഥിരമായ സുഖങ്ങൾക്ക് അവർ പ്രാധാന്യം നൽകി. അല്ലാഹുവിന്റെ കാര്യങ്ങളേക്കാൾ സൃഷ്ടികളുടെ കാര്യങ്ങൾക്ക് അവർ യാതൊരു പ്രാധാന്യവും നൽകിയില്ല.

ഇന്ന് നമ്മുടെ കാര്യമോ? തെളിവ് കിട്ടിയാലും സത്യം സ്വീകരിക്കാൻ കുടുംബക്കാരും നാട്ടുകാരും സ്റ്റാറ്റസുമൊക്കെ തടസ്സമാണ്. ഫിർഔനെ പോലെ വലിയ ഭീഷണിയൊന്നും ഇന്ന് നമ്മിൽ പലർക്കുമില്ല. അതെ, ഈ സംഭവത്തിൽ നിന്നുള്ള പാഠം ഉൾക്കൊള്ളാൻ നമുക്ക് കഴിയണം.

അല്ലാഹുവിനെക്കാള്‍ സൃഷ്ടികള്‍ക്കു യാതൊരുവിധ മുന്‍ഗണനയും നല്‍കാതിരിക്കുക, അല്ലാഹുവിന്റെ കാര്യത്തില്‍ സൃഷ്ടികളെ – അവരെത്ര ശക്തന്മാരായാലും ശരി – ഭയപ്പെടാതിരിക്കുക, വ്യക്തമായ ലക്‌ഷ്യം കണ്ട ഉടനെ സത്യത്തിലേക്കു മടങ്ങുക, അതിനായി ആത്മാര്‍പ്പണം പോലും ചെയ്‌വാന്‍ സന്നദ്ധരാവുക, സത്യത്തിനെതിരായി ഐഹികമായ യാതൊരു കാര്യലാഭവും മോഹിക്കാതിരിക്കുക ഇങ്ങിനെ പല മഹല്‍ഗുണങ്ങളും ഈ സത്യവിശ്വാസികളില്‍ നിന്നു നമുക്ക് പഠിക്കുവാനുണ്ട്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 20/72-73 ന്റെ വിശദീകരണം)

അല്ലാഹുവിലുള്ള ശരിയായ വിശ്വാസമാണ് ജീവിതത്തില്‍ നിര്‍ഭയത്വം നല്‍കുന്നത്. ഫിര്‍ഔനിന് നല്‍കിയ മറുപടിയില്‍ നിന്ന് ഇത് വ്യക്തമാണ്.

വിശ്വാസം ആത്മാര്‍ഥമാണെങ്കില്‍ അതില്‍നിന്ന് ഒരാളെയും പിന്തിരിപ്പിക്കുക സാധ്യമല്ല എന്നും ഇതിൽ നിന്നും മനസ്സിലാക്കാം.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *