മക്കൾ സ്വാലിഹീങ്ങളാകാൻ

ഒരു മനുഷ്യനെ അതിന്റെ പൂര്‍ണതയില്‍ അല്ലാഹുവിന്റെ സമര്‍പ്പിതനായ അടിമയായി തീരാന്‍ ആവശ്യമായ രീതിയില്‍ സ്രഷ്ടാവിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചും പരിശിലീപ്പിച്ചും രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് നല്‍കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇസ്‌ലാമിക് പാരന്റിംഗ്. അഥവാ അല്ലാഹുവിന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുകയും അങ്ങനെ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗലബ്ധിക്ക് പ്രാപ്തി നേടുകയും ചെയ്യുന്ന ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ഇസ്‌ലാമിക് പാരന്റിംഗ്

മക്കള്‍ ദൈവിക ദാനമെന്ന പോലെ ഒരു പരീക്ഷണവും കൂടിയാണ്. ധാര്‍മിക മര്യാദകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടു വന്നാല്‍ മക്കള്‍ ഇരുലോകത്തും അനുഗ്രഹവും അഭിമാനവുമായിരിക്കും. ചെറുപ്രായത്തില്‍ അവരുടെ ധാര്‍മിക ശിക്ഷണങ്ങളില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍, വലുതായാല്‍ അപമാനകരമായ പലതും അവരില്‍ നിന്നുണ്ടായേക്കാം. അപ്പോള്‍ ഖേദിച്ചിട്ടോ, അവരെ മാത്രം കുറ്റം പറഞ്ഞിട്ടോ യാതൊരു കാര്യവുമില്ല. ഭാവിയില്‍ തങ്ങള്‍ക്കും നാടിനും നാട്ടാര്‍ക്കുമൊക്കെ അല്ല അവര്‍ക്കുതന്നെ ഉപകരിക്കുന്ന നല്ല മക്കളായിരിക്കണം നമ്മുടെ മക്കള്‍ എന്നാഗ്രഹിക്കുന്ന ഏതൊരു മാതാവും പിതാവും അവരുടെ ശാരീരിക വളര്‍ച്ചയിലെന്ന പോലെ ധാര്‍മിക-സാംസ്‌കാരിക വളര്‍ച്ചയിലും ശ്രദ്ധിക്കേണ്ടതുണ്ട്. മക്കള്‍ നല്ല മക്കളാകാൻ ഓരോ രക്ഷിതാവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

മക്കൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി വിശുദ്ധ ഖുർആൻ വിവരിക്കുന്നതിൽ ഒന്ന്, അവര്‍  ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നവരാണെന്നാണ്:

ﻭَٱﻟَّﺬِﻳﻦَ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎ ﻫَﺐْ ﻟَﻨَﺎ ﻣِﻦْ ﺃَﺯْﻭَٰﺟِﻨَﺎ ﻭَﺫُﺭِّﻳَّٰﺘِﻨَﺎ ﻗُﺮَّﺓَ ﺃَﻋْﻴُﻦٍ ﻭَٱﺟْﻌَﻠْﻨَﺎ ﻟِﻠْﻤُﺘَّﻘِﻴﻦَ ﺇِﻣَﺎﻣًﺎ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.(ഖുർആൻ:25/ 74)

40 വയസ് പൂർത്തിയായ മനുഷ്യൻ പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനയായി വിശുദ്ധ ഖുര്‍ആൻ ഉദ്ധരിച്ചതിൽ ഒന്ന് മക്കൾക്ക് വേണ്ടിയുള്ളതാണ്. അത് ഇപ്രകാരമാണ്:

وَأَصْلِحْ لِى فِى ذُرِّيَّتِىٓ

എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കി തരേണമേ. (ഖുർആൻ:46/15)

ഇബ്‌റാഹീം നബി عليه السلام യുടെ പ്രാര്‍ത്ഥന വിശുദ്ധ ഖുര്‍ആൻ ഉദ്ധരിക്കുന്നു:

وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ

ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.(ഖു൪ആന്‍:14/35)

رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ

(ഇബ്‌റാഹീം നബി പ്രാര്‍ഥിച്ചു:)എന്റെ രക്ഷിതാവേ, എന്നെയും എന്റെ സന്തതികളില്‍ പെട്ടവരെയും നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:14/40)

ഫുദയ്‌ൽ ഇബ്നു ഇയാദിന് അലീ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു. മകനെ അച്ചടക്കം പഠിപ്പിക്കുന്നതിൽ അദ്ദേഹം കുറച്ചു പാടുപെടുമായിരുന്നു. അങ്ങനെ അദ്ദേഹം തന്റെ റബ്ബിനോട് ഇപ്രകാരം പ്രാർത്ഥിക്കുകയുണ്ടായി: “അല്ലാഹുവേ, ഞാൻ അലിയെ അച്ചടക്കം പഠിപ്പിക്കുവാൻ ഒരുപാട് പരിശ്രമിച്ചു. പക്ഷെ എനിക്ക് അതിന് സാധിക്കുന്നില്ല. അതിനാൽ നീ എനിക്ക് വേണ്ടി അവനെ അച്ചടക്കം പഠിപ്പിക്കേണമേ”. അങ്ങനെ അല്ലാഹു അദ്ദേഹത്തിന്റെ അവസ്ഥ നന്നാക്കുകയുണ്ടായി. അവന്റെ ശ്രേഷ്ഠരായ ഔലിയാക്കളിൽ ഒരുവനായിത്തീരുന്നത് വരേക്കും. എത്രത്തോളമെന്നാൽ, ഇബ്നു മുബാറക്  رَحِمَهُ اللّٰه  അദ്ദേഹത്തെ കുറിച്ച് പറയുകയുണ്ടായി:”ഫുദയ്‌ൽ ജനങ്ങളിൽ ഏറ്റവും മികച്ചവനാണ്. അദ്ദേഹത്തിന്റെ മകൻ അദ്ദേഹത്തെക്കാൾ മികച്ചവനും”. (‏ سير أعلام النبلاء: ٨/٤٤٢)

പ്രവാചകൻമാരുടെ ചരിത്രം പരിശോധിച്ചാൽ അവര്‍ മക്കളെ ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോൾതന്നെ ത്വയ്യിബായ, സ്വാലിഹായ സന്താനത്തെ തരണമെന്നാണ് പ്രാര്‍ത്ഥിച്ചതെന്ന് പറയാൻ കഴിയും.

هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ

അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. (ഖു൪ആന്‍ :3/38)

رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ

(ഇബ്‌റാഹീം നബി പ്രാര്‍ഥിച്ചു:)എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ (ഖു൪ആന്‍ :37/100)

ഇതേപോലെ നാമും അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. അല്ലാഹു സഹായിക്കുന്നതാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ശിര്‍ക്കൻ വിശ്വാസം വെച്ചു പുലര്‍ത്തുന്ന രക്ഷിതാക്കളുണ്ട്. അഞ്ച് നേരം നമസ്കാരം നിലനിര്‍ത്താത്ത രക്ഷിതാക്കളുണ്ട്. അത് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാൻ തടസ്സമാണ്. അതുകൊണ്ട് തൗഹീദിൽ അടിയുറച്ച് നിലകൊണ്ട് ജീവിതത്തിൽ അഞ്ച് നേരത്തെ നമസ്കാരം നിലനിര്‍ത്തി, മക്കൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.

സ്വാലിഹത്തായ സ്ത്രീയെ വിവാഹം ചെയ്യുക

സ്വാലിഹായ സന്താനത്തെ സ്വപ്‌നം കാണുന്നവരുടെ മുമ്പിലുള്ള പ്രഥമ ചുവടുവെപ്പ് ജീവിതപങ്കാളിയെ തെരഞ്ഞടുക്കുന്നേടത്ത് കൂടുതല്‍ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുകയും ദൈവിക നിര്‍ദേശങ്ങളെ പരിഗണിക്കുകയും ചെയ്യുകയെന്നതാണ്.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ ‏ تَخَيَّرُوا لِنُطَفِكُمْ وَانْكِحُوا الأَكْفَاءَ وَأَنْكِحُوا إِلَيْهِمْ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ബീജങ്ങള്‍ക്ക്‌ (നന്നായി) യോജിക്കുന്ന ഒന്നിനെ തെരഞ്ഞെടുക്കുക. (നിങ്ങള്‍ക്ക്‌) പൊരുത്തപ്പെടുന്ന സ്ത്രീയെ വിവാഹം കഴിക്കുക, (നിങ്ങളുമായി പൊരുത്തപ്പെട്ടുപോകാവുന്നു അവര്‍ക്ക്‌ നിങ്ങള്‍ (നിങ്ങളുടെ പെണ്‍മക്കളെ) വിവാഹം ചെയ്തു കൊടുക്കുക. (ഇബ്‌നുമാജ – ( صحيح الجامع 2928)

قال الله تعالى: {وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ-سورة الفرقان – ٧٤} قال ابن علان رحمه الله: بدأ بالزوجة؛ لأن في صلاحها صلاح الذرية.

(ഇബാദുർറഹ്‌മാനിന്റെ പ്രാർത്ഥനയായി) അല്ലാഹു പറയുന്നു: {ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നൽകേണമേ. (ഖുര്‍ആൻ25/74)} ഇബ്നു അല്ലാൻ رحمه الله പറഞ്ഞു: ആദ്യം ഭാര്യയെ പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. കാരണം, ഭാര്യ നന്നാകുന്നതിലൂടെയാണ് മക്കൾ നന്നാകുന്നത്. [دليل الفالحين ٣٧٦/١]

قال أبو الأسود الدؤلي لبنيه : قد أحسنت إليكم صغارا وكبارا، وقبل أن تولدوا، قالوا : وكيف أحسنت إلينا قبل أن نولد؟ قال : اخترت لكم من الأمهات من لا تسبون بها

അബുൽ അസ്വദ് അദ്ദുഅ്വലി رحمه الله തന്റെ മക്കളോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് ചെറുപ്പത്തിലും ,പ്രായത്തിലും, നിങ്ങളുടെ ജനനത്തിന് മുമ്പും നന്മ ചെയ്തിട്ടുണ്ട്.” അപ്പോൾ മക്കൾ ചോദിച്ചു : എങ്ങനെയാണ് ഞങ്ങളുടെ ജനനത്തിന് മുമ്പ് താങ്കൾ ഞങ്ങൾക്ക് നന്മ ചെയ്‌തത്‌ ? അദ്ദേഹം പറഞ്ഞു: “നിങ്ങൾ ആക്ഷേപിക്കേണ്ടിവരാത്ത വിധം നിങ്ങൾക്ക് വേണ്ടി ഒരു നല്ല ഉമ്മയെ ഞാൻ തിരഞ്ഞെടുത്തു [(أدب الدنيا والدين : ص : ١٧٣)]

ഉമർ رَضِيَ اللَّهُ عَنْهُ വിൻ്റെ അടുത്ത് ഒരാൾ മകന്റെ അനുസരണകേടിനെ കുറിച്ച് പറയാൻ വന്നു. മകൻ അനുസരിക്കുന്നില്ല ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു : താങ്കളുടെ മകനെ എൻ്റെ അടുത്ത് കൊണ്ടുവാ അങ്ങനെ ആ മകനെ കൊണ്ട് വന്നൂ. ആ മകൻ ഉമർ رَضِيَ اللَّهُ عَنْهُവിനോട് പറഞ്ഞ കാര്യം എൻ്റെ ഉപ്പ നല്ല പേരിട്ടില്ലാ, എന്നേ ഖുർആൻ സുന്നത്തും പഠിപ്പിച്ചില്ല,  എന്റെ ഉമ്മയെ തെരെഞ്ഞെടുക്കുന്നതിൽ ഉപ്പ കാണിക്കേണ്ട എന്റെ അവകാശമാണ്. ഉപ്പ വിവാഹം കഴിച്ചതാക്കട്ടെ ദീനില്ലാത്ത സ്ത്രീയെയാണ്.

സമ്പാദ്യം ഹലാൽ മാത്രമെന്ന് ഉറപ്പാക്കുക

وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ‏.‏ أَلاَ وَهِيَ الْقَلْبُ

നബി ﷺ പറഞ്ഞു: അറിയുക, ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ചീത്തയായി. അറിയു, അത് ഹൃദയമാണ്.(ബുഖാരി:52)

ഇമാം ഇബ്നു ഹജ൪ رَحِمَهُ اللَّهُ പറഞ്ഞു: ഈ ഹദീസില്‍ ഹൃദയത്തിന്റെ പദവിയെ മഹത്വപ്പെടുത്തലും ഹൃദയം നന്നാക്കണമെന്ന പ്രോല്‍സാഹനവുമാണുള്ളത്. നല്ല സമ്പാദ്യങ്ങള്‍ക്ക് ഹൃദയത്തില്‍ സ്വാധീനമുണ്ട് എന്നതിലേക്ക് സൂചനയും ഈ ഹദീസിലുണ്ട്. (ഫത്ഹുല്‍ ബാരി : 1/128)

قيل للامام احمد بن حنبل: يا ابا عبدالله! بم تلين القلوب؟ فقال: بأكل الحلال.

ഇമാം അഹ്മദ് ബിൻ ഹമ്പലിനോട് ചോദിക്കപ്പെട്ടു: ഹേ അബൂ അബ്ദില്ല, എന്തിനെ കൊണ്ടാണ് ഹൃദയം മൃദുലമാവുക ? അദ്ദേഹം പറഞ്ഞു: ഹലാലായത് ഭക്ഷിക്കുന്നതു കൊണ്ട്. (حلية الأولياء ٩/١٨٢)

മക്കളെ ഹലാലിൽ നിന്ന് മാത്രം ഭക്ഷിപ്പിക്കുക. ഹറാം ഭക്ഷിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് ഉൽബോധനങ്ങൾ കയറണമെന്നില്ല. കാരണം ഹറാം ഭക്ഷിക്കുന്നവരുടെ ഹൃദയങ്ങൾ കടുത്തുപോയിരിക്കും. അത്തരം ഹൃദയങ്ങൾക്ക് നൻമകളേക്കാൾ തിൻമകളോടാണ് താല്പര്യം.

മാതാപിതാക്കൾ മാതൃകായോഗ്യരാകുക

പണ്ഡിതന്മാർ പറയാറുണ്ട് : الأبناء سرّ أبيه (മക്കൾ അവരുടെ മാതാപിതാക്കളുടെ രഹസ്യമാണ്). അതായത്, മാതാപിതാക്കൾ അവരുടെ വീട്ടിൽ എന്താണോ അതാണ് മക്കൾ.

ഓര്‍മവെക്കുന്നത് മുതല്‍ കുഞ്ഞിന്റെ മാതൃക തന്റെ മുന്നിലുള്ള മാതാവും പിതാവുമായിരിക്കും. അവരുടെ ചലനങ്ങളെയും സ്വഭാവരീതികളെയും കടമെടുത്തു മാതൃകയാക്കി ജീവിക്കുന്നവരാണ് കുട്ടികള്‍. കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനെ അപ്പടി അനുകരിക്കുന്ന പ്രായമായതിനാല്‍ മാതൃകാപരമായ ജീവിതം നയിക്കുന്നവരായിരിക്കണം രക്ഷിതാക്കള്‍.

മാതാപിതാക്കൾ അല്ലാഹുവിന് ധാരാളം ഇബാദത്ത് ചെയ്യുന്നവരാണെങ്കിൽ, അത് കണ്ടുവളരുന്ന കുഞ്ഞിന്റെ മനസ്സിൽ അത് പതിയുകയും അതിനോടൊരു താല്പര്യം ഉണ്ടാകുകയും ചെയ്യും. മാതാപിതാക്കൾ അല്ലാഹുവിൽ വിശ്വാസമില്ലാതെ നൻമകളൊന്നും പ്രവര്‍ത്തിക്കാതെ ദുൻയാവിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുന്നവരാണെങ്കിൽ അത് കണ്ട് വളരുന്ന കുട്ടിയും അങ്ങനെയായിരിക്കും. മാതാപിതാക്കൾ നമസ്കരിക്കാത്തവരാണെങ്കിൽ മക്കളുടെ മനസ്സിൽ നമസ്കാരം പതിയുകയില്ല. മാതാപിതാക്കൾ സിനിമകളുടെയും സംഗീതത്തിന്റെയും ആളുകളാണെങ്കില്‍ അത് കണ്ടുവളരുന്ന മക്കളും അതിന്റെ ആളുകളായിരിക്കും. അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ، كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ‏”‏ ثُمَّ يَقُولُ ‏{‏فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതി (ഇസ്‌ലാമിക പ്രകൃതി) യോട് കൂടിയല്ലാതെ ജനിക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദനാക്കുന്നു, അല്ലെങ്കില്‍ നസ്രാണിയാക്കുന്നു, അല്ലെങ്കില്‍ ‘മജൂസി’ (അഗ്നിയാരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം നബി ﷺ പാരായണം ചെയ്തു : “അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം” (ബുഖാരി:4775)

മൃഗകുട്ടികള്‍ ജനിക്കുമ്പോള്‍ അവ അവയവം പൂര്‍ണ്ണമായ നിലയിലാണ് ജനിക്കുന്നതെന്നപോലെ മനുഷ്യമക്കള്‍ ജനിക്കുന്നതും അവരുടേതായ ശുദ്ധ പ്രകൃതിയോടെയാണെന്നും, പിന്നീട് മൃഗങ്ങളുടെ കാതുകള്‍ മനുഷ്യരാല്‍ മുറിക്കപ്പെടുന്നതു പോലെ ശുദ്ധപ്രകൃതിയില്‍ ജനിക്കുന്ന മനുഷ്യന്‍ വഴിപിഴച്ചുപോകുന്നതും മാതാപിതാക്കളുടെ ഇടപെടല്‍ കൊണ്ടാണെന്നുമാണ് ഹദീസിന്റെ താല്‍പര്യം. ഹദീസില്‍ മാതാപിതാക്കള്‍ എന്നും യഹൂദി – നസ്രാണി – മജൂസി എന്നും പ്രസ്താവിച്ചതു കേവലം ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നു വ്യക്തമാണ്. മാതാപിതാക്കളും കൂട്ടുകാരും സാഹചര്യങ്ങളുമൊക്കെ അതിൽപ്പെടും.

قال الشيخ ابن عثيمين رحمه الله :علموا أولادكم الصدق بالقول والفعل فإذا حدثتموهم فلا تكذبوا عليهم وإذا وعدتموهم فلا تخلفوا وعدكم

ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:നിങ്ങൾ നിങ്ങളുടെ മക്കളെ സംസാരത്തിലും പ്രവർത്തിയിലും സത്യസന്ധത പഠിപ്പിക്കുക. അവരോട് സംസാരിക്കുകയാണെങ്കിൽ കളവു പറയാതിരിക്കുക. അവർക്ക് വാഗ്ദാനം നൽകുകയാണെങ്കിൽ അത് ലംഘിക്കുകയും ചെയ്യാതിരിക്കുക.[الضياء اللامع (٢٥٢/٢)]

قال عتبة بن أبي سفيان لمؤدب ولده:ليكن أول إصلاحك لولدك إصلاحك لنفسك ، فإن عيونهم معقودة بك ، فالحسن عندهم ماصنعتَ والقبيح عندهم ما تركت

ഉത്ബത് ബ്ൻ അബീ സുഫ്‌യാൻ رحمه الله സന്താനത്തെ മര്യാദ പഠിപ്പിക്കുന്നവരോട് പറഞ്ഞു: സന്താനത്തിന്റെ പ്രഥമ സംസ്കരണം നീ സ്വന്തത്തെ നന്നാക്കുന്നതിലാണ്. നിശ്ചയം, അവരുടെ നയനങ്ങൾ നിങ്ങൾക്ക് മേൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവരുടെയടുക്കലെ നന്മ നിങ്ങൾ ചെയ്യുന്നതും, അവർ തിന്മയായി മനസ്സിലാക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുന്നതുമായ കാര്യങ്ങളാണ്. (അൽ-ബയാൻ വത്തബയീൻ : 249)

കുട്ടികൾക്ക് തര്‍ബിയത്ത് നൽകുക

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)

ووقاية الأهل [والأولاد]، بتأديبهم وتعليمهم، وإجبارهم على أمر الله، فلا يسلم العبد إلا إذا قام بما أمر الله به في نفسه، وفيما يدخل تحت ولايته من الزروجات والأولاد وغيرهم ممن هو تحت ولايته وتصرفه.

അല്ലാഹുവിന്റെ കല്‍പനകള്‍ സ്വീകരിപ്പിച്ചും ദീനും മര്യാദകളും പഠിപ്പിച്ചും മക്കളെയും കുടുംബത്തെയും നരകത്തില്‍ നിന്നും രക്ഷിക്കൂ. അല്ലാഹുവിന്റെ കല്‍പനകള്‍ നിര്‍വഹിക്കുകയും തന്റെ കീഴിലും രക്ഷാകര്‍തൃത്വത്തിലും കൈകാര്യത്തിലും ഉള്ളവരെ അത് നിര്‍വഹിപ്പിക്കുകയും ചെയ്യാതെ ഒരടിമ രക്ഷപ്പെടുകയില്ല. (തഫ്സീറുസ്സഅ്ദി)

عن عليٍّ في قولِه { قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا } قال : علِّموا أهليكُم خيرًا.

‘സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക.’ എന്നുള്ള വചനത്തെ കുറിച്ച് അലിയ്യുബ്‌നു അബീത്വാലിബ് رضى الله عنه പറഞ്ഞു: ‘അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’.

ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഹമ്മദ് അമാനി മൌലവി رحمه الله എഴുതുന്നു: ഇങ്ങനെയുള്ള നരകശിക്ഷയില്‍ അകപ്പെടാന്‍ കാരണമാകാതെ ഓരോ സത്യവിശ്വാസിയും തന്താങ്ങളെയും, തന്താങ്ങളുടെ ഭാര്യാമക്കള്‍ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തനും തന്‍റെ കാര്യം മാത്രം നോക്കിയാല്‍ പോര, കുടുംബത്തിന്റെ കാര്യംകൂടി നോക്കേണ്ടുന്ന കടമയുണ്ട് എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്.

അത്യാവശ്യമായ അറിവുകളെങ്കിലും പഠിപ്പിക്കുക, മത ബോധവും സദാചാരബോധവും ഉണ്ടാക്കുക, സദുപദേശം നല്‍കുക, അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ നിര്‍ബന്ധം ചെലുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക, തന്നിഷ്ടത്തിനൊത്തു ജീവിക്കുവാനും സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുവാനും അനുവദിക്കാതിരിക്കുക, ഇതൊക്കെയാണ് കുടുംബത്തെ നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍. ഒരാള്‍ തന്റെ കുടുംബാംഗങ്ങളെ അവരുടെ പാട്ടിനു വിട്ടേക്കുകയും, അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും ശിക്ഷണങ്ങളും നല്‍കാതിരിക്കുകയും ചെയ്യുന്ന പക്ഷം – സ്വന്തം നിലക്ക് എത്ര ഭയഭക്തനും സൽകര്‍മ്മിയും ആയിരുന്നാലും ശരി – അയാള്‍ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച കുറ്റക്കാരന്‍ തന്നെയായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 66/6 ന്റെ വിശദീകരണം)

മുഹമ്മദ് നബി ﷺ കുട്ടികളുടെ ഈമാനിന്റെ കാര്യത്തില്‍ പ്രത്യേകം പരിഗണന നല്‍കിയതായും അവരെ പഠിപ്പിക്കുകയും ചെയ്തത് കാണാവുന്നതാണ്.

عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏ “‏ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ‏”‏ ‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ യുടെ പിന്നിലായിരിക്കെ നബി ﷺപറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)

ലുഖ്മാന്‍ عليه السلام തന്റെ മകനെ ﻳَٰﺒُﻨَﻰَّ (യാ ബുനയ്യ – എന്റെ കുഞ്ഞുമകനേ) എന്ന് വിളിച്ചുകൊണ്ട് നല്‍കിയ പത്ത് ഉപദേശങ്ങളെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ 31/12-19 ആയത്തുകളില്‍ എടുത്ത് കൊടുത്തിട്ടുണ്ട്.

കുട്ടികൾക്ക് തര്‍ബിയത്ത് നൽകുന്ന കാര്യത്തില്‍ ക്ഷമ പാലിച്ച് ഉറച്ച് നിൽക്കുക

കുട്ടികൾക്ക് തര്‍ബിയത്ത് നല്‍കുന്നതിന് പ്രായമോ കാലമോ പരിധിയില്ല. ക്ഷമയോടെ അതില്‍ ഉറച്ച് നില്‍ക്കേണ്ടതാണ്. ചുറ്റുപാടുകൾ തിൻമകളാൽ മുഖരിതമാണ്. അതുകൊണ്ടുതന്നെ ക്ഷമയും അനിവാര്യമാണ്.

وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍:20/132)

وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (ഖു൪ആന്‍:15/97-99)

ഇൽമിയായ സാഹചര്യം ഒരുക്കണം

ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ദീനീ വിജ്ഞാനം നല്‍കുന്നതിനുള്ള വിവിധങ്ങളായ അവസരങ്ങളുണ്ട്. അത് ഏറ്റവും നല്ല രീതിയില്‍ വ്യവസ്ഥാപിതമായി കുട്ടികൾക്ക് നല്‍കണം. ഇന്ന് പല സ്ഥലങ്ങളിലും മദ്രസകള്‍ കേവലം ചടങ്ങുകളായി  പ്രവ൪ത്തിക്കുന്ന അവസ്ഥ ഗൗരവത്തേോടെ കാണണം. അറബി അക്ഷരങ്ങള്‍ പഠിപ്പിക്കാനും ഖു൪ആനിന്റെ ഖിറാഅത്ത് പഠിപ്പിക്കാനും മാത്രമാകരുത് മദ്രസകള്‍. നബി ﷺ ജനങ്ങള്‍ക്ക് പ്രബോധനം നല്‍കിയതുപോലെ മുന്‍ഗണനാക്രമത്തില്‍ ഇസ്ലാമിന്റെ സന്ദേശങ്ങള്‍ മദ്രസകളില്‍ നിന്ന് കുട്ടികള്‍ക്ക് പക൪ന്ന് ലഭിക്കേണ്ടതുണ്ട്.

قال ابن الجوزي رحمه الله : وقد كان السلف إذا نشأ لأحدهم ولد ؛ شغلوه بحفظ القرآن وسماع الحديث ، فيثبت الإيمان في قلبه

ഇബ്നുല്‍ജൗസി رحمه الله പറഞ്ഞു: സലഫുകളില്‍ ഒരാള്‍ക്ക് ഒരു കുട്ടി വളര്‍ന്നു വന്നാല്‍ അവനെ ഹദീസ് കേള്‍ക്കുന്നതിലും, ഖുര്‍ആന്‍ മനപാഠമാക്കുന്നതിലും വ്യാപൃതനാക്കുമായിരുന്നു. അങ്ങിനെ അവന്‍റെ ഹൃദയത്തില്‍ ഈമാന്‍ സ്‌ഥിരപ്പെടുന്നു. (صيدالخاطر ص ٤٩١)

ഇന്നത്തെ കാലത്ത് ഇലക്ടോണിക് മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പൂര്‍ണ്ണമായും ഒഴിവാക്കി മുമ്പാട്ടു പോകാൻ പ്രയാസമാണ്. ഇത്തരം സൗകര്യങ്ങളൊക്കെ കുട്ടികൾക്ക് ഇൽമിയായി പ്രയോജനം ലഭിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾക്ക് കഴിയണം.

തിൻമ കണ്ടാൽ തടയണം

ഇന്ന് ചുറ്റുപാടുകൾ തിൻമകളാൽ മുഖരിതമാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ തിൻമകളിലേക്ക് കാലെടുത്ത് വെക്കുന്നത് കാണേണ്ടി വന്നേക്കാം. അവിടെയൊക്കെ അത് തടയാൻ മാതാപിതാക്കൾക്ക് കഴിയണം.

عَنْ أَبُو سَعِيدٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ തന്റെ നാവ് കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം:49)

عَنْ عَبْدِ اللَّهِ، قَالَ النَّبِيُّ صلى الله عليه وسلم ‏ : كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ، فَالإِمَامُ رَاعٍ وَهْوَ مَسْئُولٌ وَالرَّجُلُ رَاعٍ عَلَى أَهْلِهِ وَهْوَ مَسْئُولٌ وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ زَوْجِهَا وَهْىَ مَسْئُولَةٌ، وَالْعَبْدُ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ، أَلاَ فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ‏‏.‏

അബ്ദുല്ലാഹിബ്‌നു ഉമര്‍ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, തങ്ങളുടെ ഭരണീയരെ സംബന്ധിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്. ജനങ്ങള്‍ക്ക് നേതാവായിട്ടുള്ളവന്‍ അവരുടെ മേല്‍നോട്ടക്കാരനാണ്. അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്; അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. സ്ത്രീ ഭര്‍തൃവീടിന്റെയും സന്താനങ്ങളുടെയും മേല്‍നോട്ടക്കാരിയാണ്. അവള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളാണ്. ഭൃത്യന്‍ തന്റെ യജമാനന്റെ സ്വത്ത് കയ്യാളുന്നവനാണ്; അയാള്‍ അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അറിയുക, അതിനാല്‍ നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാരാണ്. നിങ്ങള്‍ മേല്‍നോട്ടം നടത്തുന്നവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. (ബുഖാരി:5188)

സോഷ്യൽ മീഡിയയിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും മോശം കൂട്ടുകെട്ടിലൂടെയും കുട്ടികൾ തിന്മകളിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് മാറി നിൽക്കരുത്.

കുട്ടികളിലെ തെറ്റുകളും അബദ്ധങ്ങളും സ്നേഹത്തോടെ തിരുത്തുക

عَنْ عُمَرَ بْنَ أَبِي سَلَمَةَ، قَالَ: كُنْتُ غُلاَمًا فِي حَجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم :‏ “‏ يَا غُلاَمُ سَمِّ اللَّهَ، وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ ‏”‏‏.‏ فَمَا زَالَتْ تِلْكَ طِعْمَتِي بَعْدُ‏.‏

ഉമറുബ്നു അബീസലമ رضى الله عنهما യയിൽ നിന്ന് നിവേദനം: ഞാൻ നബി ﷺ യുടെ സംരക്ഷണത്തിലുള്ള ഒരു കുട്ടിയായിരുന്നു. (ഭക്ഷണം കഴിക്കുമ്പോൾ) എന്റെ കൈ പാത്രത്തിന്റെ എല്ലാ ഭാഗത്തുകൂടിയും പരതുമായിരുന്നു. അപ്പോൾ നബി ﷺ എന്നോട് പറഞ്ഞു: കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈകൊണ്ട് ഭക്ഷിക്കുക. പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്തുനിന്ന് തിന്നുക. പിന്നീട് ആ വിധമായിരുന്നു എന്റെ ഭക്ഷണരീതി. (ബുഖാരി: 5376)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ أَخَذَ الْحَسَنُ بْنُ عَلِيٍّ ـ رضى الله عنهما ـ تَمْرَةً مِنْ تَمْرِ الصَّدَقَةِ، فَجَعَلَهَا فِي فِيهِ، فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ كِخٍ كِخٍ ـ لِيَطْرَحَهَا ثُمَّ قَالَ ـ أَمَا شَعَرْتَ أَنَّا لاَ نَأْكُلُ الصَّدَقَةَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ ഹസൻ, ഹുസൈൻ رَضِيَ اللَّهُ عَنْهُمَا എന്നീ കുട്ടികൾ (സകാത്തിന്റെ) ഈത്തപഴം എടുത്ത് കളിക്കാൻ തുടങ്ങി. അപ്പോൾ അവരിലൊരാൾ ഈത്തപഴമെടുത്തു തന്റെ വായിലിട്ടു. ഉടനെ നബി ﷺ അവിനിലേക്ക് നോക്കുകയും അവന്റെ വായിൽ നിന്ന് അത് എടുത്തുകളയുകയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു :മുഹമ്മദിന്റെ കുടുംബങ്ങൾ സകാത്തിന്റെ ധനം തിന്നുകയില്ലെന്ന് നിനക്കറിയില്ലേ? (ബുഖാരി:1491)

നല്ല കൂട്ടുകെട്ട് ഉറപ്പു വരുത്തണം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (ഖുർആൻ:9/119)

സഹവാസവും കൂട്ടുകെട്ടും നിമിത്തം മനുഷ്യൻ നന്നായിത്തീരുവാനും, ദുഷിച്ചു പോകുവാനും ഇടവരും. അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്‍റെ സ്നേഹിതന്‍റെ മതത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും താന്‍ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചു നോക്കട്ടെ. (അബൂദാവൂദ്:4833)

നല്ല കൂട്ടുകാരനെയും ചീത്ത കൂട്ടുകാരനെയും നബി ﷺ ഉപമിച്ചിട്ടുള്ളത് കാണുക:

عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ مَثَلُ الْجَلِيسِ الصَّالِحِ وَالسَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ، فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً، وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ، وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً

അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കൂടെയിരിക്കുന്ന നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വഹിക്കുന്നവനെപ്പോലെയും, ഉലയിൽ ഊതുന്നവനെപ്പോലെയുമാകുന്നു. കസ്തൂരി വഹിക്കുന്നവൻ ഒന്നുകിൽ നിനക്ക് വെറുതെ തരും, അല്ലെങ്കിൽ നിനക്ക് അവനിൽനിന്ന് വാങ്ങാം. അതുമല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് നല്ല സുഗന്ധം അനുഭവിക്കാം. ഉലയിൽ ഊതുന്നവനാകട്ടെ ചിലപ്പോൾ നിന്റെ വസ്ത്രം കരിച്ചു കളയും, അല്ലെങ്കിൽ അവനിൽനിന്ന് നിനക്ക് ദുർഗന്ധം അനുഭവപ്പെടും. (ബുഖാരി: 5534)

നല്ല കൂട്ടുകാരനെ കസ്തൂരി വില്‍ക്കുന്നവനുമായാണ് നബി ﷺ താരതമ്യം ചെയ്തത്. അവന്റെ കൂടെ കൂടിയാല്‍ സുഗന്ധമാണ് ലഭിക്കുക. എന്നാല്‍ ചീത്ത കൂട്ടുകാരനെ നബി ﷺ താരതമ്യം ചെയ്തത് ഉലയിലൂതുന്ന കൊല്ലനോടാണ്. അയാളുടെ അടുത്തിരുന്നാല്‍ പറന്നുയരുന്ന പുകയും വെണ്ണീറും സഹിക്കേണ്ടിവരും. ചിലപ്പോള്‍ തീപ്പൊരി വീണ് വസ്ത്രത്തില്‍ ഓട്ടവീഴും. നല്ലതല്ലാത്ത ഗന്ധവും അനുഭവപ്പെടും. കസ്തൂരി വില്‍പനക്കാരനില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയില്ലെങ്കില്‍ പോലും സുഗന്ധം ആസ്വദിക്കാന്‍ കഴിയും.

കുട്ടികളില്‍ വിശ്വാസപരമായ വളര്‍ച്ച ഉണ്ടാക്കിയെടുക്കണം

ഹൃദയത്തില്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണമൊത്ത വിത്തുമായാണ് ഓരോ കുഞ്ഞും ഈ ഭൂമിയില്‍ ജനിച്ച് വീഴുന്നത്. അത് നനച്ചുവളര്‍ത്തുകയാണ് നമുക്ക് ചെയ്യാനുള്ളത്.

وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَٰمَةِ إِنَّا كُنَّا عَنْ هَٰذَا غَٰفِلِينَ

നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്). (ഖുര്‍ആൻ:7/172)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതി (ഇസ്‌ലാമിക പ്രകൃതി) യോട് കൂടിയല്ലാതെ ജനിക്കുന്നില്ല …… (ബുഖാരി:4775)

അല്ലാഹുവിന്റെ രക്ഷാധികാരം അംഗീകരിച്ച ഹൃദയവുമായി വന്ന ആദം സന്തതിയാണ് നമ്മുടെ കയ്യിലുള്ള കുഞ്ഞും. അതിനാല്‍ വിശ്വാസപരമായ അടിത്തറകളിലൂടെ വേണം അവനെ വളര്‍ത്തുന്നത്. എങ്കിലേ അവന്‍ ആദര്‍ശമുറച്ച മനുഷ്യനായി മാറുകയുള്ളൂ. മതം പഠിപ്പിക്കുന്ന മുഴുവന്‍ വിശ്വാസകാര്യങ്ങളും സന്ദേഹരഹിതമായി അവന്‍ അംഗീകരിക്കണം. അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മരണാന്തര ജീവിതം, സ്വര്‍ഗം, നരകം, വിധി… ഇതുപോലുള്ള എല്ലാ വിശ്വാസ കാര്യങ്ങളും യാഥാര്‍ഥ്യമാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരിയകയാണ് വിശ്വാസപരമായ വളര്‍ച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കുട്ടികളുടെ വിശ്വാസ വളര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഇമാം ഗസ്സാലി رحمه الله പറയുന്നു: കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ വിശ്വാസ കാര്യങ്ങള്‍ സമര്‍പ്പിച്ച് തുടങ്ങണം. തുടക്കത്തില്‍ (വിശ്വാസ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍) മനഃപാഠമാക്കുന്ന രീതി സ്വീകരിക്കുക. അവരുടെ ബോധമണ്ഡലവും ബുദ്ധിയും വളരുന്നതിനനുസരിച്ച് ആശയങ്ങള്‍ അവരുടെ മുമ്പില്‍ അല്‍പാല്‍പമായി തെളിഞ്ഞു വന്നുകൊണ്ടിരിക്കും. അതിനാല്‍ മനഃപാഠത്തില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന് മനസ്സിലാക്കലും വിശാസവും ഉറപ്പും സത്യപ്പെടുത്തലും അതിന്റെ തുടര്‍ച്ചയായി സംഭവിച്ചു കൊള്ളും. കുഞ്ഞുങ്ങളുടെ ശുദ്ധ പ്രകൃതി തെളിവുകളെ തേടാതെ സ്വീകരിക്കുന്നതാകയാല്‍ അത് എളുപ്പവുമാണ്. കുട്ടികള്‍ക്ക് വിശ്വാസം ഉള്‍ക്കൊള്ളാനും അവ സ്വീകരിക്കാനും തര്‍ക്കങ്ങളും വാചകക്കസര്‍ത്തുകളും ആവശ്യമില്ല. മറിച്ച് ക്വുര്‍ആന്‍ സൂക്തങ്ങളുടെ നിരന്തര പാരായണവും മനനവും നബി വചനങ്ങളുടെ വായനയും അവരിലുണ്ടായിക്കൊണ്ടിരിക്കുകയും ആവര്‍ത്തിതമായി വരുന്ന ആരാധനകള്‍ ആ ചൈതന്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യും. (ഇഹ്‌യാ ഉലൂമുദ്ദീന്‍)

വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളില്‍ നിന്ന് ഏറ്റവും എളുപ്പം മനഃപാഠമാക്കാവുന്നതും ശൈശവം മുതല്‍ എല്ലാവരും മനഃപാഠമാക്കാന്‍ ശ്രദ്ധിക്കുന്നതുമായ അവസാന ഭാഗത്തുള്ള അധ്യായങ്ങളും സൂക്തങ്ങളും ഈ വസ്തുത അടയാളപ്പെടുത്തുന്നുണ്ട്. അവ അധികവും, അല്ല ഒരു പരിധി വരെ മുഴുവനായും അല്ലാഹുവിന്റെ അസ്തിത്വത്തെ ബോധ്യപ്പെടുത്തുന്നതും അരക്കിട്ടുറപ്പിക്കുന്നതുമാണ്.

കുട്ടികളിൽ അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കണം

കുട്ടികളിൽ അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് രക്ഷിതാക്കൾ പരിശ്രമിക്കണം. അല്ലാഹു സദാസമയും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്ന് കുട്ടികളെ പഠിപ്പിക്കുക:

إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا

തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുര്‍ആൻ:4/1)

يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ

അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല.. (ഖുര്‍ആൻ:4/108)

നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും അത് നൻമയാകട്ടെ തിൻമയാകട്ടെ ചെറുതാകട്ടെ വലുതാകട്ടെ അന്ത്യനാളിൽ അല്ലാഹു കൊണ്ടുവരുന്നതാണെന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കുക. ലുഖ്മാൻ عليه السلام മകന് നൽകിയ ഉപദേശങ്ങളിൽ ഒന്ന് ഇതായിരുന്നു.

ﻳَٰﺒُﻨَﻰَّ ﺇِﻧَّﻬَﺎٓ ﺇِﻥ ﺗَﻚُ ﻣِﺜْﻘَﺎﻝَ ﺣَﺒَّﺔٍ ﻣِّﻦْ ﺧَﺮْﺩَﻝٍ ﻓَﺘَﻜُﻦ ﻓِﻰ ﺻَﺨْﺮَﺓٍ ﺃَﻭْ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﺃَﻭْ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺄْﺕِ ﺑِﻬَﺎ ٱﻟﻠَّﻪُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻄِﻴﻒٌ ﺧَﺒِﻴﺮٌ

എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.(ഖു൪ആന്‍ :31/6)

നമസ്കാരം

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് അവര്‍ അവനെ ആരാധിക്കുവാന്‍ വേണ്ടിയാണ്:

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)

അല്ലാഹുവിനുള്ള ഇബാദത്തിൽ ഒരിക്കലും ഒഴിഞ്ഞുപോകാന്‍ പാടില്ലാത്ത ഒരു നിര്‍ബന്ധമായതാണ് അഞ്ച് നേരത്തെ നമസ്കാരം. ഇത് കുട്ടികളിൽ കുഞ്ഞുന്നാൾ മുതലെ പരിശിലീപ്പിക്കണം.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ

അംറ് ബ്നു ശുഐബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ലുഖ്മാന്‍ عليه السلام തന്റെ കുഞ്ഞു മകന് നല്‍കിയ പത്ത് ഉപദേശങ്ങളെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. അതിൽ ഒന്ന് ഇപ്രകാരമാണ്: ﻳَٰﺒُﻨَﻰَّ ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ  (എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. ഖു൪ആന്‍ :31/17)

ഇസ്മാഈൽ عليه السلام യുടെ ഗുണമായി അല്ലാഹു പറഞ്ഞു:

وَكَانَ يَأْمُرُ أَهْلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرْضِيًّا

തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു. (ഖുര്‍ആൻ:19/55)

മകന് ഏഴ് വയസ്സ് പൂർത്തിയായാൽ സുബ്ഹി നമസ്കാരത്തിന് വിളിച്ചെഴുന്നേൽപ്പിക്കുകയും, പള്ളിയിലേക്ക് കൂടെ കൊണ്ടു പോകലും പിതാവിൻ്റെ മേൽ അനിവാര്യമായ കാര്യമാണോ?.

إي نعم، يذهب به *إلى المسجد ليربيه على الصلاة وعلى الخير، هذه التربية الصحيحة. ولا يتركه في فراشه ،هذه تربية سيئة وقد غش ولده.. ويريد الرفق به ويريد الرحمة، غشه.

ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله മറുപടി നൽകി:അതെ, തീർച്ചയായും. അവനേയും കൂട്ടി പളളിയിലേക്ക് പോകണം, അങ്ങനെ നമസ്കാരം, ഇതര നന്മകളിലായി അവരെ ഘട്ടം ഘട്ടമായി വളർത്തണം. ഇതാണ് യഥാർത്ഥ ശിക്ഷണം നൽകൽ. അവനെ വിരിപ്പിൽ ഉപേക്ഷിച്ചു പോകരുത്, അത് മോശം ശിക്ഷണമാണ്. കാരുണ്യവും ,സൗമ്യതയും വിചാരിച്ച് അവനെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. [അത്തഅലീഖ് അലാ ഇഗാഥത്തി ലഹ്ഫാൻ ; റബീഉൽ അവ്വൽ 2, 1432]

قال عبد العزيز الريس حفظه الله:إذا كان الصبي مستطيعا للصوم فإنه يؤمر به، وقد ثبت في البخاري من حديث الربيع بنت معوذ رضي الله عنها قالت “فكنا نصومه بعد، ونصوم صبياننا، ونجعل لهم اللعبة من العهن، فإذا بكى أحدهم على الطعام أعطيناه ذاك حتى يكون عند الإفطار”.

وعلق البخاري عن عمر بن الخطاب -رضي الله عنه- أنه رأى رجلا نشوان -أي سكران في رمضان، فقال: “ويلك، وصبياننا صيام؟” فضربه، فدل هذا على أن الصغار والصبيان يصومون لكنه ليس واجبا.

ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ചെറിയ കുട്ടിക്ക് നോമ്പെടുക്കാൻ കഴിയുമെങ്കിൽ അതിന് കൽപ്പിക്കണം. ഇമാം അൽ ബുഖാരി, സ്വഹാബീവനിതയായ അർറുബയ്യിഉ ബിൻത് മുഅവ്വദിൽ رضي الله عنها നിന്നും ഉദ്ധരിക്കുന്നു;… അവർ പറഞ്ഞു: നോമ്പ് നിർബന്ധമായതിനു ശേഷം ഞങ്ങൾ നോമ്പനുഷ്ഠിക്കുകയും, ഞങ്ങളുടെ കുട്ടികളെ നോമ്പെടുപ്പിക്കുകയും ചെയ്യുമായിരുന്നു.വർണ്ണ കമ്പിളിയാലുള്ള കളിപ്പാട്ടങ്ങൾ ഞങ്ങൾ ഉണ്ടാക്കി വെക്കുകയും, കുട്ടികളിലാരെങ്കിലും ഭക്ഷണത്തിന് വേണ്ടിയെങ്ങാനും കരഞ്ഞാൽ കളിപ്പാട്ടം കൊടുത്ത് ആശ്വാസിപ്പിക്കും. അങ്ങനെയത് നോമ്പ് മുറിക്കുന്ന സമയംവരേക്കും തുടരും.”മറ്റൊരു സംഭവം ഇങ്ങനെ: ഒരിക്കൽ ഉമർ رضي الله عنه ലഹരി ബാധിതനായ ഒരാളെ റമദാനിൽ കാണുകയുണ്ടായി. അപ്പോൾ ഉമർ رضي الله عنه അയാളോട് പറഞ്ഞു: ” നിനക്ക് നാശം!, ഞങ്ങളുടെ കുഞ്ഞുമക്കൾ പോലും നോമ്പ്കാരണ്. (എന്നിട്ടും നിന്റെയവസ്ഥ ഇതാണോ?)”. ശേഷം ഉമർ رضي الله عنه അയാളെ അടിച്ചു.
(ബുഖാരീ) ഈ സംഭവങ്ങൾ അറിയിക്കുന്നത് നിർബന്ധമല്ലെങ്കിൽ കൂടി ചെറിയ കുട്ടികൾക്ക് നോമ്പെടുക്കാം എന്നാണ്. (ശൈഖിന്റെ ട്വിറ്ററിൽ രേഖപ്പെടുത്തിയത്.)

മക്കളോടുള്ള സ്നേഹം അവരെ നശിപ്പിക്കാതിരിക്കട്ടെ

قَالَ الإِمَامُ ابْنُ القَيِّمِ رَحِمَهُ اللَّهُ تَبَارَكَ وَتَعَالَىٰ: «وَكَمْ مِمَّنْ أَشْقَىٰ وَلَدَهُ وَفِلْذَةَ كَبِدِهِ فِي الدُّنْيَا وَالآخِرَةِ بِإِهْمَالِهِ وَتَرْكِ تَأْدِيبِهِ، وَإِعَانَتِهِ لَهُ عَلَىٰ شَهَوَاتِهِ، وَيَزْعُمُ أَنَّهُ يُكْرِمُهُ وَقَدْ أَهَانَهُ، وَأَنَّهُ يَرْحَمُهُ وَقَدْ ظَلَمَهُ وَحَرمَهُ ، فَفَاتَهُ انْتِفَاعُهُ بِوَلَدِهِ، وَفَوَّتَ عَلَيْهِ حَظَّهُ فِي الدُّنْيَا وَالآخِرَةِ، وَإِذَا اعْتَبَرْتَ الفَسَادَ فِي الأَوْلَادِ رَأَيْتَ عَامَّتَهُ مِنْ قِبَلِ الآبَاءِ»

ഇമാം ഇബ്നുൽ ഖയ്യിം -رَحِمَهُ اللهُ- പറഞ്ഞു: എത്രയെത്ര മാതാപിതാക്കളാണ് അവരുടെ പ്രിയപ്പെട്ട മക്കളെ അവരുടെ കാര്യത്തിൽ തങ്ങളുടെ അലസത കാരണത്താലും, മര്യാദകൾ പഠിപ്പിക്കാതെയും, അവരുടെ എല്ലാ ഇച്ഛകൾക്കും സഹായം നൽകിക്കൊണ്ടും ഈ ലോകത്തും പരലോകത്തും അവരെ ദൗർഭാഗ്യവാന്മാരാക്കി മാറ്റിയിട്ടുള്ളത്..?!

തങ്ങൾ മക്കളെ ആദരിക്കുകയാണ് എന്നാണ് അതിനവരുടെ ന്യായം. യഥാർത്ഥത്തിൽ മക്കളെ അപമാനിക്കുകയാണ് അവര്‍ ചെയ്യുന്നത്. കരുണയാണ് കാണിക്കുന്നത് എന്നാണ് അവര്‍ ജൽപ്പിക്കുന്നത്; യഥാർത്ഥത്തിൽ മക്കളോട് അതിക്രമം കാണിക്കുകയും, നന്മകളിൽ നിന്ന് അവരെ തടയുകയുമാണ് അവര്‍ ചെയ്യുന്നത്.

അങ്ങനെ തന്റെ മക്കളെ കൊണ്ടുള്ള ഉപകാരം അവന് നഷ്ടമാകുന്നു. മക്കൾക്ക് ഇഹലോകത്തും പരലോകത്തും ലഭിക്കേണ്ട അനേകം വിഹിതങ്ങൾ അവർക്ക് അവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മക്കൾ നശിച്ചു പോവുന്നതിന്റെ കാരണങ്ങളെ കുറിച്ച് നീ ചിന്തിച്ച് നോക്കിയാൽ, അതിൽ മിക്കതിനും മാതാപിതാക്കളായിരിക്കും കാരണക്കാർ എന്ന് നിനക്ക് കാണാൻ സാധിക്കും! (തുഹ്ഫതുൽ മൗലൂദ്: 242)

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ-حَفِظَهُ اللَّه- പറഞ്ഞു:ചിലയാളുകൾ അവർ അവരുടെ കുട്ടികളെ പരിപാലിക്കുന്നത് കേവലം മൃഗങ്ങൾ അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ മാത്രമാണ്! അവർക്ക് വേണ്ട ഭക്ഷണവും പാനീയവും വസ്ത്രവുമൊക്കെ കൊണ്ടു കൊടുക്കും. എന്നാൽ ദീനും ശ്രേഷ്ഠമായ സ്വഭാവ ഗുണങ്ങളൊന്നും അവർക്ക് പകർന്നു നൽകുകയില്ല. അവരുടെ ദീനിന്റെ കാര്യത്തിന് പ്രാധാന്യം കൊടുക്കുകയോ അവർക്ക് ഉപകാരമുള്ളത് പഠിപ്പിച്ചു കൊടുക്കുകയോ ചെയ്യില്ല! (مختارات من الخطب، ص١٢٤)

മക്കളെ സ്വാലിഹീങ്ങളാക്കാൻ എന്തിന് പരിശ്രമിക്കണം

ഒന്നാമതായി, മക്കളെ സ്വാലിഹീങ്ങളാക്കാൻ  പരിശ്രമിക്കുക എന്നത് ഒരു ഇബാദത്താണ്. അത് അല്ലാഹുവും അവന്റെ റസൂലും കല്‍പ്പിച്ചതാണ്. അപ്രകാരം ചെയ്യുന്നത് വഴി രക്ഷിതാക്കൾക്ക് അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കും.

രണ്ടാമതായി, മക്കൾ സ്വാലിഹീങ്ങളായാൽ മാതാപിതാക്കൾക്ക് അവരോടൊപ്പം പരലോകത്ത് സ്വര്‍ഗത്തിൽ പ്രവേശിക്കാം. അല്ലാഹു പറഞ്ഞതുപോലെ:

جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ‎﴿٢٣﴾‏ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ‎﴿٢٤﴾

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌! (ഖുര്‍ആൻ:13/22-23)

മാതാപിതാക്കൾ സ്വാലിഹീങ്ങളാകുകയും മക്കൾ അങ്ങനെയല്ലാത്തവരാണെങ്കിൽ മാതാപിതാക്കൾ സ്വര്‍ഗത്തിലും മക്കൾ നരകത്തിലുമായിരിക്കും. ഖേദകരമെന്ന് പറയട്ടെ, ഇന്ന് പല മാതാപിതാക്കളും ദീനീനിഷ്ഠയുള്ളവരായിരിക്കും. മക്കളുടെ കാര്യത്തിൽ ആ ശ്രദ്ധ ഉണ്ടാകുകയില്ല. മാതാപിതാക്കൾ ഇസ്ലാമിക വേഷം ധരിച്ച് നടക്കുന്നവരായിരിക്കും, മക്കളുടെ കാര്യത്തിൽ അക്കാര്യത്തിൽ യാതൊരു ശ്രദ്ധയുമുണ്ടാകില്ല. അവര്‍ തോന്നിയതുപൊലെ വസ്ത്രം ധരിച്ച് നടക്കുന്നവരായിരിക്കും. നമസ്കാരത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധാലുക്കളാണ്. മക്കളുടെ ജീവിതത്തിൽ നമസ്കാരം ഉണ്ടായിരിക്കുകയില്ല.

മൂന്നാമതായി, മക്കൾ സ്വാലിഹീങ്ങളായാൽ മാതാപിതാക്കൾക്ക് മരണത്തിന് ശേഷവും നിലക്കാത്ത പ്രതിഫലം ലഭിക്കാനുള്ള കാരണമാണ് അവര്‍.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ:‏ إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വ൪ഗത്തില്‍ തന്റെ പദവി ഉയ൪ത്തിക്കൊടുക്കും. അപ്പോള്‍ അയാള്‍ പറയും: എനിക്ക് ഇതെങ്ങനെയാണ് ലഭിച്ചത് ? അപ്പോള്‍ അല്ലാഹു പറയും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്. (സുനനുഇബ്നുമാജ:3660 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നാലാമതായി, മക്കൾ തിൻമയിൽ ജീവിക്കുന്ന കാലത്തോളം രക്ഷിതാവിനും മക്കൾ തിൻമ പ്രവർത്തിച്ചതിന്റെ പ്രതിഫലത്തിന്റെ ഒരു ഓഹരി ഉണ്ടായിരിക്കും.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: മക്കൾക്ക് ദുഷിച്ച പരിചരണം നൽകുന്ന രക്ഷിതാവിന് അവരുടെ കുറ്റങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും. വഴികേടിലും,ദീനി വ്യതിയാനത്തിലും, പാപത്തിലും, അധർമ്മത്തിലും, ധിക്കാരത്തിലുമായി മക്കൾ ജീവിക്കുന്ന കാലത്തോളം രക്ഷിതാവിനും ആ പാപമുണ്ടായിരിക്കും. കാരണം രക്ഷിതാവാണല്ലോ അവരെ അത് ശീലിപ്പിക്കുകയും ആ നിലക്ക്ക്ക് വളർത്തുകയും ചെയ്തത്. അതുമല്ലെങ്കിൽ അവരെ ചെറുപ്പത്തിൽ ശ്രദ്ധിക്കാതെ അവഗണിക്കുകയും മുതിർന്നപ്പോൾ അവർ കൈവിട്ട് പോകാൻ കാരണവുമായിത്തീർന്നത്. (അൽ ഖുതബുൽ മിമ്പരിയ്യ: 4/110)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *