മയ്യിത്ത് കൊണ്ട് പോകുമ്പോൾ ‘ലാഇലാഹ ഇല്ലല്ലാഹ്’ ഉച്ചത്തിൽ ചൊല്ലുന്നതിന്റെ വിധി

ആമുഖം

ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലുടനീളം പ്രാർത്ഥനകളും ദിക്റുകളും കൊണ്ട് സമ്പന്നമാകണം. എന്നാൽ മുഹമ്മദ് നബി ﷺ  പഠിപ്പിക്കാത്ത ദിക്റുകൾ ചൊല്ലുന്നതും പഠിപ്പിച്ച ദിക്റുകൾ തന്നെ നബി ﷺ നിശ്ചയിക്കാത്ത രൂപത്തിലും ക്രമത്തിലും നിർവഹിക്കുന്നതും, അതിനു പ്രത്യേക രൂപവും രീതിയും ഉണ്ടാക്കുന്നതും, മുൻഗാമികൾ നിശ്ചയിച്ചിട്ടില്ലാത്ത എണ്ണങ്ങൾ നിശ്ചയിക്കുന്നതുമെല്ലാം വിലക്കപ്പെട്ടതാണ്. തുമ്മുന്ന വ്യക്തി الحمد لله എന്ന് പറയണമെന്ന് സുന്നത്തിൽ സ്ഥിരപ്പെട്ടതാണ്. എന്നാൽ തുമ്മിയ ശേഷം الحمد لله، والصلاة والسلام على رسول الله   എന്ന് ചൊല്ലിയാൽ അതു പുണ്യമല്ല. നബി ﷺ യുടെ മേലുള്ള സ്വലാത്തല്ലേ എന്നാണ് പലരും ചിന്തിക്കുക. സ്വലാത്ത് ചൊല്ലൽ പുണ്യം തന്നെയാണ്. എന്നാൽ തുമ്മിയ വ്യക്തി ‘അൽഹംദുലില്ലാ’ എന്നതിന് ശേഷം അതുമായി ബന്ധപ്പെടുത്തി സ്വലാത്ത് ചൊല്ലണമെന്ന് നാം പഠിപ്പിക്കപ്പെട്ടിട്ടില്ല. അഥവാ പ്രാർത്ഥനകളും ദിക്റുകളും ആരാധനാ കർമങ്ങളുമെല്ലാം അല്ലാഹുവും അവന്റെ റസൂൽ ﷺ യും നിശ്ചയിച്ച പ്രകാരമാണ് നിർവഹിക്കേണ്ടത്. ഇവിടെയൊക്കെ ‘ദിക്റ് അല്ലേ?’, ‘ചൊല്ലിയാലെന്താ?’, ‘വാശി പിടിക്കണോ?’ എന്നിങ്ങനെ  വിചാരിക്കുന്നതിൽ അര്‍ത്ഥമില്ല. മറിച്ച് നബി ﷺ അപ്രകാരം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്.

മയ്യിത്ത് കൊണ്ട് പോകുമ്പോൾ ‘ലാഇലാഹ ഇല്ലല്ലാഹ്’ ഉച്ചത്തിൽ ചൊല്ലുന്നത് ബിദ്അത്താണ്

നമ്മുടെ നാടുകളില്‍ മയ്യിത്ത് കൊണ്ടുപോകുമ്പോൾ لا إله إلا الله (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന ദിക്റ് ഉച്ചത്തില്‍ ചൊല്ലുന്നത് പതിവ് കാഴ്ചയാണ്. ഇതിന് ഇസ്ലാമിൽ യാതൊരു തെളിവുമില്ല. നബി ﷺ യുടെ ജീവിത കാലഘട്ടത്തിൽ തന്നെ നൂറുകണക്കിനാളുകളുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഇപ്രകാരം ഒരു ചര്യ പഠിപ്പിച്ചിട്ടില്ല. ആ മരണപ്പെട്ടവരിൽ സ്വന്തം മകനും ഭാര്യയും ഉൾപെട്ടിരുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. അതിനാൽ മയ്യിത്ത് കൊണ്ടുപോകുമ്പോൾ لا إله إلا الله (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന ദിക്റ് ഉച്ചത്തില്‍ ചൊല്ലുന്നത് ബിദ്അത്താണ് (മതത്തില്‍ പുത്തനാചാരമാണ്).

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: لَا تُتْبَعُ الْجَنَازَةُ بِصَوْتٍ، وَلَا نَارٍ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനാസയെ പിന്തുടരുമ്പോൾ യാതൊരു തരത്തിലുളള ശബ്ദവും അഗ്നിയും പാടില്ല. (അബൂദാവൂദ്:3171)

മയ്യിത്ത് കൊണ്ടുപോകുമ്പോൾ മൌനമായിട്ടാണ് കൊണ്ടുപോകേണ്ടത്. ആ സമയത്ത് ഖുർആൻ പാരായണം, ദിക്ർ എന്നിവ കൊണ്ടോ മറ്റോ ശബ്ദം ഉയർത്താൻ പാടില്ല. പകരം മരണവുമായി ബന്ധപ്പെട്ട ചിന്തകളിലൂടെയാണ് മയ്യിത്ത് വഹിച്ചുകൊണ്ട് പോകേണ്ടത്. നമ്മുടെ മനസ്സ് മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥനയാൽ സമ്പന്നമാക്കണം. ഇതു തന്നെയാണ് പണ്ഡിതന്മാർ രേഖപ്പെടുത്തിയ അഭിപ്രായവും.

قال النووي – رحمه الله – : ويكره اللغط في الجنازة

ഇമാം നവവി رحمه الله പറയുന്നു: ജനാസയിൽ لغط കറാഹത്താകുന്നു.(മിൻഹാജ്)

ഇത് വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു ഹജര്‍ ഹൈതമി رحمه الله പറയുന്നു:

(ويكره اللغط) وهو رفع الصوت ولو بالذكر والقراءة (في) المشي مع (الجنازة) لأن الصحابة رضي الله عنهم كرهوه حينئذ

(ലഗ്ത്വ് കറാഹത്താകുന്നു) എന്നാൽ ശബ്ദം ഉയര്‍ത്തുക എന്നാണ്. അത് ദിക്ർ, ഖുർആൻ പാരായണം എന്നിവ കൊണ്ടാണെങ്കിലും കറാഹത്താകുന്നു, (ജനാസയുടെ കൂടെ) നടക്കുമ്പോൾ. കാരണം ആ സമയം അങ്ങനെ ചെയ്യുന്നത് സ്വഹാബികൾ വെറുത്തിട്ടുണ്ട്. (തുഹ്ഫ-3:187,188)

ജനാസയെ അനുഗമിക്കുന്നവൻ ശബ്‌ദം താഴ്ത്തൽ അഭികാമ്യമാകുന്നുവെന്ന് പറഞ്ഞശേഷം ഇമാം നവവി رحمه الله പറയുന്നു:

فلا يشتغل بشيء غير الفكر فيما هي لاقية وصائرة إليه.

അപ്പോൾ ആ മയ്യിത്ത് എങ്ങോട്ട് എത്തിച്ചേരുന്നു എന്നും എന്താണ് കണ്ടുമുട്ടാൻ പോവുന്നത് എന്നുമുള്ള ചിന്തയല്ലാതെ മറ്റൊന്നും ചെയ്യരുത്. (ശറഹുൽ മുഹദ്ദബ്, പേജ്: 145)

قال النووي – رحمه الله – : واعلم أن الصواب المختار ما كان عليه السلف رضي الله عنهم: السكوت في حا السير مع الجنازة، فلا يرفع صوتا بقراءة، ولا ذكر، ولا غير ذلك، والحكمة فيه ظاهرة، وهي أنه أسكن لخاطره، وأجمع لفكره فيما يتعلق بالجنازة، وهو المطلوب في هذا الحال، فهذا هو الحق، ولا تغترن بكثرة من يخالفه

ഇമാം നവവി رحمه الله പറയുന്നു: നീ മനസ്സിലാക്കുക: ജനാസയെ പിന്തുടരുമ്പോൾ ഖുർആൻ പാരായണം, ദിക്ർ ചൊല്ലൽ എന്നിവ കൊണ്ട് ശബ്ദം ഉയർത്താതെ നിശബ്ദത പാലിക്കലാണ് ശരിയായതും തെരഞ്ഞെടുക്കപ്പെട്ടതും മുന്‍ഗാമികൾ നിലകൊണ്ടതുമായ അഭിപ്രായം. ജനാസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിന്തിക്കാനും മനശ്ശാന്തിക്കും അതാണ് നല്ലത് എന്നതാകുന്നു ഇതിലെ തത്വം. ഇതാണ് ദീൻ ഈ സന്ദർഭത്തിൽ ആവശ്യപ്പെടുന്നത്.യഥാർത്ഥ സത്യവും ഇതുതന്നെ.ഇതിനെ എതിർക്കുന്നവർ കൂടുതലുണ്ടെന്നത് നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ. (അൽ അദ്കാർ)

قال شيخ الإسلام ابن تيمية رحمه الله: لا يستحب رفع الصوت مع الجنازة لا بقراءة ولا ذكر ولا غير ذلك هذا مذهب الأئمة الأربعة، وهو المأثور عن السلف من الصحابة والتابعين ولا أعلم فيه مخالفاً، بل قد روي عن النبي صلى الله عليه وسلم: أنه نهى أن يتبع بصوت أو نار. رواه أبو داود… وقال قيس بن عباد -وهو من أكابر التابعين من أصحاب علي بن أبي طالب- كانوا يستحبون خفض الصوت عند الجنائز وعند الذكر وعند القتال، وقد اتفق أهل العلم بالحديث والآثار أن هذا لم يكن على عهد القرون الثلاثة المفضلة.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ رحمه الله പറയുന്നു: ജനാസയുടെ കൂടെ ക്വുർആൻ പാരായണം കൊണ്ടോ ദിക്റുകൾ കൊണ്ടോ ശബ്ദം ഉയർത്തൽ സുന്നത്തല്ല. ഇതാണ് നാല് മദ്ഹബിന്റെ ഇമാമുമാരുടെയും അഭിപ്രായം. അങ്ങനെ തന്നെയാണ് മുൻഗാമികളായ സ്വഹാബിമാരിൽ നിന്നും താബിഉകളിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ആരെങ്കിലും അതിനോട്‌ എതിരഭിപ്രായം പ്രകടിപ്പിച്ചതായി എനിക്കറിയില്ല. ശബ്ദമോ അഗ്നിയോ കൊണ്ട് ജനാസയെ പിന്തുടരുന്നത് വിരോധിച്ച് നബി ﷺ യിൽ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (അബൂദാവൂദ്). മുതിർന്ന താബിഉകളുടെ കൂട്ടത്തിൽ ഒരാളായ ക്വൈസ് ബ്നു അബ്ബാദ് رحمه الله പറയുന്നു: ജനാസയുടെ അരികിൽ വെച്ചും ദിക്ർ സമയത്തും യുദ്ധസമയത്തും ശബ്ദം താഴ്ത്തുന്നത് സ്വഹാബിമാർ സുന്നത്തായി കണ്ടിരുന്നു. ജനാസ കൊണ്ടുപോകുമ്പോൾ ശബ്ദമുയർത്തുന്ന ഏർപ്പാട് ഉത്തമമായ മൂന്ന് നൂറ്റാണ്ടുകളിലും ഉണ്ടായിരുന്നില്ല എന്ന കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്.

സഊദി അറേബ്യയിലെ പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:

هدي الرسول- صلى الله عليه وسلم- إذا تبع الجنازة أنه لا يسمع له صوت بالتهليل أو القراءة أو نحو ذلك، ولم يأمر بالتهليل الجماعي فيما نعلم،……….. وبذلك يتضح لك أن رفع الصوت بالتهليل مع الجنائز بدعة منكرة وهكذا ما شابه ذلك من قولهم: (وحدوه) أو (اذكروا الله) أو قراءة بعض القصائد كالبردة.

ജനാസ കൊണ്ടുപോകുമ്പോൾ ക്വുർആൻ പാരായണം ചെയ്തുകൊണ്ടോ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലിക്കൊണ്ടോ മറ്റെന്തെങ്കിലും ദിക്റുകൾ കൊണ്ടോ ശബ്ദം ഉയർത്താതിരിക്കലാണ് നബിﷺയുടെ ചര്യ. (തെളിവുകൾ ഉദ്ദരിച്ച ശേഷം തുടരുന്നു:)അതിനാൽ, ജനാസ കൊണ്ടുപോകുമ്പോൾ ഉച്ചത്തിൽ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലൽ വെറുക്കപ്പെട്ട ബിദ്അത്താണ് എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. (https://bit.ly/3uCVjAj)

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: ജനാസയെ പിന്തുടരുമ്പോൾ ഉച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നതിനോ ദിക്റുകൾ ചൊല്ലുന്നതിനോ മതത്തിൽ എന്തെങ്കിലും അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മയ്യിത്ത് കൊണ്ടുപോകുമ്പോൾ ശബ്ദം ഉയർത്താതിരിക്കലാണ് സുന്നത്ത്. സ്വയം വിചാരണ നടത്തുകയും ആ മയ്യിത്തിന്റെയും തന്റെയും മടക്കസ്ഥാനത്തെ കുറിച്ചെല്ലാം ആലോചിക്കുകയുമാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെയ്യേണ്ടത്. (https://bit.ly/3a01QeP)

നബി ﷺയോ സ്വഹാബികളൊ ജനാസയുടെ കൂടെ പോവുമ്പോൾ ഉച്ചത്തിൽ ദിക്ർ ചൊല്ലിയിരുന്നുവെന്നൊ കൂടെ പോകുന്നവർ ദിക്ർ ചൊല്ലുന്നത് സുന്നത്താണെന്നൊ പൂർവ്വികരായ പണ്ഡിതന്മാർ ആരും തന്നെ പറഞ്ഞിട്ടില്ല.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *